സര്‍ക്കാര്‍ മദ്യനയം ജനവിരുദ്ധമാകരുത്

സര്‍ക്കാര്‍ മദ്യനയം ജനവിരുദ്ധമാകരുത്

ഡോ. ജിമ്മി പൂച്ചക്കാട്ട്
(ഔദ്യോഗിക വക്താവ്, സീറോ മലബാര്‍ സഭ)

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മദ്യനയത്തെ കത്തോലിക്കാ സഭ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സര്‍ക്കാരിന്‍റെ സമ്പൂര്‍ണ മദ്യനയം ഇനിയും വ്യക്തമാകാനിരിക്കേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം നിരുത്തരവാദപരവും ജനവിരുദ്ധവുമാണെന്നു പറയാതെ വയ്യ. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം കോടതിവിധിയുടെ പശ്ചാത്തലത്തിലുള്ളതാണെന്നാണു ന്യായം പറയുന്നത്. എന്നാല്‍ ചേര്‍ത്തല- തിരുവനന്തപുരം, കുറ്റിപ്പുറം-വളപട്ടണം പാതകള്‍ക്കു ദേശീയപാത പദവിയില്ലെന്ന കേന്ദ്ര വിജ്ഞാപനത്തിന്‍റെ വെളിച്ചത്തില്‍ ബാര്‍ ഉടമകള്‍ സമ്പാദിച്ച അനുകൂല വിധി, സര്‍ക്കാര്‍ പിന്തുണയോടെ പ്രാബല്യത്തിലാക്കുന്നത് ജനങ്ങളോടു കൂറുപുലര്‍ത്തുന്ന ഒരു സര്‍ക്കാരിനും ഭൂഷണമല്ല. അതുപോലെ മദ്യശാലകള്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടു സ്വീകരിച്ച് ഈ നിയമത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതും ജനക്ഷേമം കാംക്ഷിക്കുന്ന ഒരു ഭരണകൂടത്തിനും ആശാസ്യമല്ല.

സര്‍ക്കാരിന്‍റെ ഈ കാപട്യം തുറന്നു കാണിക്കാനുള്ള ബാധ്യത സഭയ്ക്കുണ്ട്. അതുകൊണ്ടു തന്നെ സാമൂഹിക വിപത്തും തിന്മയുമായ മദ്യത്തിനെതിരായ പോരാട്ടത്തില്‍ സഭ എക്കാലവും മുന്നിലുണ്ട്. മദ്യം, പുകയില, ലഹരിമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ സഭ എക്കാലത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ മദ്യത്തിന്‍റെ വിഷയം കുറേക്കൂടി വൈകാരികമായ ഒന്നാണ്. സര്‍ക്കാരിന്‍റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവ്യവസായവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. മദ്യപാനം ഒരു തിന്മയോ വിപത്തോ ആയി കാണാത്ത ഒരുകൂട്ടം ജനങ്ങളുണ്ട്. ഇതെല്ലാം മദ്യവിപത്തിനെ ലഘൂകരിക്കാനുള്ള മാനദണ്ഡങ്ങളാകുന്നുണ്ട്. മദ്യംമൂലം ഏറ്റവുമധികം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് നമ്മുടെ കുടുംബങ്ങളിലാണ്.

സാധാരണക്കാരായ തൊഴിലാളികള്‍ തങ്ങള്‍ക്കു കിട്ടുന്ന വരുമാനത്തിലധികവും മദ്യപാനത്തിനു ചെലവഴിക്കുന്നു. അതുയര്‍ത്തുന്ന സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ശാരീരികവും മാനസികവുമായ രോഗങ്ങളും അസ്വസ്ഥതകളും സാമൂഹിക, കുടുംബപ്രശ്നങ്ങളും മൂലം വലയുന്നവരുമായ എത്രയോ ജനങ്ങളുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബാറുകള്‍ പൂട്ടിയ ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാന്‍ കഴിയും.

കോടതിയില്‍നിന്ന് ഒരു വിധി കിട്ടിയത് ഉപകാരമായി എന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിപ്പോകും. അഡ്വക്കേറ്റ് ജനറലിന്‍റെ കോടതിയിലെ റിപ്പോര്‍ട്ട്, വിശദവിവരങ്ങള്‍ കോടതിയെ അറിയിക്കാനുള്ള മടി, കോടതിവിധിക്ക് ഒരു പുനര്‍ വിചിന്തനഹര്‍ജിയോ അപ്പീലോ പോകാനുളള വൈമനസ്യം, അടച്ച ബാറുകള്‍ തുറന്നുകൊടുക്കാനുളള ധൃതി എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ ഇവിടെ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ് എന്നു കരുതിയാല്‍ എന്താണു കുറ്റം? പഞ്ചായത്തിരാജ് നഗരപാലികാബില്ലിലെ വകുപ്പുകള്‍ പ്രകാരമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട അനുവാദം വേണ്ടെന്നു വയ്ക്കുന്നത് ആരെ സഹായിക്കാനാണ്? തിരഞ്ഞെടുത്തുവിട്ട ജനങ്ങളെയോ അതോ മദ്യലോബിയെയോ?

മദ്യനിരോധനം വന്നാല്‍ സര്‍ക്കാരിന്‍റെ റവന്യു ഇല്ലാതാകുമെന്നും ടൂറിസം താറുമാറുകുമെന്നും ഒക്കെയുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ നികുതിയും മദ്യനികുതിയുമാണ് സര്‍ക്കാരിന്‍റെ പ്രധാന വരുമാനമാര്‍ഗം എന്നതില്‍ സംശയമില്ല. പക്ഷെ ജനജീവിതത്തിനു ദോഷകരമായ ഒരു കാര്യത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം കണ്ടെത്തുന്ന അപഹാസ്യതയെക്കുറിച്ച് എന്താണു പറയേണ്ടത്? ആ വരുമാനം വേണ്ടെന്നു വയ്ക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയും മറ്റു വരുമാന സ്രോതസ്സകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. സമൂഹത്തില്‍ തിന്മ വിതയ്ക്കുന്ന വസ്തുവില്‍നിന്നു വരുമാനം വേണ്ടെന്നുവച്ച് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണം. ടൂറിസം മേഖലയിലും തദനുസൃതമായ ആശയങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാനും കഴിയുമല്ലോ. നീര, മധുരക്കള്ള് തുടങ്ങിയ ലഹരിയില്ലാത്ത പാനീയങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കാമല്ലോ. തദ്ദേശീയ പാനീയത്തിന്‍റെ മേന്മ അവതരിപ്പിക്കാനും അതിലൂടെ കേരകര്‍ഷകരുടെയും മറ്റും അഭ്യുന്നതി ഉറപ്പാക്കാനും സാധിക്കും. ഇത്തരത്തില്‍ പുതിയ ആശയങ്ങളും ബദല്‍ ശൈലികളും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടത്.

മദ്യമെന്നത് ഒരു സാമൂഹിക തിന്മയായ കാലത്തോളം അതു പൂര്‍ണമായും ഇല്ലാതാകണം എന്നതുതന്നെയാണ് സഭയുടെ നിലപാട്. എന്നാല്‍ മദ്യനിരോധനത്തിനു പകരം മദ്യവര്‍ജനം മതിയാകില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഇതില്‍ ഏതെടുത്താലും മദ്യത്തിന്‍റെ ഉപഭോഗം പൂര്‍ണമായും ഇല്ലാതാകണം എന്നുതന്നെയാണ് സഭ ആഗ്രഹിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ മദ്യനയം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ തുടര്‍ച്ചയായിരിക്കും എന്നു പറയുന്നുണ്ട്. അതിനര്‍ത്ഥം, കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്‍റെ മദ്യനയം ഇടതുപക്ഷ സര്‍ക്കാര്‍ പൊളിച്ചെഴുതും എന്നുതന്നെയാണ്. ഇക്കാര്യത്തില്‍ സഭയ്ക്ക് ആശങ്കയുണ്ട്. എല്‍.ഡി. എഫ്., യു.ഡി.എഫ്. എന്ന മുന്നണികള്‍ക്കു വേണ്ടിയോ സഭയ്ക്കു വേണ്ടിയോ അല്ല മദ്യത്തിനെതിരെ നാം സമരം ചെയ്യുന്നത്. മറിച്ച് കേരളത്തിന്‍റെ സാമൂഹിക സുസ്ഥിതിക്കു വേണ്ടിയാണ്. കേരളത്തിലെ അനേകായിരം കുടുംബങ്ങളെ ബാധിക്കുന്ന ഒരു വലിയ വിപത്തിനെതിരെയാണ് സഭയുടെയും സമാനചിന്താഗതിക്കാരായ എല്ലാവരുടെയും സമരം. മദ്യപാനം ഒരുരോഗമാണ് എന്ന ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ വളരെ പ്രാധാന്യത്തോടെ കാണണം.

സഭ വളരെ ശക്തമായി മദ്യത്തിനെതിരെ പോരാടുമ്പോള്‍ സഭാംഗങ്ങളായവരുടെ മദ്യപാനം ഇല്ലാതാക്കിയിട്ടു പോരേ നാടുനന്നാക്കാന്‍ എന്നു ഉപദേശിക്കുന്നവരുണ്ട്. ഈ വാദഗതി ഉയരുന്നിടത്താണ് മദ്യവര്‍ജനം പോരാ മദ്യനിരോധനം തന്നെ ഇവിടെ നടപ്പാക്കണമെന്ന ചിന്തയ്ക്കു ബലം വര്‍ദ്ധിക്കുന്നത്. കത്തോലിക്കാ സഭയില്‍ ഉള്ളവരെല്ലാം മദ്യപരോ മദ്യക്കച്ചവടക്കാരോ ആണെന്ന് ആരും പറയില്ല. എന്നാല്‍ നമുക്കിടയില്‍ ഇത്രമാത്രം ബോധവത്കരണം നടത്തിയിട്ടും മാമ്മാദീസ, ആദ്യകുര്‍ബാന സ്വീകരണം, വിവാഹം തുടങ്ങിയ ആഘോഷപരിപാടികളിലും മറ്റും മദ്യം വിളമ്പുന്നവരുണ്ട്. ബോധവത്കരണത്തിലൂടെയുള്ള മദ്യവര്‍ജ്ജനം പൂര്‍ണമായും സാധ്യമാകുന്നില്ല എന്നാണിതു സൂചിപ്പിക്കുന്നത്. അവിടെയാണ് മദ്യനിരോധനം തന്നെ വേണമെന്ന ചിന്ത പ്രബലമാകുന്നത്. കാരണം, ഈ പ്രലോഭനത്തില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത ഒരാളെ സംബന്ധിച്ചു മദ്യം ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലേ അതില്‍നിന്നുള്ള മോചനം സാധ്യമാകൂ. മദ്യത്തിനെതിരെ പ്രസംഗിച്ചിട്ടും ബോധവത്കരണം നടത്തിയിട്ടും അതിനെതിരായുള്ള പ്രവൃത്തികള്‍ ഉണ്ടാകുന്നത് ഖേദകരവും പോരായ്മയും തന്നെയാണ്. ഈ പോരാ യ്മയും വിഷമവും സഭ ഏറ്റെടുക്കുന്നുമുണ്ട്. എന്നു കരുതി അത്തരക്കാരെക്കൂടി ഇതില്‍ നിന്നകറ്റിയിട്ടു മതി സഭയുടെ മദ്യവിരുദ്ധ പ്രവര്‍ത്തനം എന്നു പറയുന്നതില്‍ യുക്തിയില്ല. ജയിലില്‍ കഴിയുന്ന ക്രൈസ്തവരായ എല്ലാ കൊലയാളികളെയും മാനസാന്തരപ്പെടുത്തിയിട്ടു മതി "കൊല്ലരുത്" എന്നു പഠിപ്പിക്കാന്‍ എന്നു പറയുന്നതുപോലെ അബദ്ധജഡിലമാകുമത്.

മദ്യനിരോധനം മറ്റു ലഹരിമരുന്നുകളുടെ വ്യാപനം വര്‍ദ്ധിപ്പിക്കും എന്നാണ് മറ്റൊരു ആരോപണം. കഞ്ചാവ്, ലഹരിമരുന്ന്, വാറ്റു ചാരായം തുടങ്ങിയവയുടെ ഉല്‍പാദനവും ഉപയോഗവും വര്‍ദ്ധിക്കാനിടയുണ്ടത്രെ. അങ്ങനെയങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത് ആരാണ്? അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജച്ചാരായം കേരളത്തിലേക്ക് ഒഴുകുമെന്നു പറയുന്നത് നമ്മുടെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ എക്സൈസ് വകുപ്പും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇതൊന്നും ഉണ്ടാകില്ല. മദ്യം നിരോധിക്കുന്നതുകൊണ്ടല്ല വ്യാജച്ചാരായം ചെക്ക്പോസ്റ്റ് കടന്ന് ഇങ്ങോട്ടുവരുന്നത്. അതു തടയാനുള്ള ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണ്. ഇലക്ഷന്‍കാലത്തും മറ്റ് ആഘോഷാവസരങ്ങളിലുമൊക്കെ വ്യാജച്ചാരായത്തിന്‍റെ ഒഴുക്കു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലേ? ആ ഘട്ടത്തില്‍ മദ്യദുരന്തമോ ലഹരി ഉപയോഗം മൂലമുള്ള അതിക്രമങ്ങളോ റിപ്പോര്‍ട്ടു ചെയ്യപ്പെടാറില്ലല്ലോ. അപ്പോള്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് ഏതു തിന്മയേ യും പ്രതിരോധിച്ചു നിറുത്താം. അതില്ലാതെ വരുകയും കള്ളത്തരത്തിനു വേണ്ടി കണ്ണടയ്ക്കുകയും ചെയ്യുമ്പോഴാണ് തിന്മകള്‍ പെരുകുകയും രാജ്യത്തിനു ദ്രോഹമായിത്തീരുകയും ചെയ്യുന്നത്.

ഇച്ഛാശക്തിയുള്ള ഗവണ്‍മെന്‍റിന്‍റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org