സാര്‍വ്വത്രികവും സമഗ്രവും

സാര്‍വ്വത്രികവും സമഗ്രവും

ബിഷപ് ഫീലിപ്പോസ് മാര്‍ സ്തെഫാനോസ്
തിരുവല്ല അതിരൂപത സഹായമെത്രാന്‍

സത്യദീപത്തിന്‍റെ സാര്‍വ്വത്രിക സ്വഭാവമാണ് എനിക്കേറ്റവും ആകര്‍ഷകമായി തോന്നുന്നത്. പത്താം ക്ലാസ് പാസ്സാകുന്നതുവരെ ഞാനൊരു ഓര്‍ത്തഡോക്സ് സഭാവിശ്വാസിയായിരുന്നു. കത്തോലിക്കര്‍ തീരെ കുറവുള്ള ഒരു സ്ഥലമായിരുന്നു ഞങ്ങളുടേത്. മൈനര്‍ സെമിനാരിയില്‍ വരുമ്പോഴാണ് ഞാന്‍ ആദ്യമായി സത്യദീപം കാണുന്നത്. കത്തോലിക്കാ വിശ്വാസം എന്താണെന്നും കത്തോലിക്കാസഭയുടെ ധാര്‍മ്മിക-സാമൂഹിക-സാംസ്കാരിക ദര്‍ശനം എന്താണെന്നും ഞാന്‍ പഠിച്ചത് സത്യദീപത്തിലൂടെയാണ്. ബൈന്‍ഡ് ചെയ്തു വച്ചിരുന്ന സത്യദീപം വാരികകള്‍ ലൈബ്രറിയിലുണ്ടായിരുന്നു. ഓരോ ആഴ്ചയും സത്യദീപം വരുമ്പോള്‍ അത് ആദ്യാവസാനം വായിക്കാന്‍ ഞാന്‍ പരിശ്രമിച്ചിരുന്നു. കത്തോലിക്കാ സഭയെക്കുറിച്ച് കാര്യമായ അറിവില്ലാതിരിക്കുകയും കത്തോലിക്കാസഭയില്‍ വേദപാഠം പഠിക്കാതിരിക്കുകയും ചെയ്ത എന്നെ കത്തോലിക്കാവിശ്വാസത്തില്‍ ആഴപ്പെടുത്തിയതു സത്യദീപമായിരുന്നു എന്നു പറയാന്‍ എനിക്കു സന്തോഷ മുണ്ട്. ഇന്നും സത്യദീപത്തിന്‍റെ ഉള്ളടക്കം മനോഹരവും സമഗ്രവുമാണ്. സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളായ തിരുവചനപ്രബോധനങ്ങള്‍, കത്തോലിക്കാസഭയുടെ ധാര്‍മ്മികവീക്ഷണങ്ങള്‍, സമകാലിക സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുന്ന സാര്‍വ്വത്രികതയുടെയും സമഗ്രതയുടെയും പ്രതീകമായി എന്നും സത്യദീപം അനുഭവിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഞാനുള്‍പ്പെടുന്ന തിരുവല്ല മലങ്കര രൂപതയുടേയും മലങ്കര റീത്തിലെ സകലരുടേയും പ്രാര്‍ത്ഥനാശംസകള്‍ നവതി ആഘോഷിക്കുന്ന സത്യദീപത്തിന് നേരുന്നു. ഈ കാലഘട്ടത്തിന് അനുസൃതമായ നേതൃത്വം ഇനിയും നിര്‍വ്വഹിക്കുവാന്‍ സത്യദീപത്തിനു സാധിക്കട്ടെ എന്നതാണ് എന്‍റെ ആശംസയും പ്രാര്‍ത്ഥനയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org