സത്യത്തിലേക്കു നയിക്കുന്ന വെളിച്ചം

സത്യത്തിലേക്കു നയിക്കുന്ന വെളിച്ചം

ബിഷപ് ജോസ് പുത്തന്‍വീട്ടില്‍

രചനകളിലൂടെ ലോകത്തിനു വെളിച്ചം കൊടുക്കുന്ന ഒന്നായി സത്യദീപം നില്‍ക്കുകയാണ്. സത്യദീപത്തിന്‍റെ തുടക്കം ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ അച്ചന്‍റെ കുടംബസ്വത്തായി രണ്ട് ബോട്ടുകള്‍ ഉണ്ടായിരുന്നു. സത്യം, ദീപം എന്നായിരുന്നു അവയുടെ പേരുകള്‍. ഈ രണ്ടു ബോട്ടുകളും വിറ്റിട്ടാണ് സത്യദീപം തുടങ്ങുന്നത്. ബോട്ടുകള്‍ നാം ഉപയോഗിക്കുന്നത് ഇക്കരെ നിന്ന് അക്കരയിലേക്ക് സുരക്ഷിതമായി പോകാനാണ്. മനുഷ്യരെ സത്യത്തിലേക്കു നയിക്കുകയാണു ഏറ്റവും പ്രധാനപ്പെട്ടതെന്ന് പഞ്ഞിക്കാരനച്ചന്‍ ചിന്തിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ടു ബോട്ടുകളും വിറ്റിട്ട് ആ പണം കൊണ്ടാണ് സത്യദീപം തുടങ്ങുന്നത്. മനുഷ്യരെ സത്യത്തിലേക്കു നയിക്കാനുള്ള വെളിച്ചമാകാനായിട്ടാണ് നാമെല്ലാവരും വി ളിക്കപ്പെട്ടിരിക്കുന്നത്. സത്യദീപം ആ മനോഹരമായ ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്.

സത്യത്തെ മുറുകെപ്പിടിച്ചു കഴിഞ്ഞാല്‍ അതു തീര്‍ച്ചയായും സമൂഹത്തിനു രുചികരവും സന്തോഷകരവുമാകും. രുചി മാത്രമല്ല, വെളിച്ചം കൊടുക്കാനും സത്യത്തിനു സാധിക്കും. എന്നാല്‍ സത്യത്തെ മുറുകെപ്പിടിക്കുമ്പോള്‍ തീര്‍ച്ചയായും ഒത്തിരിയേറെ തടസ്സങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ സഹനങ്ങള്‍ നേരിടേണ്ടിവരും. സത്യത്തിലേക്കുള്ള വഴി വളരെ ഇടുങ്ങിയതാണ്, തടസ്സങ്ങളും പ്രയാസങ്ങളും ഉള്ളതാണ്. എങ്കിലും സത്യം വിജയിക്കും എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് സത്യത്തെ മുറുകെപ്പിടിക്കാന്‍ സാധിക്കണം. 90 വര്‍ഷമായി സത്യത്തെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന തീവ്രമായ യത്നത്തിലാണ് സത്യദീപം. സത്യത്തിന്‍റെ വെളിച്ചത്തില്‍ സമൂഹത്തിലെ എല്ലാവരും വ്യാപരിക്കണം എന്നതാണ് അതിന്‍റെ ലക്ഷ്യം. സത്യത്തെ മുറുകെപ്പിടിക്കാനും സത്യത്തെ ലോകത്തിനു കാണിച്ചുകൊടുക്കാനും ആവിധത്തില്‍ മനുഷ്യസമൂഹത്തിന് സത്യവും അസത്യവും വേര്‍തിരിച്ചറിയാനും, നന്മയും തിന്മയും വിവേചിച്ചറിയാനും സത്യദീപത്തിലൂടെ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സത്യദീപത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഒന്നാമത്, സത്യത്തെ മുറുകെപ്പിടിക്കാന്‍ പരിശ്രമിക്കണം, മനുഷ്യര്‍ക്ക് സത്യത്തിന്‍റെ ദര്‍ശനം കാണിച്ചുകൊടുക്കാന്‍ ഇതിലെ രചനകള്‍ സഹായകമാകണം. രണ്ടാമതായി, സത്യം തുറന്നു കാണിക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങളെ ദൈവാശ്രയത്തില്‍ അതിജീവിക്കാനായി കഴിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org