തൃപ്തി

തൃപ്തി

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

തൃപ്തിയില്ലാത്തവരുടെ തലമുറ തീര്‍ന്നേയില്ല. ഒത്തിരിയൊക്കെ ഉണ്ടായിട്ടും ഒന്നുമായിട്ടില്ലെന്ന് ഓര്‍ത്തിരിക്കുന്നവരും, എത്രയേറെ വളര്‍ന്നിട്ടും എങ്ങുമെത്തിയില്ലെന്ന് പിറുപിറുത്തു നടക്കുന്നവരുമാണ് നമ്മില്‍ പലരും. കൊമ്പത്തോളം സമ്പത്തൂം, ഇട്ടു മൂടാവുന്നത്ര ഇഷ്ടവസ്ത്രങ്ങളും, മാനംമുട്ടുന്ന മണിമേടകളും, കഴുത്തറ്റം കഴിക്കാനുമൊക്കെ ഉള്ളപ്പോഴും മ്ലാനമുഖത്തോടെ കഴിയുന്ന മനുഷ്യര്‍ക്ക് വത്സരങ്ങളിത്ര കഴിഞ്ഞിട്ടും വംശനാശമുണ്ടായിട്ടില്ല. ഭക്ഷണമേശയില്‍ സുഭിക്ഷ മായി തിന്നുകുടിക്കാനിരിക്കുമ്പോള്‍ ഉപ്പല്പം കൂടിപ്പോയെന്ന കാരണത്താല്‍ വിഭവങ്ങളൊക്കെയും ചപ്പുകുട്ടയിലിട്ട് പാചകക്കാരെ കുറ്റവും പറഞ്ഞ് വറ്റൊന്നു പോലും കഴിക്കാതെ എഴുന്നേറ്റു പോകുന്നവരും, അണിയറയില്‍ പുത്തനുടുപ്പുകള്‍ മാറിമാറിയിട്ടു നോക്കിയിട്ട് വാച്ചിലും പൂച്ചിലുമൊന്നും അവ മാച്ചാകുന്നില്ലെന്ന ഹേതുവാല്‍ കൂട്ടിച്ചുരുട്ടിയിട്ട് രോഷത്തോടെ പെട്ടികള്‍ കൊട്ടിയടയ്ക്കുന്നവരും, ലക്ഷങ്ങള്‍ മുടക്കി കെട്ടിപ്പൊക്കിയ നക്ഷത്രമാളികമുറിയില്‍ മനോജ്ഞമായ മൃദു മെത്തയില്‍ കിടക്കുമ്പോഴും, ഇനിയും കെട്ടാന്‍ കഴിയാതെപോയ സൗധത്തെയോര്‍ത്ത് വല്ലാതെ വ്യസനിച്ച് ഉറക്കമില്ലാതെ തിരിഞ്ഞു മറിയുന്നവരുമൊക്കെയാണ് മനുഷ്യജന്മങ്ങളധികവും. എന്നാല്‍, തുച്ഛമായവകൊണ്ട് തൃപ്തിയടയുന്ന ചുരുക്കം ചിലര്‍ സുവിശേ ഷങ്ങളിലെ ക്രിസ്തു നമുക്ക് സുപരിചിതരാക്കുന്നുണ്ട്. തുണ്ടും, തുമ്പും, തുപ്പലുമൊക്കെക്കൊണ്ടു തൃപ്തിപ്പെടുന്നവര്‍!അല്പം മതിയെന്നു കരുതുന്നവരല്ല, മറിച്ച്, അല്പത്തിലും മതി കണ്ടെത്താന്‍ കഴിവുള്ള സവിശേഷ ഗുണ സമ്പന്നരാണവര്‍! അവരെപ്പോലെയുള്ളവരാണ് വിശ്വാസികളായ നമ്മുടെയൊക്കെ ഈ വാഴ്‌വിലെ വാസത്തിന് ചില വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്കുന്നത്.

തുണ്ടിലെ തൃപ്തി

കര്‍ത്താവിനെക്കുറിച്ച് ആരില്‍ നിന്നോ കേട്ടറിഞ്ഞ് അന്ന് അവിടെത്തിയ ഒരുവള്‍ (മത്താ. 15:21-28; മര്‍ക്കോ. 7:24-30). അശുദ്ധാത്മാക്കളെ അകറ്റാന്‍ അവന് അസാമാന്യശക്തിയുണ്ടെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പിശാചുബാധിതയായ കൊച്ചുമകളുടെ പരിതാപാവസ്ഥയെപ്പറ്റി അവനോടു പറയാന്‍ അവള്‍ തീരുമാനിച്ചു. പക്ഷേ, തന്റെ അപേക്ഷ ശ്രവിച്ച മാത്രയില്‍ 'തിരഞ്ഞെടുക്കപ്പെടാത്ത 'നായ്ക്കളുടെ' കൂട്ടത്തില്‍പ്പെട്ടവര്‍ക്ക് അനുഗ്രഹത്തിന്റെ അപ്പത്തിനുള്ള അര്‍ഹതയില്ല' എന്ന അവന്റെ പ്രതികരണം അവളെ വല്ലാതെ വിഷമിപ്പിച്ചു. എന്നാല്‍, ആ മറുപടിക്ക് മനസ്സുമടുപ്പിച്ച് അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. 'നായ്ക്കളും നാഥന്മാരുടെ തീന്‍മേശയില്‍ നിന്ന് താഴെപ്പതിക്കുന്ന അപ്പത്തുണ്ടുകള്‍ തിന്നുന്നില്ലേ?' എന്നൊരു മറുചോദ്യമാണ് അവള്‍ ചോദിച്ചത്. തര്‍ക്കിച്ചു നേടാനുള്ള പാടവമോ, യോഗ്യതയോ ഒന്നും വിജാ തീയയായ അവള്‍ക്കില്ലായിരുന്നു. എങ്കിലും, പച്ചപ്പുല്‍ത്തകിടിയിലിരുന്ന് വയറുനിറയെ തിന്നാന്‍ മുരിച്ച റൊട്ടിയോ വറുത്ത മത്സ്യമോ, മംഗല്യപ്പന്തലില്‍ പന്തിയിലിരുന്ന് മൂക്കറ്റം കുടിക്കാന്‍ മുന്തിയ ഇനം മുന്തിരിച്ചാറോ ഒന്നുമല്ല അവള്‍ ആവശ്യപ്പെട്ടത്. പിന്നെയോ, തന്റെ കൊച്ചുമകളെ തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന പിശാചില്‍നിന്ന് മോചിപ്പിക്കാനുള്ള ദാക്ഷിണ്യത്തിന്റെ കേവലമൊരു അപ്പക്കഷണം മാത്രം. വാശിയുടെ വശ്യതയുള്ള അവളുടെ വാക്കുക ളില്‍ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തിന്റെ ധ്വനിയാണ് കര്‍ത്താവ് കേട്ടത്. അതില്‍ അവിടുന്ന് തൃപ്തനായി. തത്ഫലമായി അവളുടെ ആവശ്യം താമസം കൂടാതെ അവള്‍ക്ക് സാധിച്ചുകിട്ടി. വെറുമൊരു നുറുങ്ങപ്പംകൊണ്ടു തൃപ്തിപ്പെടാന്‍ അവള്‍ തയ്യാറായപ്പോള്‍, വരങ്ങളുടെ വലിയ ഒരു അപ്പക്കുട്ട തന്നെ അവള്‍ക്ക് നല്കപ്പെട്ടു!

തുമ്പിലെ തൃപ്തി

തിക്കും തിരക്കും കൂട്ടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ ഏറെ കഷ്ടപ്പെട്ട് അന്ന് കര്‍ത്താവിന്റെ പിന്നില്‍ എത്തിപ്പെട്ട വേറൊരുവള്‍ (മത്താ. 9:20-22; മര്‍ക്കോ. 5:25-34; ലൂക്കാ 8:43-48). പന്ത്രണ്ടു വര്‍ഷങ്ങളായി അവളെ വിട്ടുമാറാതിരുന്ന, വൈദ്യം വരെ പാതിവഴിയില്‍ പരിത്യജിച്ചുപോയ വ്യാധിയുടെ വേദനയും വിഷമതയുമെല്ലാം അവളുടെ മുഖത്തു ണ്ടായിരുന്നു. എങ്കിലും, സാക്ഷാല്‍ വൈദ്യനായ കര്‍ത്താവിന്റെ അങ്കിത്തുമ്പില്‍ ഒന്നു തൊട്ടാല്‍ത്തന്നെ താന്‍ സുഖപ്പെടുമെന്ന് അവള്‍ സംശയമെന്യേ വിശ്വസിച്ചു. അവന്റെ തൃപ്പാദപദ്മങ്ങള്‍ മുത്തങ്ങള്‍കൊണ്ടു മൂടാനോ, ആ വക്ഷസ്സില്‍ തലചായ്ച്ചിരിക്കാനോ ഒന്നുമല്ല അവള്‍ മോഹിച്ചത്. പിന്നെയോ, തയ്യലില്ലാതെ നെയ്യപ്പെട്ട ആ മൊഞ്ചുള്ള കുപ്പായത്തുഞ്ചത്ത് തഞ്ചത്തിലൊന്നു തൊടാന്‍ മാത്രം! കൂടുതലൊന്നും പിന്നെ ചിന്തിച്ചില്ല. തന്റെ വിറയാര്‍ന്ന വിരല്‍ത്തുമ്പുകൊണ്ട് അവന്റെ വസ്ത്രവിളുമ്പില്‍ അവള്‍ സ്പര്‍ശിച്ചു. അത് അവന്‍ അറിയുകയും ചെയ്തു. കാരണം, വെറുമൊരു വിരല്‍ സ്പര്‍ശമായിരുന്നില്ല അത്. മറിച്ച്, അവനില്‍നിന്നും ശക്തി വലിച്ചെടുക്കാന്‍ ശേഷിയുണ്ടായിരുന്ന വലിയൊരു വിശ്വാസസ്പര്‍ശമായിരുന്നു. തോനെ പഴക്കമുള്ള തന്റെ ദീനം മാറിയെന്നു മനസ്സിലാക്കി, വെപ്രാളപ്പെട്ടു നിന്ന അവളുടെ വദനത്തിലും വാക്കുകളിലും വിമലമായ വിശ്വാസത്തിന്റെ വെളിപാടുകള്‍ അവന്‍ ദര്‍ശിച്ചു. അത് അവനെ തൃപ്തനാക്കുകയും ചെയ്തു. വെറുമൊരു വസ്ത്രത്തുമ്പുകൊണ്ട് തൃപ്തിപ്പെടാന്‍ അവള്‍ സന്നദ്ധയായപ്പോള്‍ പൂര്‍ണ്ണസൗഖ്യത്തിന്റെ ഒരു പുത്തന്‍ പുതപ്പ് തന്നെ അവള്‍ക്ക് സ്വന്തമായി!

തുപ്പലിലെ തൃപ്തി

കര്‍ത്താവ് യാത്രാമധ്യേ കണ്ടു മുട്ടിയ യാചകനായ ഒരു കുരുടന്‍ (യോഹ. 9:1-7). ജന്മനാ അന്ധനായ ആ ഭിക്ഷുവിന്റെ നാളതുവരെയുള്ള ജീവിതം മുഴുവന്‍ ഇരുളടഞ്ഞതായിരുന്നു. ഒരുപക്ഷേ, അവന്‍ കര്‍ത്താവിനെക്കുറിച്ച് കേട്ട് അവനെ പ്രതിക്ഷിച്ചായിരിക്കാം ആ പാതവക്കില്‍ ഇരുന്നത്. ഏതായാലും, പ്രപഞ്ചത്തിന്റെ പ്രകാശമായവന്‍, ദൈവബലം ആ ദരിദ്രന്റെ ദയനീയതയില്‍ പ്രകടമാകാന്‍,തന്റെ തുപ്പലുകൊണ്ട് അവന്റെ കണ്ണുകള്‍ക്ക് കാഴ്ച കൊടുത്തു! അന്ധന്‍ ഒന്നുംതന്നെ ആവശ്യപ്പെട്ടില്ല. യാക്കോബിന്റെ കിണറ്റിലെ ദാഹമകറ്റാത്ത കുടിനീരിലോ, തിരയിളകുന്ന ബേത്‌സയ്ദാ കുളത്തിലെ തീര്‍ത്ഥത്തിലോ ഒന്നുമായിരുന്നില്ല അവന്റെ തൃപ്തി. പിന്നെയോ, തന്റെ തിമിരം തിങ്ങിയ കണ്‍മിഴികളില്‍ പടര്‍ന്നിറങ്ങിയ കര്‍ത്താവിന്റെ തുപ്പലില്‍ മാത്രമായിരുന്നു! അന്നുവരെ തപ്പിനടക്കുകയും, തട്ടിവീഴുകയും ചെയ്തിരുന്ന അവന്റെ ആയുസ്സില്‍ കാഴ്ചയുടെ കനകത്തിരി തെളിക്കാന്‍ തമ്പുരാന്റെ തിരുവായില്‍ നിന്നൂറിയ ആ തൈലകണങ്ങള്‍ മതിയായിരുന്നു! ഇത്തിരി തുപ്പല്‍ തുള്ളികള്‍കൊണ്ട് തൃപ്തിപ്പെട്ട ആ പാവത്തിനെ വര്‍ണ്ണക്കാഴ്ചകളുടെ വിസ്മയങ്ങളിലേക്ക് കര്‍ത്താവ് കൈപിടിച്ചു നടത്തി!

ഉള്ളംകൈയില്‍ ഉള്ളവയല്ല, ഉള്ളത്തില്‍ ഉള്ളവനാണ്
തൃപ്തി തരുന്നത്. ആകയാല്‍, തുണ്ടിലും, തുമ്പിലും,
തുപ്പലിലും വരെ വരങ്ങള്‍ കരുതിവയ്ക്കുന്ന കര്‍ത്താവിന്റെ
സാന്നിധ്യംകൊണ്ടും, അവനിലുള്ള വിശ്വാസം കൊണ്ടും
നിന്റെ ശിഷ്ടായുസ്സില്‍ ഹൃദയത്തെ നിറയ്ക്കുക. അപ്പോള്‍,
വേദപുസ്തകത്തിലെ വര സമ്പന്നരായ വ്യക്തികളെപ്പോലെ
നീയും അനുദിനം അനുഗ്രഹങ്ങള്‍ക്കു പാത്രമാകും.


സുഹൃത്തേ, ക്രിസ്ത്യാനിയായ നിന്റെ തൃപ്തിയുടെ തലങ്ങളെയും സ്രോതസ്സുകളെയുമൊക്കെ വല്ലപ്പോഴെങ്കിലും ധ്യാനവിഷയമാക്കുന്നത് ഉചിതമായിരിക്കും. ആസ്തിയിലും, ആഡംബരവീടുകളിലും, ആടയാഭരണങ്ങളിലും, ആഹാരത്തിലുമാണ് നീ തൃപ്തി തേടുന്നതെങ്കില്‍ പേടിക്കണം. അതൃപ്തിയോടെ നിനക്ക് അന്ത്യശ്വാസം വലിക്കേണ്ടതായി വരും. ഉച്ഛിഷ്ടത്തിലും, ഉടുപ്പിന്റെയഗ്രത്തിലും, ഉമിനീരിലുമൊക്കെ തൃപ്തിപ്പെടുന്ന സുവിശേഷത്തിലെ സാധാരണ കഥാപാത്രങ്ങള്‍ സുഖസൗകര്യങ്ങള്‍ കാര്യമായ കുറവില്ലാത്ത നിന്റെ നിദ്രയെ വിരളമായെങ്കിലും കെടുത്താറുണ്ടോ? ഇല്ലെങ്കില്‍, നീ ലജ്ജിക്കണം. കാരണം, ഭൂമിയിലെ നിന്റെ ജീവിതത്തെ വെറും ഭിക്ഷയായി കാണാനുള്ള തിരിച്ചറിവ് ഇന്നും നിനക്ക് നേടാനായിട്ടില്ല. അങ്ങനെയൊരു ബോധ്യമുള്ളവര്‍ മാത്രമേ പിച്ച ത്തട്ടത്തിലെ പിച്ചളത്തുട്ടുകളിലെന്നപോലെ നിസ്സാരതകളിലും സംതൃപ്തിയടയാന്‍ സാധിക്കൂ. മാരകരോഗങ്ങള്‍ മാറാതെ നില്ക്കുമ്പോള്‍ അവയുടെ വേദനകള്‍ സ ഹിക്കാന്‍ ലഭിക്കുന്ന ശക്തി, മരണമുഖത്തും മന്ദഹസിക്കാനുള്ള മനോധൈര്യം, കടങ്ങളുടെ നടുവിലും പ്രത്യാശയോടെ പ്രയത്‌നിക്കാനുള്ള ഉള്‍പ്രേരണ, പരീക്ഷണങ്ങള്‍ പെരുകുമ്പോഴും പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിക്കാനുള്ള ശേഷി, അപമാനങ്ങള്‍ അനുഭവിക്കുമ്പോഴും അടിപതറാതെ മുന്നേറാനുള്ള ആത്മബലം, കദനങ്ങള്‍ കൂടുംതോറും ക്രൂശിതനെ ചേര്‍ത്തുപിടിക്കാനുള്ള ചങ്കൂറ്റം എന്നിങ്ങനെ എത്രയേറെ കൃപാശ കലങ്ങള്‍ കര്‍ത്താവ് നിനക്ക് നിമിഷംപ്രതി കനിഞ്ഞേകുന്നുണ്ട്. നിനക്കു ചുറ്റും ചിതറിക്കിടക്കുന്ന അവയെ ഒന്നും വലിയ വരങ്ങള്‍ക്കും, അത്ഭുതങ്ങള്‍ക്കും, അടയാ ളങ്ങള്‍ക്കും വേണ്ടി മാത്രം കണ്ണും നട്ടിരിക്കുമ്പോള്‍ നീ കാണാതെ പോകരുത്. കിട്ടാത്തവയെക്കുറിച്ച് കരയാതെ, കരങ്ങളിലുള്ളവയ്ക്ക് കൃതജ്ഞതയേകി സന്തോഷപൂര്‍വ്വം കഴിയാന്‍ നീ ശീലിക്കണം (ലൂക്കാ 3:14). ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ നീ പഠിക്കണം (ഫിലി. 4:11). വിശ്വാസജീവിതത്തില്‍ വിളമ്പുന്നവ കൊണ്ടു വിശപ്പടക്കാന്‍ നിനക്ക് കഴിയണം. വിഭവങ്ങളുടെ വൈവിധ്യങ്ങളിലോ, ആധിക്യത്തിലോ അല്ല, വിളമ്പിത്തന്നവന്റെ സ്‌നേ ഹവായ്പിലാണ് നീ സ്ഥായിയായ സന്തുഷ്ടിയനുഭവിക്കേണ്ടത്.
ഓര്‍ക്കണം, തരികളെപ്പോലും തൊട്ടെടുക്കുന്നവനാണ് നിന്റെ നാഥന്‍. അതുകൊണ്ടല്ലേ ശേഷിച്ചവയൊക്കെ ശേഖരിക്കാന്‍ അവന്‍ ശിഷ്യരോട് ആവശ്യപ്പെട്ടത്? തുമ്പുകളെ തഴയാത്തതുകൊണ്ടല്ലേ തന്നെ തൂക്കിപ്പിടിച്ച തടിക്കുരിശ്ശിന്റെ തുമ്പുകള്‍വരെ തന്റെ തൃക്കരങ്ങള്‍ അവന്‍ വലിച്ചുനീട്ടിയത്? വിശ്വാസത്തിന്റെ വിരല്‍ത്തുമ്പില്‍ വിലകല്പിക്കുന്നതു കൊണ്ടല്ലേ തന്റെ വിലാവില്‍ തൊട്ടു വിശ്വസിക്കാന്‍ അവന്‍ തോമസിനെ അരികിലേക്ക് വിളിച്ചത്? തുപ്പലില്‍പോലും തൃപ്തി കണ്ടെത്തിയവരെ സുഖപ്പെടുത്തിയതുകൊണ്ടല്ലേ (മര്‍ക്കോ. 7:33) തന്റെ മുഖത്തു തുപ്പിയവരെ അവന്‍ ശപിക്കാതിരുന്നത്? 'മതി' മനസ്സിന്റെ തികവാണ്. ഉള്ളംകൈയില്‍ ഉള്ളവയല്ല, ഉള്ളത്തില്‍ ഉള്ളവനാണ് തൃപ്തി തരുന്നത്. ആകയാല്‍, തുണ്ടിലും, തുമ്പിലും, തുപ്പലിലും വരെ വരങ്ങള്‍ കരുതിവയ്ക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യംകൊണ്ടും, അവനിലുള്ള വിശ്വാസം കൊണ്ടും നിന്റെ ശിഷ്ടായുസ്സില്‍ ഹൃദയത്തെ നിറയ്ക്കുക. അപ്പോള്‍, വേദപുസ്തകത്തിലെ വര സമ്പന്നരായ വ്യക്തികളെപ്പോലെ നീയും അനുദിനം അനുഗ്രഹങ്ങള്‍ക്കു പാത്രമാകും. മണ്‍കുടിലിലാണെങ്കിലും മണ്ണിലെ നിന്റെ തുടര്‍ന്നുള്ള ജീവിതനാളുകള്‍ തീര്‍ത്തും തൃപ്തിനിര്‍ഭരങ്ങളായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org