Latest News
|^| Home -> Cover story -> ശക്തിയും ക്ഷീണവും

ശക്തിയും ക്ഷീണവും

Sathyadeepam

ഇ.വി. കൃഷ്ണപിള്ള

ക്രിസ്തുവിന്‍റെ മേല്‍ നടത്തിയ കേസുവിചാരണയും പ്രപഞ്ചചരിത്രത്തിലെ ആ സ്മരണീയ രംഗത്തില്‍ പ്രത്യക്ഷപ്പെട്ട വിവിധ മനോഭാവപ്രതിനിധികളുടെ ചിന്താഗതികളും ഏറെക്കുറെ ശരിയായി മനസ്സിലാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കേ, പാപിയായ എന്‍റെ ചഞ്ചലമനസ്സു നേരെ പുറകോട്ടു തിരിഞ്ഞ് ഉഴലാന്‍ തുടങ്ങി. അതിന്‍റെ ഫലമാണു തീരെ കഥയില്ലാത്ത ഈ ഉന്മത്ത ഭാവന.

ക്രിസ്തുവിന്‍റെ വിചാരണയില്‍ ഭാഗഭാക്കുകളും ഉത്സാഹികളുമായിരുന്നവരെല്ലാം ഇന്നത്തെ പെരുന്നാള്‍ സദ്യകളില്‍ മുഴുകുകയാണ്. അവരെപ്പറ്റി അന്വേഷിക്കേണ്ടതില്ല. അതുപോലെതന്നെ ആ പ്രേമസ്വരൂപത്തില്‍ ലീനചിത്തരായി തീവ്രദുഃഖം അനുഭവിച്ചുകൊണ്ട്, ആശ്രയം എങ്ങും ലഭിക്കാതെ, ആള്‍ക്കൂട്ടത്തിന്‍റെ കോപപ്രകടനം മറന്ന്, എവിടെയോ പോയി അലഞ്ഞു തിരിയുന്ന പാവങ്ങളെക്കുറിച്ചും ശ്രദ്ധിക്കണ്ട.

ആ രാത്രിയില്‍ യരുശലേമിലുള്ള ഒരു ധനികഭവനത്തില്‍ കൂടിയിരുന്നു പ്രൗഢസംഭാഷണം നടത്തുന്ന കുറേ പൗരപ്രമാണികളുടെ സംഭാഷണം ശ്രദ്ധിക്കുക. അതു കുറേ രസമുള്ളതാണ്.

ഒന്നാമന്‍: മഠയന്‍, മഠയന്‍, ഇവനെ ഇങ്ങനെ ഒരു കേസിനു വിഷയമാക്കിയവരെയാണു കുറ്റപ്പെടുത്തേണ്ടത്. നസ്രത്തില്‍ ഒരു കിഴവന്‍ ആശാരിയുടെ മകനായി നടന്ന്, കാലക്ഷേപത്തിനു യാതൊരു മാര്‍ഗവും കാണാതെ, ഈ പട്ടണത്തിലെങ്ങാനും വന്ന്, വല്ലതും ഒരു ബഹളമുണ്ടാക്കി പശി പോക്കാമെന്നു വിചാരിച്ചു. അവന്‍ മഠയന്‍ അല്ലേ? നല്ല ആരോഗ്യം, വല്ലതിനും കൊള്ളിക്കാവുന്നവന്‍, കണ്ടാലും അതിസുന്ദരന്‍, ഏത് ഉദ്യോഗസ്ഥന്‍ അവനു ശിപായിജോലി കൊടുക്കുകയില്ല? പീലാത്തോസുതന്നെയിരിക്കുന്നു. കാര്യം എന്തൊക്കെ പറഞ്ഞാലും അയാള്‍ നമ്മെ ഭരിക്കുകയാണ്. ആളും കാലവും കണ്ടാണു പെരുമാറേണ്ടത്. ഇപ്പോള്‍ റോമാക്കാരുടെ ഭരണമാണ്. അവര്‍ക്കാണു സര്‍വശക്തിയും. എത്ര ദേശാഭിമാനം പറഞ്ഞാലും പരമാര്‍ത്ഥം അതാണ്. പരമാര്‍ത്ഥത്തോട് എതിരിടരുത്. അതും പ്രാബല്യമേറിയ പരമാര്‍ത്ഥത്തോട്. അവരെ ആശ്രയിച്ച്, അവര്‍ ചവിട്ടുമായിരിക്കും. അതും ഏറ്റ്, അവനവന്‍റെ രക്ഷയ്ക്കുള്ളതു കരുതിക്കൊള്ളണം. ഈ പീ ലാത്തോസുണ്ട്, അവന്‍റെ സകല ദോഷങ്ങളും എനിക്കറിയാം. അവന് എന്തു പുച്ഛമാണു നമ്മെ ഒക്കെ എന്നറിയാമോ? ‘എടാ യഹൂദപ്പട്ടീ’ എന്നാണ് അവന്‍ നമ്മെയൊക്കെ നോക്കുമ്പോള്‍, ആ കണ്ണിലും ചിരിയിലും കാണുന്നത്. ഞാന്‍ അത് കാണുന്നില്ലെന്നാണോ നിങ്ങളുടെ വിചാരം; കാണുന്നുണ്ട്. നിങ്ങളൊക്കെ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ മനസ്സിലാക്കുന്നുമുണ്ട്.

കോലാഹലത്തില്‍നിന്ന് എനിക്കും എന്‍റെ കുഞ്ഞുകുട്ടികള്‍ക്കും വേണ്ടതു തട്ടിയെടുക്കുക. പുര വേകുമ്പോള്‍ കഴുക്കോല്‍ ഊരുന്നവനാണു ബുദ്ധിമാന്‍. എന്നാല്‍ ഞാന്‍ എന്‍റെ കുട്ടികള്‍ക്കു വേണ്ടതു കരുതിയിട്ടില്ലേ എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും. അതുപോരാ, അവരില്‍ ചിലര്‍ കൂടുതല്‍ സമ്പാദിക്കുന്നതിന് അശക്തരാണെന്നിരിക്കട്ടെ. അപ്പോള്‍ അവരുടെ കുട്ടികള്‍ കഷ്ടപ്പെടുകയില്ലേ? ഒന്നു നോക്കിയാല്‍ എന്‍റെ മക്കള്‍ ക്കാര്‍ക്കും ഇനി ഒന്നും കിട്ടിയില്ലെങ്കിലും അവരും അവരുടെ കുട്ടികളും പട്ടിണി കിടക്കുകയില്ലെന്നിരിക്കട്ടെ, പിന്നത്തെ തലമുറയോ? അതും ഞാന്‍ കരുതേണ്ടതല്ലേ? അതുതന്നെയോ? ഞാന്‍ കരുതുന്നത് ഇവര്‍ക്കാര്‍ക്കും ഉപയോഗപ്പെടേണ്ടാ എന്നുതന്നെ സമ്മതിക്കാം. എന്നാല്‍ എനിക്കൊരു തൃപ്തി വേണ്ടേ? ‘ഇത്ര ലക്ഷം ഞാന്‍ സമ്പാദിച്ചിരിക്കുന്നു’ എന്നൊരു തൃപ്തി വേണ്ടേ? അതിനുവേണ്ടി ആരുടെ കാല്‍പിടിച്ചും ഏതു നാണക്കേടു സഹിച്ചും ഏത് അനീതിയോടും ഒത്തുചേര്‍ന്ന്, ഞാന്‍ കഴിയുന്നു. അതാണു ബുദ്ധിമാന്‍റെ കാര്യം. ഈ യേശുവിന് ഈ ഭ്രാന്തിനൊന്നും പോകാതെ, സുഖമായി കഴിയരുതായിരുന്നോ? പീലാത്തോസിന്‍റെ അരമനയില്‍ പോവുക. ആദ്യത്തെ ദിവസം ആരെയും കാണാന്‍ സാധിച്ചില്ലെന്നുവരാം. പട്ടാളക്കാര്‍ പിടിച്ചു വെളിയില്‍ തള്ളിയേക്കാം. പിന്നെയും പോകണം. അങ്ങനെ തുടര്‍ന്നു യത്നിച്ചാല്‍, ഫലം ഉണ്ടാവുകയില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?

രണ്ടാമന്‍: അഥവാ ഫലം കിട്ടിയില്ലെന്നിരിക്കട്ടെ. അതിന് ഒരു അന്തസ്സില്ലേ? വലിയ ആളുകളുടെ ആശ്രിതന്‍ ആണെന്നുള്ളതുതന്നെ എത്ര വലിയ ശ്രേയസ്സാണ്! അതുകൊണ്ടു നമുക്കെന്തെല്ലാം കാര്യം കാണാം! ഈ യേശു ചെയ്ത ഒരു മഠയത്തരം നിങ്ങളാരുംഅറിഞ്ഞില്ലാ എന്നു തോന്നുന്നു. ഈ ഭയങ്കരമായ മരണത്തില്‍ നിന്നു രക്ഷപ്പെടുന്നതിന് എത്ര നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്നറിയാമോ? കയ്യാഫാസും പീലാത്തോസുമൊക്കെ ചോദിച്ചില്ലേ? യൂദാസിന്‍റെ മൊഴി കഴിഞ്ഞ ഉടന്‍ കയ്യാഫസ് ചോദിച്ചു. പിന്നെ എങ്ങനെയെങ്കിലും ഈ ആപത്തില്‍ നിന്ന് ഈ ഭ്രാന്തനെ ഒഴിവാക്കണം എന്നു വിചാരിച്ചു പീലാത്തോസ് ചോദിച്ചു, “നീ കുറ്റം ചെയ്തിട്ടുണ്ടോ” എന്ന്. ഒരു ഒറ്റ വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ? വായില്‍ നാക്കല്ലേ കിടന്നിരുന്നത്? വെറുതെയുള്ള കാര്യങ്ങള്‍ക്കൊക്കെ പ്രസംഗിച്ചുകൊണ്ടു നടക്കുകയാണല്ലോ തൊഴില്‍. എന്നിട്ട് ആ മഠയന്‍, ബുദ്ധിശൂന്യന്‍ ആപത്ത് സ്വയം വരിക്കുന്ന അനഭിജ്ഞന്‍, മിണ്ടാതെ നിന്നുകളഞ്ഞു. ഒന്നുരണ്ടു വാക്കുകള്‍ പറഞ്ഞതു തന്നത്താന്‍ കൂടുതല്‍ വിപത്തു തലയിലേക്കു പിടിച്ചുവച്ചിട്ടുമാണ്.

മൂന്നാമന്‍ ചോദിച്ചു: അപ്പോള്‍ വരുന്നതു വരട്ടെ എന്നു വിചാരിച്ചായിരിക്കും യേശു അങ്ങനെ പ്രവര്‍ത്തിച്ചതെന്നു നമുക്ക് ഊഹിക്കരുതോ? ആ യുവാവ് ബുദ്ധിയില്ലാത്തവനല്ല. ഏതോ ഒരു ലക്ഷ്യം മനസ്സില്‍ കണ്ടുകൊണ്ടാണ് പറയുന്നതെന്നു നമുക്കറിയാം. കാര്യകാരണങ്ങളെക്കുറിച്ചു ചിന്തിക്കുവാന്‍ ശക്തിയുണ്ട്, പീലാത്തോസ് രണ്ടുമൂന്നു തവണ ഇങ്ങനെ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അതിനു തക്ക ഒരു മറുപടി പറഞ്ഞാല്‍ മരണത്തില്‍ നിന്നു രക്ഷപെടാം എന്നു നമ്മെപ്പോലെയോ അതില്‍ കൂടുതലായോ യേശുവിന് അറിയാം. ആ സ്ഥിതിക്കും മനഃപൂര്‍വം ഇങ്ങനെ നിന്നതാണെന്നു നമുക്കു വിചാരിക്കരുതോ?

രണ്ടാമന്‍: അതെ, അതാണല്ലോ മഠയത്തരം എന്നു ഞാന്‍ പറയുന്നത്. നിങ്ങളാണെങ്കില്‍ അങ്ങനെ നിന്നുകളയുമോ? “എന്‍റെ പൊന്നേ! പൊന്നുടയതേ! ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തുപോയി. ക്ഷമിക്കണമേ. രക്ഷിക്കണമേ!” എന്നു താണു വീണു പറഞ്ഞ്, അന്തസ്സില്‍ വെളിയില്‍ ഇറങ്ങി അവനവന്‍റെ ഉപജീവനമാര്‍ഗം നോക്കുകയില്ലേ?

മൂന്നാമന്‍: ഞാനായിരുന്നെങ്കില്‍ ഇങ്ങനെയൊരു അവസരമേ ഉണ്ടാവുകയില്ലായിരുന്നു. നാം ആരാണെങ്കിലും ഇങ്ങനെ നിര്‍ഭയം ഈ അനീതികളോടു പോരാടുവാന്‍ ഭാവിക്കുമായിരുന്നുവോ? ഒരിക്കലും ഇല്ല.

ഒന്നാമന്‍: ഒരിക്കലും ഇല്ല. നമുക്കെന്തു കാര്യം എന്നു വിചാരിച്ച് ഇതിനിടയില്‍ വല്ലതും തട്ടിയെടുക്കുന്നതിനു നോക്കുമായിരുന്നു.

മൂന്നാമന്‍: അങ്ങനെ ഭീരുത്വത്തോടെ രക്ഷപ്പെടണമെന്നുണ്ടായിരുന്നുവെങ്കില്‍ ആദ്യംമുതല്‍ തന്നെ വെറുതെ ഇരിക്കരുതായിരുന്നോ?

ഒന്നാമന്‍: ആദ്യം അത്രയും ഒരു ശബ്ദമുണ്ടാക്കി. അത് ഒരുവിധത്തില്‍ നല്ലതാണെന്നുതന്നെ വിചാരിക്കുക. അല്ലെങ്കില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടെന്നും അയാളെ അല്പം സൂക്ഷിക്കേണ്ടതാണെന്നും ആരും വിചാരിക്കുകയില്ലായിരുന്നല്ലോ. അവിടെ നിര്‍ത്തേണ്ടേ എതിര്‍പ്പെല്ലാം? ആ ഒച്ചപ്പാടില്‍ നിന്നു ലഭിക്കുവാന്‍ കഴിവുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനല്ലേ നോക്കേണ്ടത്?

രണ്ടാമന്‍: അതെ. അങ്ങനെ പറയണം. അപ്രകാരമാണു ബുദ്ധിമാന്മാര്‍ ചെയ്യുന്നത്.

മൂന്നാമന്‍: പല വിധത്തിലാണ് ആളുകള്‍. ചിലര്‍ അനീതിക്കാര്‍. അവര്‍ നീതിക്കു വിപരീതമായിട്ടേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്തിനുവേണ്ടി? സ്വന്തം കാര്യങ്ങള്‍ കാണുന്നതിനുതന്നെ. മറ്റു ചിലര്‍ ആ അനീതിക്കു സഹായിക്കും. അതും സ്വന്തം കാര്യം കാണുന്നതിനുവേണ്ടി. വേറെ ചിലര്‍ അനീതി കണ്ടുകൊണ്ടു വെറുതെയിരിക്കും. വേണമെങ്കില്‍ രഹസ്യമായി പറഞ്ഞുകൊണ്ടിരിക്കും. പല ഉപദ്രവവും വന്ന് അവരുടെ സുസ്ഥിതി ഉടയാതിരിക്കുന്നതിനു നോക്കിക്കൊള്ളും. പിന്നെ ഒരു കൂട്ടര്‍ ആദ്യം അതിനെ എതിര്‍ക്കും. ആ എതിര്‍പ്പുകൊണ്ടു വല്ല ഉപദ്രവവും വരുമെന്നുണ്ടെങ്കില്‍ വാല് താഴ്ത്തി പിന്തിരിഞ്ഞുകളയും. വളരെ വളരെ ചുരുക്കം ചിലര്‍ മരണംപോലും തൃണവത്ഗണിച്ച് ആ എതിര്‍പ്പില്‍ നില്ക്കും. അവര്‍ക്കായിട്ടാണു വിജയം കാത്തുനില്ക്കുന്നത്. അവരുടെ ജന്മം മാത്രമേ സഫലമാവുകയുള്ളൂ. നിരവധി ജനപരമ്പരകള്‍ അനേക കോടി ആത്മാക്കള്‍ അവരെക്കൊണ്ട് രക്ഷപ്പെടും. ഇന്നു കുരിശിന്മേല്‍ തൂങ്ങുന്ന ഈ ചെറുപ്പക്കാരന്‍ അപ്രകാരമുള്ള ഒരാളായിരിക്കും. നാമെല്ലാം രണ്ടുമൂന്നു ദിവസത്തെ ശാപ്പാടും സഞ്ചാരവും കഴിഞ്ഞു മണ്ണോടു ചേരും. വേണമെങ്കില്‍ ലോകത്തിനു കുറേക്കൂടെ കഷ്ടത വര്‍ദ്ധിപ്പിക്കും. നമ്മുടെ ജന്മം തുലയ്ക്കും. ഈ കാണുന്ന പ്രാഭവം ഒന്നു രണ്ടു ദിവസത്തേയ്ക്കു നിലനില്ക്കുകയില്ല. നാം കൃമികള്‍, അല്പജീവികള്‍, പാപികള്‍, അതിനിസ്സാരന്മാര്‍; കാല്‍ക്കാശിനുവേണ്ടി നമ്മുടെ സകലതും വില്ക്കുന്നതിനു നടക്കുന്നവര്‍. അതിശക്തന്‍, ലോകൈകചക്രവര്‍ത്തി, ലോകരക്ഷകന്‍, അതാ അവിടെ കുരിശിന്മേല്‍ തൂങ്ങുന്നു. നമുക്കു കഷ്ടത എന്നു തോന്നുന്ന മഹാവിജയത്തില്‍ ശാശ്വത സിംഹാസനം ഉറപ്പിച്ചിരിക്കുന്നു. സൂര്യചന്ദ്രന്മാര്‍ ആ മഹാസാമ്രാജ്യാധിപതിയുടെ പാദപത്മങ്ങള്‍ വണങ്ങുന്നു. താരകോടികള്‍ രത്നദീപങ്ങള്‍ തെളിക്കുന്നു. ഇവന്‍ മഹാഭാഗ്യവാന്‍. അതിഭാഗ്യവാന്‍.

കടപ്പാട്: കേരളം കണ്ട ആക്ഷേപ ഹാസ്യ സാഹിത്യകാരന്മാരിലെ അഗ്രഗണ്യനായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ 1938-ല്‍ പ്രസിദ്ധീകൃതമായ “ചിരിയും ചിന്തയും” എന്ന ആക്ഷേപഹാസ്യ സമാഹാരത്തില്‍നിന്ന്.

Leave a Comment

*
*