ഡോ. ശോശാമ്മ ഫ്രാന്‍സിസ് ഒരനുസ്മരണം

ഡോ. ശോശാമ്മ ഫ്രാന്‍സിസ് ഒരനുസ്മരണം

ഡോ. കെ.എം. മാത്യു

'റോസ്' അല്ലെങ്കില്‍ 'ലില്ലിപ്പൂവ്' എന്നര്‍ത്ഥം വരുന്ന 'ഷോ ഷാന' എന്ന ഹീബ്രുപദത്തില്‍ നിന്നാവണം 'ശോശാ', 'ശോശാമ്മ' എന്നീ പേരുകള്‍ ഉരുത്തിരിഞ്ഞു വന്നത്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, ആതുരശുശ്രൂഷയുടെ സുഗന്ധം പരത്തിയ ജീവിതമായിരുന്നു ഒക്ടോബര്‍ 18-ന് അന്തരിച്ച ഡോ. ശോശാമ്മ ഫ്രാന്‍സിസിന്‍റേത്. ഇങ്ങനെയും ഒരു ഡോക്ടര്‍ ഇവിടെയുണ്ടായിരുന്നുവെന്നു ഭാവിതലമുറകള്‍ ഓര്‍ക്കത്തക്കവിധത്തിലുള്ള മഹത്തായ സേവനമാണ് അവര്‍ അനുഷ്ഠിച്ചത്. ആതുരശുശ്രൂഷയ്ക്കു ജീവകാരുണ്യത്തിന്‍റെ ശോഭയാണ് അവര്‍ പകര്‍ന്നു നല്‍കിയത്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസിന്‍റെ പ്രതിജ്ഞയോട് അവര്‍ പൂര്‍ണമായും നീതിപുലര്‍ത്തി. സേവനം ഒരിക്കലും പബ്ലിസിറ്റിക്കു വേണ്ടിയാവരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു.

ജനറല്‍ സര്‍ജനായ ഭര്‍ത്താവ് ഡോ. ഫ്രാന്‍സിസ് ജോണിന്‍റെയും ജനറല്‍ ഫിസിഷ്യനായ ഡോ. ശോശാമ്മയുടെയും നേതൃത്വത്തില്‍ പാലക്കാട്-ഗുരുവായൂര്‍ റോഡില്‍ പട്ടാമ്പി, ഓങ്ങല്ലൂരിലെ മേരി ആന്‍ ആശുപത്രിയില്‍ മൂന്നു പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതാണു രോഗീസൗഹൃദ ആതുരശുശ്രൂഷ. ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനുശേഷവും ഡോ. ശോശാമ്മ ഒപി സേവനം തുടര്‍ന്നതു നാട്ടുകാര്‍ക്കെല്ലാം വലിയൊരു ആശ്വാസവും അനുഗ്രഹവുമായിരുന്നു.

അതിരാവിലെയും വൈകുന്നേരവും രോഗികള്‍ ഡോ. ശോശാമ്മയെ കാണാനെത്തിയിരുന്നു. പ്രഥമ സന്ദര്‍ശനത്തില്‍ 30 രൂപ നല്കിയാല്‍ 15 ദിവസം വരെയുള്ള തുടര്‍സന്ദര്‍ശനങ്ങള്‍ക്കു വേറെ ഫീസ് ഈടാക്കിയിരുന്നില്ല. മരുന്നിന്‍റെ വിലയോ 100 രൂപയില്‍ താഴെ മാത്രം. രോഗികളോടുള്ള സവിശേഷമായ സ്നേഹവും കരുതലും തുച്ഛമായ ഒപി നിരക്കും കണക്കിലെടുത്തു മരുന്നു കമ്പനികള്‍ ഡോ. ശോശാമ്മയ്ക്കു സൗജന്യനിരക്കില്‍ മരുന്നുകള്‍ നല്കി വന്നു. അതേ നിരക്കില്‍ രോഗികള്‍ക്കും മരുന്നുകള്‍ ലഭ്യമാക്കി.

രോഗികളുടെ സന്തോഷ-സന്താപങ്ങള്‍ ഡോക്ടര്‍ ഒരു കുടുംബാംഗത്തെപ്പോലെ പങ്കുവച്ചു. 20 വര്‍ഷമായി ഡോ. ശോശാമ്മയെത്തന്നെ കണ്‍സള്‍ട്ട് ചെയ്തു വരുന്ന അനേകം മുസ്ലീം സ്ത്രീകള്‍ ആ പ്രദേശത്തുണ്ടായിരുന്നു.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും സമീപജില്ലകളായ തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നും രോഗികള്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രോഗികളുടെ കുടുംബപശ്ചാത്തലവും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കി തുടര്‍ചികിത്സയ്ക്കായി പണം നല്കിയും ആതുരസേവനത്തില്‍ തന്‍റേതായ മുഖമുദ്ര പതിപ്പിച്ചുമാണ് ഡോ. ശോശാമ്മ വിടവാങ്ങിയത്.

ആതുരസേവനം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ പണം തടസ്സമാകരുതെന്ന ചിന്തയാണ് ഒ.പി. നിരക്ക് നാമമാത്രമാക്കി വയ്ക്കാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നു ജേര്‍ണലിസ്റ്റായി സേവനം ചെയ്യുന്ന മകള്‍ ആശ. മറ്റൊരു മകള്‍ ഡോ. ഗീത ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍ മെഡിക്കല്‍ കോളജില്‍ അസ്സോസിയേറ്റ് പ്രൊഫസ്സറായി സേവനം ചെയ്യുന്നു.

ഡോ. ശോശാമ്മ ഫ്രാന്‍സിസ് തിരുവല്ല മുന്‍ ആര്‍ച്ച്ബിഷപ് ഗീ വര്‍ഗീസ് മാര്‍ തിമോത്തിയോസിന്‍റെ സഹോദരിയാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിന്‍റെ സ്ഥാപകനായ ഈ പിതാവ് ഇപ്പോള്‍ അവിടെയാണു താമസം. ജസ്വിറ്റ് വൈദികനും പ്രശസ്ത എഴുത്തുകാരനുമായ ഫാ. എ. അടപ്പൂര്‍ ഭര്‍ത്തൃസഹോദരനാണ്. പാവപ്പെട്ട രോഗികളെ ജാതിമത വ്യത്യാസം കൂടാതെ ആഴത്തില്‍ സ്നേഹിക്കുകയും അവരെ എല്ലാ തരത്തിലും സഹായിക്കുവാന്‍ മുന്‍കയ്യെടുത്തു പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളായി ഡോ. ശോശാമ്മയെ ഓര്‍ക്കുന്നുവെന്നു ഫാ. എ. അടപ്പൂര്‍.

ചുണ്ടേവാലേല്‍ ജേക്കബ് അച്ചന്‍റെയും അന്നാമ്മയുടെയും പുത്രിയാണു ശോശാമ്മ. റോമിലും ജര്‍മനിയിലുമായിരുന്നു മെഡിസിന്‍ പഠനം. എറണാകുളത്തെ ഒരു പ്രൈവറ്റ് ആശുപത്രിയിലായിരുന്നു നിര്യാണം. ഹര്‍ത്താല്‍ ദിനമായിരുന്നിട്ടും മൃതദേഹം വഹിച്ചുകൊണ്ട് ആംബുലന്‍സിന്‍റെ വരവിനായി ആയിരങ്ങളാണ് ഓങ്ങല്ലൂരില്‍ കാത്തിരുന്നത്. വലിയൊരു ജനക്കൂട്ടമാണു ഡോക്ടറെ അവസാനമായി ഒരു നോക്കു കാണാനായി അവിടെ തടിച്ചുകൂടിയത്. തുടര്‍ന്നു മൃതദേഹം ഡോ. ഫ്രാന്‍സിസിന്‍റെ ജന്മനാടായ ആരക്കുഴയിലേക്കു കൊണ്ടുവന്നു. നിരവധി അല്മായരും സന്ന്യസ്തരും പങ്കെടുത്ത ശവസംസ്കാരശുശ്രൂഷയില്‍ കോതമംഗലം, മൂവാറ്റുപുഴ, തിരുവല്ല എന്നീ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും സന്നിഹിതരായിരുന്നു. പിന്‍മുറക്കാര്‍ വിസ്മരിക്കുന്ന മൃതരെ പൂര്‍വികരാരും മറക്കുന്നില്ലായെന്നു പറഞ്ഞതു പ്രശസ്ത്ര എഴുത്തുകാരനായ മിലന്‍ കുന്ദരയത്രേ.

ശോശാമ്മ ഡോക്ടറെപ്പറ്റി നിസ്സാര്‍ കുന്നംകുളത്തിങ്കല്‍, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ എഴുതിയ കുറിപ്പുകള്‍ ശ്രദ്ധേയമത്രേ: ഓങ്ങല്ലൂരിന്‍റെ ചിന്തകളില്‍, ഓര്‍മകളില്‍, സംസാരങ്ങളില്‍, കുട്ടിക്കാലങ്ങളില്‍, യൗവ്വനങ്ങളില്‍, വാര്‍ദ്ധക്യങ്ങളില്‍ മാലാഖപോലെയുള്ള ഈ ഡോക്ടറുണ്ടായിരുന്നു. അവരുടെ സ്നേഹത്തോടെയുള്ള ശാസനകളുണ്ടായിരുന്നു. വടിവൊത്ത അക്ഷരങ്ങളിലെഴുതുന്ന കുറിപ്പുകള്‍ ഉണ്ടായിരുന്നു. അവിടെയുള്ള പ്രായമായ പലര്‍ക്കും ശോശാമ്മ ഡോക്ടറെ കണ്ടാല്‍ത്തന്നെ അസുഖം മാറുമായിരുന്നു. കാതുകുത്താത്ത കുട്ടികളോടു വല്യമ്മമാര്‍ പറയും, ഇപ്പോ ശോശാമ്മ ഡോക്ടറെപ്പോലെയായി എന്ന്. വലിയ വലിയ ആശുപത്രികളും ഡോക്ടര്‍മാരെയുമൊക്കെ കാണുന്നതിനുമുമ്പു മനസ്സില്‍ പതിഞ്ഞ സ്റ്റെതസ്കോ പ്പ് ഏന്തിയ മന്ദഹാസത്തോടെയുള്ള ആ വ്യക്തിയുടെ മുഖം ഇനി ഇല്ല… പട്ടാമ്പി റോഡിലുള്ള ഒരു ചെറിയ ആശുപത്രിയും അതിനടുത്തുള്ള ഇഷ്ടികയില്‍ ചുവന്ന പെയിന്‍റടിച്ച ആ വീട്ടിലും അവരെ സ്നേഹിക്കുന്ന ഒരുപാടു പേരുടെ മനസ്സിലും ശൂന്യത ബാക്കിവച്ചുകൊണ്ട് ഓങ്ങല്ലൂരിന്‍റെ ഡോക്ടര്‍ യാത്രയാവുകയാണ്. ഒരായിരം പ്രാര്‍ത്ഥനകള്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org