നിശബ്ദതയും ആത്മീയതയും ആധുനികതയും

നിശബ്ദതയും ആത്മീയതയും ആധുനികതയും

ബിനു തോമസ്, കാരണക്കോടം

"ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതു വരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും." ഏതു വിശ്വാസിയും ഹൃദിസ്ഥമാക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട, വി. അഗസ്തീനോസിന്‍റെ പ്രശസ്തമായ വാക്കുകളാണിത്. ഈശ്വരനില്‍ വിലയം പ്രാപിക്കുവാനുള്ള മനുഷ്യാത്മാവിന്‍റെ ത്വരയായ ആത്മീയതയുടെ അന്തഃസത്തയാണ് ഈ വാക്യങ്ങളില്‍ പ്രകടമാകുന്നത്. ആ ത്വര മനുഷ്യന് ലഭിക്കുന്നത്, അവന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നാണ്. ആ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുവാനുള്ള മനുഷ്യന്‍റെ ഉപകരണം ധ്യാനവും, അതിന്‍റെ ഉപാധി നിശബ്ദതയുമല്ലാതെ മറ്റെന്താണ്?

നിശബ്ദത വ്യക്തിപരമായ ആത്മീയതയുടെ ആരംഭവും അനുഭവവും
ഹോറെബ് മലയില്‍, ഏലിയാ പ്രവാചകന് ദൈവം പ്രത്യക്ഷപ്പെടുന്നത് ബൈബിളില്‍, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ 19-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത് നാം ശ്രദ്ധിക്കുക. മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കടന്നുപോയ കൊടുങ്കാറ്റിലും, അതിനുശേഷം വന്ന ഭൂകമ്പത്തിലും, പിന്നീട് ആളിക്കത്തുന്ന അഗ്നിയിലും കര്‍ത്താവ് പ്രത്യക്ഷനായില്ല. പിന്നെയോ, ഒരു മൃദുസ്വരം അതിലാണ് കര്‍ത്താവ് സംസാരിക്കുന്നത്. മനുഷ്യന് ദൈവാനുഭവം ലഭ്യമാകുന്ന സാഹചര്യത്തിന്‍റെ അടിസ്ഥാനസ്വഭാവത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബഹളങ്ങളിലല്ല ദൈവസ്വരം കേള്‍ക്കപ്പെടുന്നത്, മറിച്ച്, മൃദുലതയിലാണ്, നിശബ്ദതയിലാണ്.

ലോകമെമ്പാടുമുള്ള മതപാരമ്പര്യങ്ങള്‍, ആത്മീയതയില്‍ നിശബ്ദതയുടെ പ്രാധാന്യവും പ്രഥമതയും ഊന്നിപ്പറഞ്ഞിരുന്നു. ലോകത്തിലെ ആത്മീയാചാര്യന്മാര്‍ എല്ലാവരും തന്നെ, ധ്യാനത്തിലും സ്വകാര്യതയിലുമാണ് വലിയ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയത്. ബുദ്ധന് ബോധോദയം ലഭിക്കുന്നത്, ബോധിവൃക്ഷച്ചുവട്ടിലെ ആഴമേറിയ തപസ്സിന്‍റെ ഒടുവിലാണ്. ഭാരതത്തിലെ പുരാതന മഹര്‍ഷികള്‍, കാടുകളിലെയും ഹിമാലയനിരകളിലെയും നിശബ്ദതയിലാണ് ഉപനിഷത്തുകള്‍ ഹൃദയസാഗരത്തില്‍ നിന്ന് മനനം ചെയ്തെടുത്തത്. ഹീരാഗുഹകളിലെ ഉരുകുന്ന നിശബ്ദതയിലാണ് മുഹമ്മദ് നബി ആത്മീയപന്ഥാവ് രൂപീകരിക്കുന്നത്.

മോശയ്ക്ക് നിയമങ്ങള്‍ നല്കപ്പെട്ടത് സീനായ്മലയിലെ നിശബ്ദതയിലാണ്. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മാറി, രാത്രിയില്‍ പിതാവിനോട് സംവദിക്കുന്ന യേശുക്രിസ്തുവിനെയാണ് നാം സുവിശേഷങ്ങളില്‍ കണ്ടുമുട്ടുന്നത് (ലൂക്കാ 6:12). ദൈവവുമായി ഗാഢ സംസര്‍ഗത്തില്‍ ആയിരിക്കുവാന്‍, രഹസ്യമായി പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്ന് പറയുന്നു (മത്തായി 6:6). പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്ന മര്‍ത്തായേക്കാള്‍, ഈശോ ശ്ലാഘിക്കുന്നത്, അവന്‍റെ പാദത്തിങ്കല്‍ ഇരുന്ന് നിശബ്ദമായി വചനം ശ്രവിക്കുന്ന മറിയത്തെയാണ് (ലൂക്കാ 10:38-41).

നിശബ്ദത ക്രിസ്ത്യന്‍ പാരമ്പര്യം
സഭയുടെ പാരമ്പര്യത്തില്‍, നിശബ്ദമായ ധ്യാനത്തിന് വലിയ സ്ഥാനം എന്നുമുണ്ടായിരുന്നു. മരുഭൂമിയിലെ താപസവിശുദ്ധര്‍ മുതല്‍, ഇന്നും വളരെ പ്രചാരമുള്ള ആശ്രമസന്യസ്തര്‍ വരെ, ദൈവികബന്ധത്തില്‍ നിശബ്ദതയുടെ സ്ഥാനം വിളിച്ചറിയിക്കുന്നു. സിസ്റ്റേഴ്സ്യന്‍, കാര്‍ത്തൂസ്യന്‍ സഭാ സമൂഹങ്ങള്‍, നിശബ്ദധ്യാനത്തിന്‍റെ ജീവിതം നയിക്കുന്നതില്‍ പേരു കേട്ടവരാണ്. കുരിശിന്‍റെ വിശുദ്ധ ജോണ്‍, ആവിലായിലെ വിശുദ്ധ ത്രേസ്യ, ലിസ്യൂവിലെ വിശുദ്ധ ത്രേസ്യ എന്നിവരെല്ലാം ധ്യാനത്തിന്‍റെ ആഴങ്ങളില്‍ ദൈവസ്പര്‍ശം നേടിയവരാണ്.

അന്തര്‍മുഖതയെ അവഗണിക്കുന്ന ലോകം
സാമൂഹിക സംസര്‍ഗങ്ങളില്‍, പ്രധാനമായും രണ്ടുതരം വ്യക്തിത്വങ്ങളാണ് മനുഷ്യര്‍ക്കുള്ളത്. മനുഷ്യരുമായി ഇടപഴകുന്നതിലൂടെ, മനുഷ്യരുടെ ശ്രദ്ധാകേന്ദ്രമാകുന്നതിലൂടെ മനോഊര്‍ജ്ജം കൈവരിക്കുന്ന ഒരു പ്രകൃതി, അഥവാ ബഹിര്‍മുഖത (എക്സ്ട്രോവര്‍ട്ട്). ഏകാന്തമായ ചുറ്റുപാടുകളിലും മനോവ്യാപാരങ്ങളിലും മനസ്സിന്‍റെ ഊര്‍ജ്ജം കൈവരിക്കുന്ന രണ്ടാമത്തെ പ്രകൃതി (ഇന്‍ട്രോവര്‍ട്ട്). പ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന കാള്‍ യുങ് ജനകീയമാക്കിയ ഈ വ്യക്തിത്വ തരംതിരിവ്, ഏറെക്കുറെ എല്ലാ മനുഷ്യരിലും കണ്ടുവരുന്നു. എല്ലാ മനുഷ്യരും ഈ രണ്ടു സ്വഭാവങ്ങളും ചില സാഹചര്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും, ഏതെങ്കിലും ഒരു വ്യക്തിത്വത്തിലേക്ക് ചാഞ്ഞാണ് മനുഷ്യമനസ്സിന്‍റെ സ്വാഭാവിക പ്രകൃതി. സമൂഹവുമായി ഇടപഴകുന്നതിലുള്ള ലജ്ജയല്ല ഇവിടെ അന്തര്‍മുഖത്വം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എടുത്തു പറയണം.

ആധുനിക സമൂഹത്തില്‍, ജനനം മുതല്‍ക്കെ നാം കുട്ടികളെ ബഹിര്‍മുഖര്‍ ആക്കുവാനാണ് കഠിനപരിശ്രമം ചെയ്യുന്നത്. കൂട്ടത്തില്‍ ഒതുങ്ങിയിരിക്കുന്ന ഒരു കുട്ടി പതിയെപ്പതിയെ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. ആ പ്രവണത, ജോലിസ്ഥലങ്ങളിലും കര്‍മ്മവേദികളിലും പ്രകടമാണ്. ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിവുള്ള ആളുകളുടെ ആശയങ്ങളാണ് എവിടെയും പ്രാവര്‍ത്തികമാക്കപ്പെടുന്നത്. ഈ പ്രവണത ഉള്ളതുകൊണ്ടുതന്നെ, അന്തര്‍മുഖത്വം എന്നത് ആധുനികലോകത്തില്‍ ഒരു ന്യൂനത ആയി കരുതപ്പെടുന്നു.

ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ പല രീതിയില്‍ നമ്മുടെ ചുറ്റും ദര്‍ശിക്കാവുന്നതാണ്. ഒരു ഉദാഹരണം എടുക്കുക. മനുഷ്യന് അറിവുകള്‍ സ്വന്തമാകുന്ന പ്രക്രിയകളാണ് വായനയും ശ്രവണവും. അതു പോലെ, അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന പ്രക്രിയകളാണ് എഴുത്തും സംസാരവും. ഇന്ന്, സംസാരവും കേള്‍വിയും പ്രോത്സാഹിപ്പിക്കപ്പെടുന്നു, ഗൗരവതരമായ എഴുത്തും വായനയും പിന്നിലേക്ക് തള്ളപ്പെടുന്നു. കാരണം, ഗൗരവതരമായ എഴുത്തും വായനയും അന്തര്‍മുഖോന്മുഖമാണ്. ഏകാന്തമനസ്സില്‍ മാത്രമാണ് എഴുത്തും വായനയും ഫലപ്രദമായി സാധ്യമാകുന്നത്. അതേ സമയം, സംസാരവും ശ്രവണവും ബഹിര്‍മുഖമാണ്, സംഘ (ഗ്രൂപ്പ്) പ്രവര്‍ത്തനോന്മുഖമാണ്.

വത്തിക്കാന്‍റെ ദൈവാരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ സാറ, 'നിശബ്ദതയുടെ ശക്തി' എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നു: അനുസ്യൂതം സംസാരിച്ചുകൊണ്ടിരിക്കുന്നതു മൂലം, നമ്മുടെ ലോകത്തിന് ദൈവസ്വരം കേള്‍ക്കാന്‍ സാധിക്കുന്നില്ല. ആധുനികലോകത്തിന് ശാന്തമായിരിക്കുക എന്നത് എന്താണെന്ന് അറിയില്ല. വാക്കുകളുടെ, വ്യഗ്രതകളുടെ ഒരു സ്വരാധിപത്യമാണ് ആധുനികസമൂഹത്തില്‍. സത്യത്തിന്‍റെ നിഴലുകള്‍ മാത്രം കാണപ്പെടുന്ന ഈ ലോകത്തില്‍, പ്രഭാതം മുതല്‍ പ്രദോഷം വരെ നിശബ്ദതയ്ക്കും ശാന്തതയ്ക്കും സ്ഥാനമില്ല. ശബ്ദത്തിന്‍റെ ഈ നരകാനുഭവത്തില്‍, യഥാര്‍ത്ഥ മനുഷ്യഭാവം ഛിന്നഭിന്നമാക്കപ്പെടുന്നു. ശബ്ദകോലാഹലം ദുശീലങ്ങള്‍ പോലെ അടിമപ്പെടുത്തുന്നതും, ഉറക്കഗുളിക പോലെ തെറ്റായ മരുന്നുമാണ്. അര്‍ത്ഥരഹിതമായ ശബ്ദം, ഈ ലോകത്തിന്‍റെ ദുരന്താവസ്ഥയുടെ ഒരു മുഖചിത്രമാണ്.

അന്തര്‍മുഖതയും ആത്മീയതയും
വ്യക്തിപരമായ ആത്മീയത അടിസ്ഥാനപരമായി അന്തര്‍മുഖമായ ഒരു പ്രക്രിയയും അനുഭവവുമാണ്. അതിനര്‍ത്ഥം, അന്തര്‍മുഖരായ ആളുകള്‍ക്ക് മാത്രമേ ആത്മീയത അനുഭവവേദ്യമാകൂ എന്നല്ല, മറിച്ച്, ഏതൊരാളും അന്തര്‍മുഖമായ ഒരു മനോഭാവത്തിന് കീഴ്വഴങ്ങുമ്പോള്‍ മാത്രമേ ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവൂ എന്നാണ്. ലൗകിക വ്യഗ്രതകളില്‍ മനസ്സു കേന്ദ്രീകരിച്ച്, അവയില്‍ അഭിരമിച്ച്, അത്തരം വ്യഗ്രതകളില്‍ നിന്ന് മാറിനില്ക്കേണ്ടിവരുന്ന ഏകാന്തനിമിഷങ്ങളെ വിരസമെന്ന് തള്ളിക്കളയുന്ന മനോഭാവത്തില്‍, ആത്മീയ യാത്രകള്‍ ആരംഭിക്കുക എന്നത് അസാധ്യം തന്നെയാണ്.

പ്രഭാതത്തിന്‍റെ മഞ്ഞുതുള്ളിയുടെ നനവ് നെറുകയില്‍ ഏറ്റുവാങ്ങി, പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്നുകൊണ്ടൊരു സവാരി, ആളൊഴിഞ്ഞ പള്ളിയില്‍, സക്രാരി മുമ്പാകെ ചിന്തകള്‍ ശൂന്യമാക്കിയുള്ളൊരു മൗനധ്യാനം, റീഡിങ്ങ് ലൈറ്റിന്‍റെ കൊച്ചുവെളിച്ചത്തില്‍, തത്ത്വചിന്തകളോ ജീവിതനിര്‍ദ്ദേശങ്ങളോ സന്മാര്‍ഗപാഠങ്ങളോ ആത്മീയ നറുമലരുകളോ പ്രതിപാദ്യമായൊരു പുസ്തകം വായിച്ചു ധ്യാനിക്കുവാനുള്ള പ്രചോദനം – ഇവയോ ഇതുപോലെ ഏകാന്തതയില്‍ മാത്രം സാധ്യമായ അനേകം കൊച്ചുകാര്യങ്ങളോ നിറവേറ്റുവാന്‍ തന്‍റെ ജീവിതത്തില്‍ സമയം കണ്ടെത്താന്‍ ഇഷ്ടപ്പെടുക എന്നത് ആത്മീയതയിലേക്ക് മനുഷ്യമനസ്സിനെ അടുപ്പിക്കുന്ന ആദ്യപടിയാണ്.

നിശബ്ദതയിലേക്കുള്ള മടക്കം, നഷ്ടപ്പെടുന്ന ആത്മീയചൈതന്യം തിരിച്ചുപിടിക്കാന്‍ അനിവാര്യമാണ്. വ്യഗ്രതയുടെ അലയടികളില്‍ തുടരുകയും, അതേ സമയം ആത്മീയത ചൈതന്യം പടര്‍ത്തുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നത്, കടലല പിന്‍വാങ്ങുമ്പോള്‍ മണല്‍ക്കൊട്ടാരം പണിയുന്നതു പോലെ നിരര്‍ത്ഥകമാണ്. വ്യഗ്രതയുടെ അടുത്ത വേലിയേറ്റത്തില്‍ അലിഞ്ഞുപോകാന്‍ മാത്രമാണ് ആ ശ്രമത്തിന്‍റെ വിധി.

അതേസമയം, നിശബ്ദത ശീലമാക്കുക എന്നതും ഒഴുക്കിനെതിരെ നീന്തുന്ന ഒരു പരിശ്രമം തന്നെയാണ്. കാരണം, ലോകത്തിന്‍റെ സംസ്കാരം നിശബ്ദതയ്ക്ക് എതിരാണ്. പക്ഷേ, ലോകത്തിന്‍റെ ഉപ്പായി മാറി അതിനെ ദൈവോന്മുഖമായി നവീകരിക്കുക എന്ന ദൗത്യം ഏല്പ്പിക്കപ്പെട്ടിരിക്കുന്നത് സഭയ്ക്കാണ്. അതുകൊണ്ടുതന്നെ, ലോകത്തിന്‍റെ ഒഴുക്കിനെതിരെ നീന്തുക എന്ന ദൗത്യം സഭാമക്കള്‍ ഏറ്റെടുക്കേണ്ടതുണ്ട്, സഭാസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങള്‍ നിശബ്ദമാക്കുവാനും നമ്മള്‍ ശീലിക്കേണ്ടിയിരിക്കുന്നു. മനസ്സിനെ നിശബ്ദമാക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഹൃദയവികാരങ്ങളെ നിശബ്ദമാക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. വരും തലമുറയെയെങ്കിലും, ഭവനങ്ങളിലും സ്കൂളുകളിലും ഈ നിശബ്ദതയുടെ ആവശ്യകത പഠിപ്പിക്കേണ്ടിയിരിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കു പുറമേയുള്ള, ഗൗരവമായ വായനയും ധ്യാനവും എഴുത്തും നമ്മുടെ കുട്ടികള്‍ ശീലിക്കേണ്ടിയിരിക്കുന്നു. പാട്ടുകളും നൃത്തവും മാത്രമല്ല, ചിന്തകളും അവയുടെ അവതരണവും നട്ടുവളര്‍ത്തി, പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ധ്യാനാത്മകമായ വ്യക്തിഗതപ്രാര്‍ത്ഥനകള്‍ ധ്യാനഗുരുക്കള്‍ സഭാമക്കളില്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇരുപത്തിനാലു മണിക്കൂറും തിരക്കുകളില്‍ കുടുങ്ങി വ്യാപരിക്കുന്നതിനു പകരം, ധ്യാനാത്മകമായ ജീവിതത്തിന്‍റെ മാതൃക ഇടവകകളിലെ സമര്‍പ്പിതര്‍, അല്മായര്‍ക്ക് നല്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍നിന്ന് പുറത്തേക്കൊഴുകുന്ന ആത്മീയസ്പര്‍ശം
അപ്പോള്‍, നിശബ്ദതയും ധ്യാനാത്മകമായ ആത്മീയതയും സ്വാര്‍ത്ഥമായ ഒരു രക്ഷോപായം ആയി ചുരുങ്ങുന്നില്ലേ? അത്തരമൊരു ദൈവാനുഭവത്തിന്‍റെ പ്രസക്തി തന്നെ എന്താണ്? മുറിക്കുള്ളില്‍ കുറ്റിയടച്ചിരുന്ന് ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച്, ആത്മഹര്‍ഷത്തില്‍ മുഴുകാനുള്ള മാര്‍ഗമല്ല നിശബ്ദത. അത്, പ്രതിലോമപരമായ നിശബ്ദതയാണ്, ശവക്കുഴിയുടെ നിശബ്ദതയാണ്. ജീവനില്ലാത്ത അവിടെ ദൈവത്തിന് സ്ഥാനമില്ല, ആത്മീയതയ്ക്കും. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ, തന്‍റെ ആത്മകഥാപരമായ 'ഒരു ആത്മാവിന്‍റെ കഥ'യില്‍ അവതരിപ്പിക്കുന്നതുപോലെ, ധ്യാനത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്ന ദൈവാനുഭവം, കൊച്ചുകൊച്ചു ത്യാഗങ്ങളും പങ്കുവയ്ക്കലും വഴിയായി തന്‍റെ ചുറ്റിനും പ്രസരിക്കുവാന്‍ നിമിത്തമായി മാറണം.

താബോര്‍ മലയിലെ ദൈവ സാമീപ്യത്തില്‍ നിന്ന്, പീഡനങ്ങളുടെയും ഇല്ലാതാകലിന്‍റെയും ജറുസലേമിലേക്കാണ് ഈശോ നടന്നുനീങ്ങിയത്. നിലത്തുവീണ് മറ്റുള്ളവര്‍ക്കുവേണ്ടി അലിയുന്ന ഗോതമ്പാണ് ക്രിസ്തുവിന്‍റെ ആത്മീയത. ആ ഗോതമ്പിന്‍റെ ഗുണസവിശേഷതകള്‍ രൂപപ്പെടുന്നത്, ആഴമായ ദൈവാനുഭവത്തിലെങ്കില്‍, ആ ഗോതമ്പ് ഫലപ്രാപ്തി കാണുന്നത് ലോകത്തിലേക്ക് ഇറങ്ങി ഇല്ലാതാകുമ്പോഴും. സക്രാരിയുടെ ബാഹ്യരൂപം, ഈ സന്ദേശം പ്രത്യക്ഷമാക്കുന്നു: ഉള്ളിലെ അപ്പത്തില്‍ നിന്ന് ഉരുവിടുന്ന ആത്മീയതയുടെ കതിരുകള്‍ ചുറ്റിലും പടരുന്നതാണ് സക്രാരിയില്‍ നമ്മള്‍ കാണുന്നത്. ധ്യാനാത്മകമായ ആത്മീയതയും അപ്രകാരം പ്രകാശം പരത്തേണ്ടിയിരിക്കുന്നു.

അപ്പോള്‍, ത്യാഗമനോഭാവത്തില്‍ അടിയുറച്ച പ്രവര്‍ത്തികള്‍, നിശബ്ദതയില്‍ ആഴപ്പെടുന്ന ആത്മീയതയുടെ പൂരകമാണെന്ന് കാണാന്‍ സാധിക്കും. അങ്ങനെ, സ്വയം ഉള്ളിലേക്കിറങ്ങിച്ചെന്ന് തപ്പിയെടുക്കുന്ന ദൈവാനുഭവം ലോകത്തില്‍ പടര്‍ത്തുന്ന അര്‍ത്ഥപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് സഭാമക്കള്‍ പിഞ്ചെല്ലേണ്ടത്.
ദലൈലാമയുടെ അഭിപ്രായത്തില്‍, നിശബ്ദതയുടെ ഗര്‍ഭപാത്രത്തിലാണ് ഏറ്റവും മികച്ച ആശയങ്ങള്‍ വളരുന്നത്. ആ ആശയങ്ങള്‍, ഉള്ളില്‍ ഒളിഞ്ഞിരിക്കാനുള്ളതല്ല, ലോകത്തെ മാറ്റിമറിക്കേണ്ടവയാണ്. 2010 ജൂലൈയിലെ ഒരു പ്രഭാഷണത്തില്‍, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: 'നാം ജീവിക്കുന്ന സമൂഹത്തിലെ ഓരോ ഇടവും, ഓരോ നിമിഷവും എന്തെങ്കിലും പദ്ധതികളാലും, ചെയ്തികളാലും ശബ്ദങ്ങളാലും നിറയ്ക്കണം എന്ന് നാം കരുതുന്നു. പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മിലും നമുക്ക് ചുറ്റും നിശബ്ദത സൃഷ്ടിക്കാന്‍ നാം ഭയക്കരുത്. അല്ലെങ്കില്‍, ദൈവത്തിന്‍റെയും നമുക്ക് ചുറ്റുമുള്ളവരുടേയും സ്വരം തിരിച്ചറിയാന്‍ നമുക്ക് സാധിക്കാതെ വരും. നിശബ്ദതയില്‍ രൂപംകൊള്ളുന്ന ആത്മീയത, ചുറ്റുമുള്ളവരുടെ സ്വരം കേള്‍ക്കുന്നതിലേക്ക് നമ്മെ നയിക്കുന്ന പരസ്പര പൂരകത്വമാണ് അദ്ദേഹം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്.

ഈ വെളിച്ചത്തില്‍, നിശബ്ദതയുടെ അര്‍ത്ഥം കുറച്ചുകൂടി ആഴമേറിയതാകുന്നു. ലോകവ്യഗ്രതകളില്‍ നിന്ന് രക്ഷനേടാനുള്ള കുറുക്കുവഴിയോ, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഉപായമോ അല്ല നിശബ്ദത. മറിച്ച്, ലോകവ്യഗ്രതകളെ വിശുദ്ധീകരിക്കാനുള്ള ശക്തിസ്രോതസ്സാണ് നിശബ്ദത. അര്‍ത്ഥരഹിതമായ ലോകവ്യഗ്രതകളില്‍ നിന്ന്, അര്‍ത്ഥപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന വഴികാട്ടിയാകണം നിശബ്ദതയോട് നമുക്കുള്ള ആഭിമുഖ്യം. വിശുദ്ധീകരിക്കപ്പെടാത്ത വ്യഗ്രതകളും, വിശുദ്ധീകരിക്കാനാവാത്ത നിശബ്ദതയും ആത്മീയതയ്ക്ക് അന്യമാണ്.

ഈ പരസ്പരപൂരകത്വത്തിന്‍റെ ഉദാത്തമായ ഒരു പ്രകാശനം കല്ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ വാക്കുകളില്‍ നമുക്ക് ദര്‍ശിക്കാം. നിശബ്ദതയുടെ ഫലമാണ് പ്രാര്‍ത്ഥന, പ്രാര്‍ത്ഥനയുടെ ഫലമാണ് വിശ്വാസം, വിശ്വാസത്തിന്‍റെ ഫലമാണ് സ്നേഹം, സ്നേഹത്തിന്‍റെ ഫലമാണ് സേവനം, സേവനത്തിന്‍റെ ഫലമാണ് സമാധാനം. നിശബ്ദതയില്‍ തുടങ്ങി, പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളര്‍ന്ന്, സ്നേഹത്തിലും സേവനത്തിലും വ്യാപരിച്ച് ദൈവരാജ്യത്തിന്‍റെ സമാധാനം സ്വന്തം ഉള്ളിലും ലോകമാകമാനവും പ്രസരിപ്പിക്കുവാനുള്ളതാണ് ആത്മീയത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org