Latest News
|^| Home -> Cover story -> ശിഷ്യത്വത്തിന്റെ വില കുടുംബവേദിയിൽ

ശിഷ്യത്വത്തിന്റെ വില കുടുംബവേദിയിൽ

Sathyadeepam

ഫാ. ഫ്രാൻസിസ് ആലപ്പാട്ട്

എങ്ങും തിരുപ്പിറവിയുടെ ആഘോഷങ്ങൾ, പക്ഷെ എല്ലാവർക്കും എപ്പോഴും അങ്ങനെയാകണമെന്നില്ല. തിരിച്ചു വരാത്ത രക്തബന്ധുക്കളുടെ വേർപാട് നമ്മുടെ തീരപ്രദേശത്തെ കണ്ണീരിലാഴ്ത്തി. ആ ദുഃഖം മനസ്സിലാകണമെങ്കിൽ, ഹൃദയവേദന അനുഭവിക്കുന്നവരുടെ സ്ഥാനത്ത് നമ്മെ നിർത്തണം. പരസ്നേഹ ആത്മീയതയുള്ളവർക്കേ അതിനെല്ലാം സമയം കണ്ടെത്താനാകൂ. അല്ലാത്തവർക്ക് അത് ആരാന്റെ വീട്ടിലെ ദുഃഖം!

എന്റെ ബാച്ച്മേറ്റായിരുന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇരുചക്രവാഹനാപകടത്തിൽ മരണമടഞ്ഞ ഫാദർ ബാബു ചേലപ്പാടൻ, ഇരുചക്രവാഹനമെന്നാൽ വെറും ഒരു M80 തികച്ചും സാധാരണക്കാരുടെ ജീവിതം നയിച്ചിരുന്ന തൃശ്ശൂർ അതിരൂപതയിലെ ചൊവ്വന്നൂർ പള്ളി വികാരി. അച്ചന്റെ അപ്പൻ നേരത്തെ മരിച്ചിരുന്നു. അമ്മയ്ക്ക് രണ്ട് ആൺകുട്ടികൾ. മൂത്തമകൻ ഗൗരവമില്ലാത്തത് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ട ഒരു പനി മൂലം മരിച്ചു. അപ്പോൾ ബ്രദർ ബാബു വടവാതൂർ സെമിനാരിയിൽ സബ് ഡീക്കനായിരുന്നു. അങ്ങനെ ആ വീട്ടിൽ രണ്ടു വിധവകൾ മാത്രമായി. ഏഴ് വർഷങ്ങൾക്കു ശേഷം ബാബുഅച്ചനും നിത്യപുരോഹിത സവിധത്തിലേക്ക് വിളിക്കപ്പെട്ടു. മകനച്ചൻ കൂടി മരണപ്പെട്ട സാഹചര്യത്തിൽ ക്രിസ്മസ്ത്തലേന്ന് ഇൗ അമ്മയെ ഒന്ന് കണ്ട് കുറച്ചു സമയം ചെലവഴിക്കാൻ ഒളരിയിലെ വീട്ടിലേക്ക് പോയി. വാതിലടച്ച് അമ്മ ഏകയായി ഇരുന്ന് കൊന്ത ചൊല്ലുകയായിരുന്നു. മരിച്ച മൂത്തമകന്റെ ഭാര്യ ജോലി കഴിഞ്ഞുവരുന്നതുവരെ ഏകാന്തതയുടെ തടവിൽ അമ്മ കണ്ണീരും പ്രാർത്ഥനയുമായി ചെലവഴിക്കും. എന്നെ കണ്ടപ്പോൾ, മുമ്പിൽ സ്വന്തം മകനെ കാണുന്നതു പോലെ, “”മോനെ” എന്നു ഉറക്കെ വിളിച്ചു കൈനീട്ടി. ഏകാന്തതയും പ്രായവും കൂടിച്ചേർന്നപ്പോൾ പെട്ടെന്ന് അമ്മ എന്നെ ബാബുഅച്ചനായി കണ്ടതുപോലെത്തോന്നി. പിന്നെ മരിച്ചുപോയ മക്കളുടേയും ഭർത്താവിന്റെയും ചിത്രത്തിലേക്ക് കൈചൂണ്ടി കുറെ നേരം കരഞ്ഞു. ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. ഹൃദയം തകർന്നിരിക്കുന്ന ആ അമ്മയിൽ ഞാൻ കണ്ടത് നിത്യപുരോഹിതന്റെ തിരുശരീരം കുരിശിൽ നിന്നിറക്കി മടിയിൽ കിടത്തിയ വ്യാകുലമാതാവിനെത്തന്നെയായിരുന്നു!

ഇൗ ചിന്തകൾ അസ്വസ്ഥമാക്കിയ മനസ്സോടെത്തന്നെയായിരുന്നു ഞാൻ ക്രിസ്മസ് ദിവ്യബലിയർപ്പിച്ചത്. എല്ലാ ക്രിസ്മസിനും അമ്മയെ കാണാൻ എത്തുമായിരുന്ന അച്ചന്റെ വേർപാട് അമ്മമാർ മരണപ്പെട്ട വൈദികർക്ക് എളുപ്പം മനസ്സിലാകും. കാരണം അമ്മയാണ് അവരുടെ കാണപ്പെടുന്ന ദൈവം. കുടുംബജീവിതക്കാർക്ക് ഇൗ അവസ്ഥ പൂർണ്ണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു പരിധി വിട്ട് വൈദികരെ വിമർശിക്കുന്നവർക്ക് ഇൗ ചിന്ത അന്യമാകാതിരുന്നെങ്കിൽ!

ക്രിസ്മസ് ദിവസം ചിറ്റാട്ടുകര (തൃശ്ശൂർ) ഇടവകയിൽ പറക്കമുറ്റാത്ത എട്ട് കൺമണികളെ വിട്ട് പറന്നുപോയ സ്വപ്ന ജോജു എന്ന വീട്ടമ്മയുടെ സാക്ഷ്യജീവിതകഥ ഇതിനകം പലരും അറിഞ്ഞുകാണും. എട്ടാമത്തെ കുഞ്ഞ് ഗർഭാവസ്ഥയിലായിരുന്നപ്പോഴാണ് സ്വപ്ന അർബുദത്തിന്റെ ആദ്യ സൂചന തിരിച്ചറിയുന്നത്. ദില്ലിയിലെ AIIMS-ൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന സ്വപ്നയെ റേഡിയേഷനടക്കമുള്ള ചികിത്സ നൽകി രക്ഷിക്കാൻ ഡോക്ടർമാർ നിർബന്ധിച്ചിട്ടും വളർന്നുകൊണ്ടിരിക്കുന്ന ഗർഭസ്ഥശിശുവിനെപ്രതി സ്വപ്ന ചികിത്സ വേണ്ടെന്നു വെച്ചു. ഒരു അപകടവും കൂടാതെ കുഞ്ഞു പിറന്നു. വൈകാതെ രോഗം അടുത്ത ഘട്ടത്തിലേക്ക് കടന്നു. എട്ടു മക്കളും സ്വപ്നയും ഭർത്താവ് ജോജുവും നാട്ടിലേക്ക് മടങ്ങി. ഒരു ഉണ്ണിപ്പിറവി അനുസ്മരിക്കുന്ന ക്രിസ്മസ് ദിവസം സ്വപ്ന തന്റെ ജീവിതബലി പൂർത്തിയാക്കി. അർബുദബാധക്കിടയിൽ ജന്മം നൽകിയ മകൾ ഫിലോമിന റോഷനി, കഥയറിയാതെ മറ്റ് ഏഴ് സഹോദരങ്ങളോടൊപ്പം മോണകാട്ടി ചിരിക്കുന്ന കാഴ്ച ഒരു അനുഭവം തന്നെയായിരുന്നു. അമ്മത്തണൽ നഷ്ടപ്പെട്ട ആ പറക്കമുറ്റാത്ത കുഞ്ഞു മക്കൾ സ്നേഹനിധിയായ അപ്പൻ ജോജുവിന് ചുറ്റും അമ്മയെക്കുറിച്ചുള്ള ഒാർമ്മകളോടെ കഴിയുന്നു. ദൈവമേ! ശിഷ്യത്വത്തിന് ആ കുടുംബം നൽകിയ വില അമൂല്യമാണല്ലൊ. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ ചികിത്സ വേണ്ടെന്ന് വച്ച്, പ്രസവാനന്തരം മരണത്തിന് കീഴടങ്ങിയ ഒരു ഡോക്ടർ കൂടിയായ വിശുദ്ധ ജിയന്ന ബറേത്തക്ക് കേരളത്തിൽനിന്ന് ഒരു പിൻഗാമി – സ്വപ്ന.

അജപാലന അനുധാവനത്തിന്റെ ഭാഗമായി താൻ പ്രവർത്തിച്ചിരുന്ന ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യക്കോസ് ഭരണിക്കുളങ്ങര ചിറ്റാട്ടുകരയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. തൃശ്ശൂർ അതിരൂപതയുടെ ഇൗ സാക്ഷ്യജീവിതത്തെ യാത്രയാക്കാൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ തുടങ്ങിയ പിതാക്കന്മാരും എത്തിയിരുന്നു. ദൈവമാണ് ദമ്പതിമാർക്ക് മക്കളെ സമ്മാനിക്കുന്നത് എന്ന് കരുതുന്നവർക്കും അകാലത്തിൽ കുഞ്ഞുമക്കൾ മരണമടഞ്ഞവർക്കും, സന്താന ഭാഗ്യം ലഭിക്കാത്ത ദമ്പതിമാർക്കും സ്വപ്ന സ്വർഗ്ഗീയ മദ്ധ്യസ്ഥയായിരിക്കട്ടെ. സ്വാർത്ഥതയുടെ പേരിൽ ഗർഭഗൃഹത്തിൽ കുഞ്ഞുങ്ങളെ കൊലചെയ്യുന്നവരും അതിന് കൂട്ടിനിൽക്കുന്നവരും സ്വപ്നയുടെ മാതൃകാജീവിതം ധ്യാന വിഷയമാക്കട്ടെ.

“”ഒരു സ്ത്രീ അമ്മയാകുന്ന നിമിഷം
സ്വർഗ്ഗവും ഭൂമിയും പുഷ്പിക്കും,
സുഗന്ധപൂരിതമാകും,
കുഞ്ഞിന്റെ പേരിൽ താരോദയമുണ്ടാകും.
അരുവികൾ തേനും പാലും ചുരത്തും.
കുരുവികൾ ആനന്ദസംഗീതം മീട്ടും.
പക്ഷെ, വിശുദ്ധി കൈമോശം വന്ന മനുഷ്യൻ
ഹേറോദേസിനെപ്പോലെ
ശിശുഹത്യയുടെ വാളെടുക്കും !”
(“അവൾക്കൊപ്പം’)

Leave a Comment

*
*