|^| Home -> Cover story -> സ്നേഹത്തിന്‍റെ ഈ മതവും അസ്തമിച്ചു തുടങ്ങിയോ? (ഭാഗം-2)

സ്നേഹത്തിന്‍റെ ഈ മതവും അസ്തമിച്ചു തുടങ്ങിയോ? (ഭാഗം-2)

Sathyadeepam

ഫാ. റാഫേല്‍ നീലംകാവില്‍, ജര്‍മ്മനി
Ph.D. (Philosophy), Dr.Phil. (Theology)

ആധ്യാത്മികതയും മതവും മനഃശാസ്ത്രപരമായ അപഭ്രംശങ്ങളാണ് എന്നു ചിന്തിക്കുന്ന ഉപരിപ്ലവ മനഃശാസ്ത്രം നിലനില്ക്കുകയും ശക്തിയാര്‍ജിക്കുകയും ചെയ്യുന്ന കാലമാണിത്. വൈദികരേയും വിവാഹം കഴിക്കുവാന്‍ അനുവദിച്ചാല്‍ വിശ്വാസികളുടെയും വിശ്വാസത്തിന്‍റെയും പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് ചില പ്രശ്ന പരിഹാര ജാലവിദ്യക്കാര്‍ പറയുന്നു. ലൈംഗികതയും വിവാഹവും അവരുടെ അഭിപ്രായത്തില്‍ പ്രകൃത്യാനുസൃതം മാത്രം!
അതുകൊണ്ട്, വിവാഹമില്ലാതെ ജീവിക്കുന്നവര്‍ പ്രകൃതിവിരുദ്ധരാണ് എന്നു വരുമോ? അങ്ങനെയെങ്കില്‍, ഈ ലോകത്തിലെ സ്നേഹമില്ലായ്മയും തിന്മകളും എല്ലാം പ്രകൃത്യാനുസൃതം മാത്രമാകണമല്ലോ! ഒന്നോ രണ്ടോ പേരെ മാത്രം കൂടുതല്‍ സ്നേഹിക്കുക എന്നതില്‍നിന്ന് അകന്ന്, വിശാലഹൃദയരായി വളരുവാന്‍ ആരും ശ്രമിക്കുവാന്‍ പാടില്ല എന്നു വരുമല്ലോ!

മാര്‍ഗഭ്രംശങ്ങളും പരിഹാരങ്ങളും
എന്തും ക്രമാതീതമായാലാണ് മാര്‍ഗഭ്രംശവും ചിത്തഭ്രമവും ആയിമാറുന്നത്. പക്ഷേ, എന്നും വളര്‍ന്നുവിശാലമായിക്കൊണ്ടിരിക്കുന്ന സ്നേഹം ആധ്യാത്മിക പ്രശ്നങ്ങളെയും മാനസിക സാമൂഹിക പ്രശ്നങ്ങളെയും ഇല്ലായ്മ ചെയ്യുകയേ ഉള്ളൂ.

തങ്ങളുടേതു മാത്രം ആയി കുറച്ചുപേരെ സ്നേഹിക്കേണ്ടിവരുന്നതില്‍നിന്ന് എല്ലാവരെയും സ്നേഹിക്കുന്ന അവസ്ഥയിലേക്ക് പരിപൂര്‍ണമായി ആരും എത്തുന്നില്ലെങ്കിലും, ആ വഴിയില്‍ വളരെ പുരോഗതി പ്രാപിക്കുവാന്‍ ആദ്യം മുതല്‍ ശ്രമിക്കുക എന്നതാണ് ബ്രഹ്മചര്യം, സന്ന്യാസം എന്നിവയുടെ അര്‍ത്ഥം.

സാധാരണയായി വിവാഹിതര്‍ക്കു വ്യക്തമായും കൃത്യമായും പങ്കാളിയോടും പിന്നെ കുടുംബത്തോടും ചേര്‍ന്നു മാത്രമേ ദൈവത്തോടും മനുഷ്യരോടും ചേരുവാനായി പരിശ്രമിക്കുവാനാവൂ. ദൈവത്തോടും മനുഷ്യരോടും ചേരുവാനുള്ള മാര്‍ഗം എന്നതാണ് വിവാഹത്തെ ഒരു കൂദാശ ആക്കുന്നത്.

എന്നാല്‍ ആദ്യവും അവസാനവുമായി ഒരു മനുഷ്യവ്യക്തിയോടു മാത്രമോ ഒരു കുടുംബത്തോടു മാത്രമോ ചേര്‍ന്നുകൊണ്ട് മാത്രമല്ല, ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ ദൈവത്തോടും മനുഷ്യരോടും ചേരുവാന്‍ തുടക്കം മുതലേ പരിശ്രമിച്ചുകൊണ്ട് ജീവിക്കുക, സേവനം ചെയ്യുക എന്നതാണ് ബ്രഹ്മചര്യമാര്‍ഗവും സന്ന്യാസമാര്‍ഗവും. സന്ന്യാസത്തില്‍, എല്ലാവരെയും എല്ലാറ്റിനെയും സ്വന്തമായി കാണുവാനും എന്നാല്‍ എല്ലാറ്റിനെയും അര്‍ഹിക്കുന്ന അളവില്‍ (സം+ന്യാസം) മാത്രം സ്നേഹിക്കുവാനും ഉള്ള ശക്തിയായ ശ്രമവും ശക്തമായ സമീപനങ്ങളും ഉണ്ട് എന്ന് മാത്രം.

വെറുതേ പുരോഹിതരുടെ അനീതികളും ലൈംഗികവ്യാപാരങ്ങളും മാത്രമാണ് സഭയുടെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നും, വിവാഹമാണ് ഏകപ്രിതിവിധി എന്നും നവീനമാധ്യമങ്ങളില്‍ കൂകിവിളിക്കുന്നവരേ, നിങ്ങളെപ്പോലുള്ള വിവാഹിതരായ മനുഷ്യരുടെ മക്കളാണ് അവര്‍. നിങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഈ പുരോഹിതരുടെ വ്യക്തിത്വത്തിലേക്കു മാത്രമല്ല, നിങ്ങളെപ്പോലെയുള്ള വിവാഹിതരുടെ അസ്തിത്വത്തിലേക്കാണ്! അവരില്‍ നിന്നല്ലേ ഈ മക്കള്‍ പ്രധാനമായും സ്വഭാവരൂപീകരണം നേടിയത്?

നമ്മിലെ വികലതകളെ സാവധാനമേ ഇല്ലാതാക്കുവാനാകൂ എന്നും, ഞാനും നിങ്ങളും അതിനുള്ള വഴികളാണ് അന്വേഷിക്കേണ്ടത് എന്നും അറിഞ്ഞുകൊണ്ടാണ് നാം പ്രശ്നപരിഹാരങ്ങള്‍ നിര്‍ദേശിക്കേണ്ടത്. അതായത്, അപരനിലേക്കു വിരല്‍ചൂണ്ടുന്നതോടു കൂടെ നാം ചൂണ്ടിക്കാണിക്കുന്ന അപാകതകള്‍ക്കുള്ള ശാശ്വതപരി ഹാരങ്ങളാണ് നിര്‍ദ്ദേശിക്കേണ്ടത്. വേഗംതന്നെ എല്ലാ പുരോഹിതരെയും വിവാഹം കഴിപ്പിച്ചുവിടൂ എന്ന ആക്രോശങ്ങളല്ല, അത്തരം ക്ഷണമാത്ര ഉടന്‍കൊല്ലിڈപരിഹാരങ്ങളല്ല, ഇവിടെ നമുക്ക് ആവശ്യം.

ആരാധനാക്രമങ്ങളും മറ്റു നടത്തിപ്പുകളും സേവനങ്ങളും ചെയ്യുകയും, ബാക്കിസമയം പ്രധാനമായി ഭാര്യയ്ക്കും മക്കള്‍ക്കുംവേണ്ടി ജീവിക്കുകയും മാത്രമല്ല വൈദികജീവിതം എന്നു വ്യക്തം. അതൊരു നിരന്തര ദൈവാന്വേഷണമാണ്. അന്വേഷണത്തിനുള്ള ശ്രദ്ധാകേന്ദ്രീകരണം നേരിട്ടു ദൈവത്തിലേക്കും, മനുഷ്യരിലേക്ക് പൊതുവെയും ആയാല്‍, അത് കുറെയൊക്കെ പ്രാവര്‍ത്തികം തന്നെയാണ്.

വിവാഹിതര്‍ ചെയ്യുന്ന സേവനത്തേക്കാള്‍ വിശാലമായി, ദൈവികതയില്‍ അധിഷ്ഠിതമായ മനുഷ്യസേവനത്തിനു തയ്യാറുള്ള പുരോഹിതരെ ജനത്തിന് ആവശ്യമുണ്ടെങ്കിലോ? കുറച്ചു പേരെ കൂടുതല്‍ സ്നേഹിക്കേണ്ടി വരുന്ന അവസ്ഥയില്‍നിന്ന് വിഭിന്നമായി ഉയര്‍ന്നു വളര്‍ന്ന പുരോഹിതരെയും സന്യസ്തരെയും അല്മായരെയും, അനുസ്യൂതം അതിനു തയ്യാറുള്ളവരെ, സഭയ്ക്ക് വേണം. അതിനുള്ള പരിശീലനം കൊടുക്കുവാന്‍ സഭ തയ്യാറാകേണ്ടതുണ്ട്.

എന്നിട്ടും വിവാഹം കഴിച്ചേ അടങ്ങൂ എന്നുള്ളവരെ ആരെങ്കിലും ബ്രഹ്മചര്യത്തിലോ സന്ന്യാസത്തിലോ പിടിച്ചു വെക്കുന്നുണ്ടോ? ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല എന്ന് പിന്നീട് പറയുന്ന ചിലര്‍ അനീതികളില്‍ നിന്നും ലൈംഗിക അരാജകത്വത്തില്‍ നിന്നും മുക്തി പ്രാപിക്കുവാനാണ് വിവാഹത്തിലേക്ക് തങ്ങള്‍ നീങ്ങുന്നതെന്നു വാദിക്കുന്നെങ്കില്‍, ആരെങ്കിലും എതിര്‍ക്കുന്നുണ്ടോ? ജനങ്ങള്‍ അവരെ നോക്കി ചിരിക്കാറുണ്ടെങ്കില്‍ അതിനും ഉത്തരവാദി സഭയോ? അവരെയും ആദ്ധ്യാത്മികമായും ഈലോകജീവിതത്തില്‍ വിജയിക്കത്തക്കവിധത്തിലും പുനരധിവസിപ്പിക്കുവാന്‍ സഭയ്ക്ക് കടമയുണ്ട് എന്നതും ഇവിടെ മറക്കുന്നില്ല.

ഇവിടെ സഭയുടെ പാപം എന്താണ്? വൈദികരുടെ വളര്‍ച്ചയ്ക്കുവേണ്ടി യഥാര്‍ത്ഥത്തില്‍ അവര്‍ക്കു കൊടുക്കേണ്ടിയിരുന്ന, ക്രിസ്തു തന്‍റെ ശിഷ്യന്മാരില്‍ പ്രയോഗിച്ച് വിജയിച്ച, ആ വളര്‍ച്ചാ ക്രമം വൈദികര്‍ക്ക് ഈ 2000 വര്‍ഷമായും കൊടുത്തു തുടങ്ങിയില്ല എന്നതു തന്നെ! അതിനു മുന്‍പേ അത് നമ്മുടെ ഇടവകജനങ്ങള്‍ക്ക് അവകാശപ്പെട്ടതായിരുന്നു! അത് സഭ മറന്നു പോയിട്ടു വര്‍ഷങ്ങള്‍ 2000 ആകുന്നു.

ആധ്യാത്മിക സമസ്യകള്‍ക്ക് ആഴമുള്ള ആധ്യാത്മികപരിഹാരങ്ങള്‍ മതങ്ങളില്‍ത്തന്നെയുള്ള മിസ്റ്റിക് ആധ്യാത്മികതകളില്‍ ധാരാളമായി ഉണ്ട്. അവയോടൊപ്പം കുറച്ച് മനഃശാസ്ത്രപരമായ പരിഹാരങ്ങളും ആവാം. അവയ്ക്കു പകരം, ആത്മാവിന്‍റെ ആഴങ്ങളെ സ്പര്‍ശിക്കാത്ത, ഉപരിപ്ലവമായ മനഃശാസ്ത്രപരിഹാരങ്ങള്‍ മാത്രം കൊടുക്കുന്ന വൈദികസന്യസ്തഅല്മായ വിപ്ലവകാരികളാണ് ഒരുനൂറ്റാണ്ടായി നമുക്ക് കുറെയൊക്കെ ഉണ്ടായത്. ഇവരാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി മിസ്റ്റിക് (പ്രണിധാനത്തിലടങ്ങിയ സ്നേഹം പ്രാവര്‍ത്തികമാക്കുന്ന) ആധ്യാത്മികതയെയും യേശുവിന്‍റെ സ്വന്തം പ്രാര്‍ത്ഥനാരീതിയെയും അനാവശ്യമായി വെള്ളം ചേര്‍ത്ത് മനഃശാസ്ത്രവത്ക്കരിച്ചു നാണം കെടുത്തിയത്.

വാക്കുകളെയും വൈകാരികബൗദ്ധിക വ്യാപാരങ്ങളെയും വെറുക്കാതെ, അവയെ കടന്നുപോകുവാന്‍ അനുവദിച്ചുകൊണ്ട്, ദൈവത്തെയും മനുഷ്യരെയും ആഴമായി സ്നേഹിക്കുക എന്നതാണ് യേശുവിന്‍റെ പ്രാര്‍ത്ഥനാരീതി.

മെത്രാന്മാരും സന്ന്യാസമേലധികാരികളും ഇതിനെക്കുറിച്ച് ബോധമുള്ളവരല്ലെങ്കില്‍, ഇനിയും അവര്‍ തങ്ങള്‍ക്ക് ഏല്പ്പിക്കപ്പെട്ട വൈദികരെയും സന്യസ്തരെയും ആധ്യാത്മിക ഭിഷഗ്വരന്മാര്‍ ആക്കുന്നതിനു പകരം നല്ല മനഃശാസ്ത്രജ്ഞര്‍ മാത്രമാക്കി വളര്‍ത്തിക്കൊണ്ടിരിക്കും.

ഇന്ന് ഇന്ത്യയില്‍ പലവിധ ഭാവനാപ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുന്ന മനഃശാസ്ത്ര കേന്ദ്രങ്ങളിലേക്കല്ലേ കുറേ വൈദികരുടെയും സന്യസ്തരുടെയും ശ്രദ്ധ? ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ ശ്രദ്ധയോ? എളുപ്പവഴിയില്‍ അനുയായികളെ ഉണ്ടാക്കിയെടുക്കുന്ന, അത്ഭുതങ്ങള്‍ ലഭിക്കുന്ന, ഉറക്കെയുറക്കെ പ്രാര്‍ത്ഥനകളും പാട്ടുകളും മുട്ടിപ്പായി ഉരുവിടുക എന്ന മറ്റൊരു തന്ത്രത്തിനുള്ളിലേക്ക്! അതും ഉപരിപ്ലവംതന്നെ.

ഭാവനകളും സംഗീതവും നിലയ്ക്കുമ്പോഴേ നിശബ്ദ പ്രണിധാനസ്നേഹം ഉത്ഭവിക്കുന്നുള്ളൂ എന്ന് യേശുവാണ് നമുക്ക് കാണിച്ചു തന്നത്. ഭാവനകളും സംഗീതവും വേണ്ടെന്നല്ല, ഇവ വെറും തുടക്കങ്ങള്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ജനങ്ങളെയും വൈദികരെയും സന്ന്യസ്തരെയും ബോധവത്ക്കരിക്കുന്നതിന് ആര്‍ക്കു ധൈര്യമുണ്ട്? ഈ ധൈര്യം കാണിക്കുന്ന വൈദികരെയും മേലധ്യക്ഷന്മാരെയും അല്മായരെയും ധ്യാനകേന്ദ്രങ്ങള്‍ എങ്ങനെ കാണുന്നു?

സാധാരണ ജനങ്ങള്‍ക്കായി നൂറ്റാണ്ടുകളായി വാച്യപ്രാര്‍ത്ഥനകള്‍ രൂപീകരിച്ചുകൊടുത്ത ആ മഹാചരിത്രം നമ്മെ വിഴുങ്ങിക്കളഞ്ഞു. അജപാലനത്തില്‍ മെത്രാനെ സഹായിക്കുക എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് നാം തന്നെ യേശുവിന്‍റെ സ്വന്തം ജീവിതത്തിലെ പ്രാര്‍ത്ഥനാരീതി ഉപേക്ഷിച്ചു. എന്നിട്ട്, വാച്യപ്രാര്‍ത്ഥനകളാണ് സഭയുടെ സ്വന്തം കാനോനികവും അല്ലാത്തതുമായ പ്രാര്‍ത്ഥന എന്ന് വിധിച്ചു. ആരാധനയുടെ നവീകരണം എന്ന പേരില്‍ അവയുടെ നീളം വര്‍ധിപ്പിച്ചു. ചെയ്യാന്‍ എളുപ്പമുള്ളവയാണല്ലോ ഇതെല്ലാം! നമ്മുടെ ആത്മാവിനെയും മനസിന്‍റെ സൗകര്യാര്‍ത്ഥ പ്രവണതകളെയും അധികം തൊടാതെ കാര്യം നടക്കുമല്ലോ! ഇവ മാത്രമാണ് സഭയുടെ പ്രാര്‍ത്ഥന എന്നു വന്നാല്‍, യേശു സ്വയം പ്രാര്‍ത്ഥി  വിധം ആര്‍ക്കുവേണ്ടി ഉള്ളതായിരുന്നു?

അതൊക്കെ വെറും ആദര്‍ശങ്ങളല്ലേ, യാഥാര്‍ഥ്യങ്ങളല്ലല്ലോ, എന്ന് വാദിക്കുന്നവരോട് ചില ചോദ്യങ്ങള്‍ മാത്രം: ആധ്യാത്മികലൗകിക അനീതികള്‍ നമ്മില്‍ നിന്നും സമൂഹത്തില്‍നിന്നും അനുഭവിക്കുന്ന നാം ആ അവസ്ഥയില്‍ ത്തന്നെ ജീവിച്ചുകൊള്ളണം എന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഈ സഹനങ്ങള്‍ നിങ്ങള്‍ക്കാണ് അസഹ്യമായ വലിയ അളവില്‍ ഉണ്ടാകുന്നതെങ്കില്‍ ആരെങ്കിലും സ്വയംമറന്നു നിങ്ങളെ സ ഹായിക്കണമോ, അതോ നിങ്ങളെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്തണമോ? എങ്കില്‍, അങ്ങനെയുള്ളവരെ വളര്‍ത്തിയെടുക്കുവാന്‍ സഭയെയും മനുഷ്യകുലത്തെയും അനുവദിക്കുക, സഹായിക്കുക, അതിനെ പുച്ഛിക്കാതിരിക്കുക.

ജനങ്ങളില്‍ ഇന്ന് വൈദികരേക്കാള്‍ അഭ്യസ്തവിദ്യര്‍ കൂടുതലുണ്ട്. അവരെ ഒഴിവാക്കിയല്ലല്ലോ നാം സഭ വളര്‍ത്തേണ്ടത്.

എന്നാല്‍ വിദ്യാഭ്യാസം അവരുടെ സിരകളില്‍, തങ്ങള്‍ സാധാരണജനങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്ന അഹന്ത ഉണ്ടാക്കിയിട്ടില്ലെങ്കില്‍ മാത്രമേ ഇവരിലൂടെ സഭയില്‍ വളര്‍ച്ചയുണ്ടാകൂ. എത്ര ഉന്നതനെങ്കിലും, സാധാരണക്കാരനായി ഇരുന്നാല്‍ തനിക്കുതന്നെയും ലോകത്തിനും അതുകൊണ്ട് എത്രയോ അധികം ഉപകരിക്കും!

ഫ്രാന്‍സിസ് പാപ്പ ഇതുതന്നെയല്ലേ നിര്‍ബന്ധിക്കുന്നത്? ചില വൈദികരുടെയും ജനങ്ങളുടെയും ആധ്യാത്മികമാന്ദ്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കി വാതിലടച്ചാല്‍ സഭ ഉള്ള നന്മകള്‍ നഷ്ടപ്പെടുത്തുകയേ ഉള്ളൂ. സാധാരണജനങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ചില പ്രവൃത്തികള്‍കൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും പ്രോജക്ടുകള്‍ കൊണ്ടും തീരുന്നതല്ല സഭാജീവിതവും വളര്‍ച്ചയും എന്നര്‍ത്ഥം. ഫ്രാന്‍സിസ് പാപ്പ ഇത് നമുക്ക് ജീവിച്ചു കാണിച്ചു തരുന്നില്ലേ!

വിമര്‍ശനാത്മകമായ ചില ആദ്ധ്യാത്മിക ആത്മഗതങ്ങള്‍
പ്രാര്‍ത്ഥനയുടെ അഭ്യാസം എന്നാല്‍, ചില പൗരസ്ത്യമതങ്ങളില്‍ ഉള്ളതുപോലെ, ദൈവവും ഞാനും ഒന്നാണെന്നുള്ള അവബോധത്തില്‍ ആയിരിക്കുക എന്ന ധ്യാനം മാത്രമല്ല.

ദേവാലയത്തില്‍ വന്നോ അല്ലാതെയോ ഉറക്കെ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും പാട്ടുകള്‍ പെരുമ്പറ കൊട്ടിപാടുകയും ആവശ്യങ്ങള്‍ (അര്‍ത്ഥനകള്‍) ദൈവത്തിനു മുന്നില്‍ ഭിക്ഷാടനരൂപത്തില്‍ നിരത്തിവയ്ക്കുകയും ചെയ്യുക എന്നതിനെ സാര്‍വത്രികവത്ക്കരി ച്ചڈസാധാരണ വിശ്വാസിയുടെ മാര്‍ഗംڈമാത്രമല്ല പ്രാര്‍ത്ഥന. ധ്യാനവും ഭിക്ഷാടനപ്രാര്‍ത്ഥനയും അധമങ്ങളല്ലെങ്കിലും അപര്യാപ്തം എന്ന് ക്രിസ്തുവിന്‍റെ സുവിശേഷം പഠിപ്പിക്കുന്നു. ശരിയായ പ്രാര്‍ത്ഥന വെറും ധ്യാനമല്ല, അര്‍ത്ഥനയല്ല, പ്രണിധാനമാണ്.

ധ്യാനം, അര്‍ത്ഥന എന്നിവയ്ക്കുപകരം, അവയിലൂടെയും, അതിലേറെ, അനിയന്ത്രിത വാക്കുകളും ചിന്തകളും വികാരങ്ങളും കടന്നുപോകുവാന്‍ അനുവദിച്ചുകൊണ്ടും, ദൈവത്തെ സ്നേഹിച്ചുകൊണ്ടിരിക്കുകയും അതു വഴി മനുഷ്യരെയും ആത്മാവില്‍ സ്നേഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് ശരിയായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥന സ്നേഹമാണ്.

എങ്ങനെയാണ് ഇത് പരിചയിക്കേണ്ടത്? നാമെല്ലാവര്‍ക്കും സ്നേഹം എന്താണെന്ന് അല്പമെങ്കിലും അറിയാം. അത് ദൈവത്തിനോടും മനുഷ്യനോടും പ്രാര്‍ത്ഥനാസമയത്ത് ചെയ്യുക എന്നതാണ് തുടക്കം. അത് ആഴപ്പെടുവാന്‍ ദൈവികവഴികള്‍ താനേ ഉണ്ടാകും. തുടങ്ങാതിരിക്കുന്നതും തുടര്‍ച്ചയായി ശ്രമിക്കാതിരിക്കുന്നതും അപകടമാണ്.

പക്ഷേ, ഈ സ്നേഹം പ്രാവര്‍ത്തികമാക്കുക കൂടി ചെയ്യുമ്പോഴാണ് പ്രാര്‍ത്ഥന അതിനേക്കാള്‍ ഉത്തമമായി, പ്രണിധാന സ്നേഹത്തിന്‍റെ പ്രാവര്‍ത്തികമാക്കല്‍ എന്ന ജീവിതപ്രാര്‍ത്ഥന ആയി മാറുന്നത്. അതായത്, ഓടിനടന്ന് ദൈവത്തോടും മനുഷ്യകുലത്തിനോടു മുഴുവനോടുമുള്ള സ്നേഹത്താല്‍ നന്മ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അഗാധമായ പ്രണിധാന അവസ്ഥയിലുള്ള ദൈവസ്നേഹത്തില്‍ ജീവിക്കുകയാണ് യേശു ജീവിച്ചമതം.

ദൈവാനുഭവവും ദൈവസ്നേഹവും ദൈവകൃപയല്ലേ, സ്വന്തം പരിശ്രമത്താല്‍ ഉണ്ടാകുന്നതല്ലല്ലോ, എന്ന ഒരു ന്യായം ഒരു ദൈവശാസ്ത്ര വൈകല്യം തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവാനുഭവം മാത്രമല്ലല്ലോ, നാം തന്നെയും, ഈ പ്രപഞ്ചം മുഴുവനും ദൈവദാനമല്ലേ? അക്കാരണത്താല്‍, നാം ഒരു പരിശ്രമവും ചെയ്യാതെ, നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുക്കാതെ, ദൈവം മനുഷ്യരാശിക്ക് ദാനംതന്ന വിജ്ഞാനത്തെയും ജ്ഞാനത്തെയും അവലംബിക്കാതെ, ദൈവം തന്‍റെ കൃപ എന്‍റെ ആത്മാവിലേക്ക് ഇട്ടുതരും എന്നോര്‍ത്ത് കാത്തിരുന്നാല്‍ മതിയോ?

യേശു ജീവിച്ചുകാണിച്ചത് സ്നേഹത്തിന്‍റെ മതത്തെയാണ്. യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ സ്വയം വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലാത്ത അനീതിയുടെ മുന്നിലല്ലാതെ മറ്റൊരവസരത്തിലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുവാന്‍ ശ്രമിക്കാതെ, സ്നേഹത്തില്‍ മാത്രം ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണ് പ്രേഷിതപ്രവര്‍ത്തനം. അപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍, നമ്മുടെ വ്യക്തിത്വവും ഈ പ്രപഞ്ചവും പോലെ, ദൈവകൃപതന്നെ ആയിത്തീരും. ഇതു മാത്രമായിരുന്നു യേശുവിന്‍റെ പ്രേഷിതപ്രവര്‍ത്തനം എന്ന് സുവിശേഷങ്ങള്‍ കാണിക്കുന്നു.

ഇതിനു മുന്നോടിയായി, നമ്മുടെ ഇടവകകളിലും സെമിനാരികളിലും വിശ്വാസശോഷണത്തിനുള്ള പ്രശ്ന പരിഹാരത്തിനു തുടക്കമായി, മതത്തിന്‍റെ അടിവേരുകളില്‍ ഉണ്ടായിരിക്കേണ്ട ബോധ്യങ്ങളും യേശുവിലധിഷ്ഠിതമായ സ്നേഹ പ്രാര്‍ത്ഥനാപരിശീലനവും കൊടുക്കുവാന്‍ നമുക്കു തുടങ്ങിക്കൂടേ?

സാധാരണ ജനങ്ങള്‍ക്കു പൊതുവെയും, വളരെയധികം വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും, ഇക്കാലത്ത് അത്ഭുതങ്ങളാണ് ശരിയായ ആധ്യാത്മികതയുടെ മാനദണ്ഡം. പക്ഷെ, യേശുവിന്‍റെ മാനദണ്ഡം വിശാലമായും ആഴവുമായും വളരുന്ന സ്നേഹം മാത്രമായിരുന്നു. വിശുദ്ധരുടെ ജീവിതങ്ങള്‍ ആഴമായി പഠിക്കുമ്പോള്‍ അറിയാം, അത്ഭുതങ്ങള്‍ ആധ്യാത്മിക വളര്‍ച്ചയുടെ ചില ആദ്യകാല പ്രതിഫലങ്ങള്‍ അഥവാ പാര്‍ശ്വഫലങ്ങള്‍ മാത്രമാണെന്ന്. അത്ഭുതങ്ങളെ വിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ആക്കി മാറ്റുവാന്‍ യേശുവും ഭൂരിഭാഗം വിശുദ്ധരും എല്ലായ്പോഴും വളരെ ശ്രദ്ധിച്ചു എന്നത് ഏറ്റവും പ്രസക്തമാണ്.

മതം യഥാര്‍ത്ഥത്തില്‍ നിലനില്ക്കണമെങ്കില്‍, നിലനില്ക്കുമെങ്കില്‍, അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് സാധാരണ മനുഷ്യര്‍ക്കും വിദ്യാഭ്യാസമുള്ളവര്‍ക്കും കുറെയൊക്കെയെങ്കിലും സ്വീകാര്യമായ ഉത്തരങ്ങള്‍ ലഭിച്ചേ പറ്റൂ: ദൈവമുണ്ടോ? ആത്മാവുണ്ടോ? ദൈവത്തിന്‍റെയും ആത്മാവിന്‍റെയും പ്രകൃതി എന്തായിരിക്കാം? മരണാനന്തര ജീവിതം എന്തായിരിക്കാം? ക്രിസ്തുവിന്‍റെ മനുഷ്യാവതാരം എന്നാല്‍ എന്ത്? ജീവിതത്തിന് ഉദ്ദേശ്യമുണ്ടോ? സാന്മാര്‍ഗികത അടിസ്ഥാനപരമായി സ്വീകാര്യമാണോ? സ്നേഹം, നന്മ, മനുഷ്യസ്വാതന്ത്ര്യം എന്നിവ സത്യത്തില്‍ ഉണ്ടോ? എന്താണവയുടെ അര്‍ത്ഥം? എന്നിങ്ങനെ പോകുന്നു ഈ പ്രശ്നങ്ങള്‍.

ഇവയിലൊക്കെ വെറുതെയങ്ങു വിശ്വസിക്കുക എന്നത് വിശ്വാസമല്ല. സ്കൂളില്‍ ആദ്യമായി പരിണാമസിദ്ധാന്തവും പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളും കേട്ടു തുടങ്ങുമ്പോഴേക്കും ദൈവം ഉണ്ടോ എന്ന് സംശയിക്കാത്ത ചെറുപ്പക്കാര്‍ ഉണ്ടാകുമോ? പക്ഷെ, അവര്‍ എന്നും ദേവാലയത്തിലും മതാധ്യാപനത്തിലും കേള്‍ക്കുന്നത് ഇവയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ മാത്രമാണെങ്കില്‍, അവര്‍ മതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചു സംശയിക്കുന്നവരായി മാറും. വെറുതെയങ്ങു വിശ്വസിക്കുക എന്ന പഴഞ്ചന്‍ വേദം അവരാരും സ്വീകരിക്കുന്നില്ലെങ്കില്‍, മതം അത് മനസ്സിലാക്കി അതിനനുസരിച്ച് മതത്തിന്‍റെ തന്നെ വിദ്യാഭ്യാസ സമീപനങ്ങളെ മാറ്റുകയേ തരമുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെ ആയതുകൊണ്ട് നമുക്കിനി വൈദികാര്‍ത്ഥികളെ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കേണ്ട, ബൈബിള്‍ തലങ്ങും വിലങ്ങും ഉരുവിടാന്‍ പഠിപ്പിച്ചാല്‍മതി എന്ന എളുപ്പവഴി ചിന്തിക്കുന്ന പെന്തക്കോസ്ത് മനോഭാവം അതിനേക്കാള്‍ അപകടകരമാണ്. സഭാ ചരിത്രം അതിനുസാക്ഷി. ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും മറ്റുശാസ്ത്രങ്ങളും ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യര്‍ സമ്പാദിച്ച വിജ്ഞാനം മാത്രമല്ല, ജ്ഞാനവുമാണ്. അവയെല്ലാം പല വിധത്തില്‍ ദൈവദാനങ്ങള്‍ തന്നെയാണ്. ഈ സത്യങ്ങള്‍ മേല്പറഞ്ഞതരം ബൗദ്ധിക അരാജക വാദികള്‍ മറക്കുന്നു. അവ ആദ്ധ്യാത്മികമായി വേണ്ടവിധവും വേണ്ടത്രയും സ്വായത്തമാക്കുകയാണു വേണ്ടിയിരുന്നത്.

ഇതിനായി നമ്മുടെ വൈദികസന്യസ്ത അല്മായ വിദ്യാഭ്യാസ മുറകള്‍ വെറും വിദ്യാലയ മുറകളെ മാത്രം അവലംബിച്ചെങ്കില്‍, മാര്‍ഗഭ്രംശം സംഭവിച്ചത് സഭയ്ക്കാണ്, ഈ ശാസ്ത്രങ്ങള്‍ക്കല്ല. ശാസ്ത്രങ്ങള്‍ക്കും തത്ത്വശാസ്ത്രങ്ങള്‍ക്കും ദൈവശാസ്ത്രങ്ങള്‍ക്കു തന്നെയും അവയുടേതായ കഠിനമായ അപര്യാപ്തതകള്‍ എന്നും നിലനില്ക്കുന്നുണ്ടെങ്കിലും, ഈ ശാസ്ത്രങ്ങളെ സ്വീകരിച്ച വൈദികാര്‍ത്ഥികള്‍ക്കായും മതപഠന ക്ളാസ്സുകള്‍ക്കായും ഇടവകയിലെ നേരിട്ടുള്ള അധ്യാപനത്തിനായും അവലംബിച്ച വിദ്യാലയമുറകളിലെ തെറ്റുകള്‍ സഭയുടെ പോരായ്മകള്‍ തന്നെയാണ്.

ഈ തലത്തില്‍ സഭയില്‍ സ്ഥായിയായ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ ജനം സഭയെ മറന്നുകളയും എന്നത് തീര്‍ച്ച. പാശ്ചാത്യനാടുകളിലും ഭാരതത്തിലും നാമിത് ധാരാളം അനുഭവിച്ചിട്ടുണ്ട്. വൈദികാര്‍ത്ഥികളുടെയും പുരോഹിതരുടെയും ഒരു പ്രധാന ബൗദ്ധികപ്രശ്നം ഇതുതന്നെയാണ് എന്ന് കാര്യങ്ങള്‍ ഉള്ളില്‍ നിന്ന് വീക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ള എനിക്ക് ബോധ്യമുള്ളതാണ്. ദൈവവും ആത്മാവും ഇല്ലെങ്കില്‍ പിന്നെ എന്തിനുമതവും സാന്മാര്‍ഗികതയും പൗരോഹിത്യവും എന്ന് ആരും ചിന്തിക്കും.

വിശാലമായി ചിന്തിക്കുവാനുള്ള സാധ്യത കുറച്ചുകളഞ്ഞ് ചുരുങ്ങിയ ഒരു ലോകം സ്വന്തമാക്കുവാന്‍ വൈദികാര്‍ത്ഥികളെയോ അല്മായരെയോ പ്രേരിപ്പിച്ചതു കൊണ്ട് ലോകത്തില്‍ ശാസ്ത്ര വിദ്യാഭ്യാസം ഉള്ളവരുടെ എണ്ണം കുറയുന്നില്ല എന്നും, അത് സഭയെ പിന്നില്‍നിന്ന് കുത്തികൊല്ലുകയെ ഉള്ളൂ എന്നും ചിന്തിക്കുന്നതല്ലേ ബുദ്ധി?

ചിന്തിക്കുന്ന, നല്ല വിദ്യാഭ്യാസമുള്ള, ദൈവാര്‍പ്പണമുള്ള വൈദികര്‍ക്കും അല്മായര്‍ക്കും ജനത്തിന്‍റെ ബോധ്യങ്ങള്‍ ആഴപ്പെടുത്തുക എന്ന പ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചുകൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുള്ള വേദികള്‍ ഒരുക്കേണ്ടത് സഭയാണ്. എങ്കിലേ മതം ദേവാലയത്തിലൂടെ ദേവാലയത്തിനും അപ്പുറത്തേയ്ക്ക് തുടര്‍ച്ചയായി വളരൂ. ഇതിനുവേണ്ടി ജീവന്‍ കൊടുക്കാം എന്ന് സമ്മതിക്കുന്നവരും മനുഷ്യരില്‍ നിന്നു വൈകാരിക, സാമ്പത്തിക സുഖങ്ങള്‍ അന്വേഷിക്കില്ലെന്നു വ്രതം ചെയത് അങ്ങനെ ജീവിക്കുന്നവരും ആയ വൈദികരെയും അല്മായരെയും അന്വേഷിക്കണം നമ്മള്‍.

എല്ലാറ്റിനുമുപരി, സഭയിലെയും മനുഷ്യരാശി മുഴുവനിലെയും വിശുദ്ധരാണ് ജീവിതം അതിന്‍റെ മുഴുവന്‍ അര്‍ത്ഥത്തില്‍ ജീവിച്ചവര്‍. അവരുടെ ജീവചരിത്രങ്ങള്‍ വായിക്കുവാനും വിചിന്തനം ചെയ്യുവാനും അനുകരിക്കുവാനും അല്മായര്‍ക്കു പൊതുവെയും, അതിലുപരി മതാധ്യാപനത്തിലും സെമിനാരിയിലും വൈദികസന്യസ്തജീവിതത്തിലും ഉള്ളവര്‍ക്കു പ്രത്യേകമായും, ധാരാളം അവസരങ്ങള്‍ ഉണ്ടായാലേ മതത്തിന് അര്‍ഥം പോലും ഉണ്ടാകൂ.

പക്ഷേ, ആ ജീവിതത്തിനുള്ള ശ്രമം നമ്മില്‍ ഉണ്ടാവണമെങ്കില്‍ത്തന്നെ, അതിനായി ആദ്യം വേണ്ടത് ദൈവം, ആത്മാവ് മുതലായവയിലുള്ള ബുദ്ധിയാലും ഹൃദയത്താലും സ്വീകാര്യമായ ബോധ്യങ്ങള്‍ തന്നെ…. അതുകൊണ്ട്, ഇവിടെയാണ് എല്ലാ മതങ്ങളും ആദ്യം തുടങ്ങേണ്ടത്.

wisdomcontemplation@yahoo.co.in

Leave a Comment

*
*