Latest News
|^| Home -> Cover story -> യുവജനപ്രേഷിതത്വം: അല്മായ ശുശ്രൂഷകരെ നിയോഗിക്കുക

യുവജനപ്രേഷിതത്വം: അല്മായ ശുശ്രൂഷകരെ നിയോഗിക്കുക

Sathyadeepam

ആഗോള മെത്രാന്‍ സിനഡിന്‍റെ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസംഗം….

സഭയിലെ അജപാലനത്തിന്, വിശേഷിച്ചും യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അജപാലനത്തിന് പുതിയൊരു ശൈലി നല്‍കുന്നതിനുള്ള താക്കോലാണ് അനുധാവനം. അജപാലനപരമായ ഈ അനുയാത്രയില്‍ യുവജനങ്ങള്‍ കേവലം പങ്കുചേരുക മാത്രമല്ല ഉത്തരവാദിത്വമെടുക്കുകയും ചെയ്യുന്നു. 20-30 പ്രായപരിധിയിലുള്ള ഇന്നത്തെ യുവജനങ്ങളെ സംബന്ധിച്ച് ഇത് എത്രയും ശരിയാണ്. സഭയിലെയും സമൂഹത്തിലെയും സങ്കീര്‍ണസാഹചര്യങ്ങളില്‍ ജീവിക്കുന്ന വ്യക്തികളെന്ന നിലയില്‍ സ്വന്തം വിളി തിരിച്ചറിയുന്നതിനുള്ള ശാക്തീകരണമാണ് യുവജനങ്ങള്‍ക്കാവശ്യമായിട്ടുള്ളത്. ജീവിതത്തില്‍ തങ്ങളുടെ വൈവിധ്യപൂര്‍ണമായ ആവശ്യങ്ങള്‍ക്കിണങ്ങുന്ന തരത്തിലുള്ള ഒരു ശുശ്രൂഷ സഭ അവര്‍ക്കു തയ്യാറാക്കി നല്‍കേണ്ടതുണ്ട്.

ഈ വെല്ലുവിളിയോടു പ്രതികരിക്കുന്നതിനു സഭ സ്വന്തം ശുശ്രൂഷാധര്‍മ്മത്തെ ഒരു പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ സഭയുടെ ശുശ്രൂഷകള്‍ പുരോഹിതകേന്ദ്രീകൃതമാണ്. യുവജന ചാപ്ലിന്മാര്‍ അഥവാ ആനിമേറ്റര്‍മാരുടെ കീഴിലായിട്ടാണ് യുവജനപ്രേഷിതത്വം ഇപ്പോള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അപ്പസ്തോലിക കാലത്തെ വരങ്ങളും ദാനങ്ങളും സഭ വീണ്ടും തിരിച്ചറിയേണ്ടതുണ്ട്. ആദിമസഭയില്‍ വിധവകള്‍ക്കു ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോള്‍, അപ്പസ്തോലന്മാര്‍ ഏഴു പേരെ അതിനായി നിയോഗിച്ചു. സഭയിലെ ആദ്യഡീക്കന്മാരെ ഏല്‍പിച്ചത് സാമൂഹ്യസേവനമാണ് എന്നര്‍ത്ഥം. അന്നു സാമൂഹ്യസേവനത്തിനു വേണ്ടി നിയോഗിക്കപ്പെട്ട ഡീക്കന്മാരുടെ ശുശ്രൂഷ പിന്നീട് ആരാധനക്രമത്തിന്‍റേതായ തലത്തിലേയ്ക്കു ചുരുങ്ങി. ഇന്നും അതങ്ങനെ നില്‍ക്കുകയാണ്. ഇതില്‍നിന്നു ഭിന്നമായി സഭയിലെ വിവിധ ശുശ്രൂഷാമേഖലകളിലേയ്ക്ക് വിവിധ വരങ്ങളും ദാനങ്ങളുമുള്ള ശുശ്രൂഷകരെ നിയോഗിക്കേണ്ട സമയമായിരിക്കുകയാണിപ്പോള്‍. “ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്മാരേയും രണ്ടാമത് പ്രവാചകരേയും മൂന്നാമത് പ്രബോധകരേയും തുടര്‍ന്ന് അത്ഭുത പ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരേയും നിയമിച്ചിരിക്കുന്നു” (1 കോറി 12:28). സഭയാണ് വിശ്വാസികള്‍ക്കിടയിലെ ഈ വരങ്ങള്‍ തിരിച്ചറിയേണ്ടതും തദനുസൃതമായ ശുശ്രൂഷകള്‍ക്കായി അവരെ അഭിഷേകം ചെയ്തു സഭയില്‍ നിയോഗിക്കേണ്ടതും. അദ്ധ്യാപനം, കൗണ്‍സലിംഗ്, രോഗസൗഖ്യം, കാരുണ്യപ്രവര്‍ത്തനം, ഭരണം തുടങ്ങിയ വരങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ചുള്ള ശുശ്രൂഷാമേഖലകള്‍ ഏര്‍പ്പെടുത്തുകയും വേണം. അവയെ വെറും ഉദ്യോഗങ്ങളായി കാണാതെ സഭയുടെയും സമൂഹത്തിന്‍റെയും നിര്‍മ്മാണത്തിനായി വിശ്വാസികള്‍ക്കു പരിശുദ്ധാത്മാവ് നല്‍കുന്ന വരങ്ങളായി അംഗീകരിക്കണം.

ആവശ്യമായ പരിശീലനം നേടിയ ഈ അസാധാരണ ശുശ്രൂഷകര്‍, യുവജനങ്ങളെ അനുധാവനം ചെയ്യുന്നതിനു സഭയ്ക്കു വളരെ സഹായകമായിത്തീരും. ആത്മീയ പിതാക്കന്മാര്‍ക്കും മാതാക്കള്‍ക്കും പുറമെ വൈവിധ്യപൂര്‍ണമായ ഈ ശുശ്രൂഷകരില്‍നിന്നു തങ്ങളുടെ മാര്‍ഗദര്‍ശകരെ കണ്ടെത്താന്‍ യുവജനങ്ങള്‍ക്കു കഴിയുകയും ചെയ്യും. സഭയിലെ ഈ വിവിധ ശുശ്രൂഷാ മേഖലകളുടെ സഹായത്തോടെ സ്വന്തം വരങ്ങളും വിളികളും വിവേചിച്ചറിയാന്‍ യുവജനങ്ങള്‍ക്കു സാധിക്കും. തുടര്‍ന്ന് സഭയിലെ ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ ഈ ശുശ്രൂഷാമേഖലകളിലേതെങ്കിലും ഏറ്റെടുക്കാനും അവര്‍ക്കു സാധിക്കും. പുനരുജ്ജീവിക്കപ്പെട്ട ഒരു സഭയുണ്ടാകുകയായിരിക്കും ഇതിന്‍റെ ഫലം. കേരളത്തില്‍ ദുരന്തംവിതച്ച പ്രളയത്തിന്‍റെ സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ട് സഹായങ്ങളെത്തിക്കുവാന്‍ തങ്ങളുടെ പ്രായത്തിലുള്ളവരെ സംഘടിപ്പിക്കുവാന്‍ കേരളത്തിലെ യുവജനങ്ങള്‍ ചെയ്ത വിസ്മയകരമായ പ്രവര്‍ത്തനങ്ങളിലേയ്ക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണു ഞാന്‍. ആദിമസഭയ്ക്കു ഭക്ഷണവിതരണത്തിനായി ഡീക്കന്മാരെ അഭിഷേകം ചെയ്യാന്‍ സാധിച്ചെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ വരങ്ങളും ദാനങ്ങളുമുള്ള ശുശ്രൂഷകരെ അനുയോജ്യരംഗങ്ങളില്‍ ഇന്നത്തെ സഭയ്ക്കും നിയോഗിച്ചുകൂടെ? നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹവും അനുകമ്പയും പരത്തുന്ന പ്രതിബദ്ധതയുള്ള കത്തോലിക്കരുടെ ഒരു പുതിയ തലമുറയ്ക്കുള്ള പ്രേരകശക്തിയാകാന്‍ ഈ പുതിയ ശുശ്രൂഷകര്‍ക്കു സാധിക്കും.

Leave a Comment

*
*