ഹൃദയാര്‍ദ്രതയില്‍ വിരിയുന്ന സ്ത്രൈണാത്മീയത

ഹൃദയാര്‍ദ്രതയില്‍ വിരിയുന്ന സ്ത്രൈണാത്മീയത

സി. ലിസ സേവ്യര്‍ എഫ്.സി.സി.

ദൈവം തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ഒടുവില്‍ ഏറെ സമയമെടുത്ത് രൂപംകൊടുത്തതാണ് സ്ത്രീജന്മം. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യനെ ദൈവം പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ മനുഷ്യരില്‍ ദൈവികത്വത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. പുരുഷന്‍റെ വാരിയെല്ലില്‍ നിന്നും സ്ത്രീയെ സൃഷ്ടിച്ചുവെന്നു പറയുന്ന വചനഭാഗത്തിലും സ്ത്രീയെ സൃഷ്ടിച്ച വാരിയെല്ലിന്‍റെ സ്ഥാനം മനുഷ്യശരീരത്തിന്‍റെ ഒത്ത നടുക്കാണെന്നതും സമത്വത്തെ സൂചിപ്പിക്കുന്നു. വാരിയെല്ലാണ് മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കുന്നത്. അതുപോലെ സ്ത്രീയാണ് ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരി. ദൈവികപദ്ധതിയില്‍ സ്ത്രീക്കുള്ള സ്ഥാനം മഹനീയമാണെന്ന് ബൈബിള്‍ ഉടനീളം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സ്ത്രീത്വത്തിലെ ദൈവാവിഷ്കാരമെന്ന ചിന്ത ഉല്പത്തിയോളം പഴക്കമുള്ളതാണ്. 'തന്‍റെ ഛായയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു, സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു' എന്ന വചന ഭാഗങ്ങള്‍തന്നെ മേല്‍പറഞ്ഞ പ്രസ്താവനയെ സാധൂകരിക്കുന്നു. ഈ തിരുവചനങ്ങള്‍ തന്നെ ദൈവത്തിന്‍റെ ഛായ പുരുഷനില്‍ മാത്രമാണെന്ന പാരമ്പര്യ വാദികളുടെ സൈദ്ധാന്തിക മാനങ്ങള്‍ക്കു നേര്‍വിപരീതമാണ്. വാസ്തവത്തില്‍, ദൈവഛായ പുരുഷനിലും സ്ത്രീയിലും തുല്യമായി ഉള്‍ച്ചേരുന്നുവെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാകുന്നത്. ബൈബിളിലുടനീളം കണ്ണിമചിമ്മാതെ കാത്തിരിക്കുന്ന അമ്മക്കണ്ണുള്ള ദൈവത്തിന്‍റെ ഭാവം സ്ത്രീത്വത്തിന്‍റെ ഉള്ളറകളിലെ ആര്‍ദ്രതയിലേക്ക് കനിഞ്ഞിറങ്ങുന്ന മഴതുള്ളികളാണ്. അവളുടെ ആത്മീയ ആഭിമുഖ്യങ്ങള്‍ക്ക് ഏതു പ്രതികൂല സാഹചര്യങ്ങളിലും പൂക്കാം, തളിരിടാം, ഫലം ചൂടാം. 'മറ്റുള്ളവരെല്ലാം എന്നെ അവര്‍ക്കായി നോക്കിയപ്പോള്‍ യേശു മാത്രം എന്നെ എനിക്കായി നോക്കി' എന്ന വാക്കുകള്‍ ഖലില്‍ ജിബ്രാന്‍റെ മറിയത്തില്‍ സംഭവ്യമാകുന്ന ആത്മീയതയുടെ ചുവരെഴുത്താണ്.

ഓരോ സ്ത്രീയുടെയും ജന്മം ദൈവത്തിന്‍റെ പ്രത്യേകമായ വിളി സ്വീകരിച്ച് അമരത്വത്തിന്‍റെ അമൃതായി, മനുഷ്യത്വത്തിന്‍റെ സത്തായി, മാനവികതയുടെ സാകല്യമായ്, സൗഹൃദത്തിന്‍റെ സുകൃതമായ് ജീവിക്കാനാണ്. സ്ത്രൈണതയുടെ ആത്മീയത തളിര്‍ക്കുന്നതും പൂവിടുന്നതും മനുഷ്യത്വത്തിന്‍റെ വളക്കൂറുള്ള ആര്‍ദ്രതയിലാണ്. അതെ സമയം ദൗത്യപൂര്‍ത്തീകരണത്തിനായി സ്ത്രീ വിപ്ലവകാരിയായും, ചങ്കൂറ്റമുള്ളവളായും ചിത്രീകരിക്കപ്പെടുന്നത് വിശ്വസാഹിത്യത്തില്‍ തന്നെ ഏറ്റവും ഉദാത്തമായ ബൈബിളിലാണ്. ബൈബിളിന്‍റെ താളുകളില്‍ തെളിയുന്ന സ്ത്രീത്വത്തിന്‍റെ ഭാവങ്ങള്‍ കേവലം ജൈവശാസ്ത്രപരമോ, ലിംഗ ഭേദപരമോ അല്ല. അത് പുണ്യത്തിന്‍റെ ആന്തോളനങ്ങളില്‍ നിന്നും വിപ്ലവത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തുന്ന ജീവിത കര്‍മത്തിന്‍റെ കനല്‍പ്പാതകളാണ്. അനുഭവത്തിന്‍റെ നീര്‍ച്ചോലകളും തീച്ചൂളകളും സ്ത്രീയുടെ ജീവിതത്തിന്‍റെ നാള്‍വഴികളില്‍ കൂട്ടിച്ചേര്‍ത്ത് അവളെ സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന വചനങ്ങള്‍ വായനക്കാരന്‍റെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയും ജീവിതങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യാന്‍ ശക്തിയുള്ളതാണ്.

യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ നിന്നാരംഭിക്കുന്ന മത്തായിയുടെ സുവിശേഷം വായിക്കുമ്പോള്‍ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ച് യാഥാസ്ഥിതിക മനോഭാവത്തോടെ ചിന്തിക്കുന്നവര്‍ നെറ്റിചുളിക്കും. പുരുഷന്മാര്‍ക്ക് മാത്രം സ്ഥാനം നല്കുന്ന, സ്ത്രീകളെ സമൂഹത്തിന്‍റെ താഴെ തട്ടില്‍ നിര്‍ത്തുന്ന യഹൂദ സംസ്കാരത്തിലുള്ളവരോട് യേശുവിന്‍റെ വംശാവലിയില്‍ 5 സ്ത്രീകളുടെ കാര്യം പറയുന്നുണ്ട്.

വംശാവലിയില്‍ അവസാനം നല്കിയിരിക്കുന്ന പേര് ഏറ്റവും പരിശുദ്ധയായ കന്യകാമറിയത്തിന്‍റെതാണ്. ഇവളിലാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സംഗമിക്കുന്നത്. അവളിലാണ് മനുഷ്യത്വവും ദൈവികത്വവും സമഞ്ജസമായി കൂടി ചേര്‍ന്നത്. അവളുടെ ഊര്‍വരത മനുഷ്യകുലത്തിന് ദൈവത്തിന്‍റെ വരദാനമായി മാറി. ദൈവജനത്തിന്‍റെ ചരിത്രത്തില്‍ മേരിയെ പോലെ വിപ്ലവാത്മകമായ മറ്റൊരു വ്യക്തിത്വത്തെ കാണുവാന്‍ നമുക്കാവില്ല. മാനവചരിത്രത്തെ രണ്ടായി പിളര്‍ക്കാന്‍ കെല്പുള്ള വാക്കുകളാണ് അവള്‍ ദൈവദൂതനോടു പറഞ്ഞത്, "നിന്‍റെ വചനം എന്നില്‍ നിറവേറട്ടെ." ആത്മാവിന്‍റെ ചൈതന്യം നിറഞ്ഞു തുളുമ്പിനിന്ന ആ വാക്കുകള്‍ ദൈവസ്നേഹത്തിന്‍റെ മന്ദമാരുതനും മാനസാന്തരത്തിന്‍റെ കൊടുങ്കാറ്റും ആവാഹിച്ചവയായിരുന്നു. മറിയത്തിന്‍റെ മറുപടിയില്‍ ഇന്നുവരെ ശാസ്ത്രത്തിനു പോലും പിടിയില്ലാത്തവിധം മനുഷ്യപുത്രന്‍റെ ജന്മം സാധ്യമാക്കി. ഗാഢമായ ധ്യാനവും സാന്ദ്രമായ മൗനവും കൊണ്ട് എല്ലാ സഹനവഴികളെയും വിശ്വാസമെന്ന അരിപ്പയിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുന്ന സാഹസികത വഴി ലോകത്തിന്‍റെ സഹരക്ഷകയാകാന്‍ മറിയം പ്രാപ്തയായി. ഉപാധികളില്ലാതെ ജീവിതത്തിന്‍റെ കയ്പും മധുരവും അതേപടി സ്വീകരിക്കാനും സ്നേഹിക്കാനും ഒരാളെ ബലപ്പെടുത്തുന്ന ഘടകമായി സ്ത്രൈണതയുടെ ഈ ഉത്കൃഷ്ടമാനം മറിയത്തില്‍ സാക്ഷാത്കൃതമായി.

ചോരയ്ക്കു പകരം ചോരയൊഴുക്കുന്ന ഖഡ്ഗത്തിന്‍റെ ശീല്‍ക്കാരങ്ങളെ ഭയപ്പെടാതെ ചാക്കുടുത്ത് ചാരം പൂശിയ താപസവഴികളിലൂടെ യുക്തിക്ക് അതീതമായ ദൈവികവെളിപ്പെടുത്തലുകളെ ആയുധമാക്കിയ ധീരവനിതയായിരുന്നു യൂദിത്ത്. അതിസാഹസികമായി ശത്രുവിനെ ഗളച്ഛേദം ചെയ്ത് ബത്തൂലിയായുടെ രക്ഷകയായി മാറിയ ഒരു വിധവയുടെ ആത്മധൈര്യവും തീക്ഷ് ണതയും യൂദിത്തിനെ ചരിത്രത്തിന്‍റെ വിപ്ലവവനിതകളുടെ പട്ടികയില്‍ ചേര്‍ത്തുവച്ചു. വൈധവ്യ ത്തിന്‍റെ വേപഥുകള്‍ക്കപ്പുറം ദൈവീകപദ്ധതിയുടെ വാളും പരിചയും കൊണ്ട് അവള്‍ തന്‍റെ ജനത്തിന്‍റെ പേടിസ്വപ്നമായിരുന്ന ഭയത്തെ വലിച്ചുകീറി. ഇന്നും ജീവിതത്തിന്‍റെ നാല്ക്കവലകളില്‍ ജീവനെ മാനിക്കാത്ത നരാധമന്മാരുടെ കുത്സിതതന്ത്രങ്ങളില്‍ മനുഷ്യത്വം നഷ്ടപ്പെടുമ്പോള്‍ താപസ്സികതയുടെ ഉള്‍ക്കാമ്പ് നിറഞ്ഞ വിപ്ലവാത്മകമായ കര്‍മ്മപദ്ധതികള്‍ കൊണ്ട് വീണ്ടെടുക്കുന്ന യൂദിത്തുമാരുണ്ടാകണം.

വീടിന്‍റെ നാല് ചുവര്‍ക്കെട്ടുകള്‍ക്കിടയില്‍ ഒതുങ്ങാതെ പ്രവാചക ധീരതയോടെ ജീവിതത്തിന്‍റെ വെല്ലുവിളികളെ ചെറുത്തു തോല്പിച്ച ദബോറയും, ഹന്നയുമൊക്കെ ബൈബിള്‍ താളുകളില്‍ ആത്മീയതയുടെ ചായം ചേര്‍ക്കുന്നുണ്ട്. അന്നും ഇന്നും മാറ്റത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിക്കാന്‍ സ്ത്രീകള്‍ക്കാവും എന്നതിന്‍റെ തെ ളിവുകളാണിവരൊക്കെ.

ഒരു വാഗ്ദാനത്തിന്‍റെ പിന്‍ബലമോ സുരക്ഷിതത്വത്തിന്‍റെ ചുറ്റു പാടുകളോ ഇല്ലാതെ അര്‍ഹതയുള്ള ആഹ്ലാദങ്ങള്‍പോലും വേണ്ടെന്നുവച്ച് ഇറങ്ങിത്തിരിച്ച റൂത്തിന്‍റെ വിശ്വാസത്തിലൂന്നിയ എടുത്തുച്ചാട്ടം വിശ്വാസികളുടെ പിതാവായ അബ്രാഹത്തിനും മേലെയാണെന്നു പോലും പറയാം.

സുകൃതസുമങ്ങളായ പുണ്യ സ്ത്രീകളുടെ സ്നേഹാഗ്നിയില്‍ എരിയുന്ന ജീവിതകഥനങ്ങള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. യേശുക്രിസ്തു ഒറ്റപ്പെടലിന്‍റെ വേദനയനുഭവിക്കുന്നതിനു മുമ്പ് സ്നേഹത്തിന്‍റെ ധാരാളിത്തമായ തൈലാഭിഷേകത്തിലൂടെ ഹൃദയം കൊണ്ട് സ്നേഹിച്ചവള്‍ എന്ന പരിവേഷം നല്കപ്പെട്ട മറിയം മഗ്ദലേനയുടെ ജീവിത സുഗന്ധത്തിലൂടെ ബൈബിളിനെ സ്ത്രീപക്ഷത്തു ചേര്‍ത്തു പിടിക്കുന്നു. അവള്‍ക്ക് ആത്മീയത ഭക്തിയുടെ നിറംമങ്ങിയ കാഴ്ചയായിരുന്നില്ല. യേശുവിന്‍റെ പ്രാഭവം കണ്ട് അവള്‍ പകച്ചു നില്‍ക്കുകയും ചെയ്തില്ല. വിപ്ലവകരമായ സ്നേഹത്തിന്‍റെ മന്ത്രധ്വനിയില്‍ അവള്‍ ആമഗ്നയായി. ദൈവസ്നേഹത്തിന്‍റെ അതിവിശുദ്ധ പാദങ്ങളെ ആഞ്ഞുപുല്‍കാന്‍ വെല്ലുവിളികളെ ധീരതയോടെ അതിജീവിച്ച് 'നല്ല ഭാഗം' തിരഞ്ഞെടുത്ത മറിയത്തിന്‍റെ ചുവടുവയ്പ്പുകള്‍ക്ക് യേശു നല്കിയ അംഗീകാരമായിരുന്നു 'ലോകത്തില്‍ എവിടെയെല്ലാം സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യങ്ങളും പ്രഘോഷിക്കപ്പെടും' എന്ന പ്രഖ്യാപനം. നിഷ്ക്കളങ്കന്‍ സഹിക്കുന്നതു കണ്ടിട്ട് കടന്നുപോകാന്‍ സ്ത്രീക്കു സാധിക്കില്ല. അപരന്‍റെ ദുഃഖങ്ങള്‍ ആദ്യം കണ്ടറിയുന്ന മാതൃഹൃദയമാണ് അവളുടെ കൈമുതല്‍. അതിനാലാണ് ക്രൂശിതന്‍റെ വാടിതളര്‍ന്ന മുഖം തുടച്ച് ധീരയായ വേറോനിക്ക തന്‍റെ തുവാലയില്‍ നീതി സൂര്യന്‍റെ മുഖചിത്രം കൂട്ടിച്ചേര്‍ത്തത്. അപരിമേയ സ്നേഹത്തിന്‍റെ വറ്റാത്ത ദാഹമുള്ള സ്ത്രീകള്‍ ഇന്നും മറ്റുള്ളവരുടെ ദുഃഖങ്ങളെയും കഷ്ടതകളെയും തങ്ങളുടെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു. അവരുടെ ഹരിത സാന്നിധ്യമാണ് കുടുംബങ്ങളിലും സമൂഹത്തിലും ലോകത്തിലും അനുകമ്പയുടെ പൊന്‍പ്രഭ തൂകി നില്‍ക്കുന്നത്.

ബുദ്ധിയുടെ ശിരോസിദ്ധി ഫലപ്രദമാകാത്തിടത്ത് ഹൃദയം കൊണ്ട് ക്രിസ്തുവിനെ അറിഞ്ഞ സീറോ-ഫിനീഷ്യന്‍ സ്ത്രീ, സൗഖ്യം ലഭിച്ച ഉടനെ പരിചരണമെന്ന ക്രിസ്തുശിഷ്യത്വത്തിന്‍റെ പര്യായമായി മാറിയ പത്രോസിന്‍റെ അമ്മായിയമ്മ, ക്രിസ്തുവിന്‍റെ വിചാരണവേളയില്‍ ക്രിസ്തുശിഷ്യത്വം മറനീക്കി പുറത്തു വന്ന ക്ലോഡിയ, സമൃദ്ധിയുടെ ഒമ്പത് നാണയത്തേക്കാള്‍ വീണ്ടെടുപ്പില്‍ വിരുന്നൊരുക്കുന്ന സ്ത്രീ, നീതിരഹിതനായ ന്യായാധിപനെ തന്‍റെ നിരന്തരമായ അപേക്ഷയിലൂടെ "നീതിമാന്‍" എന്ന പദവിക്ക് അര്‍ഹനാക്കുന്ന വിധവ, ദുഷ്ടനായ തന്‍റെ ഭര്‍ത്താവിന്‍റെ അകൃത്യങ്ങള്‍ക്ക് പരിഹാരക്രിയകള്‍ അനുഷ്ഠിക്കുന്ന പഴയ നിയമത്തിലെ അബിഗായല്‍, രണ്ട് ചെമ്പ് തുട്ടിനെ ദൈവാശ്രയത്തിന്‍റെ വൈഢൂര്യമാക്കി തീര്‍ത്ത വിധവ, ശരീര വിശുദ്ധിയുടെ നേര്‍ക്കാഴ്ചകള്‍ കൊണ്ട് കപടമാന്യതയെ ഉച്ചാടനം ചെയ്ത സൂസന്ന, രാജാധികാരത്തെ വാക്കുകളുടെ ഓജസ്സു കൊണ്ട് സ്വജനതയുടെ രക്ഷയ്ക്കുള്ള ചെങ്കോലാക്കി മാറ്റിയ എസ്തേര്‍ തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തിലും സ്ത്രീത്വാത്മീയതയുടെ പ്രകാശ ഗോപുരങ്ങളായി നില്‍ക്കുന്നു.

ബൈബിള്‍ വ്യക്തമാക്കുന്നതുപോലെ താപസ്സികതയിലും പ്രാര്‍ത്ഥനയിലും കരുപിടിപ്പിച്ച സ്ത്രീ ജന്മങ്ങള്‍ ഒരിക്കലും സ്വയം നഷ്ടമാക്കില്ല. സ്വന്തം നില നില്പല്ല അവളുടെ ലക്ഷ്യം. അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഉരൂകിത്തീരുന്നവളാണ്. അമ്മ ജീവിക്കുന്നത് കുഞ്ഞിനുവേണ്ടിയാണ്. ക്രിസ്തുവിനു സ്വയാര്‍പ്പണം ചെയ്ത സ്ത്രീകള്‍ അപരരുടെ രക്ഷയ്ക്കുവേണ്ടി ശുശ്രൂഷയിലൂടെ സ്വയം കത്തിയെരിയുന്നവരാണ്. ദൈവസ്നേഹത്തിന്‍റെ പേരില്‍ സ്വന്തം അവകാശങ്ങള്‍ പോലും അടിയറ വെച്ച സ്ത്രീകളുടെ ആത്മീയത നടുറോഡിലെ വിപ്ലവാത്മകതയല്ല, നിണവഴികളിലെ സ്നേഹസാന്നിധ്യമായിരിക്കണം. ചെറുപുഞ്ചിരി കൊണ്ടും സ്നേഹസാമിപ്യംകൊണ്ടും വാടിയ മനസ്സുകളിലും മുറിഞ്ഞ ഹൃദയങ്ങളിലും സ്നേഹത്തിന്‍റെ വസന്തകാലം തീര്‍ക്കുമ്പോള്‍ ക്രിസ്തു വിശേഷിപ്പിച്ചപോലെ സ്നേഹത്തിന്‍റെ സാക്ഷിപത്രമായി അവള്‍ മാറുന്നു. പിടക്കോഴി കുഞ്ഞുങ്ങളെ തന്‍റെ ചിറകിന്‍റെ കീഴില്‍ സൂക്ഷിക്കുന്നതു പോലെയുള്ള ദൈവസ്നേഹത്തിന്‍റെ സംരക്ഷണ വലയം സംഘര്‍ഷപൂരിതമായ ആധുനിക ലോകത്തിനേകാന്‍ സ്ത്രൈണ ആത്മീയതയില്‍ കിനിയുന്ന ചിന്തകള്‍ക്കും ഹൃദയാര്‍ദ്രതയില്‍ വിരിയുന്ന പ്രവര്‍ത്തികള്‍ക്കുമേ സാധ്യമാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org