വി. അല്‍ഫോന്‍സാമ്മ: ഭരണങ്ങാനത്തിന്‍റെ സഹനപുഷ്പം, ഭാരതസഭയുടെ സൗരഭ്യം

വി. അല്‍ഫോന്‍സാമ്മ:  ഭരണങ്ങാനത്തിന്‍റെ സഹനപുഷ്പം, ഭാരതസഭയുടെ സൗരഭ്യം

ഫാ. ജോസ് വള്ളോംപുരയിടം,
റെക്ടര്‍, വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥകേന്ദ്രം,
ഭരണങ്ങാനം

കുട്ടികളാണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അല്‍ഫോന്‍സാമ്മയുടെ അടുത്തു പ്രാര്‍ത്ഥനാസഹായം തേടി ധാരാളം കുട്ടികള്‍ ചെല്ലുമായിരുന്നു. മരിച്ചതിനു ശേഷം കബറിടത്തില്‍ പൂക്കള്‍ വയ്ക്കാനും പ്രാര്‍ത്ഥിക്കാനും വന്നുകൊണ്ടിരുന്നതും അക്കാലത്തെ കുട്ടികളാണ്. കുട്ടികള്‍ക്ക് അല്‍ഫോന്‍സാമ്മയോടുള്ള സ്നേഹവും ഭക്തിയും ഇപ്പോഴും തുടരുന്നു. മാതാപിതാക്കള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു.

റെക്ടറായി ചുമതലയേറ്റ് ഭരണങ്ങാനം തീര്‍ത്ഥകേന്ദ്രത്തില്‍ വന്നപ്പോള്‍ എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് കുട്ടികളെ കാണാന്‍ കഴിയുന്നു എന്നതാണ്. ഇന്നത്തെ കാലത്ത് കുടുംബങ്ങളില്‍ പോയാല്‍ പോലും ഒരുപാടു കുട്ടികളെയൊന്നും കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍, ഇവിടെ പൂമ്പാറ്റകള്‍ പോലെ കുഞ്ഞുങ്ങള്‍ എപ്പോഴും പറന്നു നടക്കുന്നു. ഇത്രമാത്രം കുഞ്ഞുങ്ങളെ കൊണ്ടു വരുന്ന തീര്‍ത്ഥകേന്ദ്രങ്ങള്‍ വേറെയുണ്ടോ എന്നു സംശയമാണ്. ഒരു കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ തന്നെ അഞ്ചെട്ടു കുഞ്ഞുങ്ങളെയെങ്കിലും കബറിടത്തില്‍ കൊണ്ടു വരുന്നതു കാണാന്‍ കഴിയും.

തുടക്കത്തില്‍ കുട്ടികളിലൂടെ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനുണ്ടായ പ്രസിദ്ധി സ്വാഭാവികമായി വളരുകയായിരുന്നു. അതു വര്‍ദ്ധിപ്പിക്കുന്നതിനു കൃത്രിമമായി നാമൊന്നും ചെയ്യുന്നില്ല. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്കാരവേളയില്‍ ഫാ. റോമുളുസ് നെടുഞ്ചാലില്‍ സിഎംഐ നടത്തിയ പ്രസംഗം ഇന്ന് പ്രസിദ്ധമാണ്. പക്ഷേ അദ്ദേഹത്തെ ചരമപ്രസംഗത്തിനായി ആരും ക്ഷണിച്ചുകൊണ്ടു വന്നതല്ല. ദീര്‍ഘകാലം രോഗിയായി കിടന്നതിനാല്‍ അല്‍ഫോന്‍സാമ്മയുടെ മരണത്തിനു വലിയ പ്രാധാന്യം അധികാരികള്‍ കല്‍പിച്ചിരുന്നില്ല. പലരും പ്രതീക്ഷിച്ചിരുന്ന ആ മരണത്തെക്കുറിച്ച് അധികം ആളുകളെയൊന്നും അറിയിക്കുകയും ചെയ്തില്ല. ഒരു കന്യാസ്ത്രീ മരിച്ചതായി ഇതിലേ ബസില്‍ പോകുകയായിരുന്ന റോമുളുസച്ചന്‍ കേട്ടറിഞ്ഞ് ഇവിടെ ഇറങ്ങുകയായിരുന്നു. ആത്മീയഗുരു ആയി അറിയപ്പെട്ടിരുന്ന അച്ചനെ കണ്ടപ്പോള്‍ ചരമപ്രസംഗം നടത്താന്‍ ബന്ധപ്പെട്ടവര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ആ പ്രസംഗത്തില്‍ ഭരണങ്ങാനം ഭാവിയില്‍ ഒരു ലിസ്യൂ ആയിത്തീരുമെന്ന് അച്ചന്‍ പറഞ്ഞു. അതിന്‍റെ സാക്ഷാത്കാരത്തിന് പിന്നീട് നാം സാക്ഷികളാകുകയും ചെ യ്തു.

ഇന്ന് ഭരണങ്ങാനത്തിന്‍റെ പ്രസിദ്ധിയും അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യശേഷിയിലുള്ള വിശ്വാസവും അനുദിനം വര്‍ദ്ധിച്ചു വരികയാണ്. അന്യസംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ഇതു പറയാറുണ്ട്. വിശുദ്ധയായി പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിനു പുറത്തുനിന്നു ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. മുംബൈയില്‍ നിന്നും ലക്നൗവില്‍ നിന്നും ഒക്കെ വന്ന അന്യഭാഷക്കാരായ തീര്‍ത്ഥാടകരെ ഇവിടെ കാണാറുണ്ട്. വടക്കുകിഴക്കനിന്ത്യയില്‍ നിന്നും ധാരാളം പേര്‍ വരുന്നുണ്ട്. ഏറ്റവുമധികം പേര്‍ വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കഴിഞ്ഞ നാളുകളിലൊന്നില്‍ തമിഴ്നാട്ടിലെ ഒരു പള്ളിയില്‍ നിന്ന് ഏഴു ബസുകളിലായി 350 പേരാണ് ഒരുമിച്ചു വന്നത്. അറുപതു ബസുകള്‍ വരെ വന്നു പോകുന്ന ദിവസങ്ങളുണ്ട്. ഇന്ന് ലോകത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന രണ്ടാമത്തെ കബറിടതീര്‍ത്ഥാടനകേന്ദ്രമാണ് കത്തോലിക്കാസഭയില്‍ ഭരണങ്ങാനം. ആദ്യത്തേത് വി. പാദ്രേപിയോയുടേതാണ്.

ഇവിടെ രാവിലെ നാലു മുതല്‍ രാത്രി പതിനൊന്നു വരെ തീര്‍ത്ഥാടകര്‍ക്കു പ്രവേശനമുണ്ട്. എല്ലാ ദിവസവും രാവിലെ എട്ടര മുതല്‍ ഒന്നു വരേയും രണ്ടര മുതല്‍ നാലു വരേയും അഞ്ചു മുതല്‍ ആറു വരേയും കുമ്പസാരമുണ്ട്. ഒമ്പത് അച്ചന്മാര്‍ ഇവിടെയുണ്ട്. പാപസങ്കീര്‍ത്തനത്തിനുള്ള ഒരു വേദിയായി ആളുകള്‍ ഇന്നു ഭരണങ്ങാനത്തെ കാണുന്നു.വളരെയകലെ നിന്നു പോലും ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ കുമ്പസാരം എന്ന ലക്ഷ്യം വച്ചു വരുന്നുണ്ട്.

സഹനപുഷ്പം എഴുന്നള്ളിക്കുകയെന്ന വഴിപാടും ഭക്തര്‍ നിര്‍വഹിക്കുന്നു. മുമ്പ് വി. സെബ്ത്യാനോസുമായി ബന്ധപ്പെട്ട കഴുന്ന് എഴുന്നള്ളിക്കലായിരുന്നു ഇവിടെ നടത്തിയിരുന്നത്. അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടനകേന്ദ്രമെന്ന നിലയില്‍ ഇവിടെ അത് സഹനപുഷ്പത്തിന്‍റെ എഴുന്നള്ളിപ്പായി മാറ്റുകയായിരുന്നു. ഗോതമ്പുമണിയുടെയും മുന്തിരിയുടെയും കുരിശിന്‍റെയും മൂന്നു പുഷ്പങ്ങളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതാണ് എഴുന്നള്ളിക്കപ്പെടുന്ന സഹനപുഷ്പം. ഗോതമ്പുമണിയും മുന്തിരിയും അരഞ്ഞില്ലാതായി അപ്പവും വീഞ്ഞുമാകുന്നതുപോലെ സഹനത്തിലൂടെ തന്‍റെ ജീവിതം ധന്യമാകണമെന്ന അല്‍ഫോന്‍സാമ്മയുടെ ചിന്തയില്‍ നിന്നാണ് ഈ ആശയം നാം സ്വീകരിച്ചത്. അല്‍ഫോന്‍സാമ്മയെ പാഷന്‍ ഫ്ളവര്‍ എന്നു വിളിക്കുകയും ചെയ്തിരുന്നു. നമ്മുടെ ജീവിതത്തിന്‍റെ സഹനങ്ങളെ പുഷ്പങ്ങളായി ദൈവത്തിനു സമര്‍പ്പിക്കുന്നു എന്ന സങ്കല്‍പമാണ് ഇതിലുള്ളത്.

സഹനങ്ങള്‍ ഇല്ലാതാക്കാനല്ല സഹനങ്ങളെ സ്വീകരിച്ച് അതിലൂടെയുള്ള ദൈവാനുഭവം സ്വീകരിക്കാനാണ് അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നത്. അതുകൊണ്ട് അല്‍ഫോന്‍സാമ്മയോടു പ്രാര്‍ത്ഥിച്ചാല്‍ സഹനങ്ങള്‍ കൂടുമെന്നു പറയുന്നവരും ഉണ്ട്. അതേസമയം തന്നെ ധാരാളം സൗഖ്യദാനത്തിന്‍റെ അനുഭവകഥകള്‍ ഇപ്പോഴും ഇവിടെ ആളുകള്‍ വന്നു പറയുന്നുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ ധാരാളം അനുഭവങ്ങള്‍ തീര്‍ത്ഥാടകര്‍ക്കു ലഭിക്കുന്നു. എല്ലാം രേഖപ്പെടുത്താനോ പരസ്യപ്പെടുത്താനോ നമ്മളിപ്പോള്‍ ഉത്സാഹിക്കാറില്ല.

അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് കാരണമായ അത്ഭുതത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് വ്യക്തിപരമായി എനിക്കേറ്റവും പ്രിയപ്പെട്ട ഒരോര്‍മ്മയാണ്. ഞാന്‍ വികാരിയായി സേവനം ചെയ്തുകൊണ്ടിരുന്ന സമയത്ത് കാപ്പുംതല ഫാത്തിമാപുരം ഇടവകയിലാണ് ആ അത്ഭുതം നടക്കുന്നത്. ഈ ഇടവകാംഗമായിരുന്ന ലിസിയുടെയും കുറുപ്പന്തറ, മണ്ണാറപ്പാറ ഒഴുതൊട്ടിയില്‍ ഷാജി ജോസഫിന്‍റെയും മകനായ ജിനില്‍ ആണ് അന്ന് അല്‍ഫോണ്‍സാമ്മയുടെ മാദ്ധ്യസ്ഥ്യശക്തിയാലുള്ള രോഗശാന്തി പ്രാപിച്ചത്. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കുക എന്നു നിര്‍ദേശിച്ച് കാലിനു വൈകല്യമുണ്ടായിരുന്ന ആ കുഞ്ഞിന്‍റെ കുടുംബത്തെ ഭരണങ്ങാനത്തേയ്ക്കു പറഞ്ഞയച്ചതു ഞാനാണ്. കുഞ്ഞിന് രോഗസൗഖ്യം ലഭിക്കുകയും ചെയ്തു.

ആ അത്ഭുതത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി സഭയുടെ കോടതി എന്നെയും വിസ്തരിച്ചു. വിചാരണയുടെ കാര്യം പറഞ്ഞപ്പോള്‍ എനിക്കൊരു ധര്‍മ്മസങ്കടമുണ്ടായി. ഈ കുഞ്ഞിന്‍റെ കാല് എപ്പോഴും പ്ലാസ്റ്ററിട്ട രൂപത്തിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. വൈകല്യമുള്ള അവസ്ഥ നേരിട്ടു കണ്ടിട്ടില്ല. അതേക്കുറിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പറഞ്ഞ വിവരമാണ് എനിക്കുള്ളത്. വിചാരണവേളയില്‍ വൈകല്യത്തിന്‍റെ കാര്യം മാതാപിതാക്കളെ മാത്രം ഉദ്ധരിച്ചു പറയുന്നതില്‍ ഒരു മനസാക്ഷിപ്രശ്നം എനിക്കു തോന്നിത്തുടങ്ങി. കാണാത്ത കാര്യം കണ്ടെന്ന് എങ്ങനെ പറയും? ഏതായാലും ഈ അന്വേഷണം സംബന്ധിച്ച ഏതാനും രേഖകള്‍ ആ കുഞ്ഞിന്‍റെ അപ്പാപ്പനെ കാണിച്ച്, തീയതികളും മറ്റും ഉറപ്പാക്കുന്നതിനു വേണ്ടി ഞാന്‍ ഒരു ദിവസം ബൈക്കില്‍ പോകുകയായിരുന്നു. ഒരു കയറ്റത്തു വച്ച് ബൈക്ക് നിന്നു പോയി. ഞാന്‍ അടുത്തു കണ്ട വീട്ടില്‍ കയറി. മഴ തുടങ്ങിയതിനാല്‍ കുറെ നേരം അവിടെ സംസാരിച്ചിരിക്കേണ്ടതായി വന്നു. അപ്പോള്‍ ആ വീട്ടിലെ സ്ത്രീ ഈ അത്ഭുഹത്തെക്കുറിച്ച് സംസാരിക്കാനിടയായി. ആ കുഞ്ഞിന്‍റെ കാലു വികലമായും വ്രണമായും ഇരുന്നതാണ്, ഇപ്പോള്‍ സുഖപ്പെട്ടത് വലിയ അതിശയമായിരിക്കുന്നു എന്നവര്‍ പറഞ്ഞു. ചേടത്തി കണ്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് എന്നായിരുന്നു അവരുടെ മറുപടി. അവര്‍ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍ ചെറിയ തോതില്‍ ചെയ്യുന്നയാളാണ്. പ്ലാസ്റ്ററില്ലാത്ത കാലുമായി ചികിത്സ തേടി ആ കുഞ്ഞിനെ പലപ്പോഴും ഇവരുടെ അടുത്ത് കൊണ്ടുവന്നിട്ടുണ്ട്. അവരുടെ മകന്‍ ഒരു വെറ്റിനറി ഡോക്ടറാണ്. പില്‍ക്കാലത്ത് ചികിത്സ നടക്കുന്ന കാലത്ത്, കുഞ്ഞ് വല്ലാതെ കരയുമ്പോള്‍ പലപ്പോഴും പ്ലാസ്റ്റര്‍ പൊട്ടിച്ചു കളയാന്‍ മകന്‍റെ സഹായം തേടിയും ആ കുഞ്ഞിനെ ഇവരുടെ വീട്ടില്‍ കൊണ്ടു വന്നിട്ടുണ്ട്. അങ്ങനെയെല്ലാം പ്ലാസ്റ്ററിടാതെ ആ കാലിന്‍റെ വൈകല്യം പല പ്രാവശ്യം അവര്‍ കണ്ടിട്ടുള്ളതാണ്. അപ്രകാരം മാതാപിതാക്കളുടേതല്ലാതെ ഒരു സാക്ഷ്യം അപ്രതീക്ഷിതമായി എനിക്കു ലഭിച്ചു. അത് എന്നെ ഒരു ധര്‍മ്മസങ്കടത്തില്‍ നിന്നു മുക്തനാക്കുകയും ചെയ്തു.

വികാരിയെന്ന നിലയില്‍ ഏതൊരു വൈദികനും ചെയ്യുന്നതേ ഇക്കാര്യത്തില്‍ ഞാനും ചെയ്തുളളൂ. രോഗം ബാധിച്ചു നിരാശയിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കുകയും അടുത്തുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പക്ഷേ എന്‍റെ വാക്കുകള്‍ കേട്ട കുടുംബത്തെ പരിഗണിച്ച് അവര്‍ക്കു ദൈവം സൗഖ്യം കൊടുത്തുവെന്നു കേട്ടപ്പോള്‍ ദൈവം എന്നോടു ചേര്‍ന്നു നിന്നതു പോലെ എനിക്കു തോന്നി. ഈ അത്ഭുതം സംഭവിച്ചു എന്നു കേട്ടപ്പോള്‍ എന്തു തോന്നി എന്ന് കോടതിയില്‍ വച്ച് എന്നോടു ചോദിച്ചു. എനിക്കു ഭയമായി എന്നായിരുന്നു എന്‍റെ മറുപടി. സന്തോഷമെന്നു കേള്‍ക്കാനായിരിക്കണം അവരാഗ്രഹിച്ചത്. അതിനെ കുറിച്ചു വിശദീകരണമാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, "ഇതു വേറെയാര്‍ക്കെങ്കിലും മനസ്സിലാകുമോ എന്നെനിക്കറിയില്ല. ഞാന്‍ ചെയ്യുന്ന കുഞ്ഞുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന, കണ്ടുകൊണ്ടിരിക്കുന്ന ഒരു ദൈവമാണ് എന്‍റെ ദൈവമെന്നറിയുമ്പോള്‍, എന്‍റെ ജീവിതത്തെ മുഴുവന്‍ ദൈവം കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ എന്‍റെ അവസ്ഥയെന്താണ്? നാം രഹസ്യമായി ചെയ്യുന്നതും ദൈവം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു ദൈവത്തിനൊപ്പമാണു ഞാന്‍ ജീവിക്കുന്നത് എന്നു ബോദ്ധ്യമായപ്പോള്‍ എനിക്കു ഭയമുണ്ടായി." ആ ഭയം ഇന്നും എനിക്കൊപ്പമുണ്ട്.

മുണ്ടാങ്കല്‍ സെ. ഡൊമിനിക്സ് പള്ളി ഇടവകാംഗമായ ഞാന്‍ 1978 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ കത്തീഡ്രലില്‍ അസി. വികാരിയായി. അക്കാലത്ത് അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയും അത്ഭുതങ്ങളും പരിശോധിക്കുന്നതിനുള്ള ആദ്യത്തെ നാമകരണ കോടതിയില്‍ നോട്ടറിയായി അഭിവന്ദ്യ വയലില്‍ പിതാവ് എന്നെ നിയമിച്ചു. പിന്നീട് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനൊരുക്കമായി കബറിടം തുറന്ന സന്ദര്‍ഭത്തില്‍ അതിന്‍റെയും നോട്ടറിയായി പ്രവര്‍ത്തിച്ചു. ബിഷപ് പള്ളിക്കാപറമ്പില്‍ പിതാവാണ് ആ നിയമനം നടത്തിയത്. ഇപ്പോള്‍ വി. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറായി ബിഷപ് കല്ലറങ്ങാട്ട് എന്നെ നിയോഗിച്ചിരിക്കുന്നു.

എനിക്ക് ഒരു സാധാരണ വൈദികനാകാനുള്ള വിദ്യാഭ്യാസമേ ലഭിച്ചിട്ടുള്ളൂ. അക്കാദമിക്കായി പറഞ്ഞാല്‍ പ്രീഡിഗ്രി യോഗ്യത മാത്രം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളുള്ള എത്രയോ പേരുള്ളപ്പോഴാണ് എന്നെ അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളുടെ ഭാഗമായി നോട്ടറിയായി പിതാവു നിയമിച്ചത്. വിശുദ്ധിയെ കുറിച്ചു പഠനം നടക്കുമ്പോഴും അത്ഭുതത്തെ കുറിച്ചു പഠിക്കുമ്പോഴും കബറിടം തുറന്നപ്പോഴും ഞാനിതിന്‍റെ ഭാഗമായി. ഇപ്പോള്‍ റെക്ടറെന്ന നിലയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു. ആദ്യ നിയമനം മുതല്‍ പിന്നീടിന്നു വരെ നോക്കുമ്പോള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ പരിഗണിക്കപ്പെട്ടതെല്ലാം ദൈവത്തിന്‍റെ നിയോഗമെന്ന നിലയ്ക്കായിരുന്നു, വ്യക്തിപരമായ യോഗ്യതയുടെ പേരിലല്ല. ഈ തിരിച്ചറിവ് ഭരണങ്ങാനത്തെ ദൗത്യനിര്‍വ്വഹണത്തെ സന്തോഷപ്രദമാക്കുന്നുണ്ട്.

(അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org