ആവൃതിയില്‍ നിര്‍വൃതിയുണ്ടോ?

ആവൃതിയില്‍ നിര്‍വൃതിയുണ്ടോ?

ജസ്റ്റിസ് കുര്യന്‍ ജോസഫ് (റിട്ട. സുപ്രിം കോടതി ജഡ്ജി)

കുറച്ചുകാലം മുന്‍പ് ഒരു സന്യാസ ഭവനത്തിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ള തലമുതിര്‍ന്ന അംഗങ്ങളുമായി സംസാരിക്കാന്‍ ഇടയായി. ഞാന്‍ അവരോടു ചോദിച്ചു, ആവൃതിയില്‍ നിര്‍വൃതിയുണ്ടോ? ഉടനെയുള്ള മറുപടി ഇതായിരുന്നു: ആവൃതിയില്‍ പണ്ടുള്ള നിര്‍വൃതി ഇന്നില്ല. അതിനു എന്താണു കാരണം എന്നു ഞാന്‍ ചോദിച്ചു. ആവൃതിയുടെ കുഴപ്പമാണോ അതോ ആവൃതിയിലേക്കു വന്നവരുടെ കുഴപ്പമാണോ? അവരുടെ മറുപടി ചിന്തനീയമായിരുന്നു. ആവൃതിയെക്കുറിച്ചുള്ള സങ്കല്‍പവും ആവൃതിയിലേക്കു വന്നവരുടെ മനോഭാവങ്ങളും രണ്ടും പ്രശ്‌നമാ ണ്. ആവൃതി എന്നതിനെ ആശ്രമബന്ധിയായി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ആ ആവൃതിയിലേക്കു പ്രവേശിച്ചവര്‍ക്കു മാത്രം പ്രത്യേകമായുള്ള സ്ഥലമാണത്. അത് പുറംലോകത്തെ ഉപേക്ഷിച്ച്, തന്നിലുള്ള പുറംലോകത്തെ ശൂന്യമാക്കി അകത്തു വന്നവര്‍ക്കു നിര്‍വൃതി അടയാനുള്ള സ്ഥലമാണ്. വിശുദ്ധരുടെ തിരുനാളുകളില്‍ നാം ആലപിക്കുന്ന ഗാനത്തിലെ മനോഹരമായ ഒരു പ്രയോഗം ഇങ്ങനെയാണ്: ലോകവും അതിലെ ആശകളും ധീരതയാര്‍ന്നു വെടിഞ്ഞവര്‍. ലോകവും അതിന്റെ ആശകളും ധീരതയോടെ വെടിഞ്ഞവര്‍ക്കു മാത്രമേ ആവൃതിക്കകത്തിരിക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയും സമാധാനവും തോന്നുകയുള്ളൂ, ആത്മനിര്‍വൃതി ഉണ്ടാവുകയുള്ളൂ. ആത്മനിര്‍വൃതിയാണ് ആവൃതിയുടെ പ്രധാനഘടകം. അത് ഉണ്ടാകണമെങ്കില്‍ വി. ഫ്രാന്‍സിസ് അസീസി ലോകത്തെ നോക്കി പുച്ഛിച്ചതു പോലെ നമുക്കും ലോകത്തെ നോക്കി പുച്ഛിക്കാന്‍ കഴിയണം. ലോകത്തെ നോക്കി പുച്ഛിക്കാന്‍ കഴിയുന്ന ആര്‍ജ്ജവത്വവും ധൈര്യവും അല്‍ഫോന്‍സാമ്മയ്ക്ക് ഉണ്ടായിരുന്നു. അല്‍ഫോന്‍സാമ്മയുടെ സന്യാസ നിര്‍വൃതിയില്‍ ഉണ്ടായിരുന്ന പ്രധാനഘടകമാണ് പറേസ്യ എന്ന് ഒറ്റവാക്കില്‍ സൂചിപ്പിക്കുന്നത്. പറേസ്യ കര്‍തൃപ്രാര്‍ത്ഥനയിലെ പ്രത്യാശാപൂര്‍ണ്ണമായി ദൈവത്തെ സമീപിക്കാന്‍ ധൈ ര്യപ്പെടുന്ന ഒരു വ്യക്തിയുടെ ആത്മാവിന്റെ അവസ്ഥയാണ്. അതൊരു ശക്തിയാണ്. പൗരസ്ത്യ പാരമ്പര്യങ്ങളിലെല്ലാം ഇതേക്കുറിച്ചു സവിശേഷമായി സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ 1) വളച്ചുകെട്ടില്ലാത്ത ലാളിത്യം 2) പുത്രസഹജമായ ആശ്രയ ബോധം 3) സന്തോഷപൂര്‍വ്വകമായ ഉറപ്പ് 4) എളിമ നിറഞ്ഞ ധീരത 5) സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ്. ഈ അഞ്ചു ഘടകങ്ങളാണ് ഒരര്‍ത്ഥത്തില്‍ ആവൃതിയെ നിര്‍വൃതിയിലേക്കു നയിക്കുന്നത്.

അല്‍ഫോന്‍സാമ്മയുടെ സന്യാസം ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റു സന്യാസസഭയിലാണ്. കാരിസം അതാണ്. ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് എന്നു പറയുമ്പോള്‍ തന്നെ വി. ഫ്രാന്‍സിസ് അസീസിയുടെയും വി. ക്ലാരയുടെയും കാരിസം ഒന്നിച്ചു ചേര്‍ന്നതാണ്. ഈ രണ്ടു പേരുടെയും കാരിസത്തെ സംഗ്രഹിക്കാവുന്നതിങ്ങനെയാണ്: വിനീതനും ദരിദ്രനും ക്രൂശിതനുമായ കര്‍ത്താവിനെ പിന്‍ചെ ല്ലുന്നവര്‍. വിനീതനായ കര്‍ത്താവിനെ പിന്‍ചെല്ലുന്ന വ്യക്തി വിനീതനായിരിക്കണം. ക്രൂശിതനായ കര്‍ത്താവിനെ പിന്‍ചെല്ലുന്നവന്‍ ലോകത്തെ തന്നില്‍ ക്രൂശിച്ചവനായിരിക്കണം. ലോകത്തെ ക്രൂശിച്ചിട്ട് നമുക്കു സന്യാസത്തിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞില്ലാ എന്നുണ്ടെങ്കില്‍ സന്യാസത്തിനകത്ത് നമുക്കു പലതും നേരിടാന്‍ ബുദ്ധിമുട്ടുവരും. കാരണം ഒരിക്കല്‍ ക്രൂശിച്ചു കഴിഞ്ഞാല്‍ അവ നമ്മെ ഭാരപ്പെടുത്തില്ല. ക്രൂശിക്കാതെ വരുമ്പോഴാണ് നമുക്കു അവ ഭാരങ്ങളായി മാറുന്നത്. സന്യാസത്തില്‍ ദരിദ്രന്‍ എന്ന വാക്ക് സാമ്പത്തീക തലത്തില്‍ മനസ്സിലാക്കിയാല്‍ നമുക്ക് ഒട്ടും പിടികിട്ടില്ല. ദരിദ്രന്‍ എന്ന വാക്കിന്റെ ആത്മീയാര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക് നമുക്കു കടക്കാന്‍ സാധിച്ചാല്‍ വളരെ ലളിതമാണ് ദാരിദ്ര്യത്തിന്റെ അവസ്ഥ. ഒന്നിനോടും ഒരു അടുപ്പമില്ലാത്ത അവസ്ഥ. ഒന്നിനെയും സ്വന്തമാക്കാത്തതും ഒന്നും സ്വന്തമായി ഇല്ലാത്തതും – അതു പൂര്‍ണമായ നിസംഗതയാണ്. ഇപ്ര കാരം പൂര്‍ണമായ നിസംഗത ഉണ്ടായാല്‍ മാത്രമേ ദൈവത്തോട് അടുത്തായിരിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്തോട് ഡിറ്റാച്ച്ഡ് ആകാതെ ദൈവത്തോട് അറ്റാച്ച്ഡ് ആയിരിക്കാന്‍ ഒരു സന്യാസിക്ക് സാധിക്കുകയില്ല. ഞാന്‍ മുന്‍പു സൂചിപ്പിച്ച ഭവനത്തിലെ മൂന്നാമത്തെ നിരീക്ഷണം ഇതായിരുന്നു. രണ്ടു വഞ്ചിയില്‍ കാലുകുത്തിയ വിധത്തിലാണ് ഇന്നിപ്പോള്‍ ആവൃതിയില്‍ പലരെയും കാണാന്‍ സാധിക്കുക. രണ്ടു വഞ്ചി എന്നത് ഒന്നു ലോകവും ഒന്ന് ആവൃതിയുമാണ്. ലോകത്തിലാണ് ഒരു കാല്‍, ആവൃതിയിലാണ് രണ്ടാമത്തെ കാല്‍.

തന്നെത്തന്നെ ശൂന്യനാക്കിയ കര്‍ത്താവ് എല്ലാം ഉണ്ടായിട്ടും ദാസന്റെ രൂപം സ്വീകരിച്ചു. ദാസന്റെ വേഷമല്ല കര്‍ത്താവു കെട്ടിയത്. ആ സാദൃശ്യം സ്വീകരിക്കുകയായിരുന്നു. ദാസന്റെ സാദൃശ്യം സ്വ ന്തമാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്ന പുണ്യം സ്വന്തമാക്കാനാവുന്നത്. അതാണു പറേസ്യയില്‍ പറയുന്ന വളച്ചുകെട്ടില്ലാത്ത ലാളിത്യം. നമ്മുടെ ലാളിത്യം പലതുകൊണ്ടും വളച്ചുകെട്ടി യതാണ്. വളച്ചുകെട്ടിയ ലാളിത്യം ലോകം പുച്ഛിക്കുന്ന സന്യാസമായി മാറും. സര്‍വ്വസംഗ പരിത്യാഗി യുടെ വളച്ചുകെട്ടില്ലാത്ത ലാളിത്യം സന്യാസത്തില്‍ കാണാന്‍ കഴിയുമ്പോള്‍ ലോകത്തിനു അതൊരു വെല്ലുവിളിയായി മാറും. ഇന്നു ലോകത്തെ വെല്ലുവിളിക്കുന്ന ഒരു സന്യാസം നമുക്കു കാണിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ടോ എന്നത് ആത്മശോധന ചെയ്യേണ്ടതാണ്, വിശേഷിച്ചും അല്‍ഫോന്‍ സാമ്മയെ നാം അനുസ്മരിക്കുമ്പോള്‍. വളച്ചുകെട്ടില്ലാത്ത ലാളിത്യമുള്ള സന്യാസം ലളിതവും സുന്ദരവും സുതാര്യവുമാണ്. അത് ദൈവത്തിന്റെയും ലോകത്തിന്റെയും മുമ്പില്‍ ഒരേ തുറവിയുള്ള തുമാണ്.

ഇന്നു നാം കാണുന്ന മിക്കതും പുറംപൂച്ചുകളുടെ ലാളിത്യമാണ്. പുറംമോടികളുടെ ലാളിത്യം, അതു വേഷത്തിലാണ്, സാദൃശ്യ ത്തിലല്ല. വേഷത്തിലുള്ള ലാളിത്യമല്ല സാദൃശ്യത്തിലും പ്രകൃതത്തി ലുമുള്ള ലാളിത്യമാണ് അല്‍ഫോന്‍സാമ്മ നമുക്കു കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെ അല്‍ഫോന്‍സാമ്മയ്ക്ക് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ – സന്തോഷ പൂര്‍വ്വകമായ ഉറപ്പിന്റെ മുഖം. പ റേസ്യയില്‍ പറയുന്ന മറ്റൊരു കാര്യമാണ് സന്തോഷപൂര്‍വ്വകമായ ഉറപ്പ്. നിത്യതയിലേക്കുള്ള ഒരു യാത്രയിലാണു താനെന്നും അതിനായി ഒരു പ്രത്യേക വിളി സ്വീകരിച്ചവളാണെന്നും ആ പ്രത്യേക വി ളിയുടെ സ്വഭാവത്തിനനുസരിച്ച് താന്‍ ലോകത്തെ ഉപേക്ഷിച്ചവളാണെന്നും അങ്ങനെ ഉപേക്ഷിച്ച തിന്റെ സന്തോഷമാണു തന്റെ മനസ്സില്‍ നിറഞ്ഞിരിക്കുന്നതെന്നും അങ്ങനെ ഉപേക്ഷിച്ചവളെ സ്വീക രിക്കുന്ന പിതാവിന്റെ സ്‌നേഹമാണു താന്‍ അനുഭവിക്കുന്നതെന്നു മൊക്കെയുള്ള ചിന്ത അല്‍ഫോന്‍ സാമ്മയ്ക്കുണ്ടായിരുന്നു. പുത്രസഹജമായൊരു ആശ്രയബോധത്തോടെ അല്‍ഫോന്‍സാമ്മ ജീവിച്ചു. എന്തുവന്നാലും ആത്യന്തികമായി തന്നെ അറിയുന്ന, സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന, ഉള്‍ക്കൊ ള്ളുന്ന പിതാവ്. ദൈവം മാത്രം മതി, ദൈവത്തെ വിട്ട് ഒന്നും വേണ്ട എന്ന ചിന്ത. ഇത്തരത്തില്‍ പൂര്‍ണ മായ നിസംഗതയും പരിപൂര്‍ണമായ സമര്‍പ്പണവും ഉള്ളിടത്തേ പുത്രസഹജമായ ആശ്രയബോധ വും സന്തോഷപൂര്‍ണ്ണമായ ഉറപ്പും സാധ്യമാകൂ.

സന്തോഷം പൂര്‍ണമാകണമെങ്കില്‍ വിളിയെക്കുറിച്ചു അഭിമാനവും അതിന്റെ സ്വഭാവത്തിനും ഔ ന്ന്യത്യത്തിനും അനുസൃതമായ ഒരു ജീവിതവും നയിക്കണം. അപ്പോള്‍ മാത്രമേ എളിമ നിറഞ്ഞ ധീരത ഉണ്ടാവുകയുള്ളൂ. എളിമ നിറഞ്ഞ ധീരത എന്നത് സന്യാസത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഫ്രാന്‍സിസ്‌ക്കന്‍ കാരിസത്തില്‍ വിനീതമാകുന്ന അവസ്ഥയുണ്ട്. അതു സമ്പൂര്‍ണ്ണമായ അനുസര ണത്തിന്റേതാണ്. താന്‍ ഒന്നും അല്ലാത്തവളും ഒന്നും ഇല്ലാത്തവളും ആണെന്ന തിരിച്ചറിവു കൂടിയാണ ത്. ഈ തിരിച്ചറിവിലാണ് അതി മാത്രം എളിമയില്‍ ജീവിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു സാധിച്ചത്. എളിമയുള്ളിടത്തേ ലാളിത്യവും വിശുദ്ധിയും ഉണ്ടാകൂ. നമ്മുടെ വിശുദ്ധിയുടെ വിലങ്ങുതടി സന്യാസത്തേക്കാള്‍ വലുതാണു സന്യാസി എന്ന ധാരണയാണ്. സന്യാസത്തിന്റെ വേഷമല്ല ഒരാളെ സന്യാസിയാക്കുന്നത്, അതി ന്റെ സാദൃശ്യമാണ്. അതു പൂര്‍ണമായ ശൂന്യവത്കരണമാണ്. ലോകത്തില്‍ തന്നെ ക്രൂശിച്ചശേഷം അതിലെ ഒന്നും തന്നെ കീഴ്‌പ്പെടുത്തുന്നില്ല എന്ന നിലവരണം. അസംതൃപ്തി, ആസക്തികള്‍, മോഹങ്ങള്‍, പ്രശസ്തി, പദവി, ലൗകിക സൗകര്യങ്ങള്‍, അംഗീകാരം, പരിഗണന തുടങ്ങി ഈ ലോക പ്രത്യേകതകള്‍ ഒട്ടുംതന്നെ അല്‍ ഫോന്‍സാമ്മയെ ആകര്‍ഷിച്ചതേയില്ല. കാരണം, അവള്‍ അതില്‍നിന്നെല്ലാം മുക്തയായിരുന്നു. മരണമടഞ്ഞ ഒരാള്‍ക്ക് തണുപ്പോ ചൂടോ അറിയാന്‍ കഴിയാത്തവിധം ലോകത്തിന് മരിച്ചയാളാണു താനെങ്കില്‍ ലോകത്തിന്റെ ചൂടും തണുപ്പും തന്നെ ബാധിക്കില്ല എന്ന ബോധ്യത്തോടെ ജീവിച്ചവളാണ് അല്‍ഫോന്‍സാമ്മ. ഈ അല്‍ ഫോന്‍സാമ്മയാണ് സന്യാസത്തില്‍ ഇന്നത്തെ വെല്ലുവിളി. എളിമയോടെയുള്ള ധീരത എന്നു പറയുന്നതിതാണ്. പുത്രസഹജമായ ആശ്രയബോധത്തോടുകൂടി തന്നെ സ്‌നേഹിക്കുന്ന ഒരു പിതാവ് ഉണ്ടെന്നുള്ള ഉറപ്പോടുകൂടി സ ന്തോഷത്തോടെ സന്യാസത്തിന്റെ ആത്മസന്തോഷം അനുഭവിച്ചു ജീവിക്കാന്‍ തന്നെത്തന്നെ ശൂന്യവത്ക്കരിച്ച എളിമയുള്ള ഒരു ധീര സന്യാസിക്കു മാത്രമേ സാധിക്കു കയുള്ളൂ. അതാണ് സന്യാസത്തിലെ പറേസ്യ അനുഭവം.

സ്‌നേഹത്തെപ്പറ്റി പറയുമ്പോള്‍ നമുക്കു കൊടുക്കാന്‍ കഴിയുന്നതും ലഭിക്കണമെന്നാഗ്ര ഹിക്കുന്നതുമായ സ്‌നേഹമുണ്ട്. സ്‌നേഹം കൊടുക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും കിട്ടാനു ള്ളതല്ല എന്നു ബോധ്യപ്പെടുക യും ചെയ്താല്‍ സന്യാസത്തില്‍ വലിയ നിര്‍വൃതിയും സന്തോഷവും ഉണ്ടാകും. ഇതാണു അല്‍ഫോന്‍സാമ്മയെ നയിച്ചത്. അല്‍ഫോന്‍സാമ്മയെ ആരും സ്‌നേഹിച്ചിരുന്നില്ലായെന്ന് നമുക്കു തോന്നാമെങ്കിലും അതൊരു പരാതിയോ പരിഭവമോ സംഘര്‍ഷമോ ആയി അല്‍ഫോന്‍സാമ്മ എടുത്തില്ല. കാരണം, താന്‍ സ്‌നേഹിക്കപ്പെടാന്‍ വിളിച്ചവളല്ല, സ്‌നേഹി ക്കാന്‍ വിളിക്കപ്പെട്ടവളാണെന്ന ബോധ്യം ഉണ്ടായിരുന്നു. ഇതാണ് അല്‍ഫോന്‍സാമ്മയെ വേറിട്ട ഒരു സന്യാസിനിയാക്കിയതും വി ശുദ്ധയാക്കി മാറ്റിയതും. കൊടുക്കാനുള്ളത് സ്‌നേഹമാണ്, കിട്ടാനുള്ളത് അംഗീകാരമല്ല എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് സന്യാസത്തില്‍ സംതൃപ്തിയും സന്തോഷവും കൈവരിക. സ്‌നേഹം കിട്ടുന്നില്ല എന്നതാണ് കുടുംബജീവിതത്തിന്റെ പരാജയങ്ങള്‍ക്കു പലപ്പോഴും കാരണം. സന്യാസത്തിന്റെ വിജയം എന്നത്, കിട്ടുന്ന സ്‌നേഹത്തേക്കാള്‍ കൊടുക്കുന്ന സ്‌നേഹത്തിനു അതിരുകള്‍ ഇല്ല എന്നതാണ്. അതാണു അല്‍ഫോന്‍സാമ്മയും കൊച്ചുത്രേസ്യാ പുണ്യവതിയുമൊക്കെ കാണിച്ചു തരുന്നത്. സ്‌നേഹവും പരിഗണനയും അംഗീകാരവും പ്രശസ്തിയുമൊക്കെ കിട്ടാന്‍ ആഗ്രഹിക്കുന്ന ഭൗതികജീവിതത്തെ വെല്ലുവിളിച്ചു സ്‌നേഹം അതിരുകളില്ലാതെ കൊടുക്കുന്ന, ലഭിക്കുന്ന സ്‌നേഹമല്ല, കൊടുക്കുന്ന സ്‌നേഹത്തില്‍ ആനന്ദിക്കുന്ന ഒരു നിര്‍വൃതി – അതാണ് സന്യാസം.

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കുടമാളൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത ഒരാള്‍ എന്നെ വിളിച്ചു പറഞ്ഞു: "സാര്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ചു ധാരാളം പറഞ്ഞു. എന്നാല്‍ അല്‍ഫോന്‍സാമ്മയെ വിശു ദ്ധയാക്കിയവരെക്കുറിച്ച് ഒരുവാക്കു പോലും പറഞ്ഞില്ലല്ലോ?" പെട്ടെന്ന് എനിക്കു മനസ്സിലായില്ല. പിന്നീട് അതിനു പിന്നിലെ 'കുത്ത്' മനസ്സിലായി. അല്‍ഫോന്‍സാമ്മ വിശുദ്ധരാക്കിയവരാണു പ്രധാനപ്പെട്ടതെന്നു ഞാന്‍ പറഞ്ഞു. മാനുഷികദൃഷ്ടിയില്‍ അല്‍ഫോന്‍സാ മ്മയെ വിശുദ്ധരാക്കിയവരെ അല്‍ഫോന്‍സാമ്മ വിശുദ്ധരാക്കി. അവരോടു യാതൊരുവിധ പ്രതിഷേധമോ വെറുപ്പോ, സങ്കടമോ കാണിക്കാതെ അവര്‍ക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയെന്ന മാതൃപുണ്യവും സുകൃതവും ജീവിതത്തില്‍ അല്‍ഫോന്‍സാമ്മ പ്രാവര്‍ത്തികമാക്കി. അതായിരുന്നു ആ ജീവിതത്തിന്റെ പ്രത്യേകത.

സ്വയം ശൂന്യനാക്കിയ യേശുക്രിസ്തുവിനോടു ചേര്‍ന്ന് ഒന്നും അല്ലാത്തവളും ഒന്നും ഇല്ലാത്തവളുമായി എല്ലാം ദൈവം മാത്രമാണെന്ന ചിന്തയില്‍ ജീവിച്ചു – അതാണ് അല്‍ഫോന്‍സാമ്മ. ജീവിതം മുഴുവനും ദൈവം മാത്രം നിറഞ്ഞു നില്‍ക്കുന്ന സന്തോഷത്തിന്റെ പ്രകാശം ആ മുഖത്തു പ്രതിഫലിച്ചു. അനുസരണമെന്നത് വിനീതാവസ്ഥയാണെന്ന് അറിഞ്ഞു. വളച്ചുകെട്ടില്ലാത്ത ലാളിത്യത്തി ന്റെ അകവും പുറവും ഒന്നായിരിക്കുന്ന അവസ്ഥയില്‍ ജീവിച്ചു. മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന ഉറപ്പില്‍ സന്തോഷപൂര്‍വ്വകമായ ഒരു ജീവിതം നയിച്ചു. അതാണ് ലോകത്തിന്റേതായ ഒന്നും തന്നെയിനി സ്വാധീനിക്കില്ല എന്നുള്ള ഉറപ്പ്. എളിമ നല്കുന്ന ഉറപ്പാണത്. ലോകത്തില്‍നിന്നും മുക്തയാകാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞു. ഈ അല്‍ഫോന്‍സാമ്മ സന്യാസജീവിതത്തിന്റെ മഹനീയ മാതൃകയും പ്രചോദനവും വെല്ലുവിളിയുമാണ്. അല്‍ഫോന്‍സാമ്മയെപ്പോലെ ലോകത്തിന്റെ വഴികളില്‍ ഉഴലാതെയും പാപത്തിന്റെ പാതകള്‍ പുണരാതെയും ദൈവത്തിന്റെ പരിമള പൂവനിയില്‍ പനിമലരായി പ്രശോഭിക്കാന്‍ നമുക്കു കഴിയണം, പ്രത്യേകിച്ചു സന്യാസത്തിലേക്കു വിളിക്കപ്പെടുന്നവര്‍ക്കു കഴിയണം.
ഗോതമ്പുമണി നിലത്തുവീണ് അഴിയണം – അല്‍ഫോന്‍സാമ്മയെക്കുറിച്ചു പറയുമ്പോള്‍ ഇതു പറയാതെ അവസാനിപ്പിക്കാനാകില്ല. നമ്മുടെ പലരുടെയും സന്യാസ ജീവിതത്തില്‍ നാം അഴിയുന്നുണ്ട്. പക്ഷെ നിലത്തു വീണല്ല അഴിയുന്നത് എന്നതാണ് പ്രശ്‌നം. നിലത്തുവീണ് അഴിയാത്തതുകൊണ്ട് പാകപ്പെട്ട നിലത്ത് ഫലം പുറപ്പെടുവിക്കാന്‍ കഴിയുന്നില്ല. പാകപ്പെടാത്ത നിലത്തു വീഴുമ്പോഴും നിലമല്ലാത്തിടത്തു വീഴുമ്പോഴും ഫലമുണ്ടാകുന്നില്ല. ഗോതമ്പുമണി അഴിയുന്നുണ്ടെന്നു മാത്രം. ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നിലത്തുവീണ് അഴിഞ്ഞ് അതില്‍നിന്നു പുതുജീവന്‍ ഉരുത്തിരിയുന്നതിനുവേണ്ടിയാണ്. നിത്യജീവനിലേക്കുള്ള പുതുജീവന്‍ ഉണ്ടാകണമെന്നുണ്ടെങ്കില്‍ നാം ആകുന്ന ഗോതമ്പുമണിയും ഏതു വിത്തും അതിനായി വിളിക്കപ്പെട്ട, നിയോഗിക്കപ്പെട്ട, തയ്യാറാക്കിയ സ്ഥലത്തു വീണു അഴിയണം. അല്‍ഫോന്‍സാമ്മ തനിക്കായി വിളിക്കപ്പെട്ടതും പാകപ്പെടുത്തിയതു മായ സ്ഥലത്ത്, വിനീതനും ദരിദ്രനും ക്രൂശിതനുമായ യേശുവിനെ പിന്‍ചെല്ലാനുള്ള നിലത്തുവിണഴിഞ്ഞ് നൂറുമേനി ഫലം പുറപ്പെടുവിച്ചു. അതാണു പുതുജീവന്‍. അല്‍ഫോന്‍സാമ്മയെ കാണുന്നവര്‍ക്കെല്ലാം സന്തോഷവും ജീവന്റെ തുടിപ്പുമാണ് സംലഭ്യമാകുന്നത്. ആ മുഖത്ത് വെറുപ്പോ മുറുമുറുപ്പോ, നിരാശയോ, സങ്കടമോ അമര്‍ഷമോ ദര്‍ശിക്കാനാവില്ല. കാരണം, താന്‍ വിളിക്കപ്പെട്ടതും നിയോഗിക്കപ്പെട്ടതുമായ സ്ഥലത്ത് അഴിയുന്നതിന്റെ ആത്മസന്തോഷം അല്‍ഫോന്‍സാമ്മയ്ക്കുണ്ടായിരുന്നു. ആ ആത്മസന്തോഷമാണ് പരാതിയും പരിഭവവുമില്ലാത്ത മുഖത്ത് ചുളിവുകളില്ലാതെ എപ്പോഴും മുഖപ്രസാദമായിട്ട് നമുക്കു കാണാന്‍ കഴിയുന്നത്. അതാണ് പുതുജീവനിലേക്ക് നമ്മെ എല്ലാവരെയും നയിക്കുന്ന, വിളിക്കുന്ന സന്യാസം. സന്യാസത്തിലെ ആ നിര്‍വൃതിയാണ് ഇന്ന് ലോകത്തിന് ദൃശ്യമാകേണ്ടത്. അതിനായി അല്‍ഫോന്‍സാമ്മ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org