വി. ചാവറയച്ചന്‍, കേരളം കണ്ട മനുഷ്യസ്‌നേഹി : നമ്മുടെ വെല്ലുവിളികളും സാധ്യതകളും

വി. ചാവറയച്ചന്‍, കേരളം കണ്ട മനുഷ്യസ്‌നേഹി : നമ്മുടെ വെല്ലുവിളികളും സാധ്യതകളും

ഡോ. ആന്‍സന്‍ പാണേങ്ങാടന്‍ സിഎംഐ

മനുഷ്യസ്‌നേഹി എന്ന പദത്തിന് ദീനദയാലു, ലോകോപകാരി, മാനവമതാനുയായി എന്നൊക്കെയാണ് അര്‍ത്ഥം. ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി ദൈവസ്‌നേഹിയാകാതെ തരമില്ല. മനുഷ്യസ്‌നേഹി എന്ന വാക്കിനു ഈ ഭൂമികയുടെ ഉത്ഭവത്തോളം പഴക്കം കാണണം. ആരാണ് ആദ്യത്തെ മനുഷ്യസ്‌നേഹി? ഈ സമസ്യക്ക് ഉത്തരം കാണുന്നത് വേദഗ്രന്ഥത്തില്‍ തന്നെ. "ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല" (യോഹ. 1:1-3). എന്ന യോഹന്നാന്‍ ശ്ലീഹായുടെ മൊഴികള്‍ എല്ലാ സുകൃതങ്ങളുടെയും സ്രോതസ്സ് ദൈവമാണെന്ന് തര്‍ക്കമില്ലാതെ പറഞ്ഞു വയ്ക്കുന്നു. അതുകൊണ്ട് ആദ്യ മനുഷ്യസ്‌നേഹിയും മനുഷ്യസ്‌നേഹി എന്ന വിശേഷണത്തിനുറവിടവും ദൈവം തന്നെ. ചരിത്രത്തില്‍ ഒരുപാടു മനുഷ്യസ്‌നേഹികള്‍ ഉത്ഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ യശസ്സുയര്‍ത്താന്‍ വേണ്ടി നിലകൊണ്ടവര്‍, മനുഷ്യന്റെ മാഹാത്മ്യത്തെ തിരിച്ചറിഞ്ഞവര്‍, മനുഷ്യനില്‍ ദൈവത്തെ കണ്ടവര്‍ ഒക്കെ മനുഷ്യസ്‌നേഹികള്‍ തന്നെ. മനുഷ്യസ്‌നേഹികളുടെ ലോകചരിത്രം കത്തോലിക്കാ സഭയിലെ മനുഷ്യസ്‌നേഹികളുടെ ഗണത്തില്‍പ്പെടുന്നവരുടെ കാഴ്ചപ്പാടിലൂടെ നോക്കി കാണുമ്പോള്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെട്ടവരെല്ലാം മനുഷ്യസ്‌നേഹികള്‍ തന്നെ. ഇനി തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍പ്പെടാതെ നിരവധി മനുഷ്യസ്‌നേഹികള്‍ ജീവിച്ചു മരിച്ചുപോയിട്ടുണ്ടാകുമെന്നുള്ളത് മറ്റൊരു സത്യം. ലോകചരിത്രവും സഭാ ചരിത്രവും കേരളചരിത്രവും എന്തുമായിക്കൊള്ളട്ടെ കേരളം കണ്ട തികഞ്ഞ മനുഷ്യസ്‌നേഹി എന്ന നിലയില്‍ വി. ചാവറയച്ചന്‍ ഗജവീരന്റെ തലയെടുപ്പോടെ വേറിട്ടു നില്‍ക്കുന്നു.

1) മനുഷ്യസ്‌നേഹിക്ക് അഞ്ചു വാദമുഖങ്ങള്‍

ബഹുമുഖ പ്രതിഭയായ ചാവറ പിതാവിനെ മനുഷ്യസ്‌നേഹിയെന്ന ഒരൊറ്റ വിശേഷണത്തില്‍ ഒതുക്കാനല്ല, മറിച്ച് മനുഷ്യസ്‌നേഹി എന്ന തലക്കെട്ടിനു കീഴിലുള്ള ചാവറ പിതാവിനെ കണ്ടുപിടിക്കാനുള്ള എളിയ ശ്രമമാണ് ഈ ലേഖനം. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവചരിത്ര പുസ്തകത്തിന് ആമുഖമെഴുതിയ അന്നത്തെ ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ യാക്കോബ് കാളാശ്ശേരി "ഒരു പുണ്യശ്ലോകന്‍, വിശ്വാസസംരക്ഷകന്‍, സഭാ സ്ഥാപകന്‍, അനഭി ഷിക്തനായ മെത്രാന്‍ ഈ നിലകളില്‍ കേരള പ്രസിദ്ധി കൈവരിച്ചിട്ടുള്ള ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ പോലുള്ള ഒരു മഹാത്മാവിന്റെ ജീവചരിത്ര പുസ്തകത്തിന് അവതാരികയുടെ അഭാവം കൊണ്ട് ഒരു കുറവും വരാനില്ല തന്നെ" എന്നാണു പറഞ്ഞു വയ്ക്കുന്നത്. വി. ചാവറപ്പിതാവിനെക്കുറിച്ച് വിരചിതമായ നൂറുകണക്കിനു ഗ്രന്ഥങ്ങളില്‍ ഗ്രന്ഥകാരന്മാര്‍ കാണാന്‍ ശ്രമിച്ചിരിക്കുന്നതും അ വരവരുടെ വീക്ഷണകോണുകളിലൂടെയാണ്. പിതാവ് മനുഷ്യ സ്‌നേഹിയെന്നു തെളിയിക്കുന്ന അഞ്ചു വാദമുഖങ്ങള്‍ അവതരിപ്പിക്കുകയാണിവിടെ.

1-1 മനുഷ്യത്വമുള്ള മനുഷ്യസ്‌നേഹി

ചാവറ പിതാവ് ഇത്രവലിയ മനുഷ്യസ്‌നേഹിയാകാന്‍ കാരണമെന്താണ്? അദ്ദേഹത്തില്‍ വിളങ്ങി ശോഭിച്ചിരുന്ന പുണ്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ കുടുംബത്തില്‍ തന്നെയാണ്. അമ്മ, മുലപ്പാലിനൊടൊപ്പം സുകൃതങ്ങളും പകര്‍ന്നു നല്‍കി എന്നു വായിക്കുന്നുണ്ട്. മാമ്മോദീസയില്‍ ലഭിച്ച വരപ്രസാദം ഇന്നേവരെ നഷ്ടമാക്കിയിട്ടില്ല എന്നു മരണക്കിടക്കയില്‍ വച്ച് അദ്ദേഹം ഉരുവിട്ടതിന്റെ ആധികാരികത, ജീവിതം സഹജീവികളോട് കരുണ കാണിച്ചു കടന്നുപോയെന്നും മനുഷ്യത്വമുള്ളവനായി ജീവിച്ചുവെന്നും സ്പഷ്ടമാക്കുന്നു. നന്മ ചെയ്യാത്ത ഒറ്റദിവസം പോലും നിന്റെ ആയുസ്സിന്റെ പുസ്തകത്തില്‍ ഉണ്ടാകരുതെന്നും തറവാടുകളില്‍ നിലനില്‍ക്കേണ്ട കുടുംബച്ചട്ട ക്രമങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഒരു സ്‌തെമെന്ത (മരണ ശാസനം) കൈനകരി കുരിശുപള്ളിക്കാരെ ഏല്‍പ്പിച്ചതും അദ്ദേഹത്തിലെ മനുഷ്യസ്‌നേഹി എന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ തെളിവുകളാണ് നാളാഗമം ഉള്‍പ്പെടെ അദ്ദേഹം രചിച്ച കൃതികള്‍. കുടുംബങ്ങളോടും വരും തലമുറകളോടുമുള്ള കരുതല്‍ ആണു ചാവരുള്‍. സഭയെ ശിഥിലീകരിച്ച ശീശ്മയ്ക്കുത്തരവാദിയായ റോക്കോസ് തിരിച്ചുപോകുന്ന സമയത്ത് അദ്ദേഹത്തിനു നല്ല ഭക്ഷണമൊരുക്കി യാത്രയാക്കിയതും യാത്ര ചെലവിനായി പണം കയ്യില്‍ കൊടുത്തയയ്ക്കുന്നതും തികഞ്ഞ മനുഷ്യസ്‌നേഹി എന്ന പ്രസ്താവന അടിവരയിടുന്നതാണ്. തന്നെ കോടതി കയറ്റിയ ആളോട് ക്ഷമിച്ചതും പ്രിയോര്‍ മാങ്ങാപ്പഴങ്ങള്‍ ചുറ്റുമുള്ളവരുമായി പങ്കുവച്ചതും അദ്ദേഹത്തിലെ മാനുഷീകതയിലെ വിത്തുകളാണ്.

1-2 മനുഷ്യന്റെ യശസ്സുയര്‍ത്തിയ മനുഷ്യ സ്‌നേഹി

ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി മനുഷ്യന്റെ യശസ്സുയര്‍ത്താന്‍ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവനും മനുഷ്യന്റെ ഭാവിയെക്കുറിച്ച് ദിശാബോധമുള്ളവനും ആയിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യന്റെ ഔന്നത്യത്തിനു വേണ്ടി, സമഗ്രവളര്‍ച്ചയ്ക്കുവേണ്ടി നിലകൊണ്ടവനാണ് അദ്ദേഹം. ഇരുപതു നൂറ്റാണ്ടോളം പഴക്കമുള്ള കേരള സുറിയാനി കത്തോലിക്കാ സഭയ്ക്ക് സ്വന്തമായി ഒരു സന്യാസസമൂഹം പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ (മച്ചിയെന്നാണു ചാവറ പിതാവുതന്നെ വിശേഷിപ്പിക്കുന്നത്) സഭാപിതാക്കന്മാരോടു ചേര്‍ന്ന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സന്യാസ സഭകള്‍ സ്ഥാപിച്ചവനാണ് ചാവറ പിതാവ്. അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അന്തരീക്ഷം നിലനിന്നിരുന്ന 19-ാം നൂറ്റാണ്ടില്‍ 1846-ല്‍ മാന്നാനത്തും കൂനമ്മാവിലും സംസ്‌കൃത സ്‌കൂള്‍ സ്ഥാപിക്കുന്നതും വികാരി ജനറാള്‍ ആയിരുന്ന സമയത്ത് പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടം സ്ഥാപിക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നതും മനുഷ്യന്റെ ഉയര്‍ച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ നേര്‍സാക്ഷ്യമാണ്. കേരളത്തിലെ മഹാഭൂരിപക്ഷത്തിനും സ്‌കൂള്‍ വിദ്യാഭ്യാസം കൈയെത്താ ദൂരത്തായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സമഭാവനയുടെ വിപ്ലവം സൃഷ്ടിച്ചതെന്നോര്‍ക്കണം. ആദ്യകന്യാസ്ത്രീ മഠവും സ്ത്രീകളുടെ വിദ്യഭ്യാസവും കര്‍മ്മപദ്ധതിയാക്കുക വഴി കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കാരങ്ങളുടെ ചരിത്രത്തില്‍ കൂടി പേരു ചേര്‍ക്കപ്പെടേണ്ടയാളാണ് അദ്ദേഹം. അച്ചടി തന്നെ അന്യമായിരുന്ന നൂറ്റാണ്ടുകളില്‍ തിരുവനന്ത പുരത്തു പോയി മഹാരാജാവിന്റെ അച്ചുകൂടം കണ്ടു തിരിച്ചു വന്ന് മാന്നാനത്ത് വാഴപ്പിണ്ടികൊണ്ട് അതിന്റെ മാതൃകയുണ്ടാക്കി ലഘുലേഖകള്‍, സര്‍ക്കുലറുകള്‍, പുസ്തകം തുടങ്ങി പള്ളികള്‍ക്കാവശ്യമായതെല്ലാം പ്രസിദ്ധീകരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. ആലംബഹീനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടി ഇന്ത്യയിലെ തന്നെ ആദ്യത്തെ അനാഥശാല തുടങ്ങുന്നതും അദ്ദേഹത്തിലെ മിഴിവെട്ടത്തിലെ മനുഷ്യസ്‌നേഹി തന്നെ.

1-3 മനുഷ്യജന്മത്തിന്റെ അര്‍ത്ഥം ഗ്രഹിച്ച മനുഷ്യ സ്‌നേഹി

നൂറ്റാണ്ടുകളായി തത്വശാസ്ത്രജ്ഞര്‍ ഉത്തരം കാണാന്‍ ശ്രമിക്കുന്ന മുന്നു പ്രധാന ചോദ്യങ്ങളുണ്ട്. ഞാന്‍ ആരാണ്? ഞാന്‍ എവിടെനിന്നു വരുന്നു? ഞാന്‍ എവിടേക്കു പോകുന്നു? ഈ മൂന്നു ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഗ്രഹിച്ച വ്യക്തിയാണ് ചാവറ പിതാവ്. പുണ്യപ്പെട്ട ജീവിതം നയിക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന സ്വയംവിശേഷണം 'മഹാ പാപി' എന്നാണ്. ഫ്രാന്‍സിസ് പാപ്പയുടെ 'ക മാ മ ശെിിലൃ' എന്ന പ്രസ്താവനയും മനോഭാവങ്ങളില്‍ മനുഷ്യര്‍ മഹാത്മാക്കളാകുന്നതിന്റെ തെളിവാണ്. താന്‍ പിതാവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നും തന്റെ ദൗത്യം എന്താണെന്നും താന്‍ തിരിച്ച് ആബാ പിതാവിലേക്ക് പോകേണ്ടവനാണെന്നും അദ്ദേഹം ഗ്രഹിച്ചു. ഈ ദര്‍ശനാനുഭവം ഉള്ളതുകൊണ്ടാണ് അദ്ദേഹം 'ബേസ്‌റൗമ്മ' സ്ഥാപിക്കുന്നത്. ഉന്നതങ്ങളില്‍ പണിയപ്പെട്ട വേറിട്ട ഭവനങ്ങളില്‍ ആദ്ധ്യാത്മിക തേജസ്സോടെ ജ്വലിച്ചു വരേണ്ടവരാണ് സന്യാസികള്‍ എന്ന് ഇന്നത്തെ കാലഘട്ടത്തിന്റെ പുനര്‍വ്യാഖ്യാനം. സമകാലീനര്‍ പറയുന്നത് അദ്ദേഹത്തെ രണ്ടു സ്ഥലങ്ങളില്‍ അന്വേഷിച്ചാല്‍ മതിയായിരുന്നു എന്നാണ്, പള്ളിയിലും സിമിത്തേരിയിലും.

ജീവിതത്തിന്റെ പൊരുള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍
ഗ്രഹിക്കാതെയും മര്‍ത്യ ജന്മത്തിന്റെ ലക്ഷ്യമറിയാതെയും
ജീവിക്കുന്ന നമുക്ക് മുന്നില്‍ പിതാവ് വലിയ വെല്ലുവിളികളുടെ
സാധ്യതകള്‍ തുറന്നുവയ്ക്കുന്നുണ്ട്.

ഇരുന്നു ധ്യാനിക്കേണ്ട, കൂടെക്കൂട്ടേണ്ട പാഠപുസ്തകമാണ്
ചാവറയച്ചന്‍.


പള്ളിയില്‍ ദൈവത്തോടൊപ്പം ദൈവജനത്തിനുവേണ്ടി കൈ വിരിച്ചു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പിതാവ്. തന്റെ ജീവിതവും നശ്വരമാണെന്നതിന്റെ തിരിച്ചറിവു കൊണ്ടായിരിക്കണം അധികാരികള്‍ മെത്രാന്‍ സ്ഥാനത്തിനു നിര്‍ ബന്ധിച്ചപ്പോള്‍ വഴിമാറി നടന്നത് – 'ഇതും കടന്നു പോകും' എന്ന ചിന്ത. അല്ലെങ്കില്‍ ഭാരത സഭയുടെ, ക്രൈസ്തവ സഭയുടെ ആദ്യത്തെ മെത്രാനാകുമായിരുന്നു അദ്ദേഹം. സാംക്രമിക രോഗത്തില്‍പെട്ട് അപ്പനും അമ്മയും മരിച്ചപ്പോഴും അകാലത്തില്‍ സ്വസഹോദരങ്ങള്‍ പൊലിഞ്ഞപ്പോഴും കുടുംബാംഗങ്ങളില്‍ നിന്നു കുടുംബം നിലനിറുത്താന്‍ വിവാഹം വച്ചു നീട്ടിയപ്പോഴും അദ്ദേഹം ഉറച്ചു തന്നെ നിന്നു. സെമിനാരിയില്‍ നിന്നു പ്രിയപ്പെട്ടവരെ രോഗം കൊണ്ടുപോയി എന്ന വാര്‍ത്ത കേട്ട് വീട്ടില്‍ വന്ന് അവരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു മാതാപിതാക്കളുടെ ആശീര്‍വ്വാദം വാങ്ങി തിരിച്ചു പോയതും മനുഷ്യജന്മത്തിന്റെ പൊരുളറിഞ്ഞ പച്ചയായ ചാവറ തന്നെ. കവിയായ ചാവറ പിതാവു പാടുന്നത് ഈ ലോകം ഇത്ര സുന്ദരമെങ്കില്‍ മറ്റേ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ്.

1-4 സമഗ്രതയുള്ള മനുഷ്യസ്‌നേഹി

ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നല്ല വിശേഷണമാണ് 'സമഗ്രതയുള്ളവന്‍' എന്നത്. പുളിങ്കുന്ന് ആശ്രമത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന പാരമ്പര്യം. ഒരിക്കല്‍ ചാവറ പിതാവ് അവിടെ ധ്യാന പ്രസംഗം നടത്തിയപ്പോള്‍ അതില്‍ ആ കൃഷ്ടരായി അവിടത്തെ ജനങ്ങള്‍ ഇങ്ങനെയുള്ള അച്ചന്‍മാര്‍ ഞങ്ങള്‍ക്കും വേണം എന്നു പറഞ്ഞു മുറികൊടുത്ത് ആശ്രമ ഇടവക പണി ആരംഭിക്കാന്‍ ആവശ്യപ്പെട്ടു എന്നതാണ്. ചാവറ പിതാവ് ആതുരാലയം ആരംഭിക്കാന്‍ കാരണം, അതുവഴി രോഗീശുശ്രൂഷ ചെയത് ആത്മരക്ഷയ്ക്ക് ഉതകുന്നതിനാണ്. നന്മരണ സഖ്യം സ്ഥാപിച്ചത് നല്ല മരണത്തിന് ഒരുക്കുന്നതിനു വേണ്ടിയാണ്. ചാവറ പിതാവ് താന്‍ അനുഭവിച്ച മൂന്നു ഭാഗ്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത്, മാതാവിന്റെ അടിമയായി വെച്ചൂര്‍ പള്ളിയില്‍ വച്ച്, എല്ലാ ദിവസവും ജപമാല ചൊല്ലി അമലോത്ഭവ സഭയില്‍ അംഗമാകാന്‍ പറ്റി എന്നിങ്ങനെയാണ്. ദൈവമനസ്സു നടക്കും നടത്തും എന്ന ചാവറ ആപ്തവാക്യത്തില്‍ എന്തുവന്നാലും ദൈവതിരുമനസ്സു മാത്രമേ നടക്കൂ എന്നും എന്തു വിലകൊടുത്തും ദൈവതിരുമനസ്സ് നടത്തിക്കും എന്നര്‍ത്ഥമുണ്ട്. സമഗ്രതയുള്ള മനുഷ്യന്റെ തുനിഞ്ഞിറങ്ങലാണത്. "ഉയിരപ്പെട്ട പുണ്യത്തിനും വലിയ ത്യാഗത്തിനും എനിക്കു യോഗ്യതയില്ല അതെന്ത്യെ… മഹാ പാപി" എന്നു ധ്യാന സല്ലാപത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍ അതിനര്‍ത്ഥം കാണേണ്ടത് തന്നെത്തന്നെ എളിമപ്പെടുത്തി നല്ല അപ്പന്റെ പാദസേവയ്ക്ക് തന്നെ പ്രതിഷ്ഠിച്ചു എന്നാണ്. വെള്ള ളോവയില്‍പ്പെടുന്ന ചെറിയ കറുത്ത ഒരു ബിന്ദുപോലും സുവ്യക്തമായി കാണുന്നതുപോലെ ദൈവപിതാവിന്റെ വിശുദ്ധിക്കു മുന്നില്‍ തന്നിലെ ലഘുപാപങ്ങള്‍ പോലും വേര്‍തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നടന്നു നീങ്ങുന്ന അദ്ദേഹത്തെ കണ്ട് ദൈവമനുഷ്യന്‍ നടന്നു പോകുന്നുവെന്ന് പൊതുജനം പറഞ്ഞെങ്കില്‍ ചാവറ പിതാവിന്റെ സമഗ്രത ലോകരുടെ മുമ്പിലും പ്രതിബിംബിച്ചതിന്റെ തെളിവാണത്. ആത്മാനുതാപം മുഴുവന്‍ അനുതാപമാണ്. വി. ചാവറ പിതാവിന്റെ സമഗ്രതയുടെ തെളിവാണ് അദ്ദേഹം നമുക്കു നല്‍കുന്ന ചതുര്‍മന്ത്രങ്ങള്‍.
1.4.1 – എല്ലായ്‌പ്പോഴും മിശിഹായുടെ സ്‌നേഹത്തില്‍ പാര്‍പ്പിന്‍
1.4.2 – എല്ലായ്‌പ്പോഴും തന്റെ സ്‌നേഹത്തില്‍ ഇരിപ്പിന്‍
1.4.3 – എല്ലായ്‌പ്പോഴും തന്റെ കൂടെ നടപ്പിന്‍
1.4.4 – എല്ലായ്പ്പഴും തന്നോട് സംസാരിപ്പിന്‍

1-5 ദൈവാഭിമുഖ്യമുള്ള മനുഷ്യസ്‌നേഹി

ഒരു മനുഷ്യസ്‌നേഹി നിര്‍ബന്ധമായും ദൈവസ്‌നേഹിയും ദൈവാഭിമുഖ്യമുള്ള മനുഷ്യനും ആയിരിക്കണം. കാരണം സ്വന്തമായി ഒരാള്‍ക്കും തന്നില്‍ നിന്നു തന്നെ പുണ്യങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാനാകില്ല. ചാവറ പിതാവിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ദൈവാഭിമുഖ്യമുള്ളതായിരുന്നു. മെത്രാന്‍ പട്ടക്കാരനെ കണ്ട് വനവാസത്തിനു പോകാന്‍ അനുവാദം ചോദിക്കുന്നതിനു പിന്നിലെ ചേതോവികാരം ദൈവത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതിനു വേണ്ടിയായിരുന്നു. മൂന്നു സന്യാസവ്രതങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ ചൊല്‍വിളി, മണവാട്ടിത്വം, അഗതിത്വം എന്നിവയാണ്. "ഒരു കുടുംബത്തിന്റെ പ്രധാന സമ്പത്ത് ദൈവപേടിയും ഭക്തിയും തന്നെ"എന്ന് ഒരു നല്ല അപ്പന്റെ ചാവരുളില്‍ അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. പാതിരാവില്‍ അമ്മ പ്രാര്‍ത്ഥിക്കാനായി ഉണരുമ്പോള്‍ കൊച്ചു കുര്യാക്കോസ് കൂടെ ഉണര്‍ന്നിരുന്നു. പത്താം വയസ്സില്‍ കുര്യാക്കോസിനെ കാണുന്ന തോമ്മാ മല്‍പ്പാന്‍ അവന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ആകൃഷ്ടനായതുകൊണ്ടാണ് മാതാപിതാക്കളോട് അവനെ സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ഇംഗിതം അറിയിക്കുന്നത്. മാന്നാനത്ത് സ്ഥാപിക്കപ്പെട്ട ദര്‍ശന വീടിന്റെ (ആശ്രമം) പിന്നിലും ഈ ദൈവികാനുഭവത്തിന്റെ തിരയിളക്കമുണ്ട്. ചാവറയച്ചനെ വികാരി ജനറാളാക്കാന്‍ കാരണമായി ബര്‍ണ്ണദീനോസ് മെത്രാപ്പോലീത്ത പറയുന്നത് "നമ്മുടെ ഭരിപ്പില്‍ നിന്നു പട്ടസുഖക്കാര്‍ക്കും മറ്റുള്ള അള്‍മേനികള്‍ക്കും അവരുടെ ആത്മഗുണത്തിനടുത്ത ഫലം ഉണ്ടായി കാണ്മാനില്ലാത്തതിനാലും" എന്നാണ്. ശീശ്മകളില്‍ നിലംപതിച്ച പള്ളികളെ തിരികെ കൊണ്ടുവന്നതും പ്രിയോരച്ചനിലെ പകരം വയ്ക്കാനാകാത്ത നേതൃത്വപാടവമാണ്. അദ്ദേഹം ദൈവത്തോടു കൂടെ ചരിച്ചു, ദൈവം അദ്ദേഹത്തോടൊപ്പവും എന്നു പറയുന്നതാവും ശരി.

2) നമ്മുടെ വെല്ലുവിളികളും സാധ്യതകളും

വില്യം ഷെയ്ക്ക്‌സ്പിയറിന്റെ മാക്ബത്തില്‍ ലേഡി മാക്ബത്തിന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ കഥാനായകന്‍ ജീവിതത്തിനു കൊടുക്കുന്ന വിശദീകരണം 'ളൗഹഹ ീള ീൌിറ മിറ ളൗൃ്യ ശെഴിശള്യശിഴ ിീവേശിഴ' എന്നാണ്. ജീവിതത്തിന്റെ പൊരുള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കാതെയും മര്‍ത്യ ജന്മത്തിന്റെ ലക്ഷ്യമറിയാതെയും ജീവിക്കുന്ന നമുക്ക് മുന്നില്‍ പിതാവ് വലിയ വെല്ലുവിളികളുടെ സാധ്യതകള്‍ തുറന്നുവയ്ക്കുന്നുണ്ട്. ഇരുന്നു ധ്യാനിക്കേണ്ട, കൂടെക്കൂട്ടേണ്ട പാഠപുസ്തകമാണ് ചാവറയച്ചന്‍. അദ്ദേഹം കന്യാസ്ത്രീകള്‍ക്ക് എഴുതിയ കത്തില്‍ "ഇതാ ഈശോമിശിഹായുടെ പെട്ടകത്തില്‍ നിങ്ങളുടെ ഹൃദയങ്ങളെയും എന്നോടു കൂടെ ഒന്നിച്ച് നിങ്ങള്‍ക്കു വേണ്ടിയും ഞാന്‍ വച്ചു പൂട്ടിയിരിക്കുന്നു" എന്നു പറയുന്നുണ്ട്. നാമോരോരുത്തരും ഹൃദയത്തില്‍ വച്ചു പൂട്ടേണ്ട സുകൃതങ്ങളുടെ അധ്യായങ്ങളാണ് ചാവറ ജീവിതത്തിന്റെ ഓരോ താളുകളും. അത്യാധുനിക നവമാധ്യമ യുഗത്തില്‍ അദ്ദേഹം വച്ചു നീട്ടുന്ന വെല്ലുവിളികളും സാധ്യതകളും താഴെക്കാണാം.

2-1 കാലത്തെ അതിജീവിക്കുന്ന വരാകുക: നീയും അമര്‍ത്യനാകും

ജീവിച്ചിരിക്കെത്തന്നെ കാലത്തെ അതിജീവിച്ച ഒരാളെ പിന്നെ മരണത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മര്‍ത്യജന്മങ്ങളൊക്കെ ചാവറ പിതാവ് അമര്‍ത്യനാകുന്നതും അങ്ങ നെയാണ്. മരണമടഞ്ഞ് ഒന്നര നൂറ്റാണ്ടിനു ശേഷവും ജനഹൃദയങ്ങളിലെ അദ്ദേഹത്തിന്റെ അനിഷേധ്യസ്ഥാനം അദ്ദേഹത്തിന്റെ നിത്യതയുടെ തെളിവാണ്. മൂന്നു വര്‍ഷത്തേക്കോ ആറു വര്‍ഷത്തേക്കോ ഓരോ സ്ഥാപനങ്ങളിലും തലപ്പത്തിരിക്കുമ്പോള്‍ അനുവദിക്കപ്പെടുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്മരിക്കപ്പെടുന്നതിനു വേണ്ടി എന്തൊക്കെയാണു നാം ചെയ്തു കൂട്ടുന്നത്. എനിക്കു ശേഷം പ്രളയം എന്നു ചിന്തിക്കുന്നവരും വിരളമല്ല.

ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു മുഴുവന്‍ സമയവും
ചെലവഴിച്ച ഒരു വിശുദ്ധനായിരുന്നില്ല വി. ചാവറ പിതാവ്.
മറിച്ച്, ദേവാലയത്തെ പ്രവര്‍ത്തിച്ചിടങ്ങളിലേയ്‌ക്കൊക്കെ
കൊണ്ടുപോയി. പ്രാര്‍ത്ഥനയും കര്‍മ്മനിരതയും സംയുക്തമായി
കൊണ്ടു പോകുന്ന തിന്റെ നേര്‍സാക്ഷ്യമാണാ ജീവിതം.
കാലം മാറുന്നതിനനുസരിച്ചു സന്യാസ സങ്കല്‍പ്പങ്ങളും മാറുകയാണ്.


അതുകൊണ്ട് മര്‍ത്യനായ മനുഷ്യാ തിരിച്ചറിയുക… നിത്യമായ ഓര്‍മ്മ നിലനിറുത്താന്‍ വിശുദ്ധ ജന്മങ്ങള്‍ ആകണമെന്ന്. ഇന്നും മാന്നാനത്ത് പോയി പിതാവിന്റെ കല്ലറ തൊടുമ്പോള്‍ എന്തോ വല്ലാത്ത കുളിര്‍മ്മ. മനുഷ്യരെ വല്ലാതെ വെറുപ്പിക്കാതെ മനുഷ്യരുടെയും ദൈവത്തിന്റെയും ഹൃദയത്തിനുള്ളില്‍ ഒരിടം കണ്ടെത്തുക. "ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്" (യോഹ. 6:51) എന്നു പറഞ്ഞ് നിത്യമാം ഓര്‍മ്മയുടെ അത്താണിയായി കര്‍ത്താവ് നിനക്കു മുമ്പില്‍ നില്‍പ്പുണ്ട്. ആ ഓര്‍മ്മയില്‍ കണ്ണിചേര്‍ക്കപ്പെട്ട ചാവറപ്പിതാവിനെപ്പോലെ നിനക്കും വിശുദ്ധജീവിതം വഴി ശരീരരക്തങ്ങള്‍ ദൈവരാജ്യത്തിനു വേണ്ടി സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ നീയും അമര്‍ത്യതയുടെ അമരക്കാരനാകും. വിശുദ്ധനു പരസ്യം വേണ്ട സുഹൃത്തേ!

2-2 മാറുന്ന സന്യാസ സങ്കല്‍പങ്ങളെ തിരിച്ചറിയുക: ക്രിയാത്മകമായി പ്രതികരിക്കുക

ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു മുഴുവന്‍ സമയവും ചെലവഴിച്ച ഒരു വിശുദ്ധനായിരുന്നില്ല വി. ചാവറ പിതാവ്. മറിച്ച്, ദേവാലയത്തെ പ്രവര്‍ത്തിച്ചിടങ്ങളിലേയ്‌ക്കൊക്കെ കൊണ്ടുപോയി. പ്രാര്‍ത്ഥനയും കര്‍മ്മനിരതയും സംയുക്തമായി കൊണ്ടുപോകുന്നതിന്റെ നേര്‍സാക്ഷ്യമാണാ ജീവിതം. കാലം മാറുന്നതിനനുസരിച്ചു സന്യാസ സങ്കല്‍പ്പങ്ങളും മാറുകയാണ്. സ്വയം ശിക്ഷിക്കുകയും മുള്ളരഞ്ഞാണം കെട്ടി മുറിവേല്‍പ്പിച്ച് മുറിവുകള്‍ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്ന വിശുദ്ധരുടെ കൂട്ടത്തിലേക്ക് മോഡേണ്‍ വിശുദ്ധരും കടന്നുവരികയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍. പതിനഞ്ചാം വയസ്സില്‍ കാന്‍സര്‍ ബാധിച്ചു മരിക്കുമ്പോഴും ദിവ്യകാരുണ്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച കൗമാരക്കാരനായ കാര്‍ലോ ആക്കുത്തീസിനെ പരിശുദ്ധ കത്തോലിക്കാ സഭ അള്‍ത്താരയില്‍ വണങ്ങുന്നതിനായി തിരഞ്ഞെടുത്തിരിക്കുകയാണ്. സഭാപിതാക്കന്മാരുടെ കാരിസത്തോടു ചേര്‍ന്നു നിന്നു കൊണ്ടുതന്നെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനസ്സിന്റെ വലുപ്പം നാം നേടേണ്ടതായിട്ടുണ്ട്. കാമ്പസില്‍ മൊബൈല്‍ അനുവദിക്കില്ല എന്നു പറഞ്ഞ കോളജ്, സ്‌കൂള്‍ അധികാരികളും മാറ്റത്തിനോടു കോവിഡ് കാലത്തില്‍ ക്രിയാത്മകമായി പ്രതികരിക്കുകയാണ്. പരിശീലന ഭവനങ്ങളില്‍ അര്‍ത്ഥികള്‍ക്ക് മൊബൈല്‍ അനുവദിക്കാന്‍ പാടില്ല എന്ന സമീപനത്തിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടേറിയതെങ്കിലും മാറ്റം എപ്പോഴും അനന്തസാധ്യത മുന്നോട്ടുവയ്ക്കുന്നു. അച്ചടക്കത്തോടെയുള്ള ക്രിയാത്മക സമീപനം നമ്മുടെ സന്യാസനിഷ്ഠകളെ കൂടുതല്‍ തുറവിയിലേക്കും, വിപ്ലവാത്മകമായ സമീപനങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തും. സമ്യക്കായി പറഞ്ഞാല്‍ സന്യാസ ഭവനങ്ങളിലെ അനുകരിക്കാവുന്ന വല്യച്ചന്മാരുടെ മാതൃകകളോടൊപ്പം ന്യൂജെന്‍ വിശുദ്ധരും ആവശ്യമായിട്ടുണ്ട്. പുരോഗമന വാദികള്‍ മുന്നോട്ടു വയ്‌ക്കേണ്ടത് മാറ്റങ്ങള്‍ക്ക് വേണ്ടി വെറുതെ സൃഷ്ടിക്കുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റിനെയല്ല. മറിച്ച് വിശുദ്ധ ജീവിതത്തെ പ്രതിബിംബിപ്പിക്കുന്ന ന്യൂജെന്‍ കണ്ണാടികളെയാണ്.

2-3 മറുപിറവിയെന്ന വെല്ലുവിളി, അനന്തസാധ്യത

"ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ലെന്ന്" (യോഹ. 3:3) നിക്കേദേമൂസിനോട് തീര്‍ത്തു പറഞ്ഞവനാണ് കര്‍ത്താവ്. മറുപിറവിയെടുക്കുക എന്നതാണ് നമ്മുടെ മുമ്പിലെ ഏകസാധ്യത. രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ മറുപിറവിയെടുക്കുക. വിശുദ്ധ ജന്മമെങ്കില്‍ മരണവും മറുപിറവിയാകും. അല്ലെങ്കില്‍ ട്വന്റി ട്വന്റിയില്‍ പുതിയ ക്രിക്കറ്റ് നിയമം പോലെ കുറച്ചു നേരത്തേക്ക് വന്നുപോകുന്ന സബ്സ്റ്റിറ്റിയൂട്ട് കളിക്കാര്‍ മാത്രമാകും നമ്മള്‍. പകരമിറങ്ങാന്‍ ഊഴംകാത്ത് കുറേപ്പേര്‍ സൈഡ് ബെഞ്ചില്‍ ഇരിപ്പുണ്ട്. കളിച്ചാലേ കപ്പടിക്കൂ.
നീ ഇന്നുവരെ ജീവിച്ചത് ജീവിതത്തിന്റെ ആദ്യഭാഗമായി കണ്ടാല്‍ മതി. രണ്ടാം ഭാഗത്തില്‍ ക്ലൈമാക്‌സ് ഇപ്പോഴെത്തും. മനസ്സുവച്ചാല്‍ മറുപിറവിയാകാം. ഈ മറുപിറവിയില്ലെങ്കില്‍ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ നാമൊക്കെ "സ്‌നേഹമില്ലെങ്കില്‍ മുഴങ്ങുന്ന ചേങ്ങലയോ, ചിലമ്പുന്ന കൈത്താളമോ" ആണ് (1 കൊറി. 13:1). ആത്മാവില്ലാത്ത ജല്പനങ്ങളായി ജീവിതം അവശേഷിക്കും. അതു കൊണ്ടാണ് അഗസ്റ്റിന്‍ പറയുന്നത്, സ്‌നേഹിക്കുക എന്നിട്ട് ഇഷ്ടമുള്ള കണക്ക് ജീവിക്കുക എന്ന്. 'എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍' എന്ന കായേന്റെ ചോദ്യമാണ് സ്‌നേഹരാഹിത്യത്തിന്റെ ഏറ്റവും വലിയ എടുത്തുകാട്ട്. സ്‌നേഹമായാലും സൗ ഹൃദമായാലും പ്രണയമായാലും ബഹുമാനമായാലും ദാരിദ്ര്യമായാലും അനുസരണമായാലും ബ്രഹ്മചര്യമായാലും ആത്മാര്‍ത്ഥതയില്ലെങ്കില്‍ എല്ലാറ്റിനും ഒരു പേരെയുള്ളൂ, അഭിനയം.
ടാഗോറിന്റെ ഗീതാഞ്ജലിയിലെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വരികള്‍ ആരെയും പുളകം കൊള്ളിക്കുന്നതാണ്. ദൈവം നല്‍കിയ ജന്മം മുഴു സ്വാതന്ത്ര്യത്തോടെ ജീവിച്ച് 150 വര്‍ഷങ്ങള്‍ക്കിപ്പുറവും മനുഷ്യസ്‌നേഹിയായി നിലകൊള്ളുന്നവനാണ് ചാവറ പിതാവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org