വിശുദ്ധ മറിയം ത്രേസ്യ കുടുംബപ്രേഷിതത്വത്തിന്‍റെ അനുഗ്രഹസാന്നിധ്യം

വിശുദ്ധ മറിയം ത്രേസ്യ കുടുംബപ്രേഷിതത്വത്തിന്‍റെ അനുഗ്രഹസാന്നിധ്യം

ഡോ. വി. അനീഷ്കുമാര്‍, രണ്ടാര്‍, മൂവാറ്റുപുഴ

നവോത്ഥാന കേരളത്തിന്‍റെ അറിയപ്പെടാത്ത ഏടുകളില്‍ അനുഭവവേദ്യമായ കൊടിയ ജാത്യാധികാര വ്യവസ്ഥകളും പുരുഷാധിപത്യ മേല്‍ക്കോയ്മകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, സാധാരണക്കാര്‍ക്ക് നേരിടേണ്ടിവന്ന കൊടിയ പീഡാനുഭവങ്ങളും നടമാടിയിരുന്ന ഒരു കാലഘട്ടത്തില്‍ ക്രൂശിതന്‍റെ നൊമ്പരങ്ങളെ സ്വന്തം വേദനയായി സ്വീകരിച്ച് ആ വേദനയോടൊപ്പം സാധാരണക്കാരുടെ ജീവിതാനുഭവങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് ഒരു സമൂല സാമൂഹികപരിവര്‍ത്തനം സാധ്യമാക്കിയ നവോത്ഥാനനായികയാണ് വി. മറിയം ത്രേസ്യ. സ്ത്രീവിദ്യാഭ്യാസത്തിന്‍റെയും, കുടുംബകെട്ടുറപ്പിന്‍റെയും, സാമൂഹികമാറ്റത്തിന്‍റെയും തുടക്കം സ്വന്തം കുടുംബങ്ങളിലൂടെയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഹനത്തിന്‍റെ ഏകാന്തവഴികള്‍ അമ്മ തെരഞ്ഞെടുത്തു. 'മതി കര്‍ത്താവേ മതി, ഈ കാഴ്ച എനിക്ക് കാണേണ്ട. ഞാന്‍ ചുമന്നുകൊള്ളാം. നിന്‍റെ സഹായം എനിക്കുണ്ടായാല്‍ മതിയെന്ന്' പറഞ്ഞുകൊണ്ടു കുടുംബപ്രേഷിതത്വത്തില്‍ ക്രൂശിതന്‍റെ സ്ഥാനം അമ്മ സ്വന്തം ജീവിതത്തിലൂടെ ഏറ്റെടുത്തുകൊണ്ട് കേരളീയജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. നവോത്ഥാന കേരളത്തിന്‍റെ പരിവര്‍ത്തനത്തിന് തന്‍റെ പ്രവര്‍ത്തനമേഖല കുടുംബങ്ങളില്‍നിന്നും തുടങ്ങണമെന്ന് അമ്മ അതിയായി ആഗ്രഹിച്ചു. വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുക, പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം ഒരുക്കുക, അവശരെ സഹായിക്കുക, മരിച്ചവരെ അടക്കുക, ദുഃഖിതരെയും പീഢിതരെയും ആശ്വസിപ്പിക്കുക, ജീവിച്ചിരിക്കുന്നവര്‍ക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക, പാവങ്ങളെ സന്ദര്‍ശിക്കുക തുടങ്ങിയ അനേകം കാര്യങ്ങളെക്കുറിച്ച് ബോധവതിയാവുകയും ക്രിസ്തുവിനോടു ചേര്‍ന്നുനിന്നുകൊണ്ട് അവയെ തന്‍റെ ചുരുങ്ങിയ ജീവിതകാലത്ത് പ്രാവര്‍ത്തികമാക്കാനും അമ്മ നിരന്തരം പരിശ്രമിച്ചു. യഥാര്‍ത്ഥ ക്രൈസ്തവന്‍റെ ജീവിതം സഹനവഴികളിലൂടെയാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച അനുഭവമാതൃകയായിരുന്നു വി. മറിയം ത്രേസ്യയുടേത്.

സംഭവബഹുലമായ കുഞ്ഞു ജീവിതത്തില്‍ മറിയം ത്രേസ്യ ക്രിസ്തുവിന്‍റെ അമ്മയായ കന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിച്ചു. ക്രിസ്തുവിനോടൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം സമര്‍പ്പണജീവിതത്തിന്‍റെ വഴി തെരഞ്ഞെടുക്കാന്‍ അവള്‍ക്ക് ഉള്‍പ്രേരണയുണ്ടായി. മഠത്തില്‍ ചേരാനുള്ള അതിയായ ആഗ്രഹം നിമിത്തം അന്നത്തെ തൃശൂര്‍ മെത്രാനായിരുന്ന മാര്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം അവിടെത്തന്നെയുള്ള ഒല്ലൂര്‍ കര്‍മ്മലീത്ത മഠത്തില്‍ വിശുദ്ധ എവുപ്രാസ്യാമ്മയോടൊപ്പം താമസമാക്കി. പിന്നീട് തന്‍റെ സേവന മേഖല മഠത്തിനകത്ത് ഒതുങ്ങിക്കൂടാന്‍ പാടില്ലെന്ന് മനസ്സിലാക്കിയ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തന്‍ചിറയുടെ നൈര്‍മല്യതയിലേക്ക് തിരികെപ്പോന്നു. ക്രൂശിതന്‍റെ വഴിയിലൂടെയുള്ള യാത്ര ക്ലേശകരമാണെന്ന് തിരിച്ചറിഞ്ഞ മറിയം ത്രേസ്യ ഏകാന്ത പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അധികം നാള്‍ ചെലവഴിച്ചു. ദൈവവിളിക്കുവേണ്ടിയുള്ള മറിയം ത്രേസ്യയുടെ അതിയായ ആഗ്രഹം തിരിച്ചറിഞ്ഞ അവളുടെ ആത്മീയപിതാവായ ഫാ. ജോസഫ് വിതയത്തില്‍ പണിയിച്ചുകൊടുത്ത ഏകാന്തഭവനത്തില്‍ തന്‍റെ മൂന്നു കൂട്ടുകാരികളായ കരുമാലിക്കല്‍ മറിയം (വെറോനിക്ക), മാളിയേക്കല്‍ കൂനന്‍ ത്രേസ്യ (ആഗ്നസ്), മാളിയേല്‍ കൂനന്‍ കൊച്ചുമറിയം (ക്ലാര) എന്നിവര്‍ക്കൊപ്പം താമസമാക്കി. ഈ കൂട്ടായ്മ ക്രിസ്തുവിനുവേണ്ടിയുള്ള ഒരു സന്യാസസമൂഹത്തിന്‍റെ രൂപഭാവങ്ങളിലേയ്ക്ക് സ്വയം സമര്‍പ്പണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും വളര്‍ന്നു വികസിക്കുകയായിരുന്നു.

ക്രിസ്തുവഴി പിന്‍പറ്റി കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള മറിയം ത്രേസ്യയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. സമത്വപൂര്‍ണ്ണമായ ജീവിതവഴികള്‍ ലക്ഷ്യംവെച്ചുകൊണ്ട് സേവനമനോഭാവം അവര്‍ സ്വന്തം ജീവിതത്തിലൂടെ സമൂഹത്തില്‍ സാക്ഷാത്കരിച്ചു. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയും സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടിയും തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങങ്ങളെ അവര്‍ വിപുലമാക്കി. ഒപ്പം മദ്യപാനത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും കെട്ടലോകത്ത് അകപ്പെട്ടുപോയവരെയും ഗര്‍ഭഛിദ്രങ്ങള്‍ നടത്തുന്നവരെയും അവര്‍ മാനസാന്തരപ്പെടുത്തി. കുഷ്ഠരോഗികളെയും വസൂരി രോഗബാധിതരെയും വീടുകള്‍തോറും കയറിയിറങ്ങി പരിചരിക്കുകയും സ്നേഹശുശ്രൂഷകള്‍ ചെയ്തുകൊണ്ട് അവരെ സഹായിക്കുകയും ചെയ്തു. കാരുണ്യത്തിന്‍റെയും താരുണ്യത്തിന്‍റെയും സഹനവഴികളിലേയ്ക്കുള്ള തിരിച്ചറിവുകള്‍ മറിയം ത്രേസ്യക്ക് കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു പ്രചോദകമായി. ആത്മാക്കളെ തേടിയുള്ള യാത്ര, തകര്‍ന്ന കുടുംബങ്ങളില്‍ സ്നേഹം, നല്ല മരണത്തിനായുള്ള പ്രാര്‍ത്ഥന, അനാഥരെ സനാഥരാക്കുക, പാപികളില്‍ അനുതാപം വര്‍ഷിക്കുക, കരുണാര്‍ദ്രമായ സ്നേഹം പകര്‍ന്നുനല്കുക തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള മാതൃസ്നേഹത്തിന് മറിയം ത്രേസ്യ മാതൃകയായി. "ആരുമാരും ഇല്ലാത്തവരെ സ്നേഹിച്ചാല്‍ ദൈവം തരുന്ന കൂലി എത്ര മാത്രമാണെന്ന് ആര്‍ക്കും അറിയില്ല" എന്ന വിശ്വാസം കൂടുതല്‍ പ്രവര്‍ത്തന മേഖലകളില്‍ വ്യാപരിക്കാന്‍ മറിയം ത്രേസ്യയ്ക്ക് പ്രേരണയായി. "വിനയം, ലാളിത്യം, അദ്ധ്വാനശീലം, മിതത്വം എന്നിവ മുഖമുദ്രയായി സ്വീകരിച്ച് ഞാന്‍ ഒന്നുമല്ല, എനിക്കൊന്നുമില്ല. എല്ലാം സര്‍വ്വശക്തനായ ദൈവത്തിന്‍റേതാണ്" എന്ന ആത്മമന്ത്രം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മാതൃഭാവമായിരുന്നു മറിയം ത്രേസ്യയുടെ മുഖമുദ്ര.

ജീവിത പരീക്ഷണങ്ങള്‍ക്കൊപ്പം ദൈവീക പരീക്ഷണത്തിന്‍റെയും കാലം കൂടിയായിരുന്നു ആ കാലഘട്ടം. പീഢാനുഭവത്തിന്‍റെ മായാത്ത മുദ്രകള്‍ ക്രിസ്തുവഴി മറിയം ത്രേസ്യയിലേക്ക് ആവേശിക്കപ്പെട്ടു. മാലാഖ കുന്തംകൊണ്ട് മറിയം ത്രേസ്യയുടെ ഇടത്തേ വിലാവില്‍ കുത്തിയതായി അനുഭവപ്പെടുകയും 1909 ജനുവരി 27-ന് പാതിരാകഴിഞ്ഞുള്ള സമയത്ത് കര്‍ത്താവിന്‍റെ അഞ്ചുതിരുമുറിവുകള്‍ ഏവര്‍ക്കും കാണപ്പെടുന്ന രീതിയില്‍ മറിയം ത്രേസ്യയ്ക്ക് പ്രത്യക്ഷപ്പെട്ടു. ത്രേസ്യയുടെ ജീവിതവഴികളില്‍ ഏറെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിട്ടാണ് 'പഞ്ചക്ഷതങ്ങള്‍' പ്രത്യക്ഷപ്പെട്ട കാലത്തെ സഭാവിശ്വാസികള്‍ നോക്കിക്കാണുന്നത്. പഞ്ചക്ഷതധാരിയായി വിശുദ്ധ വെറോനിക്ക ജൂലിയാനിയുടെ (1666-1717) സഹനമാതൃക തന്നെയായിരുന്നു മറിയം ത്രേസ്യയുടെ ജീവിതത്തിലും പ്രത്യക്ഷപ്പെട്ടതെന്നു കാണാം. തുടര്‍ന്ന് 1914 മെയ് 13-ന് അന്നത്തെ തൃശൂര്‍ മെത്രാന്‍ മാര്‍ ജോണ്‍ മേനാച്ചേരിയുടെ മഠം സന്ദര്‍ശനവേളയില്‍ അവരുടെ ലളിതജീവിതരീതിയും ആഴത്തിലുള്ള ഭക്തിയും കണ്ട് അതീവ സംതൃപ്തി തോന്നി. തുടര്‍ന്ന് 1914 മെയ് 14-ന് ജോസഫ് വിതയത്തിലച്ചന്‍റെയും പുരോഹിതന്മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍വെച്ച് പുത്തന്‍ചിറയിലെ ഏകാന്തഭവനത്തെ 'തിരുകുടുംബസഭ' (Holy Family Congregation) എന്നൊരു സ്വതന്ത്ര സന്യാസിനിസമൂഹമായി ഉയര്‍ത്തി. തുടര്‍ന്ന് മറിയം ത്രേസ്യയെ മദര്‍ സുപ്പീരിയറായും, അമ്മയുടെ ആത്മപിതാവായിരുന്ന ജോസഫ് വിതയത്തിലച്ചനെ അതിന്‍റെ രക്ഷാധികാരിയായും നിയമിച്ചു. യുവതികള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം, രോഗികളെയും മരണാസന്നരെയും പരിചരിക്കല്‍, പ്രാര്‍ത്ഥന, ധ്യാനം എന്നീ ലക്ഷ്യങ്ങളെ പിന്‍പറ്റിക്കൊണ്ട് 'തിരുക്കുടുംബത്തിന്‍റെ സഹോദരികള്‍' എന്ന സന്യാസിനിസമൂഹം ആഗോളസഭയില്‍ പുതിയൊരു സാന്നിദ്ധ്യമായി. ഇന്ന് വിദ്യാലയങ്ങളും, കോളേജുകളും, ആതുരശുശ്രൂഷാകേന്ദ്രങ്ങളുമൊക്കെയായി മറിയം ത്രേസ്യയുടെ ശിക്ഷണത്തിലൂടെ വളര്‍ന്നുവന്ന സന്യാസിനീസമൂഹം തങ്ങളുടെ പ്രേഷിതദൗത്യം നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു.

കുടുംബപ്രേഷിതത്വത്തിന്‍റ പ്രഭാതനക്ഷത്രമായ മറിയം ത്രേസ്യയുടെ ജീവിതത്തിന്‍റെ പ്രകാശകിരണങ്ങള്‍ ഇന്നും തിരുക്കുടുംബത്തിന്‍റെ സഹോദരികളിലൂടെ ലോകം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു.

വി. മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള സന്യാസിനീസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കുടുംബങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. വിശ്വാസരൂപീകരണത്തിന്‍റെയും സ്വയം പരിവര്‍ത്തനത്തിന്‍റെയും മാറ്റങ്ങള്‍ തുടങ്ങുന്നത് കുടുംബങ്ങളില്‍നിന്നാണ് എന്ന അടിയുറച്ച വിശ്വാസത്തിലാണ് തിരുക്കുടുംബസഭ നിലകൊളളുന്നത്. ആത്മീയവും ഭൗതികവുമായ ജീവിതത്തിന്‍റെ ഊടും പാവും വേര്‍തിരിച്ചറിഞ്ഞുകൊണ്ട് സഹനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിശുദ്ധിയുടെയും മാര്‍ഗ്ഗം ക്രൂശിതനോടു ചേര്‍ന്നുനിന്നുകൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ ഇന്ന് ഈ സന്യാസിനി സഭയ്ക്കാകുന്നുണ്ട്. ആധുനികജീവിതമൂല്യങ്ങളോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് സഹനജീവിതത്തിന്‍റെ ഏകാന്തവഴികള്‍ തിരിച്ചറിയാന്‍ മറിയം ത്രേസ്യയുടെ ജീവിതപാഠങ്ങള്‍ വഴിത്തിരിവാകുന്നു. അറിയുന്ന മറിയം ത്രേസ്യയുടെ ജീവിതത്തെക്കാളും അറിയപ്പെടാത്ത വിശുദ്ധ മറിയം ത്രേസ്യയുടെ കാരുണ്യവഴികളാണ് തിരുകുടുംബസഭയ്ക്ക് വഴികാട്ടിയാവുന്നത്.

19-ാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്‍റെ പ്രാരംഭഘട്ടത്തിലും സ്വജീവിതം തന്നെ ആഗോളസഭയ്ക്കും കുടുംബപ്രേഷിതത്വത്തിനും സമര്‍പ്പിച്ച അത്യനുകരണീയമായ ജീവിതമാണ് വി. മറിയം ത്രേസ്യയുടേത്. നവോത്ഥാന കാലഘട്ടത്തില്‍ സര്‍വ്വമത സൗഹാര്‍ദ്ദമായിത്തീര്‍ന്ന കാരുണ്യത്തിന്‍റെ മുഖം കേരളക്കരയിലാകമാനം വര്‍ഷിച്ച് വിടപറഞ്ഞ അമ്മയുടെ ജീവിതം വിശ്വാസത്തിലേയ്ക്കുള്ള പടവുകള്‍ കൂടിയാണ്. നിങ്ങള്‍ നല്ലവനായിത്തീരുന്നതിന് ആദ്യമെ തന്നെ നിങ്ങളുടെ ഹൃദയം കര്‍ത്താവിന് കൊടുക്കുക എന്നതാണ് സ്വയം സമര്‍പ്പണത്തിലൂടെയുള്ള അമ്മയുടെ കുടുംബപ്രേഷിതത്തിന്‍റെ അടിസ്ഥാനതത്ത്വം. ആധുനിക ജീവിതത്തിന്‍റെ ജഢിലതകളും, കുടുംബത്തകര്‍ച്ചകളും, ഉപഭോഗാസക്തികളും മറ്റും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുവഴിയിലൂടെയുള്ള യാത്ര അത്യന്തം ക്ലേശകരമായി മാറുന്നു. ഇത്തരം മാറിയ സാഹചര്യത്തില്‍ ക്രിസ്തുവിലേയ്ക്കും ക്രൈസ്തവ മൂല്യങ്ങളിലേയ്ക്കും അടുക്കുവാനുള്ള മധ്യസ്ഥയായി വി. മറിയം ത്രേസ്യയുടെ ജീവിതം മാറുന്നു. കുടുംബങ്ങള്‍ക്ക് ശരണമായി, ദീപമായി, ആശ്വാസമായി പ്രശോഭിച്ച ആ ധന്യജീവിതം ആഗോള ക്രൈസ്തവസഭ കണ്ട മഹത്തായ ആദര്‍ശങ്ങളിലൊന്നാണ്. ആത്മവിശുദ്ധിയുടെ ഉള്ളറകളില്‍ നിന്ന് പുറപ്പെട്ടുവരുന്ന അനുഗ്രഹപ്രവാഹമായി, സഹനജീവിതത്തിന്‍റെ നിതാന്തമാതൃകയായി, കുടുംബപ്രേഷിതത്വത്തിന്‍റെ അനുഗ്രഹസാന്നിധ്യമായി എക്കാലത്തും വിശുദ്ധ മറിയം ത്രേസ്യ അനുസ്മരിക്കപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org