വി. പോള്‍ ആറാമന്‍ മാര്‍പാപ്പ സഭയ്ക്ക് കൈമാറിയ പൈതൃകം

വി. പോള്‍ ആറാമന്‍ മാര്‍പാപ്പ സഭയ്ക്ക് കൈമാറിയ പൈതൃകം


ഡോ. ആന്‍റണി നരികുളം

1963 ജൂണ്‍ 21 മുതല്‍ 1978 ആഗസ്റ്റ് 6-ാം തീയതി വരെ വി. പത്രോസിന്‍റെ പിന്‍ഗാമിയായി സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1922 മുതല്‍ 1954 വരെ വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തിലെ ഉന്നതാധികാരിയായും 1954 മുതല്‍ 1963 വരെ ലോകത്തിലെതന്നെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നായ മിലാനിലെ മെത്രാപ്പോലീത്തയായും സ്തുത്യര്‍ഹമായി സഭാശുശ്രൂഷ നിര്‍വഹിക്കുകയുണ്ടായി. 1962-ല്‍ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ തുടക്കംകുറിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുടരുക എന്ന ശ്രമകരമായ ദൗത്യവുമായാണ് അദ്ദേഹം തന്‍റെ സാര്‍വ്വത്രിക അജപാലനശുശ്രൂഷ ആരംഭിച്ചത്. ജോണ്‍ മാര്‍പാപ്പ കാര്യമായ കൂടിയാലോചനകളില്ലാതെ (ആരെങ്കിലും തടസ്സപ്പെടുത്തിയാലോ എന്നു ഭയപ്പെട്ടതുകൊണ്ട്) പ്രഖ്യാപിച്ച സൂനഹദോസ് അവസരോചിതമല്ലായിരുന്നുവെന്നു കരുതിയ മെത്രാന്മാരില്‍, മിലാനിലെ മെത്രപ്പോലീത്തയും ഉണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ജോണ്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത സൂനഹദോസിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ ചുക്കാന്‍ പിടിച്ച്, ശുഭകരമായി അതു പര്യവസാനിപ്പിക്കുന്നതില്‍ പോള്‍ ആറാമന്‍ പ്രകടിപ്പിച്ച ശ്രദ്ധയും ആസൂത്രണവൈഭവവും പ്രശംസനീയമാണ്. കര്‍ദിനാള്‍ ആല്‍ഫ്രഡ് ഒട്ടാവിയാനിയെപ്പോലുള്ള കടുത്ത യാഥാസ്ഥിതികരുടെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ മാര്‍പാപ്പയ്ക്ക് ഏറെ പണിപ്പെടേണ്ടിവന്നെങ്കിലും, ആധുനികകാല സഭയുടെ 'മാഗ്നാ കാര്‍ട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 16 പ്രമാണരേഖകള്‍ പുറപ്പെടുവിക്കാന്‍ സൂനഹദോസിന് കഴിഞ്ഞു.

1968-ല്‍ പോള്‍ ആറാമന്‍ പ്രസിദ്ധീകരിച്ച "മനുഷ്യജീവന്‍" (Humanae Vitae) എന്ന ചാക്രികലേഖനം ആഗോളതലത്തില്‍ 'കോളിളക്കം' സൃഷ്ടിച്ച ഒരു പ്രബോധനരേഖയാണ്.

ഈ ചാക്രികലേഖനത്തിന്‍റെ പേരില്‍ സഭയിലെ 'ഇടതുപക്ഷ'വും ലിറ്റര്‍ജി പരിഷ്കരണത്തിന്‍റെ പേരില്‍ 'വലതുപക്ഷ'വും പോള്‍ മാര്‍പാപ്പയെ വിമര്‍ശിക്കുകയുണ്ടായി. അദ്ദേഹം ദിവംഗതനായപ്പോള്‍ ഒരു കത്തോലിക്ക മാസിക എഴുതി: 'ഏറ്റവും വിശുദ്ധനും, അതേസമയം ഏറ്റവും ദുഃഖിതനുമായ ഒരു മാര്‍പാപ്പയായിരുന്നു പോള്‍ ആറാമന്‍.' ചാക്രികലേഖനത്തിന്‍റെ പേരിലുണ്ടായ വിവാദങ്ങള്‍, സൂനഹദോസിനുശേഷം വൈദിക ബ്രഹ്മചര്യത്തെപ്പറ്റി സഭയ്ക്കുള്ളില്‍ നടന്ന നിഷേധാത്മക വാദപ്രതിവാദങ്ങള്‍, പൗരോഹിത്യ-സന്യാസജീവിതം ഉപേക്ഷിച്ച സമര്‍പ്പിതരുടെ എണ്ണം തുടങ്ങിവയാണ് അദ്ദേഹത്തിന്‍റെ ദുഃഖത്തിനു കാരണമായതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍, ആ വിശുദ്ധജീവിതത്തിന്‍റെ ഔന്നത്യം തിരിച്ചറിഞ്ഞ സഭ 2018 ഒക്ടോബര്‍ 14-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ത്തു.

വൈദിക വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും വൈദികനായതിനുശേഷവും പോള്‍ ആറാമന്‍ പാപ്പയെ നേരില്‍ കാണുന്നതിനും, അദ്ദേഹം അര്‍പ്പിച്ച വി. കുര്‍ബാനയില്‍ ശുശ്രൂഷിയായി പങ്കെടുക്കുന്നതിനും, അദ്ദേഹത്തോട് സംസാരിക്കുന്നതിനും, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഭാഗ്യം ലഭിച്ച വ്യക്തിയെന്ന നിലയില്‍, ഈ ലേഖകന്‍ വിശ്വസിക്കുന്നു, ആധുനികകാലത്തെ മാര്‍പാപ്പമാരില്‍ അഗ്രഗണ്യനായിരുന്നു വി. പോള്‍ ആറാമന്‍ പാപ്പാ എന്ന്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെപ്പോലെയോ ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെയോ 'ജനപ്രീതി' അദ്ദേഹത്തിന് ഇല്ലായിരുന്നിരിക്കാം. അക്കാര്യത്തില്‍ ബെനഡിക്റ്റ് പതിനാറാമനോട് അദ്ദേഹത്തെ ചേര്‍ത്തുവയ്ക്കാമെന്നു തോന്നുന്നു. എന്നാല്‍, അദ്ദേഹം സഭയ്ക്കു കൈമാറിയ പൈതൃകം മഹത്തരമാണ്. അതിലേക്ക് വെളിച്ചം വീശാനുള്ള ഒരെളിയ ശ്രമമാണ് ചുവടെ.

വി. പോള്‍ ആറാമന്‍ സഭയ്ക്കു നല്കി യ ഏറ്റവും ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ താഴെപ്പറയുന്നവയാണെന്ന് പൊതുവേ കരുതപ്പെടുന്നു.

സഭാപരിഷ്കര്‍ത്താവ് (Church Reformer)
സഭാഭരണത്തില്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും മെത്രാന്മാര്‍ക്ക് റോള്‍ ഉണ്ടായിരിക്കണമെന്ന് മാര്‍പാപ്പ ആഗ്രഹിച്ചു. അങ്ങനെയാണ് മെത്രാന്മാരുടെ ആഗോള സിനഡിന് അദ്ദേഹം രൂപം നല്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച കര്‍ദിനാളന്മാരുടെ കൗണ്‍സിലിന്‍റെ വിശാലപതിപ്പാണ് ആഗോള സിനഡ്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി മെത്രാന്മാരുടെ അഭിപ്രായമറിഞ്ഞ് സഭയുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സിനഡുകള്‍ സഹായകമായി.

വത്തിക്കാനിലെ ഭരണസമിതികളില്‍ പ്രമുഖസ്ഥാനങ്ങള്‍ വഹിച്ചിരുന്നവരില്‍ പലരും ഇറ്റലിയില്‍നിന്നുള്ള കര്‍ദിനാളന്മാരും, മെത്രാന്മാരും, മോണ്‍സിഞ്ഞോര്‍മാരും, വൈദികരും, സന്യസ്തരും, അല്മായരുമായിരുന്നു. കത്തോലിക്കാസഭയുടെ സിരാകേന്ദ്രത്തെ അന്തര്‍ദേശീയമാക്കുന്നതിന് പോള്‍ ആറാമന്‍ പാപ്പാ ശ്രമിച്ചു. വത്തിക്കാന്‍റെ നയതന്ത്രപ്രതിനിധികളില്‍ (നുണ്‍ സിയോമാര്‍) മിക്കവരും ഇറ്റലിക്കാരായിരുന്നു. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലുള്ളവരെ ആ മേഖലയിലേക്ക് നിയോഗിച്ചത് പോള്‍ ആറാമനാണ്. അങ്ങനെ സീറോ-മലബാര്‍ സഭയില്‍നിന്ന് വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ആദ്യമായി നിയോഗിക്കപ്പെട്ടത് എറണാകുളം അതിരൂപതാംഗവും സീറോ-മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റുമായിരുന്ന മാര്‍ അബ്രാഹം കാട്ടുമനയാണ്.

സുവിശേഷവത്കരണ പാപ്പ (Evangelizer Pope)
ആധുനിക മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ മാര്‍ഗ്ഗരേഖയായി അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 1965-ല്‍ പാസാക്കിയ "പ്രേഷിതപ്രവര്‍ത്തനം" (Ad gentes) എന്ന പ്രമാണ രേഖ. ഈ രേഖയുടെ പശ്ചാത്തലത്തിലും പുതിയ ആവശ്യങ്ങള്‍ പരിഗണിച്ചും 1975-ല്‍ പോള്‍ ആറാമന്‍ പ്രസിദ്ധീകരിച്ച അപ്പസ്തോലിക പ്രബോധനമാണ് "സുവിശേഷവത്കരണം" (Evangelii Nuntiandi). സുവിശേഷവത്കരണത്തെപ്പറ്റി 1974-ല്‍ നടന്ന ആഗോളസിനഡിന്‍റെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് മാര്‍പാപ്പ തയ്യാറാക്കിയ പ്രബോധനരേഖയാണത്.

'ഇന്നുവരെ എഴുതപ്പെട്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ട അജപാലനരേഖ' എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ "സുവിശേഷവത്കരണം" എന്ന രേഖയെ വിശേഷിപ്പിച്ചത്. ഫ്രാന്‍സിസ് പാപ്പായെ ഉപദേശിക്കാന്‍ അദ്ദേഹം നിയമിച്ച കര്‍ദിനാളന്മാരുടെ കൗണ്‍സിലിനോട് ഈ രേഖയുടെ പുനര്‍വായന നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നത് ഇതിന്‍റെ ആനുകാലിക പ്രസക്തി വ്യക്തമാക്കുന്നു.

മാര്‍പാപ്പയായി സ്ഥാനാരോഹണം നടത്തിയതിനുശേഷം പോള്‍ ആറാമന്‍ ആദ്യം നടത്തിയ സത്കൃത്യങ്ങളിലൊന്ന്, മാര്‍പാപ്പമാര്‍ ശിരസ്സില്‍ അണിഞ്ഞിരുന്ന 'ടിയാറ' (Tiara) എന്നറിയപ്പെടുന്ന കിരീടം വിറ്റ് ആ പണം ദരിദ്രര്‍ക്ക് ദാനം ചെയ്ത തായിരുന്നു. കല്‍ക്കട്ടയിലെ മദര്‍ തെരെസയുടെ ശിശുഭവനത്തിനാണ് ആ പണം നല്കപ്പെട്ടത്.

തന്‍റെ മരണത്തിലും ലാളിത്യം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സാധാരണയായി മാര്‍പാപ്പമാരെ സംസ്ക്കരിക്കുന്നത് 'സാക്രോഫാഗസ്' എന്നു വിളിക്കുന്നതും തറനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്നതുമായ മാര്‍ബിള്‍ അറകളിലാണ്. എന്നാല്‍, തന്നെ മണ്ണില്‍ത്തന്നെ സംസ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അക്കാരണത്താല്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലെ (crypt) മണ്ണിലാണ് വി. പോള്‍ ആറാമന്‍റെ കബറിടം സ്ഥിതി ചെയ്യുന്നത്.

തീര്‍ത്ഥാടകനായ പാപ്പ (Pilgrim Pope)
നൂറുവര്‍ഷങ്ങള്‍ക്കിടെ ആദ്യമായി വിദേശയാത്ര നടത്തിയ മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. ഇരുപതോളം യാത്രകള്‍ അദ്ദേഹം നടത്തി. ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്റ്റ് പതിനാറാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാര്‍ക്ക് ലോകയാത്രകള്‍ നടത്താന്‍ വാതില്‍ തുറന്നിട്ടത് പോള്‍ ആറാമനാണ്. ഏഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. 1964-ല്‍ വിശുദ്ധ നാട്ടിലേക്കു നടത്തിയ സന്ദര്‍ശനവേളയില്‍ ജെറുസലത്തുവച്ച് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് അത്തനാഗോറസുമായി നടത്തിയ കൂടിക്കാഴ്ച സഭാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 1964-ല്‍ ബോംബെയില്‍ വച്ചുനടന്ന 38-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ അദ്ദേഹം സംബന്ധിച്ചതാണ് ഭാരതീയരായ നമുക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം. രണ്ടു ശതമാനത്തില്‍ താഴെ മാത്രം കത്തോലിക്കരുള്ള ഭാരതത്തില്‍ വി. പത്രോസിന്‍റെ പിന്‍ഗാമി നടത്തിയ സന്ദര്‍ശനം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ലോകത്തോടും മറ്റു മതങ്ങളോടുമുള്ള തുറവിയുടെ ഉത്തമ ഉദാഹരണമായി വ്യാഖ്യാനിക്കപ്പെട്ടു. സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മതാന്തരബന്ധങ്ങളുടെയും പൈതൃകം പേറുന്ന ഭാരതസര്‍ക്കാര്‍ ഉചിതമായ രീതിയില്‍ മാര്‍പാപ്പയെ സ്വീകരിക്കുകയും ചെയ്തു. ബോംബെ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈനും പ്രധാനമന്ത്രി ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മറ്റും ഡല്‍ഹിയില്‍നിന്ന് എത്തിയെന്നത് നിസ്സാര കാര്യമല്ലല്ലോ. മാത്രമല്ല, അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ബോംബെ രാജ്ഭവനില്‍വച്ച് മാര്‍പാപ്പയെ സ്വീകരിച്ച് സംഭാഷണം നടത്തുകയുണ്ടായി.

1965-ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് മാര്‍പാപ്പ നടത്തിയ പ്രസംഗം ലോകം ശ്രദ്ധിച്ചു. യുദ്ധഭീതിയില്‍ കഴിഞ്ഞിരുന്ന ലോകത്തോട് അദ്ദേഹം പറഞ്ഞു: 'ഇനി ഒരിക്കലും യുദ്ധം പാടില്ല' (Never again War). സാമ്പത്തികതലത്തിലെ അനീതികള്‍ക്കെതിരെ അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങള്‍ പലരെയും, വിശേഷിച്ച് സമ്പന്നരാഷ്ട്രങ്ങളെ അസ്വസ്ഥരാക്കി. തുടര്‍ന്ന് 1967-ല്‍ അദ്ദേഹം പുറപ്പെടുവിച്ച "മാനവപുരോഗതി" (Populorum Progressio) എന്ന ചാക്രികലേഖനത്തില്‍ വികസിത രാജ്യങ്ങള്‍ വികസ്വരരാജ്യങ്ങളെ സഹായിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യാപാരബന്ധങ്ങളില്‍ ഉണ്ടായിരിക്കേണ്ട നീതിപൂര്‍വ്വകമായ സാമൂഹിക ഉത്തരവാദിത്തവും ബലഹീനരാജ്യങ്ങളെ വമ്പന്മാര്‍ ചൂഷണം ചെയ്യുന്നതിലെ അനീതിയും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

പാലം പണിയുന്നവന്‍ (Bridge Builder)
ക്രൈസ്തവസഭകള്‍ തമ്മില്‍തമ്മിലും മതങ്ങളും രാഷ്ട്രങ്ങളും തമ്മിലും ആശയസംഹിതകള്‍ തമ്മിലും നല്ല ബന്ധങ്ങള്‍ പുലര്‍ത്തി, അനുരഞ്ജനഭാവത്തില്‍ ജീവിക്കണമെന്ന് പോള്‍ ആറാമന്‍ ആഗ്രഹിച്ചു. ക്രൈസ്തവസഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ കാരണമായ സുപ്രധാന സംഭവമാണ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായ പാത്രിയര്‍ക്കീസ് അത്തനാഗോറസുമായി ആദ്യം ജറുസലമിലും, തുടര്‍ന്ന് റോമിലും വച്ചു നടന്ന കൂടിക്കാഴ്ചകള്‍. അതോടെ, ആയിരം വര്‍ഷക്കാലം അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ്സഭയും, പരസ്പരം ചാര്‍ത്തിയ 'ശാപം' പിന്‍വലിച്ച്, അനുരഞ്ജനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആരംഭിച്ചു. മറ്റു സഭകളുമായി സംവാദങ്ങള്‍ നടത്തുന്നതിനും വിശ്വാസപരമായ കാര്യങ്ങളില്‍ പരസ്പരധാരണകളില്‍ എത്തുന്നതിനും അത് ഇടവരുത്തി. 1966-ല്‍ ആംഗ്ലിക്കന്‍ സഭാതലന്‍ ആര്‍ച്ച്ബിഷപ് ആര്‍തര്‍ റംസെ റോമില്‍ചെന്ന് മാര്‍പാപ്പയെ സന്ദര്‍ശിച്ചതും സഭൈക്യചര്‍ച്ചകള്‍ക്കായി റോമില്‍ ഒരു കാര്യാലയം സ്ഥാപിച്ചതും ഈ 'പാലം പണി'യിലെ നിര്‍ണ്ണായക സംഭവങ്ങളാണ്. പില്ക്കാലത്ത് യാക്കോബായസഭയുമായും അസ്സീറിയന്‍ സഭയുമായും പ്രോട്ടസ്റ്റന്‍റ് സഭകളുമായും നടന്ന ചര്‍ച്ചകളും ധാരണാപത്രങ്ങളും ഇതിന്‍റെ തുടര്‍ച്ചയാണ്. 1969-ല്‍ സ്വിറ്റ്സര്‍ലണ്ടിലെ സഭകളുടെ ആഗോളകൗണ്‍സിലിന്‍റെ (World Council of Churches) ആസ്ഥാനം പോള്‍ ആറാമന്‍ സന്ദര്‍ശിച്ചത് ചരിത്രത്തില്‍ ഇടംനേടിയ സംഭവമാണ്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ രണ്ടാമത്തെ ഘട്ടം മുതല്‍ ചുക്കാന്‍ പിടിച്ചത് പോള്‍ ആറാമന്‍ പാപ്പാ ആയിരുന്നല്ലോ. കൗണ്‍സില്‍ ഹാളില്‍ അകത്തോലിക്കാസഭകളില്‍നിന്നുള്ള പ്രതിനിധികളെ നിരീക്ഷകരായി സംബന്ധിക്കാന്‍ അനുവദിച്ചത് സഭൈക്യമേഖലയിലെ നിര്‍ണ്ണായക ചുവടുവെപ്പായിരുന്നു.

സമാധാനസ്ഥാപകന്‍ (Torchbearer of Peace)
ലോകസമാധാനത്തിനുവേണ്ടി അക്ഷീണം യത്നിച്ച വ്യക്തിയായിരുന്നു പോള്‍ ആറാമന്‍. ഐക്യരാഷ്ട്രസഭയില്‍ചെന്ന് യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും ആഗോളസമാധാനം സംസ്ഥാപിക്കുന്നതിനും ആഹ്വാനം ചെയ്യുക മാത്രമല്ല അദ്ദേഹം ചെയ്തത്. വിയറ്റ്നാം യുദ്ധം, മധ്യപൂര്‍വ്വദേശത്തെ സമാധാനശ്രമങ്ങള്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, കോംഗൊ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരകലഹങ്ങള്‍ എന്നിവയില്‍ ഇടപെട്ട് അനുരഞ്ജനത്തിന്‍റെ പാതകള്‍ തുറക്കാന്‍ തന്നാല്‍ കഴിയുംവിധം അദ്ദേഹം ശ്രമിക്കുകയുണ്ടായി.

സഭയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും ചില ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. കമ്മ്യൂണിസത്തിന്‍റെ ശത്രുവായി സഭയെ കണ്ടിരുന്ന കാലഘട്ടത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി ഗ്രോമിക്കോയും (1966) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ പൊഡ്ഗോര്‍ണിയും (1967) വത്തിക്കാനില്‍ ചെന്ന് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നത് അദ്ദേഹത്തിന്‍റെ നയതന്ത്രജ്ഞതയുടെ ഉദാഹരണമാണ്. പില്ക്കാലത്ത് എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സഭയ്ക്ക് ഏറെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചുവെന്നത് ചരിത്രം. അടുത്തകാലത്ത് ചൈനയുമായിപ്പോലും ചില ധാരണകളിലെത്താന്‍ വത്തിക്കാനു കഴിഞ്ഞതിന്‍റെ ബീജാവാപം നടത്തിയത് ഈ മഹാത്മാവാണെന്ന് പറയുന്നതില്‍ തെറ്റില്ല.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനിടെ, 1963-ല്‍, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ ജോണ്‍ ബാപ്റ്റിസ്റ്റ് മൊന്തീനി, സൂനഹദോസ് സമംഗളം പര്യവസാനിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നല്ലോ തന്‍റെ പാപ്പാദൗത്യം ആരംഭിച്ചത്. സൂനഹദോസിനോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ടും, ലിറ്റര്‍ജി പരിഷ്കരണം, റോമന്‍ കൂരിയയുടെ അന്തര്‍ദേശവത്കരണം, സഭൈക്യസംവാദങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കിക്കൊണ്ടും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹം സ്വകാര്യമായി ഇങ്ങനെ കുറിച്ചു: 'ഞാന്‍ എന്നും ഏകാന്തതയില്‍ ജീവിച്ചുപോരുന്ന വ്യക്തിയാണ്. മാര്‍പാപ്പ ആയതോടെ ആ അവസ്ഥ അതിന്‍റെ പൂര്‍ണ്ണതയിലെത്തി. സഭാതലവന്‍ എന്ന നിലയില്‍ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നു; തീരുമാനങ്ങള്‍ എടുക്കുന്നു; ഒടുവില്‍, എല്ലാം തനിയെ സഹിക്കുന്നു.' യാഥാസ്ഥിതികപശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന അദ്ദേഹത്തിന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുടങ്ങിവച്ച ആധുനീകരണവുമായി സമരസപ്പെട്ട് തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. കൗണ്‍സിലിന്‍റെ പേരു പറഞ്ഞ്, വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ വ്യാപൃതരായപ്പോള്‍, 1972 ജൂണ്‍ 29-ാം തീയതി വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 'ചെകുത്താന്‍ ദൈവത്തിന്‍റെ ഭവനത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. സൂനഹദോസിന്‍റെ സദ്ഫലങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പൈശാചികശക്തികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.' ആ അന്ധകാരദിനങ്ങളിലും അദ്ദേഹം പ്രത്യാശ കൈവിട്ടില്ല. ലോകത്തിന്‍റെ പ്രകാശമായി വര്‍ത്തിച്ച് സത്യദൈവമായ യേശുവിനെ ഉദ്ഘോഷിക്കുക എന്നതു മാത്രമാണ് സഭയുടെ ദൗത്യമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

തികച്ചും വ്യക്തിപരമായ, എന്നാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ചൈതന്യം വി. പോള്‍ ആറാമന്‍ എത്രമാത്രം ഉള്‍ക്കൊണ്ടിരുന്നുവെന്നു വ്യക്തമാക്കുന്ന ഒരു സംഭവം അനുവാചകരുമായി പങ്കുവച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു. ഈ ലേഖകന്‍ റോമില്‍ വൈദികവിദ്യാര്‍ത്ഥിയായിരിക്കേ ഒരു ദിവസം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്‍റെ കൂടെ മാര്‍പാപ്പയെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. വിടവാങ്ങുന്ന സമയം എന്നെ മാര്‍പാപ്പയ്ക്ക് പരിചയപ്പെടുത്തിയ ശേഷം കര്‍ദ്ദിനാള്‍ പറഞ്ഞു: "I request Your Holiness to bless my seminarian." അപ്പോള്‍ മാര്‍പാപ്പ മറുപടിയായി പറഞ്ഞു: "No, no. This is post-Vatican period. Let us bless him collegially." ഇതു പറഞ്ഞതിനുശേഷം മുട്ടുകുത്തി നിന്ന എന്നെ ഇരുവരും കൂടി ആശീര്‍വദിച്ചു. ഒരു സെമിനാരിക്കാരനെ ആശീര്‍വദിക്കുക എന്ന വളരെ നിസാരമായ സന്ദര്‍ഭത്തിലും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 'മെത്രാന്മാരുടെ സംഘാതാത്മകത' (Collegiality) എന്ന തത്ത്വം പ്രായോഗികമാക്കാന്‍ ആഗ്രഹിച്ച വി. പോള്‍ ആറാമന്‍ പാപ്പയെ "മഹാനായ പോള്‍ മാര്‍പാപ്പ" എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു. 'പൗലോസ് ശ്ലീഹായ്ക്കുശേഷം സഭയിലുദിച്ച ഏറ്റവും വലിയ പൗലോസാണ് പോള്‍ ആറാമന്‍' എന്ന് ഓര്‍ത്തഡോക്സ് സഭാതലവനായിരുന്ന പാത്രിയര്‍ക്കീസ് അത്തനാഗോറസ് വിശേഷിപ്പിച്ചത് ഇതോടു ചേര്‍ത്തുവയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org