വിശുദ്ധ പൗലോസിന്റെ സത്യദര്‍ശനവും സത്യാനന്തര കാലവും

വിശുദ്ധ പൗലോസിന്റെ സത്യദര്‍ശനവും സത്യാനന്തര കാലവും

ഫാ. ബെന്നി നല്‍ക്കര സി.എം.ഐ.

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും" (യോഹ. 8:32) എന്ന ക്രിസ്തുവചനത്തിന്റെ പൊരുള്‍ തേടിയുള്ള അന്വേഷണവും നിവൃത്തിയുമാണ് ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്ത. യേശുക്രിസ്തുവില്‍ ആവിഷ്‌കൃതമായ ദൈവികവും രക്ഷണീയവുമായ സത്യത്തെ കണ്ടെത്തുകയും, ആ 'സുവിശേഷ സത്യ'ത്തിനുവേണ്ടി ഒരു പോരാളിയെപ്പോലെ അടരാടുകയും ചെയ്ത വി. പൗലോസിന്റെ ജീവിതവും ദര്‍ശനങ്ങളും സത്യത്തിന്റെ സാക്ഷ്യമാണ്. യഹൂദ പാരമ്പര്യത്തിന്റേയും യവന-റോമന്‍ സംസ്‌ക്കാരങ്ങളുടെയും സമന്വയം തീര്‍ത്ത ജീവിതപശ്ചാത്തലത്തിന്റേയും ദര്‍ശനധാരയുടേയും പിന്‍ബലത്തില്‍, സത്യാന്വേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ പൗലോസ് ചെന്നെത്തിയത് ക്രിസ്തുവെന്ന സത്യത്തിന്റെ പ്രഭയിലേക്കും ആ സത്യം നല്കിയ സ്വാതന്ത്ര്യത്തിലേക്കുമാണ്. ഒരു മതമൗലിക വാദിയെപ്പോലെ യഹൂദമതത്തിന്റെ സംരക്ഷകനായി ക്രിസ്ത്യാനികള്‍ക്കെതിരെ നിലയുറപ്പിച്ചിരുന്ന പൗലോസില്‍ 'സുവിശേഷസത്യം' വരുത്തിയ ഏറ്റവും വലിയ മാറ്റവും ഈ മൗലികവാദത്തില്‍ നിന്നും തുറവിയിലേക്കും ആദരവിലേള്ള മനഃപരിവര്‍ത്തനമാണ്.

പൗലോസ് എന്ന സത്യാന്വേഷി

പൗലോസിന്റെ ലേഖനങ്ങളില്‍ കാണുന്ന സത്യദര്‍ശനവും സത്യവും സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്പര്യവുമൊക്കെ സത്യം തന്നെയായ ക്രിസ്തുവിനെ അടുത്തറിഞ്ഞപ്പോള്‍ ലഭിച്ച സ്വാതന്ത്ര്യത്തില്‍നിന്നും രൂപം പ്രാപിച്ചവയാണ്. തന്നെ അടിമയാക്കിയിരുന്ന എല്ലാ ചിന്താധാരകളില്‍ നിന്നും അനുഷ്ഠാനപരതകളില്‍ നിന്നും വിമോചനം നേടാന്‍ ഈ സത്യദര്‍ശനം പൗലോസിനെ പ്രാപ്തനാക്കി. "പിതാവായ ദൈവം പുത്രനെപ്പറ്റി തനിക്കു കനിഞ്ഞു നല്കിയ വെളിപാടാണ്" (ഗലാ. 1:16) തന്റെ സത്യാനുഭവമെന്നു സാക്ഷ്യപ്പെടുത്തുന്ന പൗലോസ്, ഈ വളിപാടില്‍ നിന്നും ചില ബോധ്യങ്ങള്‍ രൂപപ്പെടുത്തി. ചരിത്രത്തിന്റെ വിധാതാവും ഇസ്രായേലിന്റെ നായകനുമായി താന്‍ വിശ്വസിച്ചിരുന്ന അതേ ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പീഡാനുഭവ-മരണ-ഉത്ഥാനങ്ങളിലൂടെ കൈവന്ന രക്ഷയാണ് താന്‍ അന്വേഷിക്കുന്ന സത്യത്തിന്റെ നിദാനമെന്ന തിരിച്ചറിവാണ് പൗലോസ് എന്ന സത്യാന്വേഷിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ക്രിസ്തു മനുഷ്യന് എത്രമാത്രം അര്‍ത്ഥപൂര്‍ണ്ണമാവുന്നു എന്ന അന്വേഷണത്തിലാരംഭിച്ച്, മനുഷ്യജീവിതത്തിന് അര്‍ത്ഥംകൊടുക്കുന്ന ആത്യന്തികയാഥാര്‍ത്ഥ്യം ക്രിസ്തുമാത്രമെന്ന അനുമാനത്തിലേക്കുള്ള വളര്‍ച്ചയായി പൗലോസ് തന്റെ സത്യാന്വേഷണത്തെ മനസ്സിലാക്കി. "പൂര്‍ണ്ണമായവ ഉദിക്കുമ്പോള്‍, അപൂര്‍ണ്ണമായവ അസ്തമിക്കുമെന്ന" (1 കൊറി. 13:10) പൗലോസിന്റെ പ്രസ്താവം തന്നേയും വെളിവാക്കുന്നത്, പൗലോസിന്റെ സത്യാന്വേഷണത്തിന്റെ വളര്‍ച്ചയാണ്. യേശുക്രിസ്തുവാകുന്ന സത്യത്തോടു താന്‍ എന്തുമാത്രം താദാത്മ്യപ്പെട്ടുവെന്നു വര്‍ണ്ണിക്കുമ്പോള്‍ പൗലോസ് എന്ന സത്യാന്വേഷിയുടെ കൃതാര്‍ത്ഥത വെളിപ്പെടുന്നുമുണ്ട്. "യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു (ഫിലി. 3:12), "ഇനിമേല്‍ ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു" (ഗലാ. 2:20) തുടങ്ങിയ പ്രസ്താവനകള്‍ ഇതു ശരിവയ്ക്കുന്നവയാണ്. അതേ സമയം തന്നെ താനിനിയും സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള തീര്‍ത്ഥാടനത്തിലാണെന്നു പറയാനും പൗലോസിനു മടിയില്ല (ഫിലി. 3:12-14).

വിശുദ്ധ പൗലോസിന്റെ സത്യദര്‍ശനം

സത്യം, പുതിയനിയമത്തിലെ പ്രത്യേകിച്ചും വി. യോഹന്നാന്റേയും പൗലോസിന്റേയും രചനകളിലെ കേന്ദ്ര ആശയങ്ങളില്‍ ഒന്നാണ്. വിശുദ്ധ ഗ്രന്ഥ പണ്ഡിതരുടെ അഭിപ്രായത്തില്‍, "യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വസ്തുത" എന്ന അര്‍ത്ഥത്തില്‍ "അലെത്തേയിയാ" എന്ന ഗ്രീക്കു പദം ഉപയോഗിക്കുമ്പോഴും പൗലോസ്, പഴയനിയമപദമായ "എമെത്" ദ്യോതിപ്പിക്കുന്ന കരുണയും നീതിയും വിശ്വസ്തതയും സന്നിവേശിപ്പിച്ചുകൊണ്ടാണ് തന്റെ സത്യദര്‍ശനം അവതരിപ്പിക്കുന്നത്. തന്റെ ലേഖനങ്ങളില്‍ 47 പ്രാവശ്യം, "അലെത്തേയിയാ" നാമരൂപത്തില്‍ ഉപയോഗിക്കുന്ന പൗലോസ്, ആ സംജ്ഞയെ "തെറ്റിനു എതിരെ നില്‍ക്കുന്ന യാഥാര്‍ത്ഥ്യം" എന്ന നിലയില്‍ നിന്നും, "ദൈവത്തിന്റെ സത്യം", "സുവിശേഷ സത്യം" എന്നിങ്ങനെ ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങളിലേക്ക് ഉയര്‍ത്തുന്നുണ്ട്.

ആചാരാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകൃതമായ മതവിശ്വാസത്തിന്റെയും, വിജ്ഞാനകേന്ദ്രീകൃതമായ തത്ത്വചിന്തയുടേയും അടിമത്തത്തില്‍ നിന്നാണ് ക്രിസ്തുവാകുന്ന സത്യം പൗലോസിനെ സ്വതന്ത്രനാക്കിയതും ആ സത്യത്തിന്റെ മുന്നണിപ്പോരാളിയാക്കിയതും. സത്യമെന്നത് മനസ്സിന്റെ ശക്തികള്‍ക്കോ, നിയമാനുഷ്ഠാനങ്ങള്‍ക്കോ കീഴടക്കാനുള്ള മേഖലയല്ല, അതു സുവിശേഷത്തിന്റെ സത്യമാണെന്ന തിരിച്ചറിവില്‍ ഒരു തീജ്ജ്വാലയായി മാറുകയായിരുന്നു, പൗലോസ്.

യേശുക്രിസ്തുവിലാണ് സത്യത്തിന്റെ പൂര്‍ണ്ണതയെന്നും, നാം സത്യാന്വേഷണം നടത്തേണ്ടത് അവിടുന്നിലാണെന്നും പൗലോസ് പഠിപ്പിക്കുന്നു. "നിങ്ങള്‍ യേശുവിനെക്കുറിച്ച് കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ?" (എഫേ. 4:21) എന്ന പൗലോസിന്റെ പ്രസ്താവം, യേശുക്രിസ്തുവിലുള്ള ദൈവാവിഷ്‌ക്കാരം പൂര്‍ണ്ണമായും വിശ്വാസയോഗ്യമാണെന്ന പ്രഖ്യാപനമായി കാണാം. ദൈവത്തിന്റെ സത്യം വിശ്വസ്തതയായി മനസ്സിലാക്കാവുന്ന പല പ്രയോഗങ്ങളും പൗലോസ് നടത്തുന്നുണ്ട് (റോമാ 3:7, 3:5, 15:8, 2 കൊറി. 1:18). ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച വ്യാജം സ്വീകരിക്കുന്നവരേയും, (റോമാ 1:25), സത്യത്തെ അധര്‍മ്മത്തില്‍ ഒതുക്കുന്നവരേയും (റോമാ 1:18), സത്യത്തെ അനുസരിക്കാന്‍ വിമുഖത കാട്ടുന്നവരേയും (റോമാ 2:8; ഗലാ 5:7; 2 തെസ. 2:12), നുണയ്ക്കു പകരം കൈമാറ്റം ചെയ്യുന്നവരേയും (റോമാ 1:25) ദൈവത്തിന്റെ സത്യത്തെ തിരസ്‌ക്കരിക്കുന്നവരും ദൈവപക്ഷത്തു നില്‍ക്കാത്തവരുമായി കാണുന്ന ദര്‍ശനമാണ് പൗലോസിന്റേത്.

ക്രിസ്തീയജീവിതത്തില്‍ സത്യത്തിന്റെ സ്ഥാനവും സാംഗത്വവും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്, പൗലോസ് തന്റെ രചനകളിലൂടെ. "സ്‌നേഹത്തില്‍ സത്യം സംസാരിക്കുക" (എഫെ. 4:15) എന്നു പൗലോസ് നിര്‍ദ്ദേശിക്കുമ്പോള്‍ അതൊരു സ്‌നേഹസമന്വിതമായ സത്യഭാഷണം എന്നയര്‍ത്ഥത്തില്‍ മാത്രമല്ല, മനസ്സിലാക്കേണ്ടത്. മറിച്ച്, സത്യത്തെ സംസാരത്തിന്റെയെന്നപോലെ തന്നെ പ്രവൃത്തിയുടേയും ആധാരമായ ഗുണമായി കാണണമെന്നാണ്. ക്രിസ്തുവനുയായികള്‍ സത്യം സംസാരിക്കുന്നവര്‍ മാത്രമല്ല, അത് ജീവിക്കുന്നവര്‍ കൂടിയാകണം. "അതിനാല്‍ എല്ലാവരും വ്യാജം വെടിഞ്ഞ് അയല്‍ക്കാരോട് സത്യം സംസാരിക്കണം" (എഫെ. 4:25) എന്ന പൗലോസിന്റെ ആഹ്വാനം സത്യസമന്വിതമായ ക്രൈസ്തവസാക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സത്യം, പൗലോസിനു ബുദ്ധിയുടെ വിഷയമല്ല. ഒരുവന്റെ ജീവിതസമര്‍പ്പണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണത്. സത്യത്തെ തിരഞ്ഞെടുക്കുമ്പോഴാണ് ഒരുവനു ജീവിതപൂര്‍ണ്ണിമ കൈവരുന്നത്. ക്രിസ്തുവില്‍ വെളിപ്പെട്ട സുവിശേഷ സത്യത്തിലൂടെ പൗലോസ് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹത്തെ സമ്പൂര്‍ണ്ണ സ്വതന്ത്രനാക്കിയതും.

"സുവിശേഷ സത്യ"ത്തിന്റെ മുന്നണിപ്പോരാളി

ദൈവത്തോടും അവിടുത്തെ സ്വഭാവത്തോടും ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യമായ സത്യം ഈ ഭൂമിയില്‍ വെളിവായത് സുവിശേഷത്തിലൂടെയാണ്. "സുവിശേഷസത്യം" (ഗലാ. 2:5, 14) എന്ന അനന്യമായ പ്രയോഗത്തിലൂടെ പൗലോസ് വെളിവാക്കുന്നത് ക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട ദൈവസ്‌നേഹത്തിന്റെ പരമമായ സത്യത്തെയാണ്. ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനം വെളിവാക്കുന്നതുപോലെ പൗലോസ് പോരാട്ടം നടത്തുന്നത് ഈ സുവിശേഷസത്യത്തെ അഭംഗുരം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ക്രിസ്തുവിന്റെ സുവിേശഷം സര്‍വ്വാശ്ലേഷിയായ ഒന്നാണെന്നും, എല്ലാ അതിര്‍വരമ്പുകളേയും വൈജാത്യങ്ങളേയും അതിജീവിക്കുന്നതാണെന്നും പൗലോസ് സമര്‍ത്ഥിക്കുന്നു. നിയമാനുഷ്ഠാനങ്ങളിലൂടെ രക്ഷയും നീതീകരണവും കരഗതമാകില്ലെന്നും വിശ്വാസത്തിലൂടെയും വിശ്വസ്തതയിലൂടെയുമാണ് അത് സാധിതമാകുകയുള്ളൂ എന്നുമുള്ള വെളിപാടാണ് സുവിശേഷ സത്യത്തിന്റെ അന്തഃസത്തയെന്നാണ് പൗലോസിന്റെ പക്ഷം. ജെറുസലേം സമ്മേളനത്തെക്കുറിച്ചുള്ള വിവരണത്തിലും (ഗലാ. 2:1-10), അന്ത്യോക്കായില്‍ പത്രോസിനോട് ന്യായവാദം നടത്തുന്നതിനെക്കുറിച്ചുള്ള വിവരണത്തിലും (ഗലാ. 2:11-14) പൗലോസ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് "സുവിശേഷസത്യ"ത്തിനുവേണ്ടിയുള്ള തന്റെ നിലപാടിനേയും പോരാട്ടത്തിനേയുമാണ്.

യേശുക്രിസ്തു വെളിപ്പെടുത്തിയ "സുവിശേഷസത്യ"ത്തെ തമസ്‌ക്കരിക്കുന്ന നിലപാടുകള്‍ക്കെതിരായാണ് ഈ രണ്ടു സന്ദര്‍ഭങ്ങളിലും പൗലോസ് നിലകൊണ്ടത്. പരിച്ഛേദനവാദികളുടേയും പാരമ്പര്യവാദികളുടേയും, ഇടുങ്ങിയതും, സുവിശേഷസത്യത്തിനു നിരക്കാത്തതുമായ നിലപാടുകളെയാണ് പൗലോസ് ചോദ്യം ചെയ്തത്. ക്രിസ്തീയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ യഹൂദ കര്‍മ്മാനുഷ്ഠാനങ്ങളുടെ നിവര്‍ത്തനം വേണമെന്ന വാദഗതിക്കെതിരെയാണ് ജറുസലേം സമ്മേളനത്തില്‍ പൗലോസ് പോരാടി വിജയം വരിച്ചത്. ഈ സമ്മേളനത്തില്‍ സ്വീകരിച്ച സമന്വയത്തിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി യഹൂദ വത്ക്കരണ വാദികളെ ഭയന്ന് അന്തോക്ക്യായില്‍ വിജാതീയ ക്രൈസ്തവരുമായുള്ള പന്തിഭോജനത്തില്‍ നിന്നും പിന്മാറുന്ന പത്രോസിന്റെ മുഖത്തുനോക്കി പൗലോസ് പറഞ്ഞു: "സുവിശേഷസത്യത്തിന്റെ നേര്‍വരയിലല്ല, താങ്കള്‍ സഞ്ചരിക്കുന്നത്" (ഗലാ. 2:14). ഇതു പത്രോസിന്റെ പ്രാമുഖ്യത്തിനോ അപ്രമാദിത്തത്വത്തിനോ എതിരെയുള്ള നിലപാടായിരുന്നില്ല. മറിച്ച്, ദൈവം സ്‌നേഹസമ്പന്നനായ പിതാവാണെന്നും, അവിടുത്തെ, മനുഷ്യവംശത്തോടുള്ള സ്‌നേഹവും കാരുണ്യവുമാണ് ക്രിസ്തുവില്‍ വെളിപ്പെട്ടതെന്നും, ആ സ്‌നേഹകാരുണ്യങ്ങള്‍ വര്‍ഗ്ഗ, വര്‍ണ്ണ, ജാതി വ്യത്യാസങ്ങള്‍ കൂടാതെ എല്ലാവര്‍ക്കും സംലഭ്യമാണെന്നുമുള്ള സുവിശേഷ സത്യം ഓര്‍മ്മിപ്പിക്കലായിരുന്നു അത്. ഈ സു വിശേഷ സത്യം വിഭാവനം ചെയ്യുന്നത് ദൈവത്തിന്റെ പിതൃത്വവും, മനുഷ്യരുടെ സാഹോദര്യവും സംജാതമാകുന്ന സ്ഥിതി വിശേഷമാണ്. ഈ സുവിശേഷസത്യമറിഞ്ഞ ഒരാള്‍ക്കും സ്വാര്‍ത്ഥപരമായും സങ്കുചിതമനോഭാവത്തോടെയും പെരുമാറാന്‍ കഴിയുകയില്ലെന്ന് പൗലോസിന്റെ പോരാട്ടവീര്യം സമര്‍ത്ഥിക്കുന്നു.

ആചാരാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകൃതമായ മതവിശ്വാസത്തിന്റെയും, വിജ്ഞാനകേന്ദ്രീകൃതമായ തത്ത്വചിന്തയുടേയും അടിമത്തത്തില്‍ നിന്നാണ് ക്രിസ്തുവാകുന്ന സത്യം പൗലോസിനെ സ്വതന്ത്രനാക്കിയതും ആ സത്യത്തിന്റെ മുന്നണിപ്പോരാളിയാക്കിയതും. സത്യമെന്നത് മനസ്സിന്റെ ശക്തികള്‍ക്കോ, നിയമാനുഷ്ഠാനങ്ങള്‍ക്കോ കീഴടക്കാനുള്ള മേഖലയല്ല, അതു സുവിശേഷത്തിന്റെ സത്യമാണെന്ന തിരിച്ചറിവില്‍ ഒരു തീജ്ജ്വാലയായി മാറുകയായിരുന്നു, പൗലോസ്.

പൗലോസിന്റെ സത്യദര്‍ശനവും സത്യാനന്തരകാലവും

അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും യാഥാര്‍ത്ഥ്യമെന്ന പോലെയും സത്യമെന്ന പോലെയും അവതരിപ്പിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് സത്യാനന്തരകാലത്തിന്റെ പ്രത്യേകതകളിലൊന്ന്. വസ്തുതകള്‍ വികലമായി അവതരിപ്പിക്കുകയും മാധ്യമങ്ങളിലൂടെ അവയെ സ്ഥാപിച്ചെടുക്കുകയും ചെയ്യുകയാണ് ഇതിന്റെ നടപ്പുരീതി. നുണയെ സത്യമായി അവതരിപ്പിക്കുന്നതിന് മടിക്കാതെയുള്ള ശൈലിയിലൂടെ വിശ്വാസങ്ങളും വികാരാവേശങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. പെരുകുന്ന നുണകളും കെട്ടുകഥകളും സത്യത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ബഹുദൂരം മാറ്റിനിര്‍ത്തുന്നു. നിക്ഷിപ്ത താല്പര്യങ്ങളും, സ്ഥാപിതലക്ഷ്യങ്ങളും സ്ഥാപിച്ചെടുക്കുകയെന്നത് സത്യാനന്തരകാലത്തില്‍ പതിവുസംഭവങ്ങളാണ്. അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിക്കുക വഴി വിഭജനവും, വേര്‍തിരിവുകളും ധ്രുവീകരണവും സൃഷ്ടിക്കപ്പെടുന്നുവെന്നതും ഈ കാലത്തിന്റെ മുഖമുദ്രയാണ്. സമൂഹജീവിതത്തിലും മതജീവിതത്തിലും ആത്മീയമണ്ഡലത്തിലുമൊക്കെ ഈവിധ ചിന്തയും ആശയരീതിയും നാശോന്മുഖമായ സ്ഥി തിവിശേഷങ്ങള്‍ക്ക് വഴിമരുന്നിട്ടു കഴിഞ്ഞു. തുറന്ന മനഃസ്ഥിതിയും, വ്യത്യസ്തതകളെ സ്വാഗതം ചെയ്യാനുള്ള സഹിഷ്ണുതാപൂര്‍വ്വമായ കാഴ്ചപ്പാടും, ചക്രവാളങ്ങ ളെ വികസിതമാക്കാനുള്ള താല്പര്യവുമൊക്കെ തമസ്‌ക്കരിക്കപ്പെടുകയാണെങ്ങും. വിരല്‍ചൂണ്ടിയും പഴിചാരിയും അകറ്റിനിര്‍ത്താനുള്ള പ്രേരണയാണ് ആഘോഷിക്കപ്പെടുന്ന, അധീശത്വം പുലര്‍ത്തുന്ന അസത്യങ്ങള്‍ നമുക്കു നല്കുന്നത്.

വിഭജനവും, വിദ്വേഷവും, വിപണനവും മുഖമുദ്രയാക്കിയ സത്യാനന്തരകാലത്ത്, സുവിശേഷ സത്യത്തിന്റെ മുന്നണിപ്പോരാളിയായി ജീവിച്ചുമരിച്ച വി. പൗലോസിന്റെ സത്യദര്‍ശനത്തിന് പ്രസക്തിയേറുകയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങളുടേയും മാമൂലുകളുടേയും പേരില്‍ വികൃതമാക്കപ്പെടേണ്ടതോ, സങ്കരമാക്കപ്പെടേണ്ടതോ അല്ല സുവിശേഷ സത്യമെന്നും, അതിര്‍വരമ്പുകള്‍ കൂടാതെ സര്‍വവാശ്ലേഷിയായി മാറേണ്ട സ്‌നേഹമാണ് അതെന്നുമുള്ള ബോധ്യത്തില്‍ നിന്നുകൊണ്ട് പോരാടിയ പൗലോസ്, സത്യാനന്തരകാലത്തും പ്രസക്തവും പ്രായോഗികവുമായ ചില ബദല്‍ മോഡലുകള്‍ക്കുള്ള പ്രേരകശക്തിയാണ്. വംശീയവും ലിംഗപരവും സാമൂഹികവുമായ വേര്‍തിരിവുകള്‍പ്പുറം, എല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്ന സത്യത്തിന്റെ നിവര്‍ത്തനത്തിനുവേണ്ടിയാണ് പൗലോസ് പോരാടിയത്. ബാഹ്യമായ അടയാളങ്ങളും ആചാരങ്ങളുമല്ല, നിയമസംഹിതകളും കീഴ്‌വഴക്കങ്ങളുമല്ല സുവിശേഷ സത്യത്തിന്റെ ആവിഷ്‌ക്കാരത്തിന് പ്രേരണയാകേണ്ടത്. നേരേമറിച്ച്, അത് സ്‌നേഹവും കരുണയും, സ്വാതന്ത്ര്യവും മാനിക്കപ്പെടുന്ന, വിശ്വസ്തത വിലമതിക്കപ്പെടുന്ന നടപടികളാണ്. ഭൗതിക മണ്ഡലങ്ങളിലെന്നപോലെ ആത്മീയജീവിതത്തിലും സത്യത്തോടുള്ള ഈ തുറവിയുണ്ടാകണം. സത്യാന്വേഷിയല്ലാത്ത ക്രിസ്ത്യാനിയുടെ ജീവിതം വിരോധാഭാസമാണെന്ന പൗലോസിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഈ സത്യാനന്തരകാലത്ത് ഒഴുക്കിനെതിരെ നീന്താന്‍ നമുക്കു പ്രേരണ നല്കണം. സത്യത്താല്‍ സ്വതന്ത്രരാക്കപ്പെട്ടവരാല്‍ രൂപീകൃതമായ മുന്നേറ്റങ്ങള്‍ക്കു മാത്രമേ, ശാന്തിയും സമാധാനവും നിറഞ്ഞ നാളുകള്‍ സമ്മാനിക്കാനാകൂ എന്ന് പൗലോസ് എന്ന സത്യാഗ്രഹി നമ്മോടു നിരന്തരം വിളിച്ചു പറയുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org