Latest News
|^| Home -> Cover story -> വി.റൊമേരൊ: വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനങ്ങളുടെ ആള്‍രൂപം

വി.റൊമേരൊ: വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനങ്ങളുടെ ആള്‍രൂപം

Sathyadeepam


ബിഷപ് റാഫേല്‍ തട്ടില്‍

ആര്‍ച്ചുബിഷപ് ഓസ്കര്‍ റൊമേരൊ രക്തസാക്ഷിത്വം വരിച്ച വര്‍ഷമാണ് ഞാന്‍ പുരോഹിതനായി പട്ടമേല്‍ക്കുന്നത്. അതുകൊണ്ടു തന്നെ എന്നെ വളരെയേറെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. വി. ബലിയര്‍പ്പിക്കുമ്പോഴാണ് അദ്ദേഹം വെടിയേറ്റു വീഴുന്നത്.

താന്‍ കുര്‍ബാനയില്‍ കൂദാശ ചെയ്ത അപ്പവും വീഞ്ഞും വെടിയേറ്റുവീഴുമ്പോള്‍ അദ്ദേഹത്തിന്‍റെ കരങ്ങളിലുണ്ടായിരുന്നു. അത് തന്‍റെ തന്നെ രക്തവുമായി കൂടിക്കലര്‍ന്നു. അത് എന്നെ ഏറ്റവും സ്പര്‍ശിച്ചിട്ടുള്ള ഒരു പ്രതീകമായിരുന്നു. മെത്രാനായപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്ത മുദ്രാവാക്യം വിഭജിക്കപ്പെടാനും നല്‍കപ്പെടാനും എന്നതായിരുന്നു. അതിനെന്നെ പ്രേരിപ്പിച്ച ഒരു വ്യക്തിത്വമാണ് ആര്‍ച്ചുബിഷപ് റൊമേരൊ.

പ്രതീകങ്ങളില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള യാത്ര. അതാണ് പൗരോഹിത്യം. പ്രതീകങ്ങള്‍ അനുഷ്ഠിക്കാനുള്ളതാണ്. അതൊരു യാഥാര്‍ത്ഥ്യമായി തീരണമെങ്കില്‍ പുരോഹിതന്‍ ഒരു പ്രവാചകസാന്നിദ്ധ്യമാകണം. കത്തോലിക്കാസഭ ഇന്ന് അനുഷ്ഠാനപരമായ (കള്‍ട്ടിക്) ശുശ്രൂഷയില്‍നിന്ന് പ്രവാചക ശുശ്രൂഷയിലേയ്ക്ക് യാത്ര ചെയ്യുന്നില്ല എന്നിടത്താണ് ആര്‍ച്ചുബിഷപ് റൊമേരോയുടെ പ്രസക്തി. പള്ളികളുടെ ഉള്ളില്‍ നടക്കുന്ന കര്‍മ്മങ്ങള്‍ പള്ളിക്കു പുറത്തേയ്ക്കു സുഗന്ധമായി പരക്കുന്നില്ല.

യോഹന്നാന്‍റെ സുവിശേഷം അദ്ധ്യായം 12-ല്‍ മഗ്ദലേനാ മറിയം എടുത്തൊഴിച്ച തൈലത്തെ പരാമര്‍ശിക്കുന്ന ഒരു വാക്യമുണ്ട്, “അത് ആ ഭവനം മുഴുവന്‍ പരിമളം പരത്തി.” ഒരുപക്ഷേ നമ്മുടെ അള്‍ത്താരകളിലും പള്ളിയകങ്ങളിലും നടക്കുന്ന പ്രഘോഷണങ്ങളും തിരുക്കര്‍മ്മങ്ങളും സുഗന്ധമായി പുറത്തേയ്ക്കു വരുന്നില്ല. അള്‍ത്താരയില്‍ കുര്‍ബാന ചൊല്ലിയ പുരോഹിതന്‍ പുറത്തു വരുമ്പോള്‍ ആ കുര്‍ബാന തുടരാന്‍ സാധിക്കുന്നില്ല. കാലുകഴുകല്‍ ഒരു തുടര്‍ക്കഥയാകുന്നില്ല.

പൗരോഹിത്യത്തെ കുറിച്ചുള്ള ഒരു പുനര്‍വായനയ്ക്ക് സഭ തയ്യാറാകുന്നതിന്‍റെ അടയാളമായിട്ടാണ് ഓസ്കര്‍ റൊമേരോയെ പോലൊരാള്‍ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വിശുദ്ധപദപ്രഖ്യാപനം അല്‍പം നീണ്ടുപോകാനുണ്ടായ ഒരു കാരണം അദ്ദേഹത്തിനു വിമോചനദൈവശാസ്ത്രവുമായിട്ടുണ്ടായിരുന്ന ബന്ധമാണ്. അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാരെല്ലാം പറയുന്നത് ആര്‍ച്ചുബിഷപ് വിമോചനദൈവശാസ്ത്രം എന്ന ആശയത്തിന്‍റെ മുന്നണിപ്പോരാളിയൊന്നുമായിരുന്നില്ലെന്നാണ്. പക്ഷേ വിമോചനദൈവശാസ്ത്രത്തിന്‍റെ ആദര്‍ശങ്ങളെല്ലാം അദ്ദേഹം തന്‍റെ ജീവിതത്തില്‍ ആവിഷ്കരിച്ചു, യാഥാര്‍ത്ഥ്യമാക്കി. ആ ആശയം പ്രചരിപ്പിക്കുക ജീവിതദൗത്യമായി സ്വീകരിച്ച ആളായിരുന്നില്ല ആര്‍ച്ചുബിഷപ് റൊമേരോ. പക്ഷേ വിമോചനദൈവശാസ്ത്രമെന്ന ആദര്‍ശത്തിന്‍റെ ആള്‍രൂപമായി അദ്ദേഹം അറിയപ്പെട്ടു എന്നത് ഒരുപക്ഷേ അദ്ദേഹത്തിന്‍റെ നാമകരണച്ചടങ്ങിനെ വൈകിച്ചിരിക്കാം. ഏതായാലും വിമോചനദൈവശാസ്തത്തിനാവശ്യമായ ജീവിതസാക്ഷ്യം അദ്ദേഹം നല്‍കിയിട്ടുണ്ട് എന്നതു വസ്തുതയാണ്.

അദ്ദേഹം രക്തസാക്ഷിത്വം വരിച്ച മാര്‍ച്ച് 24 എന്ന തീയതി, ഐക്യരാഷ്ട്രസംഘടന 2010 മുതല്‍ മനുഷ്യാവകാശങ്ങളുടെ ആഗോളദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. കത്തോലിക്കാസഭയല്ല ഈ തീരുമാനമെടുത്തത്, ഐക്യരാഷ്ട്രസഭയാണ്. അദ്ദേഹത്തിന്‍റെ ജീവിതത്തെ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചു എന്നര്‍ത്ഥം.

നമ്മുടെ കുര്‍ബാനയില്‍ നാം മോചനത്തിന്‍റെ സദ്വാര്‍ത്ത മുറിച്ചു പങ്കിടുമ്പോള്‍ കുര്‍ബാനയ്ക്കു വരുന്ന മനുഷ്യര്‍ മോചിതരാണോ എന്ന് ആലോചിക്കാന്‍ നാം പരിശ്രമിക്കാറില്ല. പലപ്പോഴും അവരെ ചങ്ങലയ്ക്കിടുന്ന സംവിധാനങ്ങളുമായി നാം കൈകോര്‍ക്കുക പോലും ചെയ്യും. അവിടെയാണ് ആര്‍ച്ചുബിഷപ് റൊമേരോയുടെ പ്രസക്തി. വത്തിക്കാന്‍ സൂനഹദോസ് കഴിഞ്ഞയുടന്‍ അദ്ദേഹം മെത്രാനായി. വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം.

വലിയ പുരോഗമനവാദിയായ ഒരു മെത്രാന്‍ എന്ന നിലയിലൊന്നുമല്ല അദ്ദേഹം തന്‍റെ മേലദ്ധ്യക്ഷശുശ്രൂഷ ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ വലിയ ആത്മമിത്രമായിരുന്ന റുട്ടേലിയോ എന്ന വൈദികന്‍ കൊല്ലപ്പെട്ടു. ആ കൊലപാതകമാണ് വി. റൊമേരോയുടെ പന്തക്കുസ്താനുഭവം. ആ കൊലപാതകത്തിന്‍റെ ദുരന്തത്തില്‍ നിന്നാണ് അദ്ദേഹം ഒരു പുതിയ മനുഷ്യനായി മാറുന്നത്. മനുഷ്യന്‍ അടിച്ചമര്‍ത്തപ്പെടുന്നിടത്തൊക്കെ കര്‍ത്താവിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടണം എന്നദ്ദേഹം പിന്നീടു പറഞ്ഞു. റുട്ടേലിയോയുടെ മരണം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. തുടര്‍ന്നദ്ദേഹം നടത്തുന്ന വലിയ ആത്മപരിശോധനയുണ്ട്. “എന്‍റെ ആത്മമിത്രം അനീതിയുടെ കരങ്ങളാല്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അതെനിക്ക് ഒരിക്കലും താങ്ങാനാകാത്ത ഭാരം നല്‍കി. അദ്ദേഹത്തെ എനിക്കറിയാമായിരുന്നതുകൊണ്ട്, അദ്ദേഹമെന്‍റെ സുഹൃത്തായിരുന്നതുകൊണ്ടാണ് അത്. എന്‍റെ സുഹൃത്തുക്കളല്ലാത്ത, ഞാനറിയാത്ത എത്രയോ മനുഷ്യര്‍ ഓരോ ദിവസവും കൊല ചെയ്യപ്പെടുന്നു. ആരാണ് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത്, ആരാണ് അവരെ മോചിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നത്?” അങ്ങനെയാണ് അദ്ദേഹം മുന്നോട്ടു വരുന്നത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ജീവിതം കൊണ്ട് വ്യാഖ്യാനം ചമച്ച മനുഷ്യനാണ് അദ്ദേഹം. വത്തിക്കാന്‍ സൂനഹദോസിന്‍റെ വലിയ രണ്ടു സ്തംഭങ്ങള്‍ സഭയും അതിന്‍റെ ഘടനയുമാണ്. ആ ഘടന എങ്ങിനെയാണ് ആധുനികലോകത്തില്‍ പ്രസക്തമാക്കപ്പെടേണ്ടത്? ലോകത്തിലെ സഭ, ജനങ്ങള്‍ക്കിടയിലെ സഭ. പള്ളിക്കുള്ളിലെ സഭയെ കുറിച്ചാണ് ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖ സംസാരിക്കുന്നത്. പള്ളിക്കു പുറത്തെ സഭയെ കുറിച്ചാണ് സഭ ആധുനികലോകത്തില്‍ എന്ന രേഖ വിശദീകരിക്കുന്നത്.

പള്ളിയുടെ മതില്‍ക്കെട്ടുകള്‍ വിട്ടു പുറത്തു കടക്കാന്‍ സഭയ്ക്കു തടസ്സങ്ങളാണ്. എന്താണ് ആ തടസ്സങ്ങള്‍? സഭയ്ക്കു പുറത്തു നടക്കുന്ന പല കുറ്റങ്ങളിലും തിന്മകളിലും സഭയ്ക്കു കൂടി പങ്കാളിത്തമുള്ളതുകൊണ്ട് സഭയ്ക്കു സംസാരിക്കാന്‍ ധൈര്യം വരുന്നില്ല. പന്തക്കുസ്താസംഭവം നോക്കുക. പരിശുദ്ധാത്മാവിന്‍റെ ധൈര്യം ലഭിച്ച ശേഷം കതകു ചവിട്ടിത്തുറന്നു പുറത്തു വന്നു പത്രോസ് ശ്ലീഹാ ആദ്യം പറഞ്ഞത്, “നിങ്ങളവനെ കൊന്നത് അനീതിയാണ്” എന്നാണ്. അനീതിക്കെതിരായിരുന്നു പരിശുദ്ധാത്മാഭിഷേകം സ്വീകരിച്ച പ്രഥമശിഷ്യന്‍റെ പ്രഥമ പ്രതികരണം. റുട്ടിലീയോടെ മരണം റോമേരോയെ സംബന്ധിച്ചിടത്തോളം വാതില്‍ ചവിട്ടിത്തുറക്കാനും പുറത്തുവരാനും കാരണമായിട്ടുണ്ട്.

ആര്‍ച്ചുബിഷപ് റൊമേരോ വളരെ ലളിതമായി ജീവിച്ചു. ആര്‍ഭാടങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ സംഭാഷണങ്ങളിലും നീതിക്കുവേണ്ടിയുള്ള ദാഹം ഉണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള ദാഹത്തിനായി അദ്ദേഹം ചവിട്ടിനിന്ന മൂലക്കല്ലെന്നത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു. പല അനീതികളെയും എതിര്‍ക്കാന്‍ ഇന്നു സഭയ്ക്കു ധൈര്യമില്ല. കാരണം, അനീതികളുടെ ചെളിയില്‍ ചവിട്ടിനില്‍ക്കുകയാണു സഭയും.

ആര്‍ച്ചുബിഷപ് റൊമേരോയാണ് ആദിമസഭയുടെ കാഴ്ചപ്പാട് ആധുനികസഭയില്‍ ഏറ്റവും ശക്തമായി അവതരിപ്പിച്ച ഒരാള്‍. “എല്ലാവര്‍ക്കും വേണ്ടി നല്‍കപ്പെട്ട സ്വത്തുക്കള്‍ ചിലരു മാത്രം വേലി കെട്ടി വയ്ക്കുന്നത് ദൈവത്തിന്‍റെ നിയോഗമല്ല, മനുഷ്യന്‍റെ ക്രൂരതയാണ്.” എന്നദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവകാശപ്പെട്ട എല്‍ സാല്‍വദോര്‍ എന്ന രാജ്യത്തിന്‍റെ സ്വത്തുക്കള്‍ ചിലര്‍ മാത്രം സ്വരൂപിച്ചു വയ്ക്കുന്നു. അതില്‍ സഭയും പങ്കാളിയാണ്. അതും അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആര്‍ച്ചുബിഷപ് റൊമേരോയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ അതു സാര്‍വത്രികസഭയ്ക്കു നല്‍കുന്ന ഒരു സന്ദേശമിതാണ്. സഭ പോകാനാഗ്രഹിക്കുന്ന വഴികള്‍ക്കു വിളക്കു വച്ച ആളാണ് ആര്‍ച്ചുബിഷപ് റൊമേരോ. വത്തിക്കാന്‍ സൂനഹദോസ് എന്ന പുതിയ പന്തക്കുസ്താ ആരാധനാക്രമനവീകരണമോ ബൈബിളിന്‍റെ പരിഭാഷകളോ മാത്രമല്ല, ബൈബിളിലെ മൂല്യങ്ങളും വീക്ഷണങ്ങളും പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ കാണിക്കേണ്ട തീവ്രതയേയും തീക്ഷ്ണതയേയും കുറിച്ചു കൂടി സൂനഹദോസ് പറയുന്നുണ്ട്. അതു നമുക്കു നഷ്ടപ്പെടാന്‍ പാടില്ല. വൈദികജീവിതത്തിന്‍റെ പരിശീലനങ്ങള്‍, ജീവിതശൈലികള്‍ തുടങ്ങിയവയെ കുറിച്ചു കൂടി സൂനഹദോസ് ചില നവീകരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അതൊന്നും വിസ്മരിക്കപ്പെടരുത്.

എട്ടു നൂറ്റാണ്ടു കഴിഞ്ഞു, അസീസിയിലെ ഫ്രാന്‍സിസ് മരിച്ചിട്ട്. മാര്‍പാപ്പ അദ്ദേഹത്തെ കുറിച്ച് അടുത്ത കാലത്തു പറഞ്ഞു, “അധികം സംസാരിക്കാത്ത ഒരു മനുഷ്യന്‍. പക്ഷേ എട്ടു നൂറ്റാണ്ടു കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യമെന്ന സുവിശേഷപ്രഭാഷണം വേറൊരാള്‍ക്കും മാറ്റി വയ്ക്കാന്‍ സാധിക്കുന്നില്ല.” റൊമേരോയുടേത് ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാടായിരുന്നു. രൂപക്കൂട്ടില്‍ വച്ച് കുടയും വെടിയും വാദ്യങ്ങളുമായി കൊണ്ടു നടക്കുന്നതിനേക്കാള്‍ നമ്മുടെ സെമിനാരികളിലും പരിശീലനകേന്ദ്രങ്ങളിലും അല്മായനേതൃത്വത്തിലുമൊക്കെ വായിക്കപ്പെടേണ്ട ഒരു ജീവിതമായി, ജീവിതഗ്രന്ഥമായി റൊമേരോയെ ഉപയോഗിക്കുകയാണു വേണ്ടത്.

അതുകൊണ്ടു തന്നെ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ ഒരു വിശുദ്ധനെ പോലെ ഞാന്‍ എന്‍റെ മനസ്സില്‍ കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം നല്‍കുന്ന മാതൃക ഈ കാലഘട്ടത്തില്‍ സഭ കൂടുതല്‍ പ്രസക്തമാകാന്‍ നമ്മെ സഹായിക്കുന്നതാണ്. സഭയുടെ പ്രസക്തി നഷ്ടപ്പെടുകയാണോ എന്ന ചോദ്യം ഇന്നു പലരും ഉന്നയിക്കുന്നുണ്ട്. സഭയുടെ പ്രസക്തി നഷ്ടപ്പെടുകയല്ല, കൂടുതല്‍ പ്രസക്തമാകുകയാണ്. സഭ കൂടുതല്‍ പ്രസക്തമാകുന്നതിനാവശ്യമായ മൂല്യങ്ങളുടെ ഒരു ഭണ്ഡാഗാരം സഭയുടെ പക്കലുണ്ട്. അതു ക്രയവിക്രയം ചെയ്യണമെങ്കില്‍ സഭയുടെ ശൈലി മാറേണ്ടതുണ്ട്. അതിനൊരു പക്ഷേ ഓസ്കാര്‍ റൊമേരോ കാരണമാകുന്നുണ്ട്.

ഓസ്കാര്‍ റൊമേരോയെ കുറിച്ചു ചിന്തിക്കുമ്പോള്‍ വരുന്ന ഒരു ചിന്തയുണ്ട്. ബൈബിളില്‍ കര്‍ത്താവിന്‍റെ എല്ലാ യാത്രകളും ജറുസലേമിലേയ്ക്കുള്ള യാത്രകളാണ്. എന്നാല്‍ സമരിയാക്കാരന്‍റെ കഥയില്‍ ജറുസലേമില്‍നിന്നു ജെറീക്കോയിലേയ്ക്കാണ് യാത്ര. ജെറുസലേം ദൈവത്തി ന്‍റെ ക്ഷേത്രമാണ്. ജെറീക്കോ ജനങ്ങളുടെ നഗരമാണ്. ഈ കഥയില്‍ മാത്രമാണ് ജെറുസലേമില്‍നിന്നു ജെറീക്കോയിലേയ്ക്കുള്ള യാത്ര പരാമര്‍ശിക്കപ്പെടുന്നത്. ഈ കഥയെ ദൈവശാസ്ത്രപരമായി പരിശോധിച്ചാല്‍ വഴിയില്‍ കുര്‍ബാനയര്‍പ്പിച്ച ഒരു നല്ല സമരിയാക്കാരന്‍റെ കഥയെന്നു വിശേഷിപ്പിക്കാം. വഴിയില്‍ വീണവനെ ആദ്യം കണ്ടതു ഫരിസേയനാണ്, രണ്ടാമതു കണ്ടതു ലേവായക്കാരനും. അപ്പം മുറിക്കുന്നവനും വചനം മുറിക്കുന്നവനും. രണ്ടു പേരും വ്യാഖ്യാനിച്ചവരാണ്. പക്ഷേ രണ്ടു പേര്‍ക്കും ചെയ്യാന്‍ പറ്റാത്തത് മൂന്നാമത്തവന്‍ ചെയ്തു. അവന്‍ കുര്‍ബാന കണ്ട് ഇറങ്ങിയവനാണ്. വഴിയില്‍ വീണു കിടക്കുന്നത് അള്‍ത്താരയാണെന്ന് അവനു മനസ്സിലായി. അവന്‍റെ മുറിവുകള്‍ അപ്പവും വീഞ്ഞും വയ്ക്കുന്ന കാസയും പീലാസയുമാണ്. യഹൂദപാരമ്പര്യമനുസരിച്ച് ബലിമൃഗങ്ങളെ വിശുദ്ധീകരിക്കാന്‍ വയ്ക്കുന്ന രണ്ടു ദ്രവ്യങ്ങളാണ് എണ്ണയും വീഞ്ഞും. അതാണ് ആ മുറിവുകളില്‍ വച്ചത്. അന്നുവരെ അവന്‍ യാത്ര ചെയ്ത കഴുതയില്‍ മറ്റൊരാളെയും കയറ്റിയിട്ടില്ല. അന്നു ഭാണ്ഡക്കെട്ടിനൊപ്പം ഒരാള്‍ക്കു കൂടി ഇടം കൊടുത്തു. ആത്മീയതയെന്നാല്‍ ഈ ഇടം കൊടുക്കലാണ്. അപരനുകൂടിയുള്ള ഇടം.

തിരുപ്പട്ടം കൊടുത്തു കഴിഞ്ഞു പാടുന്ന പാട്ടാണ് കക്രാ നല്‍കിയ മിശിഹായേ… എന്നത്. പട്ടത്തിനു വായിക്കുന്ന സുവിശേഷം താലന്തുകള്‍ കൊടുത്ത ദാസന്‍റെ കഥയാണ്. അച്ചന്മാര്‍ മരിക്കുമ്പോള്‍ വായിക്കുന്ന സുവിശേഷം താലന്തുകള്‍ തിരിച്ചു ചോദിക്കുന്ന ആ കഥ തന്നെയാണ്. സത്രത്തില്‍ രണ്ടു താലന്തു കൊടുത്തിട്ടു സമരിയാക്കാരന്‍ പറഞ്ഞു, ബാക്കി ഞാന്‍ തിരിച്ചു വരുമ്പോള്‍ കൊണ്ടു വരും. ഒരുപക്ഷേ അവിടെ അള്‍ത്താരയില്ലായിരിക്കാം, ധൂപവും ദീപവും പൂക്കളുമില്ലായിരിക്കാം, പക്ഷേ വഴിയില്‍ വീണ മനുഷ്യന്‍ ഒരു അള്‍ത്താരയായി. അവിടെ ഒരു ബലിയര്‍പ്പണം നടന്നു. അതാണു പൗരോഹിത്യത്തിന്‍റെ പ്രവാചക ദൗത്യം. ആ പ്രവാചകദൗത്യത്തിലേയ്ക്കു സഭ വൈദികരേയും അല്മായരേയും പരിശീലിപ്പിക്കാത്തിടത്തോളം കാലം സഭയ്ക്ക് പള്ളിക്കകത്തു നിന്നു പള്ളിക്കു പുറത്തു കടക്കാന്‍ ഒരിക്കലും കഴിയില്ല. ജറുസലേമില്‍നിന്നു ജെറീക്കോയിലേയ്ക്കു പോകാന്‍ കഴിയില്ല. പള്ളിക്കകത്തുനിന്നു സഭയെ പള്ളിക്കു പുറത്തേയ്ക്കു കൊണ്ടുവരിക. തൈലത്തിന്‍റെ സുഗന്ധം പുറത്തേ യ്ക്കു കടന്നതുപോലെ. അതിനാണു പ്രവാചകദൗത്യം എന്നു പറയുന്നത്.

സഭ വളരെ ബ്യൂറോക്രാറ്റിക് ആണെന്നു മാര്‍പാപ്പ പറയുന്നുണ്ട്. നിങ്ങള്‍ തരുന്ന എല്ലാത്തിനും രസീത് തരും, സര്‍ട്ടിഫിക്കറ്റുകള്‍ തരും, കാര്യങ്ങള്‍ നടത്തി തരുന്നു. അതു മാത്രമാണോ നിങ്ങളുടെ ആവശ്യം? നിങ്ങളുടെ വിവാഹജീവിതത്തില്‍ ഉരസലുകളുണ്ടാകുമ്പോള്‍ അവിടെ ഒരു നല്ല സമരിയാക്കാരനായി ഞങ്ങള്‍ വരുന്നുണ്ടോ? നിങ്ങളുടെ കുട്ടികള്‍ വഴി തെറ്റി, നിങ്ങള്‍ ദുഃഖിതരാകുമ്പോള്‍ നിങ്ങളെ ശകാരിക്കുന്ന ഞങ്ങള്‍ നിങ്ങളുടെ ദുഃഖത്തില്‍ ഒരു സമരിയാക്കാരനോ, ശിമയോനോ വേറോനിക്കയോ ആകുന്നില്ല. നമ്മുടെ ജനത്തിന്‍റെ ഒരു വലിയ പരിഭവമെന്നത് എന്‍റെ ആവശ്യത്തില്‍ എന്‍റെ സഭ സഹായമായില്ല എന്നതാണ്.

പള്ളിയില്‍ വരുന്നവര്‍ മാത്രമാണ് ദൈവജനമെന്നുള്ള ചിന്ത ശരിയല്ല. പള്ളിക്കു പുറത്തുള്ളവരില്‍ മാമോദീസ സ്വീകരിച്ചവര്‍ മാത്രമാണു ദൈവജനമെന്ന ചിന്തയും ശരിയല്ല. പള്ളിക്കു പുറത്തും സഭയ്ക്കു പുറത്തും ദൈവജനമുണ്ട്. ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയെന്നും ലോകാവസാനം വരെയെന്നും പറയുന്ന വാക്കുകള്‍ ഭൂമിശാസ്ത്രപരമായി കാണരുത്. എന്‍റെ ചുറ്റിനുമുണ്ട്, ലോകത്തിന്‍റെ അതിര്‍ത്തികള്‍. നമ്മുടെ ദളിതരെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ സഭയ്ക്ക് എത്രത്തോളം സാധിക്കുന്നു? ഇതൊരുദാഹരണമാണ്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി, ചങ്ങലപ്പൂട്ടുകളില്‍ കിടക്കുന്നവര്‍ക്കു വേണ്ടി, നീതിയുടെ വെളിച്ചം കാണാതെ ജനലകള്‍ അടച്ചു കാരാഗൃഹത്തില്‍ ഇട്ടവര്‍ക്കു വേണ്ടി ശബ്ദിച്ചവരെ മുഴുവന്‍ വെടി വച്ചുകൊല്ലുന്ന ഒരു ഭരണകൂടത്തിനെതിരെ അദ്ദേഹം സംസാരിച്ചു. അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചദ്ദേഹം ഭയപ്പെട്ടില്ല. അതുകൊണ്ടദ്ദേഹം മരിച്ചു. എന്‍റെ ജീവിതം ബലിയാക്കി ഞാന്‍ മരിച്ചു വീഴുന്നതാണ് റൊമേരോ മുന്നോട്ടു വയ്ക്കുന്ന ആത്മീയത. അതില്‍ നിന്നു സമകാലികസഭയ്ക്കു പഠിക്കാനേറെയുണ്ട്.

Comments

One thought on “വി.റൊമേരൊ: വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനങ്ങളുടെ ആള്‍രൂപം”

  1. siby joseph says:

    The article is well written. Would have appreciated, if the writer were to be honest in his words.

Leave a Comment

*
*