അരനൂറ്റാണ്ട് പിന്നിടുന്ന സെ. തോമസ് മിഷനറി സൊസൈറ്റി MST

അരനൂറ്റാണ്ട് പിന്നിടുന്ന സെ. തോമസ് മിഷനറി സൊസൈറ്റി MST

ഫാ. സെബാസ്റ്റ്യന്‍ കിഴക്കയില്‍ എം.എസ്.റ്റി.

"തീര്‍ത്ഥടകസഭ അതിന്‍റെ സ്വഭാവത്താല്‍ തന്നെ പ്രേഷിതയാണ്. പിതാവായ ദൈവത്തിന്‍റെ കല്പനപ്രകാരം പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ദൗത്യത്തില്‍ നിന്നാണ് സഭയുടെ ഉത്ഭവം എന്നതുതന്നെയാണ് അതിനു കാരണം. രണ്ടാം വത്തിക്കാന്‍ സൂനഹദോ സ് ജനതകളിലേക്ക്" (Ad gentes) എന്ന പ്രമാണരേഖയില്‍ നടത്തിയിരിക്കുന്ന പ്രസ്താവനയാണ് നാം മുകളില്‍ കണ്ടത്. എന്താണ് മിഷന്‍ പ്രവര്‍ത്തനമെന്നും അതിന്‍റെ ലക്ഷ്യം എന്താണെന്നും ഈ പ്രമാണരേഖയില്‍ തന്നെ പറയുന്നുണ്ട്. "മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം സുവിശേഷവല്‍ക്കരണവും സഭാ സ്ഥാപനവുമാണ്." "എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേക്കു വരണമെന്നുമുള്ള ദൈവത്തിന്‍റെ ആഗ്രഹത്തില്‍ നിന്നാണ് മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്." സഭയുടെ മുന്നിലുള്ള വലിയ ഒരു ഉത്തരവാദിത്വമാണ് സുവിശേഷപ്രഘോഷണം. അതില്‍ സജീവമായി പങ്കുചേരാനും ഈശോയെ ലോകത്തിന് കാണിച്ചു കൊടുക്കുന്നതിനും വേണ്ടിയാണ് സെ. തോമസ് മിഷനറി സൊസൈറ്റി സ്ഥാപിതമായത്.

വയലില്‍ പിതാവിന്‍റെ സഭാസ്നേഹം
ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്‍റെ രൂപതയായ പാലായില്‍ നിന്ന് ധാരാളം യുവതീ യുവാക്കള്‍ മിഷന്‍ രംഗങ്ങളില്‍ പോയി സുവിശേഷവേല ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. ഇത് സീറോ -മലബാര്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് സുവിശേഷപ്രഘോഷണം നടത്താനായി ഒരു മിഷനറി സമൂഹത്തിനു രൂപം കൊടുക്കണമെന്ന തീരുമാനത്തില്‍ അദ്ദേഹത്തെ എത്തിച്ചു. അതിന് റോമില്‍ നിന്ന് അനുവാദം കിട്ടുന്നതിനുള്ള അപേക്ഷയുമായിട്ടാണ് പ്രഥമ Ad Limina സന്ദര്‍ശനത്തിനായി പിതാവ് റോമിനു പോയത്. 1960 മെയ് മാസത്തില്‍ റോമിന് സമര്‍പ്പിച്ച അപേക്ഷയ്ക്കു 1963 ഫെബ്രുവ രി 20-ന് റോം പച്ചക്കൊടി കാട്ടി. അതിനുശേഷമാണ് സന്യാസ സഭയല്ലാത്ത ഒരു മിഷനറി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ വയലില്‍ പിതാവ് തീവ്രശ്രമം ആരംഭിച്ചത്.

സെന്‍റ് തോമസ് മിഷനറി സൊസൈറ്റിയുടെ സ്ഥാപനം.
കേരളത്തിലെ സീറോ-മലബാര്‍ മെത്രാന്മാരുമായി കൂടിയാലോചിച്ച് അവരുടെ പിന്തുണയോടും പ്രോത്സാഹനത്തോടും കൂടിയാണ് വയലില്‍ പിതാവ് തന്‍റെ സ്വപ്നപദ്ധതിയുമായി മുന്നോട്ടു പോയത്. പൗരസ്ത്യതിരുസംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പുതിയ മിഷനറി സമൂഹത്തിന്‍റെ നിയമാവ ലി തയ്യാറാക്കി സമര്‍പ്പിക്കുകയും അതിന് റോമില്‍നിന്നും അനുവാദം വാങ്ങിക്കുകയും ചെയ്തു. 1968 ഫെബ്രുവരി 22-ാം തീയതിയാണ് സെന്‍റ് തോമസ് മിഷനറി സൊസൈറ്റി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഈ മിഷനറി സമൂഹം ജന്മമെടുത്ത അന്നു തന്നെ ഈ സമൂഹത്തിലെ മിഷനറിമാര്‍ക്കായി ഒരു മിഷന്‍ പ്രദേശം നല്‍കുമെന്ന് കര്‍ദ്ദിനാള്‍ ഫുള്‍സ്റ്റന്‍ ബര്‍ഗ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം 1968 ജൂലൈ 29-ന് സാക്ഷാത്കരിക്കപ്പെട്ടു. മദ്ധ്യപ്രദേശില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട മൂന്നു മിഷന്‍ പ്രദേശങ്ങളില്‍ ഒന്നായ ഉജ്ജയിന്‍ സെ. തോമസ് മിഷനറി സൊസൈറ്റിയെ ഏല്പിച്ചു.

ഉജ്ജയിന്‍: MST- യുടെ പ്രഥമ മിഷന്‍ പ്രദേശം
1977-ല്‍ ഉജ്ജയിന്‍ മിഷന്‍ പ്രദേശം രൂപതയായി ഉയര്‍ത്തപ്പെട്ടു. ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ജോണ്‍ പെരുമറ്റമായിരുന്നു ഈ മിഷന്‍ രൂപതയുടെ പ്രഥമ മെത്രാന്‍. മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷന്‍. നൂറോളം വൈദികരും മുന്നോറോളം സിസ്റ്റേഴ്സും ഈ മിഷന്‍ രൂപതയില്‍ സുവിശേഷ പ്രഘോഷണത്തില്‍ മുഴുകിയിരിക്കുന്നു. ഉജ്ജയിന്‍ മിഷന്‍ പ്രദേശത്തിന്‍റെ സുവര്‍ണ്ണജൂബിലി വര്‍ഷമാണിത്.

മാണ്ഡ്യ മിഷന്‍
1978-ലാണ് മാനന്തവാടി രൂപതയുടെ ഭാഗമായിരുന്ന മാണ്ഡ്യാ തങ്ങളുടെ രണ്ടാമത്തെ മിഷന്‍ പ്രദേശമായി എം.എസ്.ടി. ഏറ്റെടുത്തത്. കര്‍ണ്ണാടകയിലെ ബാംഗ്ലൂരിനും മൈസൂരിനും ഇടയ്ക്കുള്ള പ്രദേശമാണ് മാണ്ഡ്യ. 2010-ല്‍ ഇത് ഒരു രൂപതയായിത്തീരുകയും മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മാണ്ഡ്യ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു. അദ്ദേഹം തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയി സ്ഥലം മാറിപ്പോയപ്പോള്‍ മാര്‍ ആന്‍റണി കരിയില്‍ സി.എം.ഐ. മാണ്ഡ്യ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. എം.എസ്.റ്റി. വൈദികര്‍ ഇന്നും മാണ്ഡ്യരൂപതയില്‍ പ്രേഷിതതീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണം നടത്തിക്കൊണ്ടിരിക്കുന്നു.

സാംഗ്ലി മിഷന്‍
1990-ലാണ് മഹാരാഷ്ട്രയിലെ നാലു ജില്ലകള്‍ ചേര്‍ന്നു സാംഗ്ലി പ്രദേശം എം.എസ്.റ്റി.യുടെ മൂന്നാമത്തെ മിഷന്‍ റീജിയനായിത്തീര്‍ന്നത്. വളരെ നന്നായി പ്രവര്‍ത്തിക്കുന്ന നിരവധി സ്കൂളുകള്‍ ഈ പ്രദേശത്ത് യുവതലമുറയെ വാര്‍ത്തെടുക്കുന്നുണ്ട്. മനോവൈകല്യമുള്ള കുട്ടികള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും അവര്‍ക്കു വേണ്ടിയുള്ള ആവാസകേന്ദ്രങ്ങളും സാംഗ്ലി മിഷന്‍റെ പ്രേഷിത തീക്ഷ്ണത വിളിച്ചോതുന്നു.

ഫരീദാബാദ് മിഷന്‍- ഡല്‍ഹി ഡെലിഗേഷന്‍
1986-ല്‍ എം.എസ്.റ്റി. വൈദികരാണ് ഫരീദാബാദില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷയ്ക്കുള്ള ആദ്യ ചുവടുകള്‍ വച്ചത്. 1990-ല്‍ എറണാകുളം അതിരൂപത ആ ശുശ്രൂഷ ഏറ്റെടുത്തു. 2012-ല്‍ ഇത് ഒരു സീറോ-മലബാര്‍ രൂപതായി ഉയര്‍ത്തപ്പെട്ടു. നിരവധി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രൂപതയില്‍ നിരവധി എം.എസ്.റ്റി. വൈദികര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കാനായി ഡല്‍ഹി ഡെലിഗേഷന്‍ സ്ഥാപിതമായിട്ടുണ്ട്. ഇപ്പോള്‍ എം.എസ്.റ്റി. മിഷനറിമാര്‍ ഈ ഡെലിഗേഷന്‍റെ കീഴില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രേഷിതവേലയില്‍ മുഴുകിയിരിക്കുന്നു.

ലഡാക്കു മിഷന്‍
എം.എസ്.റ്റി. വൈദികര്‍ ഏറ്റെടുത്തു വികസിപ്പിച്ച ഒരു മിഷന്‍ പ്രദേശമാണ് ലോകത്തിന്‍റെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കു മിഷന്‍. പിന്നീട് ജമ്മു കാശ്മീര്‍ രൂപത അതേറ്റെടുക്കുകയും എം.എസ്.റ്റി. വൈദികര്‍ അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

പ്രവര്‍ത്തനശൈലി
മാതൃസഭയുടെ അജപാലനപ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെയിടയിലെ അജപാലനപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സമൂഹ നിര്‍മ്മിതിക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തികൊണ്ടിരിക്കുന്നു. ഇവയിലധികവും പാവപ്പെട്ട ജനങ്ങള്‍ക്കിടയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കിടയിലുമാണ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ടവര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് എം.എസ്. റ്റി.യുടെ പ്രവര്‍ത്തനങ്ങള്‍ അധികവും ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ അനേകായിരം കുഞ്ഞുങ്ങളെ അറിവിന്‍റെ ലോകത്തിലേക്കു നയിച്ച് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുവേണ്ടിയും, HIV/AIDS ബാധിതര്‍ക്കുവേണ്ടിയും പരിശീലന, പുനരധിവാസ പദ്ധതികള്‍, ഗ്രാമങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ശാക്തികരണ പ്രവര്‍ത്തനങ്ങള്‍, മാനസിക രോഗികള്‍ക്കും വിഷമപരിസ്ഥിതകളില്‍ ജീവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിപാലനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍- ഇവയെല്ലാം വഴി സഭയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍, ഈശോയുടെ കരുണാര്‍ദ്രസ്നേഹം പങ്കുവയ്ക്കാന്‍, മിഷനറിമാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ലൂക്കാ 4:18-19ല്‍ പറയുന്നതുപോലെ "…അന്ധര്‍ക്ക് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും, കര്‍ത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാനും…" എം.എസ്.റ്റി. വൈദികര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

പുതിയ ഉത്തരവാദിത്വം
ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തോടെ ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും സീറോ മ ലബാര്‍ സഭയ്ക്ക് പ്രേഷിത പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. എം.എസ്.റ്റി. യെ സംബന്ധിച്ചിടത്തോളം അതു വലിയ ഉത്തരവാദിത്വമാണ് വച്ചു നീട്ടുന്നത്. ചുറുചുറുക്കുള്ള ധാരാളം യുവമിഷനറിമാര്‍ ഉണ്ടായാല്‍ മാത്രമെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സെ. തോമസ് മിഷനറി സൊസൈറ്റിക്കു കഴിയുകയുള്ളു. എം.എസ്.ടി. യുടെ സുവര്‍ണ്ണ ജൂബിലിയാഘോഷവും പ്രേഷിത ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ ഇടയാക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org