Latest News
|^| Home -> Cover story -> സ്റ്റീഫന്‍ ഹോക്കിങ്ങ് (1942-2018) ശാസ്ത്രവും മതവും അദ്ദേഹത്തെ അംഗീകരിച്ചുവോ?

സ്റ്റീഫന്‍ ഹോക്കിങ്ങ് (1942-2018) ശാസ്ത്രവും മതവും അദ്ദേഹത്തെ അംഗീകരിച്ചുവോ?

Sathyadeepam

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു” (യോഹ. 1:1). ഇത് ദൈവവചനത്തിലധിഷ്ഠിതമായ പ്രപഞ്ച ഉല്‍പ്പത്തിയുടെ ചരി ത്രം. ഭൗതിക പ്രപഞ്ചശാസ്ത്രം (ഫിസിക്സ്-കെമിസ്ട്രി) പറയുന്നു, ആദിയില്‍ ഊര്‍ജ്ജമുണ്ടായിരുന്നു. ശാസ്ത്ര ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ നിര്‍വചനങ്ങളില്‍ അധിഷ്ഠിതമാണ്. മനുഷ്യമനസ്സുകൊണ്ട് വ്യക്തവും കൃത്യവുമായ (PIN-POINTED) ഉത്തരം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പരസ്പര നിഷേധമല്ലാത്ത പര്യാ ങ്ങളും നാനാര്‍ത്ഥങ്ങളും ഉള്‍ച്ചേരുന്ന നിര്‍വചനങ്ങള്‍ സഹായകരമാകുന്നു. ഇത് അവസരവാദപരമായ ഒരു ഒത്തുതീര്‍പ്പല്ല, ഒരുമിച്ചുള്ള സത്യാന്വേഷണമാണ്. അങ്ങനെയാകുമ്പോള്‍ വചനത്തിലെ ഊര്‍ജ്ജവും ഊര്‍ജ്ജത്തിലെ വചനവും ഒന്നാണെന്ന് പറയുവാന്‍ പൂര്‍ണ്ണമായി കഴിയുന്നില്ലെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിച്ചാല്‍ തെറ്റാകുമോ? സ്റ്റീഫന്‍ ഹോക്കിങ്ങ് ഈ പാരസ്പര്യം മനസ്സിലാക്കിയ “ശാസ്ത്രത്തിന്‍റെ ഭൂമിയിലെ അംബാസഡര്‍” ആയിരുന്നു.

തമോഗര്‍ത്തത്തെക്കുറിച്ചുള്ള ഹോക്കിങ്ങിന്‍റെ സിദ്ധാന്തം തെളിവുകള്‍ പോരെന്ന കാരണത്താല്‍ നൊബേല്‍ സമ്മാനസമിതി തള്ളി. ദൈവകണ (GOD PARTICLE) സിദ്ധാന്തത്തിന്‍റെ പേരില്‍ മതം അദ്ദേഹത്തെ ഈശ്വര വിശ്വാസിയല്ല എന്ന് മുദ്രകുത്തി. മതത്തിന്‍റേയും ശാസ്ത്രത്തിന്‍റേയും ഊഹിക്കാന്‍ പോലും സാധിക്കാത്ത ഒരു അവസ്ഥയിലേക്കായിരുന്നു വിറയാര്‍ന്ന കൈകളോടെ സ്റ്റീഫന്‍ ഹോക്കിങ്ങ് വിരല്‍ചൂണ്ടിയതെന്ന് മനസ്സിലാക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. എന്നാല്‍ വലിയ വിനയത്തോടെ ഹോക്കിങ്ങ് രേഖപ്പെടുത്തി, “ഞാന്‍ ഈശ്വരവിശ്വാസിയാണ്, മതാനുയായില്ല.” ഈശ്വരദാനമായ ശാസ്ത്രീയ പ്രതിഭാസങ്ങളെ മനസ്സിലാക്കി വിലയിരുത്താന്‍ ജ്ഞാനവും തുറവിയുമില്ലാത്ത ചില മതാചാര്യന്മാര്‍ പല ശാസ്ത്രജ്ഞന്മാരെയും പീഡിപ്പിച്ചത് വിസ്മരിക്കാനാവില്ല. ദുര്‍ബലമായ ഒരു കവിളനക്കം സൃഷ്ടിച്ച പ്രകമ്പനമായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ്. 21-ാം വയസ്സില്‍ തന്നെ ആക്രമിച്ച നാഡിവ്യൂഹ രോഗത്തെ 76-ാം വയസ്സുവരെ ധീരതയോടെ അദ്ദേഹം നേരിട്ടത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ മനുഷ്യന് നിത്യപ്രചോദനമാണ് ഗലീലിയോ – ന്യൂ ട്ടന്‍ – ഐന്‍സ്റ്റീന്‍ – ഹോക്കിങ്ങ് എന്ന അച്ചുതണ്ടിന് ചുറ്റുമാണ് ആധുനിക ശാസ്ത്രലോകം ഭ്രമണം ചെയ്യുന്നത്.

പ്രപഞ്ചസൃഷ്ടിക്കു മുമ്പുണ്ടായിരുന്ന ഊര്‍ജ്ജസ്രോതസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രത്തിന് സംശയരഹിതമായ ഉത്തരമില്ല. ഈ ഊര്‍ജ്ജത്തിലേക്ക് ദ്രവ്യം കടന്നുവന്നപ്പോള്‍ അത് “മെറ്റീരിയലൈസ്ഡ് എനര്‍ജി” ആയി മാറി. ഈ ഘട്ടത്തില്‍ ഈശ്വരന്‍റെ/പ്രപഞ്ചസ്രഷ്ടാവിന്‍റെ ഇടപെടല്‍ ഹോക്കിങ്ങ് അംഗീകരിക്കുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) എന്ന അത്യന്താധുനിക ഭൗതികശാസ് ത്ര സിദ്ധാന്തത്തോട് ഒട്ടും യോജിപ്പില്ലായിരുന്നു. എന്ന് മാത്രമല്ല, വളരെ ഭയപ്പെടുകയും പ്രപഞ്ചാവസാനത്തിനുപോലും വഴിതെളിയിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. പോപ്പ് ബെനഡിക്ട്, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, പോപ്പ് ഫ്രാന്‍സിസ് എന്ന കാത്തോലിക്ക സഭാചാര്യന്മാര്‍ ഈ അസാധാരണ ശാസ്ത്രജ്ഞനെ ആദരവോടെയാണ് വീക്ഷിച്ചത്. ആഴമായ വിനയത്തിന്‍റെ ആള്‍രൂപമായിരുന്നു അദ്ദേഹം. ലോകത്തില്‍ വരുംകാലങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു മാസ്റ്റര്‍ കമ്പ്യൂട്ടര്‍ ഒരു മണ്ണിരയുടെ മസ്തിഷ്ക പ്രവര്‍ത്തനത്തേക്കാള്‍ ചെറുതായിരിക്കുമെന്ന് അദ്ദേഹം ഏറ്റു പറഞ്ഞു. അധര്‍മ്മ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച സന്ദര്‍ഭങ്ങളില്‍ അമേരിക്കയെ വിമര്‍ശിക്കാന്‍ അദ്ദേഹം ഭയപ്പെട്ടില്ല. അദ്ദേഹം യുദ്ധങ്ങള്‍ക്ക് എന്നും എതിരായിരു ന്നു. DARK MATTER-DARK ENERGY ഇതിന്‍റെ കേവലം അഞ്ചു ശതമാനം മാത്രമേ ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്നുള്ളൂ. ബാക്കി എവിടെ എന്ന ചോദ്യത്തിന് ഇനിയും ഒരായിരം ഹോക്കിങ്ങ് മാര്‍ ജനിക്കണമെന്ന് ആഗ്രഹിക്കാനേ നമുക്കാവൂ. അത്രയും സങ്കീര്‍ണ്ണവും അഗ്രാഹ്യവുമാണ് ഈ പ്രപഞ്ചം. അതിന്‍റെ ഒരു മൂലയിലിരിക്കുന്ന പരിമിതനായ മനുഷ്യന്‍, പലപ്പോഴും പ്രപഞ്ചസ്രഷ്ടാവിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നത് അല്പത്തരം എന്നല്ലാതെ എന്താണ്?

സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ മരണം ചില സ്വതന്ത്രചിന്തകള്‍ മനസ്സില്‍ ഉദിപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍ മതവും ശാസ്ത്രവും വിരുദ്ധ യാഥാര്‍ത്ഥ്യങ്ങളാണോ? ഇവ രണ്ടും പരസ്പരം ഉള്‍ക്കൊള്ളാത്തതിന്‍റെ പേരില്‍ മാത്രമാണ് പോരാടുന്നത്. ദൈവസങ്കല്‍പത്തെ ശാസ്ത്രമാനദണ്ഡങ്ങള്‍ക്കൊണ്ട് അളന്ന് തെളിയിക്കാവുന്നതല്ലെന്ന് കഴമ്പുള്ള ശാസ്ത്രജ്ഞന്മാര്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഈശ്വര സങ്കല്‍പ്പത്തെ മാത്രമേ ഞാന്‍ അംഗീകരിക്കുകയുള്ളൂവെന്ന് പറയുന്ന മൗലീകവാദത്തിനും അല്പായുസ്സേയുള്ളൂ. വിശ്വാസം യുക്തിക്കതീതമാണ്, ഒരിക്കലും എതിരാവരുത് എന്ന ഗാന്ധി ദര്‍ശനം നല്‍കുന്നത് പാരസ്പര്യത്തിന്‍റെ സന്ദേശമാണ്. നിഗൂഡവും സാധാരണ മനുഷ്യ മസ്തിഷ്ക്കത്തിന് ഉള്‍ക്കൊള്ളാനാകാത്തതുമായ ശാസ്ത്രം ദൈവസങ്കല്പത്തിന് എതിരല്ലെന്നും അതും സൃഷ്ടാവ് സൃഷ്ടിക്കു സമ്മാനിക്കുന്ന അനുഗ്രഹമാണെന്നും കരുതിയാല്‍ അത് “അനാത്തമ”യാകുമോ?

ആധുനിക മനുഷ്യഹൃദയത്തില്‍ മത-ശാസ്ത്ര ഏറ്റുമുട്ടലിന് ഇടവും പ്രസക്തിയുമില്ല. ശാസ്ത്രം അധാര്‍മ്മിക മാര്‍ഗ്ഗങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നെങ്കില്‍ അവിടെ ഒത്തു തീര്‍പ്പ് ഉണ്ടാക്കാന്‍ മതം ശ്രമിക്കേണ്ടതില്ല. എതിര്‍ക്കുകയും വേണം. ഉദാഹരണം ഗര്‍ഭഛിദ്രം, ദയാവധം. എന്നാല്‍ ദൈവദാനമായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്, അധാര്‍മ്മികമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യഹൃദയത്തിന്‍റെ തീരാദുഃഖങ്ങള്‍ക്ക് ശാസ്ത്രലോകം പരിശ്രമിക്കുമ്പോള്‍, അതിനേയും അധാര്‍മ്മികമെന്ന് പറയേണ്ടി വരില്ലേ? ഈശ്വരവിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാതെയല്ലേ പയറിന്‍റെ ജനിതക ഗവേഷണത്തില്‍ ഒരു പുരോഹിതനായ ഗ്രിഗര്‍ ജോണ്‍മെന്‍ഡല്‍ ഗവേഷണവും ഇടപെടലും നടത്തിയത്!!

അനുബന്ധം: ഓസ്ട്രേലിയ റേഡിയോ ആസ്ട്രോണമി ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും അവസാനത്തെ “വാര്‍ത്ത കൊള്ളിയാന്‍”-നക്ഷത്ര സമൂഹങ്ങള്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു; ഒരുതവണ കറങ്ങാന്‍ ചില നക്ഷത്രക്കൂട്ടങ്ങള്‍ നൂറുകോടി വര്‍ഷങ്ങളെടുക്കുമത്രെ!

Leave a Comment

*
*