Latest News
|^| Home -> Cover story -> സ്ത്രീ വിമോചനത്തിന്‍റെ പുതിയ പാഠങ്ങള്‍

സ്ത്രീ വിമോചനത്തിന്‍റെ പുതിയ പാഠങ്ങള്‍

Sathyadeepam

 

 

 

ടി.കെ. മീരാഭായ്
സംസ്ഥാന ജന. സെക്രട്ടറി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

വിമോചനം എന്നത് നാം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന പദമാണ്. മതത്തിന്‍റെയോ ജാതിയുടെയോ വര്‍ഗ്ഗത്തിന്‍റെയോ സമ്പത്തിന്‍റെയോ എന്തിന്‍റെ പേരിലായാലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആവശ്യമായ ഒന്നാണു മോചനം. വിദ്യാഭ്യാസത്തിന്‍റെ ആത്യന്തിക ലക്ഷ്യം വിമോചനം തന്നെയാണ്. എന്നാല്‍ ആഗോളീകരണവും ഉദാരവല്‍ക്കരണവുമൊക്കെ വന്നപ്പോള്‍ ആ ലക്ഷ്യത്തില്‍ നിന്നു നാം തെന്നിമാറിയെന്നു പറയണം. ആഗോള വിപണിയിലേക്ക് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മനുഷ്യവിഭവത്തെ കയറ്റുമതി ചെയ്യുവാനുള്ള പ്രത്യേക പരിശീലനം കൊടുക്കുന്ന ഒന്നായി വിദ്യാഭ്യാസം മാറിയെങ്കിലും അതിന്‍റെ ആത്യന്തിക ലക്ഷ്യം എന്നും വിമോചനം തന്നെയാണ്.

സ്ത്രീകളുടെ വിമോചന ദൗത്യത്തെക്കുറിച്ചു പറയുമ്പോള്‍, ഫ്രഞ്ചു വിപ്ളവകാലത്ത് വളരെ ആവേശത്തോടെ മുന്നോട്ടുവച്ച മുദ്രാവാക്യം നാം ഓര്‍ക്കുന്നുണ്ടാകും. സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ മുദ്രാവാക്യമായിരുന്നു അത്. അതോടൊപ്പം എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നു പറയുന്ന മന്ത്രധ്വനിയും ഉണ്ടായിരുന്നു. ഇതു ലോകത്തിലെ മനുഷ്യവര്‍ഗത്തിനുണ്ടാക്കിയ മുന്നേറ്റം വലുതായിരുന്നു. പക്ഷെ ജനസംഖ്യയിലെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് ഇതിലൂടെ എന്തെങ്കിലും പറയത്തക്ക ഗുണം ഉണ്ടായോ എന്ന കാര്യം സംശയമാണ്. ഇന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായി അവര്‍ നില്‍ക്കുന്നു.

ഇന്ന് സ്ത്രീപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരുപാട് ദൃശ്യത വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു സാമൂഹിക പരിസരം നമുക്കുണ്ട്. പക്ഷെ പെട്ടെന്നുണ്ടാകുന്ന ആള്‍ക്കൂട്ടത്തിനും പ്രതികരണത്തിനും അപ്പുറം പരിഹാരം കാണത്തക്കത്ത രീതിയിലുള്ള പ്രവര്‍ത്തനം ഇന്നും വേണ്ടപോലെ നടക്കുന്നില്ല. ഇതിന് ഒരു കാരണം നാം പരുവപ്പെടുത്തിയിട്ടുള്ള നമ്മുടെ മനസ്സാണ്. എങ്ങനെയൊക്കെ പറഞ്ഞാലും ഇങ്ങനെയൊക്കെ തന്നെയാണ് തങ്ങള്‍ വേണ്ടെതെന്ന് സ്ത്രീകള്‍ ചിന്തിക്കുന്നു. കൂടുതല്‍ മോചനം വേണമെന്ന് ഉള്ളിന്‍റെ ഉള്ളില്‍ വിചാരിച്ച് അതിനെ എത്തിപ്പിടിക്കണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇന്നത്തെ ദൃശ്യശ്രാവ്യമാധ്യമങ്ങളും പരസ്യങ്ങളും എല്ലാം ചേര്‍ന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മെ ഒരു കാര്യം കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഇതുതന്നെയാണു ശരി എന്നു നമ്മുടെ അബോധമനസ്സില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ പൊതുബോധം നാം മാറ്റിയെടുത്തേ തീരൂ. ആത്മവിശ്വാസവും തിരിച്ചറിവും കൊണ്ടേ ഇതിനെ മറികടക്കാനാവൂ.

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 18.9 ശതമാനം മാത്രമാണ്. സ്വാഭാവികമായി സ്ത്രീകള്‍ പുറത്തേക്കു വന്ന് തൊഴിലില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് ഒരുപാട് മാറ്റം ഉണ്ടാകും. സ്ത്രീകള്‍ സ്വതന്ത്രരാകാനും പണം സ്വരൂപിക്കാനുമൊക്കെ കുടുംബശ്രീ പോലുള്ള സംരംഭങ്ങളിലൂടെ കഴിഞ്ഞു എന്നതിനപ്പുറം സാമൂഹികമായ ഒരു പരിവര്‍ത്തനം സാധ്യമായിട്ടുണ്ടോ എന്നതു സംശയമാണ്. പൊതുപ്രശ്നങ്ങളില്‍ സ്ത്രീകള്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന അവസ്ഥയും നമുക്കു കാണാന്‍ കഴിയുന്നില്ല.

സ്ത്രീകളുടെയും പുരുഷന്മാരുടെയും സമത്വത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മനുഷ്യാവകാശ പ്രഖ്യാപനം 1945-ല്‍ ഐക്യരാഷ്ട്ര സഭ നടത്തുകയുണ്ടായി. സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്. 1975 മുതല്‍ നാം വനിതാവര്‍ഷം ആചരിച്ചുപോരുന്നു. 1993-ല്‍ വിയന്നയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശം തന്നെയാണ് എന്നു പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങളൊന്നുമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ അവര്‍ക്കു നേടിക്കൊടുക്കേണ്ടത് സ്ത്രീകളുടെ മാത്രം കടമയല്ല, സമൂഹത്തിലെ മൊത്തം ജനതയുടെ കടമയാണെന്ന് അന്നു വ്യക്തമാക്കപ്പെട്ടു. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ബ്രിട്ടനില്‍ 1918-ലും അമേരിക്കയില്‍ 1920-ലും ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കെ 1945- ലും സ്വീഡനിലും സ്വിറ്റ്സര്‍ലന്‍റിലും 1972-ലുമാണ് സ്ത്രീകള്‍ക്കു വോട്ടവകാശം കിട്ടിയത്. സൗദിഅറേബ്യയില്‍ 2016 ഡിസംബറിലാണ് ഈ അവകാശം സ്ത്രീകള്‍ക്കു കൈവന്നത്.

ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ഒക്കെ ഇടപെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഒരുപാടു സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ചരിത്രം എന്നത് നിഷ്പക്ഷമായി എഴുതപ്പെടുന്ന ഒന്നല്ല. അതില്‍ സ്ത്രീകളുടെ ചരിത്രത്തിനു വളരെ കുറവു പ്രാധാന്യമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ സമരമുഖങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ ഒഴിച്ച് മറ്റുള്ളവരുടെ കാര്യങ്ങള്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

അടിച്ചമര്‍ത്തപ്പെട്ടവരുടെ സമരങ്ങളെക്കുറിച്ചു പറയുമ്പോള്‍ മാറുമറയ്ക്കാനുള്ള സമരം വര്‍ഷങ്ങളോളം നീണ്ടതാണ്. മാറുമറയ്ക്കുക എന്ന സമരത്തിനപ്പുറം അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ജാത്യാചാരങ്ങള്‍ക്കെതിരായി സ്ത്രീകളടക്കം സംഘടിച്ച വലിയ പ്രക്ഷോഭമായിരുന്നു അത്. ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ് പുലയസ്ത്രീകള്‍ 1905-06 വര്‍ഷത്തില്‍ നടത്തിയ കല്ലുമാല സമരം. അതോടൊപ്പം തന്നെയാണ് അയ്യങ്കാളിയുടെ വളരെ ഐതിഹാസികമായ കര്‍ഷകതൊഴിലാളി സമരവും. അത് ലോകചരിത്രത്തില്‍ ഇടം നേടിയ സംഭവമാണ്. ആയിരക്കണക്കിനു സ്ത്രീകള്‍ ആ സമരത്തില്‍ അണിനിരന്നു. ആ സമയങ്ങളില്‍ സ്ത്രീകള്‍ രംഗത്തിറങ്ങിയത് കേവലം സ്ത്രീ പ്രശ്നങ്ങളെ മുന്‍നിറുത്തിയായിരുന്നില്ല. നിലനിന്നിരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെട്ട സമൂഹം സംഘടിതമായി നടത്തിയ സമരങ്ങളായിരുന്നു അവ.

ഇന്ന് ആധുനിക സമൂഹത്തില്‍ ഒറ്റപ്പെട്ട സമരങ്ങളോടൊപ്പം തന്നെ ചെറുത്തു നില്‍പ്പുകള്‍ പല രീതിയില്‍ നടക്കുന്നുണ്ട്. വെള്ളത്തിനുവേണ്ടി മയിലമ്മ നടത്തിയ സമരം. നിരക്ഷരയായ ഒരു ആദിവാസി സ്ത്രീ സമരത്തിനിറങ്ങുകയും അതിന്‍റെ തീക്ഷ്ണതയില്‍ ഒരു ജനതയെ കൂടെ നിറുത്തുകയും ചെയ്തു. ഇറങ്ങിത്തിരിച്ചാല്‍ നമുക്കു ലക്ഷ്യത്തിലെത്തിച്ചേരാനാകുമെന്ന് അവര്‍ തെളിയിച്ചു. ആദിവാസി സമരത്തിന്‍റെ കാര്യം പറയുമ്പോള്‍ ആദ്യം ജാനുവിന്‍റെ പേരാണ് വരുന്നത്. അതിനുമുമ്പ് വയനാട്ടില്‍ തന്‍റെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ ശക്തിയായി പ്രതികരിച്ച പാറ്റൂരമ്മ എന്ന സ്ത്രീയെക്കുറിച്ച് ഒരു ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രലോഭനങ്ങളും മര്‍ദ്ദനങ്ങളും അതിജീവിച്ച് ആത്മധൈര്യത്തോടെ വിജയം കൊയ്ത സ്ത്രീയാണവര്‍. അതോടെ അവിടെ ആദിവാസികള്‍ ഒരുമിച്ചു കൂടുകയും തങ്ങളുടെ ഭൂമിയില്‍ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഒറ്റപ്പെട്ട സമരമായി തുടങ്ങി സംഘടിത സമരമായി മാറുമ്പോള്‍ ഉണ്ടാകുന്ന വലിയ വിജയമാണ് ഇവിടെ ശ്രദ്ധേയം.

ഇന്നു നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള സമരമുഖങ്ങള്‍ എന്തുകൊണ്ടു വീണ്ടും തുറക്കപ്പെടുന്നില്ല എന്നത് ചര്‍ച്ചയാകണം. അതു നമ്മെ അസ്വസ്ഥപ്പെടുത്തുന്ന വിഷയമായി നമ്മുടെ ഉള്ളിലേക്കു കയറുന്നില്ല. എന്‍റെ ഉള്ളിലേക്ക് അതു കയറണമെങ്കില്‍ അത് എന്‍റെ പ്രശ്നമായി മാറണം എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അല്ലാത്തതൊന്നും എന്‍റെ പ്രശ്നമാകുന്നില്ല. ഇവിടെ നമ്മുടെ മനസ്സിനെ നമുക്ക് എന്തു കൊണ്ടു മാറ്റാന്‍ കഴിയുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ പ്രാപ്യത എത്രയാണ്, എന്തു കൊണ്ട് ആ സ്ഥലങ്ങളില്‍ സ്ത്രീകള്‍ അപ്രാപ്യരാകുന്നു. അതിന് എന്തു ചെയ്യാനാകും? പൊതു ഇടങ്ങളെ സ്വന്തമാക്കുക എന്നു പറഞ്ഞ് ഒരു വനിതാദിനത്തില്‍ എന്തെങ്കിലും ചെയ്യുന്നതല്ല അത്. നമ്മുടെ തദ്ദേശഭരണകേന്ദ്രങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്ളപ്പോള്‍ത്തന്നെ പാര്‍ലമെന്‍റിലും അസംബ്ലിയിലുമൊക്കെ നോക്കിയാല്‍ ഒരിക്കലുമത് 10 ശതമാനത്തില്‍ കൂടിയിട്ടില്ല എന്നു കാണാം. പൊതുരംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുകയറ്റത്തെ തടസ്സപ്പെടുത്തുന്ന എന്തോ ഒന്നുണ്ട്. സംവരണത്തിലൂടെ വന്നാലും ആളുകള്‍ പറയുന്നത് പിന്‍സീറ്റ് ഡ്രൈവിംഗ് ഉണ്ടെന്നാണ്. സ്ത്രീകള്‍ക്ക് സംവരണം എന്തിനാണ്? തീരുമാനം എടുക്കുന്ന സമിതികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉയര്‍ന്നുവരികയുള്ളൂ.

തീരുമാനമെടുക്കാനുള്ള കഴിവും അതിനുള്ള അധികാരവും സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനമായ കുടുംബത്തില്‍ നിന്ന് ഉണ്ടായിവരേണ്ടതാണ്. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാനുള്ള അധികാരം എത്രത്തോളമുണ്ട്? ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു സ്ത്രീപദവി പഠനം നടത്തുകയുണ്ടായി. അതില്‍ പല കാര്യങ്ങളും ചോദിക്കുന്നുണ്ട്. കുട്ടികളുടെ പഠനത്തെക്കുറിച്ചും ആഭരണം വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിക്കുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും അവിടെ അവസരം കിട്ടുന്നത് ആഭരണം വാങ്ങാനുള്ള അവസരത്തിലാണ്. പെണ്‍മക്കളുടെ വിവാഹ കാര്യത്തില്‍ പോലും അമ്മമാര്‍ക്കോ, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്കോ അഭിപ്രായം വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കോഴ്സു കഴിഞ്ഞ് വെറുതെ വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളെയാണു നാമിന്നു കാണുന്നത്. ജോലിക്കു പോകണമെങ്കില്‍ വിവാഹത്തിനുമുമ്പ് അച്ഛനോ സഹോദരനോ അനുമതി നല്‍കണം. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍ പറയുന്നതില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ കഴിയില്ല. നമ്മുടെ സമൂഹം നിര്‍ഭാഗ്യവശാല്‍ ഇന്നു സ്ത്രീകളുടെ ജോലിയേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് വിവാഹത്തിനാണ്. പെണ്‍കുട്ടികള്‍ പഠിച്ചു കയറുന്നത് വിവാഹത്തില്‍ മാര്‍ക്കറ്റു ലഭിക്കുന്നതിനു വേണ്ടി മാത്രമാണ് എന്നതാണ് പൊതുസമൂഹത്തിന്‍റെ ചിന്ത. അവരെ എത്രയും പെട്ടെന്നു വിവാഹം കഴിച്ചു സുരക്ഷിതരാക്കുക എന്നതാണ് ചിന്ത. അതിനാല്‍ എന്നുമെന്നും കേട്ടും കണ്ടും ഇത്തരത്തില്‍ പരുവപ്പെട്ടിരിക്കുന്ന മനസ്സിനെ മോചി പ്പിച്ചുകൊണ്ടേ സ്ത്രീകള്‍ക്ക് വിമോചനം കൈവരികയുള്ളൂ.

ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങള്‍ നാട്ടില്‍ കത്തിക്കയറുമ്പോള്‍ മതങ്ങളുടെ പിടിമുറുക്കത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മതങ്ങള്‍ തീര്‍ക്കുന്ന വിലക്കുകള്‍ എത്രയോ അധാര്‍മ്മികമാണ്. ചര്‍ച്ചകള്‍ എത്ര നടന്നിട്ടും ഇതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മേരി റോയി കേസിലൂടെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിട്ടു പോലും മതത്തിന്‍റെ പിടിയില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ നമുക്കിപ്പോഴും കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. വിവാഹപ്രായം കുറച്ച് എത്രയും പെട്ടെന്ന് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് പുരുഷന്മാരുടെ കൈകളിലേല്‍പ്പിച്ചാല്‍ അതോടെ ഇവിടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാം എന്നാണ് മതപണ്ഡിതന്മാര്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ 18 വയസ്സ് പെണ്‍കുട്ടികളെ സംബന്ധിച്ച് വിവാഹത്തിനുള്ള പ്രായമല്ല എന്നാണു പറയുന്നത്. ശാരീരികവും മാനസികവുമായ വളര്‍ച്ച ആ സമയത്തു പൂര്‍ണതയില്‍ എത്തുന്നില്ല. അപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം താഴ്ത്തുകയല്ല ഉയര്‍ത്തുകയാണു വേണ്ടത്. പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്തുകയും അത്തരത്തില്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ 18 വയസ്സില്‍ വിവാഹം വേണ്ടെന്നും വിവാഹപ്രായം ഉയര്‍ത്തണമെന്നും ഒട്ടുമിക്കവരും അഭിപ്രായപ്പെട്ട അനുഭവമാണുള്ളത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള ഭാഷകളുണ്ട്. അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നാം ശ്രമിക്കുന്നില്ല. അശ്ലീലമെന്നു സമൂഹത്തില്‍ കാണുന്ന മിക്കവാറും പദങ്ങളുടെ ഉടമകള്‍ സ്ത്രീകളായിരിക്കും. വേശ്യ എന്ന വാക്കിന് എതിര്‍ലിംഗം എന്താണെന്നു നമുക്കറിയില്ല. ഇക്കാര്യത്തില്‍ സ്ത്രീമാത്രമാണു കുറ്റക്കാരി. സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും മാത്രം ചര്‍ച്ച ഒതുങ്ങിപ്പോകുകയും വേണ്ട കാര്യങ്ങളിലേക്കു ചര്‍ച്ച തിരിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. കലാരംഗത്തും മാധ്യമങ്ങളിലും മാത്രമല്ല ഏത് രംഗമെടുത്താലും സ്ത്രീവിരുദ്ധത നമുക്ക് കാണാവുന്നതാണ്. അന്ധ വിശ്വാസത്തിനും അനാചാരത്തിനും യുക്തിരാഹിത്യത്തിനും അടിമപ്പെടുന്നത് ഭൂരിഭാഗവും സ്ത്രീകളാണെന്ന ആരോപണവും ഇന്നു സമൂഹം ഉയര്‍ത്തുന്നുണ്ട്. അക്ഷയതൃതീയ നാളില്‍ സൗഭാഗ്യം തേടിക്കൊണ്ട് ജ്വല്ലറികളിലേക്കോടുന്നത് മുഴുവന്‍ സ്ത്രീകളാണ്. പക്ഷെ പറഞ്ഞയയ്ക്കുന്നത് ആരാണ്? പൈസ കൊടുക്കുന്നത് ആരാണ്? നമുക്കറിയില്ല. എന്നാല്‍ അതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ മാത്രമാകുന്നു.

ഒരുപാടു തലങ്ങളില്‍ നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് പൊതുബോധത്തിനു മാറ്റം വരുത്താന്‍ നാം പരിശ്രമിക്കുകയാണു വേണ്ടത്. നമ്മെ ഓരോരുത്തരെയും ഒറ്റപ്പെട്ട വ്യക്തികളാക്കി മാറ്റുന്ന സംവിധാനങ്ങളെ തിരിച്ചറിയണം. ജനങ്ങളെ അരാഷ്ട്രീയവത്കരിക്കണം എന്നാണ് കമ്പോളവും മുതലാളിത്തവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ആവശ്യവും അതാണ്. നമ്മെ ഓരോരുത്തരെയും ഒറ്റപ്പെട്ട വ്യക്തികളായി കണ്ടുകൊണ്ട് അരാഷ്ട്രീയവത്കരിക്കണം. അതിനു നാം നിന്നു കൊടുക്കാന്‍ പാടില്ല. സ്ത്രീവിമോചനമെന്നത് മുഴുവന്‍ സമൂഹത്തിന്‍റെയും ഉത്തരവാദിത്വമായി കണക്കിലെടുത്ത് നമ്മുടെ പൊതുബോധത്തെ മാറ്റി യുക്തിയുടെ ഭാഗത്തു നിലയുറപ്പിച്ചുകൊണ്ട് നേടിയെടുക്കേണ്ട ഒന്നാണ്.

(കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍ സയന്‍സ് പ്രഭാഷണ ദശകത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്. തയ്യാറാക്കിയത് സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം.)

Leave a Comment

*
*