Latest News
|^| Home -> Cover story -> സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരം

സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരം

Sathyadeepam

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും ദിവാന്‍ സ്ഥാനം അലങ്കരിച്ചിരുന്ന കേണല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന്‍ 1818-ല്‍ മദ്രാസ് പ്രസിഡന്‍സിയിലേക്ക് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളെക്കുറിച്ചും ഇവിടത്തെ ജനങ്ങളെക്കുറിച്ചും പ്രതിപാദിച്ച് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അക്കാലത്ത് ഈ നാട്ടുരാജ്യങ്ങളില്‍ വസിച്ചിരുന്ന സുറിയാനി ക്രൈസ്തവരെക്കുറിച്ചും എഴുതിയിട്ടുണ്ട്. സാമാന്യം സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ സുറിയാനി ക്രൈസ്തവരെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് അദ്ദേഹം എഴുതിയിരിക്കുന്നു:”…..Notwithstanding the misfortunes which they suffered and the disadvantages of their situation, they still remain, however, some of the virtues by which they were formerly distinguished. They were remarkable for the mildness and simplicity of character, honesty and industry; their pursuits are confined to agriculture and trade and although they have lost the high station and elevated sentiments which once they possessed, yet, they are still respected on account of their integrity and rectitude of conduct” (വളരെയേറെ ദൗര്‍ഭാഗ്യങ്ങള്‍ സഹിക്കുകയും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളെ നേരിടേണ്ടിവരികയും ചെയ്തുവെങ്കിലും അവരെ -സുറിയാനി ക്രൈസ്തവരെ- മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തുന്ന സദ്ഗുണങ്ങള്‍ ഇന്നും അവരില്‍ അവശേഷിച്ചിരിക്കുന്നു. അവരുടെ സ്വഭാവത്തിന്‍റെ സൗമ്യതയും ലാളിത്യവും സത്യസന്ധതയും സ്ഥിരോത്സാഹവും ഏറെ ശ്രദ്ധേയമാണ്. ഇവര്‍ കൃഷിയിലും കച്ചവടത്തിലും വ്യാപൃതരായിരിക്കുന്നു. ഒരുകാലത്ത് അവര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന ഉന്നതസ്ഥാനവും അതിഭാവുകത്വവും നഷ്ടപ്പെട്ടുവെങ്കിലും അവരുടെ തികഞ്ഞ സത്യസന്ധതയുടെയും തുറന്ന പെരുമാറ്റത്തിന്‍റെയും പശ്ചാത്തലത്തില്‍ അവര്‍ ഇന്നും ഏറെ ബഹുമാനിക്കപ്പെടുന്നു.) തോമസ് വൈറ്റ്ഹൗസ് (Thomas White-house) എന്ന യൂറോപ്യന്‍ മിഷനറി തന്‍റെ ‘ലിങ്കറിംഗ് ഓഫ് ലൈറ്റ് ഇന്‍ എ ഡാര്‍ക്ക് ലാന്‍ഡ്’ (Lingering of Light in a Dark Land) എന്ന ഗ്രന്ഥത്തില്‍ കേണല്‍ മണ്‍റോയെ ഉദ്ധരിച്ച് സുറിയാനി ക്രൈസ്തവരെക്കുറിച്ച് എഴുതിയിരിക്കുന്ന വാചകമാണ് മേലുദ്ധരിച്ചത് (പേജ് 11-12).

കുലീനതയും ലാളിത്യവും സത്യസന്ധതയും സുതാര്യതയും (തുറന്ന പെരുമാറ്റം) സുറിയാനി ക്രൈസ്തവന്‍റെ മുഖമുദ്രയായി എണ്ണപ്പെട്ടിരുന്ന ഒരു കാലം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലഘട്ടംവരെയും ഈ സ്വഭാവ സവിശേഷതയ്ക്ക് വലിയ മാറ്റം സംഭവിച്ചിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. ശുദ്ധമാനസരും സത്യസന്ധരുമായ സുറിയാനി ക്രൈസ്തവര്‍ തിന്മകളില്‍നിന്ന് അകന്നു നില്ക്കുന്നവരും നിഷ്കളങ്കരും ശുദ്ധരുമാണെന്നാണ് അക്രൈസ്തവ സമൂഹം വിലയിരുത്തിയിരുന്നത്. ആകയാല്‍ ഹൈന്ദവ സഹോദരന്മാര്‍ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ഉല്പന്നങ്ങള്‍, പ്രത്യേകിച്ച് എണ്ണ, തൊട്ടു ശുദ്ധിവരുത്തുന്നത് സുറിയാനി ക്രൈസ്തവരായിരുന്നു. താഴ്ന്ന ജാതിക്കാര്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ സ്പര്‍ശനം മൂലം അശുദ്ധമാകുന്നതുകൊണ്ട് ശുദ്ധനായ സുറിയാനി ക്രൈസ്തവന്‍ ആ വസ്തുക്കളെ സ്പര്‍ശിക്കുമ്പോള്‍ അശുദ്ധിപോവുകയും സ്പര്‍ശിക്കപ്പെട്ട വസ്തുക്കള്‍ ശുദ്ധമാവുകയും ചെയ്തിരുന്നു എന്നായിരുന്നു ഹൈന്ദവവിശ്വാസം. ആകയാല്‍ ക്ഷേത്രങ്ങളുടെ സമീ പം സുറിയാനി ക്രൈസ്തവരെ പാര്‍പ്പിക്കുന്നതിനും ഹൈന്ദവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു (L.W. Brown, The Indian Christians of Saint Thomas, p.172 ). പുരാതന ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള സുറിയാനി ക്രൈസ്തവ കുടുംബങ്ങളും ദേവാലയങ്ങളും മേല്പറഞ്ഞ ചരിത്രസത്യത്തിന്‍റെ തെളിവുകളാണ്.

ചരിത്രകാരനായ ശ്രീ എ. ശ്രീധരമേനോന്‍ പറയുന്നു: വ്യവസായശീലരായിരുന്ന സുറിയാനി ക്രൈസ്തവര്‍ പെരുമാറ്റത്തില്‍ വിനീതരുമായിരുന്നു എന്നതിന് പോര്‍ട്ടുഗീസുകാരും ഡച്ചുകാരുമായ എഴുത്തുകാരുടെ രേഖകള്‍ സാക്ഷ്യം വഹിക്കുന്നു…. ക്രിസ്ത്യാനികള്‍ കൊപ്രായും കുരുമുളകും മറ്റും കച്ചവടം നടത്തിപ്പോന്നു. പ്രശംസനീയമായിരുന്നു അവരുടെ സത്യസന്ധത. സസ്യഭുക്കുകളായിരുന്നു അവരില്‍ ഭൂരിഭാഗവും. ചോറും കറിയും പാലുമായിരുന്നു മുഖ്യാഹാരം. മാംസഭക്ഷണം അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നില്ല. മദ്യപാനാസക്തിയും ക്രിസ്ത്യന്‍ സമുദായത്തെ അന്നു ബാധിച്ചിരുന്നില്ല. അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പള്ളിയുടെ മദ്ധ്യസ്ഥതയില്‍ പറഞ്ഞു തീര്‍ത്തിരുന്നു….. ഹിന്ദുക്കളായ ഭരണാധിപന്മാരും ക്രിസ്ത്യന്‍ പ്രജകളും തമ്മില്‍ നിലനിന്നിരുന്ന ബന്ധം പരസ്പര വിശ്വാസത്തിലധിഷ്ഠിതമായിരുന്നു (കേരള ചരിത്രം, പേജ് 346-347).

മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന് സുറിയാനി ക്രൈസ്തവന്‍റെ പാരമ്പര്യം സത്യസന്ധതയുടെയും സുതാര്യതയുടെയും കുലീനതയുടേതുമായിരുന്നു എന്നത് വ്യക്തം. ഈ സ്വഭാവ സവിശേഷതകളായിരുന്നു ക്രൈസ്തവന് സമൂഹത്തില്‍ ഉന്നതസ്ഥാനം നേടികൊടുത്തത്. ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ക്രൈസ്തവന്‍റെ ജീവിതം അക്രൈസ്തവര്‍ക്ക് മാതൃകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ സമൂഹത്തില്‍ ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയും മാതൃകകളായി കരുതപ്പെട്ടു. ആകയാല്‍ ക്രൈസ്തവ സമൂഹത്തിന് നേതൃത്വം നല്കിയവര്‍ – സഭാപിതാക്കന്മാരും വൈദികരും – ഈ സത്യസന്ധതയുടെയും ധാര്‍മ്മിക മൂല്യങ്ങളുടെയും കാവലാളുകളായി കരുതപ്പെടുകയും ചെയ്തു.

സത്യസന്ധതയും സുതാര്യതയും ക്രൈസ്തവര്‍ തങ്ങളുടെ ജീവിത വ്യാപാരത്തിന്‍റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ചു സാമ്പത്തിക കാര്യങ്ങളില്‍, പുലര്‍ത്തിയിരുന്നു എന്നതിന്‍റെ മറ്റൊരു മകുടോദാഹരണമാണ് ദേവാലയങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന താളിയോലകള്‍. ഭൂരിഭാഗം സുറിയാനി ക്രൈസ്തവ ദേവാലയങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം വരെ കണക്കെഴുതിയിരുന്നത് (കണക്കപ്പിള്ളമാര്‍) ഹൈന്ദവരായ പിള്ളമാരോ മേനോന്‍മാരോ ആയിരുന്നുവെന്ന് താളിയോലകളില്‍ നിന്നും കണക്കു പുസ്തകങ്ങളില്‍ നിന്നും വ്യക്തമാണ്. എഴുത്തോലകളില്‍ ഒരു പ്രധാനപ്പെട്ട ഇനം നാള്‍വഴി (Day Book) ആണ്. സംഖ്യയുടെ ഏറ്റവും ചെറിയ അംശം (fraction) പോലും കണക്കുകളില്‍ രേഖപ്പെടുത്തിയിരുന്നു. സാധാരണ കാല്‍ (¼); അര (½); മുക്കാല്‍ (¾) എന്നീ ഭിന്നസംഖ്യകള്‍ രേഖപ്പെടുത്തുക സ്വാഭാവികം. എന്നാല്‍ പള്ളിക്കണക്കുകളില്‍ കാണുന്ന ഭിന്നസംഖ്യകള്‍ കൗതുകം ജനിപ്പിക്കുന്നവയാണ്. ഉദാഹരണമായി അരക്കാല്‍ (1/8 =0.125), മകാണി (1/16=0.0625), മുണ്ടാണി (1/32=0.03152) എന്നീ ഭിന്നസംഖ്യകള്‍. പള്ളിക്കണക്കുകളില്‍ പുലര്‍ത്തിയിരുന്ന സുതാര്യതയും സത്യസന്ധതയും ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണിവ.

നാള്‍വഴി താളിയോലകളില്‍ എഴുതിയിരിക്കുന്ന കാലത്തുപോലും രശീതി എഴുതികൊടുക്കുന്ന പതിവുണ്ടായിരുന്നു. നാള്‍വഴി ഓലയുടെ കൂട്ടത്തില്‍ രശീതികളായി എഴുതിയ ഓലകളും കൂട്ടിച്ചേര്‍ത്ത് ചുരുണങ്ങളായിട്ടാണ് നാള്‍വഴി ഓലകള്‍ സൂക്ഷിച്ചിരുന്നത്. മാത്രമല്ല, കണക്കുകള്‍ ഓലയില്‍ എഴുതിയിരുന്നപ്പോള്‍ ഒരേ കണക്കിന്‍റെ മൂന്നു കോപ്പികള്‍ വീതം തയ്യാറാക്കിയിരുന്നു. രശീതിയും അങ്ങനെ തന്നെ. മൂന്നു കോപ്പികളില്‍ ഒന്ന് വികാരിയുടെ പക്കലും മറ്റൊന്ന് കൈക്കാരന്മാരുടെ (പ്രത്യേകിച്ചും നടത്തു കൈക്കാരന്‍റെ) പക്കലും മൂന്നാമത്തേത് പള്ളിയിലെ മേന്‍ പൂട്ടിലുമാണ് സൂക്ഷിച്ചിരുന്നത്. മേന്‍പൂട്ടിന് മൂന്നു താക്കോലുകള്‍ നിര്‍ബന്ധമായിരുന്നു. ഒരു താക്കോല്‍ വികാരിയുടെ പക്കലും മറ്റ് രണ്ടെണ്ണം കൈക്കാരന്മാരുടെ സൂക്ഷിപ്പിലുമായിരുന്നു. ഒരിക്കല്‍ എഴുതിയ കണക്ക് വികാരിയോ കൈക്കാരന്മാരോ പരസ്പരം അറിയാതെ മാറ്റിയെഴുതാന്‍ ഇതുമൂലം സാധിക്കുമായിരുന്നില്ല. അതിനാല്‍ത്തന്നെ പള്ളിക്കണക്കുകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും സാധ്യത വളരെ കുറവായിരുന്നുതാനും. മാത്രമല്ല, ഹൈന്ദവരായ കണക്കപ്പിള്ളമാര്‍ ഏതെങ്കിലും ഒരാളുടെ ഇഷ്ടത്തിന് കണക്കുകളില്‍ കൃത്രിമത്വം കാണിക്കാനും ഇതിനാല്‍ തന്നെ തയ്യാറല്ലായിരുന്നു. എല്ലാ പ്രധാന രേഖകളിലും നാള്‍വഴിയിലും രണ്ടു സാക്ഷികളുടെ ഒപ്പും നിര്‍ബന്ധമായി എഴുതിച്ചേര്‍ത്തിരുന്നതും കള്ളക്കണക്കുകളെ ഒഴിവാക്കാന്‍ സഹായിച്ചിരുന്നു. പളളിവക വസ്തുക്കളും ഭൂമികളും ആധാരങ്ങളും എന്നുവേണ്ട കല്ല്, മരം, ലോഹം എന്നിവകൊണ്ടുള്ള സകല സാധന സാമഗ്രികളുടെയും ലിസ്റ്റ് (മുറിച്ചാര്‍ത്ത്) വരെ എഴുതി മേന്‍പൂട്ടിലും വികാരിയുടെ പക്കലും കൈക്കാരന്മാരുടെ പക്കലും സൂക്ഷിച്ചിരുന്നു. തെരട്ട് ഹാജരാക്കുന്നതോടൊപ്പം മേല്പറഞ്ഞ മുറിച്ചാര്‍ത്തും എല്ലാവര്‍ഷവും മെത്രാസന കച്ചേരിയില്‍ സമര്‍പ്പിക്കേണ്ടിയിരുന്നു. മേല്പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ സുറിയാനി ക്രൈസ്തവര്‍ പള്ളിമുതലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുലര്‍ത്തിയിരുന്ന സുതാര്യതയുടെ തെളിവുകള്‍ തന്നെ.

മേല്പറഞ്ഞ അവസ്ഥാവിശേഷത്തിന് വിരുദ്ധമായ പെരുമാറ്റം സഭാതനയരില്‍ നിന്നോ നേതാക്കന്മാരില്‍ നിന്നോ സംഭവിച്ചാല്‍ സഭാനേതൃത്വം അതിനെ വളരെ ഗൗരവത്തോടെയാണ് വീക്ഷിച്ചിരുന്നത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും വിരുദ്ധമായവിധം പ്രവര്‍ത്തിക്കുന്നവരെ ശാസിക്കാനും തിരുത്താനും വേണ്ടിവന്നാല്‍ ശിക്ഷിക്കാനും തങ്ങളിലെ ഉയര്‍ന്ന ധാര്‍മ്മികബോധവും ദൈവഭയവും സഭാനേതൃത്വത്തെ നിര്‍ബന്ധിച്ചിരുന്നു. മാത്രമല്ല, അതിനുള്ള ആര്‍ജ്ജവവും അവര്‍ കാണിച്ചിരുന്നു. മേല്പറഞ്ഞ സംഗതിക്ക് ഉത്തമ ഉദാഹരണമാണ് പറവൂര്‍-കോട്ടക്കാവ് പള്ളിയില്‍ ദീര്‍ഘകാലം വികാരിയായിരുന്ന ബഹു. എളങ്കുന്നപ്പുഴയച്ചനോട് എറണാകുളം വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാന്‍ സ്വീകരിച്ച നിലപാട്. പറവൂര്‍-കോട്ടക്കാവില്‍ പുതിയ ദേവാലയത്തിന്‍റെ ശില്പിയും അതിനു കീഴില്‍ അഞ്ചു സ്ക്കൂളുകള്‍ സ്ഥാപിച്ചവനും പറവൂര്‍ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി ഏകദേശം മൂന്നു വര്‍ഷത്തോളം ഭരണം നടത്തിയവനുമാണ് പ്രസിദ്ധനായ ബഹു. എളങ്കുന്നപ്പുഴയച്ചന്‍. മാത്രമല്ല, മൂന്നു പ്രാവശ്യമായി ഇരുപത്തിയേഴ് വര്‍ഷത്തോളം അദ്ദേഹം പറവൂര്‍-കോട്ടക്കാവ് പള്ളിയില്‍ വികാരിയുമായിരുന്നു. അദ്ദേഹം ആദ്യവട്ടം വികാരിയായിരുന്നപ്പോള്‍ (1916-1918 കാലഘട്ടത്തില്‍) അദ്ദേഹത്തിന്‍റെ കണക്കുകളെ സംബന്ധിച്ച് ഏറെ പരാതികള്‍ മെത്രാസന കച്ചേരിയില്‍ ലഭിച്ചു. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ മെത്രാന്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണത്തിനു വേണ്ടി 26-03- 1918-ല്‍ 9070 നമ്പറായി കല്പന നല്കി. അക്കൂട്ടത്തില്‍ ബഹു. എളങ്കുന്നപ്പുഴയച്ചന് കച്ചേരിയില്‍ തന്‍റെ ഭാഗം വിശദീകരിക്കുന്നതിനുള്ള കല്പനയും നല്കി. പ്രസ്തുത കല്പനയില്‍ മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1) ഒരു വൈദികന്‍ തന്‍റെ പ്രവര്‍ത്തികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ദൈവതിരുമുമ്പില്‍ ക ണക്കുകള്‍ ബോധിപ്പിക്കാന്‍ കടപ്പെട്ടവനാണ് (accountable to the God). ആകയാല്‍ ദൈവതിരുമുമ്പില്‍ അദ്ദേഹം സമര്‍പ്പിക്കാന്‍ പോകുന്ന പള്ളിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളുടെ കണക്കുകള്‍ മെത്രാനച്ചന്‍റെ മുമ്പില്‍ ഹാജരാക്കുക. 2) ഒരു വൈദികന്‍ ഇടവകയില്‍ പള്ളിയുടെ പണം കൈകാര്യം ചെയ്യുന്നത് ഇടവകയ്ക്കും ഇടവകജനത്തിനും വേണ്ടിയാണ്. അങ്ങനെയെങ്കില്‍ പള്ളിയില്‍ നടക്കുന്ന എല്ലാ ക്രയവിക്രയങ്ങളുടെയും കണക്കുകള്‍ ഇടവകജനത്തെ ബോധ്യപ്പെടുത്താന്‍ അയാള്‍ കടപ്പെട്ടിരിക്കുന്നു (accountable to the people of God). ആകയാല്‍ ദൈവജനത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി ബഹു. എളങ്കുന്നപ്പുഴയച്ചന്‍ തയ്യാറാക്കുന്ന കണക്ക് മെത്രാനച്ചന്‍റെ മുമ്പില്‍ ഹാജരാക്കുക. 3) മെത്രാനച്ചന്‍ ഒരു വൈദികനെ ഇടവകയില്‍ നിയോഗിക്കുന്നത് തന്‍റെ പ്രതിനിധി -വികാരി-യായിട്ടാണ്. ആകയാല്‍ ഇടവകവികാരി ചെയ്യുന്ന എല്ലാ ക്രയവിക്രയങ്ങളുടെയും കണക്കുകള്‍ തന്നെ വിശ്വസിച്ച് ഉത്തരവാദിത്വങ്ങള്‍ ഭരമേല്പിച്ച മെത്രാനെ ബോധ്യപ്പെടുത്തേണ്ടതുണ്ട് (accountable to the superiors). അപ്രകാരം മെത്രാനച്ചനെ ബോധ്യപ്പെടുത്തേണ്ട കണക്കുകള്‍ മെത്രാനച്ചന്‍റെ സമക്ഷം അവതരിപ്പിക്കുക. ചുരുക്കത്തില്‍ സര്‍വ്വജ്ഞനായ ദൈവത്തേയും ദൈവജനത്തേയും മെത്രാനച്ചനേയും ബോധ്യപ്പെടുത്താന്‍ പറ്റിയ കണക്കുകളാണ് അദ്ദേഹം മെത്രാനച്ചന്‍റെ സമക്ഷം ഹാജരാക്കേണ്ടിയിരുന്നത്.

കല്പനയ്ക്കു നല്കിയ വിശദമായ മറുപടിയില്‍ തനിക്കു പറ്റിയ വീഴ്ചകളെ അദ്ദേഹം വിനയപൂര്‍വ്വം മെത്രാന്‍റെ സന്നിധിയില്‍ ഏറ്റുപറഞ്ഞു. മെത്രാനച്ചന്‍ നിയോഗിച്ചതനുസരിച്ച് പരിശോധിച്ച കണക്കുകള്‍ പ്രകാരം പള്ളിക്കുണ്ടായ നഷ്ടം പണമായോ വസ്തുവായോ പള്ളിക്കു നല്കണമെന്ന് മാര്‍ ളൂയിസ് മെത്രാന്‍ ബഹു. എളങ്കുന്നപ്പുഴയച്ചനോട് കല്പിച്ചു. അദ്ദേഹം തന്‍റെ പക്കല്‍ പണമില്ലാതിരുന്നതിനാല്‍ പകരം തന്‍റെ പേരിലുണ്ടായിരുന്ന ഭൂമി പറവൂര്‍-കോട്ടക്കാവ് പളളിക്ക് എഴുതികൊടുത്താണ് പ്രശ്നം പരിഹരിച്ചത്. പള്ളിമുതലുകളുടെ ഉടമസ്ഥനല്ല, സൂക്ഷിപ്പുകാരന്‍ മാത്രമാണ് വൈദികനും മെത്രാനുമെല്ലാം. ആകയാല്‍ സൂക്ഷിപ്പുകാരന് വീഴ്ചവരാന്‍ പാടില്ലെന്നും ഉടമസ്ഥന്‍റെ ഭാവത്തില്‍ പ്രവര്‍ത്തിക്കരുതെന്നും മാര്‍ ളൂയിസ് മെത്രാന്‍ അദ്ദേഹത്തിന് താക്കീതും നല്കി. അവിശ്വസ്തനായ കാര്യസ്ഥനില്‍ നിന്ന് കാര്യസ്ഥത എടുത്തു കളയുമെന്നും വിശ്വസ്തരായ കാര്യസ്ഥന്മാരെ കാര്യസ്ഥത ഏല്പിക്കുമെന്നും ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ (ലൂക്കാ 16:1-17). മാത്രമല്ല, അവിശ്വസ്തരായ കൃഷിക്കാരും കഠിനമായി ശിക്ഷിക്കപ്പെടും (ലൂക്കാ 20:16). വിളവിനു സംരക്ഷണം നല്കേണ്ട വേലിതന്നെ വിളവു തിന്നാല്‍, സൂക്ഷിപ്പുകാരന്‍ തന്നെ സംഹാരകനായാല്‍ ആ അവസ്ഥ എത്ര ഭയാനകം!

1913-1917 കാലട്ടത്തില്‍ കൊരട്ടിപ്പള്ളിയില്‍ വികാരിയായിരുന്നത് ബഹു. നാഗനൂലില്‍ സ്കറിയാച്ചനാണ്. അദ്ദേഹത്തിന്‍റെ കാലത്ത് തിരുനാളിലെ പ്രദക്ഷിണത്തിന് ഉപയോഗിക്കാന്‍ രണ്ട് ചെറുവളയങ്ങള്‍ (രൂപക്കൂടുകള്‍) നിര്‍മ്മിക്കുന്നതിന് ഓഡര്‍ കൊടുത്തിരുന്നു. ചെറുവളയങ്ങളുടെ പണികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പെ ബഹു. നാഗനൂലിലച്ചന്‍ സ്ഥലംമാറിപ്പോവുകയും ബഹു. വെട്ടിക്കാപ്പിള്ളിയച്ചന്‍ വികാരിയായി സ്ഥലത്തെത്തുകയും ചെയ്തു. ചെറുവളയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായതിലധികം തുകയ്ക്കാണ് ബഹു. നാഗനൂലിലച്ചന്‍ രൂപക്കൂടിന് ഓഡര്‍ കൊടുത്തിരുന്നത് എന്ന് മാര്‍ ളൂയിസ് മെത്രാന്‍ അറിയാന്‍ ഇടയായി. ഈ സാഹചര്യത്തില്‍ മെത്രാനച്ചന്‍ എന്തുചെയ്തുവെന്നും ബഹു. വെട്ടിക്കാപ്പിള്ളിയച്ചന്‍ എന്തു ചെയ്യണമെന്നും വിശദമാക്കിക്കൊണ്ട് 16-03-1917-ല്‍ 8517 നമ്പറായി അദ്ദേഹം കൊരട്ടി പള്ളി വികാരിക്ക് കല്പന നല്കി. കല്പന ഇപ്രകാരമായിരുന്നു: കൊരട്ടിപ്പള്ളിയുടെ വികാരിക്ക് ആശീര്‍വ്വാദം. ആ പള്ളിക്കായി ബഹു. പഴെ വികാരി രണ്ടു ചെറുവളയങ്ങളും മറ്റും പണിയിച്ചു വാങ്ങിക്കുകയും അവകള്‍ക്കു വിലയധികമായിപ്പോയിയെന്നും മറ്റും സങ്കടം ഉണ്ടാവുകയും അതിനെപ്പറ്റി വിചാരണ കഴിപ്പിക്കുകയും നാം തന്നെ തിരക്കം ചെയ്യുകയും ചെയ്തതില്‍ വില കൂടുതലാണെന്നും നമ്മുടെ അനുവാദം കൂടാതെയാണ് വാങ്ങിച്ചതെന്നും മറ്റും തെളിവു കിട്ടിയിട്ടുണ്ട്. അതിനാല്‍ ടി ചെറുവളയങ്ങളും മറ്റും ആ പള്ളിയില്‍ സ്വീകരിക്കേണ്ടതല്ല എന്നു വരികിലും മുന്‍ വികാരി നമ്മോടു അനുവാദം കൂടാതെ ചെയ്ത പ്രവര്‍ത്തിക്കു മാപ്പു കൊടുക്കണമെന്നു അപേക്ഷിക്കയാലും ആ പള്ളിയില്‍ നിന്നും സാമാനങ്ങള്‍ക്കു ഏതാനും സംഖ്യ കൊടുത്തുപോയിട്ടുള്ളതിനാലും നാം അനുഗ്രഹിച്ചു ടി ചെറുവളയങ്ങളും മറ്റും പള്ളിയിലേക്കു സ്വീകരിച്ചു പണിക്കാരനു ബാക്കി കൊടുപ്പാനുള്ള സംഖ്യ കണക്കു പറഞ്ഞു തീര്‍ത്തു കൊടുപ്പിക്കുന്നതിനു അനുവദിക്കുന്നു. എന്നാല്‍ ടി സമാനങ്ങള്‍ക്കു വില അധികമായിപ്പോയീയെന്നു തെളിവുള്ളതിനാല്‍ ടി പണിക്കാരനോടു വില കുറെ കുറച്ചു തരുന്നതിനു പറഞ്ഞു നോക്കണം. സമ്മതിക്കാത്ത പക്ഷം കൊടുക്കേണ്ടിയ ബാക്കി സംഖ്യകൊടുത്തു കാര്യം തീര്‍ത്തു കൊള്ളണം. എന്ന് എറണാകുളത്തു നിന്നും 1917 മാര്‍ച്ച് 16-നു എറണാകുളം വികാരി അപ്പസ്തോ ലിക്ക ളൂയിസ് മെത്രാന്‍ (ഒപ്പ്).

മേല്പറഞ്ഞ കല്പനയില്‍ നിന്ന്, പള്ളിയുടെ പണം ധൂര്‍ത്തു ചെയ്യപ്പെടുന്നതും അതിലുപരി പള്ളിക്കു നഷ്ടമുണ്ടാകുന്ന കരാറുകളുണ്ടാക്കുന്നതും ഭരണാധികാരിയായ മെത്രാനെ എത്രമാത്രം ഉത്കണ്ഠാകുലനാക്കിയെന്നും വൈദികരും കൈക്കാരന്മാരും സാമ്പത്തിക കാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്നും വ്യക്തമാക്കുന്നു. ഇന്നത്തെ തലമുറയുടെ ധൂര്‍ത്തുകളും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളും കച്ചേരിയുടെ അറിവും അനുവാദവും ഇല്ലാതെ ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒരു നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന, പൂര്‍വ്വീകരുടെ, മനോഭാവങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ മേല്പറഞ്ഞ കല്പന വളരെ സഹായകമാണെന്നതില്‍ തര്‍ക്കമില്ല.

മാര്‍ ളൂയിസ് മെത്രാന്‍റെ പിന്‍ഗാമിയായിരുന്ന മാര്‍ ആഗസ്തീനോസ് മെത്രാപ്പോലീത്തായും മുന്‍ഗാമിയെ വെല്ലുന്ന കാര്‍ക്കശ്യത്തിന്‍റെ ഉടമയായിരുന്നു. സമ്പത്തിന്‍റെയും പണത്തിന്‍റെയും കാര്യത്തില്‍ കടുകുമണിയോളം അവ്യക്തത അദ്ദേഹത്തിന് ചിന്തിക്കാന്‍പോലും സാധ്യമായിരുന്നില്ല എന്ന് അദ്ദേഹത്തിന്‍റെ പേഴ്സണല്‍ അക്കൗണ്ട് ബുക്കുകളില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. തന്നോടുതന്നെ പുലര്‍ത്തിയിരുന്ന ഈ കാര്‍ക്കശ്യം തന്‍റെ സഹപ്രവര്‍ത്തകരും പ്രതിനിധികളുമായി സേവനമനുഷ്ഠിച്ചിരുന്ന വൈദികരോടും അദ്ദേഹം പുലര്‍ത്തിയിരുന്നു. പള്ളിക്കണക്കുകളില്‍ നൂറുശതമാനവും സത്യസന്ധതയും സുതാര്യതയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പള്ളിയുടെ പണമോ സ്വത്തോ അന്യാധീനപ്പെട്ടു പോകുന്നതും ദുര്‍വ്യയം ചെയ്യുന്നതും ഗൗരവമേറിയ കുറ്റമായിട്ടാണ് അദ്ദേഹം വിലയിരുത്തിയിരുന്നത്. ആകയാല്‍ പള്ളിവക വസ്തുക്കള്‍ വില്ക്കുകയും പള്ളിയിലേക്ക് വസ്തുക്കള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട പൊതുതത്ത്വങ്ങള്‍ ഉണ്ടായിരുന്നു. വില്ക്കുമ്പോള്‍ കിട്ടാവുന്നത്ര കൂടിയ തുകയും വാങ്ങുമ്പോള്‍ കിട്ടാവുന്നത്ര താഴ്ന്ന വിലയും എന്ന മാനദണ്ഡം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു ലഭിക്കാതെ വസ്തുക്കള്‍ വില്ക്കാനോ വാങ്ങാനോ കച്ചേരിയില്‍ നിന്ന് കല്പന നല്കിയിരുന്നില്ല. മേല്പറഞ്ഞതിന് തെളിവുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത് എന്ന് സാരം.

പള്ളിക്കാര്യത്തിലേക്ക് വസ്തു വാങ്ങുമ്പോഴും വസ്തു വില്ക്കുമ്പോഴും അതിന്‍റെ സുതാര്യതയും ലാഭനഷ്ടങ്ങളും വ്യക്തമായി വിലയിരുത്തുന്നതിന് ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കുക; കമ്മിറ്റിയംഗങ്ങള്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സമര്‍പ്പിക്കുക; റിപ്പോര്‍ട്ടുകളും വികാരിയുടെയും കൈക്കാരന്മാരുടെയും അപേക്ഷകള്‍ കച്ചേരിയില്‍ മേല്പറഞ്ഞ റിപ്പോര്‍ട്ടു സഹിതം സമര്‍പ്പിക്കുക എന്നീ കീഴ്വഴക്കങ്ങളും പാരമ്പര്യവുമാണ് എറണാകുളം അതിരൂപതയില്‍ ഇതിന്‍റെ ശൈശവ കാലഘട്ടം മുതലുണ്ടായിരുന്നത്. ഉദാഹരണമായി ആലങ്ങാട് പള്ളിവകയായിരുന്ന ഏതാനും ഭൂമികള്‍ വില്ക്കുന്നതിന് 1952-ല്‍ ആലങ്ങാട് വികാരി അതിരൂപതാ കച്ചേരിയെ സമീപിച്ചു. ആദായകരമല്ലാത്ത വസ്തുക്കള്‍ വില്ക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് 05-06-1952-ല്‍ നല്കിയ E.P. No. 9020-ാം നമ്പര്‍ കല്പനയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:  ആലങ്ങാട് പള്ളിയുടെ വികാരിക്ക് ആശീര്‍വ്വാദം. അകലെയുള്ളതും ആദായം കുറഞ്ഞതുമായ വസ്തുക്കള്‍ വില്ക്കുന്നതു സംബന്ധിച്ച് നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ കണ്ടു. അപ്രകാരമുള്ള വസ്തുക്കള്‍ വില്ക്കുന്നത് നന്നായിരിക്കും. അതിന് അവിടെ തഴക്കമുള്ള മൂന്നാളുകളെ ഒരു കമ്മിറ്റിയായി നിശ്ചയിച്ച് ഓരോ വസ്തുവിന്‍റെയും വിലയെ സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് എഴുതിക്കണം. അതില്‍ മൂന്നുപേരും അച്ചനും ഒപ്പുവച്ച് അയച്ചുതരണം. ഓരോ വസ്തുവിനും കൂടിയാല്‍ എന്തുവില കിട്ടുമെന്നും കുറഞ്ഞാല്‍ എന്തുവിലവരെ താഴ്ത്തി വില്ക്കാമെന്നും. ഇങ്ങനെ കൂടിയതും കുറഞ്ഞതുമായ രണ്ടു വിലകളും കാണിച്ചിരിക്കണം. ഈ വില നിശ്ചയിച്ചത് എന്തുകൊണ്ടാണെന്നും വിവരമായി കാണിക്കണം. എന്ത് വിലയാണ് ഓരോരുത്തരും കണ്ടിരിക്കുന്നതെന്ന് വ്യത്യസ്തമായി എഴുതി അറിയിക്കണം. എന്തു വിലയാണ് നിങ്ങള്‍ കണ്ടിരിക്കുന്നതെന്ന് മറ്റാരും അറിയരുത്. നിങ്ങളുടെ റിപ്പോര്‍ട്ടും അപേക്ഷയും കച്ചേരിയില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ വില്ക്കേണ്ട വില നിശ്ചയിക്കാം. എന്ന് എറണാകുളത്തു നിന്നും 1952 ജൂണ്‍ 5-ന് വികാരി ജനറാള്‍ പോത്താനാമുഴി മത്തായി കത്തനാര്‍ (ഒപ്പ്). മേല്പറഞ്ഞ പ്രകാരമുള്ള കമ്മറ്റി റിപ്പോര്‍ട്ടും ബഹു. വികാരിയുടെ റിപ്പോര്‍ട്ടും അപേക്ഷയും പരിഗണിച്ച് മാത്രമായിരുന്നു പിന്നീട് വസ്തു വില്പന നടത്തിയത്. കുറ്റിപ്പുഴ, കരുമാലൂര്‍, വെളിയത്തുനാട്, പാനായികുളം എന്നീ കരകളില്‍ പെട്ട 8 ഏക്കര്‍ 60 സെന്‍റ് സ്ഥലമാണ് (നിലം & പുരയിടം) മേല്പറഞ്ഞപ്രകാരം വില്പന നടത്തിയത്.

തന്‍റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രവര്‍ത്തന ശൈലിയായിരുന്നില്ല കണക്കുകളെയും സ്ഥാവരജംഗമ സ്വത്തുക്കളെയും പണത്തെയും സംബന്ധി ച്ച് അഭിവന്ദ്യ മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്തായും പുലര്‍ത്തിയിരുന്നതെന്ന് രേഖാലയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു.

ശ്ലൈഹിക പാരമ്പര്യം അവകാശപ്പെടുന്ന സഭയാണ് ഭാരത കത്തോലിക്കാ സഭ. ഈ ശ്ലൈഹിക പാരമ്പര്യം നമുക്ക് പകര്‍ന്നു തരുന്ന നാല് പ്രധാന മൂല്യങ്ങളുണ്ട്: വിശ്വാസം (Faith), സുവിശേഷം (Gospel), ധാര്‍മ്മികത (Morality/Moral purity), പാരമ്പര്യം (Tradition). ധാര്‍മ്മികതയിലും സുവിശേഷത്തിലും അധിഷ്ഠിതമായ ക്രൈസ്തവ പാരമ്പര്യത്തെ വളരെ ഇടുങ്ങിയ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് കേവലം ആരാധനക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രമായി തളച്ചിടാന്‍ ആധുനിക തലമുറയും നേതാക്കന്മാരും നടത്തുന്ന ശ്രമങ്ങള്‍ ക്രൈസ്തവ പാരമ്പര്യത്തിന്‍റെ തന്നെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന പ്രവൃത്തിയാണ്. വിശാലമായ അര്‍ത്ഥത്തിലാണ് ക്രൈസ്തവ പാരമ്പര്യത്തെ കാണേണ്ടതും വ്യാഖ്യാനിക്കേണ്ടതും. അങ്ങനെയെങ്കില്‍ ക്രൈസ്തവന്‍റെ മുഖമുദ്രയും യഥാര്‍ത്ഥ പാരമ്പര്യവുമായ സത്യസന്ധതയും ലാളിത്യവും കുലീനതയും സുതാര്യതയും ഏറ്റവും നിസ്സാരമായ കാര്യങ്ങളില്‍ പോലും പ്രകടിപ്പിക്കാനും ജീവിക്കാനും ക്രൈസ്തവന്‍ കടപ്പെട്ടിരിക്കുന്നു. തിന്മയുടെ കൂത്തരങ്ങായ ഈ ലോകത്ത് മേല്പറഞ്ഞ ക്രൈസ്തവ പാരമ്പര്യം ജീവിക്കാന്‍ സാധിക്കാത്ത ഒരു ക്രൈസ്തവന്‍ ക്രിസ്തുശിഷ്യനെന്ന പേരിനുപോലും അര്‍ഹതയില്ലാത്തവനാണ്. ക്രൈസ്തവ ധാര്‍മ്മികതയുടെയും പാരമ്പര്യത്തിന്‍റെയും മുഖംമൂടി ധരിച്ച് വിശ്വാസത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും സഭയോടുള്ള സ്നേഹത്തിന്‍റെയും പേരും പറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭാഗാത്രത്തെ നശിപ്പിക്കുമെന്നത് നിസ്തര്‍ക്കമത്രേ!

ആത്മീയതയുടെ മൂടുപടമണിഞ്ഞ് സഭാതനയന്‍ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിക്കുന്നത്  ആത്മീയ ലൗകികത എന്നാണ്. പാപ്പ പറയുന്നു:  ഭക്തിയുടെയും സഭയോടുള്ള സ്നേഹത്തിന്‍റെയും പി ന്നില്‍ ഒളിഞ്ഞിരിക്കുന്ന ആത്മീയ ലൗകികത അടങ്ങിയിരിക്കുന്നത് കര്‍ത്താവിന്‍റെ മഹത്ത്വത്തിനു പകരം മനുഷ്യന്‍റെ മഹത്ത്വവും വ്യക്തിപരമായ ക്ഷേമവും തേടുന്നതിലാണ്…  യേശുക്രിസ്തുവിന്‍റെ കാര്യമല്ല സ്വന്തം കാര്യം  (ഫിലി പ്പി 2:21) അന്വേഷിക്കുന്ന ഒരു നിഗൂഢ മാര്‍ഗമാണിത്. ഏതുതരം വ്യക്തികളിലേക്കും സംഘങ്ങളിലേക്കുമാണ് അത് ഊറിയിറങ്ങുന്നത് എന്നതിനെ ആശ്രയിച്ച് അത് പല രൂപങ്ങള്‍ സ്വീകരിക്കുന്നു. ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയെടുത്ത ഭാവങ്ങളില്‍ അധിഷ്ഠിതമായതുകൊണ്ട് അത് എപ്പോഴും പുറമേയുള്ള പാപവുമായി ബന്ധപ്പെട്ടിരുന്നില്ല. വെളിയില്‍ നിന്നു നോക്കുമ്പോള്‍ എല്ലാം ആയിരിക്കേണ്ട രീതിയില്‍ കാണപ്പെടുന്നു. എന്നാല്‍ സഭയിലേക്ക് ഊറിയിറങ്ങുകയാണെങ്കില്‍ അത് കേവലം സദാചാരപരമായ മറ്റേതു ലൗകികതയെക്കാളും അപരിമിതമായ അളവില്‍ വിനാശകരമായിരിക്കും  (അപ്പസ്തോലിക ആഹ്വാനം, സുവിശേഷത്തിന്‍റെ ആനന്ദം, No. 93).

പാപ്പ തുടരുന്നു: “പരസ്പര വിരുദ്ധമെന്നു തോന്നുമെങ്കിലും സഭയുടെ ഇടം ഏറ്റെടുക്കുക  എന്ന ഒരേ നാട്യമുള്ള മനോഭാവങ്ങളില്‍ വഞ്ചനാത്മകമായ ഈ ലൗകികത വ്യക്തമാണ്. ആരാധനക്രമവും വിശ്വാസസത്യവും സഭയുടെ അഭിമാനവും സംബന്ധിച്ച് പ്രകടനാത്മകമായ ഒരു വ്യഗ്രത ചില ആളുകളില്‍ നാം കാണുന്നു. എന്നാല്‍ ദൈവത്തിന്‍റെ വിശ്വസ്ത ജനത്തിന്‍റെയും വര്‍ത്തമാന കാലത്തെ സമൂര്‍ത്തമായ ആവശ്യങ്ങളുടെയും മേല്‍ സുവിശേഷത്തിന് ഒരു യഥാര്‍ത്ഥ സ്വാധീനമുണ്ടാക്കിയിരിക്കണമെന്നുള്ള കാര്യത്തില്‍ അവര്‍ക്ക് യാതൊരു താല്പര്യവുമില്ല. ഈ രീതിയില്‍ സഭയുടെ ജീവിതം ഒരു പ്രദര്‍ശന വസ്തുവായോ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേരുടെ സ്വത്തായോ തീരുന്നു. മറ്റുള്ളവരില്‍, സാമൂഹികവും രാഷ്ട്രീയവുമായ നേട്ടത്തോടുള്ള ഒരാകര്‍ഷണത്തിന്‍റെയോ പ്രായോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്കുള്ള കഴിവു സംബന്ധിച്ച അഭിമാനത്തിന്‍റെയോ സ്വയം സഹായത്തിന്‍റെയും ആത്മസാക്ഷാത്കാരത്തിന്‍റെ പരിപാടികള്‍ സംബന്ധിച്ച അമിത വ്യഗ്രതയുടെയോ പിന്നിലാണ് ഈ ആത്മീയ ലൗകികത പതിയിരിക്കുക. കാണപ്പെടേണ്ട ഒരു താല്പര്യമായോ കെട്ടുകാഴ്ചകളും യോഗങ്ങളും വിരുന്നുകളും സ്വീകരണങ്ങളും നിറഞ്ഞ ഒരു സാമൂഹികജീവിതമായോ അത് മാറിയെന്നും വരാം. ഭരണത്തിലും സ്ഥിതിവിവരകണക്കുകളിലും പദ്ധതികളിലും വിലയിരുത്തലുകളിലും മുഴുകിയ ഒരു വ്യാപാരമനഃസ്ഥിതിയിലും അതിന് എത്തിച്ചേരുവാന്‍ സാധിക്കും. അതിന്‍റെ മുഖ്യ ഗുണഭോക്താവ് ദൈവജനമല്ല, ഒരു സ്ഥാപനം എന്ന നിലയിലുള്ള സഭയാണ്. അവിടെ അവതാരം ചെയ്ത, ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്‍റെ അടയാളത്തിന്‍റെ സാന്നിദ്ധ്യമില്ല. അടഞ്ഞതും വരേണ്യവുമായ വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. പുറത്തുകടന്ന് വിദൂര സ്ഥരെയോ ക്രിസ്തുവിനു വേണ്ടി ദാഹിക്കുന്ന വമ്പിച്ച പുരുഷാരങ്ങളെയോ തേടാനുള്ള ഒരു പരിശ്രമവും ഉണ്ടാകുന്നില്ല. അലംഭാവത്തിന്‍റെയും തന്നിഷ്ടത്തിന്‍റെയും പൊള്ളയായ സുഖം സുവിശേഷ തീക്ഷ്ണതയ്ക്ക് പകരം വയ്ക്കപ്പെടുന്നു” (അപ്പസ്തോലിക ആഹ്വാനം, സുവിശേഷത്തിന്‍റെ ആനന്ദം, No. 95).

ക്രൈസ്തവന്‍റെ ജീവിതത്തില്‍, അതിവിശേഷമായി അജപാലകരുടെ ജീവിതത്തില്‍, കാത്തു സൂക്ഷിക്കപ്പെടേണ്ട യഥാര്‍ത്ഥ പാരമ്പര്യം വിസ്മരിക്കപ്പെടുമ്പോഴാണ് ആത്മീയ ലൗകികത ഒരുവന്‍റെ ജീവിതത്തെ കാര്‍ന്നു തിന്നുന്ന മാരകരോഗമായി മാറുന്നത്. ഒരിക്കല്‍ സ്വന്തമായിരുന്നതും ഇന്ന് കൈമോശം വന്നതുമായ യഥാര്‍ത്ഥ ക്രൈസ്തവ പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ ക്രൈസ്തവ ലോകത്തിന് സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! സമൂഹത്തില്‍ ഒരുകാലത്ത് സുറിയാനി ക്രൈസ്തവന് സ്വന്തമായിരുന്ന ഉന്നതസ്ഥാനം വീണ്ടെടുക്കാന്‍ ഇനി ക്രൈസ്തവന് സാധിക്കുമോ?

Comments

2 thoughts on “സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരം”

  1. ഡോട്ടി തോമസ് says:

    കോരട്ടിപ്പള്ളിയിൽ മനവാളനച്ചനും ഉപജാപക സംഘവും ചേർന്നു കാട്ടിക്കൂട്ടിയ കൊള്ളയിലെ സുതാര്യതക്കുറവ് മറച്ചു വെക്കുവാൻ സഹായ മെത്രാൻ മാർ കാട്ടുന്ന വ്യഗ്രത, വിശ്വാസികൾക്ക് കൂദാശകൾ നിഷേധിക്കുന്ന ഘട്ടം വരെ എത്തിയല്ലോ? സ്വർണ്ണം മുക്കുപണ്ഡമാക്കുന്ന സുതാര്യത മനസിലാവുന്നില്ല

  2. ഡോട്ടി തോമസ് says:

    സുതാര്യതയെക്കുറിച്ചു വാചാലരാകുന്നവർ കൊരട്ടിപള്ളിയിൽ മണവാളനച്ചൻ സ്വർണ്ണം മുക്കുപണ്ടമാക്കി മാറ്റിയ മാജിക്കിലെ സുതാര്യതക്കു നേരേ എന്തുകൊണ്ട് കണ്ണടച്ചു ! കൊരട്ടി വിഷയത്തിൽ സുതാര്യത വേണ്ടേ !

Leave a Comment

*
*