Latest News
|^| Home -> Cover story -> സര്‍വ്വസാഹോദര്യത്തിലധിഷ്ഠിതമായ സുസ്ഥിര വികസനം

സര്‍വ്വസാഹോദര്യത്തിലധിഷ്ഠിതമായ സുസ്ഥിര വികസനം

Sathyadeepam

‘ലൗദാത്തോ സി’യുടെയും ‘ഫ്രത്തെല്ലി തൂത്തി’യുടെയും പ്രകാശപരിസരത്തില്‍ ആഗോള വികസനത്തിന്റെ മാതൃക


ജിഎസ്എസ്ബി (ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ്) അംഗമായി ചാഴൂര്‍ ജോസഫ് മാര്‍ട്ടിന്‍ നിയമിതനായി. ജിആര്‍ഐയുടെ (ഗ്ലോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവ്) കീഴിലുള്ള ഒരു സ്വതന്ത്ര അന്താരാഷ്ട്ര സമിതിയാണ് ജിഎസ്എസ്ബി. ലോകമെങ്ങും അനവധി കോര്‍പ്പറേറ്റ് സ്ഥാപന ങ്ങള്‍ ഉപയോഗിക്കുന്ന സുസ്ഥിരതാ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് രൂപപ്പെടുത്തുന്നതിന്റെ ചുമതല വഹിക്കുന്ന സമിതിയാണ് ജിഎസ് എസ്ബി.
ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര അന്താരാഷ്ട്ര സംഘടനയാണ് ജിആര്‍ഐ. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി സംരക്ഷണം, മനുഷ്യാവകാശങ്ങള്‍, സുതാര്യത, ഗവേണന്‍സ്, അഴിമതി എന്നിങ്ങനെ സു സ്ഥിരതയുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക വിഷയങ്ങളില്‍ വിവിധ സംരംഭങ്ങള്‍ ഏല്‍പിക്കുന്ന ആഘാതം മനസ്സിലാക്കാന്‍ സ്ഥാപനങ്ങളെയും സംഘടനകളെയും ഭരണ കൂടങ്ങളെയും സഹായിക്കുന്ന സംഘടനയാ ണിത്. ഇന്ത്യയില്‍ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിസിനസ് റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ടിംഗിനുള്ള സെബി മാര്‍ഗ്ഗനിര്‍ദ്ദേശ ങ്ങള്‍ പാലിക്കുന്നതിന് ജിആര്‍ഐ സ്റ്റാന്‍ ഡേര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഇപ്പോള്‍ സൗദി അരാംകോയില്‍ സുസ്ഥിരത, പരിസ്ഥിതിശാസ്ത്രം, പോളിസി എന്നിവയില്‍ സ്‌പെഷലിസ്റ്റ് ആണ് ചാഴൂര്‍ ജോസഫ് മാര്‍ട്ടിന്‍. നേരത്തെ ഫാക്ട്, കൊച്ചി റിഫൈനറി, ജനറല്‍ മോട്ടോഴ്‌സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് എന്‍ഐടിയിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീ സിലും ആയിരുന്നു ഉപരിപഠനം. ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നീ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥി ആണ് അദ്ദേഹം. കോഴിക്കോട് IIM ലും മണിപ്പാല്‍ TAPMI ലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

പരേതരായ ചാഴൂര്‍ ഫ്രാന്‍സിസ് മാസ്റ്റര്‍, ബ്രിജിറ്റ് ഫ്രാന്‍സിസ് എന്നിവരാണ് മാതാ പിതാക്കള്‍. ഭാര്യ റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ ആനി, മകള്‍ മീര.


ഗ്ലോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവിന്റെ കീഴിലുള്ള ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി സ്റ്റാന്‍ ഡേര്‍ഡ്‌സ് ബോര്‍ഡിലേക്കു തിരഞ്ഞെടുക്ക പ്പെട്ടതില്‍ സത്യദീപത്തിന്റെ അനുമോദനങ്ങള്‍. ഈ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ആഗോളതലത്തില്‍ സുസ്ഥിരവികസനത്തില്‍ ഈ സംഘടനയുടെ സ്വാധീനവും ഒന്നു വ്യക്ത മാക്കാമോ?

അനുമോദനങ്ങള്‍ക്കും ഈ അഭിമുഖത്തിനും വളരെ അധികം നന്ദി പറഞ്ഞുകൊള്ളട്ടെ.
സുസ്ഥിരവികസനം സാധ്യമാവണമെങ്കില്‍ ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരവികസന തത്വങ്ങള്‍ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയേയും സമൂഹത്തെയും നെഗറ്റീവ് ആയി സ്വാധീനിക്കാതെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണല്ലോ സു സ്ഥിരവികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് സുസ്ഥിരവികസനത്തിനു വിഘാതമായി നില്‍ക്കുന്ന ഒരു ഘടകം. സാമ്പത്തിക രംഗത്തെ കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ബാലന്‍സ് ഷീറ്റിലും പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ടിലും ആണ്. അതുപോലെ കോര്‍പറേറ്റുകള്‍ സമൂഹത്തിലും പ്രകൃതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ ലോകത്തു ആദ്യമായി രൂപീകരിച്ചത് ഗ്ലോബല്‍ റിപ്പോര്‍ട്ടിങ് ഇനിഷ്യേറ്റിവ് ആണ്. അമേരിക്കയിലെ ബോസ്റ്റണില്‍ തുടങ്ങിയ ഈ സംഘടന പിന്നീട് നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. ഈ സംഘടന സ്റ്റാന്‍ഡേര്‍ഡ്‌സ് തയ്യാറാക്കുന്നതിന് സുതാര്യമായ ഒരു പ്രോട്ടോകോള്‍ ആണ് അവലംബിച്ചിട്ടുള്ളത്. ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്വം ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡുകള്‍ സുതാര്യമായ രീതിയില്‍ എല്ലാ തല്പരകക്ഷികളുടെയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചു തയ്യാറാക്കിയതാണെന്ന് ഉറപ്പു വരുത്തുകയാണ്. കൂടാതെ സ്റ്റാന്‍ഡേര്‍ഡ്‌സ് തയ്യാറാക്കുന്നതിന്റെ മുന്‍ഗണനാക്രമം തീരുമാനിക്കുക, ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, തല്പരകക്ഷികളുമായി സംവാദം നടത്തുക എന്നീ ഉത്തരവാദിത്തങ്ങളും ജിഎസ്എസ്ബിയില്‍ നിക്ഷിപ്തമായിരിക്കുന്നു.
ഇപ്പോഴത്തെ കണക്കനുസരിച്ചു ആഗോളതലത്തില്‍ പതിനായിരം കോര്‍പ്പറേറ്റുകള്‍ ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡ് അവലംബിക്കുന്നുണ്ട്. ആഗോളതലത്തില്‍ നിക്ഷേപക സമൂഹം ഈ കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ കോര്‍പ്പറേറ്റുകളുടെ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നു. നിക്ഷേപക സമൂഹത്തെ പ്രീതിപ്പെടുത്തേണ്ടത് കോര്‍പ്പറേറ്റുകളുടെ പ്രധാന കടമ ആയതുകൊണ്ടു ജിആര്‍ഐ നിഷ്‌കര്‍ഷിക്കുന്ന സൂചകങ്ങള്‍ കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുവാനുള്ള സൂചകങ്ങള്‍ ആയി ഉപയോഗിക്കുന്നു. ഈ സൂചകങ്ങള്‍ പരിസ്ഥിതി, സമൂഹം സമ്പദ്ഘടന മുതലായ സുസ്ഥിരവികസന ഘടകങ്ങള്‍ ആധാരമാക്കിയിട്ടുള്ളതാണ്. കൂടാതെ സുസ്ഥിരവികസനം കോര്‍പ്പറേറ്റ് സ്ട്രാറ്റജിയില്‍ എങ്ങനെ സമന്വയിപ്പിക്കാം എന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളും ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ‘ലൗദാത്തോ സി’യില്‍ ശുപാര്‍ശ ചെയ്യുന്ന പോലെ, തല്‍പരകക്ഷികളുടെ സുതാര്യമായ സംവാദം ആണ് ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡുകള്‍ സാധ്യമാക്കുന്നത്. നിക്ഷേപക സമൂഹം മാത്രമല്ല കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനത്തില്‍ ഉത്ക്കണ്ഠയുള്ളത്. ഗവണ്‍മെന്റ് ഏജന്‍സികള്‍, കോര്‍പ്പറേറ്റ് ജോലിക്കാര്‍, സമൂഹം, എന്‍ജിഓകള്‍ മുതലായവരും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകളുമായി സംവാദം നടത്തുവാനും അത്തരം സംവാദം കോര്‍പ്പറേറ്റുകളുടെ സുസ്ഥിരവികസനത്തിനു കാരണമാവുകയും ചെയ്യും.

‘പ്രകൃതിയുടെ വിലാപവും പാവപ്പെട്ടവന്റെ
നിലവിളിയും 
ഒന്നായി കാണാനാ’ണ്
‘ലൗദാത്തോ സി’ നമ്മോട് ആഹ്വാനം ചെയുന്നത്.

താങ്കളുടെ ജിഎസ്എസ്ബി യിലുള്ള പ്രവര്‍ത്തനം ഇന്ത്യ യെപ്പോലുള്ള രാഷ്ട്രങ്ങളു ടെ താല്പര്യങ്ങള്‍ സംരക്ഷി ക്കുന്നത് എങ്ങനെയാണ് എന്ന് വിശദമാക്കാമോ?

ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കുന്നത് സുതാര്യമായ ഒരു പ്രക്രിയയിലൂടെയാണ്. എല്ലാ തല്പരകക്ഷികളുടെയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചു വേണം സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കാന്‍. ജിഎസ്എസ്ബി മെമ്പര്‍മാര്‍ ഈ സുതാര്യത ഉറപ്പുവരുത്തുന്നത് വിവിധ മാര്‍ഗ്ഗങ്ങളില്‍കൂടിയാണ്. ഒന്നാമത് സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കുന്ന പ്രൊജക്ട് ഗ്രൂപ്പില്‍ എല്ലാ തല്പരകക്ഷികളുടെയും സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ്. ഇതിനു വേണ്ട തയ്യാറെടുപ്പുകള്‍ ജിആര്‍ഐ എക്‌സിക്യൂട്ടീവ്‌സ് പ്രൊജക്റ്റ് ടീം അപ്രൂവ് ചെയ്യുന്നത് ജിഎസ്എസ്ബി ആയതുകൊണ്ടു മെമ്പേഴ്‌സിന് ഈ കാര്യത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഈ സ്വാധീനം വസ്തുനിഷ്ഠമായിരിക്കണം. കൂടാതെ ജിഎസ്എസ്ബിയുടെ മീറ്റിംഗ് സംവാദങ്ങള്‍ മുഴുവനായി റെക്കോര്‍ഡ് ചെയ്തു പൊതുവായി ജിആര്‍ഐ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കുന്ന പ്രക്രിയയിലും കാലാനുസൃതമായി ജിഎസ്എസ്ബി മെമ്പേര്‍സ് റിവ്യൂ ചെയ്യുകയും ചെയ്യും. അങ്ങനെ എല്ലാ തല്പരകക്ഷികളുടെയും അഭിപ്രായം സമന്വയിപ്പിച്ചാണോ സ്റ്റാന്‍ഡേര്‍ഡ്‌സ് തയ്യാറാക്കിയത് എന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കും.

ഫ്രാന്‍സിസ് പാപ്പായുടെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം നിങ്ങളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കാമോ?

ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡ്‌സ് തയ്യാറാക്കുന്ന ഒരു സംരംഭം മാത്രമാണ്. ആഗോളതലത്തില്‍ സുസ്ഥിരവികസനത്തെ സ്വാധീനിക്കുന്ന പല വേദികള്‍ ഉണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ ആണ് ഇതില്‍ ഏറ്റവും വ്യാപകമായ സ്വാധീനം ചെലുത്തുന്ന വേദികള്‍. ‘ലൗദാത്തോ സി’ പുറത്തിറക്കിയത് 2015-ലെ ആഗോള സുസ്ഥിരവികസന സമ്മേളനത്തിന് തൊട്ടുമുമ്പാണ്. ഈ സമ്മേളനമാണ് ലോകരാഷ്ട്രങ്ങള്‍ 17 സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ സമന്വയിപ്പിച്ചത്. പാപ്പായുടെ ചാക്രികലേഖനം ഈ സമ്മേളനത്തെയും, അതിനു ശേഷം നടന്ന പാരീസ് ക്ലൈമറ്റ് പ്രഖ്യാപനത്തെയും നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ജിആര്‍ഐ സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കുമ്പോള്‍ ഈ ലക്ഷ്യങ്ങളും പ്രഖ്യാപനങ്ങളും ഉപയോഗിച്ചാണ്. അതുകൊണ്ടു ‘ലൗദാത്തോ സി’ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നന്നായി സ്വാധീനിക്കുന്നു എന്ന് വേണം പറയാന്‍.

‘ലൗദാത്തോ സി’ സുസ്ഥിര വികസനത്തിനെ എങ്ങനെ കാണുന്നു എന്ന് വിശദീകരി ക്കാമോ? എന്തെങ്കിലും പ്രത്യേക സന്ദേശം സുസ്ഥിര വികസനത്തെക്കുറിച്ചു ‘ലൗദാത്തോ സി’ തരുന്നുണ്ടോ?

തീര്‍ച്ചയായും. ‘ലൗദാത്തോ സി’ സുസ്ഥിരവികസനത്തെക്കുറിച്ചുള്ള ആഹ്വാനങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന ഒന്ന് തന്നെയാണ്. ഇതുവരെയുള്ള സുസ്ഥിരവികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വശങ്ങള്‍ വളരെ കൃത്യമായി പ്രതിപാദിക്കുന്നത് കൂടാതെ, സുസ്ഥിര വികസനത്തെ ആത്മീയമായുള്ള കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയും അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും ആണ് ‘ലൗദാത്തോ സി’ ചെയ്യുന്നത്. മാനവരാശി മുഴുവനും നമ്മുടെ സഹോദരങ്ങളാണെന്നുള്ള ക്രൈസ്തവമൂല്യം സുസ്ഥിരവികസനത്തിന്റെ അടിസ്ഥാന തത്വമായി അവതരിപ്പിക്കുകയാണ് ‘ലൗദാത്തോ സി’. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി ലോകത്തിന്റെ ഏതു കോണിലും ഉള്ള മനുഷ്യരെ ബാധിക്കും എന്ന തിരിച്ചറിവാണ് സുസ്ഥിരവികസനത്തിനും അതുവഴി ലോകസമാധാനത്തിനും വഴി തെളിയിക്കുക എന്ന ‘ലൗദാത്തോ സി’ അസന്നിഗ്ദ്ധമായി പ്രതിപാദിക്കുന്നുണ്ട്. ബൈബിളിലെ ഉപമകളിലൂടെ ലോക സാഹോദര്യം സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനമാണെന്നു ‘ലൗദാത്തോ സി’ വിശദീകരിക്കുന്നു.
സുസ്ഥിരവികസനം സാധ്യമാവണമെങ്കില്‍ ലോകനേതാക്കളും ബിസിനസ് നേതാക്കളും സാമൂഹ്യ നേതാക്കളും അവരുടെ തീരു മാനങ്ങള്‍ ലോകവ്യാപകയും ദൂര വ്യാപകമായുമുള്ള പുരോഗതി മുന്‍ നിറുത്തി എടുക്കേണ്ടതാണ്. അതിനു തടസ്സം നില്ക്കുന്നത് ഇന്നത്തെ സന്തോഷത്തിനായി വരും തലമുറകളുടെ പുരോഗതിയെ തുരങ്കംവെയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ്. ആത്മീയമായ ഒരു കാഴ്ചപ്പാടിലൂടെ ഈ തീരുമാനങ്ങള്‍ എടുത്താല്‍ ആ സുസ്ഥിരവികസനത്തിനു ആക്കം കൂട്ടും എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇന്ന് ലോകത്തിനു വേണ്ടത് അങ്ങനെ നിസ്വാര്‍ത്ഥമായി സുതാര്യമായി തീരുമാനങ്ങള്‍ എടുക്കുവാനും അത് നടപ്പിലാക്കുവാനുമുള്ള ഒരു തലമുറയെയാണ്. മലാല യൂസഫ്‌സായിയെപ്പോലെയും ഗ്രെറ്റ തുണ്‍ബുര്‍ഗിനെപ്പോലെയും ഉള്ള കൗമാരപ്രായക്കാര്‍ നേതൃത്വനിരയിലേക്കു വരുന്ന കാലമാണിത്. പാപ്പായുടെ ചാക്രിക ലേഖനം നമ്മുടെ വരുംതലമുറയെ ഏറ്റവും നന്നായി സ്വാധീനം ചെലുത്തും എന്ന് നമുക്കു വിശ്വസിക്കാം.

സുസ്ഥിര വികസനത്തെ ആത്മീയമായുള്ള കാഴ്ച പ്പാടിലൂടെ
നോക്കിക്കാണുകയും അതിനുള്ള പ്രായോഗിക
നിര്‍ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുക യും ആണ്
‘ലൗദാത്തോ സി’ നല്‍കുന്നത്. മാനവരാശി മുഴുവനും
നമ്മുടെ സഹോദരങ്ങളാണെന്നുള്ള ക്രൈസ്തവമൂല്യം
സുസ്ഥിരവികസനത്തിന്റെ അടിസ്ഥാന തത്വമായി
അവതരിപ്പിക്കുകയാണ് ‘ലൗദാത്തോ സി’.
ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി ലോകത്തിന്റെ
ഏതു കോണിലും ഉള്ള മനുഷ്യരെ ബാധിക്കും എന്ന
തിരിച്ചറിവാണ് സുസ്ഥിര വികസനത്തിനും അതുവഴി
ലോകസമാധാനത്തിനും വഴി തെളിയിക്കുക എന്ന
‘ലൗദാത്തോ സി’ അസന്നിഗ്ദ്ധമായി പ്രതിപാദിക്കുന്നുണ്ട്.


കൂടാതെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അനിയന്ത്രിതമായ ഉപഭോഗം ആണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. ജനസംഖ്യാവര്‍ധനവും അതിനൊപ്പമുള്ള ഉപഭോഗവും കൂടുതല്‍ വസ്തുക്കള്‍ ഉണ്ടാക്കുവാനും അതുവഴി പ്രകൃതി വിഭവങ്ങളെ ചൂഷണത്തിന് വിധേയമാക്കാനുമുള്ള മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ചു ‘ലൗദാത്തോ സി’ വിവക്ഷിക്കുന്നുണ്ട്. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം അനിയന്ത്രിതമായ ഉപഭോഗത്തിനുള്ള വരുമാനം ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും അതിനു സാധിക്കാതെ വരുന്ന സമൂഹം അസ്വസ്ഥമാകും. ഈ അസ്വസ്ഥത പല വിധത്തില്‍ സമൂഹത്തിന്റെ സമാധാനവും സന്തുലിതാവസ്ഥയും നശിപ്പിക്കും. ഈ അവസ്ഥയെ ക്രൈസ്തവ മൂല്യങ്ങളിലൂടെ എങ്ങനെ പരിഹരിക്കാം എന്ന് വിശദമാക്കുന്നുണ്ട് ഈ ചാക്രികലേഖനത്തില്‍.

‘ലൗദാത്തോ സി’ നല്‍കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളെ ഒന്നു വിലയിരുത്താമോ?

ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്‌നം ഉപഭോഗസംസ്‌കാരവും അതില്‍ നിന്ന് ഉളവാകുന്ന അനി യന്ത്രിതമായ പ്രകൃതിവിഭങ്ങളുടെ നാശവും ആണ്. ഇത് ഒരു പരിധിവരെ നിയമനിര്‍മാണം കൊണ്ടും നികുതി ഏര്‍പ്പെടുത്തുന്നതു കൊണ്ടും സാധ്യമാവും. പക്ഷെ എല്ലാ പൗരന്മാരും ഒത്തൊരുമിച്ചു ഈ നിയമവ്യവസ്ഥിതി പ്രാവര്‍ത്തികമാക്കണമെങ്കില്‍ നമ്മുടെ ജീവിതശൈലിയില്‍ സമഗ്രമായ മാറ്റം അനിവാര്യം ആണ്. നാം ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തി പ്രകൃതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചു ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. ഈ ബോധ്യവും മൂല്യാധിഷ്ഠിതമായി ഉപഭോഗം സ്വയം നിയന്ത്രിക്കാനുമുള്ള കഴിവും നാം ആര്‍ജ്ജിക്കേണ്ടതാണ്. ‘ലൗദാത്തോ സി’ നമുക്ക് തരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക നിര്‍ദേശവും ഇതു തന്നെയാണ്. നമ്മുടെ വരുമാനത്തിനനുസരിച്ചു ഉപഭോഗം വര്‍ദ്ധിപ്പിക്കാതെ ആവശ്യകത മനസ്സിലാക്കി അത്യാവശ്യത്തിനുവേണ്ടി സാധനങ്ങള്‍ വാങ്ങുന്ന സ്വഭാവം നാം കൈവരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ആവശ്യം കഴിഞ്ഞ സാധനങ്ങള്‍ അപരന് ആവശ്യമായി വരും എന്ന് മനസ്സിലാക്കി പുനരുപയോഗം കണ്ടെത്തലും അത്യാവശ്യമാണ്.
മനുഷ്യരാശി പ്രകൃതിയുടെ ഭാഗമാണ്. അല്ലാതെ പ്രകൃതിയില്‍ ജീവിക്കുന്ന ഒരു വംശം മാത്രമല്ല. അതുകൊണ്ടു ഏതു പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പരിഹാരം മനുഷ്യന്റെ പെരുമാറ്റരീതി മാറ്റുക എന്നതാണ്. സമഗ്രമായ ഒരു പ്രശ്‌നപരിഹാരത്തില്‍ പട്ടിണിയും വിശപ്പും പ്രകൃതിയും ഒരുപോലെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ‘പ്രകൃതിയുടെ കരച്ചിലും പാവപ്പെട്ടവന്റെ കരച്ചിലും ഒന്നായി കാണാനാ’ണ് ‘ലൗദാത്തോ സി’ നമ്മോടു ആഹ്വാനം ചെയുന്നത്.

2030-ല്‍ നേടേണ്ട ലക്ഷ്യങ്ങളുടെ സമാഹാരമാണല്ലോ ലോകരാഷ്ട്രങ്ങള്‍ പൊതുവായി അംഗീകരിച്ച 17 സു സ്ഥിരവികസന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യം കൈവരിക്കുവാന്‍ കത്തോലിക്കാ സഭയ്ക്ക് എന്തു പങ്കുവഹിക്കാന്‍ പറ്റുമെന്നാണ് താങ്കളുടെ അഭിപ്രായം?

ലോകത്തില്‍ ആകെ 1.2 ബില്യണ്‍ കത്തോലിക്കര്‍ ഉണ്ട് എന്നാണല്ലോ കണക്ക്. ഈ 1.2 ബില്യണ്‍ കത്തോലിക്കര്‍ ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാല്‍ സുസ്ഥിരവികസനത്തെ അത് വളരെയധികം സ്വാധീനിക്കും എന്ന് നമുക്കറിയാം. അതു കൂടാതെ രാഷ്ട്രങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും തലപ്പത്തിരിക്കുന്ന കത്തോലിക്കര്‍ ‘ലൗദാത്തോ സി’യുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ അതിന്റെ സ്വാധീനം വളരെ അധികമായിരിക്കും.
ദൂരവ്യാപകമായ ഒരു പ്രശ്‌നമായതുകൊണ്ടു വരും തലമുറയുടെ ആത്മീയതയില്‍ അധിഷ്ഠിതമായ ഒരു അവബോധം ആഗോളതലത്തില്‍ സുസ്ഥിരവികസനത്തിനു ആക്കം കൂട്ടും എന്നതിന് സംശയമില്ല. നമ്മുടെ ഇടവകകള്‍ പ്രാദേശികതലത്തില്‍ വളരെ അധികം സ്വാധീനം ഉള്ള വേദികളാണ്. വളരെ ചെറിയ കാര്യങ്ങളില്‍ മുതല്‍ നാം ഉപഭോഗം കുറയ്ക്കുകയും പ്രകൃതിസംരക്ഷണത്തിനു മുന്‍കൈ എടുക്കുകയും വേണം. ”പുറമെയുള്ള മരുഭൂമിയുടെ വളര്‍ച്ച അകത്തുള്ള മരുഭൂമിയുടെ വളര്‍ച്ച കാരണം ആണെന്ന് ‘ലൗദാത്തോ സി’ ബെനഡിറ്റക് 16-ാമന്‍ പാപ്പയെ ഉദ്ധരിച്ചു പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ഇടവകകള്‍ ആത്മീയവളര്‍ച്ചയ്ക്കുള്ള വേദികളാക്കി ഉയര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഈ ആത്മീയതയില്‍ അധിഷ്ഠിതമായ പരിസ്ഥിതി വിജ്ഞാനം നമ്മുടെ വരുംതലമുറയ്ക്ക് പകര്‍ന്നു നല്കാന്‍ കത്തോലിക്കാ സഭയ്ക്കുള്ള കഴിവ് വളരെ അധികമാണ്.

ഇക്കൊല്ലം പുറത്തിറങ്ങിയ ‘ഫ്രത്തെല്ലി തൂത്തി’ എന്ന ചാക്രികലേഖനവും സുസ്ഥിരവികസനവും തമ്മില്‍ ഉള്ള ബന്ധത്തെ എങ്ങനെ കാണുന്നു?

‘ലൗദാത്തോ സി’ കൂടുതലായും പ്രകൃതിയില്‍ സംഭവിച്ചിരിക്കുന്ന ശിഥിലീകരണത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍, ‘ഫ്രത്തെല്ലി തൂത്തി’ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മൂല്യശോഷണത്തെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു. വളരെ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ശതാബ്ദങ്ങളായി ഉരുത്തിരിഞ്ഞ ഉപഭോഗസംസ്‌കാരം ആണ് ഈ രണ്ടു മൂല്യച്യുതിക്കും കാരണം എന്ന് താത്വികമായി സമര്‍ത്ഥിക്കുകയാണ് ‘ഫ്രത്തെല്ലി തൂത്തി’യില്‍ പരിശുദ്ധ പിതാവ് ചെയ്യുന്നത്. പ്രകൃതിയില്‍ നിന്നും എടുക്കുന്ന വിഭവങ്ങള്‍ നമ്മുടെ ഉപയോഗത്തിനുള്ള ഉത്പന്നങ്ങള്‍ ആക്കുകയും ബാക്കി വരുന്നത് ഒരു ദാക്ഷിണ്യവും ഇല്ലാതെ പ്രകൃതിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണല്ലോ ഉപ ഭോഗസംസ്‌കാരത്തിന്റെ പ്രത്യേകത? സമൂഹത്തില്‍ ഇതേ മനോ ഭാവം തന്നെയാണ് ഉണ്ടാവാന്‍ പോകുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുവാനും പ്രായം ചെന്നവരെ ഉപേക്ഷിക്കുവാനും നാം കാണിക്കുന്ന വ്യഗ്രതയ്ക്കു കാരണം. അതു പോലെ സാമ്പത്തിക ലാഭത്തിനു വേണ്ടി മനുഷ്യരെ ചൂഷണം ചെയ്യുന്നതും ഈ ഉപഭോഗസം സ്‌കാരത്തിന്റെ ഭാഗമാണ്. മനുഷ്യാവകാശ ലംഘനവും, പ്രകൃതി നശീകരണവും, പരിസ്ഥിതി മലിനീകരണവും എല്ലാം ഒരേ കണ്ണിലൂടെ നോക്കി കാണുകയാണ് ഈ ചാക്രിക ലേഖനങ്ങളിലൂടെ പരിശുദ്ധ പിതാവ് ചെയ്യുന്നത്. സുസ്ഥിരവികസനത്തിന്റെ പ്രധാന രണ്ടു ഘടകങ്ങളായ പരിസ്ഥിതിയും സമൂഹവും എങ്ങനെ ഒരേ തട്ടില്‍ കൈകാര്യം ചെയ്യണമെന്ന് ഫ്രാന്‍സിസ് അസ്സീസിയുടെ ‘പ്രകൃതിയുടെ സങ്കീര്‍ത്തന’ത്തിലൂടെ വളരെ വിശ്വാസകരമായ വിധത്തില്‍ ഉത്‌ബോധിപ്പിക്കുകയാണ് ഈ രണ്ടു ചാക്രികലേഖനത്തിലൂടെ.

‘ഫ്രത്തെല്ലി തൂത്തി’ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള
മൂല്യശോഷണത്തെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു.
വളരെ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ശതാബ്ദങ്ങളായി
ഉരുത്തിരിഞ്ഞ ഉപഭോഗ 
സംസ്‌കാരം ആണ് ഈ
രണ്ടു മൂല്യച്യുതിക്കും കാരണം എന്ന് താത്വികമായി
സമര്‍ത്ഥിക്കുകയാണ് ‘ഫ്രത്തെല്ലി തൂത്തി’യില്‍
പരിശുദ്ധ പിതാവ് ചെയ്യുന്നത്. എല്ലാ മനുഷ്യരെയും
ഒരു പോലെ കാണുക, എല്ലാ മനുഷ്യരോടും
ഒരുപോലെ പെരു മാറുക എന്നതാണ്
ഈ സന്ദേശത്തിന്റെ കാതല്‍.

‘ഫ്രത്തെല്ലി തൂത്തി’ എന്ന ചാക്രികലേഖനം സുസ്ഥിര വികസനം സാധ്യമാവും വിധം എങ്ങനെ പ്രാവര്‍ത്തി കമാക്കാം എന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?

‘ഫ്രത്തെല്ലി തൂത്തി’യുടെ സന്ദേശം എല്ലാ മനുഷ്യരെയും ഒരുപോലെ കാണുക, എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുക എന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലം ‘ലൗദാത്തോ സി’യില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ വരവോടെ നാമെല്ലാം വിചാരിച്ചതു രാഷ്ട്രങ്ങളും, സമൂഹങ്ങളും, മതങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കും എന്നാണ്. പക്ഷെ കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകത്തില്‍ വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം സാമൂഹിക ശിഥിലീകരണം ആണ്. നമ്മുടെ സമൂഹത്തില്‍ തന്നെ വന്ന ആശയ ധ്രുവീകരണം സാര്‍വത്രികമായ ഒരു പ്രതിഭാസമാണ്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിവിധി, മനുഷ്യരാശിയുടെ ഒരുമിക്കലാണ്. ഏതൊരു ചിന്തയും, സംസാരവും തീരുമാനവും എല്ലാവരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം. സാര്‍വത്രിക സാഹോദര്യം ഉള്‍ക്കൊണ്ടു മാത്രമേ ഈ വിധത്തില്‍ ചിന്തിക്കാനും, സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. സഹിഷ്ണുത നമ്മുടെ ഇടയില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സംസാരിക്കാനും, ശ്രവിക്കാനും, സംവദിക്കാനും ഉള്ള നമ്മുടെ കഴിവ് ഇല്ലാതെയായിരിക്കുന്നു. മറുപടി പറയാന്‍ വേണ്ടി കേള്‍ക്കുന്നത് മാറ്റി മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കാന്‍ സാധ്യമായാല്‍ നമ്മുടെ കുടുംബങ്ങളിലെ ഒരുവിധം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പരസ്പര ബഹുമാനത്തോടെയുള്ള സംവാദം ആണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനം എന്ന് ‘ലൗദാത്തോ സി’യില്‍ അടിവരയിട്ടു പറയുന്നുണ്ട്. ഈ സംവാദത്തിന് എതിരായി നില്‍ക്കുന്ന എന്തും നീക്കാന്‍ തയ്യാറാണെന്നും പരിശുദ്ധ പിതാവ് ‘ലൗദാത്തോ സി’യില്‍ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയ വിശകലനത്തെ വിമര്‍ശനബുദ്ധിയോടെ കാണാതെ, അതിന്റെ അന്തഃസത്ത മനസ്സിലാക്കാനുള്ള സംവാദത്തിലേര്‍പ്പെടുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി.

താങ്കള്‍ ഈ ഒരു മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ പ്രചോദനവും സഞ്ചരിച്ച വഴികളും ഒന്ന് വിശദീകരി ക്കാമോ?

സ്‌കൂള്‍ കാലം മുതലേ ആത്മീയവും, സാമൂഹ്യവും ആയ കാര്യങ്ങളില്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നു. തിരുബാലസഖ്യം, കെസിഎസ്എല്‍, ലീജിയന്‍ ഓഫ് മേരി, ഐക്കഫ് മുതലായ സംഘടനകളില്‍ സജീവപ്രവര്‍ത്തകനായിരുന്നു. ഇടവകകളില്‍ കാറ്റിക്കിസം അധ്യാപകന്‍ ആയും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച സേവനത്തിനുള്ള അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡും, സഭയിലെ അല്മായ പ്രവര്‍ത്തനത്തിനുള്ള പരിശുദ്ധ പാപ്പയുടെ ‘ബെനെ മേരേന്തി’ പുരസ്‌കാരവും ലഭിച്ച എന്റെ അപ്പച്ചനായിരുന്നു ചെറുപ്പകാലങ്ങളില്‍ പ്രചോദനം തന്നിരുന്നത്. എന്റെ ഭാര്യയും മകളും എന്നും എനിക്ക് വളരെ അധികം എന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കിയിരുന്നു. മകള്‍ക്കു എംബിഎ പഠിക്കുമ്പോള്‍ സുസ്ഥിര വികസന പ്രവര്‍ത്തങ്ങള്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് പക്ഷെ പ്രവര്‍ത്തിപരമായി ഈ മേഖലയില്‍ വളരെ യാദൃശ്ചികമായാണ് ഞാന്‍ വന്നു പെട്ടത്. എഫ്എസിടി, കൊച്ചി റിഫൈനറി, ജനറല്‍ മോട്ടോര്‍സ്, ടിസിഎസ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തപ്പോള്‍ ടെക്‌നിക്കല്‍ മേഖലയില്‍ ആണ് ഞാന്‍ ജോലി ചെയ്തിരുന്നത്. 2009-ല്‍ കുവൈറ്റില്‍ ‘ഇ ആന്‍ഡ് വൈ’യില്‍ ജോലി ചെയ്യുമ്പോഴാണ് സുസ്ഥിരവികസനം സംബന്ധിച്ച മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടിയത്. കഴിഞ്ഞ ദശാബ്ദക്കാലം ദൈവത്തിന്റെ പ്രത്യേക പരിപാലനയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ജിഎസ്എസ്ബിയുടെ പ്രവര്‍ത്തനം സ്വമനസ്സാല്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തനം ആണ്. അതുപോലെ വരുംതലമുറയെ സുസ്ഥിരവിക സനത്തിനായി തയ്യാറെടുക്കാന്‍ സഹായിക്കുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം ഞാന്‍ തുടങ്ങി വെച്ചിട്ടുണ്ട്. റൈസ് എന്ന ഈ ട്രെയിനിങ് പ്രോഗ്രാമില്‍ റെസ്‌പോണ്‍സിബിലിറ്റി, ഇന്‍സ്പിറേഷന്‍, ക്രിയേറ്റിവിറ്റി, ഇമോഷണല്‍ ഇന്റലിജന്‍സ് എന്നീ കഴിവുകളാണ് പോഷിപ്പിക്കുന്നത്.


ഗ്ലോബല്‍ റിപ്പോര്‍ട്ടിങ് ഇനിഷ്യറ്റീവ് (ജിആര്‍ഐ) ഉം ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനം സാമ്പത്തിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്. പക്ഷെ കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനം സുസ്ഥിര വികസന തത്വങ്ങള്‍ അനുസരിക്കാതെ ചെയ്താല്‍ പ്രകൃതിയിലും സമൂഹത്തിലും ദൂരവ്യാപകമായ ശിഥിലീകരത്തിനു അത് കാരണമാവും. കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനത്തില്‍ സുസ്ഥിരവികസന തത്വങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാം അന്ന് നിര്‍ദ്ദേശിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളാണ് ജിആര്‍ഐ തയ്യാറാക്കുന്നത്. 1997-ല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ ആരംഭിച്ച ഈ സംഘടന പിന്നീട് നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ഈ സംഘടന കാലാകാലങ്ങളായി സുസ്ഥിരവികസനത്തിനുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കുന്നു. ഇത് തയ്യാറാക്കുന്നതിന് എല്ലാ തല്പര കക്ഷികളുടെയും ആശയങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
ജിഎസ്എസ്ബി എന്നത് ജിആര്‍ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര അധികാരമുള്ള ഒരു സംഘടനയാണ്. ജിആര്‍ഐയുടെ സ്റ്റാന്‍ഡേര്‍ഡ്‌സ് തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് ജിഎസ്എസ്ബിയുടെ ചുമതല. 15 അംഗങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വിദഗ്ദ്ധസമിതിയാണ് ജിഎസ്എസ്ബി. ഏതൊക്കെ മേഖലയില്‍ സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കണം, അവയുടെ മുന്‍ഗണനാക്രമം, തയ്യാറാക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ ജിആര്‍ ഐ പ്രോട്ടോകോള്‍ ഉപയോഗിച്ചാണോ തയ്യാറാക്കിയത് എന്നിവയാണ് ജിഎസ്എസ്ബിയുടെ പ്രധാന ചുമതലകള്‍.

Comments

One thought on “സര്‍വ്വസാഹോദര്യത്തിലധിഷ്ഠിതമായ സുസ്ഥിര വികസനം”

  1. Devis K.O. says:

    unity in all fields is a motto of every person because all fields in world is like a business,there is no truth ,values,faith etc.

Leave a Comment

*
*