Latest News
|^| Home -> Cover story -> മാനസാന്തരത്തിന്റെ അപ്പസ്തോലൻ

മാനസാന്തരത്തിന്റെ അപ്പസ്തോലൻ

Sathyadeepam

ജിജോ സിറിയക്

സിസ്റ്റര്‍ റാണിമരിയയുടെ രക്തസാക്ഷിത്വത്തിന്‍റെയും സമന്ദര്‍ സിങ്ങിന്‍റെ മാനസാന്തരത്തിന്‍റെയും ഏടുകള്‍ക്കിടയില്‍ തുന്നിച്ചേര്‍ക്കപ്പെടേണ്ട ഒരു ജീവിതമുണ്ട്, അത് മലയാളിയായ സന്യാസിവര്യന്‍ ഫാ. സ്വാമി സദാനന്ദിന്‍റേതാണ്. തരിശുഭൂമിയില്‍ സ്ഥാനം നോക്കി വെള്ളം കണ്ടെത്തുന്നതില്‍ പ്രശസ്തനായിരുന്നു സ്വാമിയച്ചനെന്നറിയപ്പെട്ടിരുന്ന ഫാ. സദാനന്ദ്. കൊലപാതകിയായ സമന്ദര്‍ സിങ്ങിന്‍റെ കഠിനഹൃദയം കുഴിച്ച് മാനസാന്തരത്തിന്‍റെ ഉറവകള്‍ തുറന്നുവിട്ടതും സ്വാമിയച്ചനാണ്. പിന്നീടുള്ള സമന്ദര്‍ സിങ്ങിന്‍റെ ജീവിതത്തെ നിശ്ചയിച്ചതും നയിച്ചതും അച്ചനായിരുന്നു. ഉത്തരേന്ത്യയിലെ പാഴ്ഭൂമികളില്‍ നഗ്നപാദനായി നടന്ന് ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് സുവിശേഷം പകര്‍ന്ന ഈ സി.എം.ഐ. സഭാ വൈദികന്‍ ഇന്ന് നമ്മോടൊപ്പമില്ല. റാണി മരിയ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നത് കാണാന്‍ കാത്തിരുന്ന ആ ഹൃദയത്തിന്‍റെ തുടിപ്പ് 2016 ഏപ്രില്‍ 25-ന് നിലച്ചു.

1948 മാര്‍ച്ച് 21-ന് ഒല്ലൂര്‍ പൊറാട്ടുകര അന്തോണി വെറോനിക്ക ദമ്പതികളുടെ 10 മക്കളില്‍ രണ്ടാമനായിട്ടായിരുന്നു ജനനം. മൈക്കിളെന്നായിരുന്നു പേര്. സി.എം.ഐ. സഭയില്‍ ചേര്‍ന്ന് 1979 ഏപ്രില്‍ 21-ന് വൈദികനായി. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് മധ്യപ്രദേശിലെ സാഗര്‍ രൂപതയ്ക്കു കീഴില്‍ മിഷനറിയായി പ്രവര്‍ത്തനം തുടങ്ങിയത്. ഒരു നേരത്തെ ഭക്ഷണം പോലും അന്യമായ, പാവപ്പെട്ടവരില്‍ പാവപ്പെട്ട ആദിവാസികള്‍ക്കായി സ്വന്തം ജീവിതം അദ്ദേഹം നീക്കിവെച്ചു. ഭാരതീയ ഋഷിപാരമ്പര്യത്തിന്‍റെ പൊരുളറിഞ്ഞ അച്ചന്‍ ആഢംബരങ്ങള്‍ പൂര്‍ണമായും ത്യജിച്ചു. കാവിമുണ്ടും ഉത്തരീയവും മാത്രമായി വസ്ത്രം. ചെരുപ്പ് ഉപേക്ഷിച്ചു…. നിലത്ത് വെറുംപായയിലായി ഉറക്കം. അങ്ങനെ എളിയവര്‍ക്കൊപ്പം താദാത്മ്യപ്പെട്ട അച്ചന്‍ അവരുടെ പ്രതീക്ഷയായി. വൈദികനായ അദ്ദേഹം അവരുടെ വൈദ്യനും ഗുരുവും ചങ്ങാതിയും വഴികാട്ടിയുമൊക്കെയായി. അംഗവൈകല്യമുള്ളവര്‍ക്കിടയിലും കുഷ്ഠരോഗികള്‍ക്കിടയിലുമൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു.

ജയിലറകളായിരുന്നു സ്വാമിയച്ചന്‍റെ മറ്റൊരു കര്‍മ്മമേഖല. ഒരു നിമിഷത്തെ തെറ്റിന് ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ കാരാഗൃഹത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ അടുത്തേക്ക് ആത്മമിത്രത്തെപ്പോലെ അദ്ദേഹമെത്തി. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള അത്തരമൊരു യാത്രയിലാണ് സമന്ദര്‍സിങ്ങിനെ അച്ചന്‍ കണ്ടത്.

നേരെ നോക്കുവാന്‍പോലും ആദ്യം സമന്ദര്‍ തയ്യാറായിരുന്നില്ലെന്നാണ് സ്വാമിയച്ചന്‍ പറഞ്ഞത്. ശിലപോലെയുള്ള മുഖത്ത് യാതൊരു വികാരവും ഉണ്ടായിരുന്നില്ല. സെല്ലില്‍ കാണാന്‍ ചെന്നപ്പോഴൊക്കെ സമന്ദര്‍ സ്വാമിയച്ചനെ അവഗണിച്ചു. അച്ചന്‍റെ സാമീപ്യവും സന്ദര്‍ശനവും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അയാള്‍ വ്യക്തമാക്കി. എന്നാല്‍ അച്ചന്‍ പലവട്ടം സമന്ദറിനെ തേടിയെത്തി. മെല്ലെ മെല്ലെ അയാള്‍ അച്ചന് ചെവി കൊടുത്തു. വൈകാതെ സമന്ദര്‍ ഇണങ്ങി.

പതിവായി ജയിലിലെത്തുന്ന സ്വാമിയച്ചന്‍ ഒരു സഹോദരനെപ്പോലെ തന്നെ ചേര്‍ത്തുപിടിച്ചപ്പോഴാണ് തന്‍റെ മനസ്സിളകിയതെന്ന് പിന്നീട് സമന്ദര്‍ പറഞ്ഞിട്ടുണ്ട്. അവനെ കുറ്റപ്പെടുത്തുകയോ, ശാസിക്കുകയോ ചെയ്യാതെ മനുഷ്യ ജന്മം നന്മ ചെയ്യാനുള്ളതാണെന്ന ബോദ്ധ്യം പകര്‍ന്നു. കാരിരുമ്പു പോലുള്ള കഠിനഹൃദയം മെല്ലെ അലിയുകയായിരുന്നു. ജീവിതം തീര്‍ന്നിട്ടില്ലെന്നും ഇനിയും ഒട്ടേറെ സാദ്ധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്നും സ്വാമിയച്ചന്‍ സമന്ദര്‍സിങ്ങിനെ ബോദ്ധ്യപ്പെടുത്തി. അതോടെ അയാള്‍ പരിവര്‍ത്തനപ്പെട്ടു. അതിന്‍റെ തുടര്‍ച്ചയായിരുന്നു 2002 ആഗസ്റ്റ് 21-ന് നടന്ന രാഖിബന്ധനം. അന്ന് സ്വാമിയച്ചന്‍റെ നിര്‍ദ്ദേശപ്രകാരം റാണി മരിയയുടെ അനുജത്തി സിസ്റ്റര്‍ സെല്‍മി ജയിലിലെത്തി സമന്ദറിന്‍റെ കൈയില്‍ രാഖികെട്ടി സഹോദരനായി സ്വീകരിച്ചു. റാണിയുടെ ചോരവീണ ആ കൈകളില്‍ സെല്‍മി ചുംബിച്ചു. പച്ചമുള ചീന്തുംപോലെ തേങ്ങിപ്പോയ സമന്ദര്‍ അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ച് മാപ്പിരന്നു. തുടര്‍ന്ന് റാണി മരിയയുടെ അമ്മ ഏലീശ്വയും സഹോദരന്‍ സ്റ്റീഫനും ജയിലിലെത്തി സമന്ദറിനെ കണ്ടു. അതിനുള്ള അവസരമൊരുക്കിയതും സ്വാമിയച്ചനായിരുന്നു. റാണി മരിയയുടെ ബന്ധുക്കള്‍ മാപ്പു നല്‍കിയതോടെ ശിക്ഷയിളവ് ലഭിച്ച സമന്ദര്‍ 2006 ആഗസ്റ്റ് 22-ന് ജയില്‍ മോചിതനായപ്പോള്‍ കൂട്ടാന്‍ സ്വാമിയച്ചനുണ്ടായിരുന്നു. പിറ്റേന്നു തന്നെ അച്ചന്‍ സമന്ദറിനെ മിര്‍ജാപ്പൂരിലുള്ള റാണി മരിയയുടെ കബറിടത്തിലെത്തിച്ചു. തുടര്‍ന്ന് റാണി മരിയ കൊല്ലപ്പെട്ട നച്ചന്‍ബോര്‍ മലനിരകളിലേക്കും അവര്‍ പോയി. അവിടെ മണ്ണില്‍ കിടന്നുകരഞ്ഞ സമന്ദറിനെ സ്നേഹവാത്സല്യത്തോടെ പുണര്‍ന്ന് നിറുകയില്‍ ചുംബിച്ച് സ്വാമിയച്ചന്‍ ആശ്വസിപ്പിച്ചു.

പുല്ലുവഴിയിലെ റാണി മരിയയുടെ വട്ടാലില്‍ തറവാട്ടിലേക്ക് സമന്ദറിനെ ആദ്യം കൊണ്ടുവന്നതും സ്വാമിയച്ചനായിരുന്നു. 2007 ജനുവരി 20-നായിരുന്നു അത്. ഘാതകനായ തന്നെ നാട്ടുകാരും വീട്ടുകാരും എങ്ങനെ കാണുമെന്ന സന്ദേഹം സമന്ദറിനുണ്ടായിരു ന്നു. എന്നാല്‍ സ്വാമിയച്ചന്‍റെ വാക്കില്‍ വിശ്വസിച്ചാണ് അയാള്‍ പുല്ലുവഴിയിലെത്തിയത്. അന്ന് അവശനായിരുന്ന റാണിയുടെ പിതാവ് പൈലിയുടെയും ഏലീശ്വയുടെയും കാലുപിടിച്ച് കരഞ്ഞ് മാപ്പു പറഞ്ഞാണ് സമന്ദര്‍ മടങ്ങിയത്. പിന്നീടും സ്വാമിയച്ചനൊപ്പം സമന്ദര്‍ പുല്ലുവഴിയിലെത്തിയിരുന്നു.

റാണിമരിയയുടെ കൊലപാതകത്തെക്കുറിച്ചും സമന്ദറിന്‍റെ മാനസാന്തരത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഹാര്‍ട്ട് ഓഫ് മര്‍ഡറര്‍ എന്ന ഇറ്റാലിയന്‍ സിനിമ ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏറെയും നല്കിയത് സ്വാമിയച്ചനായിരുന്നു. ഫ്രാന്‍സിസ് പാപ്പ വരെ ഈ സിനിമയില്‍ ആകൃഷ്ടനായി. പിന്നീട് പാപ്പയെ കാണാനും അച്ചന് അവസരം കിട്ടി. ഇറ്റലിയില്‍ സിനിമയുടെ തുടര്‍ച്ചയായി സമന്ദറിന്‍റെ മാനസാന്തരവുമായി ബന്ധപ്പെട്ട വിശദീകരണ സദസ്സുകളില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ സെല്‍മിക്കൊപ്പം അച്ചനും പോയിരുന്നു. സമന്ദറിന് ക്ഷണമുണ്ടായിരുന്നെങ്കിലും പാസ്പോര്‍ട്ട് ലഭിക്കാതിരുന്നതിനാല്‍ പോകാനായില്ല. അല്പവസ്ത്രം ധരിച്ച് ചെരുപ്പിടാതെ എത്തിയ വൈദിക ശ്രേഷ്ഠനെ ഏറെ ആദരവോടെയാണ് അവിടെയുള്ളവര്‍ സ്വീകരിച്ചത്.

ഒറ്റമുണ്ടും ഷാളും ധരിച്ച് വത്തിക്കാനിലെ തെരുവില്‍ ഇരുന്ന സ്വാമിയച്ചനെ ചിലര്‍ യാചകനാണെന്ന് തെറ്റിദ്ധരിച്ച സംഭവവുമുണ്ടായി. അവര്‍ അദ്ദേഹത്തിനുമുന്നിലേക്ക് നാണയത്തുട്ടുകളിട്ടു. നൂറു യൂറോയോളമാണ് അച്ചനു മുന്നില്‍ വീണത്. അതെടുത്ത് തെരുവിന്‍റെ ഓരത്തിരുന്ന ഒരു യാചകന് സ്വാമിയച്ചന്‍ കൈമാറി. തന്‍റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലൊന്നാണിതെന്നാണ് പിന്നീട് അച്ചന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

പിന്നീട് ഒറ്റമുണ്ടില്‍ അച്ചന്‍ അമേരിക്കയിലും പോയി. അവിടെ സ്നേഹത്തെക്കുറിച്ചും ഭാരതീയ മൂല്യങ്ങളെക്കുറിച്ചുമൊക്കെ അ ച്ചന്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആതുരസേവനത്തിനായുള്ള യാത്രയില്‍ ഇന്‍ഡോറിനടുത്തുള്ള സേന്തുവാ ഗ്രാമത്തില്‍ വച്ചാണ് സ്വാമിയച്ചന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ഭൗതികശരീരം അദ്ദേഹം മുന്‍കൂട്ടി നിര്‍ദ്ദേശിച്ച പ്രകാരം ഭോപ്പാല്‍ എ.ഐ.ഐ.എം.എസ്സില്‍ പഠനത്തിന് വിട്ടുകൊടുത്തു.

സമന്ദറിന്‍റെ മാനസാന്തരത്തില്‍ താന്‍ ദൈവത്തിന്‍റെ ഒരുപകരണം മാത്രമാണെന്നാണ് സ്വാമിയച്ചന്‍ എന്നും പറഞ്ഞിരുന്നത്. സാധാരണ പുരോഹിതന്‍ നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച സ്വാമിയച്ചനെന്ന ഫാ. സദാനന്ദ് ലോകത്തിന് തന്നിലൂടെ ക്രിസ്തുവിനെ കാട്ടിക്കൊടുക്കുവാനാണ് ശ്രമിച്ചതെന്ന് നിസംശയം പറയാം.

(മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററാണ് ലേഖകന്‍)

Leave a Comment

*
*