Latest News
|^| Home -> Cover story -> സ്വര്‍ഗം നിന്‍െറ ഉള്ളിലാണ്

സ്വര്‍ഗം നിന്‍െറ ഉള്ളിലാണ്

Sathyadeepam

ബിഷപ് തോമസ് തറയില്‍

കസാന്‍ദ് സാക്കീസിന്‍റെ ‘സെയിന്‍റ് ഫ്രാന്‍സിസ്’ എന്ന നോവലിന്‍റെ ആദ്യതാളുകളില്‍ ഭിക്ഷുവായ ലിയോയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുമ്പോള്‍ ഫ്രാന്‍സിസ് പറയുന്നു: ‘സ്വര്‍ഗം എത്ര ഉയരത്തിലാണ്! ഭൂമി വളരെയടുത്തു നമ്മുടെ കാല്‍ച്ചുവട്ടിലുണ്ട്. മനോഹരമായ ഭൂമി!” തിന്നും കുടിച്ചും രസിച്ചും പട്ടുവസ്ത്രങ്ങള്‍ ധരിച്ചും പ്രണയഗാനങ്ങള്‍ പാടിയും നടക്കുന്ന ഒരാള്‍ക്കു സ്വര്‍ഗത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകാന്‍ സാദ്ധ്യത കുറവാണ്. സ്വര്‍ഗം തന്നില്‍ നിന്നു വളരെ ദൂരെ നില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായേ അയാള്‍ക്കു കാണാന്‍ കഴിയൂ. ലിയോ, ഫ്രാന്‍സിസിനെ തിരുത്തി പറയുന്നുണ്ട്. “സ്വര്‍ഗത്തോളം അടുത്ത് ഒന്നുമില്ല. ഭൂമി നമ്മുടെ കാലിനടിയിലാണ്. നാമതില്‍ ചവിട്ടി നടക്കുന്നു. പക്ഷേ സ്വര്‍ഗം അതു നമ്മുടെ ഉള്ളിലാണ്.”

ചവിട്ടി നടക്കുന്ന ഭൂമിയിലെ സുഖങ്ങളെ പ്രണയിക്കുന്ന മനുഷ്യന് അവന്‍റെ ഉള്ളിലെ സ്വര്‍ഗത്തെ കണ്ടെത്താനാവില്ല. സ്വര്‍ഗം അകലെയാണെന്നു കരുതി ലൗകികവ്യാപാരങ്ങളുമായി മാത്രം ജീവിക്കുന്ന മനുഷ്യനെ സ്വര്‍ഗം അവന്‍റെ ഉള്ളില്‍ത്തന്നെയാണെന്നു ബോദ്ധ്യപ്പെടുത്തുന്ന സംഭവമായിരുന്നു മനുഷ്യാവതാരം. ‘ദൈവം നമ്മോടുകൂടെയാണ്’ അകലെ നില്ക്കുന്നവനല്ല എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന തിരുനാള്‍! മനുഷ്യാസ്തിത്വത്തിന്‍റെ സര്‍വാവസ്ഥകളോടും താദാത്മ്യപ്പെട്ടു തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം ധരിച്ചു മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു (ഫിലി. 23). ആ സംഭവം മുതല്‍ മനുഷ്യന്‍റെ കൂടെനില്ക്കുന്ന അവന്‍റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയാകുന്ന ദൈവത്തെ നമുക്കു വെളിപ്പെട്ടു. അതു വിശ്വസിക്കുന്ന ഏവര്‍ക്കും ശക്തിയും സ്ഥൈര്യവും നല്കുന്ന ഓര്‍മയാണു ക്രിസ്തുമസ്.

സ്വര്‍ഗം ഉള്ളിലുള്ളവര്‍: മനുഷ്യന്‍റെ യഥാര്‍ത്ഥ വില മനസ്സിലാക്കാന്‍ മനുഷ്യാവതാര രഹസ്യം നമ്മെ സഹായിക്കും. സ്വര്‍ഗം ഉള്ളിലുള്ളവന്‍ ദൈവികനാണ്. മൃഗതുല്യനായി ജീവിക്കേണ്ടവനല്ല അവന്‍. ഭൗമിക മാനുഷികചുറ്റുപാടുകളില്‍ ദൈവികമായ സാന്നിദ്ധ്യം പേറുന്നവരാണു മനുഷ്യര്‍. സഭാപിതാക്കന്മാര്‍ ഇതിനെ കുറേക്കൂടി കാലികമായി നിര്‍വചിച്ചു. അലക്സാന്‍ഡ്രിയായിലെ മെത്രാനായിരുന്ന അത്തനേഷ്യസ് പറഞ്ഞുവച്ചു: “ദൈവപുത്രന്‍ മനുഷ്യനായതു നമ്മള്‍ ദൈവമാകാന്‍വേണ്ടിയാണ്. വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവിടുന്നു കൃപ നല്കി (യോഹ. 1:12) എന്ന വചനം വ്യാഖ്യാനിച്ചുകൊണ്ട് ആഗസ്തീനോസും പഠിപ്പിച്ചു. “നാം ദൈവമക്കളായെങ്കില്‍ ദൈവവുമായിത്തീര്‍ന്നിരിക്കുന്നു.” ‘മനുഷ്യാവതാരത്തിലൂടെ ദൈവികരായിത്തീര്‍ന്ന മനുഷ്യര്‍’ എന്ന വിശ്വാസം സഭാപിതാക്കന്മാരായ ഇരണേവൂസും അലക്സാന്‍ഡ്രിയായിലെ ക്ലമന്‍റും പ്രകടിപ്പിക്കുന്നുണ്ട് (cccc 460).

യോഹന്നാന്‍റെ സുവിശേഷത്തില്‍ (10:34-35) നാം വായിക്കുന്നു: “നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേയ്ക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്നവന്‍ വിളിച്ചു.” വി. പൗലോസും ഇപ്രകാരം പറയുന്നു. ‘കര്‍ത്താവിന്‍റെ മഹത്ത്വം കണ്ണാടിയിലെന്നപോലെ മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്ത്വത്തില്‍നിന്നു മഹത്ത്വത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്‍റെ ദാനമാണ്.

മഹത്ത്വം മറക്കുന്ന മനുഷ്യന്‍: ഉള്ളില്‍ സ്വര്‍ഗം പേറുന്നവന്‍ കേവലം ലൗകികനായി ജീവിച്ചാലോ? പലപ്പോഴും കോഴിക്കുഞ്ഞുങ്ങളുടെ ഇടയില്‍ വളരുന്ന പരുന്തിന്‍റെ അവസ്ഥയിലാണു മനുഷ്യന്‍റെ ജീവിതം. മഹത്ത്വത്തിന്‍റെ ആള്‍രൂപമാകേണ്ടവന്‍ ഒരു മഹത്ത്വവുമില്ലാത്തവനെപ്പോലെ ജീവിക്കുന്ന അവസ്ഥ!

യഥാര്‍ത്ഥത്തില്‍ പഴയ നിയമം മുഴുവനും മനുഷ്യനെ അവന്‍റെ ശരിയായ മഹത്ത്വത്തിലേക്കു കൈ പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ നമുക്കു കാണാം. ‘ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചെങ്കിലും പാപത്തിലൂടെ അവന്‍ മഹത്ത്വമില്ലാത്തവനായി. പിന്നീടു നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ പുത്രസ്ഥാനത്തെക്കുറിച്ചുള്ള ബോദ്ധ്യങ്ങള്‍ നഷ്ടപ്പെട്ടു. അടിമമനഃസ്ഥിതി സ്വന്തമാക്കി. ഈ ജനത്തെ വീണ്ടെടുക്കുമ്പോള്‍ ദൈവമായ കര്‍ത്താവ് ആഗ്രഹിക്കുന്നത് ‘ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവും’ എന്ന മഹത്ത്വപൂര്‍ണമായ അവസ്ഥയിലേക്കു ജനം വളരണം എന്നാണ്. എന്നാല്‍ ഈജിപ്തിലെ അടിമത്തമായിരുന്നു ദൈവപുത്ര സ്ഥാനത്തേക്കാള്‍ നല്ലത് എന്നു വിലപിക്കുന്ന മനുഷ്യനെയും നമുക്കു കാണാന്‍ കഴിയും (പുറ. 17:3) മഹത്ത്വത്തിലേക്കു വളരാന്‍ വിമുഖത കാട്ടുകയും സംഘര്‍ഷം അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യനെ ബൈബിളിലുടനീളം നാം കണ്ടുമുട്ടുന്നുണ്ട്. ഇതേ അനുഭവം ഇന്നും തുടരുന്നു. മൃഗീയമായ സുഖങ്ങള്‍ക്കു മനുഷ്യോചിതമായ മഹത്ത്വത്തേക്കാള്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ അതു പലതരത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കും.

മനുഷ്യനു വിലയില്ലാത്ത വ്യവസ്ഥിതികള്‍: ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിന്‍റെ മുഖത്താണു നമ്മള്‍! നൂറുകണക്കിനാളുകളെ കേരളത്തിലും തമിഴ്നാട്ടിലുമായി നഷ്ടപ്പെട്ടു. കടലില്‍ ജീവന്‍ പണയംവച്ചു മത്സ്യബന്ധനത്തിനു പോകുന്നവനും ദൈവത്തിന്‍റെ ഛായയും സാദൃശ്യവും ഉള്ളവനാണെന്ന ബോദ്ധ്യം ഉണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതലുകളും മുന്നറിയിപ്പുകളുമൊരുക്കാന്‍ ഭരണകൂടത്തിനു മടിയുണ്ടാവില്ല. സാങ്കേതികമായി ഇത്രമാത്രം വളര്‍ന്ന ഇക്കാലത്തും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്താന്‍ അതിനു നിയോഗിക്കപ്പെട്ട കേന്ദ്രങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതു ഖേദകരമാണ്. കാലാവസ്ഥാപ്രവചനത്തിന്‍റെയും ദുരന്തനിവാരണത്തിന്‍റെയുമൊക്കെ പേരില്‍ ശമ്പളം വാങ്ങുന്നവര്‍ക്കു കുറവില്ലാത്തപ്പോഴും മനുഷ്യജീവന്‍ വിലയില്ലാതെ നശിക്കുന്നു എന്നതു സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ഗോവധനിരോധനത്തിന്‍റെ പേരില്‍ ഇന്നാട്ടിലുണ്ടായ കലാപങ്ങളില്‍ മരണമടഞ്ഞ മനുഷ്യര്‍ക്കു കൃത്യമായ കണക്കുണ്ടോ? എത്രയോ പേര്‍ ഇന്നും ഇതിന്‍റെയൊക്കെപ്പേരില്‍ കൊല്ലപ്പെടുന്നു. മനുഷ്യനില്‍ നിറയുന്ന ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയാത്തത് ഒരു സംസ്കാരത്തെ എങ്ങനെ ദുഷിപ്പിക്കുന്നു എന്നതിന് ഉദാഹരണങ്ങള്‍ വേറെ വേണ്ട. ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മരണമടയുന്ന നവജാതശിശുക്കളും വിശപ്പടക്കാനായി തെരുവിലലഞ്ഞു വേല ചെയ്യുന്ന കുട്ടികളും മനുഷ്യനു വിലയില്ലാത്ത സമൂഹങ്ങളുടെ ലക്ഷണങ്ങളാണ്.

അന്തമില്ലാത്ത ട്രാഫിക് ബ്ലോക്കുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മനുഷ്യനു നല്കുന്ന സന്ദേശം മറ്റൊന്നല്ല. “എങ്ങനെയെങ്കിലും ജീവിച്ചോളൂ… നിന്‍റെ സമയത്തിനും ജീവനും ഇവിടെ പ്രത്യേക വിലയൊന്നുമില്ല.” ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ അദ്ധ്യാപകര്‍ സമയത്തു ക്ലാസ്സില്‍ വരാതെ കൃത്യമായി ശമ്പളം പറ്റി ജീവിക്കുന്നുണ്ടെങ്കില്‍ എന്തു വിലയാണ് അവര്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്നത്? കൈക്കൂലി നല്കാന്‍ നിര്‍ബന്ധിതരായി നമ്മുടെ ജനം ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഒച്ഛാനിച്ചു നില്ക്കുമ്പോഴും പ്രശ്നം മനുഷ്യമഹത്ത്വത്തിന്‍റേതുതന്നെ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കി എന്ന് ആരോപിക്കപ്പെടുന്ന നോട്ടുനിരോധനത്തിന്‍റെ പേരില്‍ ഈ രാജ്യത്തു നഷ്ടപ്പെട്ടതു നൂറിലേറെപ്പേരുടെ ജീവനാണ്. നഷ്ടപ്പെട്ട സമയത്തിനു കണക്കില്ലതാനും!

മഹത്ത്വം മാനിക്കപ്പെടുമ്പോള്‍: ദൈവം മനുഷ്യനായി എന്ന വിശ്വാസം പ്രവൃത്തിയിലേക്കു വന്നാല്‍ മനുഷ്യര്‍ പരസ്പരം ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന തികച്ചും ക്രൈസ്തവമായ സംസ്കാരം ഉയിര്‍ ക്കൊള്ളും. പുല്‍ക്കൂട്ടില്‍ പിറന്ന ദൈവസുതന്‍ മനുഷ്യമഹത്ത്വത്തെയാണ് ഉയര്‍ത്തിയത്. പാപത്തിന്‍റെ സാദ്ധ്യതകള്‍ നിലനില്ക്കുമ്പോഴും ദൈവത്തിന് അവതീര്‍ണനാകാന്‍ യോഗ്യതയുണ്ട് മാനുഷികതയ്ക്ക് എന്ന തിരിച്ചറിവു മനുഷ്യനെ ആത്യന്തികമായി മഹത്ത്വവത്കരിക്കുന്നു. ക്രൈസ്തവരാജ്യങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യവും ജീവിതസൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിന്‍റെ പിന്നിലും മനുഷ്യമഹത്ത്വത്തെക്കുറിച്ചുള്ള ക്രൈസ്തവചിന്തയുണ്ട് എന്നതു മറന്നുകുടാ.

ക്രിസ്തുമസിന്‍റെ സന്തോഷം: പാപമൊഴികെ മനുഷ്യജീവിതത്തിന്‍റെ എല്ലാ അവസ്ഥകളോടും താദാത്മ്യം പ്രാപിച്ച നമ്മുടെ നല്ല ദൈവത്തിന്‍റെ മനുഷ്യാവതാരം ആഘോഷിക്കുമ്പോള്‍ രണ്ടു ചിന്തകള്‍ നമ്മെ ഭരിക്കട്ടെ. ഒന്ന്, മഹത്ത്വപൂര്‍ണമായ ജീവിതമാണോ ഞാന്‍ നയിക്കുന്നത്? രണ്ട്, എന്‍റെ ചുറ്റുമുള്ളവരുടെ മഹത്ത്വം ഞാന്‍ അംഗീകരിക്കുന്നുണ്ടോ? ദൈവം തന്ന ശരീരത്തെയും ജീവനെയും മദ്യപാനത്തിലൂടെയും പരസ്പരമാത്സര്യത്തിലൂടെയും സമാധാനരഹിതമായ കുടുംബജീവിതത്തിലൂടെയും നശിപ്പിക്കുമ്പോള്‍ നമുക്കു ക്രിസ്തുമസിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ല. ദൈവം എനിക്കു നല്കിയ സഹോദരങ്ങളോട് ആദരവില്ലാതെ ഇടപെടുമ്പോഴും അവരുടെ മനഃസമാധാ നം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ക്രിസ്തുമസിന്‍റെ ചൈതന്യം നമുക്കു ലഭിക്കില്ല. മനുഷ്യമഹത്ത്വത്തിനു വിരുദ്ധമായ ഭരണകൂടപ്രവര്‍ത്തനങ്ങളോടു പ്രതികരിക്കാതെ നിസ്സംഗതയോടെ ജീവിക്കുമ്പോഴും മനുഷ്യാവതാരത്തിന്‍റെ സന്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന അവബോധത്തിലേക്കു നാം വളരണം.

സ്വര്‍ഗം ഉള്ളിലുള്ളവരുടെ മഹത്ത്വവും സന്തോഷവും നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നേരുന്നു. നിറപ്പകിട്ടാര്‍ന്ന ക്രിസ്തുമസ് ആഘോഷങ്ങളില്‍ പകിട്ടു കുറഞ്ഞ ജീവിതങ്ങളുടെ മഹത്ത്വത്തെ മാനിക്കാനും നമുക്കു സാധിക്കട്ടെ! ദൈവം നിങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Comment

*
*