സ്വര്‍ഗാരോപിതയായ മറിയം സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം

സ്വര്‍ഗാരോപിതയായ മറിയം സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം


ഡോ. യൂഹന്നോന്‍ മോര്‍ തെയഡോഷ്യസ്

(മൂവാറ്റുപുഴ രൂപത മെത്രാപ്പോലീത്ത)

നന്മയെ തെരഞ്ഞെടുക്കുന്നതും നന്മയുടെ ഭാഗത്തു നിലയുറപ്പിക്കുന്നതുമാണു സ്വാതന്ത്ര്യം. മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യസമരസേനാനികളേയും അഹിംസയുടെ മാര്‍ഗത്തിലൂടെ പ്രതികരിക്കാനും ചരിക്കാനും പ്രേരിപ്പിച്ചതു സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കപ്പുറത്തു ഭാരതത്തെക്കുറിച്ചുള്ള നന്മ മാത്രമാണ്. ഈ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഒരു തിരഞ്ഞെടുപ്പാണ്. നന്മ-തിന്മകളുടെ തിരഞ്ഞെടുപ്പ്. എന്തും ചെയ്യുക എന്നതല്ല മറിച്ചു എന്തു ലക്ഷ്യത്തോടെ ചെയ്യുന്നുവെന്നതാണു പ്രധാനം. വ്യക്തിപരമായും സാമൂഹ്യപരമായും നന്മ മാത്രമായിരിക്കണം ലക്ഷ്യം. ഇന്നത്തെ സമൂഹം ഒരു പരിധിവരെയെങ്കിലും സ്വാതന്ത്ര്യത്തെ വികലമായി വ്യാഖ്യാനിക്കുന്നതായി ആനുകാലിക സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക എന്ന ആശയം ഒരു പ്രത്യയസംഹിതയായി രൂപപ്പെട്ടുകഴിഞ്ഞു. ആധുനിക വാര്‍ത്തമാധ്യമങ്ങളിലൂടെ ഓരോ ദിവസവും പുതിയ പുതിയ ഇഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അതിന്‍റെ വലയില്‍പ്പെടുമ്പോള്‍ സ്വാതന്ത്ര്യം പാരതന്ത്ര്യമായി പരിണമിക്കുന്നു. എന്നാല്‍ നന്മയായുള്ളതും ജീവനുപകരിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ കഴിയുമ്പോള്‍ സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നു.

സ്വാതന്ത്ര്യം ഒരു രക്ഷപ്പെടലല്ല രക്ഷതന്നെയാണ്. സ്വാതന്ത്ര്യം മിഥ്യയല്ല, സത്യമാണ്. സത്യത്തെ അംഗീകരിക്കുന്നതു സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്‍റെ ആഴമോ സത്യത്തോടുള്ള നമ്മുടെ അടുപ്പവും സുവിശേഷത്തില്‍ നാം വായിക്കുന്നു: "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" (യോഹ. 18:38). ഈ അര്‍ത്ഥത്തില്‍ മനുഷ്യാവതാരം ചെയ്ത വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവാണു നമ്മെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലെത്തിക്കുന്നത്. വി. പൗലോസ് അപ്പസ്തോലന്‍ വ്യക്തമായി പറയുന്നുണ്ട്: "സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ വിമോചിപ്പിച്ചു" എന്ന് (ഗലാ. 5:1). കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ യേശുക്രിസ്തുവിന്‍റെ ആത്മാവാണു നമുക്കു സ്വാതന്ത്ര്യം നല്കുന്നത് (2 കോറി. 3:17). കര്‍ത്താവിന്‍റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. നന്മ നിറഞ്ഞവനില്‍ ആത്മാവിന്‍റെ നിറസാന്നിദ്ധ്യമുണ്ട്. ദൈവാത്മാവിനാല്‍ നിറയുന്നവരെല്ലാം ദൈവസ്നേഹത്തിന്‍റെ നന്മയുടെ കാരുണ്യത്തിന്‍റെ സഹാനുഭൂതിയുടെ സഹവര്‍ത്തിത്ത്വത്തിന്‍റെ വാഹകരും സംപ്രേക്ഷകരുമായി മാറുന്നു. ഈ അവസ്ഥയില്‍ ജീവിക്കുന്നവരാണു സ്വാതന്ത്ര്യത്തിന്‍റെ വക്താക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടുക.

സ്വര്‍ഗാരോപിതയായ മറിയം
സ്വാതന്ത്ര്യം അതിന്‍റെ തനിമയില്‍ ജീവിച്ചുകാണിച്ചവളാണു സ്വര്‍ഗാരോപിതയായ മറിയം. മാനവരാശിയുടെ നന്മയ്ക്കുവേണ്ടി ദൈവം തയ്യാറാക്കിയ പദ്ധതിയോടു ദൈവഹിതത്തോടു സഹകരിച്ചുകൊണ്ടു ദൈവേഷ്ടത്തിനുവേണ്ടി നിലകൊണ്ടവളാണു സ്വര്‍ഗാരോപിതയായ മറിയം. 1950 നവംബര്‍ മാസം 1-ാം തീയതി വത്തിക്കാന്‍റെ തിരുമുറ്റത്തു തടിച്ചുകൂടിയ ലക്ഷക്കണക്കിനു വിശ്വാസികളുടെ മുമ്പാകെ 12-ാം പീയൂസ് മാര്‍പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപനം ചെയ്തു. മാനവചരിത്രത്തില്‍ മറക്കാനാവാത്ത ചില സംഭവങ്ങളിലൊന്നായിരുന്നു അത്. പാപത്തിന്‍റെ ശക്തികളെ തച്ചുടച്ചുകൊണ്ട് എല്ലാ മനുഷ്യരില്‍നിന്നും വിഭിന്നമായ ഒരു വ്യക്തി ആദിമനുഷ്യന്‍റെ പാപത്തിന്‍റെ മാലിന്യമേല്ക്കാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ട സനാതനരക്ഷയുടെ സഹകാരിണി – നന്മയുടെ മൂര്‍ത്തീഭാവം.

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആദ്യകാലങ്ങളില്‍ ആഘോഷിക്കപ്പെട്ടിരുന്നത് "മറിയത്തിന്‍റെ ഉറക്കം" എന്ന പേരിലാണ്. മറിയത്തിന്‍റെ ഉറക്കവും സ്വര്‍ഗപ്രവേശനവും ഒന്നുതന്നെയാണെന്നു വി. 14-ാം ബെനഡിക്ട് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വി. ഡമഷീന്‍ പറയുന്നു: "ദൈവവചനത്തെ അനുസരിച്ചവളും പരിശുദ്ധാരൂപിയാല്‍ പൂരിതയായവളും മരണം ഇല്ലാത്തവനു ജന്മം നല്കിയവളുമായ മറിയത്തിന്‍റെ ശരീരം അഴിയപ്പെടുവാന്‍ ദൈവം അനുവദിക്കില്ല. നശിപ്പിക്കാന്‍ കഴിയാത്ത ദേവാലയവും അണയ്ക്കാന്‍ കഴിയാത്ത ദീപവും പരിശുദ്ധിയുടെ പേടകവും വചനത്തിന്‍റെ വാസസ്ഥലവുമാണു മറിയം." 1968-70-കളിലെ ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ സംബന്ധിച്ച ഇരുന്നൂറോളം പിതാക്കന്മാര്‍ ഇതൊരു വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്നു കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. ഇതിന്‍റെ വെളിച്ചത്തിലാണ് 12-ാം പിയൂസ് മാര്‍പാപ്പ 1950 നവംബര്‍ 1-ന് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

'മൂണിഫിച്ചേന്തിമൂസ് ദേവൂസ്" (അത്യുദാരനായ ദൈവം) എന്ന വി. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ ചാക്രികലേഖനത്തിലെ 14-ാം ഖണ്ഡിക ഇവിടെ ഏറ്റം പ്രസക്തമാണ്.

"കന്യകമറിയം അവളുടെ ഭൗമികജീവിതകാലം മുഴുവനും ആകുലതകളും കഷ്ടതകളും ദുഃഖങ്ങളുംകൊണ്ടു ക്ലേശപൂരിതമായ ജീവിതമാണു നയിച്ചതെന്നു തങ്ങളുടെ അജപാലകരുടെ പ്രബോധനത്തിലൂടെയും വി. ഗ്രന്ഥങ്ങളിലൂടെയും ക്രൈസ്തവ വിശ്വാസികള്‍ പഠിച്ചിട്ടുണ്ട്. കൂടാതെ വൃദ്ധനായ വി. ശെമയോന്‍ മുന്‍കൂട്ടി പറഞ്ഞതു യഥാര്‍ത്ഥത്തില്‍ സംഭവിച്ചുവെന്ന് – അതായത് നമ്മുടെ രക്ഷകനായ തന്‍റെ ദൈവികപുത്രന്‍റെ കുരിശിന്‍ചുവട്ടില്‍ നിന്നപ്പോള്‍ ഭീകരമൂര്‍ച്ചയുള്ള വാള്‍ അവളുടെ ഹൃദയം കുത്തിപ്പിളര്‍ന്നുവെന്ന് – അവര്‍ പഠിച്ചിട്ടുണ്ട്. അതുപോലെ ദൈവത്തിന്‍റെ മഹോന്നത മാതാവ് തന്‍റെ ഏകജാതനെപ്പോലെ യഥാര്‍ത്ഥത്തില്‍ ഈ ജീവിതത്തില്‍ നിന്നു കടന്നുപോയെന്ന് അംഗീകരിക്കാനും അവര്‍ക്കു പ്രയാസമില്ലായിരുന്നു. എന്നാല്‍ അവളുടെ വി. ശരീരം ഒരിക്കലും കല്ലറയിലെ ജീര്‍ണിക്കലിനു വിധേയമായിട്ടില്ലെന്നും ദൈവത്തിന്‍റെ കൂടാരം ഒരിക്കലും പൊടിയും ചാരവുമായിത്തീര്‍ന്നിട്ടില്ലെന്നും വിശ്വസിക്കുന്നതിനും ഏറ്റുപറയുന്നതിനും അത് അവര്‍ക്ക് ഒരു വിധത്തിലും തടസ്സമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ രക്ഷകന്‍റെ സ്നേഹപൂര്‍ണയായ സഹകാരിണിയുടെ മേല്‍ ഏറ്റം കരുതലുള്ള ദൈവം ചൊരിഞ്ഞ ആ ആനുകൂല്യങ്ങളുടെ വിശ്വസനീയമായ ചേര്‍ച്ചയെയും ക്രമത്തെയും കുറിച്ചു പൂര്‍വാധികം വ്യക്തമായ പ്രകാശത്തില്‍ ക്രൈസ്തവ സമൂഹം ധ്യാനിച്ചു. ദൈവകൃപയാല്‍ പ്രകാശിതരായും ദൈവമാതാവും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയുമായ അവളോടുള്ള വാത്സല്യത്താല്‍ പ്രചോദിതയായും അവള്‍ അപ്രകാരം ചെയ്തു. മറിയത്തെയും യേശുക്രിസ്തുവിന്‍റെ മനുഷ്യപ്രകൃതിയെയും സംബന്ധിച്ചല്ലാതെ ദൈവം സൃഷ്ടിച്ച മറ്റൊന്നിനെ സംബന്ധിച്ചും ആനുകൂല്യങ്ങള്‍ ഇത്ര ഉയര്‍ന്ന തലത്തിലെത്തിയിട്ടില്ല."

കന്യകമറിയത്തിന്‍റെ ശരീരത്തോടുകൂടിയുള്ള സ്വര്‍ഗാരോപണം ദൈവത്താല്‍ വെളിവാക്കപ്പെട്ടതും തന്മൂലം സഭയുടെ എല്ലാ സന്താനങ്ങളും ദൃഢമായും വിശ്വസ്തമായും വിശ്വസിക്കേണ്ടതുമായ സത്യമാണെന്നു തെളിയിക്കുന്ന സുനിശ്ചിതവും സുദൃഢവുമായ തെളിവു സഭയുടെ പ്രബോധനാധികാരത്തിന്‍റെ സാര്‍വത്രിക സമ്മതത്തില്‍നിന്നും നമുക്കു ലഭിക്കുന്നു. തീര്‍ച്ചയായും പരി. അമ്മയുടെ ശരീരത്തിന്‍റെ സ്വര്‍ഗീയ മഹത്ത്വീകരണം മനുഷ്യമനസ്സിന്‍റെ കഴിവുകൊണ്ട് അറിയുക സാദ്ധ്യമല്ല. എന്നാല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നതുപോലെ 'ദൈവത്തിന്‍റെ ലിഖിത വചനത്തിലോ പാരമ്പര്യത്തിലോ ഉള്‍ക്കൊണ്ടിരിക്കുന്നതും വിശ്വസിക്കേണ്ട ദൈവികമായി വെളിവാക്കപ്പെട്ട സത്യങ്ങളാണെന്നു സഭ അതിന്‍റെ സാധാരണവും സാര്‍വത്രികവുമായ പ്രബോധനാധികാരത്താലോ നിര്‍ദ്ദേശിക്കുന്നതുമായ എല്ലാക്കാര്യങ്ങളും ദൈവികവും കാതോലികവുമായ വിശ്വാസത്തോടെ വിശ്വസിക്കണം" (Vatican Council Dei Filius, c. 4).

സ്വര്‍ഗാരോപിതയായ മറിയം കുടുംബങ്ങളില്‍ കൃപ നിറയ്ക്കുന്നവള്‍
മറിയം തിരുക്കുടുംബത്തിന്‍റെ മാത്രം നാഥയായിരുന്നാല്‍ പോരെന്നു ദൈവം തിരുമനസ്സായി. അമ്മ എല്ലാ കുടുംബങ്ങളുടേതുമാണ്. നാഥ മാത്രമല്ല, അമ്മയും മദ്ധ്യസ്ഥയും മാതൃകയുമാണ്. കാരണം പരി. അമ്മ ദൈവകൃപ നിറഞ്ഞവളാണ്. "ദൈവകൃപ നിറഞ്ഞവളെ സ്വസ്തി" (ലൂക്കാ 28) എന്ന മാലാഖയുടെ സംബോധന ഈ സത്യം വെളിവാക്കുന്നു. 'സ്ത്രീയെ ഇതാ നിന്‍റെ മകന്‍" (യോഹ. 19:26) എന്നു യോഹന്നാനെ നോക്കി യേശു പറഞ്ഞപ്പോള്‍ കൃപ നിറഞ്ഞ മറിയം ലോകത്തിനു മുഴുവന്‍ അമ്മയായിത്തീരുകയായിരുന്നു. ഈ ലോകം ഒരു വലിയ കുടുംബമാണ്. അനേകം കുടുംബങ്ങള്‍ ചേരുന്ന വലിയ കുടുംബം. കൃപ നിറയുന്ന കുടുംബങ്ങള്‍ സമൂഹത്തെ എക്കാലവും താങ്ങിനിര്‍ത്തുന്നു. സമൂഹത്തില്‍ ഉരുത്തിരിയുന്ന ബന്ധങ്ങള്‍ ഏതെല്ലാമായിരുന്നാലും അതില്‍ ദൈവം കടന്നുവരുന്നില്ലെങ്കില്‍ അവയ്ക്കൊന്നും മനുഷ്യരാശിയുടെ ശാശ്വതമായ ഫലം പുറപ്പെടുവിക്കാനാവില്ലെന്നു പതിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ പറഞ്ഞതു തികച്ചും സത്യമാണ്. ക്രൈസ്തവകുടുംബങ്ങളുടെ മാത്രമല്ല എല്ലാ കുടുംബങ്ങളുടെയും അടിത്തറ ദൈവവിശ്വാസവും തന്മൂലം ലഭിക്കുന്ന ദൈവകൃപയുമാണ്. ഇവിടെ ക്രൈസ്തവനെന്നോ അക്രൈസ്തവനെന്നോ വ്യത്യാസമില്ല. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും വര്‍ണത്തിന്‍റെയും അപ്പുറത്താണു ദൈവ കൃപ വ്യാപിക്കുന്നത്. എത്രയോ അക്രൈസ്തവരാണു പരി. അമ്മയുടെ മാധ്യസ്ഥ്യം തങ്ങളുടെ കുടുംബങ്ങള്‍ക്കായി യാചിക്കുന്നത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് അനുസ്യൂതം ഒഴുകുന്ന അക്രൈസ്തവരുടെയും ക്രൈസ്തവരുടെയും നീണ്ട നിര കുടുംബങ്ങളില്‍ മറിയത്തിന്‍റെ കൃപ നിറഞ്ഞ ഇടപെടല്‍ വ്യക്തമാക്കുന്നു.

ഇന്നും കുടുംബങ്ങളില്‍ മാതാപിതാക്കളുടെ ഏറ്റം വലിയ ആകുലത മക്കളെക്കുറിച്ചുള്ള ചിന്തകളാണ്. പരി. അമ്മയും നമ്മുടെ അമ്മമാരെപ്പോലെ യേശുവിനെ കാണാതായപ്പോള്‍ ആകുലപ്പെടുന്നതായി നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. എന്നാല്‍ യേശുവിനെ ദേവാലയത്തില്‍ വച്ചു തിരികെ കിട്ടുമ്പോള്‍ അമ്മയും എല്ലാ കുടുംബാംഗങ്ങളും ചാര്‍ച്ചക്കാരും സന്തോഷിക്കുന്നു. മക്കളെ ചേര്‍ക്കേണ്ടതു വിദ്യാലയത്തില്‍ മാത്രമല്ല ദേവാലയത്തിലും കൂടിയാകണം എന്ന സത്യം നമ്മള്‍ വിസ്മരിക്കരുത്. പരിശുദ്ധ അമ്മയോടു ചേര്‍ന്നു മക്കളെ ദേവാലയത്തില്‍ അന്വേഷിക്കണം. ദേവാലയത്തില്‍ കണ്ടെത്തുകയും വേണം. എല്ലാ ആകുലതകളും ഇറക്കിവയ്ക്കാനും പരിഹാരം കണ്ടെത്തുവാനും മാതാവിനോടു ചേര്‍ന്നുള്ള പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കു ശക്തി നല്കും. കുടുബങ്ങളില്‍ കൃപ നിറയണമെങ്കില്‍ നാം എന്തു ചെയ്യണം? മറിയത്തെപ്പോലെ വിശ്വാസത്തില്‍ ആഴപ്പെടുകയും വിനയം എന്ന വലിയ പുണ്യം അഭ്യസിക്കുകയും വേണം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിയന്‍ വര്‍ഷത്തിലെ പ്രാര്‍ത്ഥനയില്‍ ആമുഖമായി ഇപ്രകാരം എഴുതി: "മറിയത്തെപ്പോലെ ഇത്ര വിനയാന്വിതയായ വ്യക്തി വേറെയില്ല." വിനയം ദൈവഭക്തിയില്‍ നിന്നും ഉരുത്തിരിയുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകാതിരിക്കണമെങ്കില്‍ പ്രാര്‍ത്ഥനയോടെ, വിനയത്തോടെ പരസ്പരം ഇടപെടണം മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം അവളുടെ ദൈവഭക്തിക്കും അനുസരണത്തിനും പങ്കുവയ്ക്കുന്ന മനോഭാവത്തിനും സര്‍വോപരി എളിമയ്ക്കും ദൈവം നല്കിയ സമ്മാനമായിരുന്നു. കുടുംബങ്ങള്‍ ദൈവസന്നിധിയില്‍ സമൂഹത്തില്‍ ഉയര്‍ത്തപ്പെടുന്നതു പരി. അമ്മയുടെ ഈ ഗുണങ്ങളില്‍ പങ്കുപറ്റുമ്പോഴാണ്. ഇളയമ്മയായ എലിസബത്ത് തനിക്ക് ആശംസ അര്‍പ്പിച്ചപ്പോള്‍, സ്തുതിച്ചപ്പോള്‍ 'ദൈവം തന്‍റെ ദാസിയുടെ താഴ്മയെ തൃക്കണ്‍ പാര്‍ത്തു" (ലൂക്കാ 1:48) എന്നു മറിയം വിനയപൂര്‍വം സമ്മതിക്കുക മാത്രമാണു ചെയ്തത്. ഈ മാതൃകയാണു കുടുംബങ്ങളില്‍ കൃപനിറയ്ക്കുന്നത്.

സ്വര്‍ഗാരോപിതയായ മറിയം നമ്മുടെ സഹയാത്രിക
ജീവിതം ഒരു യാത്രയാണ്. ഈ യാത്രയില്‍ നമ്മള്‍ കാണുന്നവര്‍, പരിചയപ്പെടുന്നവര്‍, സഹവസിക്കുന്നവര്‍, സംഭവങ്ങള്‍ എല്ലാം നമ്മുടെ യാത്രയുടെ ഭാഗമാകുന്നു. ചിലരൊക്കെ ചിലതൊക്കെ യാത്രയില്‍ എന്നും കൂടെയുണ്ടാകും. പലരും പലതും വിസ്മൃതിയില്‍ ലയിക്കും. എന്നാല്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. തുടരുന്ന യാത്രയില്‍ ചേര്‍ത്തുനിര്‍ത്താന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നത് ആരെയൊക്കെ? നിശ്ചയമായും നമുക്കു വേണ്ടപ്പെട്ടവരെ പരി. അമ്മയുടെ ജീവിതവും ഒരു യാത്രയായിരുന്നു; തീര്‍ത്ഥായാത്ര! മനുഷ്യനായി അവതരിച്ച ക്രിസ്തുവിനോടൊത്തു യഥാര്‍ത്ഥത്തില്‍ ദൈവത്തോടൊത്തു തീര്‍ത്ഥാടനം ചെയ്യുന്ന സഭയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് മറിയം. ഈ ലോകത്തിലെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കാമെന്നും അനശ്വരമായ ലോകത്തിലേക്കു സന്തോഷത്തോടെ നടന്നുകയറാമെന്നും സ്വര്‍ഗാരോപിതയായ മറിയം നമ്മെ പഠിപ്പിക്കുന്നു. യാത്രയില്‍ പ്രതിസന്ധികള്‍ സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരി. അമ്മയെ നമ്മുടെ വേണ്ടപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കാനായാല്‍ യാത്രയുടെ ക്ലേശങ്ങള്‍ ലഘൂകരിക്കാം.

മറിയത്തിന്‍റെ യാത്ര എപ്പോഴും യേശുവിനോടൊപ്പമായിരുന്നു. കുഞ്ഞുന്നാളിലെ ദൈവത്തോടു ചേര്‍ന്നു ജീവിച്ചവള്‍, ദൈവപുത്രനെ ഉദരത്തില്‍ വഹിച്ചു പ്രസവിച്ചവള്‍, പരസ്യജീവിതത്തിലും കുരിശിന്‍ചുവട്ടിലും സ്വര്‍ഗ്ഗാരോപണത്തിലൂടെ നിത്യസന്തോഷത്തിലും യേശുവിനോടുകൂടെ ആയിരുന്നവള്‍. യേശുവിനെ കൂടാതെയുള്ള ഒരു മറിയത്തെ നമുക്കു സങ്കല്പിക്കാനാവില്ല. യേശുവില്ലാതെ മറിയത്തിനു പൂര്‍ണതയുമില്ല. അതുകൊണ്ടാണു പൗരസ്ത്യ പാരമ്പര്യത്തില്‍ രൂപപ്പെടുന്ന ചിത്രങ്ങളില്ലൊം മറിയത്തോടൊപ്പം യേശുവിനെയും ചിത്രീകരിച്ചിരിക്കുന്നത്. നല്ലതും പ്രതികൂലങ്ങളുമായ സാഹചര്യങ്ങളിലൂടെ കടന്നു നിത്യജീവനിലേക്കു നടന്നു നീങ്ങുന്നവരാണു നാം. ജീവിതത്തെയും മരണത്തെയും മരണാനന്തരജീവിതത്തെയും ഭയത്തോടെ നോക്കിക്കാണുന്നവര്‍ മറിയത്തോടൊപ്പമുള്ള യാത്ര പ്രത്യാശ പ്രദാനം ചെയ്യും.

മറിയം നമ്മുടെ സഹയാത്രികയാവുന്നതു നമ്മള്‍ മറിയത്തോടൊപ്പമായിരിക്കുമ്പോഴാണ്. ഒപ്പമാവുക എന്നു പറഞ്ഞാല്‍ ഒപ്പമുള്ള വ്യക്തിയുടെ വ്യക്തിത്വത്തോടു അനുരൂപപ്പെടുക എന്നര്‍ത്ഥം. മറിയം ദൈവത്തോടൊപ്പമായിരുന്നു. അനുസരണവും വിധേയത്വവുമുള്ളവളായിരുന്നു ലോകത്തില്‍ നമ്മുടെ ജീവിതത്തില്‍ ദൈവത്തോടുള്ള വിധേയത്വം സഭയോടുള്ള വിധേയത്വത്തിലാണു പ്രകടമാകുന്നത്.

നമ്മുടെ യാത്ര സ്വതന്ത്രവും സന്തോഷകരവും ആകണമെങ്കില്‍ മാതാവു നല്കിയ സ്വതന്ത്രസഹനം നമ്മളിലും ഉണ്ടാകണം. മറ്റുള്ളവരുടെ മഹത്ത്വം കണ്ട് അതില്‍ അസൂയപ്പെടാതെ, മറ്റുള്ളവര്‍ വഹിക്കുന്ന ശുശ്രൂഷാസ്ഥാനത്തെ അവഹേളിക്കാതെ അതില്‍ സന്തോഷിക്കുന്ന ഒരു മനസ്സ് നമ്മില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. അകത്തോലിക്കരോടും അക്രൈസ്തവരോടും സ്വര്‍ഗാരോപിത മറിയത്തെ പങ്കുവയ്ക്കുന്നതു ചര്‍ച്ചകളിലൂടെയോ സംവാദത്തിലൂടെയോ മാത്രമാകാതെ യേശുവിനോടൊത്തു യാത്ര ചെയ്ത മറിയത്തെ നമ്മുടെ യാത്രയിലെ സഹയാത്രികയാക്കി ജീവിക്കുക വഴിയാണ്. "Anybody can give example, but very a few can live the example."

സ്വര്‍ഗ്ഗാരോപിതയായ മറിയം സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും അടയാളം
പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എല്ലാമുണ്ട്, എങ്കിലും സമാധാനമില്ല. ആരോഗ്യം, സൗന്ദര്യം, സമ്പത്ത്, സ്ഥാനമാനങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മള്‍ ഉള്ളതിന്‍റെ പട്ടികയില്‍പ്പെടുത്താറുണ്ട്. ഇവയൊക്കെ ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും മധുരം നമുക്ക് അന്യമാകുന്നു. ഇവയെല്ലാം നല്ലതാണ്, ആവശ്യവുമാണ്. എന്നാല്‍ ഇവ നമ്മെ അടിമത്തത്തിലേക്കും അസമാധാനത്തിലേക്കും നയിച്ചാല്‍ അതിനു കാണം ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവമാണ്. ദൈവം ഉള്ളിടത്തെ ആത്മീയസ്വാതന്ത്ര്യമുളളൂ. ഭൗതികസ്വാതന്ത്ര്യം ആത്മനിവൃതി നല്കുന്നില്ല. ആത്മനിര്‍വൃതിയിലാണു സമാധാനം അനുഭവിക്കുക. മനുഷ്യനെ മണ്ണിലേയ്ക്കയച്ച ദൈവത്തിന്‍റെ പദ്ധതി. ദൈവപുത്രന്‍റെ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു ദൈവസന്നിധിയില്‍ വന്നണയണമെന്നായിരുന്നുവല്ലോ സ്വര്‍ഗാരോപിതയായ മറിയം എന്നും സ്വതന്ത്രയായിരുന്നു. ഉള്ളതെല്ലാം മാറ്റിവച്ച്, ദാസന്‍റെ വേഷമണിഞ്ഞു സ്വയം ശൂന്യനാക്കിയ ദൈവപുത്രനോടൊത്തു സഹകരിക്കയാല്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യലബ്ധിയില്‍ മറിയം വലിയ പങ്കുവഹിച്ചു.

അടിമത്തത്തില്‍നിന്നും ബന്ധനത്തില്‍ നിന്നുമുള്ള മോചനം, അതായിരുന്നു മനുഷ്യര്‍ക്കു നല്‍കാന്‍ യേശു ആഗ്രഹിച്ചത്. ഇതായിരുന്നു യേശുവിന്‍റെ രക്ഷണീയകര്‍മ്മമെങ്കില്‍ ഇതിന്‍റെ ആദ്യഫലം അനുഭവിച്ചതും അവിടുത്തെ അമ്മയായ മറിയംതന്നെയാണ്. ലൗകീകതയുടെ ബന്ധനങ്ങളില്‍ നിന്നും മുക്തയായ മാതാവ് സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും രാജ്ഞിയാണ്. അമ്മ അനുഭവിച്ച സ്വാതന്ത്ര്യവും സമാധാനവും പങ്കുവയ്ക്കലിലൂടെയായിരുന്നു. തന്‍റെ വിലയേറിയ സമയം എലിസബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നു. ശ്ലീഹന്മാരോടൊപ്പം ആയിരിക്കുന്നു. കാനായിലെ കല്യാണവിരുന്നില്‍ അവസരോചിതമായി ഇടപെടുന്നു.

ഇന്നു ഭേദിക്കപ്പെടേണ്ട അസ്വാതന്ത്ര്യത്തിന്‍റെ ചട്ടക്കൂട് അവനവനിലേക്കുള്ള ഉള്‍വലിയലാണ്. ഞാനും എന്‍റെ ഇഷ്ടങ്ങളും ഞാനും എന്‍റെ ബന്ധങ്ങളും മറ്റൈാരുവന്‍റെ കാര്യത്തില്‍ എനിക്കെന്ത്? ഈ മനോഭാവം മാറണം. സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചുമാറ്റി അനുകമ്പയുടെയും സഹാനുഭൂതിയുടെയും പങ്കുവയ്ക്കലിന്‍റെയും മാര്‍ഗം സ്വീകരിക്കണം. ഇതാണു സ്വര്‍ഗ്ഗാരോപിതയായ മറിയത്തിന്‍റെ സമധാനത്തിന്‍റെ രാജ്ഞിയുടെ മാതൃക. പരി. അമ്മ നെഞ്ചിലേറ്റിയ ഈ സ്വാതന്ത്ര്യസങ്കല്പത്തിലേക്കു ഭാരതം ഉണരട്ടെ. ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, ഒരുമിച്ചു പ്രവര്‍ത്തിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org