സ്വാതന്ത്ര്യത്തിന്‍റെ ആഘോഷത്തിലേക്ക് ഇനി ഞാനും

സ്വാതന്ത്ര്യത്തിന്‍റെ ആഘോഷത്തിലേക്ക് ഇനി ഞാനും

സി. സോജ മരിയ സി.എം.സി.

സ്വാതന്ത്ര്യം. ആ വാക്കിന് നല്കുന്ന അഥവാ നല്കപ്പെടുന്ന അര്‍ത്ഥങ്ങള്‍ പലര്‍ക്കും പലതാണ്. ആ അര്‍ത്ഥതലങ്ങളെക്കുറിച്ചു പരിചിന്തനം ചെയ്യാന്‍ ഏറ്റം അനുയോജ്യമായ ദിനം സ്വാതന്ത്ര്യദിനം തന്നെ.

മനസ്സിന്‍റെ താല്പര്യങ്ങള്‍ നിവര്‍ത്തിതമാക്കാന്‍ ആരും തടസ്സം നില്‍ക്കാതിരുന്നാല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് എന്നോട് പറഞ്ഞത് 20-22 വയസ്സുള്ള ചെറുപ്പക്കാരാണ്. അതിനും താഴെയുള്ള കൗമാരക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നത് ഒരു തടസ്സവും കൂടാതെ മനസ്സില്‍ തോന്നുന്നത് അതുപടി ചെയ്യുന്ന അവസ്ഥയാണ്. കുറച്ചുകൂടി മുതിര്‍ന്നവര്‍ക്ക് സ്വന്തം ബോധ്യങ്ങളില്‍ നിന്ന് രൂപംകൊള്ളുന്ന തീരുമാനങ്ങള്‍ സ്വയംപദ്ധതി ചെയ്തപോലെ തന്നെ പൂര്‍ത്തിയാക്കാന്‍ ആയാല്‍ സ്വാതന്ത്ര്യമായി എന്നാണത്രെ തോന്നുന്നത്. അപ്പോള്‍ ശരിക്കും യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണ്?

എല്ലാ കെട്ടുപാടുകളില്‍ നിന്നും വിമുക്തയായി സ്വര്‍ഗത്തിലേക്ക് ആരോഹിതയാകുന്ന ഒരമ്മയുടെ തിരുനാള്‍ ഇതേ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണെന്ന് വരുമ്പോള്‍ അതിന് ആഴങ്ങള്‍ ഏറെ ഉള്ളതുപോലെ. പരിശുദ്ധ അമ്മ അനുഭവിച്ച സ്വാതന്ത്ര്യം എന്താണ്? കൗമാരപ്രായത്തില്‍ തന്നെ അമ്മയാകേണ്ടി വന്ന ഒരു പെണ്‍കുട്ടി (ഇന്നിന്‍റെ ചിന്തയില്‍) സ്വതന്ത്രയായിരുന്നു എന്ന് പറയാനാകുമോ? അച്ഛനില്ലാത്ത കുഞ്ഞിന്‍റെ ഗര്‍ഭം പേറേണ്ടി വന്നവള്‍ സ്വതന്ത്രയായിരുന്നുവോ? കല്ലുകളേന്തിയ കൈകളുയര്‍ത്തി, അവിഹിതഗര്‍ഭത്തിനു ശിക്ഷ വിധിക്കുന്ന അന്നത്തെ സമൂഹത്തിനു മുമ്പില്‍ അവള്‍ സ്വതന്ത്രയായതെങ്ങനെയാണ്? പൂര്‍ണ്ണഗര്‍ഭവതിയായിരുന്നിട്ടും നിയമം പൂര്‍ത്തീകരിക്കാന്‍ ക്ലേശപൂര്‍ണ്ണമായ യാത്രയില്‍ നിന്ന് ഒഴിവുവാങ്ങാതെ കഷ്ടപ്പെട്ടവള്‍ സര്‍വസ്വതന്ത്രയായിരുന്നത്രേ!? സകലരെയും സ്വതന്ത്രനാക്കാന്‍ അവതരിച്ചവനെ ഒരു രാജാവിന്‍റെ വാള്‍ത്തലയില്‍നിന്ന് രക്ഷിക്കാന്‍ നെഞ്ചോട് അടക്കിപിടിച്ചു രാത്രിക്കു രാത്രി ഓടിപ്പോകുന്നവര്‍ സ്വാതന്ത്ര്യം അനുഭവിച്ചുവോ? ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ ചെറുപ്രായത്തിലെ വൈധവ്യത്തിന്‍റെയും പുത്രഹത്യയുടേയും നാള്‍വഴികളില്‍ തീര്‍ത്തും ഒറ്റപ്പെട്ടവള്‍ സ്വതന്ത്രയായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു.

ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞ്, അതിനു സ്വയം നല്കാനുള്ള സന്നദ്ധതയാണ് മറിയത്തിന്‍റെ സ്വാതന്ത്ര്യം. തിരുഹിതത്തിനു മുമ്പില്‍ അവള്‍ക്കു പിന്നെ തടസ്സങ്ങളില്ല; അല്ലെങ്കില്‍ തടസ്സമാകാന്‍ ആരെയും ഒന്നിനെയും അനുവദിക്കുന്നില്ല. അത് വിവാഹം ഉറപ്പിച്ചിരുന്ന പുരുഷനാകട്ടെ, മരണത്തിനു വിധിയെഴുതുന്ന സമൂഹമാകട്ടെ, വിട്ടുകൊടുക്കേണ്ടി വരുന്ന സ്വന്തം സ്വപ്നങ്ങളാകട്ടെ ഒന്നും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് മറിയത്തെ അധൈര്യപ്പെടുത്തിയില്ല. അവിടെ അവള്‍ സ്വതന്ത്രയായിരുന്നു; പൂര്‍ണ്ണമായും. ഭയപ്പാടില്ലാത്ത ഈ അവസ്ഥയില്‍ ജീവിക്കുന്നതിനെയല്ലേ സ്വാതന്ത്ര്യം എന്ന് പറയുന്നത്. മറിയം ജീവിതത്തിലുടനീളം ഈ സ്വാതന്ത്ര്യം അനുഭവിച്ചു. അവള്‍ ഉടലിലും ഉയിരിലും ഉണ്മയിലും സ്വതന്ത്രയായിരുന്നു.

ശരീരത്തില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മുക്തിയുടെ ആദ്യതലം തന്നെ. ശരീരത്തിന്‍റെ വേദനകളും തളര്‍ച്ചയും അസ്വസ്ഥതകളും സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല എന്നതാണ് ഈ സുവിശേഷം. സ്വന്തം അസുഖത്തെപ്പോലും മറന്നു കൊണ്ട് മറ്റൊരാളുടെ സുഖത്തിനായി സ്വയം നീക്കികൊടുക്കാനുള്ള മനസ്സിന്‍റെ വാഞ്ഛയാണ് ഇത്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഈ ഗുണമുണ്ട് എന്നതില്‍ രണ്ടു പക്ഷമുണ്ടാവാന്‍ വഴിയില്ല. കഠോരമായ പ്രസവവേദനയിലും സന്തോഷം അനുഭവിക്കുന്ന ഒരു സ്ത്രീമനസ്സിലേക്ക് ഒരു നിമിഷം വിചിന്തനജാലകം തുറന്നാല്‍ മനസ്സിലാക്കാവുന്നത്ര ലളിതമാണത്. സ്വന്തം ശരീരത്തില്‍ വേദനയനുഭവിക്കുമ്പോഴും മറ്റുള്ളവരിലേക്ക് സ്നേഹമായും കരുണയായും വാത്സല്യമായും ഒക്കെ ഒഴുകിപരക്കാന്‍ അവള്‍ക്കാകുമെന്നു തന്നെ സാരം. അതിനെ മാതൃത്വമെന്നോ അമ്മത്വമെന്നോ നിങ്ങള്‍ പേരിട്ടു വിളിച്ചുകൊള്ളൂ. തനിക്കു ശുശ്രൂ ഷ ആവശ്യമുള്ളപ്പോള്‍ മറ്റൊരാളെ ശുശ്രൂഷിക്കുവാന്‍ തിടുക്കം കാട്ടുന്ന മറിയം സ്വന്തം ശരീരത്തിന്‍റെ കെട്ടുപാടുകളില്‍നിന്നു വിമോചിതയായിരുന്നു എന്നത് വ്യക്തമാണ്. പിന്നീട് ബെത്ലഹേമിലും കാനായിലും കുരിശിന്‍ചുവട്ടിലും ഇതേ മറിയത്തെതന്നെയാണ് സുവിശേഷം നമുക്ക് കാണിച്ചുതരുന്നത്.

ഉടലില്‍ സ്വാതന്ത്ര്യം അനുഭവിക്കാനാവുക എന്നത് ഒരു ഭാഗ്യം തന്നെയാണെന്ന് എന്നെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന കാലത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. നോക്കുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രദര്‍ശനംകൊണ്ടും സ്ത്രീയെ തടവിലാക്കുന്ന വര്‍ത്തമാനകാലത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാംപടി കയറാന്‍തന്നെ സ്ത്രീയെന്ന നിലയില്‍ ഞാന്‍ ഏറെ ക്ലേശിക്കേണ്ടി വരുന്നു. ആദരവോടും വിശ്വാസത്തോടും അല്പം ഭക്തിയോടുംകൂടി മറിയത്തെ സംരക്ഷിച്ച യൗസേപ്പ് മറിയത്തിന് സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ ആയിരുന്നു എന്നുള്ള അനുബന്ധം കൂടി ഇതിനുണ്ട്. ഒപ്പം സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താതെ അവളെ കരുതുന്ന സമൂഹത്തിന് അവളില്‍നിന്ന് ദൈവപുത്രന്മാരെ പ്രതീക്ഷിക്കാം എന്ന സദ്വാര്‍ത്തയും. Exposed ആയി വസ്ത്രം ധരിക്കുന്നതോ, അപാരമായ makeover നടത്തുന്നതോ, ലൈംഗികതയുടെ  privacy ഇല്ലാതാക്കുന്നതോ ആണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് കരുതുന്നവര്‍ സ്ത്രീയിലെ മഹത്ത്വത്തിന്‍റെ ഓംകാരത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നു തന്നെ എന്‍റെ പക്ഷം. സ്വന്തം ഇഷ്ടങ്ങളില്‍ നിന്നും ശരീരസുഖങ്ങളില്‍ നിന്നും മോചിതയായി, ദൈവഹിതാനുസാരം അപരനിലേക്ക് എന്നെത്തന്നെ നീക്കി നല്‍കാന്‍ ആകുന്നുണ്ടോ എന്നതാണ് എന്നോടുള്ള ആദ്യ ചോദ്യം. സ്ത്രീയെ, ആരാണ് ഉടലിലിന്‍റെ സ്വാതന്ത്ര്യത്തില്‍നിന്നും നിന്നെ/എന്നെ തടസ്സപ്പെടുത്തുന്നത്? ഞാനല്ലാതെ…

സ്വാതന്ത്ര്യത്തിന്‍റെ പ്രത്യക്ഷ ഗുണങ്ങളാണ് ആത്മവിശ്വാസവും ശരിയായ ധൈര്യവും. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ, പിന്നെ ഇതെങ്ങനെ സംഭവിക്കും? ദൈവത്തിന്‍റെ മുമ്പില്‍ മറിയം വയ്ക്കുന്ന ഈ ഒരൊറ്റ ചോദ്യം അവളുടെ ആത്മാഭിമാനത്തെയും അപാരധൈര്യത്തേയും വെളിവാക്കുന്നുണ്ട്. സംശയത്തിന് കൃത്യമായ ഉത്തരം ലഭിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ വാക്ക് പൂര്‍ത്തീകരിക്കാന്‍ സഹനത്തിന്‍റെ ഏതറ്റം വരെ പോകാനും അവസാനം 'പിയെത്ത' ആയിത്തീരാന്‍പോലും ധൈര്യപ്പെട്ട സ്ത്രീയാണ് മറിയം. ദൈവപുത്രന് ജന്മം നല്കുന്നതിലും അവനെ വളര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും ദൈവരാജ്യ സ്ഥാപനത്തിനായി ഒരുക്കിയിറക്കുന്നതിലും കുരിശിന്‍റെവഴിയില്‍ കൂടെ നില്‍ക്കുന്നതിലും അവന്‍റെ ശിഷ്യരുടെ അനാഥത്വം നീക്കുന്നതിലും മറിയത്തിനു വ്യക്തമായ തീരുമാനങ്ങളും നിലപാടു കളും ഉണ്ടായിരുന്നു. വിശ്വാസം പണയപ്പെടുത്താതെ തന്‍റെ ബോധ്യങ്ങളില്‍ ജീവിച്ചവളാണ് പരിശുദ്ധ മറിയം. അവളുടെ തീരുമാനങ്ങള്‍ ദൈവത്തിനും ദൈവപുത്രനും ദൈവരാജ്യത്തിനും വേണ്ടിയായിരുന്നു. അതേസമയം അത് അവളുടെ സ്വന്തം കുടുംബത്തിനും പുത്രനും വേണ്ടിയായിരുന്നു. എന്നിട്ടും അവള്‍ സ്വാര്‍ത്ഥമതിയായിരുന്നില്ല: മറിച്ചു നന്മനിറഞ്ഞവളായിരുന്നു. സ്ത്രീ എന്ന നിലയില്‍ കുടുംബത്തിനെ, കുട്ടികളെ, ജോലിയെ, എന്‍റെ തന്നെ വ്യക്തിത്വത്തെ സംബന്ധിച്ച് എനിക്ക് ശക്തവും വ്യക്തവും ആയ സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉണ്ടാവണമെന്നും എല്ലാവരുടെയും നന്മയ്ക്കും ശ്രയസ്സിനുമായിരിക്കണം അതെന്നും മറിയം എന്നെ പഠിപ്പിക്കുന്നുണ്ട്. അതെ, മറിയം അസാമാന്യ ധൈര്യശാലിയായിരുന്നു. നോക്കൂ, എവിടെയും ആത്മവിശ്വാസത്തോടെയല്ലാതെ അവളെ കാണാന്‍ നിങ്ങള്‍ക്കാവില്ല. മംഗളവാര്‍ത്തയിലും ദേവാലയത്തിലും കാനായിലും ജനക്കൂട്ടത്തിന്‍റെ ആക്ഷേപങ്ങള്‍ക്കിടയിലും ഗാഗുല്‍ത്തായുടെ നിറുകയിലും നില്‍ക്കുന്ന മറിയത്തെ ധ്യാനിക്കുക, അവളുടെ കണ്ണുകളില്‍ സ്വയം സഹതാപമില്ല, അപകര്‍ഷതാബോധമില്ല, ഒറ്റപ്പെടലിന്‍റെ നൊമ്പരമില്ല, കുറ്റപ്പെടുത്തലിന്‍റെ വാക്കുകളില്ല. സ്ഥിതപ്രജ്ഞയായി, വേദനകള്‍ക്കു മുകളില്‍ സധൈര്യം നില്‍ക്കുന്ന മറിയം. അതാണ് പെണ്ണ്. സ്ത്രീയെ, ആര്‍ക്കാണ് നിന്‍റെ/എന്‍റെ ആത്മവിശ്വാസത്തിനു അതിരു നിശ്ചയിക്കാനാവുക? എനിക്കല്ലാതെ…

ദൈവഹിതം തിരിച്ചറിയുക, അതിനനുസരണം സ്വയംമാറുക, തിരുഹിതത്തിന്‍റെ ഇടുങ്ങിയ വഴികളിലേക്ക് സ്വയം പ്രവേശിക്കുക, അതില്‍ നിരന്തരം സ്തോത്രഗീതം പാടി ആനന്ദിക്കുക. മറിയം തന്‍റെ സ്വാതന്ത്ര്യത്തെ ആഘോഷിച്ചത് ഇങ്ങനെയൊക്കെയാണ്. അമ്മയായതിലും വിവാഹിതയായതിലും പിന്നെ വിധവയായതിലും പുത്രനഷ്ടത്തിലും തനിച്ചായതിലും അവള്‍ ദൈവഹിതം കണ്ടു. ജീവിതത്തിന്‍റെ ഏതവസ്ഥയിലും ദൈവത്തിന്‍റെ ഇടപെടല്‍ ദര്‍ശിച്ചാല്‍, അതിനനുസരിച്ചു സ്വയം സമര്‍പ്പിച്ചാല്‍ എനിക്കും സ്വതന്ത്രയാകാം. അങ്ങനെയെങ്കില്‍ എന്‍റെ അഹംബോധമോ, ബന്ധങ്ങളുടെ കെട്ടുപാടുകളോ, കഴിഞ്ഞകാല മുറിപ്പാടുകളോ, ഇന്നിന്‍റെ ആകുലതകളോ, ഭാവിയുടെ അസ്വസ്ഥതകളോ എന്നെ തടവിലിടുകയില്ല. മറിച്ച് പ്രത്യാശയില്‍ ഹൃദയം നിറയും; ആനന്ദത്താല്‍ സ്തോത്രഗീതം പാടും; ഞാനും സ്വതന്ത്രയാകും… സ്ത്രീയെ, ആരാണ് നിന്നെ/എന്നെ ദൈവഹിതത്തിന്‍റെ വഴിയില്‍ തടസ്സപ്പെടുത്തുന്നത്? ഞാനല്ലാതെ…..
യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം ആശംസിക്കുന്നു; മറിയത്തോടൊപ്പം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org