|^| Home -> Cover story -> സീറോ-മലബാര്‍ ലിറ്റര്‍ജിയുടെ പ്രേഷിതാഭിമുഖ്യം

സീറോ-മലബാര്‍ ലിറ്റര്‍ജിയുടെ പ്രേഷിതാഭിമുഖ്യം

Sathyadeepam

ഡോ. പോള്‍ തേനായന്‍

ലിറ്റര്‍ജിയും പ്രേഷിതപ്രവര്‍ത്തനവും:
വി. പൗലോസിന്‍റെ വിചിന്തനത്തില്‍ പ്രേഷിതപ്രവര്‍ത്തനവും ലിറ്റര്‍ജിയും സുവിശേഷപ്രഘോഷണമാണ്. പിതാവിനു സ്വീകാര്യമായ ബലിയര്‍പ്പിക്കുന്ന സമൂഹത്തിന്‍റെ രൂപീകരണമാണു പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം (റോമാ 5:16). സുവിശേഷവത്കരണം വ്യക്തിയുടെ പൂര്‍ണമായ പരിവര്‍ത്തനം ലക്ഷ്യമിട്ടപ്പോള്‍, ലിറ്റര്‍ജി അവനു യേശുവില്‍ പിതാവുമായുള്ള പുതിയ ബന്ധത്തിന്‍റെ പ്രകടനമാണ്. ക്രിസ്ത്വാനുഭവത്തിന്‍റെ പങ്കുവയ്ക്കലാണു സുവിശേഷവത്കരണമെങ്കില്‍, സുവിശേഷവത്കരിക്കപ്പെട്ട വ്യക്തിക്കു ലഭിച്ച ക്രിസ്ത്വാനുഭവം ബാഹ്യമായി പ്രകടിപ്പിക്കലാണു ലിറ്റര്‍ജിയില്‍ നടക്കുന്നത്. ഇതിനുള്ള മാധ്യമങ്ങള്‍ വ്യക്തികളുടെ ഭാഷകളും സാംസ്കാരികഘടകങ്ങളും പ്രതീകങ്ങളും ഗാനങ്ങളും മറ്റുമാണ്. ഇവയൊക്കെ സ്വാംശീകരിച്ചു ലിറ്റര്‍ജിയെ കാലദേശ സംസ്കാരങ്ങളുമായി അനുരൂപപ്പെടുത്തുന്നതില്‍ ആദിമസഭ കാണിച്ച ധീരതയും വ്യഗ്രതയും എക്കാലത്തെയും സഭാതനയര്‍ക്ക് ഉത്തമമാതൃകയാണ്.

ലിറ്റര്‍ജി ക്രിസ്ത്യന്‍ പാഠശാല:
മൂന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടംവരെ റോമിലെ സഭയുടെ ആരാധനഭാഷ ഗ്രീക്കായിരുന്നു. ഗ്രീക്ക് കോളനികളിലാണ് ആദ്യം ക്രിസ്തുമതം പ്രചരിച്ചതെന്നതുതന്നെ കാരണം. എന്നാല്‍ ക്രിസ്തുമതം ലത്തീന്‍ സംസാരിക്കുന്ന ആളുകളുടെ ഇടയിലേക്കു വ്യാപിച്ചപ്പോള്‍ ആരാധനഭാഷ ലത്തീനായിത്തീര്‍ന്നു.

മതബോധനത്തിന് ഇതര മാധ്യമങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ആരാധനക്രമം ക്രിസ്ത്യന്‍ പാഠശാലയും മതബോധനവേദിയുമായി വര്‍ത്തിക്കുകയായിരുന്നു. അങ്ങനെ ആദിമസഭയുടെ വളര്‍ച്ചയില്‍ ലിറ്റര്‍ജി വലിയ പങ്കു വഹിച്ചു.

ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമം പറയുന്നതു മറ്റൊരു കഥയാണ്. നിലനില്പിനു സഹായിച്ച വൈദേശികബന്ധം വളര്‍ച്ചയ്ക്കു വിഘാതമായി നിന്ന ദുഃഖകഥ. ചരിത്രകാരനായ ഡോ. ഫാക്വറിന്‍റെ അഭിപ്രായത്തില്‍ പൗരസ്ത്യ സുറിയാനി സഭയുടെ ശ്രേഷ്ഠവും ഒപ്പം ദയനീയവുമായ ചരിത്രത്തില്‍ ഒരു പ്രത്യേക ഘടകത്തിന്‍റെ പോരായ്മ അനുഭവപ്പെട്ടിരുന്നു. അവികസിതമായ സുറിയാനി സംസ്കാരവുമായി സുവിശേഷസന്ദേശത്തിനുണ്ടായിരുന്ന ബന്ധം വേര്‍പെടുത്താന്‍ സാധിച്ചില്ല എന്നതാണ് ഈ പോരായ്മ. ഈ കഴിവുകേടു സുറിയാനിസഭ പ്രേഷിതവേലയ്ക്കു പോയ രാജ്യങ്ങളിലെ സംസ്കാരങ്ങളുമായി സുവിശേഷസന്ദേശം താദാത്മ്യം പ്രാപിക്കുന്നതിനു തടസ്സമായി നിന്നു.

താന്‍പോരിമ തേടുന്ന പൈതൃകങ്ങള്‍:
ഭാരതത്തിലെ ശൈശവസഭയെ മുളയിലേ കൂമ്പു നുളളി തദ്സ്ഥാനത്തു കല്‍ദായസഭയെ പറിച്ചുനടുകയാണ് ഇവിടെയെത്തിയ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ ചെയ്തത്. ഭാരതീയ തത്ത്വശാസ്ത്രത്തിന്‍റെയും സാംസ്കാരികവും ആദ്ധ്യാത്മികവുമായ പൈതൃകങ്ങളുടെയും മുഖ്യധാരയില്‍ നിന്ന് ഒഴിഞ്ഞുനിന്ന സഭയ്ക്ക് ഇവിടെത്തെ മണ്ണില്‍ വേരൂന്നി ഭാരതസഭയായി വളരാന്‍ കഴിയാതെ പോയി.

പേര്‍ഷ്യന്‍ സഭയുടെ ആരാധനക്രമപരമായ പാരമ്പര്യങ്ങള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതയായിത്തീര്‍ന്ന സഭയ്ക്ക് ഏതദ്ദേശീയ സാംസ്കാരിക സാല്മീകരണത്തിലൂടെ തനതായ ആരാധനക്രമം വികസിപ്പിച്ചെടുക്കാനായില്ല. തങ്ങള്‍ സ്വീകരിച്ചനുവര്‍ത്തിച്ചുപോന്ന സുറിയാനി പൈതൃകങ്ങളെക്കുറിച്ചുള്ള ശരിയായ വ്യാഖ്യാനം മാര്‍തോമാ ക്രിസ്ത്യാനികള്‍ക്കു ലഭ്യമായിരുന്നില്ലെന്നതും പ്രസ്താവ്യമത്രേ.

ലിറ്റര്‍ജിയുടെ പ്രേഷിതമൂല്യം:
ലിറ്റര്‍ജിയുടെ പ്രേഷിതമൂല്യത്തെക്കുറിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള വിശ്വാസികളുടെ കഴിവിനെ ലിറ്റര്‍ജി വിസ്മയകരമായി ശക്തിപ്പെടുത്തുന്നു (എസ്സി 2). ക്രിസ്ത്യന്‍ സമൂഹത്തില്‍ത്തന്നെ വലിയ സുവിശേഷവത്കരണശക്തിയാണു ലിറ്റര്‍ജി. പ്രേഷിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ലിറ്റര്‍ജിക്കുള്ള പങ്കു വളരെ വലുതാണ്. എന്നാല്‍ ഇതിനു തിരുക്കര്‍മ്മങ്ങളില്‍ വിശിഷ്ടമായ ലാളിത്യം തെളിഞ്ഞുനില്ക്കണം. അവ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അനാവശ്യമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. വിശ്വാസികളുടെ ഗ്രഹണശക്തിയില്‍ അവ ഒതുങ്ങിനില്ക്കണം. അതുപോലെതന്നെ സാധാരണ ഗതിയില്‍ അധികം വിശദീകരണം ആവശ്യപ്പെടാത്തവയുമായിരിക്കണം (എസ് സി 34). ലിറ്റര്‍ജിയില്‍ അനുഷ്ഠിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്ന രീതിയില്‍ ആരാധനക്രമപുസ്തകങ്ങളും അനുഷ്ഠാനവിധികളും നവീകരിച്ചെങ്കിലേ ഇതു സാദ്ധ്യമാകൂ. വിശ്വാസികള്‍ക്കു കഴിയുന്നത്ര എളുപ്പത്തില്‍ മനസ്സിലാക്കാനാവുന്നതും പൂര്‍ണമായും സജീവമായും സമൂഹമെന്ന നിലയിലും പങ്കെടുക്കത്തക്കതുമായിരിക്കണം ആരാധനക്രമാനുഷ്ഠാനവിധികള്‍ (എസ്സി 2).

പ്രേഷിതാഭിമുഖ്യമുള്ള ലിറ്റര്‍ജി:
വൈദേശികമായ അനുഷ്ഠാനവിധികള്‍ക്കും പ്രതീകങ്ങള്‍ക്കും പ്രേഷിതാഭിമുഖ്യമുള്ള ലിറ്റര്‍ജിക്കു രൂപം നല്കാനാവില്ല. സമൂഹത്തിനകത്തുനിന്ന് ഉയിര്‍ക്കൊള്ളേണ്ടതാണത്. ഇവിടെയാണ് ആരാധനക്രമാനുഷ്ഠാന വിധികളിലെ വൈവിദ്ധ്യത്തിന്‍റെ പ്രസക്തി. ഈ പശ്ചാത്തലത്തിലാണു കൗണ്‍സിലിന്‍റെ താഴെ കൊടുക്കുന്ന പ്രസ്താവം അര്‍ത്ഥഗര്‍ഭമാകുന്നത്. “ആരാധനക്രമത്തില്‍പ്പോലും വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭയ്ക്ക് ആഗ്രഹമില്ല. മറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ആദ്ധ്യാത്മികസമ്പത്തുക്കളെയും വൈഭവങ്ങളെയും അവള്‍ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവിതരീതികളില്‍ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അവിച്ഛിന്നമായി കെട്ടുപിണയാത്ത ഘടകങ്ങള്‍ അവള്‍ താത്പര്യപൂര്‍വം പഠിക്കുകയും സാദ്ധ്യമെങ്കില്‍ അന്യൂനം പരിരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചിലപ്പോള്‍ ആരാധനക്രമത്തിന്‍റെ യാഥാര്‍ത്ഥ്യവും കൃത്രിമവുമായ ചൈതന്യത്തോടു പൊരുത്തപ്പെടുന്ന ഘടകങ്ങള്‍ ആരാധനക്രമത്തില്‍ അവള്‍ ഉള്‍പ്പെടുത്തുകകൂടി ചെയ്യുന്നു” (എസ്സി 37).

ലിറ്റര്‍ജിയുടെ പ്രേഷിതാഭിമുഖ്യം:
ഭാരതത്തിലെ ഏതു ലിറ്റര്‍ജിയും ഉള്ളടക്കത്തിലും അടിസ്ഥാനഘടനയിലും തീര്‍ത്തും ക്രൈസ്തവവും അനുഷ്ഠാനവിധികളില്‍ തീര്‍ത്തും ഭാരതീയവുമായിരിക്കണം. ഭാരതസഭയ്ക്കു സെമിറ്റിക് ഭാഷയിലും സംസ്കാരത്തിലും വേരൂന്നി നില്ക്കുന്ന ഒരു ലിറ്റര്‍ജികൊണ്ടു തൃപ്തിപ്പെടാനാവില്ല. ഭാരതീകരണം നടക്കാത്ത ലിറ്റര്‍ജിക്കു ഭാരത മണ്ണില്‍ സുവിശേഷവത്കരണോപാധി ആകാന്‍ പറ്റില്ല.

ആരാധനക്രമാനുഷ്ഠാന അവസരങ്ങളില്‍ പലപ്പോഴും അക്രൈസ്തവര്‍ സന്നിഹിതരാകുന്ന കേരളത്തെപ്പോലുള്ള സ്ഥലങ്ങളില്‍ ലിറ്റര്‍ജി പ്രത്യേക പ്രാധാന്യമുള്ള സുവിശേഷവത്കരണ ഉപാധിയാണ്. ഇതിനു പ്രാദേശികസംസ്കാരവുമായി ലിറ്റര്‍ജി കൂടുതല്‍ കൂടുതല്‍ അനുരൂപപ്പെടണം.

ഉത്തരേന്ത്യന്‍ മിഷന്‍ പ്രദേശങ്ങളിലേക്ക് പ്രേഷിതദൗത്യവുമായി പോകാനൊരുങ്ങുന്ന സീറോ- മലബാര്‍ സഭ ലിറ്റര്‍ജിയുടെ സാംസ്കാരികസാല്മീകരണത്തിലും അനുരൂപണത്തിലും നവീകരണത്തിലും സത്വര ശ്രദ്ധ പതിക്കണം. കാലദേശ സംസ്കാരവ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ഇന്നത്തെ മനുഷ്യന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതും നൂറ്റാണ്ടുകള്‍ക്കപ്പുറം നിലവിലിരുന്നതുമായ ഒരു ആരാധനക്രമം ഒരു വിധത്തിലുള്ള അനുരൂപണവും നവീകരണവും കൂടാതെ കേവലം പുനരുദ്ധരിച്ചു ഭാരതത്തില്‍ പുനഃപ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ ലിറ്റര്‍ജിയുടെ പ്രേഷിതമാനം പൂര്‍ണമായി മറക്കുന്നവരാണ്.

Comments

3 thoughts on “സീറോ-മലബാര്‍ ലിറ്റര്‍ജിയുടെ പ്രേഷിതാഭിമുഖ്യം”

 1. സഖറിയ തോമസ് says:

  കാലഹരണപ്പെട്ട ഭാരതീയ പൂജാവാദവുമായി സത്യദീപവും തേനായ നച്ചനും വീണ്ടും ഇറങ്ങിയിരിക്കുന്നത് ആശയ ദാരിcദ്യവും അനാവശ്യ തർക്കത്തിന് വഴിമരുന്നിടാനുമാണോ എന്ന് സംശയിക്കുന്നു

  1. Gifin mavely says:

   തേനായാനച്ഛൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല.സിറോ മലബാർ ലിറ്റര്ജി സാംസ്‌കാരിക അനുരൂപണത്തിനു വിധയമാകേണ്ടതുണ്ട്.ഓരോ സുവിശേഷകന്മാരും സുവിശേശം രചിച്ചപ്പോൾ അതാർക്കുവേണ്ടിയാണോ രചിച്ചത് ആ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് അതെഴുതിയതു.ലിറ്റര്ജിയുടെ കാര്യത്തിലും അതാണ് സംഭവച്ചതു.ഓരോ സ്ഥലങ്ങളിലും അവരുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ ആരാധനക്രമം വളർന്നു വന്ന്. പക്ഷെ ഭാരതത്തിൽ അത് നടന്നില്ല .പേർഷ്യയിലും മറ്റും നിലനിന്നിരുന്ന ആരാധനക്രമം നമ്മൾ അനുകരിക്കുകയാണ് ചെയ്തത്. അതിന്റെ പോരായ്മ നമ്മുടെ ലിറ്റർജിക്കുണ്ട് .സിറോ മലബാർ കുര്ബാനയിലെയും മറ്റും പ്രാര്ഥനകളും മറ്റും ഒരു സാധാരണക്കാരന് മനസ്സിലാകണമെങ്കിൽ രണ്ടാഴ്ചത്തെ ഒരു ക്ലാസ് മിനിമം എടുക്കേണ്ടി വരും. അതിനാൽ നമ്മുടെ ലിറ്റര്ജി ഒത്തിരി മാറേണ്ടിയിരിക്കുന്നു നമ്മൾ ഇപ്പോഴും മുന്പോട്ടാണ് സഞ്ചരിക്കേണ്ടത് ,പിന്നോട്ട് പോകുന്നത് സാധാരണ ഞണ്ടുകളാണ് .പാരമ്പര്യത്തിന്റെ പേരും പറഞ്ഞു നമ്മൾ ഇനിയും പിന്നോട്ടേക്കാണ് പോകുന്നതെങ്കിൽ അത് വലിയ മണ്ടത്തരമായിരിക്കും.
   നമ്മുടെ പൂർവികർ പണ്ട് കാളവണ്ടിയിലാണ് സഞ്ചരിച്ചതെന്നു വച്ച് ഇന്ന് നമ്മളാരെങ്കിലും കാളവണ്ടി മാത്രം ഉപയോഗിക്കുമോ.കാലം മാറുന്നതിനനുസരിച്ചു സംസ്കാരവും മാറും, ജീവിതരീതിയും മാറും.അത് പോലെതന്നെ ലിറ്റർജിയും മാറ്റം വരേണ്ട ഒന്ന് തന്നെയാണ്.ഖുർആൻ പോലെയുള്ള ഗ്രന്ഥങ്ങൾ ദൈവം സ്വർഗത്തിൽ നിന്നും നേരിട്ടിറക്കിത്തന്നതാണെന്നു കേട്ടിട്ടുണ്ട്. അത് മട്ടൻ പറ്റില്ലെന്ന് പറഞ്ഞാൽ സമ്മതിക്കാം എന്നാൽ ലിറ്റർജി ഉണ്ടാക്കിയത് മനുഷ്യർ തന്നെയല്ലേ.അത് കൊണ്ട് ലിറ്റര്ജി നവീകരിച്ചത് കൊണ്ട് നമ്മുടെ പിതാവ് തോമാശ്ലീഹാ അല്ലാതാവുന്നില്ല. ബഹുമാനപ്പെട്ട തേനായാനച്ച അങ്ങേക്കൊപ്പം ഞങ്ങളുണ്ട് .

 2. Jose z thundiyil says:

  കൂടുതൽ latinize ചെയ്യണമോ pre -latin കാലഘട്ടത്തിലേക്ക് കൂടുതൽ കൽദായ സുറിയാനിയിലേക്കു മടങ്ങണമോ എന്നതാണ് ഏറെക്കാലമായി ഉള്ള ചർച്ചകളും തർക്കങ്ങളും പ്രശ്നങ്ങളും .ലൂർദ്സ്വാമിയും അനിയൻ സ്വാമിയും ഒക്കെ മണ്ണടിഞ്ഞു പോയി .ഭാരതവത്കരണം , തദ്ദേശീയ പൂജ എന്നൊക്കെ പറഞ്ഞു പുതിയ ഒരു സമരമുഖമോ ? അതിനു പ്രേഷിത പ്രവ ർത്തനം സുവിശേഷ പ്രഘോഷണം എന്നൊക്കെ ഉള്ള ഒരു മുഖം മൂടിയും .ഇത് മോശം ആണ്

Leave a Comment

*
*