“താലിത്താ കുമി” (ബാലികേ, എഴുന്നേല്ക്കുക) (ലൂക്ക 8:54)

“താലിത്താ കുമി” (ബാലികേ, എഴുന്നേല്ക്കുക) (ലൂക്ക 8:54)

ടി.എ. ആന്‍റണി സി.എം.ഐ.

നവംബറിന്‍റെ ഓര്‍മ്മ കത്തോലിക്കാ ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ മരണത്തിന്‍റെ ഓര്‍മ്മയാണ് ഉണര്‍ത്തുക. അതോടൊപ്പം മരണചിന്തയ്ക്കുമേലായി ഉയിര്‍പ്പിന്‍റെ പുതുജീവനചിന്ത ഉയരുന്നതും ഈ കാലയളവില്‍ ത്തന്നെ.

മരണത്തിന്‍റെ അടക്കിപ്പിടിച്ച തേങ്ങലിലാണ് (ലൂക്കാ 8:52) ക്രിസ്തു സജീവതയുടെ നിശ്വസനം (ലൂക്കാ 8:55; യോഹ. 20: 22; 1 രാജ 17:22; 2 രാജ 9:18-37) നല്കിയത്. എല്ലാവരും മരണമായി കണ്ടതിനെ ഉറക്കമായി അവിടുന്നു കണ്ടു (ലൂക്കാ 8:52; യോ ഹ. 11:11) അഴിച്ചിലില്‍ ആണ് ജീവന്‍ എന്ന് അവിടുന്ന് പണ്ടേ പറഞ്ഞിരുന്നു (യോഹ. 12:24). ചത്തു നാലുനാളു കഴിഞ്ഞ് ചീഞ്ഞളിയാന്‍ തുടങ്ങിയ മൃതദേഹം അടക്കം ചെയ്ത കല്ലറ തുറക്കാന്‍ അവര്‍ സ്വാഭാവികമായും അറച്ചു (യോഹ. 11:39). ഈ മരണം മഹത്ത്വത്തിലേക്കാണെന്ന് (യോഹ. 11:4) മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. അവസാനത്തെ ചിരി ദൈവത്തിന്‍റേതാണെന്ന്, വിജയം മരണത്തെ വിഴുങ്ങുമെന്ന് (1 കൊറി. 15:54; ഹോസി 13:14) മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവരെ പഴി പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ അനുഭവപരിധിക്കപ്പുറമാണത്. അതു കാണാന്‍ പറ്റില്ല. അന്തര്‍ജ്ഞത ഉള്ളവനേ ഈ പ്രപഞ്ചവും വിലയനവിധേയമാണെന്നു പറയാന്‍ പറ്റൂ (മത്താ. 24). മരണമെന്ന ഉറക്കത്തിന് വി. പൗലോസ് മറ്റൊരു അര്‍ത്ഥസാന്ദ്രത നല്കി. ഈ ഉറക്കം കര്‍ത്താവിലുള്ള നിദ്രയാണെന്ന് (1 തെസ്സ. 4:14).

ബാലികേ എഴുന്നേല്ക്കുക. ഏതേതു മൃതരംഗത്തും വ്യക്തിയുടേതാകട്ടെ, കുടുംബത്തിന്‍റേതാകട്ടെ, ഇടവകയുടേതാകട്ടെ, സഭ നിശ്വസിക്കേണ്ട ജീവവായു പുതുജീവന്‍റേതാണ്. സഭ ജീവിക്കുന്ന അപ്പവും ജീവിപ്പിക്കുന്ന അപ്പവുമാകുന്നു (യോഹ. 6:52). മാതാപിതാക്കള്‍ക്കു മകളോടുള്ള കടമയാണത്. മാതാപിതാക്കള്‍ വളര്‍ന്ന് തളരുകയും മക്കള്‍ വളര്‍ന്ന് തളിര്‍ക്കയും ചെയ്യുമ്പോള്‍ മക്കള്‍ക്കു തിരികെ നല്കാനുള്ളതും എഴുന്നേല്‍ക്കുക എന്ന ആഹ്വാനമാണ്. ഈ എഴുന്നേല്പിക്കലിനെ വി.പൗലോസ് മറ്റൊരു പ്രയോഗത്തിലൂടെ വ്യക്തമാക്കുന്നു: അധികാരത്തിന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ചു പറയുമ്പോഴാണത്. 'അധികാരം പണിതുയര്‍ത്താനാണ്; ഇടിച്ചുപൊളിക്കാനല്ല (2കൊറി 13:10). ഇടയന്‍റെ ഇടയധര്‍മ്മം കൈപിടിച്ച് എഴുന്നേല്‍പ്പു നടത്താനുള്ളതാണ് (അപ്പ. പ്രവ. 3:7).

കേരളസഭയില്‍ ശക്തമായ അല്മായ മുന്നേറ്റം ഈ ശാക്തീകരണ രീതിയില്‍ മുന്നേറുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കാരുണ്യപ്രവൃത്തികളില്‍ മാത്രമല്ല ജീവദായകമായ ഈ ശാക്തീകരണം ഒതുങ്ങേണ്ടത്. അടിസ്ഥാനപരമായി ഇത് സുവിശേഷീകരണത്തിലൂടെ സാധ്യമാകേണ്ട ശാക്തീകരണമാണ്. സുവിശേഷ പ്രഘോഷണമാണ് ഏറ്റവും വലിയ പരസ്നേഹപ്രവൃത്തി എന്നു പറഞ്ഞത് ദൈവവചനസഭയുടെ സഹസ്ഥാപകന്‍ ഫെര്‍ഡിനാന്‍സ് മെറ്റ്സ് ആണ്. സുവിശേഷം സൃഷ്ടിക്കുന്ന അടിസ്ഥാനമാറ്റം സ്വാവബോധമാണ്. ഹൃദയസ്വാതന്ത്ര്യത്തിന്‍റെ അനുഭവം. പുത്രസ്ഥാനീയതയുടെ സ്വാതന്ത്ര്യം. അതുതന്നെയാണ് ഉയിര്‍പ്പിന്‍റെ അനുഭവം. ജീവിതാന്ത്യത്തിന്‍റെ പൊടുന്നനെ സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമെന്നതോടൊപ്പം തന്നെ സജീവജീവിതത്തിന്‍റെ മകുടീകരണം കൂടിയാണത്. വി. പൗലോസിന്‍റെ വാക്കില്‍ പറഞ്ഞാല്‍ ഉയിര്‍ത്തവരായി ജീവിക്കണം (കൊളോ 3:1). ഉണങ്ങിക്കരിഞ്ഞ അസ്ഥിവിരൂപങ്ങള്‍ മാംസളരൂപം പ്രാപിക്കുന്ന എസക്കിയേലിന്‍റെ സ്വപ്നം (എസക്കി. 37) ഈ ചിന്താഗതിയെ കൂടുതല്‍ വ്യക്തമാക്കുന്നു.

മരിച്ചവരെ ഓര്‍ക്കുന്ന ഈ നവംബര്‍ മാസത്തില്‍ പിതാക്കന്മാരുടെ മൃതകുടീരങ്ങള്‍ക്കരികെനിന്ന് നാം അവരോട് പറയുന്നതും അവര്‍ നമ്മോടു പറയുന്നതും ഇത്രമാത്രം. അസ്ഥിക്കൂമ്പാരങ്ങളേ, ദൈവത്തിന്‍റെ വചനം; ഉയിര്‍പ്പിന്‍റെ വചനം ശ്രവിക്കുക, എഴുന്നേല്ക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org