|^| Home -> Cover story -> തങ്കപ്പെട്ട തച്ചന്‍

തങ്കപ്പെട്ട തച്ചന്‍

Sathyadeepam

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

സുവിശേഷകന്മാര്‍ ‘ജോസഫ്’ എന്നു പേരിടുന്നെങ്കിലും (മത്താ. 1:18; ലൂക്കാ 1:26) സമൂഹം ‘തച്ചന്‍’ (മത്താ. 13:55) എന്നു മാത്രം വിളിച്ച അവന്‍ തങ്കപ്പെട്ടവനായി മാറിയത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ‘തച്ചന്‍’ എന്ന മലയാളപദത്തിന്‍റെ ‘CARPENTER’ എന്ന ആംഗലേയ തുല്യനാമത്തിലെ ഓരോ അക്ഷരവും നാം അല്പം ധ്യാനവിധേയമാക്കിയാല്‍ മതി. അവയോരോന്നും അവന്‍റെ ചില വിശേഷഗുണങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.

ഒന്നാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ സൃഷ്ടിപരമായ (Creative) കാര്യങ്ങള്‍ ചെയ്യുന്നവനാണ്. മനുഷ്യരുടെ അനുദിനജീവിതത്തിനു ആവശ്യമായ സാമഗ്രികള്‍ തടിയില്‍ തീര്‍ക്കുന്നവനാണവന്‍. ക്രിയാത്മകമാണ് അവന്‍റെ ചിന്തകളും ചെയ്തികളും. തന്‍റെ സര്‍ഗ്ഗസിദ്ധികളുടെ സഹായത്തോടെ വൈവിധ്യങ്ങളായ രൂപഭാവങ്ങളില്‍ അവന്‍ മരത്തെ മെനഞ്ഞെടുക്കുന്നു. അവന്‍റെ കരതലങ്ങളില്‍ കട്ടിയുള്ള തഴമ്പുകളുണ്ട്. തല്ലിത്തകര്‍ത്തതിന്‍റെയോ, തകിടം മറിച്ചതിന്‍റെയോ അല്ല. മറിച്ച്, തട്ടിക്കൂട്ടിയപ്പോഴും തേച്ചുമിനുക്കിയപ്പോഴുമൊക്കെ പണിയായുധങ്ങളുടെ പിടികള്‍ കൊടുത്ത തഴമ്പുകള്‍! നശിപ്പിക്കുകയല്ല, നിര്‍മ്മിക്കുകയെന്നതാണ് അവന്‍റെ ദൗത്യം. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. പണിതുയര്‍ത്താന്‍ വേണ്ടി മാത്രമാണ് അവന്‍റെ പാണികള്‍ ചലിച്ചിരുന്നത്. തന്‍റേതല്ലാത്ത കാരണത്താല്‍ സമൂഹമധ്യത്തില്‍ തെറ്റു കാരിയെന്നു മുദ്രകുത്തപ്പെടാന്‍ സകലസാധ്യതയുമുണ്ടായിരുന്ന മറിയമെന്ന തന്‍റെ പ്രതിശ്രുതവധുവിന്‍റെ ജീവിതത്തെ അവനു വേണമെങ്കില്‍ തല്ലിയുടയ്ക്കാമായിരുന്നു! പിറവി നടന്ന പശുത്തൊഴുത്തിലോ, പലായനപാതയിലെ പാതിദൂരത്തിലോ വച്ച് പൈതലിനെയും പരിശുദ്ധ കന്യകയെയും അവന്‍ കൈവിട്ടുകളഞ്ഞില്ല. പകരം, പാരിന്‍റെ രക്ഷയ്ക്കായുള്ള ദൈവികപദ്ധതികളെ തച്ചുടയ്ക്കാതെ പടുത്തുയര്‍ത്താന്‍ പരിശ്രമിച്ചു.

രണ്ടാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ കൃത്യതയുള്ള (Accurate) വ്യക്തിയാണ്. അളവുകളും കണക്കുകളും അവന്‍റെ ഉപജീവനവൃത്തിയുടെ അവിഭാജ്യഘടകങ്ങളാണ്. കണക്കുകൂട്ടലുകള്‍ കൃത്യമാകുമ്പോഴേ അവന്‍റെ കര്‍മ്മഫലം കുറവില്ലാത്തതാകൂ. അതുകൊണ്ടുതന്നെ കണക്കുകള്‍ പിഴയ്ക്കാന്‍ പാടില്ല. തോതുകളില്‍ തൊട്ടുകളിക്കാന്‍ അവന്‍ തയ്യാറാകില്ല. അതീവസൂക്ഷ്മതയോടെ കാര്യങ്ങളെ നിരീക്ഷിക്കാനുള്ള പ്രാഭവം അവനുണ്ട്. തടിപ്പലകകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ തരിയിട പോലും വിടവുണ്ടാകാതെ നോക്കണം. തോള്‍സഞ്ചിക്കുള്ളിലെ വരകോലും ഇതര അളവുസാമഗ്രികളുമൊക്കെ അവന്‍റെ തൊഴിലിന്‍റെ കൃത്യതയുടെ അടയാളങ്ങളാണ്. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. അവന്‍റെ കണക്കുകൂട്ടലുകള്‍ ഒരിക്കലും തെറ്റിയില്ല. അവയ്ക്ക് ദൈവമാകുന്ന ഓഡിറ്ററുടെ ഔദ്യോഗിക കൈയ്യൊപ്പുണ്ടായിരുന്നു. ശത്രുവിന്‍റെ വാള്‍മുനയില്‍ നിന്നും എത്രയേറെ സൂക്ഷ്മതയോടെയാണ് അവന്‍ ദിവ്യപൈതലിനെ രക്ഷപ്പെടുത്തി നട്ടപ്പാതി രാവില്‍ നാടുവിട്ടത്.

മൂന്നാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ നവീകരിക്കുന്നവന്‍ (Renovator) ആണ്. തടിയുപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് അവയ്ക്ക് പുതുമ നല്കുക എന്നത് അവന്‍റെ പണിയുടെ ഭാഗമാണ്. കുറവുകളുള്ളവയെ കൂട്ടിയിട്ട് കത്തിക്കുന്നതിലല്ല പിന്നെയോ, അവയ്ക്ക് പൂര്‍വ്വാധികം പൂര്‍ണ്ണത കൊടുക്കുന്നതിലാണ് അവന്‍ ആനന്ദം കണ്ടെത്തുന്നത്. വൈകല്യങ്ങളുള്ളവയോട് പ്രത്യേക വാത്സല്യവും പരിഗണനയും അവന്‍ വച്ചുപുലര്‍ത്തുന്നു. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. ദൈവപുത്രനു പിറന്നുവീഴാന്‍ ഇത്തിരിയിടം തേടിയുള്ള അലച്ചില്‍, ദിവ്യപൈതലിനെ ദേവാലയത്തില്‍ തിരുനാള്‍ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടല്‍ എന്നിങ്ങനെ സമാനമായ സംഭവങ്ങള്‍ കുടുംബത്തില്‍ സങ്കടങ്ങള്‍ കൂട്ടിയപ്പോള്‍ അവയെ ഒക്കെ വേണ്ടവിധം പരിഹരിക്കാന്‍ അവനു കഴിഞ്ഞു.

നാലാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ ക്ഷമാശീലന്‍ (Patient) ആണ്. ഒത്തിരി ക്ഷമയും ശാന്തതയും ആവശ്യപ്പെടുന്ന തൊഴിലാണ് മരപ്പണി. വേഗതയും വെപ്രാളവും പണിയുടെ പൂര്‍ണ്ണതയെ മോശമായി ബാധിക്കും. ശാരീരികമായ അസ്വസ്ഥതയും, മാനസികമായ പിരിമുറുക്കങ്ങളുമൊക്കെ ഉള്ളപ്പോഴും സഹിഷ്ണുതയോടും ദീര്‍ഘസഹനത്തോടും കൂടെ വേലചെയ്യാന്‍ തച്ചനു കഴിയണം. ചിലപ്പോള്‍ ഇടവേളയില്ലാതെ ഇരുന്നു പണി പൂര്‍ത്തീകരിക്കേണ്ടതായിവരും. അത്തരം അവസരങ്ങളില്‍ ക്ഷയിച്ചുപോകാത്ത ക്ഷമാശക്തി ആവശ്യമാണ്. ക്ഷീണമുള്ളപ്പോഴും ക്ഷമക്ക് ക്ഷാമമുണ്ടാകാതിരുന്നാലേ ക്ഷേമമുണ്ടാകൂ. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. ദീര്‍ഘ ക്ഷമ ദൈവം അവനു ദാനമേകിയിരുന്നു. ജീവിതത്തെ ആവരണം ചെയ്തുനിന്ന ആവലാതികളെയും ആകുലതകളെയും സര്‍വ്വം സഹനായി അഭിമുഖീകരിക്കാനും അതിജീവിക്കാനും അവനു അനായാസം സാധിച്ചു.

അഞ്ചാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ ഒരു നിര്‍മ്മാര്‍ജ്ജകന്‍ (Eliminator) ആണ്. മരത്തിന്‍റെയും മറ്റു സാധന സാമഗ്രികളുടെയും ഗുണനിലവാരത്തെക്കുറിച്ച് അതീവശ്രദ്ധാലുവാണ്. മേന്മയില്ലാത്തവയെ അവന്‍ മാറ്റിവയ്ക്കുന്നു; കാതലില്ലാത്തവയെ മുറിച്ചുനീക്കുന്നു. കാരണം, കേടുള്ളവക്ക് ഈടുണ്ടാവുകയില്ലെന്ന് അവനു നന്നായറിയാം. എപ്പോഴും നല്ലവയെയാണ് അവന്‍ തിരഞ്ഞെടുക്കുന്നത്. ദ്രവിച്ചവയെ ദാക്ഷണ്യമില്ലാതെ ചെത്തിക്കളഞ്ഞ് ചേരേണ്ടവയെ മാത്രം കൂട്ടിച്ചേര്‍ക്കുന്നു. താന്‍ എന്തു നിര്‍മ്മിക്കാന്‍ പോകുന്നോ അതിനു അനുയോജ്യമായ സാധനങ്ങളും ഉപകരണങ്ങളും അവന്‍ വേര്‍തിരിക്കുന്നു. ഉപയോഗശൂന്യമായവയെ ഉപേക്ഷിക്കുന്നു. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. നന്മയിലേക്ക് മാത്രം നീളുന്ന നോട്ടവും, മനസ്സും, കരങ്ങളും അവന്‍റെ സ്വന്തമായിരുന്നു. ജീവിതത്തില്‍ അപകടകാരികളും ഉപദ്രവകാരികളുമായ സകലതിനെയും അവന്‍ അകറ്റിനിര്‍ത്തി. നല്ലവയെ മാത്രം നെഞ്ചോടുചേര്‍ത്തു. ജീവഹാനിയുണ്ടാകാമായിരുന്ന സാഹചര്യങ്ങളില്‍നിന്നെല്ലാം തന്‍റെ കുടുംബത്തെ അവന്‍ വളരെ വിദഗ്ദ്ധമായി മാറ്റിനിര്‍ത്തി. ദൈവത്തിനു നിരക്കാത്തതായി ഒന്നും അവനില്‍ ഇല്ലായിരുന്നു.

ആറാമതായി, തച്ചന്‍ നൈസര്‍ഗ്ഗികമായ (Native) കഴിവുകളുടെ ഉടമയാണ്. മരത്തടിയില്‍ മാസ്മരികതകള്‍ തീര്‍ക്കാനുള്ള വൈദഗ്ദ്ധ്യം മറ്റൊരാളില്‍നിന്നും കണ്ടു പഠിക്കുന്നതിലുപരി ജന്മസിദ്ധമായി സ്വായത്തമാക്കുന്ന ഒരു അനുഗ്രഹീതകലയാണ്. അനുകരണങ്ങളേക്കാള്‍ സ്വതസിദ്ധമായ രൂപ കല്പനകളും മാതൃകകളുമാണ് ആശാരിക്ക് കൂടുതല്‍ ആനന്ദം നല്കുന്നത്. അവയിലൊന്നിലും കൃത്രിമം കാട്ടാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. എന്തിലും ഏതിലും തനിമയുടെ പൊലിമ ആവിഷ്ക്കരിക്കാന്‍ അവന്‍ പരിശ്രമിക്കും. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. തന്‍റെ തൊഴിലിലും, ജീവിതശൈലിയിലും ഒരു പോലെ തികച്ചും സ്വന്തമായ വ്യത്യസ്ഥത വച്ചുപുലര്‍ത്താന്‍ അവനു കഴിഞ്ഞിരുന്നു. കര്‍മ്മരംഗങ്ങളിലെ കലാവാസനകള്‍ പോലെതന്നെ വ്യക്തിജീവിതത്തില്‍ മിതഭാഷണം, വിശ്വാസം, ദൈവാശ്രയത്വം, വിശ്വസ്തത, അലിവ്, ആദരവ് ആദിയായ സ്വഭാവസവിശേഷതകളുടെ സ്വതസിദ്ധത അവനുണ്ടായിരുന്നു. അതുകൊണ്ടോക്കെത്തന്നെയാണ് കര്‍ത്താവ് കല്പിച്ചതിനപ്പുറത്ത് ഒന്നും ചെയ്യാന്‍ അവന്‍ തുനിയാതിരുന്നത്.

ഏഴാമതായി, തച്ചന്‍ തന്‍റെ തൊഴിലുകൊണ്ടുതന്നെ ചിന്താനിമഗ്നന്‍ (Thoughtful) ആണ്. ചിന്തകള്‍ അവന്‍റെ സന്തതസഹചാരികളാണെന്നു പറയാം. താന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതും, തുടങ്ങാന്‍ പോകുന്നതുമായ സൃഷ്ടികളെപ്പറ്റിയുള്ള മനോവ്യാപാരങ്ങള്‍ അവനുണ്ട്. മരത്തടിയില്‍ വിടരുന്നതിനു മുമ്പേ അവയോരോന്നും അവന്‍റെ മനസ്സില്‍ തന്നെയാണ് മൊട്ടിടുന്നത്. തന്നെയുമല്ല, തൊഴില്‍ സംബന്ധമായ തടസ്സങ്ങളെക്കുറിച്ചുള്ള ആകുലതകളും അയാളുടെ കൂടെയുണ്ട്. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. മറ്റെല്ലാറ്റിലുമുപരിയായി മറ്റുള്ളവരെപ്പറ്റി ചിന്തയുള്ളവനും, അവരുടെ വികാരങ്ങളെ മാനിക്കുന്നവനുമായ മനുഷ്യനായിരുന്നു അവന്‍. തന്നില്‍ ശരണമര്‍പ്പിച്ചവളെ ഒരു കാരണവശാലും സമൂഹത്തില്‍ അപമാനിതയാക്കാനോ ഒറ്റപ്പെടുത്താനോ അയാള്‍ ഒരുമ്പെട്ടില്ല (മത്താ. 1:19). അതുകൊണ്ടല്ലേ ഒരുവേള കൈവെടിയാന്‍ തീരുമാനിച്ചവളെ പിന്നീട് കരംപിടിച്ച് കൂടെപ്പാര്‍പ്പിച്ചതും? സ്വന്തം കരളുരുകി. വികാരങ്ങളും വിചാരങ്ങളും വ്രണപ്പെട്ടപ്പോഴും കന്യാമറിയത്തിന്‍റെ കവിള്‍ത്തടം കണ്ണീരില്‍ കുതിരാന്‍ ആ കരുണാര്‍ദ്രഹൃദയന്‍റെ കര്‍മ്മങ്ങളോ കഥനങ്ങളോ കാരണമായില്ല.

എട്ടാമതായി, തച്ചന്‍ തൊഴിലു കൊണ്ടുതന്നെ തികച്ചും ഒരു സാധാരണക്കാരന്‍ (Everyman) ആണ്. പെരുപ്പിച്ചു പറയാന്‍ പേരോ പെരുമയോ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ അധികം അവകാശവാദങ്ങളില്ലാതെ ലളിതമായ ജീവിതം നയിക്കുന്നവന്‍. സമൂഹത്തിലെ സാധാരണ കൂലിവേലക്കാരില്‍ ഒരുവന്‍. ചീകിമിനുക്കിയ മരപ്പലകപോലെ പരപ്പായതും വകതയില്ലാത്തതുമായ പെരുമാറ്റ രീതിയും, നേരേവാ നേരേ പോ എന്നുള്ള മനോഭാവങ്ങളും അവനുണ്ടാവും. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. അസാധാരണമായ അനുഗ്രഹങ്ങളാല്‍ സമ്പന്നനായിരുന്നെങ്കിലും വളരെ സാധാരണമായ ജീവിതമായിരുന്നു അവന്‍റേത്. അധികം ആരാലും അറിയപ്പെടാതെ, ആദരിക്കപ്പെടാതെ വെറും പോക്കുവെയില്‍ പോലെ കടന്നുപോയവന്‍! രക്ഷകന്‍റെ രക്ഷിതാവ് എന്ന നിലയില്‍ അഹങ്കരിക്കാന്‍ അവനു കാരണങ്ങള്‍ കണക്കിനുണ്ടായിരുന്നു. പക്ഷേ, ഉള്ളതെല്ലാം ഉടയോനില്‍ നിന്നുള്ള ഭിക്ഷയായി മാത്രം കരുതി. വിയര്‍പ്പുകൊണ്ട് വിശപ്പടക്കി. കഠിനാധ്വാനം കൊണ്ട് കുടുംബം പുലര്‍ത്തി.

അവസാനമായി, തച്ചന്‍ തൊഴിലുകൊണ്ടുതന്നെ വിശ്വാസയോഗ്യന്‍ (Reliable) ആയിരിക്കണം. വാക്കിനു വിലകല്പിക്കുന്നവനും, വാഗ്ദാനങ്ങളില്‍ വീഴ്ചപറ്റാത്തവനും ആയിരിക്കണം. എങ്കില്‍ മാത്രമേ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാന്‍ അവനു കഴിയൂ. കാപട്യവും കുരുട്ടുബുദ്ധിയും കൂട്ടുകാരാകരുത്, പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ – പരസ്പരബന്ധമുണ്ടായിരിക്കണം. നസറത്തിലെ നമ്മുടെ തച്ചന്‍ അങ്ങനെയായിരുന്നു. മണ്ണിന്‍റെയും വിണ്ണിന്‍റെയും മുമ്പില്‍ അവന്‍ വി ശ്വസനീയനായിരുന്നു. അതുകൊണ്ടാണ് ദൈവം സ്വന്തം വത്സല സുതന്‍റെ വളര്‍ത്തുപിതാവായി അവനെ വേര്‍തിരിച്ചത്. അവന്‍റെ കരങ്ങള്‍ കുഴയുകയോ പാദങ്ങള്‍ പതറുകയോ ഇല്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. മറിയത്തെ സംബന്ധിച്ചിടത്തോളം വാഴ്വില്‍ താന്‍ കണ്‍കണ്ട വിശ്വസ്തതയുടെ ആള്‍രൂപവും, വിശ്വാസ്യതയുടെ വിരലടയാളവും ആ തച്ചന്‍ തന്നെയായിരുന്നു. കഷ്ടപ്പാടുകളില്‍ കൂടെ നിന്നവന്‍! കണ്ണീരില്‍ കൈ ത്തൂവാലയായവന്‍! കദനപ്രളയത്തില്‍ കൊതുമ്പുവള്ളമായവന്‍! വിശ്വസ്തതയാകുന്ന വ്രജപ്പശ കൊണ്ട് തന്നെ സ്വന്തം ചങ്കോടു ചേര്‍ത്തവന്‍.

സുഹൃത്തേ, ഒഴുക്കുനീരുപോലെ അഴുക്കില്ലാത്ത ഒരു ജീവിതത്തിനു അവകാശിയായിരുന്ന നസറത്തിലെ ജോസഫ് എന്ന ആ തങ്കപ്പെട്ട തച്ചനെ ഓര്‍ക്കുന്ന ഈ മാര്‍ച്ച് മാസത്തില്‍ ക്രിസ്ത്യാനിയായ നീ കണ്ണാടിയില്‍ നോക്കി നിന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമൊന്നേയുള്ളൂ: ‘ആ ആശാരിയെപ്പോലെ ആകാന്‍ ആശയുണ്ടോ?’ ഉണ്ടെങ്കില്‍, ആ നിര്‍മ്മലന്‍റെ നിഴലിലൂടെ നീയും നടക്കാന്‍ തുടങ്ങുക. ദൈവത്തിന്‍റെ ദൃഷ്ടി നിന്‍റെ ഉള്ളത്തിലും ഉടക്കും. തങ്കപ്പെട്ടവരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും നിന്‍റെ നാമവും കുറിക്കപ്പെടും.

Leave a Comment

*
*