Latest News
|^| Home -> Cover story -> തപസ്സ്

തപസ്സ്

Sathyadeepam

ഡാനി കപ്പൂച്ചിൻ

വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴി ചൊല്ലുന്നതിലും ആഴ്ചയിൽ ഒരു നേരം ഭക്ഷണം ഉപേക്ഷിക്കുന്നതിനുമൊക്കെയാണോ നമ്മൾ തപസ്സ്കാലമെന്നു വിളിക്കുന്നത്? കൈ്രസ്തവസംസ്കാരത്തിൽ “തപസ്സ്’ എന്ന വാക്കിന്റെ തീവ്രത നഷ്ടപ്പെട്ടുപോയി. ഋഷിമാർ തപസ്സ് ചെയ്തു നേടിയ സിദ്ധികളെക്കുറിച്ചൊക്കെ കുട്ടിക്കാലത്തു കേട്ടപ്പോൾ തപസ്സ് ഒരു വലിയ സംഭവമായിരുന്നു. വളരുന്തോറും അല്പകാലത്തേയ്ക്കു മാംസം ഭക്ഷിക്കാതിരുന്ന സമയത്തിനു തപസ്സ് കാലമെന്നു വിളിച്ചപ്പോൾ മനസ്സിൽനിന്നു തപസ്സിടിഞ്ഞുപോയി. വാക്ക് മാറ്റണമെന്നല്ല; ആ വാക്കോളം വളരണമെന്നാണു പറയുന്നത്.

ക്രിസ്തു മരുഭൂമിയിൽ നാല്പതു ദിവസത്തെ തപസ്സ് തന്നെയായിരുന്നു. പുറത്തുള്ളതെല്ലാം ഉപേക്ഷിച്ചു ഉള്ളിൽ മറഞ്ഞുകിടന്നതൊക്കെ പുറത്തെടുക്കാൻ അർപ്പിച്ച ദിനരാത്രങ്ങൾ. തപസ്സ് വിട്ടു പുറത്തുവന്ന അവൻ ആൾക്കൂട്ടത്തിൽനിന്നു വിളിച്ചുപറഞ്ഞു: “”കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്കരിക്കാനും കർത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുവാനും അവിടുന്ന് എന്നെ നിയോഗിച്ചിരിക്കുന്നു.” ആത്മാവിന്റെ പ്രസരിപ്പിലും ജീവിതനിയോഗത്തെക്കുറിച്ചുള്ള വ്യക്തതയിലും അവൻ മരുഭൂമി വിട്ടു പുറത്തു വന്നു. ഇതാണു തപസ്സുകാലം. ഉള്ളിൽ മൂടികിടക്കുന്ന അരുവിയുടെ ഉറവ പൊട്ടണം. മരുഭൂമിയിൽനിന്ന് ആൾക്കൂട്ടങ്ങളിലേക്ക് ഒരു പുഴയൊഴുകണം. ഒരു പുഴു ആയിരം വർണങ്ങളിൽ ചിറക് വിരിച്ചു പൂക്കൾക്കു മീതെ പറക്കാൻ മാറ്റിവച്ച ദിവസങ്ങളാണു തപസ്സുകാലം. അങ്ങനെയൊരു കാലം നമുക്കെന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം എത്ര രുചിയുള്ളതായിരുന്നുവെന്ന് ഒന്നോർക്കാൻ മാത്രം ചില നേരം ഭക്ഷണമുപേക്ഷിക്കുന്നതല്ല തപസ്സ്. ഉള്ളിന്റെ രുചിയറിയാൻ മാറ്റിവയ്ക്കുന്ന ജീവിതത്തിന്റെ പേരാണ് തപസ്.

മനുഷ്യനെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. പക്ഷേ, സൂര്യപ്രകാശം കാർമേഘം മൂടിക്കളയുന്നതുപോലെ സത്യം മറന്നുപോയ ആ ജീവിതം ഉള്ളിലെ ദൈവത്തെ മറച്ചുപിടിച്ചു. മറഞ്ഞുനില്ക്കുന്ന ആ സാദൃശ്യം വീണ്ടെടുക്കുക എന്നതാണ് ഇനി നമ്മുടെ ദൗത്യം. ക്രിസ്തു പറഞ്ഞതും ഇതാണ്. “”എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നു ജീവജലത്തിന്റെ അരുവികൾ ഒഴുകും.” ജീവന്റെ പുഴ ഉള്ളിലുണ്ട്. പുറത്തുനിന്ന് അകത്തേയ്ക്കൊഴുകുന്ന കാഴ്ചകളും ആരവങ്ങളും ആർക്കുമറിയാത്ത ആഹ്ലാദങ്ങളും നിലച്ചാൽ അകത്തുനിന്ന് പുറത്തേയ്ക്കൊരു പുഴ ഒഴുകും. ഇതിനൊരു തപസ്സും വേണം. അത് ആരംഭിക്കാൻ അല്പകാലം മാറ്റി വയ്ക്കണം.

ശരീരത്തിന്റെ താത്കാലികമായ പിൻവാങ്ങലുകളെക്കുറിച്ചല്ല; ശരീരത്തെ ബലഹീനമാക്കുന്ന ഹൃദയപക്ഷങ്ങളെക്കുറിച്ചാണു ചിന്തിക്കുന്നത്. സുഭാഷിതങ്ങൾ നാലാം അദ്ധ്യായം 23-ാം വാക്യം: “”നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽ നിന്നാണൊഴുകുന്നത്.” ഹൃദയം പുറത്തെ വെള്ളിനാണയങ്ങളിലേക്കു ചാഞ്ഞപ്പോൾ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു എന്ന അപരാധം മാത്രമല്ല അയാൾ ചെയ്തത്, ഉള്ളിലെ കടൽ അയാൾ വറ്റിച്ചുകളഞ്ഞു. മറ്റുള്ളവരെ ചതിച്ചെന്നുംമുറിവേല്പിച്ചെന്നും കലഹിച്ചുവെന്നുമൊക്കെ പറഞ്ഞു കുമ്പസാരിച്ചു തിരിച്ചുവരാം. പക്ഷേ, അതിനൊരു തപസ്സിന്റെ ആവശ്യമില്ല. ഉള്ളിലൊരു കടൽ കരുതിവയ്ക്കണമെന്നുണ്ടെങ്കിൽ തപസ്സ് തന്നെ വേണം. ഇന്നു വീട്ടിൽ ആനന്ദത്തിന്റെ തെളിനീർ നിർഗമിക്കണമെങ്കിൽ അതിനുവേണ്ടി അർപ്പിച്ച ഒരു ജീവിതം തന്നെ വേണം. അവനിൽനിന്ന് ശക്തി പുറപ്പെട്ട് അനേകരെ സുഖപ്പെടുത്തി. അതവന്റെ ഹൃദയത്തിൽ പുറപ്പെട്ട ജീവന്റെ പുഴയാണ്. അവരെ മടക്കി അയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും. അവന് അവരോട് അനുകമ്പ തോന്നി. അപ്പോഴാണ് അപ്പം വർദ്ധിപ്പിച്ചത്. പുറത്തു സംഭവിച്ചതെല്ലാം ആരംഭിച്ചത് അകത്തുനിന്നാണ്. ഉള്ളിൽനിന്നുള്ള ആർദ്രമായ ഒഴുക്കിനുവേണ്ടി ജീവിതം മാറ്റിവയ്ക്കണം.

ക്രിസ്തു സിനഗോഗിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു “”കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്” എന്നാണ്. ഉള്ളിലിരിക്കുന്ന ആത്മാവിനെക്കുറിച്ചല്ല ഉള്ളിൽ തെളിയുന്ന ആത്മാവിനെക്കുറിച്ച്. ആത്മാവിനെ ഉള്ളിൽ കുടിയിരുത്താൻ തപസ്സാവശ്യമില്ല. ആത്മാവിനെ ഉടലിലൂടെയൊഴുക്കാൻ തപസ്സ് കൂടിയേ തീരൂ. വസ്ത്രവിളുമ്പുകൊണ്ട് ഒരു രോഗിണിയെ അവൻ സുഖപ്പെടുത്തിയെന്നത് അവന്റെ ശരീരം കവിഞ്ഞു വസ്ത്രവിളുമ്പിലൂടെ ഒഴുകിയ ആത്മാവാണ്. മുഖം സൂര്യനെപ്പോലെ ശോഭിക്കുകയും വസ്ത്രങ്ങൾ ധവളാഭമാകുകയും ചെയ്തതും ഉള്ളിൽ നിന്ന് ഉടലിലൂടെ പ്രസരിച്ച വെട്ടമാണ്. ഉള്ളിലെ ആത്മാവ് ഉടലാക്കി മാറ്റാൻ തപസ്സ് വേണം.

നിഷ്ക്രിയമായ കാത്തിരിപ്പല്ല തപസ്സ്. അതു മിഴി പൂട്ടി പ്രാർത്ഥനയിലാരംഭിച്ചു ജീവിതത്തിലൂടെ അനുസ്യൂതം തുടരുന്ന അന്വേഷണമാണ്. ദൈവത്തിന്റെ ഇഷ്ടം മാത്രം പ്രവർത്തിക്കാൻ ഒരു ശരീരത്തെയും മനസ്സിനെയും അഭ്യസിപ്പിക്കുന്നതാണ്. നഷ്ടപ്പെട്ടുപോകാതിരിക്കാൻ സ്വന്തം ശരീരത്തെ കർശനമായി നിയന്ത്രിച്ചു കീഴ്പ്പെടുത്തുന്ന വി. പൗലോസിനെപ്പോലെ “”എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ. ആറു യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പടപൊരുതാൻ എന്റെ വിരലുകളെയും അവിടുന്നു പരിശീലിപ്പിക്കുന്നു” (സങ്കീ. 144:1). യുദ്ധം ജയിപ്പിക്കുന്നവനാണു ദൈവം എന്നതിനേക്കാൾ യുദ്ധം ജയിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നവനാണു ദൈവമെന്നു ബൈബിൾ പഠിപ്പിക്കുന്നു. പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു ദൈവത്തിന്റെ ഹൃദയത്തിൽ കൂടുകൂട്ടാൻ അനിവാര്യമായ അഭ്യാസമാണു തപസ്സ്. അഭ്യസിക്കാതെയും അദ്ധ്വാനിക്കാതെയും നമ്മൾ എന്താണു നേടിയിട്ടുള്ളത്? എത്ര കഷ്ടപ്പെട്ടും ഉറക്കമിളച്ചുമാണു പഠനക്കളരിയിലൂടെ നമ്മൾ ബഹുദൂരം മുന്നേറിയത്?

ഒരുപാടു പരിശീലനം സിദ്ധിച്ചിട്ടാണ് ഒരു തൊഴിൽ കരഗതമാക്കിയത്. അദ്ധ്വാനിക്കാതെ ആരും ഒന്നും നേടിയിട്ടില്ല. പക്ഷേ, ദൈവത്തിന്റെ മനസ്സിലെത്താൻ മാത്രം ആരും അദ്ധ്വാനിക്കാറില്ല, അഭ്യസിക്കാറില്ല, പരിശീലിക്കാറില്ല. യുദ്ധമില്ലെങ്കിലും ശരീരത്തെ അഭ്യസിപ്പിച്ചു സജ്ജമാക്കി നിർത്തുന്ന പട്ടാളക്കാരന്റെ മനസ്സ് വേണം ഒാരോ ദൈവാന്വേഷിക്കും. കായികാഭ്യാസത്തിൽ ഏർപ്പെടുകയും കലകളിൽ പ്രാവീണ്യം നേടുകയും ചെയ്യുന്നു മനുഷ്യർ. പള്ളിയും പ്രാർത്ഥനയുമായി സഞ്ചരിക്കുന്ന മനുഷ്യർ മാത്രം എന്തുകൊണ്ട് ആഴങ്ങൾ തേടാതെ വിളുമ്പിലൂടെ മാത്രം സഞ്ചരിക്കുന്നു? അഗാധങ്ങളിലേക്കുള്ള യാത്രയ്ക്കു തപസ്സ് അനിവാര്യമാണ്.

സുഖപ്പെട്ട രക്തസ്രാവക്കാരി സ്ത്രീയെയും അടുത്ത നഗരത്തിലേക്കു പ്രസംഗിക്കാനോടിയ സമരിയാക്കാരിയെയും ഒന്നും പിന്നെ ബൈബിളിൽ കണ്ടിട്ടില്ല. ക്രിസ്തുവിനുവേണ്ടി അവരാരും ഒരു നിർണായകമായ ജീവിതം അർപ്പിച്ചിട്ടില്ലെന്നു വേണം കരുതാൻ. എടുത്തുപറയാൻ ഒന്നുമില്ലാതെ അവർ അവരുടെ ജീവിതങ്ങളിലേക്കു മടങ്ങിപ്പോയിട്ടുണ്ടാവണം. ആഴങ്ങൾക്കായി അഭ്യസിക്കാത്തവരെല്ലാം ജീവിതത്തിൽ മുടന്തിനീങ്ങും, അവസാനംവരെ വെറുതെ കൂടെ നടക്കാനല്ല ക്രിസ്തു ശിഷ്യനെ വിളിച്ചത്. “”ആരെന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:5). അകത്തേയ്ക്കാണ് അവൻ നമ്മളെ വിളിക്കുന്നത്. ഹൃദയത്തിന്റെ വാതിൽ തുറന്ന് അവൻ അടുത്തു വന്നു നില്ക്കും. അകത്തേയ്ക്കു കയറേണ്ടതു ഞാനാണ്. ഹൃദയവാതിലിൽ അവൻ മുട്ടിവിളിച്ചുകൊണ്ടേയിരിക്കും… ഹൃദയം തുറക്കേണ്ടതു ഞാനാണ്.

ഒടുവിൽ ഉള്ളിലൊളിക്കുന്ന നന്മകളെക്കുറിച്ചല്ല ക്രിസ്തു പറഞ്ഞത്. മുഴുവൻ നന്മകളെയും ഒറ്റ വാക്കിൽ അവൻ ചുരുക്കി – “ശരീരം.’ ഇത് എന്റെ ശരീരമാണ്. ആത്മാവ് ആ ഉടലിലുണ്ട്. ശരീരമെന്നു പറഞ്ഞാൽ മതി മുഴുവൻ നന്മകൾ ക്കും പകരും. വചനം മാംസമായി ആത്മാവ് ഉടലായി. ഇത്രയ്ക്കു വലിയൊരു ദൗത്യമാണ് ഇൗ ജീവിതത്തിനുളളത്. എവിടെയോ മറയുന്ന നന്മകളെക്കുറിച്ചു കാലങ്ങളോളം പറയാതിരിക്കാൻ നമുക്ക് ഒരു തപസ്സ്കാലം വേണം. ഉള്ള് ഉടലാക്കി മാറ്റാനുള്ള ജീവിതതപസ്യ ആരംഭിക്കാൻ ഒരു കാലം.

Comments

2 thoughts on “തപസ്സ്”

  1. Ancy Varghese says:

    Fr. You share doing a great thought. Please remember me also in your prayers ,to follow Jesus through out my life.Also for opening a way for me to follow him

  2. jose says:

    ഭക്ഷണത്തിലേക്ക് കേന്ദ്രീകരിച്ച നോമ്പാണ് ഇന്ന് സഭ നേരിടുന്ന ഒരു വെല്ലുവിളി. തന്റെ മറ്റു ബലഹീനതകള്‍ക്കെതിരേ പേരാട്ടം നടത്താന്‍ ആരും തയ്യാറാകുന്നില്ല. സഭ അതൊട്ട് പറയുന്നുമില്ല. ഇൗസ്റ്ററിന്റെ അന്നു പൊട്ടിക്കുന്ന കുപ്പിയിലാണ് എല്ലാവരുടെയും പ്രത്യാശ.

Leave a Comment

*
*