സീറോ മലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍

സീറോ മലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍

ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ.

ഈ കാലത്തില്‍നിന്ന് വളരെ അകന്നിരിക്കുന്ന ചിന്താരീതിയിലും വീക്ഷണത്തിലും വികസിപ്പിച്ചെടുത്ത പ്രാര്‍ത്ഥനകള്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുമോ എന്ന ചോദ്യം പ്രസക്തമല്ലേ?

അനാഫൊറകള്‍ ആണല്ലോ ആരാധനക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയായ വിശുദ്ധ കുര്‍ബാനയുടെ കേന്ദ്ര ഭാഗം. വിശുദ്ധ കുര്‍ബാന സഭയുടെ പ്രാര്‍ത്ഥനകളില്‍ വച്ചേറ്റവും പ്രധാനപ്പെട്ടതെങ്കില്‍, ആ വിശുദ്ധ കുര്‍ബാനയുടെ ഹൃദയമാണെന്നു പറയാം ദിവ്യകാരുണ്യ പ്രാര്‍ത്ഥന(Eucharistic Prayer)യെന്നറിയപ്പെടുന്ന അനാഫൊറ. സീറോ-മലബാര്‍ സഭയില്‍ ഇപ്പോള്‍ മൂന്നു അനാഫൊറകള്‍ ഉപയോഗത്തിലുണ്ട്. ഇവ മൂന്നും ഉദയം പേരൂര്‍ സൂനഹദോസിനു മുമ്പുള്ള കാലഘട്ടത്തില്‍ ഉപയോഗത്തിലുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, കഴിഞ്ഞ നാനൂറില്‍ പരം വര്‍ഷങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും എന്നറിയപ്പെടുന്ന തെയദോറിന്റെയും നെസ്‌തോറിയൂസിന്റെയും അനാഫൊറകള്‍ ഇവിടെയാരും ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ അവ കല്‍ദായ ആരാധനക്രമത്തില്‍ നിന്നെടുത്ത്, സീറോ-മലബാര്‍ സഭയില്‍ ഉപയോഗത്തിലാക്കിയിരിക്കുകയാണ്. ഒന്നിലധികം അനാഫൊറകള്‍ എല്ലാ സഭകളിലും തന്നെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു, കല്‍ദായ പാരമ്പര്യത്തില്‍നിന്നെടുത്തിട്ടാണെങ്കിലും നമുക്കും മൂന്നെണ്ണമെങ്കിലും ഉണ്ടാകണമെന്നു സഭാപിതാക്കന്മാര്‍ ചിന്തിച്ചത്. വൈവിധ്യമുള്ള ദൈവശാസ്ത്ര-ആദ്ധ്യാത്മികശാസ്ത്ര സ മീപനങ്ങളും വീക്ഷണങ്ങളും ഉള്ള അനാഫൊറകള്‍ വിശുദ്ധ കുര്‍ബാനയ്ക്കു കൂടുതല്‍ വര്‍ണ ശബളിമയും ഹൃദയഹാരിത്വവും നല്‍കുമെങ്കിലും, മുകളില്‍ സൂചിപ്പിച്ച, പുനരുദ്ധരിച്ചെടുത്തിരിക്കുന്ന രണ്ട് അനാഫൊറകള്‍ ഈ ആധുനിക കാലത്തെ മനുഷ്യര്‍ക്കു പ്രാര്‍ത്ഥനയ്ക്ക് എത്രമാത്രം സഹായകരമാണ് എന്നതാണ് ഈ ലേഖനത്തിലെ അന്വേഷണം.
അതിനുമുമ്പ് ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. നാലഞ്ചു വര്‍ഷം മുമ്പ്, സീറോ-മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ അനാഫൊറകളെപ്പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുക യും, അതില്‍ പുതിയ അനാഫൊറകളുടെ സാധ്യതകളെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പ്രബന്ധം അവതരിപ്പിച്ചത് ഈ ലേഖകന്‍ തന്നെയാണ്. ആ പേപ്പറില്‍, രണ്ടു പുതിയ അനാഫൊറകളുടെ സാധ്യതകളെപ്പറ്റി ഈ ലേഖകന്‍ പരാമര്‍ശിക്കുകയുണ്ടായി. മറ്റു പൗരസ്ത്യ സഭകള്‍ പുതിയ അനാഫൊറകള്‍ ഉണ്ടാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കിലും, കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ലത്തീന്‍ സഭയുടെ മാതൃകയില്‍, നമ്മുടെ സഭയില്‍ പൗരസ്ത്യ പാരമ്പര്യത്തില്‍നിന്നു കൊണ്ടും പൗരസ്ത്യരീതിയിലും തന്നെ (അഥവാ സീറോ-മലബാര്‍ രീതിയില്‍ത്തന്നെ) ഇന്നത്തെ ജനങ്ങള്‍ക്ക് ആരാധനയില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ ഉപകാരപ്രദമാകുന്ന തരം രണ്ടു അനാഫൊറകളുടെ സാധ്യതകളെപ്പറ്റി പ്രസ്തുത പ്രബന്ധത്തില്‍ പ്രതിപാദിക്കുകയുണ്ടായി. അതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഈ ലേഖനത്തില്‍ തന്നെ പുറകെ പ്രതിപാദിക്കുന്നതാണ്. അതിനുമുമ്പായി, ഇപ്പോള്‍ ഉപയോഗത്തില്‍ വന്നിരിക്കുന്ന രണ്ടും മൂന്നും അനാഫൊറകളെ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍നിന്ന് ഒന്ന് വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്.

പഴയ അനാഫൊറകള്‍ പുതിയ കാലത്ത്

പ്രസ്തുത വിശകലനത്തിനു മുമ്പ് ഒന്നാമത്തെ അനാഫൊറയെക്കുറിച്ച് ഒരു വാക്ക്. അദ്ദായിയുടെയും മാറിയുടെയും പേരില്‍ അറിയപ്പെടുന്നതും നാം ഇപ്പോള്‍ വളരെ കൂടുതലായി ഉപയോഗിക്കുന്നതുമായ ഒന്നാം അനാഫൊറ വളരെ പുരാതനവും, ലളിതവും, ഹൃസ്വവും, ഏറെ ഹൃദ്യവുമാണെന്ന് എല്ലാവര്‍ക്കും അറിയാം. സാര്‍ വത്രിക സഭയില്‍ത്തന്നെ ഏറ്റവും പഴക്കമുള്ള അനാഫൊറകളില്‍ ഒന്നാണിത്. ഈ അനാഫൊറയാണ് സീറോ-മലബാര്‍ സഭയില്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മുകളില്‍ സൂചിപ്പിച്ചതു പോലെ, മറ്റു രണ്ടു അനാഫൊറകളും അനേകം നൂറ്റാണ്ടുകള്‍ക്കു ശേഷം അഥവാ ആദ്യമായി കല്‍ദായ സഭയില്‍നിന്നു കടമെടുത്ത് ഉപയോഗിക്കാന്‍ ഇപ്പോള്‍ അനു വദിക്കപ്പെട്ടിരിക്കുന്നു. കാലാനുസൃതമായ പുതിയ അനാഫൊറകള്‍ ഉണ്ടാക്കുന്നതിനു പകരം പുരാതനകാലത്ത് എഴുതിയുണ്ടാക്കിയതും ഇന്നത്തെ വീക്ഷണത്തില്‍ കാലഹരണപ്പെട്ടോയെന്നു സംശയിക്കേണ്ടതുമായ തെയൊദോറിന്റെയും നെസ്‌തോറിയൂസിന്റെയും അനാഫൊറകള്‍ക്ക് എന്തുകൊണ്ട് സിനഡിന്റെ മുന്‍ഗണനാക്രമത്തില്‍ പ്രാധാന്യം കൊടുത്തു വെന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിശകലനം നടത്തുന്നത്.

പാരമ്പര്യ മനോഭാവം

ഒരു സ്വയംഭരണസഭ (Sui Juris Church)യുടെ തനിമ നാലു കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു വെന്നാണല്ലോ തിരുസ്സഭാശാസ്ത്രത്തിലെ സങ്കല്പം. ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവ ശാസ്ത്രം, നിയമക്രമം എന്നിവയാണ് ആ നാലു ഘടകങ്ങള്‍. ഇവയില്‍ നിയമക്രമത്തിന്റെയും അതില്‍നിന്നുരുത്തിരിയുന്ന ഭരണക്രമത്തിന്റെയും കാര്യത്തില്‍ സീറോ-മലബാര്‍ സഭ പൂര്‍ണ സ്വതന്ത്രയാണ്. ഇക്കാര്യത്തില്‍ കല്‍ദായസഭയുടെ ഭാഗമാകാന്‍ കടുത്ത കല്‍ദായ വാദികള്‍പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. ആദ്ധ്യാത്മികതയിലും ദൈവശാസ്ത്രത്തിലും പാശ്ചാത്യവും ഭാരതീയവുമായ അനേകം ഘടകങ്ങള്‍ അനേക നൂറ്റാണ്ടുകളോളം പ്രബോധനങ്ങളിലും പ്രയോഗത്തിലും ധാരാളമായി ഉള്‍പ്പെടുത്തിയതിന്റെ ഫലമായി, അവയുടെ കാര്യത്തിലും കല്‍ദായസഭയില്‍ നിന്ന് ഒട്ടുമുക്കാലും സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ആരാധനക്രമത്തില്‍ മാത്രം ഇത്ര ആശ്രയഭാവവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്പില്ലായ്മയും കാണിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് ഇന്നത്തെ മനുഷ്യര്‍ക്ക് ഒട്ടും ഉചിതമല്ലാത്ത രണ്ട് അനാഫൊറകള്‍ പണ്ടെങ്ങോ നിന്നു വലിച്ചെടുത്തു കൊണ്ടുവരണം? അവയ്ക്കുത്തരം അന്വേഷിച്ചശേഷം, കൊണ്ടു വന്നിരിക്കുന്നവയെ അപ ഗ്രഥിച്ചു നോക്കാം.
പൗരാണികതയെ മുറുകെ പിടിക്കുന്നതു പാരമ്പര്യത്തില്‍ അടിയുറച്ചിരിക്കുന്ന മനസ്സുകളാണ്. മനുഷ്യമനസ്സുകളെയും അവയില്‍ നിന്നുരുത്തിരിയുന്ന സമൂഹങ്ങളുടെ സ്വഭാവത്തെയും പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ മാക്‌സ് വേബര്‍ (Max Weber) മൂന്നു തരമായി തിരിക്കുന്നുണ്ട്. സമൂഹങ്ങള്‍, പ്രത്യേകിച്ച് മതസമൂഹങ്ങള്‍, ഉരുവാകുന്നതു മിക്കവാറുംതന്നെ കരിസ്മ അഥവാ സിദ്ധി ഉള്ള വ്യക്തികളുടെ വ്യക്തിപ്രഭാവത്തിലും സന്ദേശങ്ങളിലും ആകൃഷ്ടരായ മനുഷ്യര്‍ ആ കരിസ്മാറ്റിക് വ്യക്തിയുടെ ചുറ്റുംകൂടി ഒരു ശിഷ്യഗണമോ അനുയായി സമൂഹമോ ഉണ്ടാക്കുമ്പോഴാണ്. കരിസ്മയുള്ള സ്ഥാപകനേതാവ് ജീവിച്ചിരിക്കുന്ന കാലത്ത് ആ ചെറുസമൂഹം നിലനില്‍ക്കുന്നത് ആ വ്യക്തിപ്രഭാവത്തിന്റെ ശക്തികൊണ്ടാണ്, നിയമങ്ങള്‍ കൊണ്ടല്ല. എന്നാല്‍, സ്ഥാപകനേതാവിന്റെ കാലശേഷം, അത്രത്തോളം കരിസ്മയുള്ള മറ്റൊരു നേതാവുണ്ടാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍, അദ്ദേഹമുണ്ടാക്കിയ സമൂഹം ആശ്രയിക്കുന്നത് അന്നുവരെ നടന്നിരുന്ന നടപ്പുരീതികളിലാണ്. പില്‍ക്കാലത്ത് ഈ നടപ്പുരീതികള്‍ പാരമ്പര്യങ്ങളായി ഉരുത്തിരിയുന്നു. അതോടെ, കരിസ്മയുടെ ശക്തി ക്ഷയിക്കുകയോ കരിസ്മയുള്ള വ്യക്തികള്‍തന്നെ ഇല്ലാതാകുകയോ ചെയ്യുകയും സമൂഹത്തിന്റെ ചലാനാത്മകത നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. പണ്ടേ ചെയ്തുപോന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന പാരമ്പര്യത്തില്‍ സുരക്ഷിതത്വം കണ്ടെത്തുന്ന ഒരു പരാമ്പരാഗത സമൂഹമായി അത് ഉറച്ചുപോകാന്‍ ഇടവരുകയും ചെയ്യുന്നു.

മതബോധനം ലഭിച്ചവര്‍ക്കു പിന്നെ വേണ്ടത് അതു മനസ്സില്‍
കൊണ്ടുവരാനും വ്യക്തിപരമായ വിശ്വാസപ്രഘോഷണമാക്കി
മാറ്റാനുമുള്ള ഹ്രസ്വമായ പ്രേരകചിന്തകള്‍, ഉള്ളില്‍ തട്ടുന്ന
ഇന്നത്തെ ഭാഷയിലും ശൈലിയിലും ലഭിക്കുക എന്നുള്ളതാണ്.
അതിനുപകരം, വായിലൊതുങ്ങാത്ത വാക്കുകളില്‍,
ഏറെ ദീര്‍ഘമേറിയ വാചകങ്ങളില്‍, പ്രേരണയ്ക്കു പകരം,
മടുപ്പുളവാക്കുന്ന ഭാഷയില്‍ ഇവയെല്ലാം ഇന്നും
വിളമ്പിക്കൊണ്ടിരിക്കണമോ?


സമൂഹജീവിതത്തിന്റെ പല മേഖലകളിലും വളരെയധികം ചലനാത്മകത കാണിക്കുന്ന സീറോ-മലബാര്‍ കത്തോലിക്കാ സമൂഹം മതപരമായ കാര്യങ്ങളില്‍ വളരെ യാഥാസ്ഥിതിക മനോഭാവമുള്ളതാണ്. കത്തോലിക്കരുടെ മാത്രമല്ല, ഇതരമതസ്തരുടെ മനോ ഭാവവും ഇക്കാര്യത്തില്‍ നിന്നന്യമല്ല. എന്നാല്‍, യുറോപ്പിലും മറ്റും മത സമൂഹങ്ങളുടെ ചിന്താഗതി ഇങ്ങനെയല്ല. വളരെ പുരോഗമന മനോഭാവവും അതിലധിഷ്ഠിത മായ പെരുമാറ്റരീതിയും അവിടങ്ങളില്‍ കണ്ടിട്ടുണ്ട്. ഈ വ്യത്യാസത്തിന്റെ കാരണങ്ങളിലേക്ക് ഇപ്പോള്‍ തിരിയുന്നില്ല. നമ്മുടെ സമൂഹത്തിലേക്കു തന്നെ നോക്കാം.
മേല്‍പ്പറഞ്ഞ പാരമ്പര്യാധിഷ്ഠിത ചിന്താരീതിയാണ് മതാചാരങ്ങളുടെ കാര്യത്തില്‍ പൊതുവെയും ലിറ്റര്‍ജിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും കാലത്തിനാവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സീറോ-മലബാര്‍ സഭയ്ക്കു തടസ്സം സൃഷ്ടിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇതു ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും സ്വഭാവമാണ്; ശബരിമലപ്രശ്‌നവും മറ്റും സൂചിപ്പിക്കുന്നത് അതാണല്ലോ. അതുകൊണ്ട് പാരമ്പര്യത്തില്‍ വളരെ അഭിമാനിക്കുന്ന ഇതര മതവിഭാഗങ്ങള്‍ക്കും ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്നു തോന്നണ മെങ്കിലും അക്കാര്യത്തില്‍ ഊറ്റം കൊള്ളണമെങ്കിലും ആ ചിന്താരീതിയില്‍ ഉറച്ചുനില്‍ക്കണം. അതു കൊണ്ടുതന്നെയാണ്, അടുത്ത കാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്തതും ഇന്നത്തെ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതുമായ രണ്ട് അനാഫൊറകള്‍ പൊടിതട്ടിയെടുക്കാനും ഉപയോഗത്തിനു നല്‍കാനും സഭയെ പ്രേരിപ്പിച്ചിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച തരം പാരമ്പര്യവാദികള്‍ കുറച്ചുപേര്‍ ഇവ ഉപയോഗിച്ചേക്കാമെങ്കിലും, ബഹുഭൂരിപക്ഷം വരുന്ന ഇന്നത്തെ സാധാരണക്കാര്‍ക്ക് ഇവ അപ്രസക്തമായി തീര്‍ന്നിരിക്കുന്നുവെന്നാണു കാണുന്നത്. അത് എന്തുകൊണ്ട് എന്നു കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി പ്രസ്തുത രണ്ടു അനാഫൊറകള്‍ അല്പംകൂടി വിശകലന വിധേയമാക്കട്ടെ.

അപ്രസക്തമായിക്കഴിഞ്ഞ വീക്ഷണം

വിശുദ്ധ കുര്‍ബാനയുടെ ഹൃദയഭാഗമായ അനാഫൊറകള്‍ രക്ഷാകര രഹസ്യത്തിന്റെയും അതിലുള്ള നമ്മുടെ വിശ്വാസത്തിന്റെയും പ്രഘോഷണങ്ങളാണല്ലോ. ഈ വിശ്വാസരഹസ്യങ്ങള്‍ ഏറ്റവും ലളിതവും ഋജുവുമായി, സാധാരണക്കാരന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ഒന്നാമത്തെ അനാഫൊറയിലാണ്. അതുകൊണ്ടുതന്നെയാണ്, ആ അനാഫൊറ പൗരസ്ത്യര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കുംതന്നെ വളരെ ഹൃദ്യമായി തോന്നുന്നതും എല്ലാവരും അതിനെ ശ്ലാഘിക്കുന്നതും. എന്നാല്‍ രണ്ടും മൂന്നും അനാഫൊറകളുടെ കാര്യമതല്ല.
ഒന്നാമതായി, വളരെ പഴഞ്ചനും ഇന്ന് ഏറെക്കുറെ അപ്രസക്തവുമായി തീര്‍ന്നിരിക്കുന്ന ഒരു പ്രത്യേക തത്വശാസ്ത്രത്തിന്റെയും (പ്രധാനമായും ഗ്രീക്കു തത്വശാസ്ത്രം) അതിലധിഷ്ഠിതമായ വളരെ ക്ലിഷ്ടവും സാധാരണക്കാരന്റെ തലയ്ക്കു മുകളില്‍കൂടി മാത്രം ഒഴുകിയിരുന്നതുമായ ദൈവ ശാസ്ത്രവീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവയില്‍ വിവരിക്കുന്ന ക്രൈസ്തവ വിശ്വാസ രഹസ്യങ്ങള്‍ എഴുതിയുണ്ടാക്കിയത്. അവയുടെ നീണ്ട വാചകങ്ങളിലൂടെയുള്ള വിവരണ ശൈലി തന്നെ ഇന്നത്തെ സാധാരണ മനുഷ്യനു ദുര്‍ഗ്രഹമാണ്, അതിലെ ആശയങ്ങള്‍ അതിലേറെയും. തെയൊദോറിന്റെ അനാഫൊറയിലെ ഒരു വിവരണം നോക്കുക; 'സകലത്തിന്റെയും പൂര്‍ത്തീകരണവും സകലവും പൂര്‍ത്തിയാക്കുന്നവനും' എന്നു പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഇത്തരം തത്വചിന്താപരമായ അനേകം ഉപ യോഗങ്ങള്‍ തുടരെത്തുടരെ രണ്ട് അനാഫൊറകളിലും കാണാം.
രണ്ടാമതായി, ഇവ എഴുതിയ കാലത്ത് ദൈവശാസ്ത്ര തര്‍ക്കങ്ങളും അവയുടെ ഫലമായുണ്ടായ പാഷണ്ഡതകളും സജീവമായിരുന്നു. എതിരഭിപ്രായങ്ങളെ ഖണ്ഡിച്ച് ശരിയും സ്വീകാര്യവുമായ പ്രബോധനം ജനങ്ങളെ പഠിപ്പിക്കുകയെന്നൊരു പ്രധാന ലക്ഷ്യവും ഇങ്ങനെ നീട്ടിവലിച്ച് വിശ്വാസ രഹസ്യങ്ങള്‍ വിവരിക്കുന്നതിന്റെ പുറകിലുണ്ടായിരുന്നു. ഇന്നത്തെ ദൈവശാസ്ത്രമേഖലയില്‍ അത്തരമൊരു ഖണ്ഡന സാധൂകരണ (Apologetic) സമീപനത്തിനു തീരെ പ്രസക്തിയില്ല.
മൂന്നാമതായി, പ്രാചീനസഭയില്‍ മതബോധനം നടന്നിരുന്നത് ആരാധനയുടെ സമയത്തും സാഹചര്യത്തിലും മാത്രമായിരുന്നു. കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ മതബോധനത്തിനു അന്നു മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു, അഥവാ അങ്ങനെയൊന്നും ഉപയോഗിച്ചിരുന്നില്ല. ഇന്നത്തെ സ്ഥിതി അതല്ലല്ലോ. അഞ്ചാം വയസ്സു തൊട്ട് മുതിര്‍ന്നവര്‍ക്കുവരെ ക്രമീകൃതവും സുസംഘടിതവുമായ രീതിയില്‍ ഇന്നു മതബോധനം നല്‍കപ്പെടുന്നു. അങ്ങനെ മത ബോധനം ലഭിച്ചവര്‍ക്കു പിന്നെ വേണ്ടത് അതു മനസ്സില്‍ കൊണ്ടു വരാനും സ്വന്തം വ്യക്തിപരമായ വിശ്വാസപ്രഘോഷണമാക്കി മാറ്റാനുമുള്ള ഹ്രസ്വമായ പ്രേരകചിന്തകള്‍, ഉള്ളില്‍ തട്ടുന്ന ഇന്നത്തെ ഭാഷയിലും ശൈലിയിലും ലഭിക്കുക എന്നുള്ളതാണ്. അതിനുപകരം, വായിലൊതുങ്ങാത്ത വാക്കുകളില്‍, ഏറെ ദീര്‍ഘമേറിയ വാചകങ്ങളില്‍, പ്രേരണയ്ക്കു പകരം, മടുപ്പുളവാക്കുന്ന ഭാഷയില്‍ ഇവയെല്ലാം ഇന്നും വിളമ്പിക്കൊണ്ടിരിക്കണമോ?
നാലാമതായി, യഹൂദ-ഗ്രീക്കു സംസ്‌കാരം സ്വാംശീകരിച്ച് ജീവിച്ചിരുന്ന ഒരു കൂട്ടം ക്രൈസ്തവര്‍ക്കുവേണ്ടി, ക്രൈസ്തവ ദൈവശാസ്ത്രം സ്വന്തം തനിമയോടു കൂടി അധികമൊന്നും വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് രചിക്കപ്പെട്ട ആ അനാഫൊറകള്‍ കൂടുതലായും ആശ്രയിക്കുന്നതു പഴയനിയമ വീക്ഷണങ്ങളെയാണ്. ദൈവം, മനുഷ്യാവസ്ഥ, ക്രൈസതവ സമൂഹത്തിനു പൊതുസമൂഹത്തിലുള്ള സ്ഥാനം, മനുഷ്യരക്ഷ, ദൈവ മനുഷ്യബന്ധം എന്നിങ്ങനെ അനേകം ആശയങ്ങളില്‍ പഴയനിയമചിന്താഗതി മുഴച്ചുനില്‍ക്കുന്നതു കാണാം. സുവിശേഷവും പുതിയ നിയമവും മേല്പറഞ്ഞ ആശയങ്ങള്‍ക്കു നല്‍കുന്ന വ്യത്യസ്തമായ ഊന്നലുകളും വ്യാഖ്യാനങ്ങളും ഈ അനാഫൊറകളില്‍ കാണാനില്ല. ദൈവം നമ്മുടെ മദ്ധ്യേ നമ്മോടൊപ്പമുള്ള സ്‌നേഹപിതാവ് എന്നതിനേക്കാള്‍ ഇവയിലെ പ്രാര്‍ത്ഥനകളില്‍ അകലെ ഉയരങ്ങളിലിരിക്കുന്ന ഉടയവനും കര്‍ത്താവും മാത്രമാണ്. യേശു അനുഭവിച്ചതും പഠിപ്പിച്ചതുമായ ആബാ ബന്ധം ഇവയിലെ പ്രാര്‍ത്ഥനകളില്‍കൂടി അനുഭവിക്കാന്‍ ബുദ്ധിമുട്ടാണ്. മൂന്നു അനാഫൊറകളിലും ഒരിടത്തുപോലും ദൈവത്തെ പിതാവായി കാണുന്നില്ല, അങ്ങനെ വിളിക്കുന്നുമില്ല. കുര്‍ബാനയുടെ ആരംഭത്തിലും അവസാനത്തിലും അനാഫൊറയ്ക്കു പുറത്ത്, "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയിലൂടെ മാത്രമാണ്, യേശുവിന്റെ ആബാ അനുഭവം നമുക്കു തരേണ്ട ഈ വാക്ക് കടന്നുവരുന്നത്.
മനുഷ്യന്റെ പാപാവസ്ഥയ്ക്കും അതുവഴിയായി ഉണ്ടാകുന്നുവെന്നു പറയപ്പെടുന്ന ദൈവത്തില്‍നിന്നുള്ള അകലത്തിനും (ദൈവം പാപിയുടെ പുറകെ പോകുന്നുവെന്നതാണല്ലോ പുതിയ നിയമ സങ്കല്പം) ഇത്രയേറെ അമിതപ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാട് കത്തോലിക്കാസഭയിലെ മറ്റേതെങ്കിലും പ്രാര്‍ത്ഥനയിലുണ്ടോയെന്ന് ഈ ലേഖകനു ബലമായ സംശയമുണ്ട്. ദൈവസൃഷ്ടിയെന്ന നിലയില്‍ത്തന്നെ മനുഷ്യനു മഹത്വം ഉണ്ടായിരിക്കേ, യേശുവിന്റെ മരണത്തിന്റെ രക്ഷാകരശക്തി പ്രത്യേകമായി കാണിക്കാന്‍ വേണ്ടിയെന്നു തോന്നുന്നു, മനുഷ്യനെ നീചനും തീര്‍ത്തും അ യോഗ്യനും ആയിട്ടേ ഇവയിലെ പ്രാര്‍ത്ഥനകള്‍ക്കു സങ്കല്പിക്കാനാവു. മനുഷ്യനോടൊപ്പം സമതലത്തില്‍ നില്‍ക്കുന്ന ദൈവത്തെക്കാള്‍, മുകളില്‍നിന്ന് ഇറങ്ങിവരുന്ന ദൈവത്തെയാണ് ഇവയില്‍ കാണുന്നത്. അങ്ങനെ ഇറങ്ങി വരുന്നതുവരെ, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആരംഭം മുതല്‍തന്നെ സൃഷ്ടിയില്‍ ദൈവസാന്നിധ്യവും അതിന്റെ ഫലമായ മഹത്വവും ഉണ്ടായിരുന്നുവെന്ന വീക്ഷണം ഇതിലൊന്നും കാണാനില്ല.

എന്തിനാണ് ഈ കര്‍മ്മം നിര്‍ത്താതെയുള്ള വാഗ്‌ധോരണിയും
ഒന്നിനുപുറകെ ഒന്നായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന നീണ്ട
ഒരു അനുഷ്ഠാന ശൃംഖലയുമായി നിലനിര്‍ത്തു ന്നത്?
ആത്മവിശുദ്ധീകരണത്തിനാവശ്യമായ ആന്തരികവത്ക്കരണത്തിനു
കുറച്ചുകൂടി ഇട കൊടുക്കുന്ന രീതിയില്‍ അതിനെ ക്രമീകരിച്ചുകൂടെ?
വിശുദ്ധ കുര്‍ബാനയെ ധ്യാനാത്മകമായ ഒരു അനുസ്മരണമാക്കി
(Meditative Anamnesis) ക്രമീകരിക്കരുതോ? അനുഷ്ഠാനങ്ങളോട്
ആധുനികമനുഷ്യര്‍ക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസവും വിവരവുമുള്ള
യുവാക്കള്‍ക്കു താത്പര്യം ഏറെ കുറഞ്ഞു കൊണ്ടിരിക്കുകയാണ് ഇന്ന്.
അതു
കൊണ്ടാണ്, ഇക്കൂട്ടര്‍ പള്ളിയില്‍ പോകാനും മറ്റും മടിക്കുന്നതും,
അനുഷ്ഠാനങ്ങള്‍ താരതമ്യേന കുറവുള്ള മറ്റു ചില പ്രാര്‍ത്ഥനാ
സമൂഹങ്ങളിലേക്കു വിട്ടുപോകുന്നതും. നമ്മുടെ അനാഫൊറകളെ
അവര്‍ക്കു പ്രയോജനകരവും പ്രസക്തവും ആക്കിയെടുക്കാന്‍ പറ്റുമോ?


അഞ്ചാമതായി, യേശുവിന്റെ സഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും ബൈബിള്‍ പല രീതിയില്‍ കാണുവാനും മനസ്സിലാക്കാനും ശ്രമിക്കുന്നുണ്ടല്ലോ. വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ പുസ്തകത്തിന്റെയും കര്‍ത്താവിന്റെ കാഴ്ചപ്പാടനുസരിച്ച് അതിനു വൈവിധ്യമുണ്ട്. ഇവയില്‍ ഏറ്റവും മനോഹരവും ഇന്നത്തെ മനുഷ്യനു മനസ്സിലാക്കാന്‍ എളുപ്പമുള്ളതും ദൈവരാജ്യമെന്ന ദൈവികപദ്ധതി നടപ്പിലാക്കാന്‍ ഉറച്ചു നില്‍ക്കുന്ന യേശുവിനെയും അ ധാര്‍മ്മികശക്തികളുടെ നടുവില്‍ അതിനുവേണ്ടി സ്വന്തം ജീവന്‍ നല്‍കുന്ന യേശുവിനെയും ആണ്. മനുഷ്യരുടെ പാപത്തിന്റെ സ്വാധീനവും വര്‍ണവുമുള്ള ഇഹ ലോകസംവിധാനങ്ങളുടെ ശക്തിക്ക് വിധേയമായി, പിതാവിന്റെ ഇഷ്ടം നിര്‍വഹിക്കാന്‍വേണ്ടി യേശുവിനു സ്വന്തം ജീവന്‍തന്നെ അര്‍പ്പിക്കേണ്ടിവന്നെങ്കിലും, ആ ആത്മദാനത്തിന്റെ ആത്മീയശക്തി ദൈവരാജ്യസ്ഥാപനത്തിന്റെ തന്നെ ഉറവിടമായിത്തീരുന്നു. ഇതൊരു വീക്ഷണം.
എന്നാല്‍ മറ്റൊരു പഴയനിയമ സങ്കല്പമുണ്ട്. അത് ഒരുതരം ഗോത്രവര്‍ഗ്ഗ ചിന്താഗതിയില്‍ നിന്നു വരുന്നതാണ്. ഒരു ഗോത്രം മുഴുവന്‍ തെറ്റുചെയ്താല്‍ അതിനുള്ള ശിക്ഷ ഗോത്രം മുഴുവന്‍ അനുഭവിക്കുന്നതിനു പകരം അതിലൊരാള്‍ ഗോത്രത്തിന്റെ പ്രതിനിധിയായി ഗോത്രത്തിനു മുഴുവന്‍ ശിക്ഷയില്‍നിന്നിളവു കിട്ടാന്‍ വേണ്ടി സഹിക്കുക. പകരക്കാരന്റെ സഹനം, ശിക്ഷ (Vicarious Suffering, Punishment) എന്നൊക്കെ അതിനെ സാമൂഹ്യശാസ്ത്രകാരന്മാരും നരവംശഗവേഷകരും വിളിക്കുന്നു. കാലം കുറെ മുന്നോട്ടു പോയപ്പോള്‍, പകരക്കാരനായി സഹിക്കാനും മരിക്കാനും മനുഷ്യര്‍ മടി കാണിച്ചു തുടങ്ങിയ പ്പോള്‍, ഗോത്രത്തിന്റെ മുഴുവന്‍ പാപവും ഒരു മൃഗത്തിന്റെ, പലപ്പോഴും ഒരു ആടിന്റെ തലയില്‍ ചുമത്തി അതിനെ കാട്ടിലോ മറ്റോ കൊണ്ടുപോയി കൊന്നുകളയുന്ന രീതിയും നിലവില്‍ വന്നു. അങ്ങനെ കൊല്ലപ്പെടുന്ന ആട് സ്‌കേപ്പ് ഗോട്ട് (Scapegoat) എന്നറിയപ്പെടാന്‍ തുടങ്ങി. ഈ സങ്കല്പം ഉണ്ടാകുന്നത് തെറ്റിനു പരിഹാരം ആവശ്യപ്പെടുന്ന ഗോത്ര ദൈവസങ്കല്പത്തില്‍നിന്നാണ്, ക്ഷമിക്കുകയും പൊറുക്കുകയും ധൂര്‍ത്തനെയും ശത്രുവിനെയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവാണ് ദൈവം എന്ന പുതിയനിയമ സങ്കല്പത്തില്‍ നിന്നല്ല. ഈ ഗോത്ര കാഴ്ചപ്പാടിലൂടെ നോക്കുമ്പോഴാണ് പരിഹാരം ചെയ്യാന്‍ ഒരു പ്രതിനിധിയും, ആ പ്രതിനിധി സാധാരണ മനുഷ്യനായാല്‍ പോരാ, ദൈവത്തോടു കാണിച്ച അനീതി പരിഹരിക്കാന്‍ ദൈവംതന്നെ മനുഷ്യനായി ഈ ശിക്ഷ ഏറ്റെടുത്താലേ നീതിപൂര്‍വ്വകമായ പരിഹാരമുണ്ടാകൂവെന്ന പരിഹാര ദൈവശാസ്ത്രവും (Atonement Theory or Theology) ഉത്ഭവിക്കുന്നത്. അതിനു പകരം മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ യേശുവിന്റെ ജീവിതത്തെയും മരണത്തെയും ദൈവ രാജ്യസ്ഥാപനം എന്ന ദൈവിക പദ്ധതിയുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, അത് ആധുനിക മനുഷ്യനു കൂടുതല്‍ ഗ്രാഹ്യവും ഹൃദ്യവും ആയിത്തീരും.
പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത്തരമൊരു വീക്ഷണമല്ല നമ്മുടെ അനാഫൊറകളില്‍ കാണുന്നത്. പിന്നെങ്ങനെ അവ ഇന്നത്തെ മനുഷ്യരുടെ, പ്രത്യേകിച്ച് ആധുനികരീതിയില്‍ ചിന്തിക്കുന്ന ചെറുപ്പക്കാരുടെ, മനസ്സിനെ സ്പര്‍ശിക്കും? ആ അനാഫൊറകള്‍ നമ്മില്‍ തറപ്പിച്ചുറപ്പിക്കുന്നത് മുന്‍പറഞ്ഞ ഗോത്രവീക്ഷണമാണ്. ഈ ഗോത്രവീക്ഷണത്തില്‍ അഥവാ യഹൂദ വീക്ഷണത്തിലുറച്ചുനിന്നു കൊണ്ട്, ദൈവത്തെ സര്‍വ്വാതിശായിയായും സര്‍വശക്തനായും സര്‍വപ്രഭാവവാനായും ഭയം ജനിപ്പിക്കുന്നവനായും സങ്കല്പിക്കുന്നതുകൊണ്ട് മനുഷ്യനെ വളരെ നിസ്സാരനും നീചനും സര്‍വോപരി അടിസ്ഥാനപരമായി പാപിയും ആയി കരുതുന്നു.
ആറാമതായി, വിശുദ്ധ കുര്‍ബാന ബലിയും കൂദാശയും (Sacrifice and Sacrament) ആണെങ്കിലും, സീറോ-മലബാര്‍ അനാഫൊറകളില്‍, പ്രത്യേകിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും അനാഫൊറകളില്‍ ബലിയെന്ന വശത്തിന് അമിതപ്രാധാന്യമുണ്ടെന്നു തോന്നും. ശരിയാണ്, കുര്‍ബാനയെന്ന ബലിയെ സൂചിപ്പിക്കുന്ന വാക്ക് വളരെ വ്യാപകമായി ഉപയോഗിക്കുമ്പോഴും, അനാഫൊറയ്ക്കു സുറിയാനിയില്‍ കൂദാശയെന്നാണ് പറയുന്നത്. ഒരുവശത്ത്, കുര്‍ബാന ബലിയാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ സ്തുതിപ്പുകളും ആരാധനയും നല്‍കിയാണു കുര്‍ബാന പുരോഗമിക്കുന്നത്. ആരാധനയര്‍പ്പിക്കുന്ന ഭാവം നമ്മിലുറപ്പിക്കാന്‍ കിഴക്കോട്ട് തിരിഞ്ഞുനില്‍ക്കാനും ആവശ്യപ്പെടുന്നു. മാത്രമല്ല, മദ്ബ്ഹായുടെ വിരി മാറ്റുന്നത്, അഗാധവന്ദനം ചെയ്ത് പല പ്രാവശ്യം ശരീരം തന്നെ ആരാധാനാഭാവത്തിലേക്കു കൊണ്ടുവരുന്നത്, ധൂപം ഉപയോഗിക്കുന്നത് മുതലായവ വഴി ബലിയെന്ന ചിന്ത നമ്മില്‍ ശക്തിയായി ഉറപ്പിക്കുന്നു. അവസാനം, പരിശുദ്ധാരൂപിയെ ക്ഷണിച്ച് ബലിവസ്തുക്കളെ മാത്രമല്ല, ബലിയര്‍പ്പകനെയും വിശുദ്ധീകരിക്കാന്‍ യാചിക്കുന്നതോടെ, എല്ലാ മതങ്ങളിലെയും പോലെ ബലിയര്‍പ്പകന്റെ വിശുദ്ധീകരണത്തോടെ ബലി ഉപസംഹരിക്കുന്നു.
എന്നാല്‍ സഭയില്‍ വിശുദ്ധ കുര്‍ബാനയുടെ പരിണാമം പരിശോധിച്ചാല്‍, ആദിമസഭയില്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടി ബലിയര്‍പ്പിക്കുന്നുവെന്നതിനേക്കാള്‍, ഒരുമിച്ചുകൂടിയിരുന്നവര്‍ യേശുവിന്റെ ബലിയെ ഓര്‍ക്കുകയും (ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍) അതിന്റെ ചൈതന്യം സ്വാംശീകരിക്കാന്‍ ശ്രമിച്ച് സ്വയം വിശുദ്ധീകരിക്കുകയും ചെയ്യുന്ന ചിത്രമാണ് നമുക്കു കിട്ടുക. സാവകാശം, മറ്റു മതങ്ങളിലെപ്പോലെ, ക്രിസ്തുമതത്തിലും ഒന്നുചേര്‍ ന്നുള്ള ഒരു പരസ്യാരാധനയുടെ ആവശ്യം തോന്നിയിരിക്കാം. ഒരു അര്‍പ്പണത്തിന്റെ ഓര്‍മ്മിക്കല്‍ എന്നതിനേക്കാള്‍, ഒരു പരസ്യാരാധനയുടെ രൂപം വിശുദ്ധകുര്‍ബാനയ്ക്ക് ഉണ്ടാകാന്‍ ഇടയാകുന്നത് അങ്ങനെയാണ്. മൗലികമായി ചിന്തിച്ചാല്‍, വിശുദ്ധ കുര്‍ബാനയെന്നു നാം വിളിക്കുന്ന ഈ തിരുക്കര്‍മ്മം നമ്മെ വിശുദ്ധീകരിക്കുന്ന കൂദാശയാണ്. അതുകൊണ്ടാണ് പൂര്‍വികര്‍ അതിന്റെ കേന്ദ്രഭാഗത്തെ കൂദാശയെന്നു വിളിച്ചത്. അങ്ങനെയെങ്കില്‍, എന്തിനാണ് ഈ കര്‍മ്മം നിര്‍ത്താതെയുള്ള വാഗ്‌ധോരണിയും ഒന്നിനുപുറകെ ഒന്നായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന നീണ്ട ഒരു അനുഷ്ഠാന ശൃംഖലയുമായി നിലനിര്‍ത്തുന്നത്? ആത്മവിശുദ്ധീകരണത്തിനാവശ്യമായ ആന്തരികവത്ക്കരണത്തിനു കുറച്ചുകൂടി ഇട കൊടുക്കുന്ന രീതിയില്‍ അതിനെ ക്രമീകരിച്ചുകൂടെ? വിശുദ്ധ കുര്‍ബാനയെ ധ്യാനാത്മകമായ ഒരു അനുസ്മരണമാക്കി (Meditative Anamnesis) ക്രമീകരിക്കരുതോ? അനുഷ്ഠാനങ്ങളോട് ആധുനികമനുഷ്യര്‍ക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസവും വിവരവുമുള്ള യുവാക്കള്‍ക്കു താത്പര്യം ഏറെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ന്. അതുകൊണ്ടാണ്, ഇക്കൂട്ടര്‍ പള്ളിയില്‍ പോകാനും മറ്റും മടിക്കുന്നതും, അനുഷ്ഠാനങ്ങള്‍ താരതമ്യേന കുറവുള്ള മറ്റു ചില പ്രാര്‍ത്ഥനാസമൂഹങ്ങളിലേക്കു വിട്ടുപോകുന്നതും. നമ്മുടെ അനാഫൊറകളെ അവര്‍ക്കു പ്ര യോജനകരവും പ്രസക്തവും ആക്കിയെടുക്കാന്‍ പറ്റുമോ?
ഏഴാമതായി, കല്‍ദായ ആരാധനക്രമത്തിന്റെ ഒരു സവിശേഷതയായി പറയപ്പെടുന്നത് അതില്‍ മുഴച്ചുനില്‍ക്കുന്ന യുഗാന്തോന്മുഖതയാണ്. ഭൂമിയിലെ ആരാധന, സ്വര്‍ഗത്തിലെ നിത്യാരാധനയുടെ പ്രതിഫലനമാണ് എന്നാണ് അവകാശപ്പെടുന്നത്. ബെനഡിക്ട് മാര്‍പാപ്പയുടെ ലിറ്റര്‍ജിയുടെ ചൈതന്യം എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ, ലിറ്റര്‍ജി കളിക്കു (Play) സമാനമാണ്. പില്‍ക്കാലത്തു യഥാര്‍ത്ഥ ജീവിതത്തില്‍ വരാനിരിക്കുന്ന പരസ്പര ബന്ധങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ചെയ്തികളും കുട്ടികളുടെ കളികളില്‍ പ്രതിഫലിക്കുന്നു. ഏതാണ്ടതുപോലെ, വരാനിരിക്കുന്ന സ്വര്‍ഗീയ ജീവിതത്തെ ഇന്നത്തെ ലിറ്റര്‍ജി മുന്നേ പ്രതി ബിംബിപ്പിക്കുന്നു. പക്ഷേ, ഈ യുഗാന്തോന്മുഖത കൂടിയാല്‍ ലിറ്റര്‍ജി ഇപ്പോഴത്തെ ജീവിതയാ ഥാര്‍ത്ഥ്യങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍നിന്നുമുള്ള ഒരുതരം രക്ഷപ്പെടലായി പരിണമിക്കും. മനുഷ്യന്റെ അനുദിന ജീവിതപ്രശ്‌നങ്ങള്‍ അവന്റെമേല്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഒരു മണിക്കൂര്‍ സമയം അവയില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമായും ഓടിയൊളിക്കാനുള്ള ദ്വീപായും ലിറ്റര്‍ജി അധഃപതിക്കും, ആളുകള്‍ അതിനെ അങ്ങനെ ഉപയോഗിക്കുകയും ചെയ്യും. നമ്മുടെ ലിറ്റര്‍ജി നമ്മുടെ പ്രശ്‌നങ്ങളുടെ മധ്യേ ഒരുതരം വേദനസംഹാരിയോ, മയക്കുമരുന്നോ, വേദനകള്‍ അല്പം സമയത്തേക്കു മറക്കാന്‍ സഹായിക്കുന്ന ലഹരിയോ ആയിത്തീരരുത്. മറിച്ച്, ലിറ്റര്‍ജി മനുഷ്യന് അനുദിന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനോ അവയ്ക്കിടയിലൂടെ ജീവിക്കാനോ ആവശ്യമായ ആത്മീയവും വൈകാരികവും ആയ ശക്തി ലഭിക്കാനും ഉള്ള മാര്‍ഗമാകണം. ചുരുക്കത്തില്‍, ലിറ്റര്‍ജി സാഹചര്യത്തിനാവശ്യമായ അനുരൂപണത്തിനു നിരന്തരം വിധേയമാകണം. അത് അതാതു കാലത്തെയും സ്ഥലത്തെയും യഥാര്‍ത്ഥ മനുഷ്യരുടെ പ്രവൃത്തി (Leiturgia or Public Work) യായിത്തീരണം. കല്‍ദായ ലിറ്റര്‍ജിയും അതിനെ നിലനിര്‍ത്തുന്ന മനസ്സുകളും ഒരിക്കലും ഇത്തരമൊരു അനുരൂപണത്തിനു താത്പര്യമെടുക്കുന്നില്ല. അതുകൊണ്ടാണു പുരാതനകാലത്തുനിന്ന്, വള്ളിപുള്ളി ഭേദമില്ലാതെ ഈ അനാഫൊറകള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇന്നു വേണ്ടത്

എന്നാല്‍ സീറോ-മലബാര്‍ സഭ ഇന്നു പ്രധാനപ്പെട്ട ചില വ്യതിയാനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവ കണക്കിലെടുത്ത്, ഈ മാറ്റങ്ങളുടെ കാലത്ത് ജീവിക്കുന്ന ജനങ്ങള്‍ക്കു പ്രയോജനപ്രദമായ അനാ ഫൊറകള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍, അചിരേണ പുതിയ തലമൂറ ആരാധനക്രമത്തിലധിഷ്ഠിതമായ ഭക്തിയില്‍നിന്നു മാറി, തങ്ങള്‍ക്ക് അഭികാമ്യമെന്നു തോന്നുന്ന മറ്റു ക്രൈസ്തവസമൂഹങ്ങളുടെയോ അല്ലെങ്കില്‍ സ്വയം പാകപ്പെടുത്തിയെടുക്കുന്നതോ ആയ ഭക്താനുഷ്ഠാനങ്ങളിലേക്കു തിരിയും. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍തന്നെ കേരളത്തിലും ക്രൈസ്തവരായ മലയാളികള്‍ ജീവിക്കുന്ന സ്ഥലങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. കേരളത്തിലും ചുറ്റുപാടുകളിലുമായി പൊട്ടിമുളച്ചിരിക്കുന്ന അനേകം സെക്റ്റുകളില്‍ ഇത്രയധികം കത്തോലിക്കര്‍ ചെന്നുപെടുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തങ്ങളുടെ പരമ്പരാഗത ആരാധനാരീതി അവര്‍ക്കു ആത്മീയ സംതൃപ്തി അഥവാ ഗുണം നല്‍കുന്നില്ല എന്ന തോന്നലാണല്ലോ.

പ്രവാസികള്‍ക്കുവേണ്ടി

സീറോ-മലബാര്‍ സഭയുടെ അംഗങ്ങളില്‍ പ്രധാന ഭാഗം ഇപ്പോഴും കേരളത്തില്‍തന്നെ പരമ്പരാഗത കുടുംബങ്ങളില്‍ ജീവിക്കുന്നതുകൊണ്ട്, തങ്ങള്‍ പരിചയിച്ചു ശീലിച്ച രീതിയില്‍ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതില്‍ എളുപ്പം തോന്നുന്നവരാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ സഭയില്‍ രണ്ടു പ്രധാന മാറ്റങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാമത്, ഈ സഭയിലെ യുവതലമുറയില്‍ ഗണ്യമായ ഒരു ഭാഗം ഇന്നു വിവിധതരം തൊഴില്‍ തേടിയും ജീവിതപുരോഗതി അന്വേഷിച്ചും വിദേശത്തും സ്വദേശത്തും പല നഗരങ്ങളിലും കുടിയേറി പാര്‍ത്തിരിക്കുന്നവരാണ്. ഇവരുടെ ചില പ്രത്യേകതകള്‍ പറഞ്ഞാല്‍, നല്ലൊരു ശതമാനം അഭ്യസ്തവിദ്യരാണ്, ജീവിത പുരോഗതിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരാണ്, അതുകൊണ്ട് സാമൂഹ്യ-മത കാര്യങ്ങളില്‍ നാട്ടിലെപ്പോലെ ഉള്‍ചേരാന്‍ സമയക്കുറവുള്ളവരാണ്, നാനാവിധ ബഹുകാര്യവ്യഗ്രതകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതിനാല്‍ അവയില്‍നിന്ന് ആത്മീയമായ ആശ്വാസം ലഭിക്കാന്‍ അത്യധികം ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടരുടെ മുമ്പിലേക്ക് തെയൊദോറിന്റെയും നെസ് തോറിയൂസിന്റെയും സുദീര്‍ഘവും കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങളില്‍ പൊതിഞ്ഞിരിക്കുന്നതുമായ വിശ്വാസരഹസ്യങ്ങളുടെ പുരാതന ദൈവശാസ്ത്രം നീട്ടിക്കൊടുത്താല്‍ അത് അവരുടെ തലയുടെ മുകളില്‍ ബഹുദൂരം അകലെക്കൂടി പറന്നുപോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇവര്‍ക്കു ദൈവാനുഭവമുണ്ടാക്കാനുതകുന്ന വിധത്തില്‍ ഹൃസ്വവും ലളിതവും ഋജുവും ആയ ഭാഷയിലും രീതിയിലും വിശ്വാസരഹസ്യങ്ങള്‍ അവരുടെ ഉള്ളില്‍തട്ടും വിധത്തില്‍ ഉണ്ടാക്കി ഉപയോഗിച്ചാല്‍ അതു പ്രയോജനകരമാകും. ഇതാണ് സീറോ-മലബാര്‍ സഭ അനാഫൊറകളുടെ കാര്യത്തില്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം. ഈ ഉത്തരവാദിത്വം സഭ താമസിയാതെ നിറ വേറ്റിയില്ലെങ്കില്‍ പുതിയ തലമുറയിലെ ഒരു ഗണ്യമായ വിഭാഗത്തെ, അതെ ന്യൂജെന്‍ എന്നോ മറുനാടന്‍ യുവത എന്നോ ഒക്കെ വിളിക്കാവുന്ന ഒരു വിഭാഗത്തെ, വേഗം നഷ്ടപ്പെടാന്‍ ഇടയുണ്ട്.
സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ടാമത്തെ വലിയൊരു മാറ്റം, കഴിഞ്ഞ അറുപതില്‍ പരം വര്‍ഷത്തെ പ്രേഷിതപ്രവര്‍ത്തനം കൊണ്ട് സഭയില്‍ പുതിയ അംഗങ്ങളായി ചേര്‍ന്നിരിക്കുന്ന മിഷന്‍ പ്രദേശങ്ങളിലെ കത്തോലിക്കരാണ്. ഇവര്‍ ക്രൈസ്തജീവിതത്തില്‍ പാരമ്പര്യം കുറഞ്ഞവരാണെന്നു മാത്രമല്ല, ഇപ്പോഴും അവരുടെ മനസ്സിലും അവരുടെ ചുറ്റും ഹൈന്ദവ ചിന്താഗതിയുടെയും അനുഷ്ഠാനരീതികളുടെയും സ്വാധീനവുമുണ്ട്; ആ അന്തരീക്ഷത്തില്‍ മുഴുകി ജീവിക്കുന്നവരാണ് അവര്‍ ഇന്നും. അവരുടെ മനസ്സ് ഇപ്പോഴും തനി ഗ്രാമീണഭാരതത്തിന്റേതാണ്. കേരള ക്രൈസ്തവരായ നാം നൂറ്റാണ്ടുകളുടെ ബലത്തില്‍ സ്വായത്തമാക്കിയിരിക്കുന്ന യഹൂദക്രൈസ്തവ സാംസ്‌കാരികഘടകങ്ങള്‍ ഇവരുടെ മനസ്സിലില്ല. അതുകൊണ്ട്, ക്രൈസ്തവ മൂല്യങ്ങളും ഘടകങ്ങളും ഭാരതീയമോ പ്രാദേശികമോ ആയ രീതിയില്‍ ഇവര്‍ക്കു നല്‍കേണ്ടതു നമ്മുടെ കടമയാണ്. കല്‍ദായ ക്രൈസ്തവ ഘടകങ്ങള്‍ ഇവരുടെ സമൂഹങ്ങളില്‍ കെട്ടിയിറക്കിയാല്‍ അവ തീര്‍ത്തും അപരിചിതമായിരിക്കുമെന്നു മാത്രമല്ല, അവര്‍ക്കൊട്ടു ദഹിക്കുകയുമില്ല. അവ മാറ്റാനോ തിരുത്താനോ അവര്‍ക്കു ശക്തിയില്ലാത്തതിനാല്‍ നിവൃത്തികേടുകൊണ്ട് അവര്‍ അവ വിഴുങ്ങുമായിരിക്കും. അതു കൊണ്ട്, ഇവരുടെ സമൂഹങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്നതും ഭാരതീയമായ കാഴ്ചപ്പാടിലും സംജ്ഞകളിലും വികസിപ്പിച്ചെടുക്കുന്നതും ആയ അനാഫൊറകള്‍ സഭയ്ക്കാവശ്യമുണ്ട്. അനാഫൊറകള്‍ മാത്രല്ല, ആരാധനക്രമത്തിലെ മറ്റു ഘടകങ്ങളും ഇവരുടെ സംസ്‌കാരത്തിനും അഭിരുചിക്കും ചേര്‍ന്നവിധം ഒരുക്കിയെടുക്കണം. വിശുദ്ധ ബലിക്കുപയോഗിക്കുന്ന തിരുവസ്ത്രങ്ങള്‍, തിരുപ്പാത്രങ്ങള്‍, ആരാധനാസമയത്തെ നില്പ്, ഇരിപ്പ്, ആചാരം മുതലായ ചേഷ്ടകള്‍, സംഗീതം എന്നിങ്ങനെ വിശ്വാസപ്രഘോഷണത്തിന്റെ എല്ലാ തലങ്ങളും സാംസ്‌കാരികാനുരൂപണത്തിനു വിധേയമാകണം. ചുരുക്കത്തില്‍, ക്രിസ്തുവിനെ സ്വീകരിച്ചതുകൊണ്ടും ക്രിസ്ത്യാനിയായതുകൊണ്ടും തങ്ങളുടെ സംസ്‌കാരം ഉപേക്ഷിച്ച്, അപരിചിതവും വൈദേശികവുമായ ഒരു സാംസ്‌കാരികാന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഇടവരുന്നുവെന്ന് ഇവര്‍ക്കു തോന്നാന്‍ അവസരമുണ്ടാകരുത്. അത്തരമൊരു സാംസ്‌കാരിക അകല്‍ച്ചയോ വേര്‍പിരിയലോ അനുഭവപ്പെട്ടാല്‍ അത് അവരുടെ ആത്മീയജീവിതത്തെ ബാധിക്കുമെന്നു മാത്രമല്ല, അത് സഭയുടെ പ്രേഷിതപ്രവര്‍ത്തന സാധ്യതകളെയും സാരമായി ബാധിക്കും. ക്രൈസ്തവരാകാനും സഭയില്‍ ചേരാനും ആളുകള്‍ മടിക്കും.

വേണ്ട ഘടകങ്ങള്‍

മേല്പറഞ്ഞ രണ്ടുതരം അനാ ഫൊറകളിലും ഉണ്ടാകേണ്ട ചില അവശ്യ ഘടകങ്ങള്‍കൂടി ഇവിടെ സൂചിപ്പിക്കട്ടെ. (1) രണ്ടു ഗണത്തി ലും പെട്ട ജനങ്ങള്‍ ജീവിക്കുന്നത് മറ്റു മതസമൂഹങ്ങളുടെ മധ്യത്തിലും അവരോട് ഇടകലര്‍ന്നുമാണ്. കേരളത്തിലും നൂറ്റാണ്ടുകളായി ക്രൈസ്തവര്‍ ജീവിക്കുന്നതു മറ്റു മതസമൂഹങ്ങളുടെയിടയിലാണെങ്കിലും, ഇവിടെ ക്രൈസ്തവരുടെ അംഗബലം കുടുതലുള്ളതുകൊണ്ടും അനേക നൂറ്റാണ്ടുകളായി അവര്‍ ചില പ്രദേശങ്ങളില്‍ ഒരുമിച്ച് പാര്‍ക്കുന്നതിനാലും, കുറെയേറെ സാമൂഹ്യമായ തനിമ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതത്തിലെയോ വിദേശത്തെയോ വന്‍ നഗരങ്ങളില്‍ നമ്മുടെ ആളുകള്‍ താമസിക്കുമ്പോഴും, മിഷന്‍ പ്രദേശങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ പുതിയ കത്തോലിക്കര്‍ ജീവിക്കുമ്പോഴും ഇവിടത്തേതിനേക്കാള്‍ പല മടങ്ങ് മതപരമായ ബഹുസ്വര അന്തരീക്ഷം അനുഭവപ്പെടും. അതുകൊണ്ട്, ഈ ബഹുസ്വരത പരിഗണിച്ചു കൊണ്ടുള്ള ആശയങ്ങളും ഭാഷയും പുതിയതായി ഉണ്ടാക്കുന്ന അനാഫൊറകളില്‍ നിഴലിക്കണം. ഒരു ഉദാഹരണം പറഞ്ഞാല്‍, ഭാരതീയ വീക്ഷണത്തില്‍ ദൈവത്തെ അനുഭവിക്കേണ്ടത് പ്രധാനമായി ആന്തരികസത്തയായും ശക്തിയായും ആണ്. അന്തര്യാമിനായ ഈശ്വരനാണ് ഭാരതീയമനസ്സിന് മനസ്സിലാക്കാന്‍ എളുപ്പം. ഈ പ്രപഞ്ചത്തില്‍ മുഴുവനിലും അതിലെ എല്ലാ ജീവജാലങ്ങളിലും – പുഴകളിലും മലകളിലും, ചെടികളിലും മരങ്ങളിലും, സൂര്യനിലും ചന്ദ്രനിലും – ഈശ്വരസാന്നിധ്യം കാണുന്നവരാണ് ഭാരതീയര്‍. 'ഈശാവാസ്യമിദം സര്‍വം,' 'അണോരണീയന്‍ മഹതോമഹീയന്‍' എന്നിങ്ങനെയുള്ള ചിന്തകള്‍ സു പരിചിതങ്ങളാണല്ലോ. ഈ സാം സ്‌കാരികാന്തരീക്ഷത്തില്‍ ഉപയോഗിക്കേണ്ട പ്രാര്‍ത്ഥനകളില്‍ ദൈവത്തെ അകലെ സര്‍വാതിശായിയായി ഇരിക്കുന്ന ഒരു ബാഹ്യ ശക്തി (പഴയനിയമത്തില്‍ മുഴച്ചു നില്‍ക്കുന്നത്) എന്നതിനേക്കാള്‍ നമ്മുടെ ഉള്ളിലും നമ്മുടെ മധ്യത്തിലും സന്നിധി ചെയ്യുന്ന ദൈവമായി അവതരിപ്പിക്കാന്‍ സാധിക്കണം. ക്രൈസ്തവവിശ്വാസത്തിലെതന്നെ അവതരിച്ച ദൈവത്തിന്റെയും ആത്മാവായും നന്മയായും നമ്മില്‍ വസിക്കുന്ന ദൈവത്തിന്റെയും രൂപങ്ങള്‍ ഇത്തരം പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ മുഴച്ചു നില്‍ക്കണം.
ചരിത്രാധിഷ്ഠിതമായ ക്രിസ്തുമത വീക്ഷണത്തില്‍, ചരിത്ര പുരുഷനായ യേശുവിലൂടെയും പരിശുദ്ധാത്മാവെന്ന ദാനത്തിലൂടെയും ആണ് ദൈവം മനുഷ്യരുടെയിടയില്‍ സന്നിധി ചെയ്യാന്‍ തുടങ്ങുന്നത്. അതിനുമുമ്പ് ദൈവം അകലെയായിരുന്നു, അപ്പുറത്തായിരുന്നു. എന്നാല്‍, ഭാരതീയ മനസ്സിനു ദൈവം എന്നും ഇവിടെയുണ്ടായിരുന്ന ശക്തിയാണ്. ഈ രണ്ടു വീക്ഷണങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു അനാഫൊറയായിരിക്കും ഭാരതീയ സംസ്‌കാരത്തില്‍നിന്നു പുതിയതായി ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്കു കൂടുതല്‍ ഹൃദയസ്പര്‍ശിയാകുന്നത്.
(2) ഭാരതം ഇന്നും ദരിദ്രരുടെ നാടാണ്. ഈ പ്രാര്‍ത്ഥനകളില്‍ പ്രതിഫലിക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം നമ്മുടെ മനുഷ്യരനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവും അതിന്റെ ദുരന്തഫലങ്ങളും ആണ്. ഒരുവശത്ത് ഇതിന്റെ മധ്യത്തില്‍ ജീവിക്കാനും മറുവശത്ത് കഴിയുന്നത്ര ഇത് ഇല്ലാതാക്കാനും ആവശ്യമായ ശക്തി സാധാരണ മനുഷ്യനു വിശുദ്ധ കുര്‍ബാനയാകുന്ന ആത്മീയ സ്രോതസ്സില്‍നിന്നു ലഭിക്കണം.
(3) മറ്റു പല രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതല്‍ യുവജനങ്ങള്‍ ഉള്ള നാടാണ് ഭാരതം. അവര്‍ നഗരങ്ങളിലാണെങ്കിലും ഗ്രാമങ്ങളിലാണെങ്കിലും സുന്ദരമായ ഒരു ഭാവിയെ സ്വപ്നം കാണുന്നവരും അതു കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്ത് അവര്‍ അനുഭവിക്കുന്ന തടസ്സങ്ങള്‍ നിരവധിയാണെന്നു നമുക്കറിയാം. ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞതുപോലെ, സങ്കീര്‍ണമായ ഈ സാമൂഹ്യവ്യവസ്ഥിതിയെ ഒരു വശത്തുനിന്നു ഉള്‍ക്കൊള്ളാനും മറുവശത്ത് അതിനെ അതി ജീവിക്കാനും തിരുത്തിമാറ്റാനും ആവശ്യമായ ശക്തി യുവതലമുറയ്ക്കു മതാനുഭവത്തില്‍നിന്നു ലഭിക്കണം. അല്ലെങ്കില്‍ മതാത്മകത അവരുടെ ജീവിതത്തെ സ്പര്‍ശിക്കാത്ത വെറും ശുഷ്‌കമായ ചടങ്ങുകളായി അധഃപതിക്കും.
മേല്പറഞ്ഞ ജീവിത സാഹചര്യങ്ങളിലുടെ യേശുവിന്റെ പക്വതയാര്‍ന്ന വ്യക്തിത്വത്തിലേക്കു വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു യേശുവിന്റെ ബലിയുടെ ഓര്‍മ്മയും ആചരണവും ആയ വിശുദ്ധ കുര്‍ബാന ഉത്തേജകചൈതന്യമായി മാറണം. അതുവഴി ഈ ഭൂമിയിലും ഓരോരുത്തരിലും സ്വര്‍ഗം വിരിയിക്കാന്‍ സാധിക്കണം ആധുനിക മനുഷ്യന്. അല്ലാതെ മരണാനന്തരം പരലോകത്തില്‍ പോകാന്‍ വേണ്ടി മാത്രമാകരുത്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ ഉള്ളതുപോലെ, 'അങ്ങയുടെ രാജ്യം ഈ ഭൂമിയില്‍ വരണമേ'യെന്നാകണം ഈ പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം. അത്തരമൊരു കുര്‍ബാന പുതിയ തലമുറയ്ക്ക് ഒരു ആന്തരികാനുഭവമായി മാറും, മരണാനന്തര ജീവിതത്തിനു വേണ്ട യോഗ്യത നേടിത്തരുന്ന പുരോഹിതന്റെ യാന്ത്രികവും മാന്ത്രികവുമായ ഏതാനും അനുഷ്ഠാനങ്ങളും ഉച്ചാരണങ്ങളുമായി ഉണങ്ങിപ്പോകില്ല.
(4) ഈ യജ്ഞത്തില്‍ നമുക്കു ഭാരതീയമായി ചിന്തിക്കാനും ഭാരതീയഭാഷകളിലൂടെ ഈ ചിന്തകള്‍ അവതരിപ്പിക്കാനും സാധിക്കണം. ഭാരതീയ വാക്കുകള്‍ക്ക്, ഏതു ഭാഷയിലായാലും, ഇന്നത്തേക്കാവശ്യമായ അര്‍ത്ഥം നല്‍കാന്‍ സാധിക്കണം. അതിനുവേണ്ടി പഴയ വാക്കുകള്‍ക്കു പുതിയ അര്‍ത്ഥങ്ങള്‍ അഥവാ ധ്വനികള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ പൂര്‍വികര്‍ മലയാളത്തില്‍ ഒരു കാലത്ത് ഹിന്ദുമതജന്യമായ അര്‍ത്ഥം മാത്രമുണ്ടായിരുന്ന പല വാക്കുകള്‍ക്കും ക്രൈസ്തവമായ ധ്വനി നല്‍കിയത് ഓര്‍ക്കുന്നതു നല്ലതാണ്. അങ്ങനെയാണ്, സ്വര്‍ഗം, അവതാരം മുതലായ വാക്കുകള്‍ക്കു തീര്‍ത്തും ക്രൈസ്തവമായ ധ്വനി ഉണ്ടാക്കാന്‍ നമുക്കു സാധിച്ചതും തെറ്റിധാരണകളില്ലാതെ അവ ഉപയോഗിക്കാന്‍ സാധിക്കുന്നതും. ആ പ്രക്രിയ ഇന്നും മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും തുടരണം.
(5) ഭാരതീയ സംസ്‌കാരത്തെ അനുരൂപണപ്രക്രിയകളില്‍ പരിഗണിക്കണമെന്നു പറയുമ്പോള്‍, പലപ്പോഴും അതു ഇന്ത്യയിലെ ഉയര്‍ന്ന ജാതിക്കാരുടെയിടയില്‍ കുറച്ചൊക്കെ സ്വാധീനമുള്ളതും തത്വചിന്തകളില്‍ അധിഷ്ഠിതവുമായ വീക്ഷണങ്ങളെന്നു മനസ്സിലാക്കുകയും ഭാരതീയ താത്വിക വീക്ഷണത്തോടുള്ള അനുരൂപണമായി ചുരുക്കികാണുകയും ചെയ്യാറുണ്ട്. എന്നാല്‍, മിഷന്‍ പ്രദേശങ്ങളില്‍ ക്രിസ്തുമതത്തിലേക്കു വരുന്നവരെല്ലാം മിക്കവാറും താഴ്ന്ന ജാതിക്കാരോ ഗോത്രവര്‍ഗക്കാരോ ആണ്. ഇവര്‍ക്കാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച മേല്‍ ജാതിക്കാരുടെ താത്വികവീക്ഷണം സുപരിചിതവുമല്ല. അതുകൊണ്ട്, അനുരൂപണം നടക്കേണ്ടത് ഇക്കൂട്ടരുടെ വീക്ഷണത്തിലേക്കും ഭാഷയിലേക്കും പെരുമാറ്റ രീതിയിലേക്കും ആണ്.
ഇങ്ങനെ നമ്മുടെ ആരാധനാക്രമത്തെ കാലികമായി അനുയോജ്യമാക്കാന്‍ ശ്രമിക്കുന്നതിനു പകരം പഴയവ പുനരുദ്ധരിച്ചതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുന്നത്? പുനരുദ്ധരിച്ച ഈ രണ്ടു അനാഫൊറകള്‍ എത്രപേര്‍ ഉപ യോഗിക്കുന്നുവെന്ന് അന്വേഷിക്കുന്നത് മുകളില്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുന്നതിനു പ്രേരകമായിത്തീരും എന്നാണ് ഈ ലേഖകന്‍ കരുതുന്നത്. ഈ കാലത്തില്‍നിന്ന് വളരെ അകന്നിരിക്കുന്ന ചിന്താരീതിയിലും വീക്ഷണത്തിലും വികസിപ്പിച്ചെടുത്ത പ്രാര്‍ത്ഥനകള്‍ ഒരുവിധത്തിലുള്ള ശസ്ത്രക്രിയകൊണ്ടൊന്നും ഇന്നത്തേയ്ക്കനുയോജ്യമാക്കിയെടുക്കാന്‍ എളുപ്പമല്ല. അതുകൊണ്ട് അവ ഗവേഷണത്തിനും പഠനത്തിനും ഉപയോഗിക്കാവുന്ന രേഖയായി ഇരിക്കട്ടെ. നമുക്കു കുറച്ചു കൂടി മുന്നോട്ടു പോകാന്‍ സാധിക്കുമോ? ആരതിനു നേതൃത്വം നല്കും? ഇതാണ് സാധാരണക്കാരുടെ ആവശ്യവും ആഗ്രഹവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org