ജനാഭിമുഖ ബലിയര്‍പ്പണത്തിന്റെ യുക്തിയും വിശുദ്ധിയും

ജനാഭിമുഖ ബലിയര്‍പ്പണത്തിന്റെ യുക്തിയും വിശുദ്ധിയും

ഫാ. ഡോ. ജോയി അയിനിയാടന്‍
വികാരി ജനറാള്‍, എറണാകുളം-അങ്കമാലി അതിരൂപത

"രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും" എന്ന ക്രിസ്തുനാഥന്റെ തിരുവചനത്തില്‍ അന്തര്‍ലീനമാണ് ജനാഭിമുഖ ബലിയര്‍പ്പണത്തിന്റെ യുക്തിയും വിശുദ്ധിയും (മത്തായി 18:20). കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി എറണാകുളം- അങ്കമാലി അതിരൂപതയിലെയും മറ്റു പല രൂപതകളിലെയും ദൈവജനം ആദരവോടെ അനുഭവിച്ചറിഞ്ഞ ബലിയര്‍പ്പണ രീതിയാണിത്. നമ്മുടെ ചില രൂപതകളില്‍ നിലനില്‍ക്കുന്ന പൂര്‍ണമായും അള്‍ത്താര അഭിമുഖമായിതന്നെ അര്‍പ്പിക്കുന്ന ബലിയര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ അവസരമുണ്ടായപ്പോഴൊക്കെ എറണാകുളത്തുള്ള ബലിയര്‍പ്പണത്തിന്റെ സൗഹൃദാന്തരീക്ഷവും ഹൃദ്യതയും അവര്‍ക്കു ലഭിക്കുന്നില്ലല്ലോ എന്ന ആകുലതയായിരുന്നു എനിക്കുണ്ടായിരുന്നത്. പുതിയനിയമത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ തുറവിയും ദൈവകൃപയും അവര്‍ക്കുകൂടി ലഭിക്കാന്‍ ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. "ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും" എന്നുള്ള ദൈവികവാഗ്ദാനം നിറവേറാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട് (മത്താ. 7:7). ജനാഭിമുഖ ബലിയര്‍പ്പണം ഞാന്‍ ഇഷ്ടപ്പെടുന്നത് പ്രധാനമായും ഏഴു കാരണങ്ങള്‍ കൊണ്ടാണ്.

ജനമദ്ധ്യത്തിലെ തിരുസാന്നിദ്ധ്യത്തിന്റെ ആഘോഷമാണ് ജനാഭിമുഖ ബലിയര്‍പ്പണം. വചനം മാംസമായി അവതരിക്കുന്നത് അങ്ങ് കിഴക്കന്‍ ചക്രവാളങ്ങളിലല്ല. പ്രത്യുത, ഇവിടെ ഈ ഭൂമിയില്‍ നാമൊരുമിച്ചു കൂടുന്ന പ്രാര്‍ത്ഥനാസമൂഹത്തിലാണ്.

1. ജനമദ്ധ്യത്തിലെ തിരുസാന്നിദ്ധ്യം

ജനമദ്ധ്യത്തിലെ തിരുസാന്നിദ്ധ്യത്തിന്റെ ആഘോഷമാണ് ജനാഭിമുഖ ബലിയര്‍പ്പണം. വചനം മാംസമായി അവതരിക്കുന്നത് അങ്ങ് കിഴക്കന്‍ ചക്രവാളങ്ങളിലല്ല. പ്രത്യുത, ഇവിടെ ഈ ഭൂമിയില്‍ നാമൊരുമിച്ചു കൂടുന്ന പ്രാര്‍ത്ഥനാസമൂഹത്തിലാണ്. ഒരേ ബലിവേദിക്കു ചുറ്റും ഒരുമയോടെ ഒന്നുചേര്‍ന്ന് കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ ഭക്ത്യാദരവുകളോടെ നാം ഉള്‍ക്കൊള്ളുമ്പോള്‍ "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കു നിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും" എന്നുള്ള ക്രിസ്തുനാഥന്റെ പ്രവചനം നമ്മിലൂടെ പൂര്‍ത്തീകരിക്കപ്പെടുകയാണ് (ലൂക്കാ 13:29). അന്തിമഭോജനവേളയിലെ ക്രിസ്തുവിന്റെ അപ്പംമുറിയ്ക്കല്‍ ശുശ്രൂഷയുടെ അനുസ്മരണവും പുനരാവിഷ്‌ക്കരണവുമാണ് വിശുദ്ധ കുര്‍ബാനയിലൂടെ സംജാതമാകുന്നത്. പഴയനിയമത്തിലെ ബലിപീഠവും അതിവിശുദ്ധസ്ഥലവും പുതിയനിയമത്തിലെ വിരുന്നുമേശയ്ക്കു വഴിമാറിക്കൊടുത്തു എന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോകരുത്. രക്ഷകനായ ക്രിസ്തു കൂടെവസിക്കുന്ന ദൈവമാണ്. പരസ്പരസ്‌നേഹം ജീവിതനിയമമാക്കുന്ന, ഉള്ളതുമുഴുവന്‍ ഉദാരതയോടെ പങ്കുവയ്ക്കാന്‍ സന്മനസുകാണിക്കുന്ന ദൈവമക്കളുടെ സ്‌നേഹസമ്മേളനമാണ് ക്രിസ്തു വിഭാവനം ചെയ്ത സഭ. ഒരേ മേശയില്‍ നിന്നുതന്നെ വചനം വ്യാഖ്യാനിക്കുകയും അപ്പം വിഭജിച്ചു പകര്‍ന്നുനല്‍കുകയും ചെയ്യുന്നതല്ലേ ക്രിസ്തുവിന്റെ അപ്പംമുറിക്കല്‍ ശുശ്രൂഷയോട് കൂടുതല്‍ യോജിക്കുന്നത്? (ലൂക്കാ 24:30-32) കര്‍ത്താവിന്റെ ബലിപീഠത്തോട് കഴിയുന്നത്ര ചേര്‍ന്നുനിന്ന് ബലിയര്‍പ്പിക്കുന്നതാണ് ആത്മീയ ഉണര്‍വിനു കൂടുതല്‍ സഹായകമാകുന്നത്.

2. തെളിമയുള്ള ദൈവദര്‍ശനം

ജനാഭിമുഖ ബലിയര്‍പ്പണത്തിന്റെ അന്തഃസത്ത തെളിമയുള്ള ദൈവദര്‍ശനമാണ്. "വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്റെ ശരീരമാണ്" എന്ന തിരുവചസുകള്‍ ഉരുവിടുമ്പോള്‍ പുരോഹിതന്റെ കരങ്ങളിലിരിക്കുന്ന തിരുവോസ്തി വ്യക്തമായി കാണാനും തിരുസാന്നിധ്യത്തെ ആരാധിക്കാനും ജനാഭിമുഖ ബലിയര്‍പ്പണം തന്നെയാണ് നല്ലത് (മത്തായി 26:26). അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളില്‍ ജനമധ്യത്തില്‍ അവതരിക്കുന്ന ദൈവപുത്രനെ കണ്ട്, കേട്ട്, തൊട്ട്, രുചിച്ച് അറിയുന്നതിന് സഹായകമായ രീതിയില്‍ തന്നെയായിരിക്കണം ബലിപീഠവും ബലിവസ്തുക്കളും കാര്‍മ്മികന്റെയും പ്രാര്‍ത്ഥനാസമൂഹത്തിന്റെയും പങ്കാളിത്തവും ക്രമീകരിക്കേണ്ടത് (1 യോഹ. 1:3). അദൃശ്യമായ ക്രിസ്തുസാന്നിധ്യം അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ ബലിവേദിയില്‍ സന്നിഹിതമാകുമ്പോള്‍ അതിപാവനമായ ഈ പ്രതീകങ്ങളെ വ്യക്തമായി കാണുന്നതിനും ആരാധിക്കുന്നതിനും ഭക്ത്യാദരവുകളോടെ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ജനത്തിന് അഭിമുഖമായി പുരോഹിതന്‍ ബലിയര്‍പ്പിക്കുന്നത്. പുരോഹിതന്‍ സ്വര്‍ഗപിതാവിന്റെ പക്കലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും പരിശുദ്ധാത്മാവിന്റെ ആഗമനം വഴി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുമായ മഹാദൃശ്യം ദൈവജനം കഴിയുന്നത്ര അടുത്തുനിന്നുതന്നെ കാണട്ടെ (പുറപ്പാട് 3:3). തിരുവസ്തുക്കള്‍ തിരശീലകൊണ്ട് മറയ്ക്കപ്പെടുമ്പോഴല്ല, പ്രത്യുത കണ്‍കുളിര്‍ക്കെ കാണുമ്പോഴാണ് ദൃശ്യലോകത്തായിരിക്കുമ്പോള്‍ തന്നെ ദൈവജനത്തിന് അദൃശ്യലോകത്തെ വിസ്മയകാഴ്ചകള്‍ ഭക്തിനിര്‍ഭരമായി ആസ്വദിക്കാന്‍ കഴിയുന്നത്.

3. ആരാധനാസമൂഹത്തിന്റെ ഹൃദ്യമായ ഒത്തുചേരല്‍

ജനാഭിമുഖ ബലിയര്‍പ്പണം ആരാധനാസമൂഹത്തിന്റെ ഒത്തുചേരലിന് കൂടുതല്‍ ഹൃദ്യത പകരുന്നു എന്ന് നിസംശയം പറയാം. ജനത്തെ ഹൃദ്യമായി സ്വാഗതം ചെയ്യാനും മുഖാഭിമുഖം കണ്ട് തിരുവചനം പകര്‍ന്നു നല്‍കാനും ജനത്തിന്റെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുമയോടെ പ്രാര്‍ത്ഥിക്കാനും ജനാഭിമുഖ ബലിയര്‍പ്പണം തന്നെയാണ് നല്ലത്. ദൈവജനത്തിനു മനസിലാകുന്ന ഭാഷയില്‍ ലളിതമായ വാക്കുകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയും എല്ലാവരുമൊരുമിച്ച് ഗീതങ്ങള്‍ ആലപിച്ചും സ്വതന്ത്രമായി സ്തുതിച്ചും വ്യക്തിപരമായ നിയോഗങ്ങള്‍ തിരുസന്നിധിയില്‍ സ്വയംപ്രേരിതമായ വാക്കുകളില്‍ സമര്‍പ്പിച്ചും കുര്‍ബാന തക്‌സയിലെ പ്രാര്‍ത്ഥനകളെല്ലാം ഭക്ത്യാദരവുകളോടെ ചൊല്ലിയും ബലിയര്‍പ്പിക്കുമ്പോള്‍ ആ ബലി ക്രിസ്തുവിന്റെ മനസിനിണങ്ങിയതും പിതാവായ ദൈവത്തിന് പ്രീതീകരവുമാകും എന്നതിനു സംശയമില്ല.

4. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തുറവിയുടെ സംസ്‌ക്കാരം

പൗരസ്ത്യസഭകളിലെല്ലാം പരിശുദ്ധ കുര്‍ബാന കിഴക്കോട്ട് തിരിഞ്ഞ് മാത്രമേ അര്‍പ്പിക്കാവൂ എന്ന നിര്‍ബന്ധബുദ്ധി വെടിഞ്ഞ് സാര്‍വ്വത്രിക സഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം വന്ന തുറവിയുടെ സംസ്‌ക്കാരം ഉള്‍ക്കൊണ്ട് സീറോ-മലബാര്‍ സഭയില്‍ നടപ്പിലാക്കിയ ആരാധനാക്രമ നവീകരണങ്ങള്‍ വിവേകപൂര്‍വ്വം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കല്‍ദായ സഭ സ്വീകരിച്ച ഉറച്ച നിലപാടുകളും ആരാധനക്രമ നവീകരണ നടപടികളും സീറോ-മലബാര്‍ സഭയ്ക്കും മാതൃകയാക്കാവുന്നതാണ്. എന്നാല്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആരാധനാക്രമ പുനരുദ്ധാരണ നടപടികള്‍ക്കാണ് സീറോ മലബാര്‍ സഭയില്‍ മുന്‍ഗണന നല്‍കിയിരുന്നത്. ഉറവിടങ്ങളിലേക്കുള്ള തിരിച്ചുനടത്തവും ശാസ്ത്രീയപഠനങ്ങളും ഗവേഷണങ്ങളുമെല്ലാം വിശുദ്ധ കുര്‍ബാനയുടെ തക്‌സയുടെ മൂലരൂപം കണ്ടെത്തുന്നതിന് സഹായകമായി. ഈ പഠനങ്ങളുടെയെല്ലാം വെളിച്ചത്തില്‍ പുനഃക്രമീകരിക്കപ്പെട്ട തക്‌സായ്ക്ക് ഈ കഴിഞ്ഞ ദുക്‌റാന തിരുനാളില്‍ വത്തിക്കാന്റെ അംഗീകാരവും ലഭിച്ചു. ഇനി നമ്മള്‍ ശ്രദ്ധ വയ്‌ക്കേണ്ടത് മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാറ്റിവയ്ക്കപ്പെട്ട ജനാഭിമുഖബലിയര്‍പ്പണത്തെയും സാംസ്‌ക്കാരികാനുരൂപണത്തെയും കുറിച്ചുള്ള ദൈവശാസ്ത്രപഠനങ്ങളും സംവാദങ്ങളും സജീവമാക്കാനാണ്. ചര്‍ച്ചകള്‍ക്ക് അവസരങ്ങളൊരുക്കുന്നതോടൊപ്പം തര്‍ക്കവിഷയങ്ങളില്‍ തല്‍സ്ഥിതി തുടരുന്നതിനുള്ള അവസരവും നല്‍കണം. നിലവില്‍ അള്‍ത്താര അഭിമുഖമായി ബലിയര്‍പ്പിക്കുന്ന രൂപതകളെ വചനശുശ്രൂഷയും സമാപനശുശ്രൂഷയും ജനാഭിമുഖമായി അര്‍പ്പിക്കണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ല. അതുപോലെതന്നെ, ജനാഭിമുഖ ബലിയര്‍പ്പണം പ്രാബല്യത്തിലുള്ള രൂപതകളില്‍ തല്‍സ്ഥിതി തുടരുന്നതിന് തടസം സൃഷ്ടിക്കാനും പാടില്ല. നിലവിലുള്ള ഈ വ്യത്യസ്തതകളെ ആദരപൂര്‍വ്വം ഉള്‍ക്കൊള്ളുന്നതാണ് കര്‍ശനമായ നിയമങ്ങളിലൂടെ ഐകരൂപ്യം കൊണ്ടുവരുന്നതിനേക്കാള്‍ സഭാമക്കളുടെ ഐക്യത്തിനും പരസ്പര സഹകരണത്തിനും സഹായകമാകുന്നത്.

അന്തിമഭോജനവേളയിലെ ക്രിസ്തുവിന്റെ അപ്പംമുറിയ്ക്കല്‍ ശുശ്രൂഷയുടെ അനുസ്മരണവും പുനരാവിഷ്‌ക്കരണവുമാണ് വിശുദ്ധ കുര്‍ബാനയിലൂടെ സംജാതമാകുന്നത്. പഴയനിയമത്തിലെ ബലിപീഠവും അതിവിശുദ്ധസ്ഥലവും പുതിയനിയമത്തിലെ വിരുന്നുമേശയ്ക്കു വഴിമാറിക്കൊടുത്തു എന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോകരുത്.

5. ദൈവമക്കളുടെ സ്വാതന്ത്ര്യം

പുതിയവീഞ്ഞിന് പുതിയ തോല്‍ക്കുടങ്ങള്‍ തന്നെ വേണമെന്ന ക്രിസ്തുവിന്റെ മുന്നറിയിപ്പ് ആധുനികലോകത്തെ ആരാധനാരീതികള്‍ക്കും ബാധകമാണ് (ലൂക്കാ 5:38). അന്ധമായ പാരമ്പര്യഭ്രമം സീറോ-മലബാര്‍ ആരാധനാക്രമ പണ്ഡിതര്‍ക്ക് ഒരു ആത്മീയ ലഹരിയായി മാറിയിട്ടുണ്ട്. സുറിയാനി ഭാഷയില്‍ ബലിയര്‍പ്പിക്കുന്നതിലും കാലഹരണപ്പെട്ട തിരുവസ്ത്രങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കുന്നതിലും സുറിയാനി ഗാനങ്ങള്‍ ആലപിക്കുന്നതിലുമൊക്കെയാണ് ഇവര്‍ ആത്മനിര്‍വൃതിയടയുന്നത്. സുറിയാനി ഈശോ സംസാരിച്ച ഭാഷയാണെന്നു പറഞ്ഞാണ് പഴമയിലേക്കുള്ള ഈ പുനഃപ്രവേശനത്തിന് അവര്‍ ന്യായീകരണം കണ്ടെത്തുന്നത്. പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ വേര്‍തിരിക്കാനാകാത്ത വിധം ആധുനിക മനുഷ്യന്‍ വിശ്വമാനവീകത ഉള്‍ക്കൊണ്ടുകഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തെ ഇവര്‍ കൗശലപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. ഇന്നലെകളില്‍ ജീവിക്കാനല്ല ദൈവം ഇന്ന് നമ്മെ ഈ ഭൂമിയിലേക്ക് അയച്ചത്. ഇന്നിന്റെ മനുഷ്യന്റെ ദൈവ-മനുഷ്യസങ്കല്‍പങ്ങളും വികാരവിചാരങ്ങളും ജീവിതദര്‍ശനങ്ങളും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും ആകുലതകളുമെല്ലാമാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങളുടെ രൂപഭാവങ്ങളും ആരാധനാരീതിയും നിര്‍ണ്ണയിക്കേണ്ടത്.

6. തനിമയുടെ പുനര്‍നിര്‍വ്വചനം

സീറോ-മലബാര്‍ സഭയുടെ തനിമ വീണ്ടെടുക്കാനുള്ള അമിത വ്യഗ്രത വളരെ സങ്കുചിതമായ പല തീരുമാനങ്ങളിലേക്കും സഭാനേതൃത്വത്തെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. സീറോ-മലബാര്‍ സഭയെന്നാല്‍ സുറിയാനി പൈതൃകം കാത്തുസൂക്ഷിക്കുന്ന കത്തോലിക്കാസഭ എന്ന സങ്കുചിതമായ നിര്‍വചനത്തില്‍ ഒതുങ്ങിപോകുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊതുസ്വഭാവത്തിന്റെയും വ്യതിരക്തസ്വഭാവത്തിന്റെയും യുക്തിപൂര്‍വ്വകമായ ലയനമാണ് നിര്‍വ്വചനം. വ്യതിരക്തഭാവത്തിനാണ് ഉന്നല്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ സഭ മറ്റു സഭകളേക്കാള്‍ ശ്രേഷ്ഠമാണെന്നു തെളിയിക്കാനുള്ള അമിതാവേശവും ഇതരസഭകളില്‍നിന്നും എല്ലാക്കാര്യങ്ങളിലും വ്യത്യസ്തതയുണ്ടെന്നു കാണിക്കാനുള്ള അമിതവ്യഗ്രതയും പ്രതിഫലിക്കുന്നതു കാണാന്‍ കഴിയും. നേരേമറിച്ച്, പൊതുസ്വഭാവത്തിനാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ അത് സഭകള്‍ തമ്മിലുള്ള നന്മകളുടെ ഉദാരമായ കൈമാറ്റത്തിനും പരസ്പര ബഹുമാനത്തിനും സൗഹൃദാന്തരീക്ഷത്തിനും വഴിതെളിക്കും. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, സീറോ-മലബാര്‍ സഭയില്‍ സമീപകാലത്തായി കണ്ടുവരുന്നത് ഈ വ്യതിരക്തതയില്‍ ഊന്നിനിന്നുള്ള പ്രവര്‍ത്തനങ്ങളാണ്. വര്‍ഷങ്ങളായി ലത്തീന്‍ സഭയും സീറോ-മലബാര്‍ സഭയും ഒരേ ദിവസം ആചരിച്ചിരുന്ന തിരുനാളുകള്‍ പലതും ഈ കാരണം കൊണ്ടുതന്നെ മറ്റു ദിവസങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്തുവിന്റെ പ്രവര്‍ത്തനശൈലിയില്‍ എപ്പോഴും പൊതുസ്വഭാവത്തിനാണ് ഊന്നല്‍ കൊടുത്തിരുന്നത് എന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. തനിമയുടെ പുനര്‍ നിര്‍വ്വചനത്തിന് ക്രിസ്തുവിന്റെ ദര്‍ശനങ്ങളും ജീവിതശൈലിയും നമുക്കു മാതൃകയാകട്ടെ.

7. അപ്പംമുറിക്കല്‍ ശുശ്രൂഷയുടെ സാമൂഹ്യമാനം

ഉള്ളതുമുഴുവന്‍ ഉദാരതയോടെ സ്വസഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന പുതിയനിയമത്തിന്റെ ജീവിതശൈലിയുടെ പ്രതീകമാണ് ബലിപീഠത്തില്‍ മുറിക്കപ്പെടുന്ന അപ്പം. യഹൂദനെയും വിജാതീയനെയും, ധനികനെയും ദരിദ്രനെയും, ഫരിസേയനെയും ചുങ്കക്കാരനെയും, പരിശുദ്ധനെയും പാപിയെയും ഒരേ ഭക്ഷണമേശയ്ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന ക്രിസ്തുവിന്റെ ഊട്ടുമേശ വിപ്ലവത്തിന്റെ വിശുദ്ധ നിയോഗങ്ങള്‍ ഉള്‍ക്കൊണ്ടുവേണം വിശുദ്ധ കുര്‍ബാനയര്‍പ്പണരീതികള്‍ ക്രമീകരിക്കേണ്ടത്. ക്രിസ്തുവിന്റെ സ്ഥാനത്ത് നിന്ന് ബലിയര്‍പ്പിക്കുന്ന പുരോഹിതന് ഒരിക്കലും ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനോ ഉയര്‍ന്ന പീഠങ്ങളില്‍ ഉപവിഷ്ഠനാകാനോ കഴിയുകയില്ല. ജനങ്ങളുടെ കൂടെയായിരുന്ന് ഒരുമയോടെ, സമഭാവനയോടെ, ക്രിസ്തുവിന്റെ അപ്പംമുറിക്കല്‍ ശുശ്രൂഷയെ ഇന്നിന്റെ സാഹചര്യത്തില്‍ പുനരവതരിപ്പിക്കാന്‍ ജനാഭിമുഖ ബലിയര്‍പ്പണം തന്നെയാണ് കരണീയമായിട്ടുള്ളത്.

അടുത്ത പത്തുവര്‍ഷങ്ങളെങ്കിലും ആരാധനാക്രമ നവീകരണത്തിനും സാംസ്‌ക്കാരികാനുരൂപണത്തിനുമായി മാറ്റിവയ്ക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഒരേ സഭയില്‍തന്നെ ജനാഭിമുഖമായും അള്‍ത്താരാഭിമുഖമായും ബലിയര്‍പ്പിക്കുന്നത് അനൈക്യമായി കാണാതെ, വൈവിധ്യങ്ങളെ ആദരപൂര്‍വ്വം ഉള്‍ക്കൊണ്ട് പരസ്പര ബഹുമാനത്തോടെ ബലിയര്‍പ്പിക്കാന്‍ സഭാമക്കളെ പ്രചോദിപ്പിക്കാനല്ലേ മെത്രാന്‍ സമിതി ശ്രമിക്കേണ്ടത്?

സീറോ-മലബാര്‍ സഭയുടെ സുറിയാനി പൈതൃകം വീണ്ടെടുക്കാനുള്ള അമിതവ്യഗ്രതയില്‍ ധന്യമായ അപ്പസ്‌തോലിക പാരമ്പര്യവും ലത്തീന്‍ മിഷനറിമാരുടെ വിലയേറിയ സംഭാവനകളും സീറോ-മലബാര്‍ ഹൈരാര്‍ക്കി രൂപീകരിക്കപ്പെട്ടതിനുശേഷം കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന ആരാധനാക്രമ നവീകരണവും സാംസ്‌ക്കാരികാനുരൂപണവും അര്‍ഹമായ പ്രാധാന്യത്തോടെ പഠനവിധേയമാക്കാന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. അടുത്ത പത്തുവര്‍ഷങ്ങളെങ്കിലും ആരാധനാക്രമ നവീകരണത്തിനും സാംസ്‌ക്കാരികാനുരൂപണത്തിനുമായി മാറ്റി വയ്ക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഒരേ സഭയില്‍തന്നെ ജനാഭിമുഖമായും അള്‍ത്താരാഭിമുഖമായും ബലിയര്‍പ്പിക്കുന്നത് അനൈക്യമായി കാണാതെ, വൈവിധ്യങ്ങളെ ആദരപൂര്‍വ്വം ഉള്‍ക്കൊണ്ട് പരസ്പര ബഹുമാനത്തോടെ ബലിയര്‍പ്പിക്കാന്‍ സഭാമക്കളെ പ്രചോദിപ്പിക്കാനല്ലേ മെത്രാന്‍ സമിതി ശ്രമിക്കേണ്ടത്? പരിശുദ്ധാത്മാവു നല്‍കുന്ന ആത്മീയവെളിച്ചത്തില്‍ സഭയുടെ ചലനാത്മകമായ വളര്‍ച്ചയ്ക്ക് ഉതകുന്നതെന്നതെന്തെന്ന് കൃത്യമായി വിവേചിച്ചറിയാനും ആ ഉള്‍ക്കാഴ്ചയ്ക്കനുസരണമായി നിര്‍ഭയം സഭാസംവിധാനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇന്നിന്റെ ആത്മീയനേതൃത്വത്തിനു തുറവിയും സന്മനസും ആത്മബലവും ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org