തീരദേശ ജനതയുടെ ആത്മനൊമ്പരങ്ങള്‍

തീരദേശ ജനതയുടെ ആത്മനൊമ്പരങ്ങള്‍

ഷാജി ജോര്‍ജ്
(കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ്)

കടലൊരു രോഗിണിയെപ്പോലിവിടെത്തിരിഞ്ഞുമറിയുന്നു-
കരയുടെ നേരേ നീളും കൈയുകള്‍ വഴുതിത്തളരുന്നു-
തുടുത്ത സൂര്യനുമതു കാണാനരുതാതേ മറയുന്നു-
കറുത്ത മണ്ണില്‍ തിളക്കമെന്തിനു കണ്ണീരോ, ചിരിയോ?
– ഒ.എന്‍.വി. (കറുത്ത സന്ധ്യ)

ഇന്ത്യയിലെ ഏറ്റവും അനുഗൃഹീത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതില്‍ ജൈവവൈവിധ്യവും ജലസമൃദ്ധിയും പ്രധാന കാരണമാണ്. കേരളത്തിലെ ജലാശയങ്ങളാകട്ടെ ഉല്പാദനക്ഷമതയ്ക്ക് കേളികേട്ടതുമാണ്. കേരളത്തിലെ തീരക്കടലില്‍ നിന്നും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും ഉദ്ദേശം ഏഴര എട്ട് ലക്ഷം ടണ്‍ മത്സ്യം പ്രതിവര്‍ഷം പിടിച്ചെടുക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന കേരളത്തില്‍ 1950-കളോടെയാണ് യന്ത്രവല്‍കൃത മത്സ്യബന്ധനത്തിന് തുടക്കംകുറിക്കുന്നത്. ഇതുമൂലം ഉല്പാദനത്തിലും കാര്യമായ വര്‍ദ്ധനയും കുതിച്ചുചാട്ടവും കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ 1970-ല്‍ കാര്യങ്ങള്‍ മാറ്റിമറിക്കപ്പെ ട്ടു. വലിയതോതില്‍ ചൂഷണം നടത്താന്‍ കഴിയുന്ന ട്രോള്‍ ബോട്ടുകളും ഉപരിതല നീന്തുമത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കാവുന്ന പേഴ്സീന്‍ ബോട്ടുകളും മത്സ്യബന്ധനത്തിനിറങ്ങി. മാറിമാറി വന്ന മത്സ്യനയങ്ങള്‍ വിദേശട്രോളറുകളുടെ കടന്നുകയറ്റത്തിനും അടിത്തട്ട് ഇളക്കിമറിച്ചുള്ള മീന്‍പിടുത്തത്തിനും അവസരമൊരുക്കി. പല മത്സ്യ-ചെമ്മീന്‍ ഇനങ്ങളുടെ ശോഷണവും തിരോധാനവും കടലിലുണ്ടായി. കേരള തീരക്കടലില്‍ സുലഭമായിരുന്ന കരിക്കാടി, പരവ, ഏട്ട, കൂരി വര്‍ഗ്ഗങ്ങളാകെ അതിശയകരമായ തോതില്‍ കുറഞ്ഞുപോയതും പ്രത്യക്ഷ ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് പരമ്പരാഗത മീന്‍പിടുത്തക്കാരും യന്ത്രവല്‍കൃത ബോട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുന്നത്. അരക്ഷിതാവസ്ഥയിലേക്ക് മത്സ്യബന്ധന രംഗം നീങ്ങി. ഇതേത്തുടര്‍ന്ന് കത്തോലിക്കാ സഭ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടാന്‍ തുടങ്ങി. 1954-ല്‍ കൊല്ലം ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസ് കേരളത്തിലെ ആദ്യ മത്സ്യത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. ആലപ്പുഴ ബിഷപ്പ് മൈക്കിള്‍ ആറാട്ടുകുളം, ഫാ. ആല്‍ബര്‍ട്ട് പരശുവിള, ഫാ. പോള്‍ അറക്കല്‍, ഫാ. ജോസഫ് ടഫറേല്‍ എസ്.ജെ., ഫാ. തോമസ് കോച്ചേരി എന്നീ വൈദിക ശ്രേഷ്ഠര്‍ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കി. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി യൂണിയനുകള്‍ ശക്തമായി രംഗത്തുവന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പല കമ്മീഷനുകളെയും നിയോഗിക്കുകയും ചെയ്തു. ഡോ. ബാലകൃഷ്ണന്‍ നായര്‍ ചെയര്‍മാനായ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശ അനുസരിച്ച് കേരള കടലില്‍ മത്സ്യബന്ധന ബോട്ടുകളുടെ ട്രോളിംഗ് നിശ്ചിതകാലത്തേയ്ക്ക് നിരോധിക്കുന്ന പതിവ് 1988-ല്‍ ആരംഭിച്ചു. എന്നാല്‍ 1991-ല്‍ രാജ്യം സ്വീകരിച്ച പുത്തന്‍ സാമ്പത്തിക നയങ്ങളും എക്സീം നയങ്ങളും ആസിയാന്‍ കരാറും വിദേശരാജ്യങ്ങളിലെ കപ്പലുകള്‍ക്ക് നമ്മുടെ കടലില്‍ മീന്‍പിടുത്തത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി. അങ്ങനെ തദ്ദേശീയ ബോട്ടുകളിലും നാടന്‍ വഞ്ചികളിലും മീന്‍പിടിക്കുന്നവരുടെ അവസരങ്ങള്‍ ഹനിക്കപ്പെടുകയും മത്സ്യശോഷണം മൂലം അവരുടെ ഉപജീവനം വഴിമുട്ടുകയും ചെയ്തു.

മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിയിലും അന്തരീക്ഷത്തിലും സമുദ്രത്തിലും സംഭവിച്ച വ്യതിയാനങ്ങളും കാരണമായി. ആഗോളതാപനം മൂലം കടലിലെ ഊഷ്മാവ് ക്രമാതീതമായി ഉയരുകയും കടല്‍ ജലനിരപ്പ് കൂടുകയും സമുദ്രത്തില്‍ അമ്ലത്തിന്‍റെ തോത് വര്‍ദ്ധിക്കുകയും ചെയ്തു. ഈ പ്രതിഭാസങ്ങള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവ സമുദ്രത്തിന്‍റെ അടിസ്ഥാന മത്സ്യ ഉല്പാദനശേഷിയെ ബാധിച്ചിട്ടുണ്ട്. മത്സ്യപ്രജനനം നടക്കാത്തതാണ് ഇതിന് കാരണം. ഇതുമൂലം കടലില്‍ വറുതി സംഭവിച്ചു. ഇതിന്‍റെ ആക്കം കൂട്ടാന്‍പോരുംവിധം 2011-ല്‍ പരിഷ്ക്കരിച്ചിറക്കിയ തീരദേശ പരിപാലന വിജ്ഞാപനവും 2014-ല്‍ ഇറക്കിയ ആഴക്കടല്‍ മത്സ്യനയവും പ്രേരകമായി. അവയിലെ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിരോധനങ്ങളുമൊക്കെ തങ്ങളുടെ ഉപജീവന സുരക്ഷയ്ക്കും നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന കാര്യം മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും അലോസരപ്പെടുത്തുന്നു. തുല്യനീതിക്കുവേണ്ടി മുറവിളി കൂട്ടുന്ന ഈ വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് എന്നാണാവോ പരിഹാരമുണ്ടാകുക?

അവഗണിക്കപ്പെടുന്ന തീരപ്രദേശം
കേരളത്തിലെ 590 കിലോമീറ്റര്‍ നീളം വരുന്ന തീരപ്രദേശം അധികാരികളുടെ തുടര്‍ച്ചയായ അവഗണനയുടെയും നീതിനിഷേധത്തിന്‍റെയും ഭൂപ്രദേശമായി നിലനില്‍ക്കുകയാണ്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തീരപ്രദേശത്തെ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല. നല്ല വീടുകളില്ല, റോഡുകളില്ല, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളില്ല. സുനാമി ദുരന്തത്തിന്‍റെ മുറിവുകളുണക്കാന്‍ ലഭിച്ച ഫണ്ടുകളും പദ്ധതികളും തീരദേശം വിട്ട് മാറിപ്പോയി. കടലില്‍ തൊഴിലെടുക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറ്റാലിയന്‍ ക പ്പലിലെ വെടിവെപ്പും അടുത്ത ദിവസം കൊച്ചി കായലില്‍ വിദേശ കപ്പല്‍ ബോട്ട് ഇടിച്ചുതകര്‍ത്തതും ഇതിനുദാഹരണമാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലും തീരദേശ ത്ത് സംലഭ്യമല്ല. കുടിവെള്ളത്തിനായി ജനങ്ങള്‍ വല്ലാതെ അലയുന്ന അവസ്ഥ. ഈ ജനതയുടെ പ്രതിനിധികളാണ് അടുത്തകാലത്ത് നായ്ക്കള്‍ ക്രൂരമായി കടിച്ചുകീറി കൊന്ന പുല്ലുവിളയിലെ ശീലുവമ്മയും ജോസ്ലിനും.

സി.ആര്‍.ഇസഡ്. വിജ്ഞാപനത്തിലെ അപാകതകള്‍
കടലിന്‍റെയും തീരത്തിന്‍റെ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ തീരദേശപരിപാലന നിയമം ഇന്ന് തീരദേശവാസികള്‍ക്ക് പ്രഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. 2011-ല്‍ പരിഷ്ക്കരിച്ച സി.ആര്‍.ഇസഡ്. വിജ്ഞാപനത്തില്‍ തീരത്തെ നാല് വ്യത്യസ്ത മേഖലകളായി തരംതിരിച്ചിരിക്കുന്നു. കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (സി.ആര്‍.ഇസഡ്.) വിജ്ഞാപനത്തിലെ അപാകതകള്‍ മൂലം വീട് പണിയാന്‍ സാധിക്കാത്ത ആയിരക്കണക്കിന് ജനങ്ങളാണ് കേരളത്തിന്‍റെ തീരപ്രദേശങ്ങളിലും കായലോരങ്ങളിലും ഉള്ളത്. കേരളത്തില്‍ 5 സെന്‍റ്ഭൂമിപോലും സ്വന്തമായില്ലാത്തവരുടെ സംസ്ഥാന ശരാശരി 9% ആണ്. എന്നാല്‍, തീരപ്രദേശത്ത് ഈ കണക്ക് എടുത്താല്‍ 32% വരും. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകള്‍ തീര പ്രദേശത്തുള്ളപ്പോഴാണ് സി.ആര്‍.ഇസഡ്. നിയന്ത്രണം!
കേരളത്തിലെ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 810 ആണ്. എന്നാല്‍, തീരദേശത്തെ ജനസാന്ദ്രത 2168 ആണ്. തിരുവനന്തപുരം ജില്ലയിലെ കരിങ്കുളം പോലുള്ള പഞ്ചായത്തുകളിലും ചില തീരമുന്‍സിപ്പാലിറ്റികളിലും ജനസാന്ദ്രത 10,000-ത്തില്‍ കവിയും. തീരത്തോടുചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ വീടുവച്ചതിന്‍റെ പ്രധാനകാരണം തന്നെ തൊഴില്‍ ലഭ്യതയും അതിന്‍റെ സൗകര്യങ്ങളുമാണ്. കടലിലെ ഏറ്റിറക്കങ്ങളും തിരകളും നോക്കി കാലാവസ്ഥയും മത്സ്യലഭ്യതയും പ്രവചിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നമുക്ക് അത്ഭുതമാകും.

തീരദേശ നിയന്ത്രണ വിജ്ഞാപനം നടപ്പാക്കിയതിനുശേഷം കേരളത്തിലെ ചില പഞ്ചായത്തുകളില്‍ ഒരു വീടുപോലും വയ്ക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. സ്വന്തം സ്ഥലത്ത് വീടുവയ്ക്കാന്‍പോലും അവകാശമില്ലാത്ത തീരദേശവാസികള്‍! മക്കള്‍ക്കായി പുരയിടം പകുത്തുനല്‍കിയാല്‍ അവര്‍ക്കും പുതിയ വീട് നിര്‍മ്മിക്കാന്‍ സാധ്യമാകാതെ വരുന്നു. പഴയ വീട് പൊളിച്ചുപണിയാനും സാധിക്കാത്ത അവസ്ഥയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് വീടുനിര്‍മ്മാണത്തിനാവശ്യമായ പെര്‍മിറ്റ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റിക്കാണ് പെര്‍മിറ്റ് നല്‍കാനുള്ള അവകാശം. തിരുവനന്തപുരത്തെ കെ.സി.ഇസഡ്.എം.എ.യുടെ ഓഫീസില്‍ തീരദേശവാസികളുടെ ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. സി.ആര്‍.ഇസഡ്. വിജ്ഞാപനം തീരസംരക്ഷണത്തിന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍ രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഇതിനു സാധിച്ചിട്ടില്ല. ഈ പ്ലാനുകള്‍ രൂപപ്പെടുത്തിയാല്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള അവകാശം തിരികെ നല്‍കുകയുള്ളൂ. പഞ്ചായത്തുകള്‍ ഇപ്പോള്‍ താല്‍ക്കാലികമായി വീടുകള്‍ക്ക് യു.എ. നമ്പര്‍ (അണ്‍ഓതറൈസ്ഡ് നമ്പര്‍) നല്‍കുന്നുണ്ട്. എന്നാല്‍, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവയ്ക്കായി ഇത്തരം വീടുകളില്‍ താമസിക്കുന്നവര്‍ അമിതചാര്‍ജ് നല്‍കേണ്ടതുണ്ട്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ പടിഞ്ഞാറ് കടലും കിഴക്ക് കായലുമായി 300 മീറ്റര്‍ പോലും ദൂരമില്ല. അവിടെ സി.ആര്‍.ഇസഡ്. വിജ്ഞാപനം അനുശാസിക്കുന്നത് കടല്‍ 200 മീറ്റര്‍ പരിധിയും കായല്‍ 100 മീറ്റര്‍ പരിധിയുമാണ്. അപ്പോള്‍ ഇവിടെ ഇനി ഒരു പുതിയ ഭവനംപോലും പണിയാന്‍ ആവില്ല. എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമാനമായ അവസ്ഥയാണ്. വൈപ്പിന്‍കരയില്‍ ആറുപഞ്ചായത്തുകളില്‍ കിഴക്ക് കായലും ചെമ്മീന്‍ കെട്ടുകളുമാണ്. ചെമ്മീന്‍ കെട്ടുകള്‍ സി.ആര്‍.ഇസ ഡ്. പരിധിയില്‍ വരും. അവിടെ 50 മീറ്ററിനകത്ത് വീടുനിര്‍മ്മാണം അനുവദിക്കുന്നില്ല.

ധനികരും ദരിദ്രരും
നഗരത്തിലെത്തിയാല്‍ ഇക്കഥ മാറും. ഒരു ചെറിയ ടാറിട്ട റോഡ് ഉണ്ടെങ്കില്‍ അതിന് മറുകരയില്‍ വന്‍ ടൂറിസ്റ്റ് ഗോപുരങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും കാണാനാവും. കൊച്ചി നഗരം തന്നെ പ്രധാന ഉദാഹരണം. മറൈന്‍ഡ്രൈവില്‍ വന്‍ പാര്‍പ്പിടസമുച്ചയങ്ങള്‍ ഉയരുമ്പോള്‍ കൊച്ചിനഗരത്തിന് തെല്ലകലെയുള്ള കോതാട്, മൂലമ്പിള്ളി, പിഴല, ചേന്നൂര്‍, ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലൊക്കെ വീട് നിര്‍മ്മിക്കുന്നതിനുവേണ്ടി പാവപ്പെട്ട മനുഷ്യര്‍ നെട്ടോട്ടമോടുന്നു.
തീരദേശ പരിപാലന വിജ്ഞാപനം തീരദേശവാസികളെ പലതട്ടുകളാക്കി മാറ്റിയിരിക്കുന്നു. നഗരവാസികള്‍ക്കൊരു നിയമം, തീരവാസികള്‍ക്കൊരു നിയമം. ഇതൊരുതരത്തിലും ന്യായീകരിക്കാനാവില്ല. എറണാകുളം മറൈന്‍ഡ്രൈവിലെ മുഴുവന്‍ കെട്ടിടങ്ങളെയും തീരദേശപരിപാലന വിജ്ഞാപന പരിധിയില്‍ നിന്നും ഒഴിവാക്കിയത് ഒരു നടപ്പാതയെ റോഡ് എന്ന് വ്യാഖ്യാനിച്ചാണ്. കെട്ടിടങ്ങള്‍ക്കും കായലിനും ഇടയ്ക്കുള്ള നടപ്പാതയെ റോഡ് എന്ന് വ്യാഖ്യാനിച്ച് നിര്‍മ്മാണ അനുമതി നേടി. മറൈന്‍ഡ്രൈവിന്‍റെ വടക്കേ അറ്റത്ത് ഗോശ്രീപ്പാലത്തിനോട് ചേര്‍ന്ന് നെപ്റ്റ്യൂണ്‍ എന്ന ഭീമന്‍ കെട്ടിടസമുച്ചയം കായലിനെയും പെരിയാറിനെയും വകഞ്ഞുമാറ്റിക്കൊണ്ടാണ് നിലകൊള്ളുന്നത്. നിയമം ധനവാനും ദരിദ്രനും രണ്ടു രീതിയിലാണോ?

കാലവര്‍ഷം
എല്ലാ വര്‍ഷവും കടലാക്രമണം മൂലം തീരദേശവാസികളുടെ വീടുകള്‍ നഷ്ടപ്പെടുമ്പോള്‍ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഓടിയെത്തും. അടുത്തുള്ള വിദ്യാലയങ്ങളില്‍ അവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും. സൗജന്യ റേഷനും നല്‍കും. ഒരാഴ്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സജീവമായി കയറിയിറങ്ങും. കടലാക്രമണം തടയാന്‍ മണല്‍ നിറച്ച ചാക്കുകള്‍ താല്‍ക്കാലികമായി തീരങ്ങളില്‍ വിന്യസിക്കും. കുറച്ചുദിവസം കുട്ടികളുമായി ക്യാമ്പില്‍ കഴിയുന്നവര്‍ ക്യാമ്പില്‍ കിടന്ന് മടുക്കുമ്പോള്‍ മാറ്റിപാര്‍പ്പിക്കപ്പെട്ടവര്‍ അപകടഭീതിയൊന്നും നോക്കാതെ വെള്ളം കയറുന്ന വീടുകളിലേക്ക് മടങ്ങും. അപ്പോഴേയ്ക്കും കടലിന്‍റെ കലിയും ഒരുവിധം ശമിച്ചിട്ടുണ്ടാകും. ഈ പതിവ് മുടക്കമില്ലാതെ തീരത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

വന്‍ പദ്ധതികള്‍ തകര്‍ക്കുന്ന തീരം
വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ നിര്‍മ്മാണം ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള കടലാക്രമണത്തിന്‍റെ രൂക്ഷത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിലെ മണ്ണിടിപ്പ് സംബന്ധമായി പഠനം നടത്തിയ ഏജന്‍സികളും ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് കടന്നുവരാനായി കപ്പല്‍ചാലിനും ബെര്‍ത്തിനും 14 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നതിന് തുടര്‍ച്ചയായുള്ള ഡ്രഡ്ജിംഗ് നടക്കുന്നുണ്ട്. കൊച്ചി തുറമുഖത്തിന്‍റെ ശില്പി ബ്രിട്ടീഷ് ഹാര്‍ബര്‍ എഞ്ചിനീയര്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ തുറമുഖനിര്‍മ്മാണത്തിനുശേഷം കൊച്ചി വിടുമ്പോള്‍ കൊച്ചി തീരം ഇടിയാതിരിക്കാന്‍ അഴിമുഖത്തോട് ചേര്‍ന്ന് കടലിലേക്ക് ഒരു കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് കെട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇക്കാര്യം മുഖവിലയ്ക്കെടുക്കാന്‍ ആരും തയ്യാറായില്ലത്രെ. ഇതിന്‍റെ പരിണിതഫലമാണ് ഇടയ്ക്കിടയ്ക്ക് ഫോര്‍ട്ടുകൊച്ചി കടപ്പുറം ഇല്ലാതാവുന്നതും ഇടയ്ക്ക് മണ്ണുവച്ച് ബീച്ച് നിര്‍മ്മിക്കപ്പെടുന്നതും. ഇതിനു സമാനമായ കാര്യം തന്നെയാണ് കൊല്ലത്തെ ഇരവിപുരത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജി.എസ്.ടി.യും മത്സ്യമേഖലയും
കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികുതി നടപ്പാക്കിയതിലൂടെ ദുരിതം അനുഭവിക്കുന്നവരില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. പരമ്പരാഗതമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നാളിതുവരെ നികുതി ഒഴിവാക്കിയിരുന്ന വല, ചൂണ്ട, റോപ്പ് തുടങ്ങിയവയ്ക്കുപോലും ജി.എസ്.ടി. നിയമപ്രകാരം 12% നികുതി ചുമത്തിയിരിക്കുകയാണ്. ഔട്ട്ബോര്‍ഡ് എന്‍ഞ്ചിന്‍റെ നികുതി 18 ശതമാനത്തില്‍ നിന്നും 28 ശതമാനമായി വര്‍ദ്ധിച്ചു. ഐസ് ബോക്സിന്‍റെ നികുതി 14.5-ല്‍ നിന്നും 18 ആയി വര്‍ദ്ധിപ്പിച്ചു. ഏറ്റം രസകരം ഉണക്കമീന് ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം നികുതിയാണ്. ഇത് ഇടനിലക്കാര്‍ക്ക് ലാഭമുണ്ടാക്കാനേ ഉതകുകയുള്ളൂ. ജി.എസ്.ടി.യുടെ പേരില്‍ മത്സ്യത്തൊഴിലാളിയില്‍ നിന്ന് വിലകുറച്ച് വാങ്ങുന്ന മത്സ്യം കൂടുതല്‍ വിലയ്ക്ക് ഉപഭോക്താവിന് നല്‍കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മത്സ്യബന്ധനബോട്ടുകളില്‍ ഉപയോഗിക്കുന്ന ഡീസലിനും നികുതി വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം 14 ലക്ഷം രൂപയാണ് ഒരു ബോട്ട് നികുതിയിനത്തില്‍ മാത്രം നല്‍കേണ്ടിവരുന്നത്. മത്സ്യം കിട്ടാത്ത സാഹചര്യത്തില്‍ മത്സ്യബന്ധന ചെലവ് വര്‍ദ്ധിച്ചാല്‍ അതെങ്ങനെ ഇവര്‍ക്ക് പരിഹരിക്കാനാവും.?

തീരഹരിതപാത അഥവാ ഗ്രീന്‍ കോറിഡോര്‍
കേരളത്തിന്‍റെ തീരത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തീരഹരിതപാതയെക്കുറിച്ചുള്ള പദ്ധതി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍പ്രകാരം കടലില്‍ നിന്നും 50 മീറ്റര്‍ ദൂരം ഗ്രീന്‍കോറിഡോറായി പരിഗണിക്കും. ഇതില്‍ 35 മീറ്ററില്‍ ഹരിതവനവും 15 മീറ്ററില്‍ റോഡുമാണ് നിര്‍മ്മിക്കുന്നത്. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ 590 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തീരഹരിത പാതയ്ക്കുവേണ്ടി 33,000 കുടുംബങ്ങളെയാവും മാറ്റിപാര്‍പ്പിക്കേണ്ടിവരുന്നത്. ഇതു കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരാശങ്കയാണ് ജനങ്ങളില്‍ ഉണ്ടാകുന്നത്. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും തെരുവില്‍ കഴിയുന്നു എന്നതുതന്നെയാണ് ഈ ആശങ്കയ്ക്ക് പ്രധാനകാരണം. കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയത്തിന്‍റെ സാഗര്‍മാലാ പദ്ധതിയുടെ സംസ്ഥാന രൂപമാണ് നിര്‍ദ്ദിഷ്ട ഹരിതപാത.

സമഗ്രമായ വീക്ഷണത്തിലും ആസൂത്രിതമായ രീതിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യങ്ങള്‍ നിര്‍വ്വഹിച്ചെങ്കില്‍ മാത്രമേ, തീരദേശത്തെയും മത്സ്യമേഖലയെയും നൊമ്പരപ്പെടുത്തുന്ന പ്രശ്നങ്ങള്‍ക്ക് സമാശ്വാസം നല്‍കാനാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org