തിരുഹൃദയത്തിന്‍റെ നെഞ്ചിടിപ്പിലേക്ക്…

തിരുഹൃദയത്തിന്‍റെ നെഞ്ചിടിപ്പിലേക്ക്…

നിഷ മരിയ ജോര്‍ജ്ജ്
II BA, ഉഴവൂര്‍

ഈശോയോട് അടുക്കാന്‍ അവന്‍റെ മാറോടു ചേരാന്‍ അവനെ അറിയാന്‍ അവന്‍റേതായി മാറാന്‍ അവന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ അവന് എന്നെ സ്നേഹിച്ചപോലെ തിരിച്ചു സ്നേഹിക്കാന്‍ ഒക്കെയാണ് ഈശോയുടെ നിഷമോള്‍ നോമ്പെടുക്കുന്നത്.
അമ്പതു ദിവസം ഇറച്ചിക്കും മീനിനുമൊക്കെ നോമ്പെടുത്ത് അമ്പതാം ദിവസം അതിന്‍റെയെല്ലാം കൊതി തീര്‍ക്കുന്നതല്ല എന്‍റെ നോമ്പ്. ഈശോയെ സ്നേഹിക്കണം. പക്ഷേ, അതു വ്യത്യസ്തമായിരിക്കണം. എല്ലാ വിശുദ്ധരും ഈശോയെ സ്നേഹിച്ചത് വ്യത്യസ്തമായാണ്. അതുപോലെ എനിക്കും വ്യത്യസ്തമായി സ്നേഹിക്കണം. ഈ നോമ്പ് അതിനുള്ള ഒരു ചുവടുവയ്പാണ്.
എങ്ങനെ എന്‍റെ നോമ്പ് ഞാന്‍ വ്യത്യസ്തമാക്കും? എനിക്കിഷ്ടപ്പെട്ട എന്തെങ്കിലും 50 ദിവസം ഉപേക്ഷിച്ചിട്ടു പിന്നെയും അതു തുടരുമ്പോള്‍ ഞാന്‍ എല്ലാവരും ചെയ്യുന്നതുപോലെ ആകും.
സത്യം പറഞ്ഞാല്‍ ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും ഞാന്‍ ചെലവഴിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇന്നത്തെ ഏതു കൗമാരക്കാരെയുംപോലെ എന്‍റെയും അടുത്ത സുഹൃത്തുക്കളാണു വാ ട്സ്ആപ്പും ഫെയ്സ്ബുക്കുമൊക്കെ 50 ദിവസം തിരിഞ്ഞുനോക്കാതെ, പിന്നെ അതിലേറെ ശക്തിയോടെ അതിലേക്കു തിരിച്ചുപോകാന്‍ എനിക്കു താത്പര്യമില്ല. മറിച്ച് അത് ഏറ്റവും കുറച്ചു മാത്രം ഉപയോഗിക്കുകയാണെങ്കില്‍ എത്ര നല്ലതാണ്. ഈ നോമ്പിന്‍റെ ആരംഭം മുതല്‍ അവയോടുള്ള എന്‍റെ കൂട്ട് ഒരു മണിക്കൂര്‍ മതി. ഈശോയ്ക്ക് എന്നോടുള്ള സ്നേഹമോര്‍ക്കുമ്പോള്‍ എനിക്കതു പറ്റും. അപ്പോള്‍ ഇതിനുപയോഗിച്ചിരുന്ന ബാക്കി സമയം ഞാന്‍ എന്തു ചെയ്യും? ഈശോയുടെ കൂടെ ആയിരിക്കണം. നോമ്പ് ഇങ്ങനെയൊക്കെ സഹിച്ചു കടത്തിവിടേണ്ട ദിനങ്ങളല്ല. മറിച്ച് ഈശോയുടെ സ്നേഹത്തെ അനുഭവിക്കേണ്ട ദിനങ്ങളാണ്.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ പല ചേട്ടന്മാരും ചേച്ചിമാരും നോമ്പിലൂടെ ഈശോയോട് അടുക്കുന്നതു കണ്ടിട്ടുണ്ട്. അതുപോലെ എനിക്കും അടുക്കണം. പക്ഷേ, ഞാന്‍ അകന്നുപോയ മറ്റു പലരും എന്‍റെ കൂടെയുണ്ട്. അവരോട് ആദ്യം അടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ ഈശോയോട് അടുക്കും? എന്‍റെ മാതാപിതാക്കള്‍ പല കൂട്ടുകാര്‍ അങ്ങനെ മുമ്പു പറഞ്ഞ നോമ്പെടുക്കുന്ന ആ കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇവരോടൊക്കെ എനിക്ക് അകല്‍ച്ച ഉണ്ടാക്കിയത്. അതിനാല്‍ നോമ്പിന്‍റെ അവസാനം പുതിയൊരു നിഷമോളാവണം.
പെസഹാവ്യാഴം മുതല്‍ ദുഃഖശനിവരെ മുഖത്തു ദുഃഖം ഭാവിച്ചു വളരെ ശോകമായിരുന്ന് ഈസ്റ്ററിനു ബഹളത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ടിവിയുടെയും ഒക്കെ ലോകത്തു തിരിച്ചുപോയി ഈ നോമ്പുകാലവും കഴിഞ്ഞുപോകാന്‍ പാടില്ല. മറിച്ച് ഈ ദിനങ്ങളിലെല്ലാം ഈശോയോടുളള സ്നേഹത്തെ ആഴത്തില്‍ ധ്യാനിച്ച് എനിക്കുവേണ്ടി മരിച്ചവനെ തിരിച്ചറിഞ്ഞ് അതില്‍ ആനന്ദം കൊള്ളേണ്ട ദിനങ്ങളാണ്. ദുഃഖവെള്ളിയും ദുഃഖശനിയുമെല്ലാം ദുഃഖിക്കാനുള്ള ദിവസങ്ങളാണ് എന്നു ഞാന്‍ കരുതുന്നില്ല. മറിച്ച്, ഈശോയ്ക്ക് എന്നോടുള്ള സ്നേഹത്താല്‍ നിറഞ്ഞു സന്തോഷിക്കേണ്ട ദിനങ്ങളാണ്. ഈ നോമ്പിന്‍റെ അവസാനം യോഹന്നാനെപ്പോലെ അവന്‍റെ മാറില്‍ ചാരിക്കിടന്ന് ആ നെഞ്ചിടിപ്പ് അറിയാന്‍ എനിക്കും പറ്റണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org