|^| Home -> Cover story -> തിരുനാളെങ്ങനെ പെരുന്നാളായി ?

തിരുനാളെങ്ങനെ പെരുന്നാളായി ?

Sathyadeepam

ഫാ. മൈക്കിള്‍ കാരിമറ്റം

ആമുഖം
നിന്‍റെ ദൈവമായ കര്‍ത്താവ് തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണത്തിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും അവിടുത്തെ മുമ്പില്‍ സന്തോഷിക്കണം. ഈജിപ്തില്‍ നീ അടിമയായിരുന്നു എന്ന് ഓര്‍മിക്കുക. ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കണം” (നിയ. 16:11-12).

ആഘോഷങ്ങളില്ലാത്ത ജനതകളില്ല. ഏതെങ്കിലും വിധത്തില്‍, ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ ആഘോഷിക്കുക സകല ജനതകളുടെയും ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. അനുദിനം ജീവിതത്തിന്‍റെ വിരസതകളും അദ്ധ്വാനഭാരവും ദുഃഖങ്ങളും തകര്‍ച്ചയും നിരാശയുമൊക്കെ മറന്ന് അല്പസമയത്തേക്കെങ്കിലും സന്തോഷിക്കാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍. അതു വ്യക്തികളുടെയും കുടുംബങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കാം. വിവാഹം, ജന്മദിനം മുതലായവ ഇപ്രകാരമുള്ള ആഘോഷങ്ങളാകുന്നു. അല്ലെങ്കില്‍ സമൂഹത്തിന്‍റെ മുഴുവന്‍ ആഘോഷമാകാം. അതു വിളവെടുപ്പുമായി ബന്ധപ്പെട്ടതോ വര്‍ഷത്തിന്‍റെ ചില പ്രത്യേകതകളുടെ അടിസ്ഥാനത്തിലോ ആയിരിക്കാം – നമ്മുടെ നാട്ടിലെ ഓണവും വിഷുവും പോലെ.

ഈ ആഘോഷങ്ങള്‍ക്കു സാവകാശം മതാത്മകമായ വിശദീകരണങ്ങളും നിബന്ധനകളും ചട്ടക്കൂടുകളും കൈവന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും മതാത്മകതയുടെ സ്വാധീനം ഉണ്ടായതിന്‍റെ ഫലമാണിത്. അപ്പോള്‍ കാര്‍ഷികാഘോഷങ്ങള്‍ മതാചാരങ്ങളുമായി ബന്ധപ്പെട്ടു; പോരാ മതാചാരങ്ങളായി മാറി. ഓരോ മതത്തിന്‍റെയും വിശ്വാസസംഹിതകള്‍ക്കനുസൃതമായി തിരുനാളുകള്‍ക്കു വിശദീകരണങ്ങള്‍ നല്കപ്പെട്ടു; ആഘോഷങ്ങള്‍ക്ക് ആചാരക്രമങ്ങളും.

ഇസ്രായേലിലെ തിരുനാളുകള്‍
ഇപ്രകാരമുള്ള തിരുനാളുകള്‍ ഇസ്രായേല്‍ ജനതയ്ക്കിടയിലുമുണ്ടായിരുന്നു. ഇസ്രായേല്‍ ജനം ആഘോഷിച്ചിരുന്ന തിരുനാളുകളുടെ പട്ടിക ലേവ്യര്‍ 23, 25 അദ്ധ്യായങ്ങളില്‍ കാണാം; നിയ. 16-ാം അദ്ധ്യായത്തിലും. പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുനാള്‍ എന്നിവയായിരുന്നു ഇസ്രായേലിലെ ഏറ്റം പഴയതും പ്രധാനപ്പെട്ടതുമായ തിരുനാളുകള്‍.

എന്നാല്‍ ഈ മൂന്നു തിരുനാളുകളും തുടക്കത്തില്‍ ആ ജനത്തിന്‍റെ അനുദിനജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ നിന്നു രൂപംകൊണ്ടതാണെന്ന് അധികമാര്‍ക്കും അറിയില്ല. പെസഹാതിരുനാള്‍ മരുഭൂമിയില്‍ നിന്ന് ആട്ടിന്‍പറ്റവുമായി കൊയ്ത്തു കഴിഞ്ഞു വിളഭൂമിയിലേക്കു കടന്നുപോകുന്ന ഇടയജനത്തിന്‍റെ ആഘോഷമായിരുന്നു. കര്‍ഷകരായിരുന്ന കാനാന്‍കാരുടെ പുത്തരിത്തിരുനാളാണ് ഇസ്രായേല്‍ക്കാര്‍ പെസഹായോടനുബന്ധിച്ചു പുളിപ്പില്ലാത്ത അപ്പങ്ങളുടെ തിരുനാളായി ആഘോഷിച്ചത്. ധാന്യക്കൊയ്ത്ത് അവസാനിക്കുന്നതിന്‍റെ ആഘോഷമായിരുന്നു പന്തക്കുസ്താ – ആഴ്ചകളുടെ തിരുനാള്‍. പഴവര്‍ഗങ്ങള്‍ ശേഖരിച്ചു കഴിയുമ്പോള്‍ പുതുവീഞ്ഞു കുടിച്ച് ആഘോഷിച്ചിരുന്നതാണു കൂടാരത്തിരുനാളായി പരിണമിച്ചത്.

ഇവയ്ക്കു പുറമെ സുപ്രധാനമായ ഒരു തിരുനാളായിരുന്നു പാപപരിഹാരദിനം (ലേവ്യര്‍ 16). പ്രധാന പുരോഹിതന്‍ തന്‍റെയും പുരോഹിതരുടെയും ജനം മുഴുവന്‍റെയും പാപത്തിനു പരിഹാരമായി ബലിയര്‍പ്പിക്കുന്ന ദിവസം. എസ്തേര്‍ രാജ്ഞിയുടെ മാദ്ധ്യസ്ഥ്യത്തിലൂടെ ഇസ്രായേല്‍ ജനത്തിനു കൈവന്ന രക്ഷയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ‘പൂരിം’ തിരുനാള്‍ (എസ്തേര്‍ 9:20-22). ഗ്രീക്കു രാജാവായ അന്തിയോക്കസ് നാലാമന്‍ അശുദ്ധമാക്കിയ ജെറുസലേം ദേവാലയം യൂദാസ് മക്കബേയൂസിന്‍റെ നേതൃത്വത്തില്‍ വീണ്ടെടുത്ത്, വിശുദ്ധീകരിച്ച്, പുനഃപ്രതിഷ്ഠിച്ചതിനെ പ്രതിഷ്ഠയുടെ തിരുനാള്‍ (1 മക്ക. 4, 36-61; 2 മക്ക. 10, 1-9) ആഘോഷിക്കുന്നു.

ഇവയ്ക്കു പുറമെ ആഴ്ചതോറും ആഘോഷിച്ചിരുന്നതാണു സാബത്ത്. ഇത് ഈജിപ്തിലെ അടിമത്തത്തില്‍നിന്നു ദൈവം നല്കിയ വിടുതലിനെയും (നിയമ. 5:12-15) ആറു ദിവസംകൊണ്ടു സൃഷ്ടികര്‍മം പൂര്‍ത്തിയാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചതിനെയും (പുറ. 20:8-11) അനുസ്മരിച്ച് ആഘോഷിക്കുന്നു. ഓരോ ഏഴാം വര്‍ഷവും ആചരിക്കേണ്ട സാബത്തു വര്‍ഷവും അമ്പതാം വര്‍ഷം ആചരിക്കേണ്ട ജൂബിലിവര്‍ഷവും (ലേവ്യ 24) ആഘോഷാവസരങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ഈ തിരുനാളുകള്‍ക്കെല്ലാം വ്യക്തമായ മതാത്മകവും സാമൂഹികവുമായ മാനങ്ങളുണ്ടായിരുന്നു.

തിരുനാളുകളുടെ ലക്ഷ്യം മുഖ്യമായും നാലു കാര്യങ്ങളാണ്. 1. അനുസ്മരണം. 2. കൃജ്ഞത. 3. അനുസരണം – വിശ്വസ്തത. 4. സന്തോഷം – ആഘോഷം.

1. അനുസ്മരണം: ദൈവത്തെയും ദൈവം നല്കിയ അനുഗ്രഹങ്ങളെയും പ്രത്യേകമാംവിധം അനുസ്മരിക്കാനുള്ള അവസരങ്ങളായിരുന്നു തിരുനാളുകള്‍. അതിനാല്‍ത്തന്നെ എല്ലാ തിരുനാളുകളും ഏതെങ്കിലും വിധത്തില്‍ രക്ഷാചരിത്രവുമായി ബന്ധപ്പെടുത്തിയിരുന്നു. തങ്ങളുടെ അസ്തിത്വവും നിലനില്പും എല്ലാം ദൈവത്തിന്‍റെ പ്രത്യേക ദാനവും അവിടുത്തെ സ്നേഹത്തിന്‍റെയും തിരഞ്ഞെടുപ്പിന്‍റെയും പ്രകടനവുമാണെന്നു ജനം അനുസ്മരിക്കണം.

2. കൃതജ്ഞത: ദൈവത്തിന്‍റെ അനന്ത കാരുണ്യവും കൃപയുമാണു തങ്ങളെ ഒരു ജനമാക്കി നിലനിര്‍ത്തുന്നത് എന്ന അവബോധം അവരില്‍ ജനിപ്പിക്കേണ്ട ആദ്യവികാരം നന്ദിയുടേതാണ്. ‘കര്‍ത്താവ് നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും… നിങ്ങളെ സ്നേഹിക്കുകയും… ചെയ്യുന്നതുകൊണ്ടാണ്” (നിയ. 7, 6-8). കൃതജ്ഞതയായിരിക്കണം അവര്‍ അര്‍പ്പിക്കുന്ന ശ്രേഷ്ഠബലി.

3. അനുസരണം, വിശ്വസ്തത: ദൈവം നല്കിയ ദാനങ്ങളില്‍ ഏറ്റം ശ്രേഷ്ഠമായ ദാനമാണ് ദൈവത്തിന്‍റെ സ്വന്തം ജനം എന്ന സ്ഥാനം. സീനായ് ഉടമ്പടിയിലൂടെ ഉറപ്പു നല്കിയിരിക്കുന്നതാണ് ഈ സ്ഥാനം. ഉടമ്പടി എന്ന സ്ഥാനം നഷ്ടപ്പെടും എന്നു ചുരുക്കം. എല്ലാ തിരുനാളുകളും ഈ യാഥാര്‍ത്ഥ്യം അനുസ്മരിക്കാനും ദൈവത്തോടുള്ള അനുസരണവും വിശ്വസ്തതയും ഏറ്റുപറയാനുമുള്ള അവസരങ്ങളായിരിക്കണം.

4. ആഘോഷം: ജനഹൃദയങ്ങളിലും സമൂഹജീവിതത്തിലും മുന്നിട്ടുനില്ക്കേണ്ട വികാരം സന്തോഷത്തിന്‍റേതായിരിക്കണം. തിരുനാളുകള്‍ സന്തോഷത്തിന് ആഴവും വ്യാപ്തിയും അര്‍ത്ഥവും പകരുന്നു. ദൈവം എന്നെ, ഞങ്ങളെ നമ്മെ സ്നേഹിക്കുന്നു എന്ന അവബോധമാണു സന്തോഷത്തിന്‍റെ അടിത്തറ.

എല്ലാവര്‍ക്കും ദൈവസന്നിധിയില്‍ സന്തോഷിക്കാനുള്ള അവസരമായിരിക്കണം തിരുനാളുകള്‍. ആദ്യഫലങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം ദൈവസന്നിധിയില്‍ വച്ചു സന്തോഷിച്ച് ആഘോഷിക്കണം എന്നു പ്രത്യേകം അനുശാസിക്കുന്നത് ഈ വിഷയത്തിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു. “അവിടുന്നു നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടുള്ള എല്ലാ നന്മയെയും പ്രതി നിങ്ങളും ലേവ്യരും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം” (നിയ. 26, 11).

അധഃപതനം – പ്രവാചകപ്രതിഷേധം
മേല്‍ വിവരിച്ച ദിവ്യമായ ചതുര്‍ വിധ ലക്ഷ്യങ്ങളോടെ ആരംഭിച്ച തിരുനാളാഘോഷങ്ങള്‍ കാലക്രമത്തില്‍ ആഘോഷങ്ങള്‍ മാത്രമായി തീര്‍ന്നു. വിശുദ്ധ ദിവസങ്ങളായ തിരുനാളുകള്‍ ആഘോഷങ്ങള്‍ മാത്രം പെരുകിയ പെരുന്നാളുകളായി അധഃപതിച്ചു. ആഘോഷങ്ങളില്‍ അനേകര്‍ അവഗണിക്കപ്പെട്ടു. ദൈവം നല്കിയ വിമോചനവും പരിപാലിച്ച വഴികളും നല്കിയ നിയമങ്ങളും സാവധാനം മറന്നു. തുല്യമഹത്ത്വവും അവകാശങ്ങളുമായി ദൈവം രൂപം കൊടുത്ത ദൈവജനത്തില്‍ത്തന്നെ ഉച്ചനീചത്വങ്ങള്‍ ഉടലെടുത്തു. അധികാരികളും അധീനരുമുണ്ടായി. ഭൂമിയും അതിലെ വിഭവങ്ങളും ചിലരുടെ സ്വകാര്യസ്വത്തായി പരിണമിച്ചു. മനുഷ്യാദ്ധ്വാനത്തിനു വിലപേശല്‍ നടന്നു. ക്രമേണ ധനികരും ദരിദ്രരുമുണ്ടായി; ഭൂവുടമകളും അടിമകളുമുണ്ടായി. എന്നാലും തിരുനാളാഘോഷങ്ങള്‍ ഓരോ വര്‍ഷവും പൂര്‍വാധികം ആഡംബരങ്ങളോടെ അരങ്ങേറി. അപ്പോഴാണു തീ പാറുന്ന ദൈവവചനവുമായി പ്രവാചകന്മാര്‍ രംഗപ്രവേശനം ചെയ്തത്.

പ്രവാചകന്മാരില്‍ അഗ്രഗണ്യന്‍ എന്നറിയപ്പെടുന്ന ഏശയ്യായുടെ വാക്കുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാണ്. “നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുഃസഹമായി തീര്‍ന്നിരിക്കുന്നു…. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍… നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍, നീതി അന്വേഷിക്കുവിന്‍, മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു. വരുവിന്‍ നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും” (ഏശ. 1, 10-20).

ഏശയ്യായുടെ സമകാലികനായ മിക്കായ്ക്കും പറയാനുള്ളതു മറ്റൊന്നല്ല. ബലിയര്‍പ്പണങ്ങളിലൂടെയും ഉത്സവാഘോഷങ്ങളിലൂടെയും ദൈവപ്രീതി നേടാമെന്നു കരുതിയവര്‍ക്കെതിരെ മിക്കാ ഉദ്ഘോഷിച്ചു: “നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുമ്പില്‍ വിനീതനായി ചരിക്കുക…” (മിക്കാ. 6, 6-8).

കാനോനികപ്രവാചകന്മാരില്‍ അവസാനത്തെ ആളായ മലാക്കി വഴിപിഴച്ച പുരോഹിതര്‍ക്കും ലക്ഷ്യം തെറ്റിയ ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ചു: “നിങ്ങള്‍ എന്‍റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍” (മലാ. 1, 10).

ദൈവജനത്തിന്‍റെ മുഖ്യമായ ദൗത്യം ദൈവാരാധനയാണ്. ആരാധനയെന്നാല്‍ ഏതെങ്കിലും ചില കര്‍മങ്ങളുടെ വിശ്വസ്തമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല, ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഉപരി ദൈവത്തെ സൃഷ്ടാവും നാഥനുമായി ഹൃദയത്തില്‍ അംഗീകരിക്കുകയും ജീവിതവും പ്രവൃത്തികളും വഴി ഏറ്റുപറയുകയുമാണ്.

അനീതിക്കു കൂട്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ലക്ഷ്യം തെറ്റിയ ശരംപോലെയാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യം എല്ലാവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാക്കേണ്ട ദേവാലയം അനീതിയുടെയും അധര്‍മത്തിന്‍റെയും കേന്ദ്രവും ഉറവിടവുമായി. ഇനി ആരും അതില്‍ പ്രവേശിക്കാതിരിക്കാന്‍ വാതിലടച്ചാല്‍ മാത്രം (മലാ. 1, 10) പോരാ, തല്ലിത്തകര്‍ക്കുകതന്നെ വേണം.

തിരുനാളാഘോഷങ്ങളും ബലിയര്‍പ്പണങ്ങളും വഴി സമ്പത്തു സ്വരുക്കൂട്ടുകയും അതേസമയം ജനത്തെ വഴിതെറ്റിക്കുകയും ചെയ്ത പുരോഹിതന്മാര്‍ക്കെതിരെയാണു മുഖ്യമായും പ്രവാചകന്മാര്‍ വഴി ദൈവമായ കര്‍ത്താവ് ശക്തമായ താക്കീതുകള്‍ നല്കിയതും വിധി പ്രസ്താവിച്ചതും. ലക്ഷ്യം മറന്ന മതാത്മകത ഇവിടെ പ്രതിക്കൂട്ടിലാകുന്നു.

പ്രവാസാനന്തരം
പ്രവാചകന്മാര്‍ നല്കിയ താക്കീതുകള്‍ അവഗണിക്കപ്പെട്ടു. ബി. സി. 587-ല്‍ ജെറുസലേം ദേവാലയം അഗ്നിക്കിരയായി. ബലിയര്‍പ്പണങ്ങള്‍ നിലച്ചു; തിരുനാളാഘോഷങ്ങളും. എന്നിട്ടും നേതാക്കള്‍ പഠിച്ചില്ല. പ്രവാസത്തില്‍ നിന്നു മടങ്ങിവന്നവര്‍ ദേവാലയം പണിതു; കര്‍മാനുഷ്ഠാനങ്ങള്‍ കൂടുതല്‍ ക്രമബദ്ധമാക്കി. രാജാവും പ്രവാചകനുമില്ലാതായ സാഹചര്യത്തില്‍ പുരോഹിതന്മാര്‍ സര്‍വാധികാരികളായി. അവര്‍ ആത്മീയനവീകരണത്തിനു കഠിനശ്രമം നടത്തി. തിരുനാളുകള്‍ കൂടുതല്‍ സജീവമായി, ആഘോഷപൂര്‍ണവും. ബലിയര്‍പ്പണങ്ങള്‍ മുടങ്ങാതെ നടന്നു. ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും ആദ്ധ്യാത്മികതയുടെ മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടു.

യേശുവിന്‍റെ നിലപാട്
ഇസ്രായേല്‍ ജനത്തിന്‍റെ പ്രധാന തിരുനാളുകളിലും തീര്‍ത്ഥാടനങ്ങളിലും ഒരു ഇസ്രായേല്‍ക്കാരന്‍ എന്ന നിലയില്‍ യേശുവും പങ്കെടുത്തിരുന്നു. എന്നാല്‍ അന്നു നിലവിലിരുന്ന ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങളില്‍ പൂര്‍ണമായി പങ്കുചേരുകയല്ല, ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുതിയ അര്‍ത്ഥവും മാനവും നല്കുകയാണു യേശു ചെയ്തത്. തീര്‍ത്ഥാടനങ്ങളും തിരുനാളുകളും എന്തിനുവേണ്ടി, എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നു തന്‍റെ വാക്കും ചെയ്തികളും വഴി യേശു പഠിപ്പിച്ചു.

അബ്രാഹവുമായി ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമായ പരിച്ഛേദനം യേശുവും സ്വീകരിച്ചു; നിയമവിധിപ്രകാരം നാല്പതാം ദിവസം ദേവാലയത്തില്‍ സമര്‍പ്പണത്തിനായി (ലൂക്കാ 2, 21-24). നിയമാനുസൃതമുള്ള തീര്‍ത്ഥാടനതിരുനാളുകളില്‍ യേശവും പങ്കുചേര്‍ന്നു. യഹൂദബാലന്മാര്‍ പന്ത്രണ്ടു വയസ്സു തികയുമ്പോള്‍ പൂര്‍ണമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമുളള പൗരന്മാരായി കരുതപ്പെട്ടിരുന്നു. അതിനാലാവണം “അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി” (ലൂക്കാ 2, 42) എന്നൂ ലൂക്കാ സുവിശേഷകന്‍ എടുത്തു പറയുന്നത്. പരസ്യജീവിതം ആരംഭിച്ചതിനുശേഷം യഹൂദരുടെ പ്രധാന തിരുനാളുകള്‍ക്കെല്ലാം തന്നെ യേശു ജെറുസലേമിലേക്കു തീര്‍ത്ഥാടനം നടത്തിയിരുന്നു എന്നു യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ സൂചനകളുണ്ട് (യോഹ. 2, 13; 5, 1; 7, 10-37; 10, 22-23; 12, 1).

പരസ്യജീവിതത്തിന്‍റെ തുടക്കത്തില്‍ത്തന്നെ പെസഹാത്തിരുനാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടനവും ദേവാലയ സന്ദര്‍ശനവും സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (യോഹ. 2, 13-23).

ദേവാലയ ശുദ്ധീകരണവേളയില്‍ യഥാര്‍ത്ഥ ദേവാലയത്തെ അവിടുന്ന് പരിചയപ്പെടുത്തി. ഇനി അങ്ങോട്ടു മണ്ണും കല്ലും മരവും ഉപയോഗിച്ചു മനുഷ്യന്‍ നിര്‍മിക്കുന്ന ആലയമല്ല, ദൈവവചനം മാംസം ധരിച്ചു മനുഷ്യമദ്ധ്യേ വസിച്ച യേശു തന്നെയായിരിക്കും യഥാര്‍ത്ഥ ദേവലയം. ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങിനിന്ന പഴയ മതാത്മകതയുടെ സ്ഥാനത്തു സത്യത്തിലും ആത്മാവിലും അര്‍പ്പിക്കുന്ന, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, യേശുക്രിസ്തു വഴി പിതാവായ ദൈവത്തിന് അര്‍പ്പിക്കുന്ന, പുതിയ ആരാധന രൂപംകൊള്ളുന്നു. ബാഹ്യമായ മതാത്മകതയില്‍ നിന്ന് ആഴമേറിയ ആദ്ധ്യാത്മികതയിലേക്കു നയിക്കുന്നതായിരുന്നു യേശുവിന്‍റെ വാക്കും പ്രവൃത്തിയും.

ഒരാഴ്ച ദീര്‍ഘിച്ച കൂടാരത്തിരുനാളിന്‍റെ അവസാനദിവസം ദേവാലയാങ്കണത്തില്‍ സ്ഥാപിച്ചിരുന്ന ഭീമാകാരമായ നാലു നിലവിളക്കു (മനോറ എന്നു ഹീബ്രുവില്‍) കളുടെ പശ്ചാത്തലത്തില്‍ ലോകത്തെ പ്രാകാശിപ്പിക്കുന്ന യഥാര്‍ത്ഥ പ്രകാശമായി യേശു സ്വയം വെളിപ്പെടുത്തി (യോഹ. 7, 1-51; 8, 12-20). ഇവിടെയും തിരുനാളിന്‍റെ അര്‍ത്ഥവും ലക്ഷ്യവും മാറുകയാണ്. ദൈവവചനം മനുഷ്യശരീരം ധരിച്ച് ഈ ഭൂമിയില്‍ കുടിയിരുന്നതിന്‍റെ, അഥവാ കൂടാരമടിച്ചതിന്‍റെ ഓര്‍മയും ആഘോഷവുമായിരിക്കും ഇനി കൂടാരത്തിരുനാള്‍. മരുഭൂമിയില്‍ പ്രകാശിച്ച അഗ്നിസ്തംഭമല്ല, യേശു തന്നെ ആയിരിക്കും പിതാവിന്‍റെ ഭവനത്തിലേക്കുള്ള യാത്രയില്‍ മനുഷ്യനു വഴിവിളക്ക്.

അവസാനമായി യേശു ജെറുസലേമിലേക്കു വന്നതു പെസഹാതിരുനാളിനോടനുബന്ധിച്ചാണ്. മരിച്ചു മൂന്നു ദിവസമായി കല്ലറയിലായിരുന്ന ലാസറിനെ ഉയിര്‍പ്പിച്ചു താനാണു ജീവന്‍റെ നാഥന്‍ എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് തുടക്കം. തുടര്‍ന്നു ജെറുസേലം നഗരത്തിലേക്കു നടത്തിയ ഘോഷയാത്രയും നഗരപ്രവേശനവും പെസഹാത്തിരുനാളിന്‍റെയും തീര്‍ത്ഥാനടത്തിന്‍റെയും അര്‍ത്ഥം വീണ്ടും വ്യക്തമാക്കി. ഭൗതികമായൊരു സാമ്രാജ്യം സ്ഥാപിക്കുന്ന രാജാവല്ല അവന്‍, മറിച്ചു സത്യത്തിലും നീതിയിലും സ്നേഹത്തിലും സാഹോദര്യത്തിലും മനുഷ്യസമൂഹത്തെ മുഴുവന്‍ ഒന്നിപ്പിച്ചു ദൈവഭരണം ഈ ഭൂമിയില്‍ സ്ഥാപിക്കുന്ന ദൈവപുത്രനാണ് എന്നു ജെറുസലേമിലേക്കുള്ള രാജകീയപ്രവേശം വ്യക്തമാക്കി. അവന്‍ രാജാവാകുന്നതു കുരിശുമരണത്തിലൂടെ ആയിരിക്കും. പെസഹായ്ക്കു തന്നെ പുതിയ അര്‍ത്ഥവും മാനങ്ങളും നല്കുന്നതായിരുന്നു യേശു ആഘോഷിച്ച അവസാനത്തെ പെസഹാ. തന്‍റെ ശിഷ്യര്‍ക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളെയും ജീവിതശൈലിയെയുംകുറിച്ചുള്ള സുദീര്‍ഘമായ പ്രബോധനത്തിലൂടെ പെസഹായുടെ അര്‍ത്ഥം വ്യക്തമാക്കി.

ഇസ്രായേല്‍ ജനം ആഘോഷിച്ചിരുന്ന എല്ലാ തിരുനാളുകള്‍ക്കും യേശു പുതിയ അര്‍ത്ഥവും മാനവും നല്കുന്നതായി കാണാം. വാസ്തവത്തില്‍ പുതിയ അര്‍ത്ഥം നല്കുകയല്ല, ജനം അര്‍ത്ഥമറിയാതെ ആചരിച്ചുവന്ന തിരുനാളുകളുടെ യഥാര്‍ത്ഥമായ അര്‍ത്ഥവും ലക്ഷ്യവും വെളിപ്പെടുത്തുകയും വിശീദീകരിക്കുകയുമാണു യേശു ചെയ്തത്.

(തുടരും)

Leave a Comment

*
*