തിരുനാളെങ്ങനെ പെരുന്നാളായി ?

തിരുനാളെങ്ങനെ പെരുന്നാളായി ?

ഫാ. മൈക്കിള്‍ കാരിമറ്റം

കഴിഞ്ഞ ലക്കം തുടര്‍ച്ച…

തിരുനാളുകള്‍ സഭയില്‍ യേശുക്രിസ്തുവിലൂടെ ദൈവം മാനവചരിത്രത്തില്‍ നിര്‍ണായകമാംവിധം ഇടപെട്ട മുഹൂര്‍ത്തങ്ങളാണു സഭയില്‍ തിരുനാളുകളായി ആഘോഷിക്കപ്പെടുന്നത്. അതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതു പെസഹാത്തിരുനാള്‍തന്നെ.

പെസഹാത്തിരുനാളിനെ കേന്ദ്രമാക്കിക്കൊണ്ടാണു മറ്റു പ്രധാന തിരുനാളുകളുടെ ദിവസംപോലും നിശ്ചയിക്കുന്നത്. യേശുവിന്‍റെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ ആരാധനവര്‍ഷത്തിന്‍റെ ഒരു ചുഴിക്കുറ്റിപോലെ വര്‍ത്തിക്കുന്നു. പെസഹായ്ക്ക് ഒരുക്കമായി ഏഴാഴ്ചകള്‍ നോമ്പാചരണം; പെസഹായ്ക്കുശേഷം അമ്പതാം ദിവസം പന്തക്കുസ്താ തിരുനാള്‍.

ആണ്ടിലൊരു തവണ മാത്രം ആചരിക്കുന്നതല്ല ക്രൈസ്തവനെ സംബന്ധിച്ചു പെസഹാത്തിരുനാള്‍.

എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന നാഥന്‍റെ കല്പന ഔപചാരികമായി അപ്പം മുറിച്ചു പങ്കിട്ടു തിന്നുന്നതില്‍ ഒതുങ്ങുന്നില്ല. "എന്‍റെ ഓര്‍മ്മ" എന്നു പറയുമ്പോള്‍ ഈ ഒറ്റപ്പെട്ട സംഭവം മാത്രമല്ല യേശു ഉദ്ദേശിച്ചത്. തന്‍റെ ജീവിതം മുഴുവന്‍ അവര്‍ അനുസ്മരിക്കണം.

പെസഹാ എന്നാല്‍ കടന്നുപോകല്‍ എന്നാണര്‍ത്ഥം. ഈ ഭൂമിയില്‍ സ്ഥിരമായൊരു വാസസ്ഥലമില്ലെന്നും നാം കടന്നുപോകുന്ന യാത്രക്കാര്‍ മാത്രമാണെന്നും യഥാര്‍ത്ഥ ലക്ഷ്യമായ വാഗ്ദത്ത ഭൂമി മരണത്തിനുമപ്പുറം ചെന്നെത്താനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പിതാവിന്‍റെ ഭവനമാണെന്നും പെസഹാ ആചരണം അനുസ്മരിപ്പിക്കണം. ആ അനുസ്മരണം ജീവിതശൈലിയെ നിയന്ത്രിക്കണം, സ്വയം മുറിച്ചു പങ്കുവച്ചവന്‍റെ ഓര്‍മ പങ്കുവയ്ക്കുന്ന സ്നേഹത്തിനു പ്രേരകമാകണം.

മുഖ്യമായും ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ചകളിലായിരുന്നു ഇപ്രകാരമുള്ള സമ്മേളനങ്ങള്‍; വിശ്വാസികളുടെ വീടുകളിലായിരുന്നു അപ്പംമുറിക്കല്‍ ശുശ്രൂഷ നടന്നിരുന്നത്. "ആഴ്ചയുടെ ഒന്നാം ദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു കൂടി" (അപ്പ. 20, 7) എന്നു ലൂക്കാ പറയുന്നത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമല്ല, ക്രൈസ്തവരുടെ പതിവായ ഒരു സമ്മേളനമായിരുന്നു എന്നു സൂചിപ്പിക്കുന്നു.

യേശുവിന്‍റെ ജനനം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണു പിറവിത്തിരുനാള്‍ അഥവാ ക്രിസ്മസ്. പിറവിത്തിരുനാളിനൊരുക്കമായി നാലാഴ്ചകള്‍ ആഗമനകാലം, അഥവാ മംഗലവാര്‍ത്തക്കാലം എന്ന പേരില്‍ ആചരിക്കുന്നു. യേശുവിന്‍റെ ജനനത്തീയതിയെ മുന്നില്‍ കണ്ട് മാര്‍ച്ച് 25 മംഗലവാര്‍ത്ത തിരുനാളായി സഭ ആചരിക്കുന്നു. പെസഹാ-പന്തക്കുസ്താ തിരുനാളുകളുടെ പിന്തുടര്‍ച്ച എന്നതുപോലെയാണു പരി. ത്രിത്വത്തിന്‍റെ തിരുനാള്‍, യേശുവിന്‍റെ തിരുഹൃദയ തിരുനാള്‍, മാതാവിന്‍റെ വിമലഹൃദയതിരുനാള്‍, വി. കുര്‍ബാനയുടെ തിരുനാള്‍ എന്നിവ സഭ ആചരിക്കുന്നത്.

ഇവയില്‍നിന്നെല്ലാം വ്യത്യസ്തവും എന്നാല്‍ രക്ഷാചരിത്രത്തോടു ബന്ധപ്പെട്ടതുമായ ഒരു ചരിത്രസംഭവം ആഘോഷിക്കുന്ന ഒരു തിരുനാളുണ്ട്. സെപ്തംബര്‍ 14-ാം തീയതി ആഘോഷിക്കുന്ന കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍.

ഇവയ്ക്കു പുറമേ നവംബര്‍ ഒന്നാം തീയതി സകല വിശുദ്ധരുടെയും ഓര്‍മ ആചരിക്കുന്നതിനും നവംബര്‍ രണ്ടാം തീയതി സകല മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി കത്തോലിക്കാസഭ മാറ്റിവച്ചിരിക്കുന്നു. മാത്രമല്ല, നവംബര്‍ മാസം മുഴുവന്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി സഭ ആഹ്വാനം ചെയ്യുന്നു.

ആരാധനക്രമവത്സരത്തിന്‍റെ അവസാനത്തെ ഞായറാഴ്ച യേശുക്രിസ്തുവിന്‍റെ രാജത്വതിരുനാളായി സഭ ആഘോഷിക്കുന്നു. 1925 ഡിംസംബര്‍ 11-ാം തീയതി പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ് ഈ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇവയെല്ലാംതന്നെ ആത്മീയ ഉണര്‍വിനും ഉത്കര്‍ഷത്തിനും ഉതകുംവിധം ആചരിക്കപ്പെടുന്നു; ആഘോഷക്കപ്പെടുന്നു. ഈ തിരുനാളുകള്‍ രക്ഷാചരിത്രത്തെ അനുസ്മരിപ്പിക്കുന്നു. വിശ്വാസം ശക്തിപ്പെടുത്താനും സ്നേഹത്തില്‍ വളരാനും പ്രത്യാശയില്‍ ഉറപ്പു നേടാനും സഹായിക്കുന്നു. അതിനാല്‍ ഈ തിരുനാളുകളെല്ലാം തിരുനാളിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നതില്‍ സഹായിക്കുന്നു. എന്നാല്‍ ഇന്നു സഭയില്‍, പ്രത്യേകി ച്ചും കേരളസഭയില്‍, താത്പര്യപൂര്‍വം ആഘോഷിക്കപ്പെടുന്നത് ഈ തിരുനാളുകളല്ല. മറിച്ച്, പള്ളിപ്പെരുന്നാളുകള്‍ എന്നറിയപ്പെടുന്ന ഉത്സവങ്ങളാണ്.

പള്ളിപ്പെരുന്നാളുകള്‍
ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരിലാണ് ഓരോ ഇടവകയും അറിയപ്പെടുക. ആ വിശുദ്ധനെ ഇടവകമദ്ധ്യസ്ഥന്‍ എന്നു വിളിക്കുന്നു. വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം സഹായകമാകും എന്ന വിശ്വാസമാണ് ഇടവകയെ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യത്തിനായി പ്രതിഷ്ഠിക്കുന്നത്. ഈ വിശുദ്ധന്‍റെ തിരുനാള്‍ വിശ്വാസത്തോടും ഭക്തിയോടുംകൂടെ ആചരിക്കുകയും വിശുദ്ധന്‍റെ ജീവിതം സ്വന്തം ജീവിതത്തിനു മാതൃകയാക്കുകയും വിശുദ്ധന്‍റെ പ്രാര്‍ത്ഥനാസഹായം യാചിക്കുകയുമെല്ലാം ഈ പെരുന്നാളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു.

എന്നാല്‍ വിശുദ്ധന്‍റെ മാതൃക അനുകരിക്കുന്നതിനു പകരം വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്തിലൂടെ അനുഗ്രഹങ്ങള്‍ നേടിയെടുക്കുക മുഖ്യലക്ഷ്യമായി മാറുന്നു, പ്രത്യേകിച്ചും തിരുനാളാഘോഷത്തിന്‍റെ അവസരങ്ങളില്‍. അപ്പോള്‍ വിശ്വാസത്തിലേക്കും ജീവിതനവീകരണത്തിലേക്കും അതുവഴി വിശുദ്ധിയിലേക്കും നയിക്കേണ്ട തിരുനാളുകള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും മുറ്റിനില്ക്കുന്ന പെരുന്നാളുകളായി മാറുന്നു. വിശുദ്ധമായ ദിനം എന്നാണല്ലോ തിരുനാള്‍ എന്ന വാക്കിനര്‍ത്ഥം, വലിയ ദിവസം എന്നു പെരുന്നാളിനും. തിരുനാള്‍ എങ്ങനെ പെരുന്നാളായിഎന്ന ചോദ്യമാണ് ആഘോഷങ്ങളുടെ പെരുപ്പം.

ഇടവകയില്‍ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനു പകരം പള്ളിപ്പെരുന്നാളുകള്‍ ഭിന്നതകളിലേക്കും ശത്രുതയിലേക്കും പലരുടെയും ഒറ്റപ്പെടുത്തലുകളിലേക്കും നയിക്കുക വിരളമല്ല. ആഘോഷങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതു പലപ്പോഴും ഇടവകയിലെ സമ്പത്തും സ്വാധീനവുമുള്ള വ്യക്തികളായിരിക്കും ആവശ്യമായ തുക നിര്‍ബന്ധിതപിരിവിലൂടെ കണ്ടെത്തുക സാധാരണമാണ്. കഴിവില്ലെങ്കിലും കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കു പെരുന്നാളാഘോഷം താങ്ങാനാവാത്ത ഭാരമായിത്തീരുന്നു.

പെരുന്നാളാഘോഷങ്ങളില്‍ കാണുന്ന ദോഷകരമായ മറ്റൊന്നാണു മത്സരപ്രവണത. നമ്മുടെ പെരുന്നാള്‍ ഗംഭീകരമാക്കണം; മറ്റിടവകകളുടേതിനേക്കാള്‍ കേമമാക്കണം, അതിനായി പുതിയ പുതിയ ആഘോഷരീതികള്‍ കണ്ടെത്തുന്നു. ദീപാലങ്കാരങ്ങള്‍, വര്‍ണശബളമായ പ്രദക്ഷിണങ്ങള്‍, കരിമരുന്നു കലാപ്രകടനങ്ങള്‍, നാടകങ്ങള്‍ എന്നിങ്ങനെ ആഘോഷങ്ങളുടെ പട്ടിക നീളുമ്പോള്‍ അതിനുവേണ്ടി മുടക്കേണ്ടി വരുന്ന തുകയും വലിപ്പമോ അതിലൂടെ നല്കുന്ന സന്ദേശത്തിന്‍റെ സ്വഭാവമോ ശ്രദ്ധിക്കാതെ പോകുന്നു.

പെരുന്നാളുകളുടെ ഒരവശ്യ ഘാടകമാണല്ലോ പ്രദക്ഷിണങ്ങള്‍. പിതാവില്‍നിന്നു വന്ന്, രക്ഷാകര്‍മം പൂര്‍ത്തിയാക്കി പിതാവിലേക്കു മടങ്ങിപ്പോയ യേശുവിന്‍റെ രക്ഷാകരയാത്രയെ അനുസ്മരിപ്പിക്കാന്‍ സഹായിക്കുന്നതാണു വോലയത്തില്‍ നിന്നിറങ്ങി ഇടവകയിലൂടെ സഞ്ചരിച്ച്, ദേവാലയത്തില്‍ തിരിച്ചെത്തുന്ന പ്രദക്ഷിണം. എന്നാല്‍ ഈ തീര്‍ത്ഥാടനം അനുസ്മരിപ്പിക്കുന്നതാണോ നമ്മുടെ പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍ എന്ന സംശയം നിലനില്ക്കുന്നു. പെരുവഴിയിലൂടെ നടത്തുന്ന ഘോഷയാത്രകള്‍ വാഹനങ്ങള്‍ തടഞ്ഞു യാത്രക്കാര്‍ക്കു വരുത്തുന്ന ശല്യം നിസ്സാരമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥയെ വെല്ലുന്നതാകുന്നു പലപ്പോഴും ഇപ്രകാരമുള്ള ഉത്സവപ്രദക്ഷിണങ്ങള്‍.

പെരുന്നാളുകളുമായി ബന്ധപ്പെട്ടു നടക്കുന്ന "എഴുന്നള്ളിക്കല്‍" പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളായിരിക്കും മുഖ്യമായും എഴുന്നള്ളിക്കുന്നത്. ദൈവത്തോടൊന്നിച്ചു കഴിയുന്ന വിശുദ്ധര്‍ നമ്മുടെ സഹോദരങ്ങളും വഴികാട്ടികളും മദ്ധ്യസ്ഥരും ആണെന്നും അവരും നാമും ചേര്‍ന്ന ഒറ്റ കുടുംബമാണു സഭയെന്നും അനുസ്മരിപ്പിക്കാന്‍ ഇതു സഹായിക്കും. അതാണു തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ കൊണ്ടുപോകുന്നതിന്‍റെ മുഖ്യലക്ഷ്യം. എന്നാല്‍ ഇവിടെയും ഈ ലക്ഷ്യം സാധാരണ ജനത്തിന്‍റെ ചിന്തയില്‍ ഉണര്‍ത്താന്‍ കഴിയുന്നുണ്ടോ എന്നു സംശയിക്കണം.

ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിയില്‍ പ്രത്യേകമാംവിധം ദൃശ്യമായിരുന്ന എന്തെങ്കിലും ഒരു സ്വഭാവ വിശ്വാസസവിശേഷതയ്ക്ക് ഊന്നല്‍ നല്കുക പതിവാണ്. വിശ്വാസതീക്ഷ്ണത, സഹനം, സഹോദരസ്നേഹം, ദീനാനുകമ്പ, സുവിശേഷപ്രഘോഷണത്തിലുള്ള ഉത്സാഹം, നീതിബോധം, കാരുണ്യം എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ക്ക് ഊന്നല്‍ നല്കാറുണ്ട്. എന്നാല്‍ വിശുദ്ധരോടുള്ള ഭക്തിമൂലം അവരുടെ പെരുന്നാളാഘോഷങ്ങളിലും ഇപ്രകാരമുള്ള ഗുണവിശേഷങ്ങള്‍ക്കോ അവരെ അനുകരിക്കാനുള്ള കടമയ്ക്കോ അല്ല ഊന്നല്‍ നല്കുക. മറിച്ച് അവര്‍ വഴി ലഭിക്കാവുന്ന ഏതെങ്കിലും അനുഗ്രഹങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കപ്പെടുന്നു.

വസൂരി രോഗത്തില്‍നിന്നു മുക്തിയായിരുന്നു കുറേക്കാലം മുമ്പു വരെ വി. സെബസ്ത്യാനോസിന്‍റെ ഭക്തിയുടെ ഒരു മുഖ്യലക്ഷ്യം. പാമ്പുകടിയില്‍നിന്നു മോചനം കിട്ടാന്‍ വി. ഗീവര്‍ഗീസിനോടും അസാദ്ധ്യകാര്യങ്ങള്‍ സാദ്ധ്യമാകാന്‍ വി. യൂദാതദേവൂസിനോടും പ്രാര്‍ത്ഥിക്കുക സര്‍വസാധാരണമായിത്തീര്‍ന്നു. പെരുന്നാള്‍ പരസ്യങ്ങള്‍ ഇപ്രകാരമുള്ള അത്ഭുതസിദ്ധികള്‍ക്കു ഊന്നല്‍ നല്കുക പതിവാണ്.

വിശുദ്ധരെ പുകഴ്ത്തുന്ന പല പാട്ടുകളും അവരോടുള്ള ചില പ്രാര്‍ത്ഥനകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്നവ മാത്രമല്ല, വിശ്വാസവിരുദ്ധംതന്നെയെന്നു തോന്നിപ്പോകും. "പാപികള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍ പീഡകളേറ്റു മരിച്ചവനേ" എന്നു സെബസ്ത്യാനോസിനെ വിളിക്കുന്നത് ഉദാഹരണമാണ്. രക്ഷ നല്കുന്നതു ദൈവമാണ്, വിശുദ്ധരല്ല. അത്ഭുതം പ്രവര്‍ത്തിക്കുന്നതും ദൈവം മാത്രം. ഒരു വിശുദ്ധനും അത്ഭുതപ്രവര്‍ത്തകനല്ല. ദൈവത്തിന്‍റെ മുമ്പില്‍ മാദ്ധ്യസ്ഥ്യം വഹിക്കുക മാത്രമാണു വിശുദ്ധര്‍ ചെയ്യുന്നത്.

പാട്ടുകളും പ്രാര്‍ത്ഥനകളും മാത്രമല്ല, വിശുദ്ധരോടുള്ള ഭക്തിപ്രകടനങ്ങള്‍ തന്നെ പലപ്പോഴും ദൈവത്തെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും തെറ്റായ ബോദ്ധ്യങ്ങള്‍ നല്കുന്നതായി തോന്നും.

വിശുദ്ധരോടുള്ള ഭക്തിപ്രകടനങ്ങളില്‍ ഒട്ടും പിന്നിലല്ലാത്ത ഒന്നാണു നൊവേനകള്‍. ചില വിശുദ്ധരുടെ നൊവേനകള്‍ ചില പള്ളികളില്‍ പ്രത്യേകം ഫലദായകമാകുന്നു എന്ന വിശ്വാസം നിലനില്ക്കുന്നുണ്ട്. ലഭിക്കാനാഗ്രഹിക്കുന്ന അനുഗ്രഹങ്ങള്‍ അധിക പങ്കും ഭൗതികം മാത്രമായിരിക്കും. ഇവിടെയും ചില വിശുദ്ധര്‍ ചില പ്രത്യേക അനുഗ്രഹങ്ങള്‍ക്കു ചുമതല ഏല്പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയാണു ജനമനസ്സില്‍ നിലനില്ക്കുന്നത്. വിവാഹം, സന്താനഭാഗ്യം, രോഗശാന്തി, നല്ല ജോലി, സാമ്പത്തികോന്നമനം, നഷ്ടപ്പെട്ടതു കണ്ടെത്തല്‍, ബാധയൊഴിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു അനുഗ്രഹത്തിന്‍റെ പട്ടിക. അതോടൊപ്പം രോഗവും ദാരിദ്ര്യവും വേദനയുമെല്ലാം ദൈവശാപത്തിന്‍റെ അടയാളങ്ങളാണന്ന ധാരണയും വളരുന്നു. അപ്പോള്‍ മറന്നുപോകുന്നതു ക്രൂശിതനായ യേശുവിനെയും കുരിശെടുത്ത് അനുഗമിക്കാനുള്ള ആഹ്വാനത്തെയുമാണ്.

എല്ലാം ഒരാഘോഷമാക്കാന്‍ നമുക്കുള്ള കഴിവ് അത്ഭുതാവഹമെന്നേ പറയാന്‍ കഴിയൂ. കുരിശിന്‍റെ നിഴലിലിരുന്നു ശിഷ്യന്മാരുമൊത്തു യേശു ആചരിച്ച അവസാനത്തെ പെസഹാ ഇന്നു വിശുദ്ധ കുര്‍ബാനയായി, ബലിയായി ദിവസേന ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നു. ഇവിടെയും ആഘോഷങ്ങള്‍ അര്‍ത്ഥം ചോര്‍ത്തിക്കളയുന്നില്ലേ എന്ന സംശയം തല പൊക്കുന്നു. ശബ്ദഘോഷങ്ങളോടെ, അര്‍പ്പിക്കപ്പെടുന്ന ആഘോഷപൂര്‍ണമായ ദിവ്യബലികള്‍, യേശുവിന്‍റെ ആത്മബലിയേക്കാള്‍ പാട്ടുകച്ചേരിയുടെയും നാടകമേളയുടെയും പ്രതീതിയാണു ജനിപ്പിക്കുന്നത് എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അയാളെ ദോഷൈകദൃക്കോ നിരീശ്വരനോ ക്രിസ്തുവിരോധിയോ ആയി മുദ്ര കുത്തേണ്ടതില്ല.

ആഘോഷങ്ങള്‍ക്കായുള്ള അമിതാവേശത്തില്‍ നഷ്ടപ്പെട്ടുപോകുന്ന ആത്മീയതയെ തിരിച്ചു പിടിക്കാന്‍ സഭാധികാരികളും വിശ്വാസിസമൂഹവും ഒന്നടങ്കം, നിശിതമായ ഒരാത്മശോധനയ്ക്കും ആത്മവിമര്‍ശനത്തിനും തയ്യാറാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇസ്രായേല്‍ ജനത്തിന്‍റെ ആദിപാപമായി അറിയപ്പെടുന്നതു സീനായ്മലയുടെ അടിവാരത്തുവച്ചു നടത്തിയ വിഗ്രഹാരാധനയാണ്. അതിനു നേതൃത്വം നല്കിയതാകട്ടെ, ഇസ്രായേലിലെ ആദ്യപുരോഹിതന്‍ എന്നറിയപ്പെടുന്ന അഹറോന്‍.

അഹറോന്‍ പറഞ്ഞു: "നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്‍റെ അടുത്തുകൊണ്ടു വരുവിന്‍… അവന്‍ അവ വാങ്ങി, മൂശയിലുരുക്കി, ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍ നിന്നു നിന്നെ കൊണ്ടുവന്ന ദൈവങ്ങള്‍. അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്‍റെ ഉത്സവദിനമായിരിക്കും. അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു ദഹനയാഗങ്ങളും അനുരഞ്ജനബലികളും അര്‍പ്പിച്ചു. ജനം തീനും കുടിയും കഴിഞ്ഞു വിനോദങ്ങളില്‍ ഏര്‍പ്പെട്ടു" (പുറ. 32, 1-6).

മോശ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ ഒഴിഞ്ഞുമാറാനാണ് ആ ആദ്യപുരോഹിതന്‍ ശ്രമിച്ചത് (പുറ. 32, 22-24). ജനം സ്വര്‍ണംകൊണ്ടു വന്നു, ഞാനതു തീയിലിട്ടു, അപ്പോള്‍ കാളക്കുട്ടി പുറത്തുവന്നു, എന്ന അഹറോന്‍റെ മറുപടി ഒഴിഞ്ഞുമാറ്റമല്ലാതെ മറ്റെന്ത്? ദൈവം വിമോചിപ്പിച്ച്, മരുഭൂമിയിലൂടെ നയിച്ചുകൊണ്ടു വന്ന "ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?" (പുറ. 32, 21) എന്ന ചോദ്യം അന്നത്തേതുപോലെ ഇന്നും പ്രസക്തമാണ്. ജനങ്ങള്‍ക്കു താത്പര്യമാണ്, അവര്‍ ആവശ്യപ്പെടുന്നു എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ നല്കി ഒഴിഞ്ഞുമാറാന്‍ നേതാക്കള്‍ക്കാവില്ല. കത്തോലിക്കാസഭയില്‍ പ്രത്യേകിച്ചും മതാത്മകകാര്യങ്ങളില്‍, പുരോഹിതര്‍ക്കാണല്ലോ നിര്‍ണായകമായ അധികാരമുള്ളത്. നേര്‍വഴിക്കു നയിക്കേണ്ടവര്‍ക്കു തന്നെ ദിശാബോധം നഷ്ടപ്പെട്ടാലോ?

അനേകം തിരുനാളുകള്‍ക്കും മതാത്മകമായ ആഘോഷങ്ങള്‍ക്കും നിര്‍ദ്ദേശം നല്കുന്ന പഴയ നിയമത്തില്‍ത്തന്നെ നേതാക്കന്മാര്‍ക്കുണ്ടാകുന്ന അപചയത്തെപ്പറ്റി ശക്തമായ താക്കീതും അവര്‍ നേരിടേണ്ടി വരുന്ന കഠിനമായ ശിക്ഷാവിധിയും അനേകം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഉടമ്പടിയുടെ സകല പ്രമാണങ്ങളും ലംഘിച്ച്, സമൂഹത്തില്‍ അക്രമവാഴ്ച അരങ്ങേറുമ്പോള്‍ താക്കീതുമായി കടന്നുവരുന്ന ഹോസിയാ പ്രവാചകന്‍റെ വാക്കുകള്‍ ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു: "ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരെയാണ് എന്‍റെ ആരോപണം… അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍ നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു… പുരോഹിതനെപ്പോലെ തന്നെ ജനവും" (ഹോസി. 4, 4-9).

പഴയ നിയമത്തില്‍ ജനം സര്‍പ്പപ്രതിമയ്ക്കു നല്കിയതുപോലെ അമിതപ്രാധാന്യം ഇന്നു തിരുശേഷിപ്പുകള്‍ക്കു നല്കുന്നതായി കാണാം. ദൈവപ്രമാണങ്ങള്‍ വീരോചിതമായി ജീവിച്ചു മാതൃക നല്കിയവരാണു വിശുദ്ധര്‍. അവരുടെ ശരീരത്തിന്‍റെ ഭാഗങ്ങളോ അവര്‍ ഇപയോഗിച്ചിരുന്ന വസ്തുക്കളുടെ അംശങ്ങളോ ഒക്കെ തിരുശേഷിപ്പുകളായി സൂക്ഷിക്കുകയും വണങ്ങുകയും കത്തോലിക്കാസഭയില്‍ പതിവാണ്. ഇതിന്‍റെ സാധുതയ്ക്കു ബൈബിളില്‍ത്തന്നെ സാക്ഷ്യങ്ങളുണ്ട്.

എന്നാല്‍ ഇവിടെയും അമിതാവേശവും അന്ധവിശ്വാസങ്ങളുടെ കടന്നുവരവു ഭക്തിക്കു മാര്‍ഗഭ്രംശം സംഭവിക്കുന്നില്ലേ എന്നു സംശയിക്കണം. വിശുദ്ധരായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നത് എങ്ങനെ രക്ഷണീയമാകും? വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സംഭരിക്കുന്നതില്‍ ചില ഭക്തികേന്ദ്രങ്ങള്‍ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതായി തോന്നും.

അടയാളങ്ങള്‍ അടയാളങ്ങളായിത്തന്നെ നില്ക്കണം. ആദരവ് ആരാധനയായി മാറിക്കൂടാ. ആചാരങ്ങള്‍ അനാചാരങ്ങളായി മാറരുത്. പ്രതിമകള്‍ വിഗ്രഹങ്ങളായിത്തീരരുത്. എന്നാല്‍ ഇത് വലിയൊരു പരിധിവരെ നമ്മുടെ പെരുന്നാളാഘോഷങ്ങളിലും ഭക്തിപ്രകടനങ്ങളിലും സംഭവിക്കുന്നില്ലേ എന്നു സൂക്ഷ്മമായി പരിശോധിക്കണം.

ഉപസംഹാരം
തിരുനാളുകള്‍ ആവശ്യമാണ്. കടന്നുപോന്ന വഴികള്‍ അനുസ്മരിക്കാന്‍, മുമ്പേ പോയവരുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി പിന്തുടരാന്‍ തിരുനാളുകള്‍ സഹായിക്കും. ദൈവം സ്നേഹത്തിന്‍റെ ഉറവിടമായ പിതാവാണ്. വിശുദ്ധരെല്ലാം നമ്മുടെ ജ്യേഷ്ഠസഹോദരങ്ങളും. അവര്‍ നമുക്കു വഴികാട്ടുന്നു, മാതൃക നല്കുന്നു; നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ അനുഗ്രഹിക്കാന്‍ വിസമ്മതിച്ചു വാശിപിടിച്ചിരിക്കുന്ന ഒരു ദൈവത്തിന്‍റെ മനസ്സു മാറ്റുകയല്ല അവരുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ ചെയ്യുന്നത്. ദൈവത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തിലേക്കു നമ്മുടെ കണ്ണു തുറക്കാന്‍, അവിടുത്തെ ഹിതമനുസരിച്ചു നമ്മുടെ ആഗ്രഹങ്ങളെയും ഉദ്യമങ്ങളെയും ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതാണു വിശുദ്ധരുടെ പ്രാര്‍ത്ഥന.

മാറേണ്ടതു ദൈവത്തിന്‍റെയല്ല, എന്‍റെ മനസ്സാണ്, യേശുവിന്‍റെ പ്രാര്‍ത്ഥനപോലെ: "പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകറ്റണമേ! എങ്കിലും എന്‍റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ" (ലൂക്കാ 22, 42) പാനപാത്രം മാറ്റിക്കൊടുത്തില്ല, മറിച്ച് അതു കുടിക്കാന്‍ ശക്തി കൊടുത്തു എന്നതു രക്ഷാചരിത്രത്തിന്‍റെ ഭാഗം. വിശുദ്ധരോടുള്ള ഭക്തിയും പ്രാര്‍ത്ഥനകളും എല്ലാം ഈ ദിശയിലേക്കു തിരിഞ്ഞെങ്കിലേ രക്ഷണീയമാകൂ!

ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ വിശുദ്ധരോടുള്ള ഭക്തിക്കും പ്രാര്‍ത്ഥനയ്ക്കും സ്ഥാനമുണ്ട്; തിരുനാളുകള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും പ്രസക്തിയുണ്ട്; വിശുദ്ധ വസ്തുക്കള്‍ക്കും തിരുശേഷിപ്പുകള്‍ക്കും അര്‍ത്ഥമുണ്ട്. എന്നാല്‍ ഇവയ്ക്കെല്ലാം പരിധികളുണ്ട്; പരിമിതികളുമുണ്ട്. ദൈവം സ്നേഹിക്കുന്നതുപോലെ നിസ്സീമവും നിരുപാധികവും നിത്യവുമായി നമ്മെ സ്നേഹിക്കുന്നതു ദൈവം മാത്രം. ജീവിതം തന്നെ ഒരു തീര്‍ത്ഥാടനമാണെന്ന കാര്യം മറക്കാതിരിക്കാം. ദിവ്യബലിക്കു തുല്യമായ മറ്റൊരു പ്രാര്‍ത്ഥനയില്ല; യേശുവിന്‍റെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്ന വി. കുര്‍ബാനയ്ക്കു തുല്യമായൊരു തിരുശേഷിപ്പുമില്ല. ഈ സത്യം മറന്നാല്‍ വിശുദ്ധരോടുള്ള ഭക്തി വിഗ്രഹാരാധനയായി പരിണമിക്കാം. തിരുനാളുകള്‍ അര്‍ത്ഥവും ലക്ഷ്യവും ചോര്‍ന്നുപോയ വെറും പെരുന്നാളുകള്‍ മാത്രമായി അധഃപതിക്കാം. അതുണ്ടാകാതിരിക്കാന്‍ സര്‍വശക്തന്‍ സഹായിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org