Latest News
|^| Home -> Cover story -> തോറ്റു പോകാത്ത മനുഷ്യചേതനയാണ് ഉയിര്‍പ്പ്

തോറ്റു പോകാത്ത മനുഷ്യചേതനയാണ് ഉയിര്‍പ്പ്

Sathyadeepam

ഡോ. റോസി തമ്പി

ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടംതാഴ്ത്താന്‍.
(വൈലോപ്പിള്ളി)

ജാതമായതെല്ലാം മൃതമാകും എന്നതാണ് പ്രപഞ്ചനിയമം. അകര്‍മ്മക ക്രിയകള്‍ക്കിടയില്‍ നടത്തുന്ന സകര്‍മ്മക്രിയയാണ് ജീവിതം. ജനിക്കുക, മരിക്കുക എന്ന ക്രിയകള്‍ അകര്‍മ്മമാണ്. മറ്റു ജീവജാലങ്ങളെല്ലാം അത് അംഗീകരിക്കുമ്പോഴും മനുഷ്യന് തന്‍റെ മരണത്തെ അങ്ങനെ ഉള്‍ക്കൊള്ളാനാവില്ല. തനിക്കു ശേഷം തന്‍റെ സാന്നിധ്യം നിലനിര്‍ത്തുക എന്നതാണ് മനുഷ്യന്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റെയും ലക്ഷ്യം. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത പ്രവര്‍ത്തിയിലൂടെ തന്നെയാണ് പിന്നീട് ആ വ്യക്തി ഓര്‍മ്മിക്കപ്പെടുന്നത്.

ലോകഭാഷകളില്‍ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നൊരു പദം സംഭാവന ചെയ്തത് ക്രിസ്ത്യാനിറ്റിയായിരിക്കണം. അതുവരെ പുനര്‍ജന്മത്തിലും അന്ത്യവിധിയിലും പ്രതീക്ഷിച്ചിരുന്ന മതസങ്കല്പങ്ങളെ മാത്രമേ മനുഷ്യന് സങ്കല്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ക്രിസ്തുവാണ്, ഞാന്‍ മരിച്ച് അടക്കപ്പെട്ടാല്‍ മൂന്നാം ദിവസം ഉയിര്‍ക്കും എന്നു പറഞ്ഞത്. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അതിനു ജീവനില്ലെന്നാണ് ക്രിസ്തുമൊഴി. ഒരു വിത്തും മരത്തെ കാണുന്നില്ലെന്ന് ബുദ്ധനും. അതിനാല്‍ ഈ അഴിയലാണ് മരണം. മരണം ഒരു വാതിലാണ്. മരണത്തില്‍നിന്ന് മരണമില്ലായ്മയിലേക്കുള്ള വാതില്‍. ഇതാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് മനുഷ്യരാശിക്കു നല്കുന്ന പ്രതീക്ഷ. എന്നാല്‍ ഉജ്ജ്വലമായ മരണം തന്നെയാണ് ഉത്ഥാനം. നൂറ്റാണ്ടുകള്‍കൊണ്ട് ഏറ്റവും ശക്തമായി പണിയപ്പെട്ട ജെറുസലേം ദേവാലയത്തെ നോക്കി ക്രിസ്തു പറയുന്നു, ഇത് കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. എന്നാല്‍ മൂന്നു ദിവസം കൊണ്ട് ഞാന്‍ അത് പുനഃനിര്‍മ്മിക്കും. ഇത് യുക്തിയല്ല അതിനപ്പുറമുള്ള ആത്മീയ സൗന്ദര്യമാണ്. അതുകൊണ്ടാണ് യഹൂദര്‍ക്ക് അത് മനസ്സിലാകാഞ്ഞതും ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു പറഞ്ഞതും.

പുതിയ ഒരു ലോകനിര്‍മ്മിതിയെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ ആഖ്യാനമാണത്. പഴയത്, കാര്‍ക്കശ്യമേറിയത് തകര്‍ക്കപ്പെടുകയും മാര്‍ദ്ദവമുള്ളത് സ്നേഹമസൃണമായത് ഉയിര്‍ക്കപ്പെടുകയും വേണമെന്ന മറ്റൊരു നീതീബോധമാണത്.

സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെണ്‍ മനസ്സുള്ള വ്യക്തിയായിരുന്നു എന്ന്. എന്തെന്നാല്‍ അവന്‍ സ്ത്രീകളോടും കുട്ടികളോടും ദരിദ്രരോടും, പീഡിതരോടും അവഗണിതരോടുമാണ് പക്ഷം ചേര്‍ന്നിരുന്നത്. ദൈവമേ! എന്നെ സ്ത്രീയായും മൃഗമായും സൃഷ്ടിക്കാതിരുന്നതിന് അങ്ങേയ്ക്കു നന്ദി! എന്നു ദിവസവും മൂന്നു നേരം പ്രാര്‍ത്ഥിക്കുന്ന വിശ്വാസ സമൂഹത്തിലാണ് അവന്‍ ജനിച്ചതും ജീവിച്ചതും. എന്നിട്ടും അവന്‍ സ്ത്രീകളുടെ തോഴനായി. അവരുടെ കണ്ണുനീര്‍ അവന്‍റെ കണ്ണു നനയിച്ചു. വ്യഭിചാരത്തില്‍ പിടിച്ച് ശിക്ഷ വിധിക്കാന്‍ തന്‍റെ മുന്നില്‍ കൊണ്ടുവന്ന സ്ത്രീയെ കാണാന്‍ പോലും അവന് കഴിയുന്നില്ല. അവന്‍ നിലത്ത് കുനിഞ്ഞ് എഴുതിക്കൊണ്ടിരുന്നു. എന്നിട്ടും നിയമ വിശ്വാസികളുടെ കാഠിന്യത്താല്‍ ‘നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ’ എന്നു കല്പിച്ചു. പുരുഷന്‍റെ കാപട്യം അവന്‍ തുറന്നു കാണിച്ചു. എന്നിട്ട് സാവകാശം അവളോട് പറഞ്ഞു, ‘ഇനി ഇതാവര്‍ത്തിക്കരുത്. ഞാനും നിന്നെ വിധിക്കുന്നില്ല. സമാധാനമായി പോകുക.’ ഒരു പുരുഷമനസ്സിനും കഴിയാത്തതാണത്.

തന്‍റെ കുട്ടുകാരികളായ മര്‍ത്തയുടെയും മറിയത്തിന്‍റെയും കണ്ണുനീര്‍ കണ്ടാണ് ക്രിസ്തു ലാസറിനെ ഉയിര്‍പ്പിക്കുന്നത്. വിധവയുടെ നിസ്സാഹായത സ്വയം അനുഭവിച്ചിട്ടാണ് നിന്‍റെ മകന്‍ മരിച്ചിട്ടില്ല അവന്‍ ഉറങ്ങുകയാണ് എന്ന് ആശ്വസിപ്പിക്കുന്നത്. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേര്‍ക്കു വിളമ്പാന്‍ ഒരു അമ്മ മനസ്സിനു മാത്രമേ കഴിയൂ. കുരുടന്‍റെയും തളര്‍വാത രോഗികളുടെയും കുഷ്ഠരോഗികളുടെയും അന്ധന്‍റെയും വേദന അറിയണമെങ്കിലും അങ്ങനെ ഒരു മാംസളമായ ഹൃദയം വേണം. വലിയ കാര്യങ്ങളിലല്ല ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരാകുന്നവരോടാണ് അവന് പ്രിയം. സ്ത്രീകള്‍ ചെയ്യുന്ന പ്രവര്‍ത്തികളെയാണ് എന്നും പുരുഷലോകം (മതവും, രാഷ്ട്രീയവും) ചെറുതായി കണ്ടിരുന്നത്. 24 മണിക്കൂറും 365 ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍. അപ്പന് ഭര്‍ത്താവിന്, മക്കള്‍ക്ക് എല്ലാം… അതിന് യാതൊരു പ്രതിഫലവുമില്ല. ചെറിയ വീഴ്ചകള്‍ക്ക് വലിയ ശിക്ഷ അനുഭവിക്കുകയും വേണം. അതുകൊണ്ടാണ് അവന്‍ വിധവയുടെ ചില്ലിക്കാശിന്‍റെ വില ഏറ്റവും ഉയര്‍ന്ന മൂല്യമുള്ളതാണെന്നു പറഞ്ഞത്. എന്തിന്, സന്ധ്യയ്ക്ക് പത്ത് കൈകൊണ്ടും തീരാത്ത പണിയുള്ള ഒരു വീട്ടമ്മയെ പോലെയാണ് അവന് മരിച്ചിട്ടും ഉയിര്‍ക്കേണ്ടി വന്നത്. ഉയിര്‍ത്തിട്ടും അവന്‍ ചെയ്യുന്നത് തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് രാത്രി മുഴുവന്‍ അദ്ധ്വാനിച്ച് വിശന്നു വരുമ്പോള്‍ പ്രാതല്‍ ഉണ്ടാക്കി കൊടുക്കുക എന്നതാണ്.

നട്ടുച്ചയ്ക്ക് ആരുമില്ലാത്ത കിണറ്റിന്‍കരയില്‍ വെള്ളം കോരാന്‍ വന്ന സ്ത്രീയോടാണ് അവന്‍ ആത്മാവിന്‍റെ രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കുന്നത്. അടുക്കളയിലെ പണി നമുക്ക് ഒന്നിച്ചു ചെയ്യാം നീ ഇവിടെ ഇത്തിരി നേരം വെറുതെ വന്നിരിക്കു എന്ന് മര്‍ത്തയോട് കുശലം പറയുന്നത്. അതെ ഇതുകൊണ്ടൊക്കെ തന്നെയാണ് സ്ത്രീകളും കുട്ടികളും അവന്‍റെ പിറകെ നടന്നത്. അവനെ തങ്ങളെക്കാള്‍ കൂടുതല്‍ സ്നേഹിച്ചത്.

അമ്മ വളര്‍ത്തിയതുകൊണ്ടായിരിക്കണം അവന്‍ ഇത്രയും സ്ത്രൈണമായിത്തീര്‍ന്നത്. ഗലീലിയില്‍നിന്ന് പെസഹ ആഘോഷിക്കാന്‍ ജെറുസലേമിലേക്ക് പോന്നവരുടെ കൂട്ടത്തില്‍ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവര്‍ ഓശാനനാളില്‍ തങ്ങളുടെ രാജാവായി അവനെ ഓശാനപാടി ഒലിവുമലയിലെ കിഴുക്കാം തൂക്കായ മലഞ്ചെരിവിലൂടെ ജെറുസലേം പട്ടണത്തിലേക്ക് ആനയിച്ചത്. എന്നിട്ടും എല്ലാവരും ഒന്നിച്ച് ആഘോഷിക്കേണ്ട പെസഹ അത്താഴത്തില്‍ നിന്ന് അവന്‍ തന്‍റെ അമ്മയേയും കൂടെ വന്ന സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി എന്നത് ക്രിസ്തുവിനെ അറിയാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കും മനസ്സിലാകാത്ത സംഗതിയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും മറ്റുള്ളവരുടെ കാലുകള്‍ കഴുകി ചുംബിച്ച് ലോകത്തിന് സ്നേഹത്തിന്‍റെ, പരസ്പര വിശ്വാസത്തിന്‍റെ മാതൃക കാണിക്കേണ്ടതിനു പകരം അതിപ്പോഴും പള്ളിക്കകത്ത് പന്ത്രണ്ട് പുരുഷന്മാരുടെ കാലുകഴുകലില്‍ പൂജയായി ഒതുക്കിത്തീര്‍ക്കുന്നു. ക്രിസ്തു പുരോഹിതനായിരുന്നില്ല. യഹൂദമതത്തില്‍ മതകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പുരോഹിതരും പുരോഹിതശ്രേഷ്ഠരും അന്ന് അധികാരത്തോടെ തന്നെ അവിടെ കഴിഞ്ഞിരുന്നു. അവര്‍ മതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അതിശക്തമായ സ്വാധീനം ഉള്ളവരായിരുന്നു. അവരെയാണ് ക്രിസ്തു വെള്ളയടിച്ച കുഴിമാടങ്ങളേ എന്ന് പരിഹസിച്ചത്. എന്നിട്ടും ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ചു. ക്രിസ്തുശിഷ്യകളായ എല്ലാ സ്ത്രീകളും പൊതുഇടങ്ങളില്‍ വെച്ച് നിരാലംബരുടെ, സമൂഹം പൊതുഇടങ്ങളില്‍നിന്ന് ഒഴിവാക്കിയവരുടെ, പാദങ്ങള്‍ കഴുകി ചുംബിക്കണമെന്നാണ് യേശുവിന്‍റെ ശിഷ്യയായ, പ്രണയിനിയായ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിസ്തുമസിന് കേക്കു മുറിക്കുന്നതിനേക്കാള്‍, ദുഃഖവെള്ളിയില്‍ വിലാപഗാനവുമായി, യേശുക്രിസ്തുവിന്‍റെ മൃതരൂപം വഹിച്ച് നാടുമുഴുവന്‍ ഉച്ചഭാഷിണികള്‍ മുഴക്കി, വഴിമുടക്കി നടത്തുന്ന നഗരികാണിക്കല്‍ ശുശ്രൂഷയേക്കാള്‍ എന്തുകൊണ്ടും ക്രിസ്തുശിഷ്യര്‍ക്ക് അനുയോജ്യമായ പ്രവൃത്തി മറ്റുള്ളവരുടെ കാലു കഴുകി ഉമ്മവെക്കുക എന്നതാണ്. ക്രിസ്തു പഠിപ്പിച്ച വിനയത്തിന്‍റെ, സ്നേഹത്തിന്‍റെ ആ മാതൃകയാണ് ക്രിസ്ത്യാനി ലോകത്തിന്‍റെ അതിരുകള്‍വരെ എത്തിക്കേണ്ട സുവിശേഷം.

തന്‍റെ പെസഹാവിരുന്നില്‍ നിന്ന് സ്ത്രീകളെ യേശു ഒഴിവാക്കിയെങ്കിലും അവന്‍റെ അമ്മയും മറ്റു സ്ത്രീകളും അവനെ പിന്‍തുടര്‍ന്നു. പെസഹ ഭക്ഷണം കഴിഞ്ഞ് തനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു ശിഷ്യന്മാരെ കൂട്ടി അതിനടുത്തുള്ള ഒലിവുമലയിലെ ഗദ്സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴും സ്ത്രീകളാരും കൂടെയില്ല. എന്നാല്‍ അന്നു രാത്രി ഹേറോദോസിന്‍റെയും പീലാത്തോസിന്‍റെയും അരമനകളിലെ കൊത്തളങ്ങളില്‍ വിചാരണ നടക്കുമ്പോള്‍ സ്ത്രീകള്‍ അവനോടൊപ്പമുണ്ട്. ആരും വിളിക്കാതെ തന്നെ അവര്‍ അവിടേക്ക് ഓടിയെത്തി. വിചാരണ കഴിഞ്ഞ് കൊല നടപ്പാക്കി കഴിയും വരെയും ഒരു അധികാര കേന്ദ്രത്തേയും ഭയക്കാതെ അവര്‍ അവന്‍റെ കൂടെ തന്നെയുണ്ട്. കുരിശിന്‍റെവഴിയില്‍ വര്‍ണ്ണിക്കും പോലെ അവര്‍ വിലപിക്കാന്‍ മാത്രമറിയുന്ന ഭക്തസ്ത്രീകള്‍ അല്ല. അവന്‍ അവര്‍ക്കുവേണ്ടി സംസാരിച്ച, അവരെ വ്യക്തികളായി അംഗീകരിച്ച, അവരോട് സൗഹൃദം കൂടിയ, ഭയപ്പെടുത്തുന്ന ശിക്ഷകനായ ഒരു ദൈവത്തിനു പകരം സ്നേഹസമ്പന്നനായ, അവരെ സ്നേഹിക്കുന്ന ഒരു ദൈവത്തെ കാണിച്ചുകൊടുത്ത, ഒരുവനോടൊപ്പമാണ് അവര്‍ നടക്കുന്നത്. അവനെ കണ്ടുമുട്ടുംവരെ ഭയമായിരുന്നു അവരുടെ ജീവിതം. അവനാണ് അവര്‍ക്ക് കൂനി നിവര്‍ത്തി സ്വാതന്ത്ര്യത്തിന്‍റെ ആകാശം കാണിച്ചു കൊടുത്തത്. തൊട്ടുകൂടാത്ത അശുദ്ധ രോഗമായ രക്തംപോക്കില്‍ നിന്ന് ഒരുവളെ സുഖപ്പെടുത്തുന്നത്. അതിനാല്‍ അവര്‍ എല്ലാ ഭയങ്ങളെയും ഉപേക്ഷിച്ച് അവനു പുറകെ പോയി. ആറാം സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ക്ക് ദുഃഖം സഹിക്കാനാകുന്നില്ല. അപ്പോള്‍ ഒരുവള്‍ പട്ടാളക്കാരെയും പുരുഷാരത്തെയും തട്ടിമാറ്റി അവനരികില്‍ എത്തുന്നു. തന്‍റെ വസ്ത്രത്തിന്‍റെ തുമ്പുകൊണ്ട് അവന്‍റെ മുഖം തുടയ്ക്കുന്നു. നീ തനിച്ചല്ല ഞങ്ങളും കൂടെയുണ്ട് എന്ന് ധൈര്യപ്പെടുത്തുന്നു. അവളുടെ ഈ പ്രവൃത്തി ഒരു സുവിശേഷകനോ, ലേഖന കര്‍ത്താവോ അടയാളപ്പെടുത്തുന്നില്ല. എന്നിട്ടും പാരമ്പര്യത്തില്‍ അവള്‍ അതിശക്തമായി ഇക്കാലമത്രയും നിലനിന്നു. അവര്‍ കോട്ടക്കുപുറത്ത് ഗാഗുല്‍ത്ത കുന്നുകള്‍ വരെ കൂടെപോകുന്നു. കുരിശില്‍ തറയ്ക്കുമ്പോഴും അവരുണ്ട്. ഭയാനകമായ കൊലപാതകരംഗം അവരെ വേദനിപ്പിക്കുന്നു. അവനെക്കാള്‍ കൂടുതല്‍ അവര്‍ വേദനകൊണ്ട് പിടയുന്നുണ്ട്. എന്നിട്ടും അവരവിടെ നിന്നു. തൂക്കിലേറ്റിക്കഴിഞ്ഞ്, പുരുഷാരം പിരിഞ്ഞു പോയിക്കഴിഞ്ഞ്, കുരിശില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന അവനു താഴെ അവരില്‍ ചിലര്‍ കാവല്‍ നിന്നു. അവന്‍റെ അമ്മയും അതില്‍ ഉണ്ടായിരുന്നു. അവര്‍ ജഡം കുരിശില്‍ നിന്നിറക്കി കല്ലറയില്‍ അടക്കിയിട്ടേ തിരികെ പോയുള്ളൂ. പിറ്റേന്ന് സാബത്. യഹൂദര്‍ പുറത്തിറങ്ങാന്‍ പാടില്ല. അന്നവര്‍ അവനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി അവന്‍റെ അമ്മയ്ക്കരികില്‍ ഇരുന്നു. അവര്‍ക്കവനോട് പറഞ്ഞാല്‍ തീരാത്ത പ്രണയമായിരുന്നു. അതുകൊണ്ടാണ് നേരം പുലരും മുമ്പേ, തന്നെ സാബത് അവസാനിച്ച ഉടനെ മറിയം മഗ്ദലന അവന്‍റെ അടുത്തേക്ക്, വിജനമായ കുന്നിന്‍ പുറത്തെ കല്ലറയിലേക്ക് പാഞ്ഞു പോകുന്നത്. അവിടെ ചെന്ന് കല്ലറയില്‍ ഇറങ്ങി നോക്കുന്നത്. അവന്‍റെ ശരീരം കാണാതെ വരുമ്പോള്‍ ഉറക്കെ നിലവിളിക്കുന്നത്. ഒരു ഭ്രാന്തിയെ പോലെ അലയുന്നത്. കണ്ണില്‍ കണ്ട തോട്ടക്കാരനോട് എന്‍റെ പ്രിയന്‍ എവിടെ? നീ അവനെ എവിടെ കൊണ്ടുപോയ് വെച്ചു? നീ അവനെ എനിക്കു തരിക. നിനക്കു ഞാന്‍ എന്തു വേണമെങ്കിലും തരാം. എന്നിങ്ങനെ നിലവിളിച്ചു യാചിക്കുന്നത്.

ഇങ്ങനെ തോട്ടക്കാരനു മുമ്പില്‍നിന്ന് ദയനീയമായി നിലവിളിക്കുന്ന മറിയം മഗ്ദലനയ്ക്ക് യേശുവിനോട് പ്രണയമായിരുന്നിരിക്കണം എന്ന് എഴുതിയതിന് ഒരിക്കല്‍ എന്‍റെ നേരെയും പത്രാധിപരുടെ നേരെയും പൊങ്കാലയിടാന്‍ വന്നവരെയൊന്നും മറന്നിട്ടല്ല ഇതെഴുതുന്നത്. അന്നത്തെക്കാള്‍ കൂടുതല്‍ വിശ്വാസത്തോടെ, ബോധ്യത്തോടെ ഇന്നെനിക്കതു പറയാന്‍ ധൈര്യം നല്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ വാക്കുകള്‍ തന്നെയാണ്. ഏതൊരു സ്ത്രീയും പ്രണയിക്കുന്ന നിത്യപുരുഷനാണവന്‍. പ്രണയികള്‍ക്കു മാത്രമേ ദൈവത്തെ തിരിച്ചറിയാനാകൂ. അവളുടെ നിലവിളി അവന്‍റെ കാതുകളെ വിറപ്പിക്കുന്നു. അവന്‍ പ്രേമപൂര്‍വ്വം വിളിക്കുന്നു, മറിയം. എല്ലാ പരിഭ്രമവും വിട്ട് ആ ശബ്ദം അവള്‍ തിരിച്ചറിയുന്നു. റബ്ബോനി, എന്നവള്‍ വിളി കേള്‍ക്കുന്നു. അവനരികിലേക്ക് ഓടിചെല്ലുന്നു. മരിച്ചവനെന്നു പോലും മറന്ന് ആനന്ദാതിരേകത്താല്‍ ആലിംഗനം ചെയ്യാന്‍ ആയുന്നു. അപ്പോഴാണ് അവന്‍ പറയുന്നത്. അരുത്. ഞാന്‍ നിന്നോട് പറഞ്ഞിരുന്നതു പോലെ മരണത്തില്‍ നിന്നും ജയിച്ചിരിക്കുന്നു. നീ പോയ് ഈ വിവരം നമ്മുടെ കൂട്ടുകാരെ, എന്‍റെ അമ്മയെ അറിയിക്കുക. അവള്‍ ഉന്മാദലഹരിയാല്‍ ഓടിവരുന്നു. സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും പറഞ്ഞു: “ഞാന്‍ നമ്മുടെ യേശുവിനെ കണ്ടു. അവന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെണീറ്റിരിക്കുന്നു.” അതുകേട്ട ശിഷ്യ പ്രധാനി ആദ്യം സംശയിച്ചു. കൂടെ ബാക്കിയുള്ള പുരുഷപ്രജകളും. ഈ സ്ത്രീക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്നവര്‍ അവളെ പരിഹസിച്ചു. അവളുടെ നിസ്സഹായതക ണ്ടിട്ടായിരിക്കണം, അവളില്‍ ആരോപിക്കപ്പെട്ട പരിഹാസം മാറ്റിക്കളയാനായിരിക്കണം യേശു അപ്പോള്‍ ആ മുറിയില്‍ പ്രവേശിക്കുന്നത്. തന്നെ കണ്ട് ഭൂതം എന്ന് ഭയപ്പെട്ട ശിഷ്യരോട് ഭയപ്പെടേണ്ട. ദാ എന്നെ തൊട്ടു നോക്കൂ. അല്ലെങ്കില്‍ എനിക്കെന്തെങ്കിലും ഭക്ഷിക്കാന്‍ തരൂ എന്നു പറയുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു കഷണം വറുത്തമീന്‍ അവരുടെ മുന്നില്‍ വെച്ച് അവന്‍ തിന്നത് അതിനാണ്. അവള്‍ നുണ പറഞ്ഞു എന്ന ആരോപണത്തില്‍ നിന്ന് അവളെ, സ്ത്രീയെ രക്ഷിക്കാന്‍. എന്തെന്നാല്‍ സ്ത്രീകള്‍ എപ്പോഴും അപമാനിക്കപ്പെടുന്നു. മറ്റുള്ള വര്‍ ഒരിക്കലും വിശ്വാസത്തിലെടുക്കാത്ത സ്ത്രീയുടെ വാക്കിനെ വിലയുള്ളതാക്കുകയായിരുന്നു, മരണാനന്തരവും ക്രിസ്തു. അത്രയ്ക്ക് അവര്‍ക്ക് പരസ്പരം മനസിലാകുമായിരുന്നു. അവളുടെ വിശ്വാസം അത്ര തീക്ഷ്ണമായിരുന്നു. പിന്നീടും ഏറെ നാള്‍ അമ്മയായ മറിയവും മറ്റു സ്ത്രീകളുമാണ് ക്രിസ്തുവിന്‍റെ സ്വപ്നങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. തീര്‍ച്ചയായും, പടനായകനായ സാവൂള്‍ പിടിച്ചടക്കിയില്ലായിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ അനുയായികള്‍ സ്ത്രീപുരുഷ അധികാര വ്യത്യാസമില്ലാത്ത ഒരു സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ തീര്‍ക്കുമായിരുന്നു. അത് ഇന്നത്തേതു പോലെ മഹാശക്തിയാകുമായിരുന്നില്ല. സ്നേഹത്തില്‍ അധിഷ്ഠിതമായ ചെറിയ അജഗണങ്ങളാകുമായിരിക്കും.

അവരെ നോക്കി മറ്റുള്ളവര്‍ അത്ഭുതപ്പെടുമായിരുന്നു. ഇവര്‍ക്കെങ്ങനെ ഇങ്ങനെ സ്നേഹിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത്. ചവിട്ടി നില്‍ക്കാന്‍ സ്വന്തമെന്നു പറയുന്ന ഒരു തരിമണ്ണില്ലാത്ത ജനതയില്‍ ജനിച്ചിട്ടാണ്, ക്രിസ്തു, എന്‍റെ ലോകം ഇവിടെയല്ല, എന്‍റെ പിതാവിന്‍റെ ഭവനം പറുദീസയാണ് എന്ന് സ്വപ്നം കാണുന്നത്. ആ സ്വപ്നം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. അതെ, ഏത് കഠിനമായ കാലത്തും സുന്ദരമായ മറ്റൊരു ലോകം മനുഷ്യനു സാധ്യമാണ് എന്ന പ്രതീക്ഷയാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്.

Leave a Comment

*
*