ത്രസ്യാമ്മ: മലയാളത്തിലെ പ്രഥമ മദ്യവിരുദ്ധ – സുറിയാനി കത്തോലിക്കാ നോവല്‍

ത്രസ്യാമ്മ: മലയാളത്തിലെ പ്രഥമ മദ്യവിരുദ്ധ –  സുറിയാനി കത്തോലിക്കാ നോവല്‍

ഫ്രാങ്ക്ളിന്‍ എം

1922-ല്‍ രചിക്കപ്പെട്ട "ത്രസ്യാമ്മ" എന്ന നോവല്‍ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സാഹിത്യ സൃഷ്ടിയായി പുനരവതരിക്കുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ് രചിക്കപ്പെട്ട ഈ കൃതിയുടെ രണ്ടു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1936-ലെ രണ്ടാം പതിപ്പിനു ശേഷം ഇപ്പോള്‍ ഈ കൃതി തേടിപ്പിടിച്ചു സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടത്, മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള എഴുത്തുകാരനും നിരൂപകനുമായ ഡോ. ജോര്‍ജ്ജ് ഇരുമ്പയത്തിന്‍റെ ശ്രമഫലമായാണ്.

മലയാളത്തിലെ ആദ്യത്തെ മദ്യവിരുദ്ധ നോവലും കേരളത്തിലെ ഒരു പ്രബല ക്രൈസ്തവ വിഭാഗമായ സുറിയാനി കത്തോലിക്കരുടെ സാമൂഹ്യജീവിതം പ്രതിഫലിപ്പിക്കുന്ന ആദ്യനോവലുമാണ് ത്രസ്യാമ്മ – ഈ കൃതിയുടെ സമ്പാദനത്തിനും പഠനത്തിനും ഡോ. ഇരുമ്പയത്തെ പ്രചോദിപ്പി ച്ച പ്രധാനഘടകം ഇതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

"മദ്യവിപത്തിനെ മാത്രമല്ല, ആധാരം വാങ്ങി പണം പലിശയ്ക്കു കൊടുത്തു സ്ഥലം സ്വന്തമാക്കുന്ന ഹീനവൃത്തിയെയും പതിനഞ്ചുകാരിയെ അന്‍പതുകാരന്‍ വിവാഹം ചെയ്യാനൊരുങ്ങുന്ന ക്രൂരതയെയും ഇതില്‍ ചിത്രീകരിച്ച് ആക്ഷേപിക്കുന്നുണ്ട്." ഡോ. ജോര്‍ജ് ഇരുമ്പയം പറയുന്നു. കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയും സര്‍ക്കാര്‍ അധ്യാപകനുമായിരുന്ന കരോട്ട് കെ.സി. ജോര്‍ജ്ജ് (1889- 1945) ആണ് 1922-ല്‍ ഈ നോവല്‍ രചിച്ചത്. സാമൂഹ്യപ്രവര്‍ത്തകനും മദ്യപാനം പോലുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ദീപിക പത്രത്തില്‍ ഇതു ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വന്നു. 1925-ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധപ്പെടുത്തി. പലതരത്തില്‍ ചരിത്രപ്രാധാന്യമുള്ള കൃതിയാണെങ്കിലും നമ്മുടെ സാഹിത്യചരിത്രങ്ങളിലോ നോവല്‍ സാഹിത്യ ചരിത്രത്തിലോ ത്രസ്യാമ്മയെപ്പറ്റി പരാമര്‍ശമില്ലെന്നും കേരള സാഹിത്യ അക്കാദമി ഇറക്കിയ ഗ്രന്ഥ സൂചികയില്‍ ചെറുകഥകളുടെ കൂട്ടത്തിലാണ് ഈ ഗ്രന്ഥത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡോ. ഇരുമ്പയം പറഞ്ഞു.

മദ്യപാനം മൂലം അകാലമൃത്യുവും കുടുംബത്തകര്‍ച്ചയും മറ്റും സംഭവിക്കുന്ന ചിത്രീകരണം ത്രസ്യാമ്മയ്ക്കു മുമ്പുള്ള നോവലുകളില്‍ കണ്ടിട്ടില്ലെന്ന് ഡോ. ഇരുമ്പയം സമര്‍ത്ഥിക്കുന്നു. സി. ചാ ത്തുനായരുടെ "മീനാക്ഷി" (1890), പോത്തേരി കുഞ്ഞമ്പുവിന്‍റെ "സരസ്വതീവിജയം" (1892) പ്രഥമ ലത്തീന്‍ ക്രൈസ്തവ നോവലായ "പരിഷ്കാര വിജയം" (1906) എ ന്നിവയിലൊക്കെ ആനുഷംഗീകമായി മദ്യപാനത്തിനെതിരായി സൂ ചിപ്പിക്കുന്നുണ്ട്. എന്നാല്‍ ത്രസ്യാമ്മയിലാണ് ഈ സമൂഹിക വിപത്തിനെതിരെ അതിശക്തമായ പ്രതിപാദനമുള്ളത്.

ആദ്യ തലമുറക്കാരന്‍ ചാക്കോച്ചന്‍റെ മദ്യപാനവും കൂട്ടുകാരുമൊത്തുള്ള ധൂര്‍ത്തടിയും തന്‍റെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ അയാള്‍ ആയുധമാക്കിയ കോപവും, കുടുംബത്തില്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും ദുഃഖദുരിതങ്ങളുമാണ് നോവലിലെ ആദ്യഭാഗങ്ങളില്‍ പ്രകടമാകുന്നത്. അയാള്‍ ഭാര്യയെ ഇടയ്ക്കിടെ മര്‍ദ്ദിച്ചവശയാക്കുന്നു. മൂന്നു മക്കളും സഹായത്തിനൊരു തള്ളയുമുള്ള അവള്‍, തന്‍റെ വീട്ടില്‍ നിന്നു കിട്ടിയ സഹായത്താല്‍ തുടങ്ങിയ കച്ചവടം കൊണ്ട് കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിക്കുന്നു. പക്ഷെ മര്‍ദ്ദനങ്ങളും കഷ്ടപ്പാടുകളും മൂലം ക്ഷയരോഗബാധിതയായ, അന്നമ്മയെന്ന ആ സ്ത്രീ, നിറയൗവ്വനത്തില്‍ രക്തം ഛര്‍ദ്ദിച്ചു മരിക്കുന്നു. സമ്പന്നനായിരുന്ന ചാക്കോച്ചന്‍ സ്വത്തു നശിപ്പിച്ചു കടക്കെണിയിലും കേസിലും പെടുന്നു. മദ്യലഹരിയില്‍ അയാള്‍ മകനെ മര്‍ദ്ദിക്കുന്നു. അവന്‍ വീടുവിട്ടു പോകുന്നതോടെ കുടുംബം കൂടുതല്‍ തകര്‍ച്ചയിലാകുന്നു. ചാക്കോച്ചന്‍ ജയിലിലും, രോഗിയായി ആശുപത്രിയിലും എത്തുന്നു. മൂത്തമകള്‍ ത്രസ്യാമ്മ ആശുപത്രിയില്‍ സഹായത്തിനെത്തുകയും സുന്ദരിയായ അവളില്‍ ചെറുപ്പക്കാരനായ ഡോക്ടര്‍ തോമസ് അനുരക്തനാവുകയും ചെയ്യുന്നതാണ് കഥയെ പുരോനയിക്കുന്ന സംഭവം. അതോടെ കഥ രണ്ടാം തലമുറയിലേക്കു കടക്കുന്നു. ശവസംസ്ക്കാരത്തിനും മറ്റും ഡോക്ടര്‍ ത്രസ്യാമ്മയെ സഹായിക്കുന്നു. അവരുടെ വിവാഹത്തിലും ത്രസ്യാമ്മയുടെ സഹോദരന്‍റെ തിരിച്ചുവരവിലും മറ്റും പര്യവസാനത്തിലെത്തുകയാണ് നോവല്‍.

പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട പല കാര്യങ്ങളും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നാണ് ഡോ. ഇരുമ്പയം ചൂണ്ടിക്കാണിക്കുന്നത്. മദ്യത്തിനെതിരെ കത്തോലിക്കാ സഭയും മറ്റു സന്നദ്ധ സംഘടനകളും വളരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇക്കാലത്ത്, മദ്യമെന്ന വിപത്തിനെ അതിഭീകരമായി ഈ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. ബ്ലേഡു മാഫിയയുടെ ചതിക്കുഴികളില്‍ എത്രയെത്ര കുടുംബങ്ങളാണ് ഇവിടെ തകര്‍ന്നടിയുന്നത്. സ്ത്രീകളുടെ അവകാശ നിഷേധവും അവരെ അടിമകളെപ്പോലെ വീക്ഷിക്കുന്ന സാഹചര്യങ്ങളും പുരുഷാധിപത്യത്തിന്‍റെ തോന്ന്യാസങ്ങളും ഇനിയും അസ്തമിച്ചിട്ടില്ലാത്ത നമ്മുടെ നാട്ടില്‍, 92 വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട ത്രസ്യാമ്മയിലൂടെ ഇതിന്‍റെ വേദനാജനകവും ഭീതിജന്യവുമായ അവസ്ഥാന്തരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
വനിതാവിമോചനക്കാര്‍ക്കും സ്ത്രീപക്ഷവായനക്കാര്‍ക്കും പറ്റിയ പലതും ഈ നോവലിലുണ്ടെന്നു ഡോ. ജോര്‍ജ് വിശദീകരിക്കുന്നു. സുറിയാനി കത്തോലിക്കരുടെ ഇടയില്‍ ഉണ്ടായിരുന്ന പുരുഷാധിപത്യത്തിനും കുടുംബനാഥന്‍റെ തോന്ന്യാസങ്ങള്‍ക്കും ധനമോഹത്തിനും ലുബ്ധിനും ഇതിലെ ചാക്കോച്ചനും പ്രതിനായക സ്ഥാനത്തുള്ള മാത്തനും അവരുടെ വാക്കും പ്രവൃത്തിയും കൊണ്ട് ഏറ്റക്കുറവുകളോടെ തെളിവുതരുന്നുണ്ട്. പെണ്‍മക്കളുടെ വിവാഹം നിശ്ചയിക്കുന്നതില്‍ അവരോടു കൂടിയാലോചിക്കാത്തതും പ്രായമോ ചേര്‍ച്ചയോ നോക്കാതെ അവരുടെ വിവാഹം നിശ്ചയിക്കുന്നതും ആണ്‍കുട്ടികളുടെ വിവാഹം നിശ്ചയിക്കുന്നതിലും കാരണവന്മാര്‍ തന്നിഷ്ടത്തോടെ ഇടപെടുന്നതുമെല്ലാം ഉദാഹരണങ്ങളായി ഡോ. ഇരുമ്പയം ചൂണ്ടിക്കാട്ടുന്നു.

നോവലിലെ പുരുഷ കഥാപാത്രങ്ങളില്‍ മിക്കവരും ദുര്‍വൃത്തരും മോശക്കാരുമാണെങ്കില്‍ അതിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ സ്വഭാവമഹിമകൊണ്ടും ക്ഷമാശീലം കൊണ്ടും വളരെ നല്ലവരാണ്. ആ വിധത്തില്‍ ഇതൊരു സ്ത്രീപക്ഷ നോവലാണെന്നും ജോര്‍ജ് ഇരുമ്പയം വ്യാഖ്യാനിക്കുന്നു. ത്രസ്യാമ്മയിലെ സ്ത്രീകളെല്ലാം മികച്ച കഥാപാത്രങ്ങളാണ്. സ്നേഹം, ക്ഷമ, സഹനം, അനുകമ്പ ഇത്യാദി ഗുണങ്ങളാല്‍ സമ്പന്നരാണവര്‍. സ്ത്രീമുന്നേറ്റത്തിന്‍റെ ഇക്കാലഘട്ടത്തില്‍ സ്ത്രീകളെ സത്ഗുണസമ്പന്നരായി അവതരിപ്പിക്കുന്ന ഈ നോവല്‍ ആ വിധത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു.

1925-ല്‍ 25 അധ്യായങ്ങളിലായി പുറത്തിറങ്ങിയ ഈ നോവലിന്‍റെ രണ്ടാം പതിപ്പ് 1936-ല്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ആദ്യത്തേതില്‍ നിന്നു വ്യത്യസ്തമായി മൂന്ന് അധ്യായങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയുണ്ടായി. 22-ാം അധ്യായത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട്. നോവലിസ്റ്റിന്‍റെ 'പ്രസ്താവന'യില്‍ "മദ്യപാനം, അക്രമപ്പലിശനിരക്ക്, അനുചിതവിവാഹസമ്പ്രദായം ഇത്യാദി, മുന്നിട്ടു നില്‍ക്കുന്ന ഏതാനും കുത്സിത വൃത്തികളെ തജ്ജന്യമായ ദുഷ്ഫലങ്ങള്‍കൂടി ദൃഷ്ടാന്തമാക്കി" ചിത്രീകരിച്ചു ഫലമുളവാക്കാനാണ് ത്രസ്യാമ്മ രചിച്ചതെന്നു വ്യക്തമാക്കുന്നുണ്ട്. നോവലിന്‍റെ ഈ പ്രമേയം ഇക്കാലത്തും പ്രസക്തമാണെന്നു നിരീക്ഷിക്കുന്ന ഡോ. ഇരുമ്പയം, അതിന്‍റെ ചരിത്രപരമായ പ്രസക്തിക്കാണ് ഊന്നല്‍ നല്‍കു ന്നത്. ചന്തുമേനോനും സി വി രാമന്‍പിള്ളയും നോവലിസ്റ്റിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇരുമ്പയം സൂചിപ്പിക്കുന്നു. ചന്തുമേനോനേക്കാള്‍ സി വി രാമന്‍പിള്ളയാണ് നോവലിസ്റ്റിനെ സ്വാധീനിച്ചു കാണുന്നതെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. ആള്‍മാറാട്ടവും ആഖ്യാനത്തിലെ സംസ്കൃതപദാധിക്യവും നീണ്ട സ്ഥലവര്‍ണനയും അധ്യായാരംഭത്തിലും ഇടയ്ക്കും പദ്യഭാഗങ്ങള്‍ ഉദ്ധരിക്കുന്നതുമൊക്കെ അതിനു തെളിവായി ഡോ. ഇരുമ്പയം ചൂണ്ടിക്കാട്ടുന്നു. നോവലിലെ സംഭാഷണഭാഷ താരതമ്യേന ലളിതവും കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഏറെക്കുറെ യോജിച്ചതും തന്മൂലം യാഥാര്‍ത്ഥ്യ നിഷ്ഠവുമാണെന്നും അദ്ദേഹം പറയുന്നു. ദുഷ്ടശിഷ്ട കഥാപാത്രങ്ങളിലൂടെ നന്മതിന്മകളുടെ ഏറ്റുമുട്ടലും നന്മയുടെ വിജയവും അക്കാലത്തെ മറ്റു നോവലുകളിലെപ്പോലെ ഇതിലും ചിത്രീകരിക്കുന്നുണ്ട്. ദൈവവിശ്വാസം, സത്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങളോടുള്ള ആഭിമുഖ്യം, കാല്പനിക – യഥാര്‍ത്ഥ പ്രവണതകളുടെ സങ്കലനം എന്നിവയും ഇതില്‍ ദൃശ്യമാണ്.

1972-80 കാലഘട്ടത്തില്‍ ഡോ ഇരുമ്പയം നടത്തിയ നോവലുകളെക്കുറിച്ചുള്ള ഗവേഷണത്തിനിടയില്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള മലയാളപുസ്തകങ്ങളുടെ കാറ്റലോഗ് വരുത്തി പരിശോധിച്ചപ്പോഴാണ് "പരിഷ്ക്കാര വിജയം" എന്ന പ്രഥമ ലത്തീന്‍ ക്രൈസ്തവനോവലിനെക്കുറിച്ചുള്ള വിവരം കിട്ടിയത്. അക്കാലത്തു തന്നെ സുറിയാനി കത്തോലിക്കരുടേതായി ഇത്തരത്തില്‍ എന്തെങ്കിലും രചന കാണുമല്ലോ എന്ന ചിന്ത ഇരുമ്പയത്തിനുണ്ടായിരുന്നു. സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന കൃതികളെക്കുറിച്ചുള്ള അന്വേഷണം "കുഞ്ഞമ്മ," "ത്രസ്യാമ്മ" എന്നീ കഥാഗ്രന്ഥങ്ങളിലേക്ക് എത്തിച്ചു. എന്നാല്‍ 1914-ല്‍ ആലപ്പുഴ പുത്തനങ്ങാടിയില്‍ ഇലഞ്ഞിക്കല്‍ ചെറിയാന്‍ കുഞ്ഞു വര്‍ഗ്ഗീസിന്‍റെ കൃതിയായ "കുഞ്ഞമ്മ" നോവലല്ലെന്നു കണ്ടെത്തി. അങ്ങനെയാണ് "ത്രസ്യാമ്മ" പ്രഥമ സിറിയന്‍ കാത്തലിക് നോവല്‍ എന്ന സ്ഥാനത്തേക്കു വരുന്നതെന്ന് ഡോ. ഇരുമ്പയം വിശദീകരിക്കുന്നു.

എന്നാല്‍ ആദ്യത്തെ മദ്യവിരുദ്ധ നോവല്‍ എന്ന വിധത്തിലാണ് തനിക്കിതു പ്രിയപ്പെട്ടതായി മാറിയതെന്നു ഡോ, ഇരുമ്പയം വ്യക്തമാക്കുന്നു. നോവല്‍ പഠനത്തിലുടനീളം മദ്യവിരുദ്ധ വിചാരങ്ങളും വികാരങ്ങളും മനസ്സില്‍ നിറഞ്ഞപ്പോള്‍ മദ്യപാനത്തിന്‍റെ ദോഷവശങ്ങള്‍ നേരില്‍ കണ്ട പലരംഗങ്ങളും ഓര്‍മ്മയിലെത്തുകയായിരുന്നുവെന്ന് ഡോ. ഇരുമ്പയം പറഞ്ഞു: "ഞാന്‍ പാലായിലെ കോളജില്‍ പഠിക്കുമ്പോള്‍ താമസിച്ചിരുന്ന വീടിന്‍റെ അയല്‍പക്കത്തുള്ള ഒരു ഗൃഹനാഥന്‍ മദ്യപിച്ചു വന്ന് വീട്ടില്‍ എന്നും വഴക്കുണ്ടാക്കുന്നതു കണ്ടിട്ടുണ്ട്. അയാളുടെ മകനും മരുമകളും കുട്ടികളുമാണ് അവിടെ താമസിച്ചിരുന്നത്. വൈകീട്ട് 6 മണിയോടെ എത്തുന്ന മദ്യപനായ അപ്പന്‍ മരുമകളെ എന്നും ചീത്തവിളിയാണ്. ആ സ്ത്രീ വളരെയേറെ സഹിച്ചും ക്ഷമിച്ചുമാണ് അവിടെ കഴിഞ്ഞിരുന്നത്. അപമാനവും ദുഃഖവും വേദനയും അവരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതുപോലെ കുടുംബനാഥന്‍റെ മദ്യപാനം മൂലം ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ള ചില ബന്ധുക്കള്‍ എനിക്കുണ്ടായിരുന്നു. അവരുടെ സങ്കടങ്ങളും ക്ലേശപൂര്‍ണമായ ജീവിത സാഹചര്യങ്ങളും എന്നെ വിഷമിപ്പിച്ചിട്ടുണ്ട്." ഒരു നൂറ്റാണ്ടു മുമ്പുള്ള സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന "ത്രസ്യാമ്മ" എന്ന കൃതി, മലയാള നോവല്‍ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം അടയാളപ്പെടുത്തുമ്പോള്‍ മലയാളത്തിലെ പ്രഥമ മദ്യവിരുദ്ധ നോവല്‍ എന്ന് അതിനെ വിശേഷിപ്പിക്കാനും അത്തരത്തില്‍ അതു വായിക്കപ്പെടാനുമാണ് ഡോ. ജോര്‍ജ് ഇരുമ്പയം ആഗ്രഹിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org