ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ഖരീതിയോണ്‍ നാടകവും കേരള ക്രൈസ്തവസഭയും

ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ഖരീതിയോണ്‍ നാടകവും കേരള ക്രൈസ്തവസഭയും

ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ

കേരളത്തിലെ ക്രൈസ്തവസഭ സ്ഥാപിച്ചത് തോമാശ്ലീഹായാണെന്ന അതിപുരാതനപാരമ്പര്യം ചരിത്രമായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലാം നൂറ്റാണ്ടിന് മുമ്പുള്ള രേഖ അനിവാര്യമാണെന്ന് ഇദംപ്രഥമമായി വാദിച്ചത് 16-ാം നൂറ്റാണ്ടിനുശേഷം കേരളത്തിലെത്തിച്ചേര്‍ന്ന പാശ്ചാത്യ ക്രൈസ്തവ മിഷണറിമാരായിരുന്നു. എട്ടാം നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ ബ്രാഹ്മണര്‍ പാര്‍ത്തിരുന്നില്ലായെന്നു വാദിച്ചുകൊണ്ട് മാര്‍ത്തോമ്മാനസ്രാണികളുടെ ബ്രാഹ്മണപാരമ്പര്യം തള്ളിക്കളഞ്ഞതും അവരുടെ ആദ്യകാല ചരിത്രത്തിനു സാധുതയില്ലായെന്ന് സമര്‍ത്ഥിച്ചതും പാശ്ചാത്യരായ ഏതാനും ചരിത്രകാരന്മാരാണ്. ഇവരെ അനുകരിച്ച് കേരളത്തിലെ ചില ചരിത്രകാരന്മാരും അവരുടെതായ രാഷ്ട്രീയ, മതപരമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ തോമാശ്ലീഹായുടെ കേരള സന്ദര്‍ശനവും ക്രൈസ്തവസഭാ സ്ഥാപനവും ചരിത്രമല്ലെന്ന് എഴുതുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വാദത്തെ ന്യായീകരിക്കുന്ന സൂചനകളൊന്നും തന്നെ അവരുടെ ലേഖനങ്ങളിലും പുസ്തകങ്ങളിലും കാണാന്‍ കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇവര്‍ക്കുള്ള ഉത്തമമായ മറുപടിയാണ് ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് വിരചിതമായ ഖരീതിയോണ്‍ എന്ന ഗ്രീക്ക് നാടകം. ആദ്യനൂറ്റാണ്ടോളം പഴക്കമുള്ള കേരള ക്രൈസ്തവപാരമ്പര്യം നിരാകരിക്കാനാകാത്ത ചരിത്രസത്യമാണെന്നതിന്‍റെ ഈടുറ്റ സാക്ഷ്യപത്രവുംകൂടിയാണ് ഓക്സിറിംഖസ് പാപ്പിറസില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഖരീതിയോണ്‍ നാടകം.

ഒന്നാം നൂറ്റാണ്ടിലെ ഓക്സിറിംഖസ് പാപ്പിറസ്
ഇംഗ്ലീഷ് പുരാവസ്തു ഗവേഷകരായ ഗ്രെന്‍ഫെല്‍, ഹണ്ട് എന്നിവര്‍ 1896-97 വര്‍ഷങ്ങളില്‍ ഈജിപ്തിലെ പുരാതന ഓക്സിറിംഖസ് പട്ടണത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഒരു പാപ്പിറസിലാണ് (ഓക്സിറിംഖസ് പാപ്പിറസ് – 413, Bodleian Library / Ms.Gr. Class b 4 (p)) ഖരീതിയോണ്‍ എന്ന നാടകം രചിച്ചിട്ടുള്ളത്. പ്രധാന കഥാപാത്രമായ ഖരീതിയോണിന്‍റെ പേരിലാണ് ഈ നാടകം ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതില്‍ 87 ഡയലോഗുകളാണുള്ളത്. സ്വാഭാവികമായും പ്രാദേശിക ഭാഷയായ ഗ്രീക്കിലാണ് അവ രചിക്കപ്പെടേണ്ടത്. എന്നാല്‍ 32 ഡയലോഗുകളില്‍ ഇന്ത്യന്‍ ഭാഷകളിലെ 112 പദപ്രയോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ബൈബിള്‍ കാലഘട്ടത്തിലെ ഗ്രീക്ക് ലിപിയിലാണ് അവ ഒന്നിനോടൊന്നു ചേര്‍ത്ത് എഴുതിയിരിക്കുന്നത്. അവ വേര്‍തിരിച്ച് അര്‍ത്ഥം കണ്ടെത്തുന്നതില്‍ 13-ലധികം പാശ്ചാത്യപണ്ഡിതന്മാരും ഇന്ത്യന്‍ ഗവേഷകരായ ഗോവിന്ദ പൈ (1927), പി. ശിവപ്രസാദ്റായി (1985) എന്നിവരും പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭാഷാപദങ്ങളുടെ ഉറവിടവും അവയുടെ വിശദീകരണവും വ്യാഖ്യാനവും വിജയപ്രദമായി ലഭ്യമാക്കിട്ടുള്ളത് മലയാളിയായ തട്ടുങ്കല്‍ സഖറിയാ മാണിയാണ്. 2013-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'Charition Greek Drama and the Christians of Kerala' എന്ന ഇംഗ്ലീഷ് പുസ്തകവും, 2016-ല്‍ തോമാശ്ലീഹായുടെ കേരള ക്രൈസ്തവസഭ ഒന്നാം നൂറ്റാണ്ടില്‍ (ഖരീതിയോണ്‍ ഗ്രീ ക്ക് നാടകത്തിന്‍റെ മലയാള പരിഭാ ഷയും പഠനവും) എന്ന ഗ്രന്ഥവും ഓക്സിറിംഖസ് പാപ്പിറസിലെ ഖരീതിയോണ്‍ നാടകത്തെക്കുറിച്ചു മാത്രമല്ല കേരള ക്രൈസ്തവോല്പത്തിയെ സംബന്ധിച്ചും സുപ്രധാന അറിവ് പകരുന്നു.

ഖരീതിയോണ്‍ നാടകവും ഇന്ത്യന്‍ രംഗവും കഥയും
ഖരീതിയോണ്‍ നാടകം അരങ്ങേറിയിരിക്കുവാന്‍ സാധ്യതയുള്ളതു ഈജിപ്തിലെ മൂന്നാമത്തെ വലിയ പട്ടണമായിരുന്ന ഓക്സിറിംഖസിലാണ്. അലക്സാണ്ഡ്രിയായില്‍ നിന്നും മുസിരിസിലേയ്ക്കും അവിടെനിന്നും തിരിച്ചുമുള്ള യാത്രാമദ്ധ്യേ വിശ്രമത്തിനും കച്ചവടത്തിനുമായി ചരക്കുകൊണ്ടുപോകുന്ന വ്യാപാരികള്‍ പ്രസിദ്ധമായ ഈ പട്ടണത്തില്‍ തങ്ങിയിരുന്നു. പുരാതന ​ഗ്രീക്ക് രേഖകളും സംഘകാലത്തെ കൃതികളും (ബി.സി. മൂന്നാം ശതകംതൊട്ട് ഏ.ഡി. മൂന്നാം ശതകംവരെ) സാക്ഷ്യപ്പെടുത്തുന്നതുപോലെ 'ചൂര്‍ണികാനദി'യുടെ (പെരിയാര്‍) കരയില്‍ സ്ഥിതിചെയ്തിരുന്ന മുചിരിപ്പട്ടണം (മുസിരിസ്) ഇന്ത്യയുടെ പശ്ചിമതീരത്തെ ഏറ്റവും വലിയ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു. അക്കാലത്ത് ചേരരാജ്യത്തെ (പഴയ കേരളം) കുരുമുളകും ചന്ദനവും സില്‍ക്കും ആനക്കൊമ്പുമെല്ലാം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

പായ്ക്കപ്പലുകള്‍ക്ക് ഈജിപ്തിലെ ചെങ്കടല്‍ തീരത്തുനിന്നു മുസിരിസില്‍ എത്താന്‍ 40 ദിവസം മതിയെന്നു ഏ.ഡി. 45-ല്‍ ഹിപ്പാല്ലൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കാറ്റ് മുസിരിസിനെ ലക്ഷ്യമാക്കി വീശുമ്പോള്‍ ഈജിപ്തില്‍ നിന്നും കപ്പലുകള്‍ മുസിരിസിലേക്ക് നിങ്ങും. മടക്കയാത്രയ്ക്കു സഹായിക്കുന്ന കാറ്റിന്‍റെ വരവ് നവംബറില്‍ തുടങ്ങി ജനുവരി വരെയാണ്. ഈ കാലയളവില്‍ വ്യാപാരികള്‍ക്കു സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കുറഞ്ഞതു നാലുമാസത്തെ സമയം മുസിരിസില്‍കിട്ടും. അപ്പോള്‍ ഗ്രീക്ക് നാവികര്‍ക്കും വ്യാപാരികള്‍ക്കും ചേരരാജ്യത്തിലെ ഭാഷയും, തദ്ദേശിയര്‍ക്ക് ഗ്രീക്കും പഠിക്കുവാനും സംസാരിക്കുവാനും സമയം ലഭിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍. മുസിരിസില്‍ നിന്നും അലക്സാണ്ഡ്രിയായിലേക്കുള്ള മടക്കയാത്രയില്‍ വ്യാപാരികള്‍ ഓക്സി റിംഖസ് പട്ടണത്തില്‍ തങ്ങിയിരുന്നു. അവിടെ അവരെ വിനോദത്തിനും മറ്റും ആകര്‍ഷിക്കുന്നതിനുവേണ്ടി 4,400 ചതുരശ്ര അടി വിസ്താരമുള്ള തീയേറ്ററില്‍ പല നാടകങ്ങളും അരങ്ങേറിയിട്ടുണ്ടാകണം. ഇതിനുള്ളില്‍ പതിനോരായിരത്തിലധികം ആളുകള്‍ക്ക് ഇരുന്ന് നാടകം കാണാന്‍ സൗകര്യമുണ്ടായിരുന്നുവെന്നു ഈ തീയേറ്ററിന്‍റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിട്ടുണ്ട.് ഇവിടത്തെ പ്രസിദ്ധമായ ഈ സ്റ്റേജില്‍ അരങ്ങേറിയ ഗ്രീക്കു നാടകങ്ങളിലൊന്നായിരിക്കണം ഖരീതിയോണ്‍.

ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തു വിരചിതമായ ഖരീതിയോണ്‍ നാടകത്തിന്‍റെ പശ്ചാത്തലം ചേരനാടാണ്. ഇന്ത്യന്‍ സമൂഹത്തില്‍ എത്തിച്ചേര്‍ന്ന ഖരീതിയോണ്‍ എന്ന ഗ്രീക്ക് വനിതയെ അവളുടെ സഹോദരനും സുഹൃത്തുക്കളായ ഗ്രീക്ക് നാവികരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ ഇതിവൃത്തം. ചേരരാജ്യത്തിലെ നദിക്കരയിലുള്ള തുറമുഖ നഗരത്തിലാണു തേര്‍മന എന്നു വിളിക്കപ്പെടുന്ന ആരാധാനാലയം സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നാടകത്തിന്‍റെ കഥ ചുരുള്‍ വിരിയുന്നത്. ചേരരാജ്യത്തിനു സമീപത്തായി ഖരീതിയോനും സംഘവും സഞ്ചരിച്ചിരുന്ന ഗ്രീക്കുകപ്പല്‍ അപകടത്തില്‍പ്പെടുന്നു. കഥാനായിക പ്രബലരായ തദ്ദേശീയരുടെ സംരക്ഷണത്തിലാണ്. 'കൊര്‍ബോന്‍' എന്ന പേരില്‍ അവര്‍ നടത്തുന്ന ബലികര്‍മ്മത്തിനും പെരുന്നാള്‍ ആഘോഷത്തിനുമായി നാടിന്‍റെ പല ഭാഗത്തുനിന്നും തേര്‍മനയില്‍ വന്നു ചേര്‍ന്നവരാണ് നാടകത്തിലെ ഇന്ത്യന്‍ സംഘം. അവരില്‍ ഉന്നത സ്ഥാനീയരും ശക്തരും വലിയ വില്ലുധരിച്ച സ്ത്രീകളും ഭടന്‍മാരും വാദ്യം മുഴക്കുന്നവരും നൃത്തപരിപാടിക്കായി ഒരുങ്ങി വന്നവരും പെരുമ്പറ കൊട്ടുന്നവരും ഉള്‍പ്പെടുന്നു. 'ബസീലെയൂസ് എന്ന അപ്പിസ്ക്കോപ്പ'യുടെ കീഴിലാണ് കൊര്‍ബോന്‍ അനുഷ്ഠിക്കുന്നത്. ലസ്പതി എന്നു വിളിക്കപ്പെടുന്ന വ്യക്തിയാണ് ആഘോഷങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത്.

നല്ല ചന്ദ്രികയുള്ള രാത്രിയിലാണ് കൊര്‍ബോന്‍ നടക്കുക. നിലാവുപരക്കുന്ന ഈ രാത്രിയില്‍ രക്ഷപ്പെടണമെന്നു ഖരീതിയോണ്‍ അതിയായി ആഗ്രഹിക്കുന്നു. എങ്ങനെയെങ്കിലും കടല്‍കടന്നു സ്വന്തം നാട്ടിലെത്തി പിതാവിന്‍റെ മുഖം കാണണമെന്നു മാത്രമാണു അവളുടെ ആഗ്രഹം. അവളെ രക്ഷിക്കുന്നതിനുവേണ്ടി അവളുടെ സഹോദരനും മറ്റു മൂന്നു ഗ്രീക്കുകാരും ആരാധന നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. സൗഹൃദം നിറഞ്ഞ പെരുമാറ്റത്തോടെയാണ് തദ്ദേശീയര്‍ അവരെ സ്വീകരിച്ചത്. കൊര്‍ബോന്‍ എന്താണെന്ന് ഗ്രീക്കുകാര്‍ക്ക് നിശ്ചയമില്ല. ഈ സമയത്ത് ഖരീതിയോണിന് ജീവഹാനി സംഭവിക്കുമോ എന്ന് അവര്‍ക്ക് ഭയമുണ്ടായിരുന്നു. അവളെ രക്ഷപ്പെടുത്തുവാനുള്ള മാര്‍ഗ്ഗം തേടി തദ്ദേശീയരോടു സൗഹൃദം നടിച്ചുകൊണ്ട് അവര്‍ ബലി കര്‍മ്മത്തില്‍ പങ്കെടുത്തു. ഈ ആരാധനയുടെ സമയത്ത് ഉപയോഗിക്കുന്ന വീഞ്ഞ് വെള്ളം ചേര്‍ത്തതാണെന്ന് അവരില്‍ ചിലര്‍ക്ക് അറിയാമായിരുന്നു. ഗ്രീക്കുകാരുടെ സേവകനായ വിഢിവേഷമണിഞ്ഞ നടന്‍ (ക്ളൗണ്‍) സൂത്രത്തില്‍ ആ വീഞ്ഞില്‍ നല്ല ലഹരിയുള്ള വീഞ്ഞ് കലര്‍ത്തി. അബദ്ധത്തില്‍ വീര്യമുള്ള വീഞ്ഞ് പാനം ചെയ്ത തദ്ദേശീയരായ ആരാധനക്കാര്‍ മയക്കത്തില്‍ വീണതിനെ തുടര്‍ന്ന് ഖരീതിയോണും കൂട്ടുകാരും കപ്പലില്‍ കയറി പോകുവാന്‍ ഒരുങ്ങുമ്പോള്‍ നാടകം പര്യവസാനിക്കുന്നു.

ചേരരാജ്യത്തിലെ കൊര്‍ബോന്‍- മാര്‍ത്തോമാക്രിസ്ത്യാനികളുടെ ബലികര്‍മ്മം
ചേരരാജ്യവുമായി ബന്ധപ്പെട്ടാണ് ഈ നാടകം രചിക്കപ്പെട്ടിട്ടുള്ളത് എന്നതിന്‍റെ തെളിവാണ് മലയാളത്തിലും തമിഴിലുമായുള്ള 16 ദ്രാവിഡപദങ്ങള്‍. നസ്രാണികളുടെ ബ്രാഹ്മണപാരമ്പര്യത്തിനു അസന്ദിഗ്ദ്ധമായ തെളിവു നല്‍കുന്ന 66 സംസ്കൃത പദങ്ങള്‍ ഈ നാടകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ മലയാളികള്‍ക്ക് ഇന്നും പരിചിതമായ പദങ്ങളാണ് പതി, ദമനം, ശബ്ദം, ഘോരതമസ്സ്, ഈശ്വരന്‍, ഗീതം, അമൃത്, ഓം, കോരകം, വ്രതം, രവം, ചതുരം എന്നിവ. ഈ പാപ്പിറസില്‍ സംസ്കൃതവും മലയാളവും ചേര്‍ന്ന മണിപ്രവാളം പദങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം നൂറ്റാണ്ടിലെ തോമാ ക്രിസ്ത്യാനികള്‍ക്ക് ഗ്രീക്ക് ഭാഷയും അറിയാമായിരുന്നു എന്നതിന്‍റെ സൂചനയാണ് നാടകത്തിലെ ആരാധനയുടെ സമയത്ത് ഉപയോഗിച്ചിട്ടുള്ള 23 ഗ്രീക്ക്പദങ്ങള്‍. നസ്രാണികളുടെ തോമാപാരമ്പര്യത്തെ സാധൂകരിക്കുന്ന പ്രയോഗമാണ് തൂമാ (തോമാ). ആരാധനയില്‍ സ്മരിക്കപ്പെടുന്ന ഏക ശിഷ്യന്‍ തോമാശ്ലീഹായാണെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഈ പാപ്പിറസ് ഈശോ, മറിയം, തോമാ എന്നീ നാമങ്ങള്‍ എഴുതിയിരിക്കുന്ന ഏറ്റവും പുരാതന രേഖ കൂടിയാണ്.

ഓക്സിറിംഖസ് പാപ്പിറസ് ആദ്യനൂറ്റാണ്ടുകളിലെ തോമാക്രിസ്ത്യാനികളുടെ കുര്‍ബാനയര്‍പ്പണത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകളും നല്‍കുന്നു. നാടകത്തിലെ 112 ഇന്ത്യന്‍ പദങ്ങള്‍ ക്രൈസ്തവ ആരാധനയുമായി ബന്ധപ്പെട്ടതാണ്. അതിന് തെളിവു നല്‍കുന്ന പ്രധാനപദങ്ങള്‍ ഇപ്രകാരമാണ്: "വെള്ളം ചേര്‍ത്ത വീഞ്ഞ്, ബസീലെയൂസ് എന്ന അ പ്പിസ്കോപ്പ, കര്‍ത്തൃപ്രാര്‍ത്ഥനയിലെ ആബാഊന്‍, അപ്പവും വീഞ്ഞും, സ്നാനം സ്വീകരിച്ച ബാപ്റ്റെയ്റ, ഏസു/ഇയേസു (ഈശോ), മര്‍തമറീ (മറിയം), തൂമാ (തോമാശ്ലീഹാ), കൊര്‍ബോന്‍ (കുര്‍ബാന), തൂമിയോന്‍ (ധൂപാര്‍പ്പണം), ലഹല്ലെ (ഹല്ലേലൂയാ), ക്രാനൂ (കുരിശടി)" തുടങ്ങിയവ.
കൊര്‍ബോനക്ക് (ബലികര്‍മ്മം, ആരാധന) നേതൃത്വം കൊടുക്കുന്നതും സമൂഹത്തെ ആശീര്‍വദിക്കുന്നതും 'ബെസീലെയൂസ് എന്ന അപ്പിസ്കോപ്പ' (മെത്രാന്‍ – എപ്പിസ്കോപ്പ) ആണ്. അദ്ദേഹം ആശീര്‍വദിക്കുന്ന വീഞ്ഞിനെ മൂന്നു പ്രാവശ്യം 'അമ്പ്രത്തു' എന്നു വിളിക്കുന്നു. സംസ്കൃതത്തില്‍ അമൃത് എന്നാല്‍ മരണത്തെ അകറ്റിനിര്‍ത്തുന്ന സ്വര്‍ഗീയ പാനിയം, ആഹാരം എന്നാണ്. തോമാക്രിസ്ത്യാനികള്‍ കൂദാശ ചെയ്ത വീഞ്ഞിനെ അമൃത് എന്നാണ് വി ളിച്ചിരുന്നതും. സംസ്കൃതപദങ്ങളായ 'ഈശ്വര' എന്നു പിതാവായ ദൈവത്തെയും 'സരധര' (ജലത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശക്തി) പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുവാനായി ഉപയോഗി ച്ചിരിക്കുന്നു. കൂടാതെ ഉച്ചത്തിലും താളാത്മകവുമായി പാടുമ്പോള്‍ 'ഓം' എന്ന പ്രയോഗവും കാണാം. താമരയിതളുകളും മൃദുവായ സുഗന്ധം പരത്തുന്ന പുഷ്പങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കൊര്‍ബോനു മുമ്പായി കുളിക്കണമെന്നും വാഴ്ത്തപ്പെട്ട അപ്പവും വീഞ്ഞും സ്വീകരിക്കാന്‍ വ്രതം അനുഷ്ഠിക്കണമെന്നും അനുശാസിക്കുന്നു. മാമ്മോദീസ സ്വീകരിച്ചവര്‍ (ബാപ്റ്റെയ്റ) തേര്‍മനയില്‍ (പള്ളിയില്‍) വേര്‍തിരിക്കപ്പെട്ട ഗണമായി നില്‍ക്കണമെന്നാണ് നിര്‍ദേശം. ആരാധനയുടെ സമയത്ത് ധൂപാര്‍പ്പണം നടത്തുന്ന പതിവിനും ഈ രേഖ സാക്ഷ്യം നല്‍കുന്നു.

ചുരുക്കത്തില്‍ കേരളത്തിന്‍റെ ഇരുള്‍ മൂടിയ ആദ്യ നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്കും കേരള ക്രൈസ്തവസഭയുടെ തോമാശ്ലീഹാപാരമ്പര്യത്തിലേക്കും കനക വെളിച്ചം വീശുന്ന ചരിത്രരേഖയാണ് ഖരീതിയോണ്‍ പാപ്പിറസ് എന്നതില്‍ തര്‍ക്കം ഉണ്ടാകുകയില്ല. ഒന്നാം നൂറ്റാണ്ടിലെ സംസ്കൃതത്തിനും മലയാളത്തിനും സൂചന നല്‍കുന്ന ഇത്രയും പഴക്കമുള്ള വേറൊരു രേഖയും ഇന്ന് ലഭ്യമല്ല.

ഇന്ത്യന്‍ രീതിയിലുള്ള വേഷ ഭൂഷാദികളും വാദ്യമേളവും ഗീതങ്ങളും നൃത്തപരിപാടിയും ആചാരാനുഷ്ഠാനങ്ങളും ഭാഷാപ്രയോഗങ്ങളും ഖരീതിയോണ്‍ നാടകത്തിന്‍റെ ആസ്വാദ്യതയ്ക്കു മാറ്റുകൂട്ടിയിട്ടുണ്ടാകും. അപ്രകാരം വ്യത്യസ്തതയുള്ള നാടകമായി ഇതു ഗ്രീസില്‍ പ്രചുരപ്രചാരം നേടുവാനും ഇടയാക്കിയേക്കാം. കാണികളെ നല്ലവണ്ണം രസിപ്പിക്കുന്ന, മികവുറ്റ, പുതുമയാര്‍ന്ന രചനാ വൈഭവം ഈ നാടകത്തിന്‍റെ പ്രത്യേകതയാണ്. ഇന്ത്യന്‍ സംസ്കാരത്തെ ഗ്രീക്കു സംസ്കാരത്തിന് പരിചയപ്പെടുത്തി കൊടുക്കുവാനും ഈ നാടകത്തിലൂടെ കഥാകൃത്തു ലക്ഷ്യം വച്ചിട്ടുണ്ടാകണം.

ഓക്സിറിംഖസ് പാപ്പിറസിലെ ഖരീതിയേണ്‍ നാടകത്തിലെ പശ്ചാത്തലസംവിധാനവും, തേര്‍മനയില്‍ നടക്കുന്ന കൊര്‍ബോന്‍ അര്‍പ്പണവും ഗ്രീക്കുഭാഷയില്‍ നിന്നും വ്യത്യസ്തമായി ഉപയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ ഭാഷകളിലുള്ള വാക്കുകളുടെ ഉപയോഗവും ചേരരാജ്യത്തിലെ അക്കാലത്തെ ഒരു ക്രിസ്തീയ സമൂഹത്തേയും അവരുടെ കുര്‍ബാന അര്‍പ്പണത്തേയും സംബന്ധിച്ച അതുല്യമായ ചില ചരിത്രസത്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നു. അങ്ങനെയെങ്കില്‍ ക്രൈസ്തവ ആരാധനക്രമത്തിലെ സാംസ്കാരികാനുരൂപണത്തെ സംബന്ധിച്ച ഏറ്റവും ആദ്യത്തെ ചരിത്രരേഖകളിലൊന്നായി ഓക്സിറിംഖസ് പാപ്പിറസിനെ കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org