സുനാമി ശാസ്ത്രവും വ്യാജപ്രചരണങ്ങളും

സുനാമി ശാസ്ത്രവും വ്യാജപ്രചരണങ്ങളും

– ഡോ. ജോമോന്‍ തച്ചില്‍

ഇതാ വീണ്ടും കേരളത്തില്‍ ആരെയും നടുക്കുന്ന സുനാമി പ്രവചനങ്ങളും കിംവദന്തികളും അരങ്ങേറിയിരിക്കുന്നു. 2017 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ തീരങ്ങള്‍ ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളെയും സുനാമി കടന്നാക്രമിക്കുമെന്നും ലക്ഷക്കണക്കിന് ആളപായവും വന്‍നാശനഷ്ടങ്ങളും ഉണ്ടാകുമെന്നുമുള്ള വ്യാപകമായ പ്രചരണം തീരദേശ നിവാസികളെ അസ്വസ്ഥരാക്കുന്നുണ്ട്. പ്രധാനമന്ത്രിക്കുള്ള കത്തുകളിലും ചില ടി.വി.ചാനലുകളിലും വാട്സപ്പിലും യുട്യൂബിലും മറ്റു മാധ്യമങ്ങളിലും ഈ പ്രവചനം പ്രത്യക്ഷപ്പെട്ടപ്പോള്‍ ശാസ്ത്രജ്ഞന്മാരുടെ പരിജ്ഞാനം ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.

2004 ഡിസംബര്‍ 26-ാം തീയതി തെക്കേ ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച 'സുനാമി തിരകള്‍' വന്‍ നാശനഷ്ടവും ആളപായവും വരുത്തിവച്ചു. അതിനുശേഷമാണ് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ ഈ പ്രതിഭാസത്തെക്കുറിച്ച് ബോധവാന്മാരായത്. സുനാമി ഉണ്ടാകുവാനുള്ള പ്രധാന കാരണം സമുദ്രത്തിനടിയില്‍ ശക്തമായ ഭൂമികുലുക്കമുണ്ടാക്കുന്ന (Earth quake) സമുദ്രജലചലനങ്ങളാണ്. ജപ്പാനീസ് പദമായ 'സുനാമി'(tsunami)യുടെ അര്‍ത്ഥം തുറമുഖത്തടിക്കുന്ന തിരകള്‍ (Harbour waves) എന്നാണ്. ജപ്പാനടക്കം പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള പല രാജ്യങ്ങളിലും സുനാമികള്‍ വന്‍ നാശനഷ്ടങ്ങള്‍ പതിവായി വരുത്തിവയ്ക്കാറുണ്ട്. അന്തര്‍ സമുദ്ര അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിയൊലിക്കുന്നതും (volcano) സുനാമിക്ക് കാരണമാകുന്നുണ്ട്. ഭൂകമ്പങ്ങളുടെ ശക്തിയെ സൂചിപ്പിക്കുന്ന അളവാണ് റിക്ടര്‍ സ്കെയില്‍ (Richter scale). ഇതിന്‍റെ അളവിന്‍റെ പരിധി പൂജ്യം മുതല്‍ പത്തു വരെയാണ്. ഭൂകമ്പത്തിന്‍റെ ശക്തി 7-ല്‍ താഴെയാണെങ്കില്‍ സുനാമി ഉണ്ടാകുവാന്‍ സാധ്യതയില്ല. സമുദ്രത്തിനടിയില്‍ 7.9-ന് മുകളിലുണ്ടാകുന്ന ഭൂകമ്പങ്ങളാണ് അപകടങ്ങള്‍ വരുത്തിവയ്ക്കുക. വടക്കേ ഇന്തോനേഷ്യയുടെ തീരക്കടലില്‍ 2004 ഡി സംബര്‍ 26-ാം തീയതിയുണ്ടായ ഭൂകമ്പത്തിന് 9.3 അളവുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ഉത്ഭവിച്ച സുനാമി ഇന്തോനേഷ്യ, തായ്ലാന്‍ഡ്, ശ്രീലങ്ക, ആന്‍റമാന്‍ ദ്വീപുകള്‍, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നാശനഷ്ടവും രണ്ടുലക്ഷത്തില്‍പരം ആളപായവും ഉണ്ടാക്കി.

സമുദ്രത്തിന്‍റെ അടിത്തട്ടുകളിലെ ഫലകങ്ങള്‍ (Micro plates) തിരശ്ചീനമായിട്ടോ ലംബമായിട്ടോ സ്ഥാനഭ്രംശം (Displacement) സംഭവിക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുക. ഇവയില്‍ ലംബമായ ചലനങ്ങളിലാണ് സുനാമിയുടെ തീവ്രതയും സാധ്യതയും കൂടുതലായി അനുഭവപ്പെടുന്നത്. അതിനര്‍ത്ഥം എല്ലാ ശക്തിയേറിയ സമുദ്രാന്തര്‍ ഭൂകമ്പങ്ങളും സുനാമിക്ക് കാരണമാകുന്നില്ല എന്നതാണ്. സമുദ്രാന്തര്‍ഭാഗത്ത് ഉണ്ടാകുന്ന ശക്തമായ മണ്ണൊലിപ്പ് (Sub marine land slide) മൂലവും സുനാമി ഉണ്ടാകും. ഭൂകമ്പം മൂലമുണ്ടാകുന്ന സുനാമി, പ്രഭവസ്ഥാനത്തിന്‍റെ ചുറ്റിലും (Radical), മണ്ണൊലിപ്പു മൂലമുണ്ടാകുന്ന സുനാമി മണ്ണൊലിപ്പിന്‍റെ എതിര്‍ദിശയിലും ആണ് സഞ്ചരിക്കുക.

സുനാമി തിരകള്‍ സാധാരണ സമുദ്രത്തില്‍ കാണുന്ന തിരമാലകളില്‍ നിന്ന് വ്യത്യസ്തമാണ്. സാധാരണ കാണുന്ന തിരകളുടെ തരംഗദൈര്‍ഘ്യം ഏകദേശം 75 മീറ്ററില്‍ താഴെയാണെങ്കില്‍ സുനാമിയുടേത് 10 മുതല്‍ 700 കിലോമീറ്റര്‍ വരെയാണ്. ആഴക്കടലില്‍ സുനാമിത്തിരയുടെ ഉയരം വെറും ഒരു മീറ്ററില്‍ താഴെ ആയതുകൊണ്ട് അതിന്‍റെ ചെരിവ് ഒട്ടും തന്നെ അനുഭവപ്പെടുന്നില്ല. അതുകൊണ്ട് ആഴക്കടലില്‍ സുനാമിയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും കപ്പലുകളും യാനങ്ങളും സുരക്ഷിതമായിരിക്കും. എന്നാല്‍ സുനാമിത്തിരകള്‍ ആഴക്കടലില്‍ നിന്ന് തീരപ്രദേശത്തേക്ക് സമീപിക്കുന്തോറും അതിന്‍റെ തരംഗദൈര്‍ഘ്യം കുറയുകയും ഉയരം കുത്തനെ വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ അത് തീരപ്രദേശങ്ങളില്‍ ഒരു സര്‍വ്വസംഹാരിയായി മാറുന്നു. ആഴക്കടലില്‍ സുനാമി തിരയുടെ വേഗത മണിക്കൂറില്‍ ഏതാണ്ട് 400 മുതല്‍ 700 വരെ കിലോമീറ്ററാണ്. തീരത്തോട് അടുക്കുന്തോറും കടലിന്‍റെ ആഴം കുറയുകയും (Shallow water) അടിത്തട്ടിന്‍റെ ഘര്‍ഷണം (Friction) മൂലം തിരയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യുന്നു.

സുനാമി ലക്ഷണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും
കടലിന്‍റെ അടിത്തട്ടിലെ പ്ലേറ്റുകളുടെ സ്ഥാനഭ്രംശം മൂലം രൂപം കൊള്ളുന്ന സുനാമി തിരകള്‍ തീരപ്രദേശങ്ങളില്‍ എത്തുന്നതിനുമുമ്പ് പലപ്പോഴും ജലനിരപ്പ് താഴ്ന്ന് പെട്ടെന്ന് കടലിലേക്ക് ഉള്‍വലിയാറുണ്ട്. കടല്‍ ഉള്‍വലിയുന്നതിന്‍റെ സ്വഭാവം മനസ്സിലാക്കി സുനാമിയുടെ സൂചനയാണോ എന്ന് തിരിച്ചറിയാന്‍ സാധിച്ചാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുക്കുവാന്‍ കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള ഉള്‍വലിയല്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. ചില അവസരങ്ങളില്‍ കടല്‍ ഉള്‍വലിയാതെ തന്നെ ഉയര്‍ന്നുപൊങ്ങിവരുന്ന സുനാമിത്തിര തന്നെയായിരിക്കും ആദ്യം എത്തുക. ഡിസംബര്‍ 1ന് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് (cyclone) ദുരന്തം വിതറിയപ്പോള്‍, കൊച്ചിയിലും വേളാങ്കണ്ണിയിലും മറ്റും കടല്‍ ഉള്‍വലിഞ്ഞതായും സുനാമിത്തിരകള്‍ ഉത്ഭവിക്കുമെന്നും പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഭൂമിയും ചന്ദ്രനും സൂര്യനും തമ്മിലുള്ള പരസ്പര ആകര്‍ഷണബലത്തില്‍ (Tidal Force) നിന്നും ഉളവാകുന്ന വേലിയേറ്റ ഇറക്കങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് അടിസ്ഥാനരഹിതമായ ഈ റിപ്പോര്‍ട്ടുകള്‍ക്ക് മുഖ്യകാരണം.

പസഫിക് സമുദ്രത്തില്‍ വര്‍ഷത്തില്‍ ശരാശരി മൂന്ന് സുനാമികള്‍ ഉണ്ടാകാറുള്ളതിനാല്‍ ഈ സമുദ്രത്തിന്‍റെ ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ സഹകരിച്ച് സുനാമി മുന്നറിയിപ്പിനുള്ള സംവിധാനങ്ങള്‍ വളരെ ഫലപ്രദമായി ആവിഷ്കരിച്ചിട്ടുണ്ട്. ഭൂചലനമാപിനികള്‍ (Seismograph) സ്ഥാപിച്ചതിനോടൊപ്പം പല സ്ഥലങ്ങളിലും തീരക്കടലിലെ ജലവിതാനം നിരീക്ഷിക്കുവാനുള്ള ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സുനാമിയുണ്ടാകുവാനുള്ള സാദ്ധ്യതയും അവ ചെന്നെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഏതാണ്ട് 3 മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ മുന്‍കൂട്ടി തിട്ടപ്പെടുത്തുവാന്‍ കഴിയുന്നതോടൊപ്പം സുരക്ഷിത സങ്കേതങ്ങള്‍ അല്ലെങ്കില്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് ഒരുക്കുവാനും കഴിയുന്നുണ്ട്.

എന്നാല്‍ സാങ്കേതികവിദ്യ വളരെയേറെ പുരോഗമിച്ചതോടെ സുനാമി കടന്നുപോകുന്നത് അറിയുന്നതിനായി ഡാര്‍ട്ട് (DART) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ഡീപ് ഓഷ്യന്‍ അസ്സസ്മെന്‍റ് ആന്‍ഡ് റിപ്പോര്‍ട്ടിങ്ങ് ഓഫ് സുനാമി' എന്ന ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുനാമി സാധ്യതയുള്ള സമുദ്രഭാഗങ്ങളില്‍ ഡാര്‍ട്ട് സ്ഥാപിച്ച് സുനാമിയുമായി ബന്ധപ്പെട്ടുകിടക്കുന്ന മര്‍ദ്ദവ്യതിയാനങ്ങള്‍ അടിത്തട്ടിലുള്ള ഉപകരണം വഴി അറിയുവാന്‍ സാധിക്കും. ഈ വിവരം സമുദ്രോപരിതലത്തിലേക്കും അവിടെ നിന്ന് ഉപഗ്രഹം വഴി കരയിലേക്കും തത്സമയം എത്തിക്കുവാന്‍ സാധിക്കും.

2004-ലെ സുനാമി ദുരന്തത്തിനുശേഷം ബംഗാള്‍ ഉള്‍ക്കടലിന്‍റെ പല ഭാഗത്തായി ആറ് 'ഡാര്‍ ട്ടു'കളും അറബിക്കടലില്‍ ഒരെണ്ണവും സ്ഥാപിച്ചിട്ടുണ്ട്. വളരെയേറെ ചെലവേറിയ സംരംഭമാണിത്. അതോടൊപ്പം സുനാമി മുന്നറിയിപ്പുകള്‍ പെട്ടെന്ന് വേണ്ട സ്ഥലങ്ങളില്‍ എത്തിക്കുവാനുള്ള സംവിധാനങ്ങളും (GMDSS) നിലവിലുണ്ട്. 2010-ന് ശേഷം ഇന്ത്യയില്‍ പല വര്‍ഷങ്ങളിലായി സുനാമി മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാറുണ്ട്. എങ്കിലും ഇന്ത്യയില്‍ സുനാമി പ്രതിഭാസം അത്യപൂര്‍വ്വമായതിനാല്‍ 'സുനാമി ജാഗ്രത' എന്നത് മങ്ങിപ്പോകാന്‍ ഇടയുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്‍റെ (UNDP) ധനസഹായത്തോടെ വിവിധതരം അത്യാഹിതങ്ങളുടെ മാനേജുമെന്‍റിനായി (Disaster Management) പല പദ്ധതികളും ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. തീരപ്രദേശത്ത് നടത്തിയ മോക്ക് ഡ്രില്ലുകളും ഇതിന്‍റെ ഭാഗമായിരുന്നുവെങ്കിലും ഇപ്പോള്‍ ഇതെല്ലാം പ്രവര്‍ത്തനരഹിതമാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ആധുനിക സമുദ്രശാസ്ത്രത്തിന്‍റെ പുരോഗമനങ്ങള്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ടെങ്കിലും സുനാമിയുടെ ഉത്ഭവവും തീവ്രതയും അതു ബാധിക്കുന്ന പ്രദേശങ്ങളും വളരെ മുന്‍കൂട്ടി കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. വാസ്തവം ഇങ്ങനെയായിരിക്കേ വ്യാജമായ സുനാമി പ്രവചനങ്ങള്‍ ജനങ്ങളെ ഭയവിഹ്വലരാക്കുന്നുണ്ട്. ഇത്തരം പ്രവചനങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനങ്ങളും ഇല്ല എന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ഇതേക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠയും ഉപേക്ഷിക്കാവുന്നതാണ്.

– ലേഖകന്‍ സമുദ്രവിജ്ഞാന ശാസ്ത്രജ്ഞനും കൊച്ചിന്‍ ഫിഷറീസ് ടെക്നോളജി വിഭാഗം തലവനുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org