ഉന്നത വിദ്യാഭ്യാസത്തിലെ മൂല്യച്യുതികള്‍

ഉന്നത വിദ്യാഭ്യാസത്തിലെ മൂല്യച്യുതികള്‍

ഡോ. മേരി മെറ്റില്‍ഡ
റിട്ട. പ്രിന്‍സിപ്പാള്‍, മഹാരാജാസ് കോളേജ്

ഉന്നത വിദ്യാഭ്യാസത്തിലെ മൂല്യച്യുതിയെക്കുറിച്ചു പറയുമ്പോള്‍ വ്യക്തിപരമായ പരാമര്‍ശനങ്ങളാണ് ഞാനിവിടെ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 32 വര്‍ഷക്കാലം പ്രവര്‍ത്തിച്ചയാളാണു ഞാന്‍. നമ്മുടെ ജീവിതത്തില്‍ ശരിയും തെറ്റും തീരുമാനിക്കാന്‍ നമ്മെ സഹായിക്കുന്ന ചില നിയമങ്ങളാണു മൂല്യങ്ങള്‍… ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആ മാറ്റം മൂല്യങ്ങളെയും ബാധിക്കുന്നുണ്ട്. ഇന്നു ശരിയും തെറ്റും നിര്‍ണയിക്കുന്ന ഒരു മൂല്യക്രമത്തില്‍ മാറ്റം വന്നിരിക്കുന്നു. ശരിയും തെറ്റും നിര്‍ണയിക്കുന്ന ഒരു മൂല്യക്രമം എന്നത് സമൂഹത്തിന്‍റെ സമഗ്രമായ വികസനത്തിന് ഉപകരിക്കുന്നതാകണം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയില്‍ ഇന്നു കാണുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്നം സേവനമനോഭാവത്തില്‍ നിന്നു വാണിജ്യവത്കരണത്തിലേക്ക് അതു മാറി എന്നുള്ളതാണ്. എന്നാല്‍ ഇതു മൂല്യക്രമത്തെ ബാധിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. കാരണം, നമ്മുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാംതന്നെ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവിടെ കനത്ത ഫീസാണ് ഈടാക്കുന്നത്. ഫീസിനു യോജിച്ച വിദ്യാഭ്യാസം നാം കൊടുക്കുന്നില്ലെങ്കില്‍ അതാണ് അവിടത്തെ മൂല്യച്യുതി. അതുപോലെതന്നെ മറ്റൊന്നു, വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും സ്ഥാപനങ്ങള്‍ അനുവദിക്കുന്നു എന്നതാണ്. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത ഒരു മാനേജ്മെന്‍റ്  ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ അവിടെ വരാവുന്ന മൂല്യച്യുതിയെപ്പറ്റി നാം ചിന്തിക്കണം. എന്നാല്‍ അതു നല്ല രീതിയില്‍ നടത്താന്‍ കഴിവുള്ള ആളുകള്‍ അവരുടെ ഉല്‍പ്പന്നത്തിന് ഒരു വില നിശ്ചയിക്കുമ്പോള്‍ അതിനെ നമുക്കു കുറ്റപ്പെടുത്താന്‍ പറ്റില്ല.

ഏറ്റവും പ്രധാനമായി നാം കാണേണ്ട കാര്യം വിദ്യാഭ്യാസ രംഗത്തെ ലീഡര്‍ഷിപ്പാണ്. മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തെ വ്യത്യസ്തമാക്കുന്നത്, അത് ഹ്യുമന്‍ റിസോഴ്സിനെ പാകപ്പെടുത്തുന്ന, പരുവപ്പെടുത്തുന്ന സ്ഥലം എന്ന രീതിയിലാണ്. ഏതു സ്ഥാപനത്തെ സംബന്ധിച്ചും ഹ്യുമന്‍ റിസോഴ്സ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ സ്ഥാപനത്തില്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മള്‍ അതു നന്നാക്കാന്‍ നോക്കും. നാലു പ്രാവശ്യം ശരിയായില്ലെങ്കില്‍ അതു വലിച്ചെറിഞ്ഞു കളയാം. പക്ഷെ മാനവശേഷി ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞാല്‍ അതു മാനേജു ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ വിദ്യാഭ്യാസരംഗത്തെ ലീഡര്‍ഷിപ്പിന്‍റെ വലിയ ഉത്തരവാദിത്വം എന്നത് ഹ്യുമന്‍ റിസോഴ്സ് മാനേജുമെന്‍റാണ്.

വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയത്തിന്‍റെ സ്വാധീനം കൂടുകയും രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറയുകയും ചെയ്യുന്ന അവസ്ഥ എനിക്ക് കൗതുകകരമായി തോന്നിയിട്ടുണ്ട്. ഇത്തരം ഒരു കാര്യം നമ്മുടെ സംസ്ക്കാരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയുടെയൊക്കെ തലപ്പത്തു വരുന്നത് രാഷ്ട്രീയ നിയമനമാണ്. സീനിയോറിറ്റി അനുസരിച്ചു വരുന്നവരുമുണ്ട്. ടീനേജ് കുട്ടികളിലും അധ്യാപകരിലുമൊക്കെ ഒരു മാനേജ്മെന്‍റ് സ്കില്ലിന്‍റെ, ലീഡര്‍ഷിപ്പ് സ്കില്ലിന്‍റെ വലിയ അഭാവം കാണാറുണ്ട്. കോളജ് അധ്യാപകരുടെ ഒരു ന്യൂനത, അവര്‍ക്ക് വേണ്ടത്ര പരിശീലനം കിട്ടുന്നില്ല എന്നതാണ്. എങ്ങനെ പഠിപ്പിക്കണം, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്കേ സ്കൂളില്‍ ജോലികിട്ടൂ. ആ അടിസ്ഥാന പരിശീലനം കോളേജദ്ധ്യാപകര്‍ക്കില്ല. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണം നയിക്കണം അധ്യാപനരീതി എന്താണ് ഇതൊന്നും അറിയാതെ ജോലി ചെയ്യുന്നു. കുറേനാള്‍ കഴിയുമ്പോള്‍ സീനിയോറിറ്റി അനുസരിച്ച് പ്രിന്‍സിപ്പലാകുന്നു. അപ്പോള്‍ ഭരണനിര്‍വഹണത്തിലേക്ക് പെട്ടെന്നൊരു മാറ്റം വരുന്നു. എങ്ങനെയാണ് ആളുകളെ കൈകാര്യം ചെയ്യേണ്ടത് എന്നതില്‍ വരുന്ന പ്രശ്നമുണ്ട്.

മൂല്യച്യുതി വരുന്ന വളരെ അപായകരമായ ഒരു തലത്തിലേക്കു ലീഡര്‍ഷിപ്പു മാറുന്നുണ്ട്. അധ്യാപകരോ കുട്ടികളോ പ്രശ്നമുള്ളവരാണെന്നു കണ്ടാല്‍ അവരെ തിരഞ്ഞുപിടിച്ച് എന്തെങ്കിലും 'പണികൊടുക്കും.' അതോടെ അവര്‍ അടങ്ങും. പിന്നെ അവര്‍ ചെയ്യുന്ന കാര്യം അടുത്തു നില്‍ക്കുന്നവര്‍ക്ക് അവിഹിതമായ ഒരുപാടു കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതാണ്. പുതിയ കാലഘട്ടത്തിലെ പുതിയ ലീഡര്‍ഷിപ്പാണിത്. അടുത്തു നില്‍ക്കുന്നവരും അപ്പോള്‍ മിണ്ടില്ല. മൂല്യച്യുതി എന്നു പറയുന്നതിതാണ്. പെട്ടെന്നൊരു പ്രഭാതത്തില്‍ പ്രിന്‍സിപ്പലിന്‍റെ കസേരയിലേക്കു വരുമ്പോള്‍ ഒരാള്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു ട്രാക്ക് റെക്കോഡുണ്ട്. നന്നായി പഠിപ്പിക്കാത്ത, ഒരു ക്ലാസിലും പോകാത്ത ഒരാള്‍ പ്രിന്‍സിപ്പലായി വരും. പിന്നെ ടീച്ചര്‍മാരോടൊപ്പം ക്ലാസില്‍ പോകാന്‍ പറ്റുമോ? ആ ലീഡര്‍ഷിപ്പില്‍ അവര്‍ക്കെടുക്കാവുന്ന ആനുകൂല്യങ്ങള്‍ അവര്‍ എടുക്കും. കഴിവില്ലായ്മയാണ് ഇവിടെ കാരണമായി പറയാവുന്നത്.

വിദ്യാഭ്യാസരംഗത്ത് നമ്മെ വീക്ഷിക്കുന്ന ഒരുപാടു പേര്‍ ചുറ്റിലുമുണ്ട്. മറ്റ് ഓഫീസുപോലെയല്ല. അപ്പോള്‍ നാം ഉണ്ടാക്കുന്ന പ്രതിച്ഛായ നമ്മെ എപ്പോഴും പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നാം ഉണ്ടാക്കുന്ന ട്രാക്ക് റെക്കോഡ് നാം ലീഡര്‍ഷിപ്പിലേക്ക് എത്തുമ്പോള്‍ നമ്മുടെ കഴിവുകളെ ബാധിക്കുന്ന ഒന്നാണ്. ടീച്ചര്‍ എത്ര സത്യസന്ധയാണോ, ആ ടീച്ചര്‍ പറയുന്ന വാക്കിനു വിലയുണ്ട്. പണ്ടും ടീച്ചര്‍ അങ്ങനെയായിരുന്നു. ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ആളാണ്. ഈ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഒരു അധ്യാപികയ്ക്ക് നല്ലൊരു പ്രിന്‍സിപ്പലായി മാറാന്‍ പറ്റും. അല്ലാത്ത പക്ഷം അവിടെ വരുന്ന വലിയ മൂല്യച്യുതിയുണ്ട്. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ആ ഹ്യുമന്‍ റിസോഴ്സിനെ കൈകാര്യം ചെയ്യുന്ന മാനേജ്മെന്‍റ് സ്കില്‍സ് ലീഡേഴ്സിനുണ്ടാകണം. അത്തരത്തില്‍ സാരഥ്യം ഏറ്റെടുക്കുന്നതിനുമുമ്പ് ഇത്തരത്തില്‍ പരിശീലനം നേടാന്‍ തയ്യാറാകണം.

മൂന്നാമത്തെ ഘടകം അധ്യാപകര്‍ക്കിടയില്‍ വന്നിരിക്കുന്ന മൂ ല്യച്യുതിയാണ്. മാതാപിതാ ഗുരു ദൈവം എന്നാണു സങ്കല്‍പം. കോത്താരി കമ്മീഷന്‍റെ ആമുഖവാക്യം ഞാന്‍ ചിന്തിക്കാറുണ്ട്. ഒരു രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണയിക്കുന്നത് ക്ലാസ്സ്മുറികളിലാണ് എന്നാണ് ആ വാക്യം. ആ ക്ലാസ്സ് മുറികളില്‍ ടീച്ചര്‍ കുട്ടികള്‍ ക്ക് മാതൃകയാകുന്നുണ്ടോ? ഉന്നത വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ വന്നിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുട്ടികളുമായുള്ള ആശയവിനിമയം കുറഞ്ഞു എന്നതാണ്. അധ്യാപകര്‍ തങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു. അതിനാണു പരിഗണന. അതേസമയം നമുക്ക് ഉത്തരവാദിത്വമുള്ള വിദ്യാര്‍ത്ഥി സമൂഹത്തോട് പ്രതിബദ്ധത ഇല്ലാതിരിക്കുക. ഇപ്പോള്‍ സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡങ്ങളില്‍ അധ്യാപകന്‍ സ്വന്തം നിലവാരം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്തു എന്നു നോക്കുന്നുണ്ട്. ടീച്ചര്‍ പിഎച്ച്ഡി എടുത്താല്‍ കുട്ടികളില്‍ അതിന്‍റെ ഗുണമുണ്ടോ?

ടീച്ചറെ കുട്ടികള്‍ എന്തുമാത്രം ഇഷ്ടപ്പെടുന്നു; അല്ലെങ്കില്‍ ടീച്ചറിന്‍റെ സേവനം എന്തുമാത്രം കുട്ടികള്‍ക്കു ലഭിക്കുന്നു എന്ന വിശദീകരണത്തിനു കോളജില്‍ ഇന്നു പ്രസക്തിയില്ല. അധ്യാപകര്‍ എത്ര ഗവേഷണപ്രബന്ധം അവതരിപ്പിച്ചു, അഥവാ പ്രബന്ധം എന്താണ്, അവര്‍ പോസ്റ്റ് ഡോക്ടറല്‍ എന്തെല്ലാം ചെയ്തു ഇതിനെല്ലാം വിശദീകരണമുണ്ട്. ഒരു ടീച്ചറെ നാം ഓര്‍മ്മിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാകണം? തീര്‍ച്ചയായും അക്കാദമിക മികവിന്‍റെ പേരിലാകാം. പക്ഷെ ഒരു ടീച്ചറെ നന്ദിപൂര്‍വം ഓര്‍ക്കുന്നത് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറം ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സിനെ ആ ടീച്ചര്‍ക്ക് സ്പര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ്. ആ ടീച്ചറെയാണ് നന്ദിപൂര്‍വം വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കുക. ആ ഒരു സ്പര്‍ശനം ഇന്നു നടക്കുന്നില്ല. അതു വലിയൊരു മൂല്യച്യുതിയാണ്.

യുജിസി ശമ്പള സ്കെയില്‍ വന്നതോടെ അധ്യാപകരുടെ ശമ്പളം കൂടി. അപ്പോള്‍ ഇതൊരു ആകര്‍ഷക തൊഴില്‍ രംഗമായി മാറി. അവിടെ അധ്യാപനത്തോടു പ്രതിബദ്ധതയില്ലാത്ത ചിലരൊക്കെ കടന്നു കൂടി. അധ്യാപനം ഒരു വികാരമാകണം. എങ്കിലേ ഒരു ടീച്ചര്‍ വിജയിക്കൂ. അധ്യാപനം റിസ്ക്കുള്ള തൊഴിലാണ്.
വിദ്യാര്‍ത്ഥി സമൂഹമാണ് അടുത്തതായി പ്രതിപാദിക്കപ്പെടേണ്ടത്. കുട്ടികളോടു നമുക്കു സഹതാപമാണു തോന്നുന്നത്. കാരണം അവര്‍ ജീവിക്കുന്നത് വഞ്ചനയുടെ ലോകത്താണ്. ലോകം എന്താണെന്ന് അവര്‍ ആരും മനസ്സിലാക്കുന്നില്ല. ടെക്നോളജി വലിയ കാര്യമായി കരുതി തങ്ങളുടെ കഴിവുകള്‍ നഷ്ടമാക്കുന്ന അവസ്ഥയാണ് ഇന്നു കുട്ടികളില്‍ കാണുന്നത്. ഓര്‍മ്മയും ചിന്തയും ആവശ്യമില്ല എന്നാണു അവരെ പഠിപ്പിക്കുന്നതും അവര്‍ മനസ്സിലാക്കുന്നതും.

ഇത്തരത്തിലുള്ള ഒരു കൊമേഴ്സ്യല്‍ ലോകമാണ് അവരുടെ ചുറ്റുമുള്ളത്. മൊബൈലിന് ഒരു കപ്പാസിറ്റിയുണ്ട്. പക്ഷെ മനസ്സിന്‍റെ കപ്പാസിറ്റി ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാം അത് ഉപയോഗിക്കാതിരുന്നാല്‍ പ്രശ്നമാകും. രണ്ടുതരം മെമ്മറിയുണ്ട്. പരിശീലിപ്പിക്കപ്പെട്ടതും അല്ലാത്തതും. നിങ്ങള്‍ ഓര്‍മ്മയെ പരിശീലിപ്പിക്കുന്നുണ്ടെങ്കില്‍ അതു നല്ലതാണ്. അല്ലെങ്കില്‍ അതു കുറവുകളുള്ളതായിത്തീരും. ഇതിന്‍റെയൊന്നും ആവശ്യമില്ല എന്ന രീതിയില്‍ ജീവിക്കുന്ന കുട്ടികള്‍. മാതാപിതാഗുരു ദൈവം എന്നതില്‍ നിന്ന് മാതാപിതാ ഗൂഗിള്‍ എന്നായിത്തീര്‍ന്നിരിക്കുന്നു. ഗുരുവിനെ ഗൂഗിള്‍ ആയി മാറ്റിയത് പുതിയ സംസ്കാരമാണ്. പലരും പറയുന്നു, പുതിയ ജനറേഷനു നല്ല വിവരമുണ്ട്. അതു വിവരമല്ല, വെറും ഡാറ്റയാണ്. സ്വന്തം ചിന്തയില്‍ നിന്നു സ്വന്തം തീരുമാനങ്ങളൊന്നുമില്ല. അവരെ ആരോ നിയന്ത്രിക്കുന്നു. അങ്ങനെയുള്ള കുട്ടികളെ വലിയ സംഭവമായി അവരും നമ്മളും കരുതുന്നു. ഡാറ്റ അറിവാണ് എന്നു തെറ്റിദ്ധരിക്കുന്ന പാവം വിദ്യാര്‍ത്ഥി സമൂഹം. ഡാറ്റ അറിവായി മാറണം. അതുമാത്രം പോരാ നാം പഠിച്ച കാര്യങ്ങളില്‍ വേണ്ടത് എടുക്കുകയും വേണ്ടപ്പോള്‍ അത് ഉപയോഗിക്കുകയും വേണം. അതിനെയാണ് ജ്ഞാനം എന്നു പറയുന്നത്. അധ്യാപകര്‍ ആ തലത്തില്‍ എത്തേണ്ടവരാണ്.

മുതിര്‍ന്ന തലമുറ എപ്പോഴും ആലോചിക്കേണ്ടത് തങ്ങള്‍ പുതിയ തലമുറയേക്കാള്‍ വളരെ ഉന്നതത്തിലാണ് എന്നതാണ്. ആ ആത്മവിശ്വാസം നമുക്കു വേണം. ടെക്നോളജി നമുക്ക് അറിയില്ലായിരിക്കാം പക്ഷെ അനുഭവസമ്പത്തിന് പകരം വയ്ക്കാന്‍ വേറൊന്നുമില്ല. അനുഭവം ജീവിതത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്നതാണ്. അതിനാല്‍ വരുന്ന തലമുറയ്ക്കു ജ്ഞാനം പകര്‍ന്നു കൊടുക്കാനുള്ള ആത്മവിശ്വാസം നമുക്കു വേണം.

ഈ മൂല്യച്യുതിക്കു പരിഹാരം കാണാന്‍ എവിടെ തുടങ്ങണം? ഉന്നതവിദ്യാഭ്യാസരംഗം അവസാനം എടുക്കേണ്ട കാര്യമാണ്. കുടുംബം എന്നൊരു തലമുണ്ട്. അവിടത്തെ മൂല്യച്യുതി എന്താണ്? അവിടെ മൂല്യങ്ങള്‍ ഉണ്ടോ? ഈ ലോകത്തു കാണുന്നതെല്ലാം എന്‍റെ വീട്ടിലേക്കു പോരട്ടെ. വീട്ടിലെ കാര്യങ്ങള്‍ മാതാപിതാക്കളാണോ വേറെ വല്ലവരുമാണോ തീരുമാനിക്കുന്നത്? വീട്ടില്‍ ഏതെങ്കിലും ഒരു മാതൃകയുണ്ടോ? വീട്ടിലെ മൂല്യച്യുതിയുടെ ആരംഭം എവിടെയാണോ അവിടെ ന മുക്ക് എങ്ങനെ പരിഹാരം കാണാനാകും? അതാണു നമ്മള്‍ ചിന്തിക്കേണ്ടത്. ബാക്കിയെല്ലാം താനേ നന്നായിക്കോളും.

(ന്യൂമാന്‍ അസോസിയേഷന്‍ ലൂമെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പ്രതിമാസ ചര്‍ച്ചാ ക്ലാസ്സില്‍ "ഉപരിവിദ്യാഭ്യാസത്തിലെ മൂല്യച്യുതികള്‍" എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്ന്. തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org