ഉത്ഥാനം വിശ്വാസത്തിന്‍റെ തിരുനാള്‍

ഉത്ഥാനം വിശ്വാസത്തിന്‍റെ തിരുനാള്‍

ബിഷപ്പ് ഡോ. ക്രിസ്തുദാസ് ആര്‍

അമേരിക്കന്‍ കവി ഹെന്‍റി ഡേവിഡ് തൊറെ ഒരു ചിത്രശലഭത്തിന്‍റെ പിറവിയെക്കുറിച്ച് വിവരിക്കുന്ന കവിതയില്‍ നല്‍കുന്ന ഒരു സന്ദേശം ഇപ്രകാരമാണ്. ഒരു ഓക്കുമരം ആശാരിയുടെ കരവേലയാല്‍ മേശയായി രൂപാന്തരപ്പെടുകയും അതിന്‍റെ വിള്ളലിലെവിടെയോ ഒരു ചിത്രശലഭം നിക്ഷേപിച്ച മുട്ട മേശയ്ക്കു പുറത്തിരുന്ന കാപ്പിയുടെ ചൂടേറ്റു മനോഹരമായ ചിത്രശലഭമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദൈവപുത്രന്‍റെ തിരുവുത്ഥാനം നല്‍കുന്ന സന്ദേശം ഇതിലെ ആശയവുമായി ഏറെ സാദൃശ്യമുള്ളതായി എനിക്ക് തോന്നുന്നു.
ദൈവപുത്രന്‍റെ ഹൃദയത്തി ന്‍റെ ചൂടേറ്റ് കാല്‍വരിയിലെ കുരിശ് സ്നേഹത്തിന്‍റെ പുഷ്പമായി പൂത്തുലയുന്നതും, അന്ധകാരത്തിന്‍റെ കല്ലറകള്‍ തുറക്കപ്പെടുന്നതും, സമാധാനത്തിന്‍റെ സന്ദേശവുമായി കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നതും ഉത്ഥാന മഹോത്സവത്തിന്‍റെ മനോഹരമായ ഓര്‍മ്മകളാണ്.
ദൈവപുത്രന്‍റെ പാദത്തിലെ അനുഗ്രഹച്ചൂടേറ്റ് പാപിനിയായ സ്ത്രീ മാനസാന്തരത്തിന്‍റെ കണ്ണീരൊഴുക്കുന്നതും, കര്‍ത്താവിന്‍റെ ഹൃദയത്തിലെ പങ്കുവയ്ക്കലിന്‍റെ ചൂടേറ്റ് സക്കേവൂസ്, അപഹരിച്ചതെല്ലാം നാലിരട്ടിയായി പകുത്തുനല്‍കുന്നതും, ക്രി സ്തുവിനെ ഉപേക്ഷിച്ചുപോയ വലിയ മുക്കുവനും ശിഷ്യരും ആത്മാവിന്‍റെ ചൂടേറ്റ് സഭയെ നയിക്കുന്നതും അവള്‍ക്കുവേണ്ടി രക്തം ചിന്തുന്നതും ഉത്ഥാനത്തിന്‍റെ മഹത്ത്വമാണ്. ഈ സാക്ഷ്യങ്ങള്‍ കര്‍ത്താവിന്‍റെ സ്നേഹച്ചൂടിന്‍റെ ആഴവും വ്യാപ്തിയും നമ്മെ പഠിപ്പിക്കുന്നു. യേശുവിന്‍റെ ഉയിര്‍പ്പ് ഒരിക്കലും വറ്റാത്ത കര്‍ത്താവിന്‍റെ സ്നേഹച്ചൂട് ഏറ്റുവാങ്ങാനുള്ള അവസരമാണ്.
യേശു ദൈവമാണെന്ന സത്യമാണ് ഉത്ഥാനം
ദൈവത്തിന് മാത്രമേ സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. സോക്രട്ടീസിന്‍റെ ജീവിതവും മരണവും ഒരു തത്ത്വജ്ഞാനിയുടെ ജീവിതവും മരണവുമാണ്. ശ്രീബുദ്ധന്‍റെ ജീവിതവും മരണവും ബോധോദയം ലഭിച്ച നല്ലൊരു മനുഷ്യന്‍റെ ജീവിതവും മരണവുമാണ്. മുഹമ്മദ് നബിയുടെ ജീവിതവും മരണവും ഒരു പ്രവാചകന്‍റെ ജീവിതവും മരണവുമാണ്. എന്നാല്‍ യേശുവിന്‍റെ ജീവിതവും മരണവും ഒരു ദൈവത്തിന്‍റെ ജീവിതവും മരണവുമാണ്. അതുകൊണ്ടുതന്നെ യേശുവല്ലാതെ ചരിത്രത്തില്‍ മറ്റൊരു വ്യക്തിയും സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. യേശുവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഒരു വെള്ളിയാഴ്ച സ്വയം കുരിശിലേറാന്‍ വിട്ടുകൊടുക്കുകയും അടുത്ത ഞായറാഴ്ച സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്നതാണ്. അങ്ങനെ മരണം പുനഃരുത്ഥാനത്തിലേക്കുള്ള വഴിയും നിത്യതയുടെ കവാടവുമാകുന്നു. മരണത്തെ കുരിശില്‍ തിരുനാളായി ആഘോഷിച്ച യേശു മൂന്നാംദിവസം ഉയിര്‍ക്കുക വഴി മരണം അന്ത്യമല്ല, നിത്യതയുടെ നല്ല തുടക്കവും പ്രത്യാശയുമാണെന്ന് നമ്മെ പഠിപ്പിച്ചു. ജീവിതത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും ദൈവിക പ്രത്യാശയിലേക്കുള്ള എഴുന്നേല്‍ക്കലാണ് ഉത്ഥാനം. പാപത്തിന്‍റെ ഇരിപ്പിടത്തില്‍ നിന്നും പുണ്യത്തിന്‍റെ ഹൃദയത്തിലേക്കുള്ള ഉണര്‍വാണ് ഉത്ഥാനം.
ദൈവം ലോകത്തിലവതരിക്കുന്നതും, കാല്‍വരിയില്‍ മരിക്കുന്നതും നമുക്ക് ഉത്ഥാനം നല്‍കുവാന്‍ വേണ്ടിയാണ്. പാപത്തില്‍ നിന്നും ദൈവത്തിങ്കലേക്കുള്ള ഓരോ ചുവടുവയ്പും ഉത്ഥാന സന്തോഷം നല്‍കുന്നു. ക്രിസ്തു നമുക്ക് നല്കിയ സമ്മാനത്തിന്‍റെയും നാം അവന് നല്കി യ സമ്മാനത്തിന്‍റെയും വ്യത്യാസമെന്താണെന്ന് ഗുരു ശിഷ്യരോട് ചോദിച്ചു. ശിഷ്യന്മാര്‍ ഉത്തരം പറയാനാകാതെ ഗുരുമുഖത്ത് നോക്കിയിരുന്നു. അവര്‍ക്ക് ഉത്തരമില്ലെന്ന് മനസ്സിലാക്കിയ ഗുരു പറഞ്ഞു: "മനുഷ്യന്‍ ക്രിസ്തുവിന് സമ്മാനമായി മരണം നല്‍കിയെങ്കില്‍, ക്രിസ്തു പ്രതിസമ്മാനമായി നമുക്ക് ഉത്ഥാനം നല്‍കി, കാരണം അവന്‍ ദൈവമാണ്."
യേശു ദൈവമാണെന്ന സത്യം അന്ത്യോക്യായിലെ രക്തസാക്ഷിയായ വി. മാര്‍ഗരറ്റ് അവളുടെ ജീവിതാനുഭവത്തിലൂടെ ഇപ്രകാരം പങ്കുവയ്ക്കുന്നു. വിശ്വാസം സ്വീകരിച്ചു എന്ന കുറ്റാരോപണത്താല്‍ വി. മാര്‍ഗരറ്റ് ഗവര്‍ണ്ണറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. പരിഹാസപൂര്‍വം ഗവര്‍ണര്‍ ചോദിച്ചു: 'വെറും ഒരു മനുഷ്യനെ ആരെങ്കിലും ദൈവമായി ആരാധിക്കുമോ? കുറ്റവാളിയായി കുരിശില്‍ മരിച്ചവനെ ആരാധിക്കുന്നത് എത്രയോ വലിയ ഭോഷത്തമാണ്. അതിനു വിശുദ്ധ ഇങ്ങനെ മറുപടി നല്‍കി. താങ്കള്‍ എന്തുകൊണ്ട് ക്രിസ്തുവിന്‍റെ കുരിശുമരണത്തെപ്പറ്റി മാത്രം എപ്പോഴും പറയുന്നു. അവിടുത്തെ ഉത്ഥാനത്തെപ്പറ്റി യാതൊന്നും സംസാരിക്കുന്നുമില്ല. അവള്‍ ഉച്ചസ്വരത്തില്‍ ഇങ്ങനെ പ്രഘോഷിച്ചു; "അവിടുത്തെ മഹത്ത്വപൂര്‍ണ്ണമായ ഉത്ഥാനം അവിടുന്ന് ദൈവമാണെന്ന് വ്യക്തമാക്കുന്നു."

വിശ്വാസത്തിന്‍റെ
തിരുനാളാണ് ഉത്ഥാനം
ഉത്ഥാനം പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും തിരുനാളാണ്. അവിശ്വാസം മനുഷ്യനെ നിരാശയുടെ അന്ധകാരത്തില്‍ തള്ളിയിടുമ്പോള്‍ വിശ്വാസം മനുഷ്യനില്‍ പ്രത്യാശയുടെ തിരികൊളുത്തുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പ പറയുന്നു, "ക്രി സ്തുവിന്‍റെ മരണവും ഉത്ഥാനവും ക്രിസ്തുമതത്തിന്‍റെ ഹൃദയമാണ്. നമ്മുടെ വിശ്വാസത്തിന്‍റെ ആധാരമാണ്. നമ്മുടെ തീര്‍ച്ചയുടെ ഉത്തോലകമാണ്. ഓരോ ഭയത്തെയും തീരുമാനമില്ലായ്മയെയും ഓരോ സംശയത്തെയും മാനുഷിക കണക്കുകൂട്ടലുകളെയും തൂത്തെറിയുന്ന ശക്തമായ കാറ്റാണ്." അവിശ്വാസം നമ്മുടെ ജീവിതവാതിലുകളെ അടയ്ക്കുമ്പോഴും അതിനെ തുറക്കുവാന്‍ ശക്തിയുള്ള വിശ്വാസം നമ്മില്‍ നിക്ഷേപിച്ച് നമ്മെ സഹായിക്കാന്‍ ദൈവം എപ്പോഴും നമ്മുടെ ജീവിതത്തില്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു. ആരെക്കൊണ്ടും ഉരുട്ടി മാറ്റുവാന്‍ സാധിക്കാത്ത കല്ലുകൊണ്ട് നമ്മുടെ ജീവിതം അടയുമ്പോഴും ഉത്ഥാനരാവില്‍ ഉരുട്ടിമാറ്റി സ്ത്രീക്കു വാതില്‍ തുറന്ന ദൈവം നമ്മുടെ ജീവിതത്തെ അടയ്ക്കുന്ന ഏതു കല്ലിനെയും മാറ്റുമെന്നും അവനെ കണ്ടുമുട്ടുമ്പോള്‍ ഉത്ഥാനത്തിന്‍റെ അത്ഭുതം സംഭവിക്കുമെന്നും പഠിപ്പിക്കുന്നു. അടയ്ക്കപ്പെട്ട കല്ലറയുടെ ജീവിതശൈലിയില്‍ നിന്നും തുറക്കപ്പെട്ട കണ്ടുമുട്ടലിന്‍റെ ജീവിതശൈലിയിലേക്ക് വളരാന്‍ ക്രിസ്തുവിന്‍റെ ഉത്ഥാനം നമ്മോട് ആഹ്വാനം ചെയ്യുന്നു.
താത്ത്വികമായ വിശ്വാസത്തില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ സുതാര്യമായ, പൂര്‍ണമായ ആശ്രയ മനോഭാവത്തോടെയുള്ള വിശ്വാസത്തിലേക്ക് തന്‍റെ ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച തോമസ് അപ്പസ്തോലന്‍റെ ജീവിതം നമുക്ക് അനുകരണീയമാണ്. അനുദിന ജീവിതത്തില്‍ ഉണ്ടാകുന്ന വിശ്വാസ രാഹിത്യത്തെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് തോമസ് അപ്പസ്തോലന്‍ നമ്മെ പഠിപ്പിക്കുന്നു.
കര്‍ത്താവുമായുള്ള കണ്ടുമുട്ടല്‍ തോമസ് അപ്പോസ്തലനെ വിശ്വാസത്തിന്‍റെ ആഴത്തിലേക്ക് നയിക്കുന്നു. സൃഷ്ടിയുടെ മുന്‍പില്‍ സ്രഷ്ടാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ സൃഷ്ടി തന്‍റെ ഇല്ലായ്മ മനസ്സിലാക്കി ഇപ്രകാരം പറഞ്ഞു. "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ."
വിശ്വാസവര്‍ദ്ധനവിനും ആത്മീയവളര്‍ച്ചയ്ക്കും സ്നേഹത്തോടുകൂടെയുള്ള പിടിവാശി ദൈവത്തോടുള്ള എതിര്‍പ്പല്ല, മറിച്ച് ഉള്ളിലെ വിശ്വാസം വളര്‍ത്തുവാനുള്ള ആത്മാവിന്‍റെ ആഗ്രഹമാണ്. ഉല്‍പ്പത്തിപുസ്തകം 32:26 – ലെ യാക്കോബിന്‍റെ പിടിവാശി ദൈവത്തോടുള്ള എതിര്‍പ്പല്ല പ്രത്യുത ദൈവാനുഗ്രഹം നേടാനുള്ള സ്നേഹശാഠ്യമാണ്.
ലാസറിന്‍റെ മരണമോര്‍ത്ത് വിലപിച്ച മാര്‍ത്തയോട് യേശു പറഞ്ഞു: വിശ്വസിച്ചാല്‍ നീ ദൈവമഹത്ത്വം കാണും, ലാസറിന്‍റെ ഉയിര്‍പ്പിലൂടെ അവര്‍ വിശ്വാസത്തിന്‍റെ ദൈവമഹത്ത്വം ദര്‍ശിക്കുന്നു. ഏതു മരണത്തെയും, നിരാശയെയും ഉത്ഥാനപ്രഭയില്‍ നിറുത്താന്‍ ദൈവത്തിന് കഴിയുമെന്ന പ്രത്യാശയും വിശ്വാസ സാക്ഷ്യവുമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം.
നിശ്ചലതയില്‍ നിന്നും പ്രവൃത്തിയിലേക്കുള്ള പുറപ്പാടാണ് ഉത്ഥാനം
എനിക്കുവേണ്ടി മരിച്ച എന്‍റെ യേശു ഉയിര്‍ത്തു, അവനെ ഞാന്‍ കണ്ടു, അവന്‍ എന്നെ പേരുചൊല്ലിവിളിച്ചു, ഇനിയുള്ള എന്‍റെ ജീവിതം അവനുവേണ്ടിയുള്ളതാണ്. അവനുവേണ്ടി മാത്രമുള്ളതാണെന്ന സദ്വാര്‍ത്ത മഗ്ദലന മറിയം ശി ഷ്യന്മാരെ അറിയിക്കുന്നു. പ്രത്യാശയുടെ ഈ സദ്വാര്‍ത്ത നിരാശയിലാണ്ടുപോയ ശിഷ്യന്മാരെ വി ശ്വാസത്തിലേക്കും പ്രവൃത്തിയിലേക്കും നയിക്കുന്നു.
യേശുനാഥന്‍ ശിഷ്യന്മാരെ ഏല്‍പ്പിക്കുന്ന പ്രേഷിത ദൗത്യം സുവിശേഷ പ്രഘോഷണംവഴി യും ജീവിതസാക്ഷ്യംവഴിയും ശിഷ്യന്മാര്‍ പൂര്‍ത്തീകരിക്കുന്നു. യോഹന്നാന്‍ ഒഴികെ എല്ലാവരും രക്തം ചിന്തി അവനുവേണ്ടി സാക്ഷികളായി തീര്‍ന്നതും, അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യങ്ങളാകുവാന്‍, മദര്‍ തെരേസയെ പോലെ, ഫാ. ഡാമിയനെപ്പോലെ, വിന്‍സെന്‍റ് ഡിപോളിനെപ്പോലെ സ്നേഹമെന്ന അന്നം വിളമ്പാന്‍ നമ്മുടെ ജീവിതത്തിലെ നിരാശയും നിശ്ചലതയും വെടിഞ്ഞ് പ്ര ത്യാശയോടെ പ്രവര്‍ത്തിക്കാന്‍ ഉത്ഥാന മഹോത്സവം നമുക്ക് പ്രചോദനമാകട്ടെ. ഈ ഉത്ഥാനരാവില്‍ യോഹന്നാനെപ്പോലെ നമുക്കു പ്രഘോഷിക്കാനാവണം: അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു (1 യോഹ 2:8).
നമുക്കായി ഉദയം ചെയ്ത ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രകാശ തെളിമയില്‍ നമ്മുടെ ചാരെ നില്‍ക്കുന്ന ക്രിസ്തുവിനെ നമുക്കും കണ്ടുമുട്ടാം. അരികിലുള്ള ക്രിസ്തുവിനെ കണ്ടുമുട്ടുന്നതാകട്ടെ നമ്മുടെ ഉത്ഥാനം. ഉയര്‍ത്തെഴുന്നേല്പിന്‍റെ, സ്നേഹത്തിന്‍റെ, പ്രത്യാശയുടെ ജീവിതം നയിക്കുവാന്‍ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org