സഹനവഴികളില്‍ ഉത്ഥാനത്തിന്‍റെ ആകാശം…

സഹനവഴികളില്‍ ഉത്ഥാനത്തിന്‍റെ ആകാശം…

ഫ്രാങ്ക്ളിന്‍ എം.

ദുഃഖവെള്ളിയാഴ്ച കയ്യിലൊരു മരക്കുരിശും പിടിച്ച് പള്ളിക്കുചുറ്റും പരിഹാര പ്രദക്ഷിണം നടത്തി, വെള്ളിപ്പാത്രത്തില്‍ വച്ചിരിക്കുന്ന കയ്പുനീരും രുചിച്ച് വീട്ടിലേക്കു മടങ്ങുന്നവര്‍ സമയം കിട്ടിയാല്‍ കടന്നുചെല്ലേണ്ട ഒരിടമുണ്ട് – മുളന്തുരുത്തി വെട്ടിക്കലിലുള്ള സ്വാശ്രയ ട്രെയിനിംഗ് ആന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍. അവിടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിക്കുന്ന കുറച്ചുപേര്‍ കുരിശുകള്‍ രക്ഷാകരമാകുന്നതെങ്ങനെയെന്ന് നമുക്കു പറഞ്ഞുതരും. പീഡാസഹനങ്ങളുടെ വഴിയില്‍ സന്തോഷത്തോടെ കുരിശു വഹിക്കാനും പ്രത്യാശയോടെ ഉത്ഥാനത്തിന്‍റെ പുലരിയിലേക്കു പ്രയാണം ചെയ്യാനും അവര്‍ നമ്മെ പ്രചോദിപ്പിക്കും.

രോഗത്താലും അപകടങ്ങളാലും നട്ടെല്ലിനു ക്ഷതമേറ്റ് ശയ്യാവലംബരായിത്തീര്‍ന്നവര്‍ക്ക് അവരുടെ ദിനചര്യകള്‍ പരാശ്രയം കൂടാതെ നിര്‍വഹിക്കുന്നതിന് പരിശീലനം നല്‍കുകയും പുനരധിവാസത്തിലൂടെ സ്വയം പര്യാപ്തരാകാന്‍ സാഹചര്യമൊരുക്കുകയുമാണ് സ്വാശ്രയ റീഹാബിലിറ്റേഷന്‍ സെന്‍റര്‍. 1987-ല്‍ ഇരുപത്തിനാലാം വയസ്സില്‍ നട്ടെല്ലിനു ക്ഷതമേറ്റ് ശരീരത്തിനു താഴെ തളര്‍ന്നു പോയ റെജി എബ്രാഹമിന്‍റെ ആശയമാണ് സ്വാശ്രയയുടെ ആരംഭത്തിനു നിദാനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ലഭിച്ച ചികിത്സയ്ക്കും കൗണ്‍സലിംഗിനും പരിശീലനത്തിനുമിടയിലാണ് ഇത്തരമൊരു സ്ഥാപനം ആരംഭിക്കണമെന്ന ചിന്തയുണ്ടായത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഇതിനു പൂര്‍ണ പിന്തുണ നല്‍കി. വെട്ടിക്കല്‍ സെന്‍റ് തോമസ് ദയാറയ്ക്കു സമീപം പുളിക്കമാലി റോഡില്‍ അദ്ദേഹം നല്‍കിയ സ്ഥലത്ത് 2005 മെയ് 15 നാണ് സ്വാശ്രയ ആരംഭിക്കുന്നത്.

160-ഓളം പേര്‍ ഇതിനോടകം ഇവിടെ പരിശീലനം സിദ്ധിച്ചു മടങ്ങിയതായി സ്ഥാപനത്തിന്‍റെ ആരംഭകനും മാനേജരുമായ റെജി എബ്രാഹം പറഞ്ഞു. ഒരേസമയം, ഇരുപതു പേരെ മൂന്നു മാസക്കാലം താമസിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് നല്‍കുന്നത്. എന്നാല്‍ പരിശീലനത്തിനു ശേഷം വീടുകളിലേക്കു പോകാന്‍ താത്പര്യപ്പെടാതെ ഇവിടെ തുടരുന്നവരുണ്ട്. "കുടുംബാംഗങ്ങള്‍ക്ക് നിത്യഭാരമായിത്തീരുമോ എന്ന ആശങ്കയും വീട്ടിലെ പരിമിതികളുമാണ് പലരും വീടുകളിലേക്കു പോകാന്‍ മടിക്കുന്നതിന്‍റെ മുഖ്യകാരണം" – റെജി എബ്രാഹം പറയുന്നു. പരിശീലനത്തിനു പുറമെ നിരാശയും അപകര്‍ഷതയുമകറ്റി ആത്മ ധൈര്യം നല്‍കി അന്തേവാസികളെ സാധാരണ ജീവിതത്തിലേക്കു വഴി നടത്തുകയാണ്. ഇതിനു വൈദഗ്ദ്ധ്യം നേടിയവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

എറണാകുളം, തൃക്കാക്കരയിലുള്ള ജോളി ജോസഫ് എന്ന ചെറുപ്പക്കാരന്‍ ഇവിടെ എത്തിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു. ഗ്രാഫിക് ഡിസൈനറായ ജോളിയുടെ നട്ടെല്ലില്‍ രൂപപ്പെട്ട ട്യൂമറാണ് വില്ലനായത്. ചികിത്സകള്‍ പലതു നടത്തിയെങ്കിലും ഓപ്പറേഷനു ശേഷം സംഭവിച്ചേക്കാനിടയുള്ള പക്ഷാഘാതത്തില്‍ അരയ്ക്കു താഴെ അനക്കമില്ലാതായി. യുവത്വത്തില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ജോളി തകര്‍ന്നു പോയി. ദുരന്തത്തില്‍ കൂടെയുണ്ടാകുമെന്നു കരുതിയ ഭാര്യയും ഉപേക്ഷിച്ചു പോയി. സഹനങ്ങളുടെ കണ്ണീര്‍ക്കയത്തില്‍ ദൈവത്തോടു കലഹിച്ചു ജോളി ചോദിച്ചു: "എന്തിനീ കുരിശ്?" കുരിശു ചുമന്നു കാല്‍വരി കയറിയവന്‍ ജോളിയെ നോക്കി പുഞ്ചിരിച്ചു. തിരസ്ക്കരണങ്ങളും നിന്ദാപമാനങ്ങളും പാടുപീഡകളുമേറ്റവന്‍റെ കഥയോര്‍ത്തപ്പോള്‍ തന്‍റെ വേദന ഒന്നുമല്ലെന്നു ജോളിക്കു തോന്നി. പ്രത്യാശയിലൂടെ ഉയിര്‍പ്പിലേക്കുള്ള കുതിപ്പായിരുന്നു പിന്നീട്. സ്വന്തം കാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യുമ്പോള്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തികൊടുക്കുകയും ചെയ്യുന്ന വെണ്ണലയിലെ 'ഊര്‍ജ്ജ' എന്ന സ്ഥാപനത്തില്‍ അധ്യാപകനായും ജോളി സേവനം ചെയ്യുന്നു. ഗ്രാഫിക് ഡിസൈനിംഗിനു പുറമെ ലേസര്‍ എന്‍ഗ്രേവിംഗിലൂടെ തടിയിലും മെറ്റലിലും ശില്‍പങ്ങള്‍ രൂപപ്പെടുത്തുന്ന "തക്ഷന്‍ ക്രിയേറ്റീവ്" എന്ന നിര്‍മ്മാണ യൂണിറ്റ് സ്വാശ്രയയില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഈ യുവാവ്. അതിലൂടെ ഈ സ്ഥാപനത്തിലെ ഏതാനും പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും കഴിയും.

വീല്‍ചെയറിലിരുന്നു ചെയ്യാനാവുന്ന തൊഴിലുകളിലൂടെ ഉപജീവനം തേടാന്‍ സ്വാശ്രയിലെ അന്തേവാസികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് റെജി എബ്രാഹം പറഞ്ഞു: "അനുദിന ചെലവുകള്‍ക്ക് സ്വാശ്രയ ഫ്രണ്ട്സ് സര്‍ക്കിള്‍ എന്ന കൂട്ടായ്മയുടെ സഹായം ലഭിക്കുന്നുണ്ട്. ഉദാരമതികളുടെ സംഭാവനകളുമുണ്ട്. എന്നാല്‍ ചെറിയ തോതിലെങ്കിലും ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചു സ്വയം പര്യാപ്തത കൈവരിക്കണമെന്നാണ് ആഗ്രഹം." സ്വാശ്രയയിലെ അന്തേവാസികള്‍ക്കു പ്രചോദനവും പ്രോത്സാഹനവുമായി എപ്പോഴും കൂടെയുള്ള റെജിച്ചേട്ടന്‍ സ്ഥാപനത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സാണ്. സ്വന്തം വിധിയെ പഴിക്കാനും വിഷമിച്ചു കഴിയാനും ഒട്ടും താത്പര്യമില്ലാത്ത ഇദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ആശ്ചര്യപ്പെടുത്തുന്നതാണ്. വീല്‍ചെയറിലിരുന്നു വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായി കാറോടിക്കും. ബാംഗ്ലൂര്‍വരെ കാറോടിച്ചു പോയിട്ടുണ്ട്. വീല്‍ചെയറിലുള്ള അന്തേവാസികളെയും കൂട്ടി വിനോദ യാത്ര നടത്താറുണ്ട്. ഇതുവരെയും ഒരാപത്തും പിണഞ്ഞിട്ടില്ല. "പ്രാര്‍ത്ഥനയിലാണു ശക്തി. പിന്നെ മറ്റൊരു അഹങ്കാരം കൂടിയുണ്ട്, ഇനി ഞങ്ങള്‍ക്ക് എന്തുവരാനാ…. അതുകൊണ്ട് എന്തു ചെയ്യാനും ഒടുക്കത്തെ ധൈര്യമാ…." – റെജി ചിരിക്കുന്നു.

ഈ ധൈര്യവും പ്രത്യാശയുമാണ് സ്വാശ്രയയിലെ അന്തേവാസികളെ സഹനങ്ങളുടെ കാല്‍വരി കയറാന്‍ പ്രേരിപ്പിക്കുന്നത്. മാലിദ്വീപില്‍ ജോലി ചെയ്യുമ്പോള്‍ അജ്ഞാത വാഹനമിടിച്ചു ശരീരം തളര്‍ന്നു പോയ ഉഷ ഏറെ സന്തോഷവതിയായി സ്വാശ്രയയുടെ ഫ്രണ്ട് ഓഫീസില്‍ ജോലി നോക്കുന്നു. മൂന്നു വര്‍ഷത്തോളം കിടന്ന കിടപ്പിലായിരുന്നു. കോയമ്പത്തൂരിലെയും മറ്റും ചികിത്സകള്‍ക്കൊടുവില്‍ സ്വാശ്രയയിലെത്തി സ്വയം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തി നേടി. "ഇവിടെ എനിക്കു സന്തോഷമാണ്. ജീവിതത്തില്‍ ഓരോ വഴിത്തിരിവുകളുണ്ടാകും. തകര്‍ന്നുപോയ സമയത്ത് ജീവിക്കാനുള്ള ശക്തി കിട്ടിയത് ദൈവത്തില്‍ നിന്നാണ്" – ഉഷ പറയുന്നു. പ്രേമിച്ചു വിവാഹം കഴിച്ചതിന്‍റെ പതിനാറാം വര്‍ഷത്തിലാണ് ഉഷയ്ക്ക് അപകടം പിണഞ്ഞത്. ശാരീരിക തളര്‍ച്ചയുടെ അവശതയ് ക്കൊപ്പം മാനസീകാഘാതവുമേല്‍പിച്ച് ഭര്‍ത്താവ് ഉഷയെ ഉപേക്ഷിച്ചു പോയി. വിദ്യാര്‍ത്ഥികളായ മക്കളെ ചേര്‍ത്തണച്ചു ഉഷ കരഞ്ഞു. ആരോടു പറയാന്‍, എന്തു പ്രാര്‍ത്ഥിക്കാന്‍? ഒടുവില്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍ കുരിശില്‍ തറയ്ക്കപ്പെട്ടവന്‍റെ നിലവിളിയില്‍ അഭയം തേടി: "എന്‍റെ ദൈവമേ, എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു?" കുരിശില്‍ നിന്നു കിട്ടിയ സാന്ത്വനം സഹനങ്ങള്‍ സന്തോഷത്തോടെ ഉള്‍ക്കൊള്ളാനുള്ള കരുത്തു പകരുന്നതായിരുന്നുവെന്ന് ഉഷ സാക്ഷ്യപ്പെടുത്തുന്നു. മകളുടെ കല്യാണം കഴിഞ്ഞു. അവള്‍ക്കിപ്പോള്‍ മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. മകനും മകളും മരുമകനും സന്തോഷത്തോടെ കഴിയുന്നു. അവരൊക്കെ കാണാന്‍ വരും, ദിവസവും ഫോണ്‍ വിളിക്കും…. "ഞാനെന്തിനു വ്യസനിക്കണം, ഞാന്‍ സന്തോഷവതിയാണ്. എല്ലാ കാര്യങ്ങളും നന്നായി നടത്താന്‍ കഴിഞ്ഞു" – ഒരുപക്ഷെ, വീല്‍ചെയറിലേക്കു മാറ്റപ്പെട്ട ഈ ജീവിതമാകാം അതിനെല്ലാം നിമിത്തമായതെന്നും ഉഷ വിശ്വസിക്കുന്നു.

വീല്‍ചെയറില്‍ വന്നു ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിലേക്കു കയറിയിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. അയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കുകയാണ്. ഗിയര്‍ മാറ്റി പെട്ടി ഓട്ടോറിക്ഷ അനായാസം അയാള്‍ ഓടിച്ചു പോകുന്നു… കൊല്ലം സ്വദേശിയായ ബോബനാണ് ഇത്. ലോറി ഡ്രൈവറായിരുന്നു ജോണ്‍സണ്‍ റാഫേല്‍ എന്ന ബോബന്‍. വണ്ടികള്‍ അയാള്‍ക്കെന്നും ഹരമായിരുന്നു. ലോറിയില്‍ നിന്നു ടോറസിന്‍റെയും പിന്നീട് അതിലും വലിയ ട്രെയ്ലറിന്‍റെയും ഡ്രൈവിംഗ് സീറ്റിലേക്കു കയറി. ട്രെയ്ലറില്‍നിന്ന് ഉരുക്കു ബീമുകള്‍ അണ്‍ലോഡ് ചെയ്യുമ്പോള്‍ കണ്ണൂരില്‍ വച്ചാണ് ബോബന് അപകടമുണ്ടായത്. ഇടുപ്പിനു താഴെ തളര്‍ന്നുപോയി. ചികിത്സകള്‍ക്കൊടുവില്‍ ആംബുലന്‍സിലാണ് സ്വാശ്രയയില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഏഴു വര്‍ഷങ്ങളാകുന്നു. "അപകടത്തിന്‍റെ ആദ്യനാളുകളില്‍ ചത്താല്‍ മതിയെന്നായിരുന്നു, ഇപ്പോള്‍ ജീവിക്കണമെന്നുണ്ട്" – ബോബന്‍ പറയുന്നു. പള്ളിയും പ്രാര്‍ത്ഥനയുമൊക്കെ ഉണ്ടായിരുന്നു. കിടപ്പിലായപ്പോള്‍ വിശ്വാസമൊക്കെ കുറഞ്ഞു. നിരാശയും ദുഃഖവും കൂടിവന്നു. സ്വാശ്രയയിലൂടെ ലഭിച്ച പരിശീലനം ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഓട്ടോ ഓടിച്ച് വരുമാനം നേടുന്നു. പ്രത്യാശയുടെ പച്ചപ്പില്‍ ഇപ്പോള്‍ പഴയ പ്രാര്‍ത്ഥനകളും വിശ്വാസവും പതിയെ മടങ്ങിയെത്തിരിക്കുന്നു: "മുന്‍പ് സ്വന്തം കാര്യസാധ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു പ്രാര്‍ത്ഥന. ഇപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്." ഇനിയും വലിയൊരാഗ്രഹം ബോബന്‍റെ മനസ്സില്‍ അവശേഷിക്കുന്നുണ്ട്: "വലിയ വണ്ടി വീണ്ടും ഓടിക്കണം."

അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കുന്ന നിശ്ചയദാര്‍ഢ്യവും പ്രതികൂലങ്ങളോട് മല്ലിട്ടു ജയിക്കുന്ന ഇച്ഛാശക്തിയുമാണ് സ്വാശ്രയയില്‍ ജീവിക്കുന്നവരുടെ കൈമുതല്‍. വലതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും മാത്രം അനക്കാന്‍ കഴിയുന്നത്ര ശാരീരിക അവശതയുള്ള കോട്ടയം സ്വദേശി ബീന ഇവിടെ 'അക്ഷയകേന്ദ്രം' നടത്തുകയാണ്. കമ്പ്യൂട്ടറിനു മുന്നിലിരുന്നു രണ്ടു വിരലുകള്‍ മാത്രം ചലിപ്പിച്ച് 17 വര്‍ഷങ്ങള്‍ക്കു മുമ്പ് തളര്‍ന്നു പോയ ശരീരത്തെ ആവുന്നത്ര സ്നേഹിക്കുകയാണിവര്‍. ഓണ്‍ ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് അക്ഷയയുടെ സേവനങ്ങള്‍ ബീന നല്‍കുന്നു. "എഴുന്നേറ്റു നടക്കാമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. പക്ഷെ ഇവിടെ എന്നെപ്പോലെ, എന്നേക്കാള്‍ വിഷമിക്കുന്നവരെ കാണുമ്പോള്‍ ജീവിതത്തില്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ട്" – ബീന പറയുന്നു. ഗള്‍ഫില്‍ നഴ്സായിരുന്നു ബീന. കാറപകടത്തിലാണ് ശരീരം തളര്‍ന്നത്. 2008-ല്‍ സ്വാശ്രയയില്‍ വന്നതാണ്. "ശാരീരികമായ പുരോഗതി എനിക്കുണ്ടെന്നു പറയാനാവില്ല. പക്ഷെ വീട്ടിലേതിനേക്കാള്‍ സജീവമാകാനും മാനസീകമായി ഊര്‍ജ്ജം നേടാനുമാകുന്നുണ്ട്" – ബീനയെയും ഉഷയെയും ജോളിയെയും പോലെ ആരോടും പരിഭവമില്ലാതെ, ആര്‍ക്കും ഭാരമാകാതെ സ്വയംകുരിശെടുത്തു നീങ്ങുന്നവര്‍ ഇനിയും ഇവിടെയുണ്ട്… കുരിശിന്‍റെവഴിയിലെ അഞ്ചാം സ്ഥലത്ത് യേശുവിനു തുണയായ ശിമയോനെപ്പോലും അതിശയിപ്പിക്കുന്ന ഒരു കഥാപാത്രത്തെയും സ്വാശ്രയയില്‍ കണ്ടുമുട്ടാം – ബിന്ദു.

2004 ലായിരുന്നു ബിന്ദുവിന്‍റെയും ഗംഗാ പ്രസാദിന്‍റെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം കഴിഞ്ഞു ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഗംഗാപ്രസാദ് അങ്ങോട്ടു പോയി. വിവാഹം കഴിഞ്ഞ് 56 ദിവസം മാത്രമാണ് ദമ്പതികള്‍ ഒന്നിച്ചു ജീവിച്ചത്. ഗള്‍ഫിലെത്തി ഒരുമാസം കഴിഞ്ഞപ്പോള്‍ ഗംഗ ഒരപകടത്തില്‍ പെട്ടു. കമ്പനിവണ്ടിയില്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒട്ടകവ്യൂഹത്തിലിടിച്ചായിരുന്നു അപകടം. ആറാം ദിവസം നാട്ടിലെത്തിക്കുമ്പോള്‍ ഗംഗ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു. വിവിധ ആശുപത്രികളില്‍ കാണിച്ചു. അലോപ്പതിയും ആയുര്‍വേദവും പരീക്ഷിച്ചു… നട്ടെല്ലിന്‍റെ തകര്‍ച്ചയില്‍ പകുതി മരവിച്ച ശരീരസ്ഥിതിയില്‍ മാറ്റമുണ്ടായില്ല.

ആറുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗംഗയെ സ്വാശ്രയയില്‍ കൊണ്ടുവരുന്നത്. അതിനു ശേഷം വലിയ മാറ്റങ്ങള്‍ ഉണ്ടായതായി ബിന്ദു പറഞ്ഞു. മോട്ടോര്‍ വീല്‍ചെയറില്‍ സഞ്ചരിക്കും, കാറില്‍ കയറ്റി പുറത്തൊക്കെ കൊണ്ടുപോകും. മൊബൈലില്‍ ആത്മീയ ഗീതങ്ങളും പ്രഭാഷണങ്ങളും കേള്‍ക്കുന്നതാണ് ഗംഗയ്ക്ക് ഏറെ ഇഷ്ടം. ആരുടെയും സഹതാപം ആഗ്രഹിക്കുന്നില്ല. നിഴല്‍പോലെ എപ്പോഴും കൂടെയുള്ള ബിന്ദുവാണ് അയാളുടെ ഊര്‍ജ്ജം. നീണ്ട 15 വര്‍ഷങ്ങളായി, ബിന്ദു ഇപ്പോഴും ഗംഗയുടെ കൂടെയുണ്ട്. ഗംഗയടക്കം വീട്ടുകാരെല്ലാവരും നിര്‍ബന്ധിച്ചു, മറ്റൊരു വിവാഹം കഴിക്കാന്‍. ബിന്ദു തയ്യാറല്ല. "ഗംഗയുടെ അടുത്തു നിന്ന് ഒരു നിമിഷം പോലും മാറി നില്‍ക്കാന്‍ എനി ക്കാവില്ല. അതിന്‍റെ കാരണം എനിക്കറിയില്ല, ഒന്നു പറയാം, എനിക്ക് അത്രയ്ക്കിഷ്ടമാണ്" – എംഎ, ബിഎഡ് ബിരുദമുള്ള ബിന്ദു പറയുന്നു. പത്തും ഇരുപതും വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷവും പങ്കാളിയുടെ ദുരവസ്ഥയില്‍ കൈവിട്ടു സ്വാര്‍ത്ഥം തേടുന്നവരുള്ളപ്പോള്‍ ഈ പെണ്‍കുട്ടി ഒരു വിസ്മയമായി മാറുകയാണ്: "ഇതില്‍ പ്രത്യേകിച്ചൊന്നുമില്ല. എനിക്ക് നൂറുശതമാനവും സന്തോഷമാണ്. ആദ്യമൊക്കെ വലിയ സങ്കടവും വേദനയും തോന്നിയിരുന്നു. ഇപ്പോള്‍ എല്ലാം മാറി. നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരത്തിലൊരു അവസ്ഥ വന്നാല്‍ നാം അവരെ ശുശ്രൂഷിക്കില്ലേ? ഗംഗയെ ദൈവം എനിക്കായി നിശ്ചയിച്ചതാണ്. ഏതവസ്ഥയിലും അദ്ദേഹം എന്‍റെ ഭര്‍ത്താവു തന്നെയാണ്" – പങ്കാളിയുടെ കുരിശ് സ്വന്തം തോളോടു ചേര്‍ത്ത് സന്തോഷത്തോടെ ബിന്ദു പറയുന്നു.

സഹനസാഹചര്യങ്ങളില്‍ നിന്ന് ഉയിര്‍പ്പിന്‍റെ പ്രത്യാശയിലേക്കു നയിക്കപ്പെടുന്ന അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് സ്വാശ്രയയിലെ അന്തേവാസികളുടെ ആത്മബലം. ശരീരത്തിന്‍റെ നിര്‍ജീവമായ പകുതിയിലേക്കു നോക്കി ഇവര്‍ നെടുവീര്‍പ്പിടുന്നില്ല. മറിച്ച്, സജീവമായ ശരീരത്തെ സ്നേഹിച്ചും പ്രയോജനപ്പെടുത്തിയും ജീവിതത്തിന്‍റെ ഉയിര്‍പ്പ് ഇവര്‍ ആഘോഷിക്കുകയാണ്. നിരാശയും സങ്കടങ്ങളും നഷ്ടങ്ങളും സംഗമിക്കുന്ന പാതാള ഭൂമിയോ സഹനമരണങ്ങളുടെ കാല്‍വരിയോ അല്ല ഇവര്‍ മുന്നില്‍ കാണുന്നത്, അതിനെല്ലാമപ്പുറം ഇരുളിനെ വകഞ്ഞു മാറ്റി ആനന്ദവും ശാന്തതയും സമാധാനവും പ്രത്യാശയും സമന്വയിക്കുന്ന പ്രകാശപൂര്‍ണമായ ഉത്ഥാനത്തിന്‍റെ പുതിയ ആകാശമാണ് ഇവര്‍ വീണ്ടെടുക്കുന്നത്…

(Swasraya Training & Rehabilitation Centre,
Vettikkal P.O., Mulanthuruthy 682314,
swasraya@hotmail.com
Ph -9447252288)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org