Latest News
|^| Home -> Cover story -> വധശിക്ഷയല്ല പരിഹാരം

വധശിക്ഷയല്ല പരിഹാരം

Sathyadeepam

അഡ്വ. ഡി.ബി. ബിനു

കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹം ഒന്നാകെ രോഷാകുലമാകുകയും അതികഠിനമായ ശിക്ഷ ഈ നരാധമന്മാര്‍ക്കു നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഏറ്റവും ഹീനവും മനുഷ്യത്വരഹിതവും കിരാതവുമായ കുറ്റകൃത്യമാണെങ്കിലും ശിക്ഷകള്‍ തീരുമാനിക്കുമ്പോഴും വിധിക്കുമ്പോഴും ഏറ്റവും വിവേകത്തോടെയാകണം ഭരണാധികാരികളും നിയമനിര്‍മാതാക്കളും കോടതികളും പെരുമാറേണ്ടത്.

2018 ജനുവരിയില്‍ ജമ്മുകാശ്മീരിലെ കഠ്വയില്‍ എട്ടു വയസ്സുകാരിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയത് എത്ര അപലപിച്ചാലും അധികമാവില്ല. അതിനുശേഷം ഉത്തര്‍പ്രദേശിലും ബാലപീഡനങ്ങള്‍ നടന്നതോടെ വനിതാ കമ്മീഷനും വനിതാ അഭിഭാഷകരും സ്ത്രീപക്ഷ സംഘടനകളും ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി രംഗത്തു വന്നു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റക്യത്യങ്ങള്‍ രാജ്യത്തു വ്യാപകമാകുന്നതിനെതിരെ ദേശീയതലത്തില്‍ നടന്ന വലിയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണു നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധനനിയമം (പോക്സോ) ഭേദഗതി ചെയ്തു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്കണമെന്ന വ്യവസ്ഥ കൂടി നിയമത്തില്‍ ചേര്‍ക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. അഭിഭാഷകനായ അലക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജ്ജിയിലാണിത്. ഇത്തരം കുറ്റവാളികള്‍ക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്കണമെന്നതായിരുന്നു ഹര്‍ജ്ജിയിലെ ആവശ്യം. ഇതേ ആവശ്യം വനിതാ-ശിശുക്ഷേമവകുപ്പു മന്ത്രി മേനകാഗാന്ധിയും ഉന്നയിച്ചിരുന്നു.

സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടന ഒരു പടികൂടി മുന്നോട്ടുപോയി, ‘കെമിക്കല്‍ കാസ്ട്രേഷന്‍’ ഉചിതമായ കേസുകളില്‍ വേണമെന്നാവശ്യപ്പെട്ടു. 12 വയസ്സുവരെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ‘ചൈല്‍ഡ്’ എന്ന നിര്‍വചനത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന്, അവര്‍ക്കു പ്രത്യേക നിയമം വേണമെന്നും ആവശ്യമുയര്‍ന്നു.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുണ്ടായ വലിയ പ്രക്ഷോഭമാണു ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തു ശക്തമാക്കിയത്. മുന്‍ ചീഫ് ജസ്റ്റീസ് ജെ.എസ്. വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള കമ്മീഷന്‍റെ ശിപാര്‍ശയും നിയമപരിഷ്കരണത്തിനു കാരണമായി.

ബലാത്സംഗ കുറ്റങ്ങള്‍ക്കു പരമാവധി ശിക്ഷയായ ‘വധശിക്ഷ’ ന ല്കണമെന്ന ശക്തമായ ആവശ്യം ഉണ്ടായിരുന്നിട്ടും കമ്മീഷനും വധശിക്ഷ ശിപാര്‍ശ ചെയ്തില്ല. ജീവപര്യന്ത തടവുശിക്ഷയില്‍ ഇളവുകളില്ലാതെ ‘ജീവപര്യന്തം’തന്നെ നല്കണമെന്നതായിരുന്നു ശിപാര്‍ശ. മാത്രമല്ല, വധശിക്ഷ നിരോധിക്കണമെന്നു ശക്തമായ ആവശ്യം അന്താരാഷ്ട്രതലത്തില്‍ നിലനില്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2013-ലെ ക്രിമിനല്‍ ലോ അമന്‍റ്മെന്‍റ് ആക്ടനുസരിച്ചു പീഡനത്തിനിരയായ കുട്ടി മരണപ്പെടുകയോ ജീവഛവമായി മാറുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റവാളിക്കു വധശിക്ഷ നല്കാനും വ്യവസ്ഥ ചെയ്തു.

സമീപകാലത്ത് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും വധശിക്ഷ വേണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

കുറ്റവാളികളോടു പ്രതികാരബുദ്ധിയോടെയുള്ള സമീപനം പരിഷ്കൃതമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ല. വധശിക്ഷ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും പരിഹാരമാണെന്ന ചിന്ത യുക്തിസഹമല്ല. കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുന്നതിനു വധശിക്ഷമൂലം കഴിയില്ല എന്നതു തെളിയിക്കപ്പെട്ട വസ്തുതയാണ്.

ദേശീയ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016-ല്‍ രാജ്യത്തു 19,920 കുട്ടികള്‍ ബലാത്സംഗത്തിന് വിധേയരായി. എന്നാല്‍ ശിക്ഷാനിരക്ക് 28.2 ശതമാനം മാത്രമാണ്. 89.6 ശതമാനം കേസുകള്‍ ഇപ്പോഴും വിചാരണയിലാണ്.

2015-ല്‍ ദേശീയ നിയമ കമ്മീഷന്‍റെ ശിപാര്‍ശപ്രകാരം, തീവ്രവാദം ഒഴികെയുള്ള കേസുകളില്‍ വധശിക്ഷ വിധിക്കുന്നത് അവസാനിപ്പിക്കണം എന്നതാണ്.
അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുളളൂ എന്ന സുപ്രീംകോടതിയുടെ വിധിയും പരിഗണിക്കപ്പെടേണ്ടതാണ്.

വധശിക്ഷ നടപ്പാക്കിയതുകൊണ്ടു മാത്രം ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ല. ബലാത്സംഗത്തിനിരയായവരെ കൊന്നാല്‍ കുറ്റവാളിക്കു നല്കുന്ന ആനുകൂല്യം മാത്രമാകും വധശിക്ഷ എന്ന ശക്തമായ വാദം നിലനില്ക്കുന്നു. കുറ്റവാളികളെ ശിക്ഷിച്ചതുകൊണ്ടു മാത്രം ഇരയ്ക്കു നീതി കിട്ടുന്നുമില്ല.

ഇരയ്ക്ക് പിന്തുണ നല്കേണ്ടതും ഫലപ്രദമായ പുനരധിവാസസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും സര്‍ക്കാരിന്‍റെ ചുമതലയാണ്. ‘വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ട്’ ഇല്ലാത്തതിനാല്‍ ധനസഹായം ലഭിക്കാത്ത അവസ്ഥയാണു കേരളത്തിലുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഓരോ വര്‍ഷവും ഫണ്ട് അനുവദിക്കുന്നത് കുറഞ്ഞുവരുന്നുവെന്നാണു കണക്കു വ്യക്തമാക്കുന്നത്. മൊത്തം ബജറ്റിന്‍റെ 3.23 ശതമാനം മാത്രം.

കുറ്റവാളിക്കു ‘കെമിക്കല്‍ കാസ്ട്രേഷന്‍’ അനുവദിക്കണമെന്ന വാദവും ജസ്റ്റീസ് വര്‍മ്മ കമ്മീഷന്‍ നിരാകരിച്ചിരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടനയുടെ പരികല്പനകള്‍ക്കും എതിരായിരിക്കും ഈ ശിക്ഷാരീതിയെന്നു കമ്മീഷന്‍ വ്യക്തമാക്കുന്നു.

നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കിക്കൊണ്ടു ശിക്ഷാനിരക്കു കൂട്ടുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കുകയും കേസ്സെടുക്കുന്നതിലും പ്രോസിക്യൂഷന്‍ നടപടി ഫലപ്രദമാക്കുന്നതിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ഇളവുകള്‍ നല്കാതെ ജീവപര്യന്തം തടവുശിക്ഷ കുറ്റവാളികള്‍ക്കു നല്കുകയും ഇത്തരം കുറ്റവാളികള്‍ ഒരു തരത്തിലും നിയമത്തിന്‍റെ കരങ്ങളില്‍നിന്നും രക്ഷപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാദ്ധ്യത നമ്മുടെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനങ്ങള്‍ക്കുണ്ട്. അതോടൊപ്പം ഇരകളുടെ പുനരധിവാസം സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയില്‍ വരേണ്ടതുമാണ്.

Leave a Comment

*
*