വൈദികപരിശീലനത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍

വൈദികപരിശീലനത്തിന്‍റെ  അടിസ്ഥാനപ്രമാണങ്ങള്‍

ഫാ. ജോയി അയിനിയാടന്‍
റെക്ടര്‍, സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി,
വടവാതൂര്‍

ആമുഖം
കഴിഞ്ഞ അമലോത്ഭവതിരുനാളില്‍ വത്തിക്കാനിലെ പുരോഹിത തിരുസംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെന്യമിനോ സ്തെല്ല ഒപ്പുവച്ച് പുറത്തിറക്കിയ The Gift of Priestly Vocation: Ratio Fundamentalis Institutionis Sacerdotalis എന്ന മാര്‍ഗരേഖയിലൂടെ പൗരോഹിത്യ ദൈവവിളിയെ വളര്‍ത്തി പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും സഭയുടെ പൗരോഹിത്യദര്‍ശനവും പൗരോഹിത്യ പരിശീലനത്തെക്കുറിച്ചുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഭാമക്കളുടെ പരിചിന്തനത്തിനായി നല്‍കുന്നുണ്ട്. ഈ മാര്‍ഗരേഖയ്ക്ക് അംഗീകാരം നല്‍കിയ ഫ്രാന്‍സിസ് പാപ്പ ചെത്തിമിനുക്കാത്ത വിലയേറിയ വജ്രക്കല്ലിനോടാണ് പൗരോഹിത്യ ദൈവവിളിയെ ഉപമിക്കുന്നത്. ഈ വജ്രക്കല്ലിനെ ചെത്തിമിനുക്കി അതുല്യശോഭയുള്ള വജ്രമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയോടാണ് അദ്ദേഹം പൗരോഹിത്യ പരിശീലനത്തെ വിശേഷിപ്പിക്കുന്നത്. എട്ട് അദ്ധ്യായങ്ങളുള്ള ഈ മാര്‍ഗരേഖയുടെ സംക്ഷിപ്തമായ വിവരണമാണ് ഈ ലേഖനം.

സഭയുടെ പൗരോഹിത്യദര്‍ശനം
ജനമധ്യത്തില്‍ നിന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് ദൈവികജ്ഞാനത്താല്‍ പ്രബുദ്ധതയാര്‍ജിച്ച് ദൈവസ്നേഹവും ആര്‍ദ്രതയുമുള്ള ഹൃദയവുമായി സ്വജനത്തിന്‍റെ പക്കലേക്കു വിമോചന ദൗത്യവുമായി തിരിച്ചയയ്ക്കപ്പെടുന്നവനാണ് പുരോഹിതന്‍. ക്രിസ്തുവിനോട് അനുരൂപപ്പെടുവാനുള്ള തീവ്രമായ ആഗ്രഹത്തോടെയുള്ള ക്രിസ്തുശിഷ്യന്‍റെ തീര്‍ത്ഥാടനമാണ് പൗരോഹിത്യ പരിശീലനം. മാമോദീസായില്‍ ആരംഭിച്ച് കൂദാശാനുഷ്ഠാനങ്ങളിലൂടെ ശക്തിയാര്‍ജിച്ച് സെമിനാരി പരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പുരോഹിതശുശ്രൂഷയിലൂടെ ജീവിതത്തിലുടനീളം തുടരുന്ന വിശുദ്ധീകരണ യജ്ഞമാണ് വൈദികപരിശീലനം. തന്നെത്തന്നെയും ദൈവജനത്തെയും വിശുദ്ധീകരിക്കാനുള്ള ഈ കര്‍മ്മപരിപാടിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തേത് പ്രാരംഭപരിശീലനവും രണ്ടാമത്തേത് തുടര്‍പരിശീലനവും. പൗരോഹിത്യസ്വീകരണത്തിനുള്ള ഒരുക്കത്തെ പ്രാരംഭപരിശീലനമായും പൗരോഹിത്യസ്വീകരണത്തിനു ശേഷം പുരോഹിതനില്‍ അനുസ്യൂതം നടക്കേണ്ട വിശുദ്ധീകരണ പ്രക്രിയയെ തുടര്‍പരിശീലനമായും കാണണം.
പരിശീലനം സ്വീകരിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥി ദൈവം തന്നില്‍ നിക്ഷേപിച്ച കഴിവുകളെക്കുറിച്ചും ഒപ്പം തന്‍റെ പരിമിതികളെയും ബലഹീനതകളെയും കുറിച്ചുമുള്ള വ്യക്തമായ തിരിച്ചറിവുള്ളവനായിരിക്കണം. ക്രൂശിതനായ ക്രിസ്തുവും ഉത്ഥിതനായ മിശിഹായും തമ്മില്‍ സമന്വയിക്കുന്ന ആഴമേറിയ ഒരു ആത്മീയാവബോധമാണിത്. ദൈവജനത്തിന്‍റെ പൊതുപൗരോഹിത്യവും പുരോഹിതന്‍റെ ശുശ്രൂഷാപൗരോഹിത്യവും നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള പങ്കാളിത്തമാണ്. ജനത്തിനുവേണ്ടി ബലിയര്‍പ്പിക്കാനും അവരുടെ പാപങ്ങള്‍ മോചിക്കാനുമുള്ള ഉത്തരവാദിത്തത്തെയും അതുപോലെതന്നെ അവരെ പഠിപ്പിക്കുകയും അവര്‍ക്കായി കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ചെയ്യുന്ന തന്‍റെ ആത്മീയപിതൃത്വത്തെയും ആദരവോടും ശുശ്രൂഷാമനോഭാവത്തോടും കൂടി കാണാന്‍ പുരോഹിതനു കഴിയണം. ദൈവജനത്തിന്‍റെ പാപമോചനത്തിനായി സ്വയം യാഗമായിത്തീര്‍ന്ന ക്രിസ്തുവിന്‍റെ അന്ത്യഅത്താഴവേളയില്‍ വിശുദ്ധ കുര്‍ബാനയും പൗരോഹിത്യവും ഒരേ സമയം പിറവിയെടുത്തെങ്കില്‍ ലോകാവസാനം വരെ ഇവ രണ്ടും അഭേദ്യമായിത്തന്നെ നിലനില്‍ക്കും. ക്രി സ്തുവിനെപ്പോലെ തന്നെ പുരോഹിതനും സഭയിലും ലോകത്തി ലും കരുണാമയനായ സ്വര്‍ഗപി താവിന്‍റെ കാണപ്പെടുന്ന രൂപമായി മാറണം. കൂദാശാനുഷ്ഠാനങ്ങളിലൂടെ അനുസ്യൂതം നവീകരിക്കപ്പെടുന്ന നൈര്‍മല്യവും ഉദാരതയുമുള്ള ഹൃദയത്തോടെ ദൈവജനത്തെ സ്നേഹിക്കാന്‍ പ്രാപ്തിയുള്ളവനാകണം ക്രിസ്തുവിന്‍റെ പുരോഹിതന്‍. ആന്തരികസ്വാതന്ത്ര്യമുള്ളവനും സമന്വയത്തിന്‍റെയും സൗഹൃദത്തിന്‍റെയും സാ ഹോദര്യത്തിന്‍റെയും വക്താവുമാകണം പുരോഹിതന്‍.

ഒരു വ്യക്തിയുടെ ഹൃദയത്തെയും മനസ്സിനേയും ദൈവഹിതം വിവേചിച്ചറിയാന്‍ പര്യാപ്തമാകുംവിധം രൂപാന്തരപ്പെടുത്തുന്ന ആത്മീയയാത്രയാണ് വൈദികപരിശീലനം. എവിടെയും എല്ലാ സമയവും ഉപരിനന്മയും യഥാര്‍ത്ഥ സന്തോഷവും പരിപൂര്‍ണ്ണതയും അന്വേഷിക്കുന്ന യഥാര്‍ത്ഥ ആത്മീയ മനുഷ്യരെ രൂപപ്പെടുത്തുകയാണ് പൗരോഹിത്യ പരിശീലനത്തിന്‍റെ ലക്ഷ്യം. വ്യക്തിപരമായ താല്‍പര്യങ്ങളും ഈ ലോകത്തിന്‍റേതായ സമ്പാദ്യങ്ങളുമെല്ലാം ഉ പേക്ഷിച്ച് പരിപൂര്‍ണ്ണമായും ദൈവകൃപയിലാശ്രയിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടും ആത്മീയ സന്തോഷത്തോടും കൂടെ ജീവിക്കുന്നവനാകണം ക്രിസ്തുവിന്‍റെ പുരോഹിതന്‍. ആഴമേറിയ പ്രാര്‍ത്ഥനാനുഭവവും തിരുവചനധ്യാനവും പൗരോഹിത്യകൂട്ടായ്മയും ഈ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്ന അവിഭാജ്യ ഘടകങ്ങളാണ്.

വൈദികപരിശീലകരുടെ ദൗത്യം
പരിശീലനത്തിലേര്‍പ്പെടുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും ഹൃദയപരമാര്‍ത്ഥതയും സുതാര്യതയും ഉള്ളവനായിരിക്കണം. തന്നെത്തന്നെ അറിയാനും താനെങ്ങനെയായിരിക്കുന്നുവോ അതുപോലെതന്നെ പരിശീലകര്‍ക്ക് തന്നെ വെളിപ്പെടുത്താനുമുള്ള തുറവും അവനുണ്ടാകണം. പരിശുദ്ധാത്മാവിനോടുള്ള തുറവും ദൈവകൃപയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആത്മസമര്‍പ്പണവുമാണ് വൈദികപരിശീലനത്തിന്‍റെ മര്‍മ്മം. പരിശീലനാര്‍ത്ഥികളെ ശ്രദ്ധയോടെ അടുത്തനുഗമിക്കുന്ന പരിശീലകരുണ്ടാകണം. അവര്‍ വൈദികപരിശീലനത്തിനായി പരിപൂര്‍ണ്ണമായും തങ്ങളുടെ ജീവിതവും സമയവും സമര്‍പ്പിക്കുന്നവരാകണം. പരിശീലകരും പരിശീലനാര്‍ത്ഥികളും തമ്മില്‍ പരസ്പരവിശ്വസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തുറവിന്‍റെയും അന്തരീക്ഷം രൂപപ്പെടുത്തണം. ആഴമേറിയ ആത്മീയതയും അജപാലനപരിചയവും പരിശീലനമേഖലയിലെ സാങ്കേതികമികവും ആര്‍ജിച്ചെടുത്തവരെയാകണം വൈദികപരിശീലനത്തിനായി നിയോഗിക്കേണ്ടത്. ഓരോ വൈദികവിദ്യാര്‍ത്ഥിയെയും ശ്രദ്ധാപൂര്‍വ്വം അനുധാവനം ചെയ്യുന്നതോടൊപ്പം സ്വഭാവിക വളര്‍ച്ചയ്ക്കുതകുന്ന സ്വാതന്ത്ര്യം അവര്‍ക്ക് അനുവദിക്കാനും പരിശീലകര്‍ക്ക് കഴിയണം.

വൈദികപരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍
വൈദികപരിശീലനത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. ആദ്യത്തേത,് സെമിനാരി പ്രവേശനം മുതല്‍ പൗരോഹിത്യസ്വീകരണം വരെയുള്ള പ്രാരംഭ പരിശീലനവും, രണ്ടാമത്തേത് പൗരോഹിത്യസ്വീകരണത്തിനുശേഷമുള്ള തുടര്‍പരിശീലനവുമാണ്. പ്രാരംഭപരിശീലനത്തിന് നാലു ഘട്ടങ്ങളുണ്ട്. പ്രാരംഭഘട്ടം, തത്ത്വശാസ്ത്രപഠനം, ദെവശാസ്ത്രപഠനം, അജപാലനപരിചയം എന്നീ നാലു ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തികരിക്കുന്ന വൈദികാര്‍ത്ഥിയാണ് പുരോഹിതനായി അഭിഷിക്തനാകുന്നത്. വൈദികപരിശീലത്തിന് അനുയോജ്യരായ വ്യക്തികളെ ആദ്യം അയക്കുന്ന മൈനര്‍ സെമിനാരികളിലാണ് പ്രാരംഭപരിശീലനം നടക്കേണ്ടത്. കുറഞ്ഞത് ഒരു വര്‍ഷവും കൂടിയാല്‍ രണ്ടു വര്‍ഷവുമാണ് ഈ പരിശീലനദൈര്‍ഘ്യം. പ്രാര്‍ത്ഥനകളും കൂദാശാനുഷ്ഠാനങ്ങളും തിരുവചനധ്യാനവും ആത്മീയവായനയും ദിനചര്യയാക്കുന്ന സമൂഹത്തിന്‍റെ അംഗമാവുകയാണ് വൈദികാര്‍ത്ഥി. ഈ കാലത്ത് വൈദികാര്‍ത്ഥി കത്തോലിക്കാ സഭയുടെ വേദോപദേശം നന്നായി ഹൃദിസ്ഥമാക്കുന്നു, ഒപ്പം ബൈബിള്‍ പഠനത്തിനുള്ള ആമുഖം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനങ്ങള്‍, സഭാചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിക്കുന്നു. ഇതോടൊപ്പം ആത്മസമര്‍പ്പണത്തിന്‍റെയും ക്രൈസ്തവധാര്‍മ്മികതയുടെയും ജീവിതശൈലി അഭ്യസിക്കുന്നു.
മേജര്‍ സെമിനാരി പരിശീലനത്തിന്‍റെ ആദ്യഘട്ടം തത്ത്വശാസ്ത്രപഠനത്തിനുള്ളതാണെങ്കി ലും ഈ പരിശീലനകാലത്തെ പ്രധാനശ്രദ്ധ ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യനായി വൈദികാര്‍ത്ഥിയെ രൂപപ്പെടുത്തുന്നതിലായിരിക്കണം. ചിട്ടയായ തത്ത്വശാസ്ത്രപഠനം വഴിയായി വൈദികാര്‍ത്ഥിയെ യഥാര്‍ത്ഥ സത്യാന്വേഷകനായും ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയ സത്യത്തെ വ്യാഖ്യാനിക്കാന്‍ പ്രാപ്തിയുള്ളവനും ഒപ്പം മനുഷ്യന്‍റെ അ റിവിന്‍റെ പരിമിതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവനുമായി മാറ്റുന്നു.

ദൈവശാസ്ത്രപഠനകാലം സത്യാന്വേഷണത്തിന്‍റെ സമഗ്രദര്‍ശനരൂപീകരണത്തിനുള്ളതാണ്. ക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട അനശ്വരസത്യം സഭയിലൂടെ അനുഭവവേദ്യമാകുന്ന വിസ്തൃതമായ ദൈവമേഖലയുടെ സമഗ്രദര്‍ശനവും ശാസ്ത്രീയമായ അപഗ്രഥനവും നടക്കേണ്ട സമയമാണിത്. തിരുവചനവും വചന വ്യാഖ്യാനശാസ്ത്രവും ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷകളും ധാര്‍മ്മികശാസ്ത്രവും ദൈവശാസ്ത്രത്തിന്‍റെ വിവിധ ശാഖകളും സഭാനിയമവും ആരാധനക്രമവും വിശദമായി പഠിക്കുകയും അവയിലൂടെ വെളിവാകുന്ന ദൈവികസത്യത്തെ ധ്യാനിക്കുകയും ചെയ്യുന്ന വൈദികവിദ്യാര്‍ത്ഥി ദൈവമേഖലയിലെ ആചാര്യനായി രൂപീകരിക്കപ്പെടുകയാണ്. നാലു വര്‍ഷത്തെ ദൈവശാസ്ത്രപഠനകാലത്ത് വൈദികാര്‍ത്ഥി സഭയിലെ വി വിധ ശുശ്രൂഷകളിലേക്ക് പ്രവേശിക്കുന്ന പട്ടങ്ങള്‍ സ്വീകരിക്കുകയും പഠനത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ ഡീക്കന്‍പട്ടം സ്വീകരിക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷത്തിന്‍റെയും അവസാനത്തില്‍ പരിശീലകര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈദികാര്‍ത്ഥിയുടെ അപേക്ഷ സ്വീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുകയോ അപേക്ഷ തിരസ്ക്കരിക്കുകയോ ചെയ്യുന്നത് വൈദികവിദ്യാര്‍ത്ഥി അംഗമായ രൂപതയുടെ മെത്രാനോ സന്ന്യാസ സഭാധികാരിയോ ആണ്.

ഡീക്കന്‍പട്ടസ്വീകരണത്തിന് ശേഷം വൈദികപട്ടം സ്വീകരിക്കുന്നതുവരെയുള്ള സമയം തീവ്രമായ അജപാലനപരിശീലനത്തിനും വൈദികശുശ്രൂഷയിലേക്കുള്ള സുഗമമായ പ്രവേശനത്തിനുമായി ഉപയോഗപ്പെടുത്തണം. സെമിനാരിക്ക് പുറത്ത് ഇടവകകളില്‍ താമസിച്ച് ഒരു വികാരിയുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട പരിശീലനമാണിത്. ലഭ്യമായ അജപാലനപരിചയത്തിന്‍റെ വെളിച്ചത്തില്‍ ഡീക്കന്‍ പുരോഹിതനാകാനുള്ള തന്‍റെ ആഗ്രഹം സ്വതന്ത്രമനസ്സോടെ തന്‍റെ മെത്രാനെയോ സന്ന്യാസസഭാധികാരിയെയോ രേഖാമൂലം അറിയിക്കുകയും അനുയോജ്യനാണെന്നു ബോധ്യപ്പെട്ടാല്‍ തിരുപ്പട്ടം നല്‍കി മെത്രാന്‍ അദ്ദേഹത്തെ പൗരോഹിത്യകൂട്ടായ്മയിലേക്ക് സ്വീകരിക്കുകയും ചെ യ്യുന്നു.

പൗരോഹിത്യസ്വീകരണത്തോടെ പരിശീലനമെല്ലാം പൂര്‍ത്തിയായി എന്നു പറയുന്നത് മൗഢ്യമാണ്. തന്‍റെ ബലഹീനതയില്‍ ഒറ്റപ്പെട്ടുപോകുന്ന അനുഭവം ഒരു പുരോഹിതനുമുണ്ടാകരുത്. പ്രാര്‍ത്ഥനയിലും തിരുവചനധ്യാനത്തിലും കേന്ദ്രീകൃതമായ പൗരോഹിത്യകൂട്ടായ്മ, കൂടെക്കുടെയുള്ള കുമ്പസാരം, ആത്മീയപിതാക്കന്മാരെ സന്ദര്‍ശിക്കുക, മാസധ്യാനത്തിലും വാര്‍ഷികധ്യാനത്തിലുമുള്ള സജീവമായ പങ്കാളിത്തം, ഒരുമിച്ചുള്ള ഭക്ഷണം തുടങ്ങിയവയെല്ലാം തുടര്‍പരിശീലനത്തിന്‍റെ അവിഭാജ്യഘടകങ്ങളാണ്.

വൈദികപരിശീലനത്തിന്‍റെ നാലു മാനങ്ങള്‍
വൈദികപരിശീലനത്തിന് മാനുഷികം, ബൗദ്ധികം, ആത്മീയം, അജപാലനപരം എന്ന നാലു മാനങ്ങളുണ്ട്. മനുഷ്യത്വമുള്ള പുരോഹിതനേ ദൈവകൃപയുടെ നിറവിന്‍റെ അനുഭവത്തിലേക്കു വരാനാകൂ. സത്യസന്ധതയും എളിമയും ധൈര്യവും സഹിഷ്ണുതയും ഉദാരതയും നീതിബോധവും, സത്യത്തോടുള്ള തുറവിയും നന്മതിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള വിവേചനശക്തിയുമെല്ലാം പരിശീലനകാലഘട്ടത്തില്‍തന്നെ ആര്‍ജ്ജിച്ചെടുക്കേണ്ട മാനുഷികഗുണങ്ങളാണ്. സ്ത്രീകളുമായി മാന്യമായി ഇടപഴകാനും നവമാധ്യമങ്ങളെ ശരിയായി ഉപയോഗിക്കാനും ആസക്തികളെ നിയന്ത്രിക്കാനും ആവശ്യമായ മാനസികപക്വതയും ആത്മബലവും പരിശീലനത്തിലൂടെ നേടിയെടുക്കണം. ക്രിസ്തുവുമായുള്ള ആത്മബന്ധമാണ് ആത്മീയജീവിതത്തിന്‍റെ കാതല്‍. വിശുദ്ധകുര്‍ബാനയര്‍പ്പണത്തിലൂടെയും അനുദിനധ്യാനത്തിലൂടെയും ചിട്ടയായ പ്രാര്‍ത്ഥനാജീവിതത്തിലൂടെയും ഈ ആത്മബന്ധത്തെ ദൃഢതരമാക്കാനും ജീവിതബന്ധിയാക്കാനും പുരോഹിതനു കഴിയണം. പൗരോഹിത്യബ്രഹ്മചര്യം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള പുരോഹിതന്‍റെ പരിപൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ അടയാളമാണ്. ഇന്ദ്രീയനിഗ്രഹത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന പുണ്യമെന്നതിലുപരി, എളിമയോടെ സ്വീകരിക്കേണ്ട ദൈവദാനമായി ബ്രഹ്മചര്യമെന്ന പുണ്യത്തെ കാണാനും വിലമതിക്കാനും പുരോഹിതനു കഴിയണം. ചിട്ടയായ തത്ത്വശാസ്ത്ര-ദൈവശാസ്ത്രപഠനം വഴിയായി ഇന്നത്തെ ലോകവുമായി ഫലദായകമായ സംവാദത്തിലേര്‍പ്പെടാനും വിശ്വാസസത്യങ്ങളെ യുക്തിസഹജമായും ആകര്‍ഷകമായും അവതരിപ്പിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കാനും കഴിയണം. നല്ലിടയനായ ക്രിസ്തുവില്‍ വിളങ്ങിയിരുന്ന അജപാലക ഗുണങ്ങളായ കാരുണ്യം, ഉദാരത, ആത്മാര്‍ത്ഥമായ സ്നേഹം, പാവങ്ങളോടുള്ള പ്രത്യേക പരിഗണന, ദൈവരാജ്യത്തെക്കുറിച്ചുള്ള തീക്ഷ്ണത തുടങ്ങിയവ ഓരോ പുരോഹിതനും സ്വാംശീകരിച്ചെടുക്കണം. ദൈവജനത്തിനുവേണ്ടി വിവേകപൂര്‍വ്വമായ തീരുമാനങ്ങളെടുക്കാനും തന്‍റെ അജപാലനത്തിന്‍ കീഴിലുള്ള ദൈവമക്കളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് അവരിലൂടെ ദൈവാത്മാവ് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനും എല്ലാവരേയും സഹകരിപ്പിച്ച് ആത്മീയശുശ്രൂഷ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും പുരോഹിതനു കഴിയണം.

ഉപസംഹാരം
പുരോഹിതനാവുക എന്നത് ഒരാളുടെ വ്യക്തിപരമായ ആഗ്രഹം കൊണ്ടുമാത്രം സാധ്യമാകുന്നതല്ല. ആഗ്രഹമുള്ള വ്യക്തിയുടെ യോഗ്യത തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നല്‍കാനും തിരുപ്പട്ടം നല്‍കാനുമുള്ള അധികാരം സഭയുടേതാണ്. സഭാനിയമങ്ങളുടെ അടിസ്ഥാനത്തില്‍ പരിശുദ്ധാത്മാവ് നല്‍കുന്ന വിവേചനാധികാരം ഉപയോഗിച്ച് മെത്രാന്മാരും സന്യാസസഭാധികാരികളും അവരുടെ അധികാരത്തിന്‍ കീഴ്പ്പെട്ട വ്യക്തികളുടെ യോഗ്യതയെ സസൂക്ഷ്മം വിലയിരുത്തി വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പൗരോഹിത്യ ദൈവവിളി ക്രിസ്തുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കാളിയാകാനുള്ള ദൈവനിയോഗവും ക്രി സ്തുവിനോട് ചേര്‍ന്നുനിന്ന് അവിടുത്തെ നാമത്തില്‍ സഭയെ വചനത്തിലും ദൈവകൃപയിലും പരിപോഷിക്കാനുമുള്ള പാവനധര്‍മ്മവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org