വന്ധ്യതാചികിത്സയുടെ കാണാപ്പുറങ്ങള്‍

വന്ധ്യതാചികിത്സയുടെ കാണാപ്പുറങ്ങള്‍


ഡോ. സുമ ജില്‍സണ്‍.

MD, DCH, DNB, MNAMS.

ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥരായ നിമ്മിയും ജസ്റ്റിനും അറേഞ്ച്ഡ് മാര്യേജ് പ്രകാരം കുടുംബജീവിതത്തിലേക്കു പ്രവേശിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു. നാളുകള്‍ പിന്നിട്ടശേഷമാണ് അവരും വന്ധ്യതയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. സ്വന്തം കുടുംബത്തിലോ അടുത്ത സുഹൃദ്വലയത്തിലോ വന്ധ്യത അനുഭവിച്ചവര്‍ ആരുംതന്നെയുണ്ടായിരുന്നില്ല. അന്വേഷണകുതുകികളായ ബന്ധുക്കളും നാട്ടുകാരും "വിശേഷം ഒന്നുമായില്ലേ?" എന്നു ചോദിച്ചു നീറിപ്പുകഞ്ഞുകൊണ്ടിരുന്ന അവരുടെ ഹൃദയത്തിന്‍റെ വിങ്ങല്‍ ഒന്നുകൂടി ആളിക്കത്തിച്ചപ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴാന്‍ അമാന്തമുണ്ടായില്ല. 'ആര്‍ക്കാണു കുഴപ്പ'മെന്ന അടക്കിപ്പിടിച്ച ചോദ്യശരങ്ങള്‍ നിരന്തരം നേരിടേണ്ടി വന്നപ്പോള്‍ മറ്റുള്ളവരെ അഭിമുഖീകരിക്കുവാനും ഇടപഴകുവാനും അവര്‍ വിമുഖരായി. 'തലക്കന'മെന്ന് 'അഭ്യുദയകാംക്ഷികള്‍' അതിനെ വ്യാഖ്യാനിച്ചപ്പോള്‍ മറുത്തു സംസാരിച്ചു പ്രതിരോധിക്കാനും അവര്‍ മെനക്കെട്ടില്ല. വന്ധ്യത നേരിടുന്നുവെന്ന് അംഗീകരിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതു കാരണം വിദഗ്ദ്ധ പരിശോധനയ്ക്കും കാലതാമസം നേരിട്ടു. ഒടുവില്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ ടൗണിലെ ഗൈനക്കോളജിസ്റ്റിന്‍റെ സഹായം അവര്‍ തേടി. പതിനായിരങ്ങള്‍ ചെലവാക്കി നടത്തിയ പരിശോധനകളിലും സ്കാനിംഗിലും യാതൊരു പ്രശ്നവും ഇരുവര്‍ക്കും ഇല്ലായെന്നു വെളിവാക്കപ്പെട്ടു. ആര്‍ക്കെങ്കിലും ചെറിയ ന്യൂനത വെളിപ്പെട്ടാല്‍ ആ കാര്യം പറഞ്ഞു വീട്ടുകാര്‍ ഭാര്യയെയോ/ ഭര്‍ത്താവിനെയോ കുത്തി മുറിവേല്പിക്കാനും മടി കാണിക്കില്ലല്ലോ. വിശേഷാവസരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുമ്പോള്‍ ഒളിയമ്പ് പ്രസ്തുത വ്യക്തിക്കു നേരെ പ്രയോഗിക്കാനുമുള്ള അവസരം അവര്‍ പാഴാക്കാറില്ല. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചു ജീവിതം കുറേക്കൂടി ക്രമീകരിച്ചിട്ടും ഗര്‍ഭം ധരിക്കാത്തതില്‍ കൂടുതല്‍ ആകുലത പെണ്‍കുട്ടിക്കായിരുന്നു. ഈ വിവാഹബന്ധത്തില്‍നിന്നു ഡൈവോഴ്സ് നേടി പുനര്‍വിവാഹം ചെയ്യാന്‍ ആ ആണ്‍കുട്ടിയുടെ അമ്മ രഹസ്യമായി നിര്‍ബന്ധിച്ചിരുന്നു (ഒറ്റ മകനാണു പോലും). ഫാമിലികോര്‍ട്ടില്‍നിന്നു വിവാഹമോചനവും രജിസ്റ്റര്‍ മാര്യേജുമെല്ലാം നടത്തികൊടുക്കുവാന്‍ മാതാപിതാക്കള്‍ക്കുള്ള നിര്‍ബന്ധബുദ്ധി ചില കുടുംബബന്ധങ്ങളിലെങ്കിലും വിള്ളല്‍ വീഴിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.

എന്താണു വന്ധ്യത?
ഭാര്യാഭര്‍ത്താക്കന്മാര്‍ കൃത്രിമമായി ഗര്‍ഭധാരണത്തെ തടയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സ്വാഭാവിക ലൈംഗികജീവിതം നയിച്ചിട്ടും വിവാഹശേഷം ഒരു വര്‍ഷത്തിനുശേഷവും ഗര്‍ഭം ധരിക്കാത്ത അവസ്ഥ 'വന്ധ്യത' യെന്ന ഗണത്തില്‍പ്പെടുന്നു (primary infertility). ഒരു കുഞ്ഞു ജനിച്ചശേഷം ചിലര്‍ക്കു രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതിരുന്നിട്ടും ലഭിക്കാതെ വരാറുണ്ട്. ഇതാണു 'സെക്കന്‍ഡറി ഇന്‍ഫെര്‍ട്ടിലിറ്റി' (secondary infertility). ഇതു രണ്ടും ഇന്നു കേരളത്തില്‍ വളരെ കൂടുതലാണ്. പ്രാഥമിക വന്ധ്യതാനിരക്കു 10-15 ശതമാനം വരെയെന്നാണു കണക്ക്. കുഞ്ഞുമായി പരിശോധനയ്ക്കെത്തുന്ന ചില ദമ്പതികള്‍, തങ്ങളുടെ ഈ കുട്ടി മാത്രമേ അവരുടെ രണ്ടു കുടുംബങ്ങളിലുംകൂടി ആണായും പെണ്ണായും ഉള്ളൂ എന്ന് അറിയിക്കാറുണ്ട്. അതിനാല്‍ ഈ കുഞ്ഞിനു രോഗം വരുമ്പോഴേ സമ്മര്‍ദ്ദത്തിലാണെന്നു പറയുന്ന ദമ്പതികളെ മിക്ക ആഴ്ചകളിലും കണ്ടുമുട്ടാറുണ്ട്. ഇരുകൂട്ടരുടെയും വിവാഹിതരായ സഹോദരങ്ങള്‍ക്കു മക്കള്‍ ഇല്ലാതെ വരുന്ന അവസ്ഥ എത്ര അസഹനീയമാണെന്നു കൂട്ടുവരുന്ന വല്യപ്പന്‍റെയും വല്യമ്മയുടെയും മുഖത്തുനിന്നു വായിച്ചെടുക്കാം. മക്കളില്ലാത്തവരുടെ മുമ്പില്‍ സ്വന്തം മക്കളുടെ കുസൃതികളും നേട്ടങ്ങളും ശാഠ്യങ്ങളും വര്‍ണിക്കുന്നത് അവരെ കൂടുതല്‍ മുറിവേല്പിക്കുന്നുവെന്ന സത്യം പലരും തിരിച്ചറിയാറില്ല.

മുറിവേല്‍ക്കപ്പെടുന്ന ദമ്പതികള്‍, മുറിവേകുന്ന വിശ്വാസികള്‍
വിവാഹജീവിതം ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടവരോടു 'കുഞ്ഞിനെ ലഭിക്കാന്‍ പ്രായമേറിപ്പോയി' എന്ന് അഭിപ്രായപ്പെടുന്നവര്‍ വൃദ്ധരായ അബ്രാഹം-സാറാ ദമ്പതികള്‍ക്കു മകന്‍ ജനിച്ച ദൈവകൃപ മനഃപൂര്‍വം വിസ്മരിക്കുന്നു. ഭയത്തിന്‍റെയും ആശങ്കയുടെയും നിരാശയുടെയും ടെന്‍ഷന്‍റെയും ആകുലതയുടെയും നിസ്സംഗതയുടെയും വിത്തുകള്‍ അനപത്യതാദുഃഖം അനുഭവിക്കുന്നവരുടെ മനസ്സില്‍ നാം കോരിയിടരുതെന്നു ദീര്‍ഘകാലം വന്ധ്യത അനുഭവിക്കേണ്ടി വന്ന പല ദമ്പതികള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നതു തള്ളിക്കളയരുത്. പലരും അവര്‍ക്കു നേരിട്ട തിക്താനുഭവങ്ങള്‍ കുഞ്ഞു ജനിച്ചാലും പുറത്തു പറയാറില്ല.

എന്തെങ്കിലും ഒറ്റമൂലിയുണ്ടോ?
നിമ്മിയും ജസ്റ്റിനും ഇപ്പോഴത്തെ 'ന്യൂ ജെന്‍ ദമ്പതികള്‍' ചെയ്യുംപോലെ ഗൂഗിളിനെ കൂട്ടുപിടിച്ചു നവവന്ധ്യതാ ചികിത്സാമുറകളെക്കുറിച്ചു ഗഹനമായി 'ഗവേഷണം' നടത്തി. കേരളത്തിലങ്ങോളമിങ്ങോളമുള്ള പേരുകേട്ട വന്ധ്യതാനിവാരണ കേന്ദ്രങ്ങളെക്കുറിച്ചു വായിച്ചറിഞ്ഞു. അവിടെ ചികിത്സ നേടിയവരുമായി ബന്ധപ്പെട്ട് അവര്‍ക്കു നേരിടേണ്ടി വന്ന ചികിത്സാമുറകള്‍, വിജയപരാജയസാദ്ധ്യതകള്‍, സാമ്പത്തികബാദ്ധ്യത ഒക്കെ മനസ്സിലാക്കി, ഒടുവില്‍ മദ്ധ്യകേരളത്തിലെ ഒരു സ്ഥാപനം അവര്‍ 'സെലക്ട്' ചെയ്തു. ഇതറിഞ്ഞ 'അഭ്യുദയകാംക്ഷികള്‍' തങ്ങളുടെ പരിചിതവലയത്തില്‍പ്പെട്ടവര്‍ ആ കേന്ദ്രത്തില്‍ ചികിത്സിച്ചു ഫലപ്രാപ്തി നേടാത്തതും അവരുടെ സഹനവും സാമ്പത്തികനഷ്ടവും പെരുപ്പിച്ചു പറഞ്ഞ് അവരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. അപ്പോഴാണു പലരും അഭിപ്രായപ്പെട്ട 'ധ്യാനപരിപാടികള്‍' ഒന്നു പരീക്ഷിച്ചേക്കാമെന്നു കരുതിയത്. അതിനെക്കുറിച്ചു വിശദമായി നെറ്റില്‍ തെരഞ്ഞു കണ്ടുപിടിച്ചു. വന്ധ്യതയനുഭവിക്കുന്നവര്‍ക്കു മാത്രമായുള്ള 'പ്രത്യേക ധ്യാനം' കണ്ടെത്തി. അതാകുമ്പോള്‍ സമാനദുഃഖിതരാവുമല്ലോ കൂടെയുള്ളത്. ചോദ്യങ്ങളും സംശയദൃഷ്ടിയും മുറിപ്പെടുത്തലുകളും ഉണ്ടാവില്ലെന്ന് ആശ്വസിച്ച് അവര്‍ ധ്യാനകേന്ദ്രത്തിലെത്തി.

പാഴാക്കിക്കളയുന്ന ധ്യാനാവസരങ്ങള്‍
ധ്യാനഗുരുവും പ്രസംഗകരും 'ദൈവസ്നേഹ'ത്തെക്കുറിച്ചു വാചാലമായി പ്രസംഗിക്കുമ്പോഴും കുഞ്ഞെന്ന ദാനം/അനുഗ്രഹം ലഭിക്കാത്ത അവര്‍ക്കു ദൈവത്തെ സ്നേഹസമ്പന്നനായി കാണുവാന്‍ സാധിച്ചില്ല. അപ്പോഴെല്ലാം ദൈവം ഇത്ര സ്നേഹസമ്പന്നനാണെങ്കില്‍ 'ഒരു കുഞ്ഞിനെ തരൂ' എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ അലതല്ലിയത്. ധ്യാനം കഴിഞ്ഞു പുറത്തിറങ്ങിയ മറ്റു വന്ധ്യ ദമ്പതികള്‍ സന്തുഷ്ടരായിരുന്നെങ്കിലും ഇവര്‍ മാത്രം 'ഇഞ്ചി കടിച്ച കുരങ്ങന്‍റെ' മാതിരി വീണ്ടും ഈ ലോകത്തിലേക്കിറങ്ങി.

ഫലം കൊയ്യാനാവാത്ത പ്രാര്‍ത്ഥനാരീതി
ആ ധ്യാനത്തില്‍ പങ്കെടുത്തവരുടെ മാത്രം വാട്സാപ്പ് കൂട്ടായ്മയില്‍ അവരും സ്വാഭാവികമായി ഉള്‍പ്പെടുത്തപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുളളില്‍ മിക്കവരും അവരുടെ 'വിശേഷ'ത്തിന്‍റെ സദ്വാര്‍ത്തകള്‍ പങ്കുവയ്ക്കുവാന്‍ തുടങ്ങി. ആ ധ്യാനത്തില്‍ പങ്കെടുത്ത 25 ശതമാനത്തിലധികം പേരും ഗര്‍ഭിണിയായതറിഞ്ഞ് അവര്‍ ആ കൂട്ടായ്മയോടു 'സലാം' പറഞ്ഞു. തങ്ങളെ മാത്രം 'അനുഗ്രഹിക്കാത്ത' ദൈവത്തോടു നിസ്സംഗഭാവം പുലര്‍ത്തി. അധാര്‍മിക ചികിത്സാരീതികള്‍ക്കു വഴിപ്പെടരുതെന്നു ധ്യാനത്തില്‍ അവര്‍ക്ക് ഉദ്ബോധനം ലഭിച്ചെങ്കിലും അതൊന്നും അവര്‍ 'മൈന്‍ഡ്' ചെയ്തില്ല.

പ്രി-കാനാ ധ്യാനത്തിന്‍റെ പ്രസക്തി
ഇന്നത്തെ യുവദമ്പതികള്‍ക്കു വിവാഹ ഒരുക്ക ധ്യാനങ്ങളില്‍ ഭാവിയില്‍ 'വന്ധ്യത' നേരിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട ധാര്‍മിക ചികിത്സകളെക്കുറിച്ചൊക്കെ പഠനങ്ങള്‍ കൊടുക്കുന്നതാണെങ്കിലും സ്വന്തം ജീവിതത്തില്‍ ഈ 'ഭീകരാവസ്ഥ' നേരിടേണ്ടി വരുമെന്നു സ്വപ്നേപി ചിന്തിക്കാറില്ല. ആ അറിവുകള്‍ ബോദ്ധ്യങ്ങളായി മാറുന്നില്ല. പിന്നീട് 'ആവശ്യം' വരുമ്പോഴാണല്ലോ അത്തരം ക്ലാസ്സുകളുടെ 'ആവശ്യകത' പലര്‍ക്കും ബോദ്ധ്യപ്പെടുക. ഇതൊക്കെ വ്യ ക്തമായി മനസ്സിലാക്കിയവര്‍ തന്നെ അതൊക്കെ നിസ്സാരവത്കരിച്ചു ലോകത്തിന്‍റെ രീതിയില്‍ ചികിത്സ നേടുന്നതിനു തടയിടാന്‍ സഭ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. വന്ധ്യതാനിവാരണ സെന്‍ററില്‍ മാസങ്ങള്‍ നീണ്ട അധാര്‍മിക ചികിത്സയ്ക്കു എത്തുന്നവരില്‍ നല്ലൊരു പങ്കും സത്യക്രിസ്ത്യാനികളായ കത്തോലിക്കരാണെന്ന വസ്തുതയ്ക്കു ഞാന്‍ നേരിട്ടു ദൃക്സാക്ഷിയാണ്. ഈ രംഗത്തു സഭയുടെ സത്വര ശ്രദ്ധ പതിയേണ്ടതുണ്ട്. മേല്പറഞ്ഞ ദമ്പതികളും ശാസ്ത്രീയനേട്ടങ്ങള്‍ക്കു തങ്ങളെ അടിയറവയ്ക്കാന്‍ തീരുമാനിച്ചു.

കത്തോലിക്കാ വിശ്വാസ സംഹിതകള്‍ വന്ധ്യത നേരിടുന്നവര്‍ക്ക് പ്രായോഗികമോ?
ഇവിടെയാണ് പ്രീ-കാനാധ്യാനങ്ങളുടെ ഭാവി ജീവിതത്തിലെ പ്രസക്തിയെക്കുറിച്ചു നാം വിചിന്തനം ചെയ്യേണ്ടത്. വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവതീയുവാക്കള്‍ ധ്യാനത്തില്‍ സംബന്ധിക്കുമ്പോള്‍ ചിലരൊക്കെ അലസരായിരിക്കും, ചിലരൊക്കെ സ്വപ്നലോകത്തിലും. വന്ധ്യതാചികിത്സയെക്കുറിച്ചു സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആ വേളകളില്‍ പലരും ശ്രദ്ധിക്കാറില്ല, ഉള്‍ക്കൊള്ളാറില്ല. തങ്ങള്‍ക്കു പ്രശ്നം വരുമ്പോള്‍ 'പ്രായോഗികമായതും' പെട്ടെന്ന് ഉത്തരം ലഭിക്കുന്നതും ലോകവ്യാപകമായി 'പ്രെമോട്ട്' ചെയ്യപ്പെടുന്നതുമായ ചികിത്സാരീതികള്‍ അവലംബിക്കും. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള ധാര്‍മ്മികചികിത്സകള്‍ ഏതെന്ന് ഇന്നത്തെ യുവജനങ്ങള്‍ക്കു ബോദ്ധ്യമില്ല. അവ പഠിപ്പിക്കേണ്ടതും ബോദ്ധ്യപ്പെടുത്തേണ്ടതും വിവാഹത്തിനു മുമ്പു മാത്രമല്ല, വിവാഹശേഷവും വേണം. ഇന്നത്തെ മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സുകളില്‍ 'അരുതുകള്‍ / വിലക്കുകള്‍' അധികം പാടില്ലായെന്ന അലിഖിത നിര്‍ദ്ദേശമുണ്ട്. ഈ കാര്യത്തില്‍ ശ്രദ്ധേയമായ നിലപാടുകള്‍ യുവദമ്പതികളെ ബോദ്ധ്യപ്പെടുത്തി കൊടുക്കുവാന്‍ നവമാധ്യമങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാവും എന്നതില്‍ സഭ കൂടുതല്‍ വ്യക്തത കൈവരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് (വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉള്ളവരും/5-10 വര്‍ഷങ്ങള്‍/10 വര്‍ഷത്തിനു മുകളില്‍) നൂറോ നൂറ്റമ്പതോ വന്ധ്യദമ്പതികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും ഫലപ്രദമായ ധാര്‍മികചികിത്സാരീതികള്‍ വ്യക്തമാക്കി കൊടുക്കുവാനും ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരും പുരോഹിതരും സിസ്റ്റര്‍മാരും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട അഡ്മിന്‍ ടീം ഉണ്ടായിരിക്കണം. ഗര്‍ഭിണിയാകുന്നവരെ expectant mothers ഗ്രൂപ്പിലേക്കു മാറ്റാനും കുഞ്ഞുണ്ടായി കഴിഞ്ഞു ഹോളി ഫാമിലി ഗ്രൂപ്പിലേക്കു മാറ്റം കൊടുക്കുവാനും അഡ്മിന്‍ ശ്രദ്ധാലുവാകണം. അധാര്‍മികചികിത്സകള്‍ അവലംബിച്ചവരെ പിന്നീടു കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവരെ കത്തോലിക്കാ ധാര്‍മ്മികപ്രബോധനങ്ങളിലേക്കു പ്രാര്‍ത്ഥിച്ച് ആനയിക്കുവാന്‍ നമ്മുടെ സഭാക്രമീകരണങ്ങള്‍ക്കു സാധിക്കണം. അധാര്‍മിക ചികിത്സ തേടി മക്കളെ 'നേടി' യെടുത്തവരെ പ്രസവാനന്തര ഭവിഷ്യത്തുകള്‍ മനസ്സിലാക്കിക്കൊടുത്തു ദൈവികക്ഷമയും കരുണയും നേടുവാന്‍ നാം പ്രാപ്തരാക്കണം. ഈവിധ ശുശ്രൂഷകളുടെ 'ഏയ്ഞ്ചല്‍സ് ആര്‍മി' എന്ന പ്രാര്‍ത്ഥനാ പ്രവര്‍ത്തക കൂട്ടായ്മ സഭയോടൊപ്പം ചേര്‍ന്ന് അരൂപിയില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുന്നത് ഇത്തരം ദമ്പതികള്‍ക്കു പ്രയോജനപ്പെടുത്താനാവണം. ഇത്തരം ജീവദായകശുശ്രൂഷകള്‍ക്കു സഭാനേതൃത്വം പ്രോത്സാഹനം കൊടുക്കുകയും അണികളെ അങ്ങോട്ടേയ്ക്ക് ആനയിക്കുവാന്‍ സാധിക്കുകയും വേണം.

മാനസികസമ്മര്‍ദ്ദത്തി നടിപ്പെടുന്ന ദമ്പതികള്‍
ഓരോ മാസവും താന്‍ ഗര്‍ഭിണിയായില്ല എന്ന തിരിച്ചറിവു പെണ്‍കുട്ടിയെ വീണ്ടും മാനസികസംഘര്‍ഷത്തിലേക്കു തള്ളിവിടുന്നു. അതു ദൈവതൃക്കരങ്ങളില്‍ നിന്നു സ്വീകരിക്കുന്നില്ലായെങ്കില്‍ വലിയൊരു 'മുള്‍ക്കിരീടം' തലയിലേറ്റിയുള്ള അവളുടെ ജീവിതം ദുഷ്കരമാണ്. പിന്തുണ നല്കുന്ന ഭര്‍ത്താവ് കുറെയൊക്കെ ആശ്വാസമാണെങ്കിലും ചിലരെങ്കിലും നിരാശയില്‍ അടിപ്പെട്ടു ഭാര്യയെ ആശ്വസിപ്പിക്കാനാവാതെ രണ്ടുപേരും കൂടി പടുകുഴിയില്‍ കുടുങ്ങിക്കിടക്കുന്നതും സാധാരണ കാഴ്ചയാണിന്ന്. അമ്മായിയമ്മ-അപ്പന്മാരുടെ ഇടപെടലുകള്‍ ഈ പ്രശ്നത്തെ സങ്കീര്‍ണമാക്കുക സാധാരണവും.

മേല്‍ പ്രസ്താവിക്കപ്പെട്ട ദമ്പതികള്‍ ധ്യാനം ഫലപ്രദമായി വിനിയോഗിക്കാതെ സ്വബുദ്ധിയില്‍ ഉദിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉറച്ചു. ഏറ്റവും വിജയസാദ്ധ്യതയേറിയതെന്ന് അവകാശപ്പെടുന്ന വന്ധ്യതാ നിവാരണ കേന്ദ്രത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ഇരുവരെയും പതിനായിരങ്ങള്‍ ചെലവു വരുന്ന പരിശോധനകള്‍ക്കും വീണ്ടും വിധേയരാക്കി. ഒന്നിലും ഒരു ന്യൂനതയും കണ്ടുപിടിക്കപ്പെട്ടില്ല. അപ്പോഴാണ് ഐവിഎഫ് വഴി 'കുഞ്ഞിനെ ജനിപ്പിച്ചെടുക്കാം' എന്ന ആശയം ചികിത്സകന്‍ പങ്കുവച്ചത്. ഐവിഎഫ് എന്താണെന്ന് (in vitro fertilization) ഡോക്ടര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സഹായത്തോടെ പറഞ്ഞുകൊടുത്തു. നിത്യവും 10-15 പേര്‍ക്കെങ്കിലും ഐവിഎഫ് ചികിത്സ അതേ കേന്ദ്രത്തില്‍ നടത്തികൊടുക്കാറുണ്ടെന്നു പറഞ്ഞു. അതിനായി കാത്തിരിക്കുന്ന നീണ്ടനിരയെ കാണിച്ചുകൊടുത്തു. ഈ ചികിത്സാരീതി അവലംബിക്കാന്‍ ഇത്ര താമസിച്ചല്ലോ എന്നായി അവരുടെ കുണ്ഠിതം! തൊട്ടപ്പുറത്തെ ഡോക്ടറുടെ റൂമിന്‍റെ വെളിയില്‍ ഈ ചികിത്സപ്രകാരം ഗര്‍ഭിണിയായവര്‍ (ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിലുള്ളവര്‍) പരിശോധനയ്ക്കായി കാത്തിരിക്കുന്നതും കാണിച്ചുകൊടുത്തു. ഐവിഎഫ് ചെയ്തുതരുന്നത് ഒരു ഡോക്ടറും ഗര്‍ഭിണിയാകുന്നവര്‍ തൊട്ടടുത്ത റൂമിലെ മറ്റൊരു ഡോക്ടറുടെ പരിചരണത്തിലുമാണെന്നവര്‍ മനസ്സിലാക്കി. പല പേപ്പറുകളിലും കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചിടത്ത് അവര്‍ ഒപ്പിട്ടു. ബാങ്ക് ലോണെടുക്കുമ്പോഴും കാര്‍ വാങ്ങുമ്പോഴും അതൊന്നും മുഴുവന്‍ വായിച്ചുനോക്കാന്‍ മെനക്കെടുന്നവര്‍ വിരളമാണെന്ന സാമാന്യ തത്ത്വം ഇവിടെയും അനുവര്‍ത്തിക്കപ്പെട്ടു. അപ്പോഴെല്ലാം അവരുടെ ചിന്ത നിറവയറുമായി അവിടെ കാത്തിരിക്കുന്ന സ്ത്രീകളെപ്പോലെ 'ഭാഗ്യം' ഒരുനാള്‍ തങ്ങളെയും തേടിവരും എന്ന പ്രതീക്ഷയിലായിരുന്നു.

കൃത്രിമ ബീജ സങ്കലനത്തെക്കുറിച്ചു സഭയുടെ തീര്‍പ്പ്!
കൃത്രിമ ബീജസങ്കലനം വഴി സൃഷ്ടിച്ചെടുക്കപ്പെട്ട ഭ്രൂണങ്ങളെ സ്ത്രീയുടെ ശരീരത്തില്‍ നിക്ഷേപിക്കുന്നു. പുരുഷന്‍റെ (ഭര്‍ത്താവിന്‍റെയോ/അന്യന്‍റെയോ) ബീജവും സ്ത്രീയുടെ (ഭാര്യ/പരസ്ത്രീ) അണ്ഡവും ലാബില്‍വച്ച് എംബ്രിയോളജിസ്റ്റ് യോജിപ്പിച്ച് ഏതാനും നാള്‍ അവിടെ കൃത്രിമാന്തരീക്ഷത്തില്‍ വളര്‍ത്തിയശേഷം ഏറ്റവും അനുയോജ്യമായ മൂന്നോ നാലോ ഭ്രൂണങ്ങളെ മാത്രം സ്ത്രീയുടെ (ചിലപ്പോള്‍ വാടക അമ്മയുടെ) ആന്തരിക ജനനേന്ദ്രിയങ്ങളില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇത്. സ്ത്രീകള്‍ക്കു സാധാരണ മാസത്തില്‍ ഒരു അണ്ഡമാണു ഓവുലേഷന്‍ സമയം പുറത്തു വരിക. ചിലര്‍ക്ക് അണ്ഡാശയത്തിലെ തടിപ്പോ മുഴകളോ കാരണം അണ്ഡവിസര്‍ജനം (ovulation) നടത്താന്‍ ബുദ്ധിമുട്ടുവരും. കൂടുതല്‍ അണ്ഡങ്ങളെ പുറത്തെടുക്കാന്‍ അണ്ഡവിസര്‍ജ്ജനം ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍ സ്ത്രീകളില്‍ പ്രയോഗിക്കും. ഇതിനു ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട് (ref. Ovarian Hyperstimulation Syndrome). ചിലപ്പോള്‍ മരണകരമായ അവസ്ഥ തന്നെ സംജാതമായേക്കും. ശക്തമായ കഫക്കെട്ടുള്ള രോഗിക്കു അമോക്സിസിലിന്‍ (amoxycilin) ഗുളിക എഴുതുമ്പോള്‍ ഇതില്‍ സൈഡ് ഇഫക്ട് ഇല്ലേ? അതുകൊണ്ട് ആന്‍റിബയോട്ടിക് വേണ്ടായെന്നു പറയുന്ന ധാരാളം അഭ്യസ്തവിദ്യരുണ്ട്! എന്നാലും അതിലും എത്രയോ പാര്‍ശ്വഫലങ്ങളുള്ള ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിച്ച് Ovulation induction നടത്തുന്നതിന് ഇതേ ദമ്പതികള്‍ വിമുഖത കാട്ടാറില്ല!! ഒരു കുഞ്ഞിനു വേണ്ടിയാണല്ലോ ഈ റിസ്ക്കെടുക്കുന്നത് എന്നു സമാധാനിക്കും!

സ്വയംഭോഗം തെറ്റല്ലാതാകുന്നുവോ?
പുരുഷന്‍റെ ബീജം സ്വയംഭോഗത്തിലൂടെ പുറത്തെടുക്കുന്നു. ഇതു ഗൗരവതരമായ തെറ്റാണ് (യുകാറ്റ് 409 ccc). ബീജപരിശോധനയ്ക്കും ഇതേ മുറയാണ് അവിടെ അവലംബിക്കുന്നത്. ഭാര്യാഭര്‍ത്തൃബന്ധശേഷം ലിംഗത്തില്‍ നിന്നു പുറത്തുവരുന്ന ബീജം ഉപയോഗിച്ചുള്ള പരിശോധനയേ കത്തോലിക്കാസഭ അംഗീകരിക്കുന്നുള്ളൂ എന്ന വസ്തുത സഭാസ്ഥാപനങ്ങള്‍ വരെ ഗൗനിക്കാറില്ല എന്ന സത്യം ദുഃഖത്തോടെ പങ്കുവയ്ക്കുകയാണ്. പ്രശസ്തനായ ദൈവദാസന്‍ തുടങ്ങിയ 'മിഷന്‍' ആശുപത്രി ആദ്യകാലത്ത് ആതുരാലയമായിരുന്നെങ്കിലും ഇന്ന് അതു വളര്‍ന്നു വികസിച്ചു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറി. ആ ഹോസ്പിറ്റലില്‍ ലഭ്യമായ ചികിത്സകളെക്കുറിച്ചുള്ള ബോര്‍ഡില്‍ ഐയുഐ (Intrauterine Insemination)  നടത്തി കൊടുക്കും എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഞാന്‍ നേരിട്ടു കണ്ടതാണ്. സ്വയംഭോഗത്തിലൂടെ പുറത്തെടുത്ത ബീജം ചില 'ശുദ്ധീകരണപ്രക്രിയകള്‍'ക്കുശേഷം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു നടത്തുന്ന ചികിത്സാരീതി ഒരിക്കലും കത്തോലിക്കാ പ്രമാണങ്ങള്‍ക്കു നിരക്കുന്നതല്ല. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ വൃക്ഷണത്തില്‍ നിന്നു ബീജാണുവിനെ കുത്തിയെടുത്തു ലാബില്‍വച്ചുള്ള കൃത്രിമബീജസങ്കലനത്തിന് ഉപയോഗിക്കാറുണ്ട്. ചികിത്സയ്ക്കായി ലാബില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത വിസ്മരിക്കരുത്. ബീജസങ്കലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം കൃത്യമായി ശുചീകരിക്കാത്തതുമൂലം തെറ്റായ ബീജത്തില്‍ നിന്നു പലര്‍ക്കും മക്കളെ ലഭിച്ചതായി വികസിതരാജ്യങ്ങളില്‍ നിന്നുതന്നെ റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ നമ്മുടെ നാട്ടിലെ കാര്യം ഊഹിക്കാമല്ലോ.

ബേബി ഫാക്ടറികള്‍ – അധാര്‍മികതകളുടെ ഈറ്റില്ലം/വളര്‍ത്തില്ലം
സ്ത്രീകള്‍ക്കു Ovulation induction നടത്തി കൂടുതല്‍ അണ്ഡങ്ങള്‍ പുറത്തെടുക്കുന്നു. അവ ബീജവുമായി സംയോജിപ്പിച്ച് ഒന്നില്‍ കൂടുതല്‍ ഭ്രൂണങ്ങളെ ലാബില്‍ 'ചികിത്സകന്‍' ഉണ്ടാക്കിയെടുക്കുന്നു. ഐവിഎഫ് ചികിത്സയില്‍ സാധാരണ മൂന്നോ നാലോ ഭ്രൂണങ്ങളെയാണു നിക്ഷേപിക്കാറ്. എങ്കിലേ ഒന്നോ രണ്ടോ എണ്ണം വളരുകയുള്ളൂ. നാലും വളര്‍ന്നാല്‍ 'ഫീറ്റല്‍ റിഡക്ഷന്‍' (Fetal reduction) എന്ന ഓമനപ്പേരില്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ഭ്രൂണങ്ങളെ ഡോക്ടര്‍ തന്നെ കൊന്നുകൊടുക്കും. കുഞ്ഞുങ്ങളെ 'ഉണ്ടാക്കി' കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചികിത്സകന്‍ തന്നെ കൂടുതല്‍ ഭ്രൂണങ്ങള്‍ വളര്‍ന്നുവന്നാലും വൈകല്യമുള്ള ഉദരശിശുവാണെന്നറിഞ്ഞാലും അതിനെ 'കൊന്ന്' ദമ്പതികളെ 'സഹായിക്കാനും' സദാ ഉത്സുകരാണ്!! സൃഷ്ടിയും സംഹാരവുമുള്ള ഐവിഎഫ് ചികിത്സ കഴിഞ്ഞു രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ലഭിച്ചവര്‍ ബാക്കി ഭ്രൂണങ്ങള്‍ വേണ്ടായെന്നുവയ്ക്കും. ശീതീകരണിയില്‍ സൂക്ഷിച്ചുവയ്ക്കുന്നതിലെ ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുന്നതിനൊപ്പം ഭ്രൂണപരീക്ഷണങ്ങള്‍ക്കു സ്വന്തം ജീവനില്‍ നിന്നു പിറന്ന ഭ്രൂണങ്ങളെ വിട്ടുകൊടുത്തു തങ്ങളെ ഇത്രയും 'സഹായിച്ച' ശാസ്ത്രലോകത്തിനു 'പ്രതിനന്ദി' കാട്ടുന്ന 'വിശാലമനസ്കരും' ഇന്നു ധാരാളമുണ്ട്. വേണ്ടാത്ത ഭ്രൂണങ്ങള്‍ നശിപ്പിക്കുന്നതു ഭ്രൂണഹത്യ (അബോര്‍ഷന്‍) തന്നെ. ചിലപ്പോള്‍ ദാനം ചെയ്യപ്പെട്ടേക്കാം. അന്യനു ദമ്പതികള്‍ അറിയാതെ 'ഉപഹാരമായി' ഭ്രൂണങ്ങള്‍ കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞ് 'അനാഥ' നായി മറ്റൊരു കുടുംബത്തില്‍ വളരേണ്ടി വരുന്ന ദുരവസ്ഥ… ഭ്രൂണങ്ങളെ വില്ക്കുന്ന ദുരവസ്ഥ! ഭ്രൂണങ്ങളെ ഫ്രീസ് ചെയ്തു പില്‍ക്കാലത്ത് ഉപയോഗിക്കുന്ന (ഇറച്ചിയും മീനും ഫ്രീസ് ചെയ്യുന്നതുപോലെ മൃതശരീരവും ഭ്രൂണവും ഫ്രീസ് ചെയ്യുന്നതിലേക്കു ലോകം പുരോഗമിച്ചു) രീതിയും സാധാരണമായിരിക്കുന്നു!! കാലം പോയ പോക്കേ!

സെലിബ്രിറ്റികളുടെ മാതൃക അനുകരണീയമോ?
പലപ്പോഴും പ്രശസ്തര്‍ക്കു വന്ധ്യതാചികിത്സയ്ക്കുശേഷം മക്കള്‍ ജനിക്കുമ്പോള്‍ അച്ചടിമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതു സഹര്‍ഷം ഏറ്റെടുക്കുന്നു. അവര്‍ തരണം ചെയ്ത കടമ്പകളും ഏറ്റെടുത്ത സഹനങ്ങളും കടന്നുപോയ 'ആതുരാലയങ്ങളും' (ബേബി ഫാക്ടറികള്‍) മറ്റും പങ്കുവയ്ക്കപ്പെടുമ്പോള്‍ വന്ധ്യരായ മറ്റു ദമ്പതികള്‍ ഇപ്രകാരമുള്ള അധാര്‍മിക ചികിത്സാകേന്ദ്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. പ്രാര്‍ത്ഥിച്ചു മാത്രം നേടിയെടുത്ത മക്കളെക്കുറിച്ചുള്ള ജീവിതസാക്ഷ്യത്തേക്കാള്‍ സമൂഹം വിലമതിക്കുന്നതു സെലിബ്രിറ്റികളുടെ സ്വകാര്യജീവിതാനുഭവങ്ങളും തീരുമാനങ്ങളുമാണ്!! കൃത്രിമമായി മനുഷ്യന്‍ ഉണ്ടാക്കിയെടുത്ത ജീവനെ 'ദൈവത്തിന്‍റെ ദാനമെന്ന്' ദമ്പതികള്‍ തീര്‍ച്ചപ്പെടുത്തിയാലും മറ്റുള്ളവര്‍ അംഗീകരിച്ചാലും ആ അര്‍ത്ഥം വരുന്ന പേരിട്ടാലും യാഥാര്‍ത്ഥ്യത്തില്‍നിന്നു വ്യതിചലിക്കുകയല്ലേ ചെയ്യുന്നത്? അര്‍ദ്ധസത്യം വളച്ചൊടിച്ചു പറയുന്നു. ശാലോം, ഗുഡ്നെസ് ടി.വി.കളില്‍ ദൈവഹിതപ്രകാരം മക്കള്‍ ജനിച്ച, നീണ്ടകാലം വന്ധ്യതയനുഭവിച്ച അനേകരെ പരിചയപ്പെടുത്തിയതു അന്നു കാണാത്തവര്‍ക്കായി യൂട്യൂബിലൂടെയും മറ്റും വീണ്ടും നാം പങ്കുവയ്ക്കേണ്ടത് ഇന്നിന്‍റെ അത്യാവശ്യമാണ്. ഐവിഎഫി നെ സാമാന്യവത്കരിക്കുകയും മക്കളില്ലാത്തവര്‍ക്കായി ശിപാര്‍ശ ചെയ്യുകയും ചെയ്യുമ്പോള്‍ തിന്മയ്ക്കു വളംവയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നു.

ദൈവദാനം പിടിച്ചുവാങ്ങാനാവില്ല
'ദാനം' എന്നതു ദാതാവ് സ്വമനസ്സാ കൊടുക്കുന്നതാണ്. അതു ദാതാവിന്‍റെ ഇംഗിതം. ധാര്‍മികമുറകള്‍ സ്വീകരിച്ചിട്ടും ഗര്‍ഭിണിയാകുന്നില്ലായെങ്കില്‍ ദത്തെടുത്തോ ആ സഹനം രക്ഷാകരമാക്കിയോ മുന്നേറാനുള്ള കൈത്താങ്ങ് സഭ ദമ്പതികള്‍ക്കു പ്രദാനം ചെയ്യണം. സ്വന്തം അപ്പനമ്മമാരുടെ ദാമ്പത്യബന്ധത്തില്‍ ഉരുവാകാന്‍ അവകാശമുള്ള കുഞ്ഞ്, 'അവിഹിത മാര്‍ഗത്തി'ലൂടെ (കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായി) ലാബില്‍ വിരിയിച്ചെടുക്കുമ്പോള്‍ സാമ്പിള്‍ മാറിയും മറ്റും മാനുഷികമായ തെറ്റുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്‍റെയൊരു സുഹൃത്തായ ഗൈനക്കോളജിസ്റ്റ് ഐവിഎഫ് പ്രകാരം ചികിത്സയ്ക്കായി കാത്തിരുന്ന വേളയില്‍ (Fertilization) അണ്ഡബീജസങ്കലനം ലാബില്‍ നടത്തിക്കഴിഞ്ഞു നാലഞ്ചു ദിവസം വീട്ടില്‍ കാത്തിരുന്നപ്പോള്‍ സാമ്പിള്‍ മാറിപ്പോകുമോ ആരെങ്കിലും കുബുദ്ധി കാണിക്കുമോ എന്നൊക്കെ ആശങ്കപ്പെട്ടിരുന്നുവെന്നു പറഞ്ഞത് അതിശയോക്തിയല്ല!!

അധാര്‍മിക ചികിത്സയ്ക്കു വഴിപ്പെട്ടവരോടു സഭ എടുക്കേണ്ട നിലപാട്
ഏഞ്ചല്‍സ് ആര്‍മിയിലേക്കു പ്രാര്‍ത്ഥനാസഹായത്തിനായി ഇപ്രകാരം അധാര്‍മികചികിത്സയില്‍ ഉരുവാക്കപ്പെട്ട അനേകം ഗര്‍ഭസ്ഥശിശുക്കളെ പേറുന്ന ഗര്‍ഭിണികള്‍ ഫോണ്‍ ചെയ്യാറുണ്ട്. ഇവരുടെ പേര്, ഫോണ്‍ നമ്പര്‍ സഹിതം പ്രത്യേകം എഴുതിവച്ചു നിത്യവും ദൈവകരുണയ്ക്കായി അവര്‍ പ്രാര്‍ത്ഥിക്കും. ഗര്‍ഭാവസ്ഥയില്‍ അവര്‍ക്കു വേണ്ട പ്രാര്‍ത്ഥനാസഹായം കൊടുക്കും. കുഞ്ഞിനെ പ്രസവിച്ചു കഴിയുമ്പോള്‍ അവരെ തിരികെ ഫോണ്‍ ചെയ്ത് ഈ ചെയ്തതു അധാര്‍മികമുറയായിരുന്നുവെന്നും ഈ പ്രക്രിയയില്‍ അവര്‍ അറിയാതെ അബോര്‍ഷന്‍ നടന്നിട്ടുണ്ടാവാമെന്നും ദൈവഹിതത്തിനു വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വചനത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനയോടെ അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കും. ചിലരൊക്കെ അത് അംഗീകരിക്കും. ഈ കാര്യം തുറന്നു പറഞ്ഞു പശ്ചാത്തപിച്ചു കുമ്പസാരിക്കാനും ഇനി മറ്റാരെയും ഈ ഉദ്യമത്തിനു വിടരുത് എന്നു പറഞ്ഞുകൊടുക്കുവാനും പ്രാര്‍ത്ഥനാചൈതന്യമുള്ള ആ കൂട്ടായ്മയ്ക്കു സാധിക്കുന്നു.

വന്ധ്യതാചികിത്സ വിജയിച്ചു കുഞ്ഞുണ്ടായാല്‍ അവര്‍ പിന്നെ പ്രസ്തുത കേന്ദ്രത്തിന്‍റെ (പ്രതിഫലമില്ലാത്ത) ബ്രാന്‍ഡ് അംബാസിഡര്‍' ആയി മാറുമല്ലോ! സ്ഥാപനം മാത്രമല്ല, ആ വ്യക്തിതന്നെ തന്നെപ്പോലെ അനപത്യതാദുഃഖം അനുഭവിക്കുന്നവരെ അങ്ങോട്ടേയ്ക്ക് ആനയിക്കുവാന്‍ ബദ്ധശ്രദ്ധരായിരിക്കും-മാനുഷികമായി ഉപകാരമാണു ചെയ്യുന്നതെന്നു തോന്നിയാലും! ഇതിന്‍റെ പിന്നിലെ ചതിക്കുഴികള്‍ ഒരിക്കല്‍ അതില്‍ പെട്ടുപോയവര്‍ വെളിപ്പെടുത്താറില്ല. ഫലമോ? ഒറ്റ ഐവിഎഫ് ചികിത്സാവിജയം അനേകം അധാര്‍മിക ശിശു നിര്‍മാണത്തിലേക്കും ഗോപ്യമായ അംബോര്‍ഷനിലേക്കും അനേകരെ നയിക്കുന്നു. പ്രമുഖര്‍ക്ക് ഇങ്ങനെ മക്കള്‍ ലഭിച്ചാലോ? അവര്‍ കൊടുക്കുന്ന ജീവിതസാക്ഷ്യം അനേകരെ വഴിതെറ്റിക്കുന്നതിനു പുറമേ ഇതു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റു വ്യക്തികളും ഇതേ തിന്മയാണു പ്രചരിപ്പിക്കുന്നതെന്ന് അറിയാതെ പോകുന്നു. ഇത്തരം 'അധാര്‍മിക അകത്തോലിക്കാ' പ്രക്രിയകള്‍ വഴി മക്കളെ 'നേടി'യെടുത്തവരെ റോള്‍മോഡല്‍ ആയി സഭ കാണാതിരിക്കട്ടെ. സഭയുടെ പഠനങ്ങള്‍ക്കു വെള്ളം ചേര്‍ക്കാതിരിക്കാനുള്ള ദൈവകൃപ വിശ്വാസികള്‍ക്കും നേതൃത്വത്തിനും ലഭിക്കട്ടെ. ഐവിഎഫിനെ ലഘു തിന്മയായി/പാപമായി കാണുന്ന പ്രവണതയ്ക്കും മാറ്റം വരട്ടെ. കുഞ്ഞു ജനിക്കുവാന്‍ ധാര്‍മികമാര്‍ഗങ്ങള്‍ പരാജയപ്പെട്ടിടത്ത് ഐവിഎഫ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടും അതിനു വഴങ്ങാതെ ദൈവഹിതം അനുസരിച്ചു ജീവിക്കുന്ന ദമ്പതികളെ വിശ്വാസസമൂഹത്തിന്, പ്രത്യേകിച്ചു വന്ധ്യതയനുഭവിക്കുന്നവര്‍ക്കു പരിചയപ്പെടുത്തുവാന്‍ സഭാനേതൃത്വം തുനിയണം. ദത്തെടുത്തവരെയും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെയും മറ്റും (വന്ധ്യത അനുഗ്രഹമാക്കുന്നവര്‍) സഭാവേദികളില്‍ ആദരിക്കട്ടെ; വലിയ കുടുംബങ്ങളെ ആദരിക്കുംപോലെ. അധാര്‍മിക വന്ധ്യതാ ചികിത്സാമുറകള്‍ക്കു വഴിപ്പെട്ടു ലോകപ്രകാരം ജീവിക്കാതെ സഹനങ്ങളെ തേന്‍ തുള്ളികളാക്കി മാറ്റിയവരെ സമൂഹത്തിനു മാതൃകകളാക്കാന്‍ വിശ്വാസസമൂഹത്തിനു സാധിക്കട്ടെ. ഐവിഎഫ് എന്താണെന്നു നിശ്ചയമില്ലാത്തവരോടും (ചില കൗണ്‍സിലേഴ്സും മറ്റും) വന്ധ്യതാ ചികിത്സയ്ക്കായി ഈ മാര്‍ഗം ഉപയോഗിച്ചോട്ടെയെന്ന് ആരായുന്ന വന്ധ്യദമ്പതികളുണ്ട്. 'ചികിത്സയുടെ ഭാഗമല്ലേ, ആകാം' എന്നു പറയുന്നവര്‍ക്കു തിരിച്ചറിവും ബോദ്ധ്യവും വ്യക്തതയും ലഭിക്കാനായി നമുക്കു പ്രാര്‍ത്ഥിക്കാം. സഭാപഠനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണവും പ്രായോഗിക പരിജ്ഞാനവുമുള്ളവരുടെ ക്ലാസ്സുകളും ഇന്നിന്‍റെ അനിവാര്യതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org