വന്ധ്യത…

വന്ധ്യത…

ഡോ. സുമ ജില്‍സണ്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു യാതൊരു ശാരീരിക-മാനസികാരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും വന്ധ്യത അനുഭവിക്കുന്ന അനേകര്‍ നമ്മുടെ ചുറ്റുമുണ്ട് (Primary infertility). ഒരു കുഞ്ഞായതിനുശേഷം കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതിരുന്നിട്ടും രണ്ടാമതൊരു കുഞ്ഞിനായി കാത്തിരുന്നിട്ടും ഫലമില്ലാത്ത അവസ്ഥയും പരക്കെയുണ്ട് (secondary infertility). ഇക്കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ ഈ ഭൂമിയില്‍ നടക്കുന്ന ഓരോ പിറവിക്കു പിന്നിലും മനുഷ്യകരങ്ങള്‍ മാത്രമല്ല, ദൈവത്തിന്‍റ ഇടപെടലുമുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അങ്ങനെയെങ്കില്‍ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അനുഭവവേദ്യമാകാന്‍ നാം ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. മരണവും ജനനവും എപ്പോഴാണു നടക്കുന്നതെന്നതു നമ്മുടെ നിയന്ത്രണത്തിലല്ല.

മനുഷ്യന്‍ ആഗ്രഹിക്കുമ്പോഴായിരിക്കില്ല, 'വിശിഷ്ട ജന്മം' ജനിക്കുക. കാത്തിരിപ്പോ പ്രാര്‍ത്ഥനയോ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള തുറവിയോ ഇല്ലാതെ ശാസ്ത്രത്തിന്‍റെ നേട്ടങ്ങളെ താലോലിക്കുന്നവരാണു വന്ധ്യത അനുഭവിക്കുന്ന ഒട്ടുമിക്കവരും. അവര്‍ക്കു കാത്തിരിക്കാന്‍ സമയമില്ല. ആഗ്രഹിക്കുന്ന സമയത്ത് ഏതു മാര്‍ഗമുപയോഗിച്ചും കുഞ്ഞുങ്ങളെ കിട്ടണം! കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നതു തെറ്റാണെന്നു കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. ഒരു കുഞ്ഞിനായി കാംക്ഷിച്ചിരിക്കുന്നവര്‍ക്ക് അതു നിഷേധിക്കുകയല്ല, സഭ ചെയ്യുന്നത്. പിന്നെയോ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുവാന്‍ ദമ്പതികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കണമെന്നും ദൈവം അവരുടെ ദാമ്പത്യബന്ധത്തില്‍ ഒരു കുഞ്ഞിനെ തരാന്‍ തിരുമനസ്സാകുന്നില്ലെങ്കില്‍ തക്കസമയത്തു (ദൈവം ആഗ്രഹിക്കുന്ന സമയത്തിനായി ചിലപ്പോള്‍ നിരാശരാകാതെ പ്രാര്‍ത്ഥനയോടെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. ആ കുഞ്ഞിനെ സ്വീകരിക്കണമെന്നും മറിച്ചു വന്ധ്യതയാണു ദൈവം അനുവദിക്കുന്നതെങ്കില്‍ അതില്‍ ദൈവികപദ്ധതി തിരിച്ചറിഞ്ഞു ദൈവത്തെ ചോദ്യം ചെയ്യാതെ പൂര്‍ണമായും ദൈവികഹിതത്തിനു വഴങ്ങണമെന്നും സഭ അജഗണത്തെ പഠിപ്പിക്കുന്നു (Michal (David's wife) she remains barren for her entire life).

വന്ധ്യത്വം ഉള്ളവരിലുടെയും ദൈവം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും പ്രവര്‍ത്തിക്കുകയും ചെയ്യും (Dinah hirion and Debosah… അവരുടെ സന്താനങ്ങളെക്കുറിച്ചു വചനത്തില്‍ പരാമര്‍ശമില്ല). മറ്റൊരു വിശിഷ്ടമായ രീതിയിലാവും ദൈവം അവരെ ഭൂമിയില്‍ ഉപയോഗിക്കുക. കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതികള്‍ ഈ ഭൂമിയില്‍ ജീവിച്ചു കടന്നുപോയിട്ടുണ്ട്. അവര്‍ മനുഷ്യനന്മയ്ക്കായി ചെയ്തതിന്‍റെ ഗുണഭോക്താക്കളാണ് നമ്മില്‍ പലരും. തലമുറകളുടെ അനുഗ്രഹം ദൈവത്തില്‍ നിന്നാണു വരുന്നത്. 'മക്കളെ സൃഷ്ടിക്കല്‍' ശാസ്ത്രം നല്കുന്ന അനുഗ്രഹമായി മാറിയാല്‍ അതു യഥാര്‍ത്ഥത്തിലുള്ള അനുഗ്രഹമോ ശാശ്വതമായ അനുഗ്രഹമോ ആയി മാറുന്നില്ലായെന്നാണു കത്തോലിക്കാസഭ പഠിപ്പിക്കുന്നത്.

ഇന്നു സഭാമക്കളില്‍ പലരും വന്ധ്യത അനുഭവിക്കുന്നവരെപ്പറ്റി ഉത്കണ്ഠാകുലരാണ്. അവരുടെ ചോദ്യങ്ങള്‍ കുഞ്ഞിനെ കത്തോലിക്കാസഭ നിഷേധിക്കുമോ? ദമ്പതികള്‍ ആഗ്രഹിക്കുന്നതല്ലേ? അവര്‍ അതിനുള്ള ചികിത്സയ്ക്കു പോകുന്നതു തെറ്റാണോ? (IVF/IVI etc.) ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ധാര്‍മികമായ ചികിത്സയ്ക്കു പോകുന്നതും സഭ പ്രോത്സാഹിപ്പിക്കുന്നു. ലാബിലെ ഉത് പന്നം ആയിട്ടോ അധാര്‍മികപ്രവര്‍ത്തനങ്ങളിലൂടെ ഉരുവാകുന്ന ശിശുവായിട്ടോ മക്കളെ സ്വീകരിക്കരുതെന്നും ദൈവകടാക്ഷം ദാമ്പത്യജീവിതത്തില്‍ നടന്നു കുഞ്ഞിനെ ലഭിക്കണം, ക്ഷമയോടെ സ്നേഹത്തോടെ സന്തോഷത്തോടെ കാത്തിരിക്കണം എന്നുമാണു സഭ പഠിപ്പിക്കുന്നത്.

ഓരോ ജനനത്തിലും ദൈവകരങ്ങളുണ്ടെന്നു സമ്മതിക്കുന്നവര്‍ തന്നെ മൂന്നാമത്തെയോ നാലാമത്തെയോ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്ന് അറിയുമ്പോള്‍ / അപ്രതീക്ഷിതമായ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഗര്‍ഭച്ഛിദ്രം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ പ്രവൃത്തിയെ ഉന്മൂലനം ചെയ്യുകയാണ് -അതു ദൈവനിഷേധം തന്നെ. ഉദരശിശുക്കളെ ഉപകരണങ്ങള്‍ ഉപയോഗിച്ചു പിച്ചിച്ചീന്തുന്നതിന്‍റെ ഭീകരദൃശ്യങ്ങള്‍ കണ്ടതിന്‍റെ ഭീതികൊണ്ട് ആവരുത് ഗര്‍ഭച്ഛിദ്രം ചെയ്യാതിരിക്കേണ്ടത്. ദൈവത്തിന്‍റെ കരസൃഷ്ടിയാല്‍ മെനഞ്ഞെടുക്കപ്പെട്ടതാണ് ഓരോ ജീവനുമെന്ന ബോദ്ധ്യമുള്ള കത്തോലിക്കനു ഗര്‍ഭച്ഛിദം ചെയ്യാനാവില്ല. അമ്മയുടെ ജീവനു ഭീഷണിയുണ്ടെന്നോ അംഗവൈകല്യമുണ്ടെന്നോ അറിയുമ്പോഴും എത്ര അപ്രതീക്ഷിതമാണെങ്കിലും എന്തു പ്രതിസന്ധികളുടെ മദ്ധ്യേയാണെങ്കിലും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്നു തിരിച്ചറിയുന്ന യഥാര്‍ത്ഥ വിശ്വാസിക്ക് എങ്ങനെ ഉദരശിശുവിനെ ഉന്മൂലനം ചെയ്യാനാകും? ഈ തിരിച്ചറിവു ലഭിച്ച അനേകര്‍ ഇന്നു നമുക്കു ചുറ്റുമുണ്ട്; സെന്‍റ് ജിയന്ന, സപ്ന മുതലായവര്‍. ജീവനുവേണ്ടി സാക്ഷ്യം വഹിക്കുവാന്‍ ശിശുരോഗവിദഗ്ദ്ധയായിരുന്ന സെ. ജിയന്നാ തയ്യാറായതു ദൈവാത്മാവ് അവളെ നയിച്ചതുകൊണ്ടാണ്. ഗര്‍ഭച്ഛിദ്രം നടത്താനായി മാനുഷികമായ നൂറുനൂറു കാരണങ്ങള്‍/ന്യായങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ജീവനുവേണ്ടി നിലകൊണ്ടത്, ഗര്‍ഭച്ഛിദ്രം നടത്താതിരുന്നത് ഉദരശിശു ദൈവകരവേലയാണന്ന ബോദ്ധ്യം വചനത്തില്‍ നിന്നു ലഭിച്ചതിനാലാണ്. ദൈവം അനുവദിച്ചതിനെ ചോദ്യം ചെയ്യാന്‍ അവരുടെ ബുദ്ധികൊണ്ടു മെനക്കെടാഞ്ഞത് അവര്‍ക്കു പ്രതികരണശേഷി ചോര്‍ന്നുപോയതുകൊണ്ടല്ല. ദൈവാത്മാവിന്‍റെ ഇംഗിതത്തോടു ചേര്‍ന്നു പ്രതികരിച്ചതുകൊണ്ടാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അമ്മമാര്‍ക്ക് ഉദരശിശുവിനെ ഹനിക്കാനാവില്ല. അപ്രതീക്ഷിത സങ്കീര്‍ണമായ ഗര്‍ഭാവസ്ഥ സസന്തോഷം സ്വീകരിക്കുവാന്‍ അവര്‍ക്കേ സാധിക്കൂ. ആത്മാവിന്‍റെ ജ്വലനത്തിലൂടെ ഹൃദയം തുറക്കപ്പെട്ടാല്‍ ലോകത്തിന്‍റെ ചോദ്യങ്ങള്‍ക്കും മാനുഷികമായ കണക്കുകൂട്ടലുകള്‍ക്കും അത്തരം അമ്മമാരെ തകര്‍ക്കാനാവില്ല.

പത്താമത്തെ കുഞ്ഞോ, എട്ടാമത്തെ സിസേറിയനോ, ഗര്‍ഭാവസ്ഥയില്‍ മാരകമായ രോഗമുണ്ടെന്നു നിര്‍ണയിക്കപ്പെട്ടിട്ടും ഗര്‍ഭച്ഛിദ്രം നടത്താതെ സഹനങ്ങള്‍ സ്വീകരിക്കുന്നോ എന്നോ ചോദ്യങ്ങളും ശങ്കകളും ജഡികമനുഷ്യനും ലൗകികമനുഷ്യനും ഉന്നയിക്കുന്നതാണ്. നാമിപ്പോഴും ആത്മീയമനുഷ്യന്‍റെ തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല! എത്ര കൂദാശകള്‍ സ്വീകരിച്ചിട്ടും എത്ര ധ്യാനത്തില്‍ പങ്കെടുത്തിട്ടും എത്ര വചനപ്രഘോഷണങ്ങള്‍ നേരിട്ടും യൂട്യൂബിലൂടെയും ശ്രവിച്ചിട്ടും ക്രിസ്തീയവിശ്വാസികള്‍ ജഡികലൗകിക മനുഷ്യരായി നിലകൊള്ളുന്നതു തികച്ചും വേദനാജനകമാണ്. വൈകല്യമുണ്ടെന്നു കല്പിക്കപ്പെട്ട ശിശുവിന്‍റെ സ്വീകരണമോ, വന്ധ്യത അനുഗ്രഹമായി കരുതണമോ… എന്നൊക്കെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ആത്മീയമനുഷ്യരുടെ തലത്തിലേക്കു വിശ്വാസികള്‍ ഉയര്‍ന്നിട്ടില്ലായെന്നതിന്‍റെ ഉത്തമദൃഷ്ടാന്തമാണ്.

സത്യദീപത്തില്‍ എഴുതപ്പെട്ടതു കത്തോലിക്കാ വിശ്വാസികളെ ഉദ്ബോധിപ്പിക്കാനാണ്. യേശുവില്‍ വിശ്വസിക്കുന്നുവെന്നും നിത്യതയില്‍ പ്രത്യാശിക്കുന്നെന്നും ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലുണ്ടെന്നും വിശ്വസിക്കുന്ന സഭാമക്കള്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ പിന്നെ ആരു സ്വീകരിക്കും? ലോകക്രമപ്രകാരമുള്ളവര്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ നമുക്കതു മനസ്സിലാക്കാം. അവര്‍ക്കു പരിശുദ്ധാത്മാവിന്‍റെ ജ്ഞാനമോ നിറവോ ഉള്‍ക്കാഴ്ചയോ ഇല്ലാത്തതിനാലാണ്. കൂദാശകള്‍ വഴിയായും വചനശ്രവണം വഴിയായും ആത്മീയ അഭിഷേകം ലഭിച്ചവര്‍ക്കു ദൈവികപ്രവൃത്തികളെ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇത്തരം ഭക്തകൃത്യങ്ങള്‍കൊണ്ട് എന്ത് ഉപകാരം?

ആവശ്യത്തിനു പണം, യാത്ര ചെയ്യാന്‍ കാര്‍, താമസിക്കാന്‍ വീട് ഇവയൊക്കെ ആഗ്രഹിക്കുന്നതു തെറ്റല്ല. കാര്‍ വാങ്ങേണ്ടതു രണ്ടു പേരെ കൊന്നിട്ടല്ല, വീടു വാങ്ങേണ്ടതിനു തട്ടിപ്പു നടത്തിയല്ല പണമുണ്ടാക്കേണ്ടത്; അദ്ധ്വാനിച്ചാണ്. ഒരു കുഞ്ഞിനെ നേടാന്‍ നാലു കുഞ്ഞുങ്ങളെ കൊല്ലുന്നതു തെറ്റാണ്. സഭ നിഷിദ്ധമെന്നു പറയുന്നതും ഇത്തരം അധാര്‍മികമുറകളെയാണ്. ദാമ്പത്യബന്ധത്തില്‍ മൂന്നാമതൊരാളുടെ കൈകടത്തല്‍ തെറ്റാണെന്നു സഭ പഠിപ്പിക്കുന്നു. ഉദാഹണം ഐവിഎഫ്. തികച്ചും സ്വകാര്യമായ ദൈവിക ഇടപെടല്‍ അനുഗ്രഹമായി സഭ കാണുന്നു. വാഗ്ദാന സന്താനത്തിനായി നിര്‍ജ്ജീവശരീരത്തോടെ അബ്രഹാം കാത്തിരുന്നതായി വചനത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സഭയും ഇതേ പറയുന്നുള്ളൂ – വിശ്വാസത്തോടെ, ക്ഷമയോടെ, പിതാവായ അബ്രഹാമിനെപ്പോലെ പ്രാര്‍ത്ഥിച്ചു കാത്തിരിക്കുക – സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും.

വന്ധ്യത അനുഭവിക്കുന്നവര്‍ പ്രാര്‍ത്ഥിച്ചു നേടേണ്ട പുണ്യമാണു 'കാത്തിരിപ്പിന്‍റെ കൃപ'. എല്ലാറ്റിനും ഒരു സമയമുണ്ടെന്നു സഭാപ്രസംഗകന്‍ പഠിപ്പിക്കുന്നു. കുഞ്ഞു ജനിക്കാന്‍ ഒരു സമയം / താലോലിക്കാന്‍/ മടിയിലിരുത്താനൊക്കെ സമയമുണ്ട്. എന്നാല്‍ അതൊന്നും ആവശ്യമില്ല, ലക്ഷങ്ങളുമായി കടന്നുചെന്നേക്കാന്‍ മിക്ക ഐവിഎഫ് സെന്‍ററുകളും പരസ്യങ്ങളിലൂടെ അനപത്യതാദുഃഖമനുഭവിക്കുന്നവരെ മാടി വിളിക്കുന്നു – ഒന്നിനെയല്ല മൂന്നോ നാലോ എണ്ണത്തിനെ വേണമെങ്കില്‍ 'ഉണ്ടാക്കി'ത്തരാമെന്ന്. ഇന്നു സ്വവര്‍ഗവിവാഹം നടത്തിയ സ്വവര്‍ഗാനുരാഗികള്‍ തന്നെ ഐവിഎഫ് വഴി കുഞ്ഞിനെ സ്വീകരിക്കുവാന്‍ നിയമനടപടിക്കായി കാത്തിരിക്കുന്നു! ആര്‍ക്കു വേണമെങ്കിലും കുഞ്ഞിനെ ഉണ്ടാക്കി, സ്വീകരിച്ചു കൊണ്ടുപോകാമെന്ന അവസ്ഥ എത്ര ഭീകരമാണ്/ അപ്പനും അമ്മയും വേണ്ട, ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ട – ആര്‍ക്കും എന്തും ആകാം, ആര്‍ക്കും കുഞ്ഞിനെ വാങ്ങാം, കുടുംബം വേണ്ട എന്ന സ്ഥിതിവിശേഷം നാളത്തെ ലോകത്തിന്‍റെ അവസ്ഥ ഭയാനകമാക്കുന്നു. ഇത്രയും കാലം ദത്ത് കൊടുക്കപ്പെടുന്നതു കുടുംബങ്ങള്‍ക്കായിരുന്നു. ഇനിയത് ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്കും സ്വവര്‍ഗവിവാഹം നടത്തിയവര്‍ക്കും ആകാവുന്ന സ്ഥിതിവിശേഷം ഉളവാക്കുന്ന സങ്കീര്‍ണതകള്‍ ചിന്തിക്കാനാവുമോ? ഫോസ്റ്റര്‍ കെയറിനായി അനാഥശാലകളിലെ കുഞ്ഞുങ്ങളെ അവധിക്കാലങ്ങളില്‍ വിട്ടുകൊടുത്തിരുന്നതു കുടുംബങ്ങള്‍ക്കായിരുന്നു. അപ്പനും അമ്മയും മക്കളും ചേര്‍ന്ന കെട്ടുറപ്പുള്ള കുടുംബജീവിതം പരിചയിക്കുവാന്‍ അനാഥശിശുവിനും സാദ്ധ്യതയുണ്ടായിരുന്നു. ഇനി ഐവിഎഫ് വഴി ജനിപ്പിക്കപ്പെടുന്ന മക്കളെ കുടുംബത്തിന്‍റെ കെട്ടുറപ്പില്ലാത്ത വ്യവസ്ഥകളില്‍/ ജീവിതങ്ങളില്‍ വിട്ടുകൊടുത്താല്‍ ആ കുഞ്ഞിന്‍റെ ജീവിതം നരകതുല്യമാകും. കുഞ്ഞു വഴിയാധാരമാകാനും സാദ്ധ്യതയേറെ.

ഇതൊക്കെ മുന്നില്‍ കണ്ടാണു കത്തോലിക്കാസഭ തന്‍റെ മക്കളെ ധാര്‍മികതയ്ക്കെതിരായുള്ള നീക്കങ്ങളില്‍നിന്നു വിലക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org