മതേതര ഭാരതത്തിനു ഭീഷണിയാകുന്ന വര്‍ഗീയത

മതേതര ഭാരതത്തിനു ഭീഷണിയാകുന്ന വര്‍ഗീയത

വി.ഡി. സതീശന്‍ എം.എല്‍.എ.

ഭാരതത്തിന്‍റെ മതേതര സങ്കല്‍പം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അത് ആകാശത്തു നിന്നു പൊട്ടി വീണതുമല്ല. അത് ഇന്ത്യയുടെ സംസ്ക്കാരമാണ്. അയ്യായിരം വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന എല്ലാ മതവിഭാഗങ്ങളെയും എല്ലാ സംസ്ക്കാരങ്ങളെയും എല്ലാ ജനപദങ്ങളെയും കൈനീട്ടി സ്വീകരിച്ചിട്ടുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന്. നൂറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച വിവിധ മതസ്ഥരായ ഭരണാധിപരെല്ലാം ഇതു പിന്തുടര്‍ന്നു പോന്നിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന ഒരു മതവിഭാഗത്തോടും ഒരു ജനവിഭാഗത്തോടും ഇന്ത്യ വിട്ടുപോകാന്‍ ഇന്ത്യ ഭരിച്ച ഒരു ഭരണാധികാരിയും ഇക്കാലയളവില്‍ ആവശ്യപ്പെട്ടിട്ടില്ല.

ഈ സംസ്ക്കാരത്തിന്‍റെ തുടര്‍ച്ചയായിരുന്നു ദേശീയ പ്രസ്ഥാനം. അത് ഇന്ത്യന്‍ പാരമ്പര്യത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നു. ഇന്ത്യന്‍ സംസ്ക്കാരത്തെയും ഇന്ത്യന്‍ പാരമ്പര്യത്തെയും അടുത്തറിഞ്ഞ നേതാക്കന്മാരായിരുന്നു മഹാത്മഗാന്ധിയെയും നെഹ്രുവിനെയും പോലുള്ളവര്‍. അവര്‍ ഇന്ത്യയുടെ പാരമ്പര്യം മനസ്സിലാക്കിയിട്ടാണ് ദേശീയ പ്രസ്ഥാനത്തിന്‍റെ സമീപനങ്ങള്‍ ഉള്‍ക്കൊണ്ടത്. ദേശീയ പ്രസ്ഥാനം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തോടൊപ്പം സാമൂഹിക നീതിക്കു വേണ്ടിയുള്ള സമരവും നടന്നു. നൂറ്റാണ്ടുകളോളം ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ മുഴുവന്‍ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യം കൂടി സ്വാതന്ത്ര്യ സമരത്തിനും ദേശീയപ്രസ്ഥാനത്തിനും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ ഭരണഘടന രൂപംകൊള്ളുന്നത്. ഇന്ത്യയുടേത് മതേതര ഭരണഘടനയാണ്. ഇന്ത്യയിലെ മതേതരത്വവും പാശ്ചാത്യ നാടുകളിലെ മതേതരത്വവും തമ്മില്‍ വ്യത്യാസമുണ്ട്. പാശ്ചാത്യ നാടുകളിലെ മതേതരത്വം മതനിരാസത്തിന്‍റേതാണ് (Rejection of Religion). ഇവിടെ അതല്ല, മതത്തെ ഉള്‍ക്കൊണ്ടുള്ള മതേതരത്വമാണ് (Inclusion of Religion). അതായത്, എല്ലാവര്‍ക്കും അവരവരുടേതായ മതങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം. ഇതു രണ്ടും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ മൃഗീയതയില്‍ അടിച്ചമര്‍ത്തപ്പെടരുത്. അതിനാല്‍ ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പാക്കുന്നു. ഇതെല്ലാം ദേശീയ പ്രസ്ഥാനത്തിന്‍റെ ചിന്താഗതികള്‍ തന്നെയാണ്. സ്വാതന്ത്ര്യ സമരകാലത്തും അതിനു ശേഷവും ഇന്ത്യാ പാകിസ്ഥാന്‍ വിഭജന കാലത്തും, തുടര്‍ന്നു വന്ന കലാപകാലത്തുമെല്ലാം ഇന്ത്യയുടെ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ച സമീപനം സ്വീകരിച്ചു.

ഇന്ത്യയും പാകിസ്ഥാനും രണ്ടു രാജ്യങ്ങളായപ്പോള്‍, പാകിസ്ഥാന്‍ ഒരു മതാതിധിഷ്ഠിത രാജ്യമായി മാറി. ഇന്ത്യ ജനാധിപത്യ രാജ്യമാണ്, മതേതര രാജ്യമാണ്. അതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം. ഭാരതം ഹിന്ദുക്കളുടേതെന്ന പോലെ ഹിന്ദുസ്ഥാന്‍ ആയില്ല. പാകിസ്ഥാന്‍ ഒരു മതാധിഷ്ഠിത രാജ്യമായി രൂപപ്പെട്ടപ്പോള്‍ ഇവിടെ ഇന്ത്യ മതേതര രാജ്യമായി നിലകൊള്ളുകയും പാകിസ്ഥാനിലേക്കു പോയതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ തുടരുകയും ചെയ്തു. കാരണം അവര്‍ക്ക് ദേശീയപ്രസ്ഥാനത്തെയും അതിന്‍റെ നേതൃത്വത്തെയും വിശ്വാസമായിരുന്നു. ഇന്ത്യയില്‍ അവര്‍ സംരക്ഷിക്കപ്പെടും എന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഈ വിശ്വാസം എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഉണ്ടായിരുന്നു. വിവിധ മതവിഭാഗക്കാര്‍ക്ക് സൗഹാര്‍ദ്ദതയില്‍ ജീവിക്കാനുള്ള സാഹചര്യമായിരുന്നു.

ഇന്ന് അതിനു വലിയ ഭീഷണി വന്നിരിക്കുകയാണ്. രാജ്യത്തെ മതാതിഷ്ഠിതമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ അതിനുവേണ്ടി പരിശ്രമിക്കുകയാണിന്ന്. ഇക്കാര്യം അവര്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ ശക്തികളുടെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റുക എന്നാണ്. അവര്‍ ജനങ്ങളില്‍ വര്‍ഗീയമായി ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷത്തെ ഒരുവശത്തും ന്യൂനപക്ഷത്തെ മറുവശത്തും നിറുത്തുന്നു. ഭൂരിപക്ഷത്തിന്‍റെ വോട്ടുകളാണ് അവരുടെ ലക്ഷ്യം. അതിലൂടെ അധികാരത്തിലെത്താനും അധികാരം നിലനിറുത്താനും ശ്രമിക്കുന്നു. വര്‍ഗീയതയും രാഷ്ട്രീയവും കൂട്ടിക്കുഴച്ചുള്ള ഒരു കളിയാണത്. വര്‍ഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കുക. ഇതു മതേതരത്വത്തിന് എതിരാണ്.

മതേതരത്വം എന്നത് രാഷ്ട്രീയത്തെ മതത്തില്‍ നിന്നു വേര്‍പെടുത്തി കാണലാണ്. ഏതു സമുദായമാണ് അനീതിയില്‍ കഴിയുന്നത്, അവരെ സംരക്ഷിക്കുകയെന്നതാണ് ഭരണകര്‍ത്താക്കളുടെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും കടമ. എന്നാല്‍ ചിലര്‍ മതേതരത്വത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. മതേതരത്വം ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പ്രീണനവുമല്ല. ന്യൂനപക്ഷ സംരക്ഷണം അതിലുണ്ട്. ന്യൂനപക്ഷ പ്രീണനവും ന്യൂനപക്ഷ സംരക്ഷണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നീതിപൂര്‍വകമായ സമീപനം എല്ലാ സമുദായത്തോടും പുലര്‍ത്തണം. അതിലൂടെ എല്ലാവര്‍ക്കും സുരക്ഷിതത്വ ബോധം വരണം. ഇന്ന് പൊതുവേ അരക്ഷിതത്വമാണ് ദൃശ്യമാകുക. നിര്‍ഭയമായി ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു.

ഒരുവശത്ത് ന്യൂനപക്ഷ വിരുദ്ധതയില്‍ സംഘപരിവാര്‍ ശക്തികള്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുമ്പോള്‍, മറുവശത്ത് ന്യൂനപക്ഷത്തിന്‍റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലരുമുണ്ട്. അതും അപകടകരമാണ്. അതും നിയന്ത്രിക്കപ്പെടണം. ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും ഭാഗത്തു നിന്നുള്ള തീവ്രവാദ വര്‍ത്തമാനങ്ങള്‍ പരസ്പര വിയോജിപ്പിന്‍റേതാണെന്നു നമുക്കു തോന്നുമെങ്കിലും അവര്‍ തമ്മില്‍ ഒരു യോജിപ്പുണ്ട്. അവര്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ തീവ്രവാദമാണ് സംഘപരിവാറിന്‍റെയും ആര്‍എസ്എസിന്‍റെയും നേട്ടവും ശക്തിയും. അവര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കണമെന്ന് ആര്‍എസ് എസ് പോലുള്ള സംഘടനകള്‍ ആഗ്രഹിക്കുന്നു. ആര്‍എസ്എസ് കുഴപ്പമുണ്ടാക്കണമെന്ന് മറുവശത്തുള്ള തീവ്രവാദികളും ആഗ്രഹിക്കുന്നു. കാരണം രണ്ടു പേരുടെയും നിലനില്‍പ് മറുഭാഗം ചെയ്യുന്ന തിന്മകളെ ആശ്രയിച്ചാണ്. അവിടെ മതത്തെ തെറ്റായ വഴിയിലൂടെ നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു മതവും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞിട്ടില്ല. മതത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നു. അങ്ങനെ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടകരമായ നിലയിലേക്ക് രാജ്യം പോകുകയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം നാം കൈവരിച്ച നേട്ടങ്ങളെ വിസ്മൃതിയിലാക്കി വര്‍ഗീയതയും മത വിദ്വേഷവും തീവ്രവാദ ചിന്തകളും മുന്നിലേക്കു വരുന്നു. ഇന്ന് രാജ്യം ഭരിക്കുന്നവര്‍ക്ക് അവരുടെ കെടുകാര്യസ്ഥതയും ദുര്‍ഭരണവും മറയ്ക്കാനുള്ള ഉപാധിയാക്കി വര്‍ഗീയതയതയെ ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് അജണ്ടയാണിതിനു പിന്നിലുള്ളത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ നേട്ടങ്ങളല്ല പറയുന്നത്, മറിച്ചു ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ ഉണ്ടാക്കി ഭൂരിപക്ഷ പ്രീണനം നടത്തുന്ന അപകടരമായ ശ്രമങ്ങള്‍ നടത്തുകയാണ്. കേന്ദ്രമന്ത്രിമാരും മറ്റു ഉന്നതരായ വ്യക്തികളും പുലര്‍ത്തേണ്ട വാക്കുകളിലെ മിതത്വവും അച്ചടക്കവും അവര്‍ കാണിക്കുന്നില്ല. ഈയടുത്ത് ദേശീയ വനിതാ കമ്മീഷന്‍ കുമ്പസാരം നിരോധിക്കണം, അതു വേണ്ട എന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്തധികാരം? കുമ്പസാരം എന്നത് ക്രൈസ്തവരുടെ മതപരമായ ഒരു ചടങ്ങാണ്. തിന്മയെ അകറ്റി നിറുത്താനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ക്രൈസ്തവരെ കുമ്പസാരം സഹായിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയുന്നവനാണ് ദൈവം. അദൃശ്യമായ ആ ശക്തി എന്‍റെ ഉള്ളിലിരുന്ന് തെറ്റ് ചെയ്യരുതെന്നും ആരെയും ദ്രോഹിക്കരുതെന്നും പ്രേരിപ്പിക്കുമ്പോള്‍, ദൈവവിശ്വാസത്തിന്‍റെ അടിത്തറയില്‍ ജീവിക്കുന്നവര്‍ കൂടുതല്‍ പാപം ചെയ്യാതിരിക്കാനും പാപത്തില്‍ നിന്നുള്ള മോചനത്തിനും വേണ്ടി കുമ്പസാരിക്കുന്നു. ദൈവത്തിന്‍റെ പ്രതിപുരുഷനായ പുരോഹിതന്‍റെ മുന്നിലാണ് കുമ്പസാരിക്കുന്നത്. ഈ വിഷയത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഒന്നോ രണ്ടോ പാകപിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പര്‍വതീകരിച്ചു കുമ്പസാരം മുഴുവനും തെറ്റാണ് എന്നു വ്യഖ്യാനിക്കുകയാണ്. കുമ്പസാരിക്കാന്‍ ആരെയും ആരും നിര്‍ബന്ധിക്കുന്നില്ല. കുമ്പസാരിക്കാത്ത നിരവധി ക്രൈസ്തവര്‍ ഉണ്ട്. ഏതെങ്കിലും സഭകള്‍ അവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരത്തില്‍ എല്ലാ മതങ്ങളിലും അവരവരുടേതായ ചടങ്ങുകള്‍ ഉണ്ട്. അതെല്ലാം നിരോധിക്കണമെന്നു പറയുന്നത് ദുഷ്ടലാക്കോടെയുള്ള സമീപനങ്ങളാണ്. ഒരു പ്രശ്നം ഉണ്ടായാല്‍ അതു വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നതിനു പകരം ജാതീയമായ സംഘര്‍ഷം ഉണ്ടാക്കുന്നതിനും അകല്‍ച്ച ഉണ്ടാക്കുന്നതിനുമാണ് ശ്രമം. ഈവിധത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി അസ്വസ്ഥതകള്‍ പരത്തുന്നതിനുള്ള പരിശ്രമങ്ങളുമുണ്ട്. അപകടകരമായ തലത്തിലേക്കാണ് ഇതെല്ലാം നീങ്ങുന്നത്.

ഇതിനെ ചെറുക്കേണ്ടത് മതേതരവാദികളായ എല്ലാവരുടെയും കടമയാണ്. അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരായാലും, ഏതു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചാലും അവരെല്ലാം ഒന്നിച്ചു ജാതീയതയെയും മതവര്‍ഗ്ഗീയതയെയും തീവ്രവാദത്തെയും നേരിടണം. ഒരുവന്‍റെ ഇഷ്ടത്തിനനുസരിച്ചുള്ള മതവും രാഷ്ട്രീയവും ആകാം. എന്നാല്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടമാകുന്ന ഈ സ്ഥിതിവിശേഷത്തെ രാജ്യസ്നേഹികളും ജനാധിപത്യ-മതേതര വിശ്വാസികളും ഒരുമിച്ചു നിന്നു ഒറ്റക്കെട്ടായി നേരിടുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം.

അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍  ഫ്രാങ്ക്ളിന്‍ എം. തയ്യാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org