Latest News
|^| Home -> Cover story -> വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യം

വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യം

Sathyadeepam

മുല്ലക്കര രത്നാകരന്‍ എം.എല്‍.എ.

ഇന്നു പൊതുസമൂഹത്തില്‍ നന്മകള്‍ ഒരുപാടു ചോര്‍ന്നുകൊണ്ടിരിക്കു ന്ന കാലമാണ്. അതില്‍ മതത്തിനും രാഷ്ട്രീയത്തിനും കുടുംബത്തിനും വ്യക്തികള്‍ക്കും എല്ലാവര്‍ക്കും അതിന്‍റേതായ പങ്കുണ്ട്. എല്ലായിടത്തും പൊതുമൂല്യങ്ങളുടെ ചോര്‍ച്ച ഏറ്റക്കുറച്ചിലുകളോടെ ദൃശ്യമാകുന്ന സങ്കീര്‍ണമായ സാഹചര്യമാണ് വര്‍ത്തമാനകാലത്ത് ലോകത്തിലും ഇന്ത്യയിലും കേരളത്തിലും ഉള്ളത്. ഈ സങ്കീര്‍ണതയ്ക്ക് ഫാസിസം എന്ന വാക്ക് ഒരുപാട് ഉപയോഗിച്ചുകൊണ്ട് അതിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രത്തോളം ഇന്ത്യന്‍ മനസ്സുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ഇവിടെ ഫാസിസം വരുന്നുണ്ട്. അത് ജര്‍മ്മനിയിലും ഇറ്റലിയിലും വന്നതുപോലെയല്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ ഫാസിസം വരുന്നത് ജനാധിപത്യ സംവിധാനങ്ങളെ നിര്‍ജീവമാക്കിക്കൊണ്ടാണ്. അത് നിര്‍ജീവമാകുന്നത് ഭരണകൂട ഇടപെടല്‍ കൊണ്ടുമാത്രമല്ല. അങ്ങനെയൊരു സാമൂഹ്യ സാംസ്ക്കാരിക സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ്. ഇത് ഇന്ത്യയില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

തമിഴ്നാട്ടില്‍ നിന്നു വരുന്ന കീടനാശിനി തളിച്ച പഴങ്ങള്‍ കുറച്ചുകാലം നാം കഴിച്ചാല്‍ അതാണ് യഥാര്‍ത്ഥ പഴമെന്നു നാം തെറ്റിദ്ധരിക്കും. ജനാധിപത്യം മനുഷ്യര്‍ക്കു ശല്യമാണെന്നു കുറച്ചുകാലം തോന്നിപ്പിച്ചാല്‍ അതു ശല്യമാണെന്നു തോന്നിത്തുടങ്ങും. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇതു വളരെ ശാസ്ത്രീയമായും സംഘടിതമായുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയിലും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കിടയിലും ശാസ്ത്രീയമായ ഒരു സഞ്ചാരപാത തുറന്നു വന്നിട്ടില്ല എന്നത് ഭീകരമായ ദുരന്തമാണ്.

ഒരിക്കല്‍ ഒരു രാജാവും മന്ത്രിയും സേനാനായകനും ഒരു പട്ടാളക്കാരനും കൂടി കാട്ടില്‍ വേട്ടയ്ക്കു പോയി. കാട് വലുതായതുകൊണ്ടും അവര്‍ക്ക് കാട്ടിലെ സ്ഥലങ്ങള്‍ വലിയ നിശ്ചയമില്ലാത്തതിനാലും വേട്ട മനസ്സില്‍ ഹരമായിരുന്നതുകൊണ്ടും അവര്‍ നാലുവഴിക്കായി പോയി. എവിടെയാണ് മറ്റുള്ളവര്‍ എന്നു തിരിച്ചറിയാതെ ഓരോരുത്തരും പരസ്പരം അന്വേഷിച്ചു. മൂന്നു പേരും പ്രധാനമായി അന്വേഷിച്ചത് രാജാവിനെയാണ്. കാരണം അതില്‍ ഏറ്റവും പ്രധാനി രാജാവാണ്. രാജാവാകട്ടെ മറ്റു മൂന്നുപേരെയും അന്വേഷിച്ചലഞ്ഞു. ഒടുവില്‍ ഒരു മരച്ചുവട്ടില്‍ വളരെ പ്രായം ചെന്ന ഒരു സന്യാസിയെ അദ്ദേഹം കണ്ടുമുട്ടി. സന്യാസി ഒരു അന്ധനായിരുന്നു. എങ്കിലും രാജാവ് അദ്ദേഹത്തോടു ചോദിച്ചു: “പ്രഭോ, ഒരു മന്ത്രിയോ സേനാനായകനോ പട്ടാളക്കാരനോ ഇതിലേ പോയോ?” ഇതു കേട്ടതേ അങ്ങ് ഒരു രാജാവല്ലേ എന്ന് സന്യാസി തിരിച്ചു ചോദിച്ചു. അന്ധനായ സന്യാസി താന്‍ രാജാവാണെന്ന് എങ്ങനെ മനസ്സിലാക്കി എന്ന് അതിശയിച്ചു. മൂന്നു പ്രാവശ്യമായി മൂന്നു പേരും ഇതിലേ പോയി എന്ന് സന്യാസി രാജാവിനോടു പറഞ്ഞു. കണ്ണുകാണാന്‍ പറ്റാത്ത ഈ മനുഷ്യന് മന്ത്രിയും സേനാനായകനും പട്ടാളക്കാരനും ഇതിലേ കടന്നുപോയെന്നു എങ്ങനെയാണു മനസ്സിലായത് എന്നു ചിന്തിച്ച് അത്ഭുതത്തോടെ രാജാവ് അതേപ്പറ്റി സന്യാസിയോട് തിരക്കി. അപ്പോള്‍ സന്യാസി പറഞ്ഞു. “ആളെ തിരിച്ചറിയുന്നത് കണ്ടല്ല. കണ്ടാല്‍ പലരെയും തിരിച്ചറിയാന്‍ പറ്റില്ല. ഒരാളുടെ ശബ്ദത്തിലെ വികാരവും ഭാഷയും അയാള്‍ ആരാണെന്നു വ്യക്തമാക്കും.” തങ്ങളിലൊരാള്‍ രാജാവും മറ്റൊരാള്‍ മന്ത്രിയും വേറൊരുവന്‍ സേനാനായകനും പട്ടാളക്കാരനുമാണെന്ന് എങ്ങനെയാണു മനസ്സിലാക്കിയത് എന്നു രാജാവ് ചോദിച്ചു. സന്യാസി പറഞ്ഞു തുടങ്ങി: ആദ്യം ഇതിലേ പോയത് പട്ടാളക്കാരനാണ്. എടാ പൊട്ടക്കണ്ണാ ഒരു രാജാവ് ഇതിലേ പോയോ എന്നാണ് അയാള്‍ ചോദിച്ചത്. അയാളുടെ ഭാഷയിലെ ധാര്‍ഷ്ട്യവും സംസ്ക്കാരരഹിതമായ വാക്കുകളും കേട്ട് അയാളൊരു പട്ടാളക്കാരനായിരിക്കും എന്നു ഞാന്‍ മനസ്സിലാക്കി. രണ്ടാമതു വന്നയാള്‍ എന്നോടു ചോദിച്ചത് മഹര്‍ഷേ ഒരു രാജാവ് ഇതിലേ പോയോ എന്നാണ്. അയാളുടെ ഭാഷയുടെ സൗമ്യതയില്‍, ആയിരക്കണക്കിനു സൈനികരെ നയിക്കുന്ന ഒരു സേനാനായകനായിരിക്കുമെന്നു ഞാന്‍ മനസ്സിലാക്കി. മന്ത്രി എന്നോടു ചോദിച്ചത്, മഹാ മുനേ ഇതിലെ ഒരു രാജാവു പോയോ എന്നാണ്. അദ്ദേഹത്തിന്‍റെ ഭാഷയിലും വിനയമുണ്ടായിരുന്നു. അങ്ങു രാജാവാണെന്നു തിരിച്ചറിഞ്ഞതും അങ്ങയുടെ സംസാരത്തില്‍ നിന്നാണ്. അങ്ങുമാത്രമാണ് എന്ന പ്രഭോ എന്ന് അഭിസംബോധന ചെയ്തത്. രാജാവിനെയും മന്ത്രിയെയും സേനാനായകനെയും പട്ടാളക്കാരനെയും അവരുടെ സംസ്ക്കാരത്തിലൂടെയാണ് സന്യാസി കണ്ടെത്തിയത്. ഈ സംസ്ക്കാരമാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഇന്ന് ഇന്‍റര്‍നെറ്റും മറ്റും വിപുലമായ കാലത്ത് നമുക്ക് ഒരുപാട് അറിവുണ്ട്. പക്ഷെ തിരിച്ചറിവ് തീരെ കുറവാണ്. തിരിച്ചറിവില്ലാത്ത ജനതയെ എങ്ങോട്ടുവേണമെങ്കിലും തിരിച്ചുവിടാം. പശു ഒരു രാഷ്ട്രീയ മൃഗമാകുന്നത,് ആഹാരം ഒരു രാഷ്ട്രീയ ഭൗതിക വസ്തുവാകുന്നത്, നമ്മുടെ നാട്ടില്‍ അതിനെ അനുകൂലിക്കുന്ന സംവിധാനമുണ്ടാകുന്നത്, ഇത്രയധികം പഠിപ്പില്ലാത്തവരും ഡിഗ്രിക്കാരുമില്ലാതിരുന്ന 100 വര്‍ഷം മുമ്പ് നടക്കില്ലായിരുന്നു. നൂറുവര്‍ഷത്തിനു മുമ്പ് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള ഒരു സന്ദര്‍ഭം, ഒരു സമൂഹം സവര്‍ണാധിപത്യം കൊണ്ടു നിരാകരിച്ചപ്പോഴാണ് വൈപ്പിനില്‍ സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം നടത്തിയത്. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഇറച്ചി തിന്നുകൂടാ എന്നു പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ ഇറച്ചി വച്ചു കഴിക്കുകയാണ്. ആ സമരം ഒരു നല്ല സമരമല്ല. നല്ല സമരമാണ് സഹോദരന്‍ അയ്യപ്പന്‍ നടത്തിയത്. നല്ലതല്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നരേന്ദ്ര മോദിയെപ്പോലും അത്ഭുതപ്പെടുത്തിയാണ് അവിടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിജയം നേടിയത്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ മതേതര ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്രുവാണ്. നെഹ്രുവിന് നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വോട്ട് യുപിയില്‍ കിട്ടിയിട്ടുണ്ട്. പക്ഷെ ഇത്രയും സീറ്റ് കിട്ടിയിട്ടില്ല. നെഹ്രുവിനുപോലും കിട്ടാത്തയത്ര സീറ്റ് കിട്ടിയിട്ടുണ്ടെങ്കില്‍ അവിടെ ഒരു ഡിവിഷന്‍ ഉണ്ടാകണം. നരേന്ദ്ര മോദി എന്നാല്‍ ഭിന്നിച്ച് സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയത്തിന്‍റെ വഴിയാണ്. ചേരുന്ന ഒരു വഴിയിലൂ ടെയാണ് നെഹ്രു വന്നതെങ്കില്‍ മനുഷ്യന്‍ ഭിന്നിക്കുന്ന വഴിയിലൂടെയാണ് മോദി വരുന്നത്. നെഹ്രുവിന്‍റെ ചേര്‍ന്നു നില്‍ക്കുന്ന വഴികൊണ്ട് ഈ ഭിന്നിപ്പുണ്ടാക്കുന്ന വഴികള്‍ അടയ്ക്കാന്‍ പരിശ്രമിക്കേണ്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നു പ്രതിപക്ഷം നേരിടുന്ന വലിയ സമസ്യയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തെ നേരിടുക എന്നുവച്ചാല്‍, അതു ബിജെപിയെയും ഹിന്ദു വര്‍ഗീയതയെയും നേരിടുക എന്നാണെങ്കില്‍ നാം ഹിന്ദുമതത്തെ മനസ്സിലാക്കണം. വളരെ പാവപ്പെട്ടവരും ദ്രാവിഡരും ആര്യരുമൊക്കെ ചേര്‍ന്ന, മറ്റു മതങ്ങളെപ്പോലെ അല്ലാത്ത ഒരു മതമാണ് ഹിന്ദുമതം. അതിലെ ഡിവിഷന്‍ കൊണ്ടേ ഇന്ത്യന്‍ മതേതരത്വം നിലനിറുത്താനാകൂ. അതിന്‍റെ യോജിപ്പുകൊണ്ടുണ്ടാകുന്നത് വര്‍ഗീ യതയാണ്. ഇന്നിപ്പോള്‍ യോഗ എന്നത് ബിജെപി വര്‍ഗീയ അജണ്ടയാക്കി മാറ്റുന്നു. എന്നാല്‍ ഹിന്ദു എന്ന വാക്ക് ഉണ്ടാകുന്നതിനു മുമ്പേ ഇന്ത്യയിലുണ്ടായതാണ് യോഗ. അതിനു ഹിന്ദുവുമായി ബന്ധമൊന്നുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് നെഗറ്റീവായ ആയുധങ്ങള്‍ ബിജെപി എടുക്കുമ്പോള്‍ പോസിറ്റീവ് ആയുധങ്ങള്‍ എടുക്കാന്‍ കഴിയണം. അത്തരത്തില്‍ പോസിറ്റീവായ ആയുധങ്ങള്‍ എടുക്കുമ്പോഴാണ് ബുദ്ധനും ക്രിസ്തുദേവനും വര്‍ദ്ധമാന മഹാവീരനും മഹാത്മാഗാന്ധിയും ഒരു ജനതയ്ക്കുവേണ്ടി കുടപിടിക്കാന്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാകുന്നത്. അതാണ് മതേതരത്വം.

ബിജെപി ആഗ്രഹിക്കുന്നത് കുറേ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനാണ്. അപ്പോള്‍ വേര്‍തിരിവ് ഏതാണ്ട് പൂര്‍ണമാകും. സംഘര്‍ഷത്തിന്‍റെ ശക്തിയില്‍ ഒരു മതേതര രാഷ്ട്രീയം വളരില്ല. എന്നാല്‍ ഒരു ആശയത്തിന്‍റെ ശക്തിയില്‍ വര്‍ഗീയ രാഷ്ട്രീയം തളരുകയും മതേതര രാഷ്ട്രീയം ജയിക്കുകയും ചെയ്യും. നെഹ്രു കമ്യൂണിസ്റ്റുകാരെ ഭാവിയിലെ മിത്രങ്ങളായും ആര്‍എസ്എസ്സിനെ ഭാവിയിലെ ശത്രുക്കളായും കണ്ടയാളാണ്. നെഹ്രുവും പട്ടേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തന്നെ ഇതായിരുന്നു. പട്ടേല്‍ കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി കണ്ട് ആര്‍എസ്എസ്സിനെ മിത്രമായി കണ്ടു.

ഇന്ത്യന്‍ മതേതരത്വമോ ഇന്ത്യന്‍ ജനാധിപത്യമോ ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല. നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്ത്യയിലെ എല്ലാ ചിന്തകള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ ദര്‍ശനങ്ങള്‍ക്കും സൗഹാര്‍ദ്ദത്തോടെ കഴിയാനുള്ള ഇടം ഇന്ത്യയ്ക്കു കൈമോശം വരും. അതു നഷ്ടപ്പെടാന്‍ ഇന്ത്യയില്‍ ആരും ആഗ്രഹിക്കുന്നില്ല. സുകുമാര്‍ അഴീക്കോടു പറഞ്ഞതുപോലെ ഒരേ സമയം ലോകത്ത് ഗുരുവും ശിഷ്യനുമായ ഒറ്റ രാജ്യമേയുള്ളൂ – ഇന്ത്യ. കാരണം, ഇവിടെ വന്നവരെല്ലാം ഒരു ആശയവുമായി വന്നെങ്കില്‍ അവര്‍ ഗുരുക്കന്മാരായി. അത് യേശുവിന്‍റെ കാലത്തു വന്ന ആദ്യശിഷ്യന്‍ മുതല്‍, നബിയുടെ കാലത്തു വന്ന ആദ്യ അനുയായി മുതല്‍ ഇവിടെ വന്ന സൗരാഷ്ട്രീയ മതക്കാര്‍ മുതല്‍, ചിന്തകര്‍ മുതല്‍…. സര്‍വരും ഒരു ആശയവുമായി വന്നവര്‍ക്കെല്ലാം മുന്നില്‍ ഇന്ത്യ ശിഷ്യരായി ഇരുന്നിട്ടുണ്ട്. ഒപ്പം അറിവു തേടിവന്നവര്‍ക്കെല്ലാം ഇന്ത്യ അറിവു പ്രദാനം ചെയ്തിട്ടുമുണ്ട്. ഒരേ സമയം ഗുരുവും അതേ സമയം ശിഷ്യനുമായ ഇന്ത്യ.

അത് ഇന്ത്യയുടെ കരളും കണ്ണുമാണ്. അതിനെ തകര്‍ക്കാന്‍ വരുന്ന ഒന്നിനെയും ഇന്ത്യ സ്വീകരിക്കരുത്. അതേസമയം തകര്‍ക്കാന്‍ വരുന്നവരെ തിരിച്ചറിയണം. നമ്മുടെ കഥയിലെ സന്യാസി മന്ത്രിയെയും സേനാനായകനെയും പട്ടാളക്കാരനെയും രാജാവിനെയും തിരിച്ചറിഞ്ഞതുപോലെ നമുക്കും തിരിച്ചറിയാന്‍ കഴിയണം. അവിടെ ഫാസിസം ഇരുട്ടിലേക്കു മറയും. ഇരുട്ടിനെ ഇല്ലാതാക്കുന്ന നന്മ വെളിച്ചമാണ്. വര്‍ഗീയതയെ ഇല്ലാതാക്കന്‍ കഴിയുന്ന ഏറ്റവും നല്ല വെളിച്ചം മതേതരത്വമാണ്. ക്രിസ്ത്യാനി ക്രിസ്ത്യാനിയായും ഹിന്ദു ഹിന്ദുവായും മുസ്ലീം മുസ്ലീമായും കമ്യൂണിസ്റ്റ് കമ്യൂണിസ്റ്റായും കോണ്‍ഗ്രസ് കോണ്‍ഗ്രസ്സായും നില്‍ക്കുന്നതാണ് മതേതരത്വം. ഇതെല്ലാം ചേര്‍ന്ന് ഇരുട്ടിനെതിരെ കൈകോര്‍ത്തു നില്‍ക്കുന്നതാണത്. ആ മതേതരത്വ കൂട്ടായ്മ രാജ്യത്ത് ഉണ്ടായ കാലത്തെല്ലാം വര്‍ഗീയതയുടെ ഇരുട്ട് മാഞ്ഞുപോയിട്ടുണ്ട്. അതില്‍ ഓരോന്നിനും അതിന്‍റേതായ പങ്കുണ്ട്. ബുദ്ധദര്‍ശനത്തിനും ഇസ്ലാം ദര്‍ശനത്തിനും ക്രൈസ്തവദര്‍ശ നത്തിനും ഭഗവത്ഗീതയ്ക്കും രാമായണത്തിനുമെല്ലാം ഒരു പങ്കു ണ്ട്.

മതേതരത്വം ഇന്ത്യയില്‍ നില നില്‍ക്കണമെങ്കില്‍ ജനാധിപത്യം ശക്തമാകണം. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യ സംവാദങ്ങളും ജനാധിപത്യ അഭിപ്രായങ്ങളും നിരത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ മുഴുവന്‍ നിലനില്‍ക്കണം. ആ സംവിധാനങ്ങളെ പരാജയപ്പെടുത്തിയാല്‍, അവയെ ഇല്ലാതാക്കിയാല്‍ നമ്മള്‍ സങ്കുചിതമായ ഒരു മാനസീകാവസ്ഥയുടെ തടവറയിലാകും. അങ്ങനെവരുമ്പോള്‍ നമുക്ക് ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റില്ല. വെളിച്ചം അസഹ്യമാകുന്നതുപോലെ അവിടെ ജനാ ധിപത്യം അസഹ്യമായിപ്പോകും. ഇന്ത്യയിലെ ജനങ്ങളെ അങ്ങനെ പരുവപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയാകാതിരിക്കാന്‍ നമ്മുടെ പൂര്‍വസൂരികളുടെ ദര്‍ശനങ്ങളും ജീവിതവും നാം സ്വാംശീകരിക്കണം. അതിനു വേണ്ടി നമുക്കു കൈകോര്‍ക്കാം. അതിനു പ്രധാനമായി വേണ്ടത് അറിവാണ്. വര്‍ഗീയതയെ നേരിടാനുള്ള മുഖ്യ ആയുധം അറിവാണ്. മതേതരത്വമെന്നത് ശുദ്ധജലമാണ്, വര്‍ഗീയതയാകട്ടെ മാലിന്യവും. ഈ മാലിന്യത്തെ വിശുദ്ധികൊണ്ടേ നേരിടാന്‍ പറ്റൂ. ആ വിശുദ്ധി അറിവാണ്. സത്യമായ ശാസ്ത്രീയമായ അറിവ്. നഷ്ടപ്പെട്ടു പോകുന്ന ജനാധിപത്യ ഇടങ്ങളില്‍ ആ അറിവു പകര്‍ന്നു നല്‍കുക എന്നതാണ് ഇതിനെ തോല്‍പ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.

(മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പ്പോലീത്തയുടെ തിരുവല്ലയിലെ വസതിയില്‍ ചേര്‍ന്ന ക്രൈസ്തവ വാരികകളുടെയും മാസികകളുടെ യും എഡിറ്റര്‍മാരുടെ യോഗത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്.)
തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം

Leave a Comment

*
*